ഇനിയിത്തിരി 'പനങ്കഞ്ഞിപ്പുരാണം'

 

ഇനിയിത്തിരി  

'പനങ്കഞ്ഞിപ്പുരാണം'

 [നല്ലോർമ്മകൾ]

അടച്ചിട്ട ആ ജാലകത്തിനും അപ്പുറം, കർക്കിടകമഴ തകർക്കുന്ന ഈ സമയത്ത്,  നമ്മൾ പറയാൻ പോകുന്നത്, മലയാളിയുടെ തനതായ ഒരു ഭക്ഷണവിഭവത്തെ കുറിച്ചാണ്. അതും ഒരു മഴക്കാല ഭക്ഷണത്തെ കുറിച്ച്.

ഒരു പക്ഷെ, ഇക്കാലത്ത് നിങ്ങൾക്ക് കഴിയ്ക്കുവാൻ പോയിട്ട്, കാണുവാൻ പോലും കിട്ടാത്ത, ഒരു പഴയകാല ഭക്ഷണത്തെ കുറിച്ച്...

അതെ, നമ്മൾ പറയുന്നത് 'പനങ്കഞ്ഞി' അഥവാ 'പനം കുറുക്കി'നെ കുറിച്ചാണ്. [ചില ദേശങ്ങളിൽ, മറ്റു ചില പേരുകളിലും ഇത് അറിയപ്പെടുന്നു].

ഞങ്ങളുടെ ചെറുപ്പത്തിൽ, മോനിപ്പള്ളി വീട്ടിലെ 'അപ്പാമ്മ', ഞങ്ങൾക്കൊക്കെ ധാരാളം സ്നേഹം കൂടി ചേർത്ത് തയ്യാറാക്കി, ചൂടോടെ വിളമ്പിയിരുന്ന ആ പ്രത്യേക ഭക്ഷണത്തെ കുറിച്ച് ... 

ഒരു കാര്യം കൂടി പറഞ്ഞിട്ട് നമുക്ക് തുടങ്ങാം ..... 

ഇത് മാത്രമായി കഴിയ്ക്കുമ്പോൾ പ്രത്യേകിച്ച് ഒരു രുചിയും ഇല്ലാത്ത, അല്ലെങ്കിൽ ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ, 'വെള്ളച്ചുവ' മാത്രമുള്ള ഒരു ഭക്ഷണം... പക്ഷെ, ഇതുണ്ടാക്കാനുള്ള ആ കഠിനശ്രമത്തിന്റെയും, പിന്നെ മേല്പ്പറഞ്ഞ ആ സ്നേഹത്തിൻേറയും, മേമ്പൊടി കൂടി ചേരുമ്പോൾ, മറ്റൊരു വിഭവത്തിനും എത്തിപ്പിടിയ്ക്കാനാവാത്ത അത്ര ഉയരെ, രുചിയുള്ള ഒരു ഭക്ഷണം ....!!

നിങ്ങൾ കുടപ്പന കണ്ടിട്ടുണ്ടോ? പണ്ടൊക്കെ നാട്ടിൻ പുറങ്ങളിൽ പുര കെട്ടിമേയാനുള്ള ഓലകൾ വെട്ടിയിരുന്നത് ഈ പനകളിൽ നിന്നാണ്. ഇതിന്റെ ആ തടിയിൽ നിന്നാണ് നമ്മൾ പറഞ്ഞ സാധനം, അതായത്, ആ പനങ്കഞ്ഞി ഉണ്ടാക്കുന്നത്.

ആകാശം മുട്ടെ വളരുന്ന ഈ കുടപ്പന, മൂപ്പെത്തിയാൽ ചുവടെ വെട്ടിയിടും. ആ വെട്ടൽ തന്നെ വലിയൊരു ചടങ്ങാണ്. കാരണം, പിടിച്ചാൽ പിടിയെത്താത്ത അത്ര വണ്ണമുള്ള, അനേകം അടി ഉയരത്തിൽ വളരുന്ന ഈ മരത്തിൽ കയറി, തലയ്ക്കൽ കയറു കെട്ടാൻ, സാധാരണ മരംവെട്ടുകാരൊന്നും തയ്യാറാവില്ല.

അതിന്, ഞങ്ങൾക്ക് മോനിപ്പള്ളിയിൽ (കൃത്യമായി പറഞ്ഞാൽ കുടുക്കപ്പാറയിൽ) ഒരു പദ്മനാഭൻ ചേട്ടൻ ഉണ്ടായിരുന്നു. ഏതു പനയിലും ഒരു 'തളപ്പ്' പോലും ഇല്ലാതെ, അമ്പരപ്പിയ്ക്കുന്ന വേഗതയിൽ കയറുന്ന ആൾ. അരയിലെ നന്നായി മുറുക്കിക്കെട്ടിയ ആ തോർത്തിൽ കൊരുത്തിട്ട, തൊട്ടാൽ കൈ മുറിയുന്ന അത്ര മൂർച്ചയുള്ള തന്റെ ആ വാക്കത്തിയും,  പിന്നെ ഒരു കയ്യിൽ പ്രത്യേക രീതിയിൽ കൊരുത്തിപ്പിടിച്ച ആ വടവുമായി, മുമ്പെങ്ങോ കൊഴിഞ്ഞ ഓലകളുടെ ബാക്കിയായ ആ ചെറുമുഴപ്പുകളിൽ, അസാമാന്യ ധൈര്യത്തോടെ, അതിവേഗം ചവിട്ടിക്കയറുന്ന, പദ്മനാഭൻ ചേട്ടൻ ഒരു അത്ഭുതം തന്നെയായിരുന്നു, ഞങ്ങൾ കുട്ടികൾക്ക്.

ഓലകൾ വെട്ടിയിറക്കി, പനത്തലയ്ക്കൽ വടം കെട്ടി, മടവച്ച് മൂട് വെട്ടി, പനയെ സുരക്ഷിതമായി വീഴ്ത്തിയാൽ, അതിന്റെ തടിയ്ക്കുള്ളിലെ ആ 'ചോറ്' മൂർച്ചയുള്ള കോടാലി കൊണ്ട് അരിഞ്ഞെടുക്കും.

 

ആ വീട്ടുകാർ മാത്രമല്ല കേട്ടോ. പന വെട്ടിയത് കേട്ടറിഞ്ഞെത്തുന്ന ഒട്ടു മിക്ക വീട്ടുകാരും, അന്നല്ലെങ്കിൽ, പിന്നീടൊരു ദിവസം 'പനയരിയാൻ' എത്തും. കാരണം, വരാൻ പോകുന്ന ആ 'പഞ്ഞക്കർക്കിടക'ത്തെ നേരിടാനുള്ള അക്കാലത്തെ ഒരു പ്രധാന ഭക്ഷണം ഇവനായിരുന്നല്ലോ.

 

പിന്നെ, ആ പനംചോറ് നീളത്തിൽ നേർത്ത കഷ്ണങ്ങളാക്കും. ശേഷം, പരമ്പിലോ, പായയിലോ, അതുമല്ലെങ്കിൽ പാറപ്പുറത്തോ നിരത്തി, നന്നായി ഉണക്കിയെടുക്കും. 

ഇനി, അവനെ ഉരലിൽ ഇട്ട് നന്നായി ഇടിയ്ക്കും. മിക്കവാറും രണ്ടു പേർ, ഉരലിന്റെ അപ്പുറത്തും ഇപ്പുറത്തുമായി നിന്നാകും ഈ ഇടിയ്ക്കൽ. 

ഒരു പ്രത്യേക താളത്തിലും, വേഗത്തിലും ആണ് ഇവർ രണ്ടുപേരും മാറിമാറി ഇടിയ്ക്കുക. ചിലർ ഈണത്തിൽ 'ശ് ..ശ് ..' എന്നൊരു ശബ്ദവും ഉണ്ടാക്കുന്നുണ്ടാകും. 

ഉലക്കകൾ തമ്മിൽ കൂട്ടിയിടിയ്ക്കാതെ, അവരങ്ങനെ താളത്തിൽ പനയിടിയ്ക്കുന്നത്, ഒരു സുന്ദരൻ കാഴ്ച തന്നെയാണ്. നാട്ടിൻപുറത്തിന്റെ ആ തനത് കാഴ്‌ച.

ഉച്ചഭക്ഷണത്തിനു ശേഷം, അയൽവീട്ടിലെ സ്ത്രീകളും ഇതിനായി എത്തും. നാട്ടുവർത്തമാനങ്ങളും പറഞ്ഞ്, ഉറക്കെ ചിരിച്ച്, ഇത്തിരി കുശുമ്പും കൂടെ ശകലം കുന്നായ്മയും ഒക്കെ അടക്കത്തിൽ പറഞ്ഞ്, അവരങ്ങിനെ അതിനെ ഒരു ആഘോഷമാക്കും. 

അന്നൊന്നും ഈ മൊബൈൽ ഇല്ലാതിരുന്നത് വലിയ ഭാഗ്യം.

പിന്നെ, ആ പനംപൊടി ഉരലിൽ നിന്നും എടുത്ത്, ഒരു പാത്രത്തിൽ ഇട്ട്, നിറയെ വെള്ളം ഒഴിച്ച് നന്നായി കലക്കും. 

ശേഷം ഒരു വലിയ പാത്രത്തിന്റെ (വാവട്ടം കൂടിയ ചരുവത്തിന്റെ) വായിൽ, ഒരു നല്ല വെള്ളത്തുണി അല്ലെങ്കിൽ തോർത്ത് ബലത്തിൽ കെട്ടി, അതിലേയ്ക്ക് ആ പനംപൊടി കലക്കിയ വെള്ളം ഒഴിച്ച്, ഒരു കൈകൊണ്ടു നന്നായി ഇളക്കിക്കൊടുക്കും. 

തുണിയിലൂടെ ആ നേർത്ത പനംപൊടി മാത്രം അടിയിലേക്ക് ഊറിയിറങ്ങും. ഏറെ നേരം എടുക്കുന്ന ഒരു പണിയാണിത് കേട്ടോ. തോർത്തിൽ അവശേഷിയ്ക്കുന്ന ആ പനനാരുകളും മറ്റും കോരിമാറ്റി, വീണ്ടും ബാക്കിയുള്ള പനംപൊടിവെള്ളം ഒഴിച്ച് ഈ ഊറ്റൽ പ്രക്രിയ അങ്ങിനെ ആവർത്തിച്ചു കൊണ്ടേയിരിയ്ക്കും.

അവസാനം, ആ തോർത്ത് മാറ്റിക്കഴിയുമ്പോൾ, നേർത്ത പനംപൊടി ആ പാത്രത്തിന്റെ ചുവട്ടിൽ അടിഞ്ഞിട്ടുണ്ടാകും. ഇതിലേയ്ക്ക് വീണ്ടും വെള്ളം നിറച്ച്, നന്നായി ഇളക്കും; പിന്നെ കുറെ മണിക്കൂറുകൾ പാത്രം അനക്കാതെ വയ്ക്കും. ശേഷം, മുകളിൽ തെളിയുന്ന ആ വെള്ളം ഊറ്റിക്കളയും. വീണ്ടും വെള്ളം ഒഴിയ്ക്കും. ഈ പ്രകിയയും രണ്ടോ മൂന്നോ തവണ ആവർത്തിയ്ക്കും. ഏതെങ്കിലും തരത്തിലുള്ള 'കട്ട്' ഉണ്ടെങ്കിൽ, അത് മാറ്റുവാനാണ് ഈ പ്രക്രിയ.

ഒന്നോർത്ത് നോക്കൂ. ഇപ്പോൾത്തന്നെ, എത്രയോ മണിക്കൂറുകളായി പാവം അവരൊക്കെ ഇതിനു വേണ്ടി ചിലവിടുന്നു, എന്ന്.

ഇനി, ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ വെള്ളം തിളപ്പിയ്ക്കും. അതിലേയ്ക്ക് ഊറ്റി വച്ചിരിയ്ക്കുന്ന ആ പനംപൊടി ചേർത്ത്, ഒരു തവി കൊണ്ടോ, ഒരു 'നയമ്പ്‌' കൊണ്ടോ നന്നായി ഇളക്കും. ഈ പ്രക്രിയയും ഏറെ നേരം എടുക്കുന്നതാണ്. ഇടയ്ക്ക് വെള്ളം കുറഞ്ഞാൽ, തിളച്ച വെള്ളം ചേർത്ത് വീണ്ടും ഇളക്കണം.

കുറച്ചു കഴിയുമ്പോൾ, നമ്മുടെ പനംപൊടി, പതുക്കെ ജെല്ലി രൂപത്തിൽ ആയിത്തുടങ്ങും. 

പനയുടെ ഇനം അനുസരിച്ച്, ഇളം ചുവപ്പ് നിറമോ അല്ലെങ്കിൽ തൂവെള്ള നിറമോ ആകും, അതിനപ്പോൾ.

നന്നായി കുറുകിക്കഴിയുമ്പോൾ, പാത്രം അടുപ്പിൽ നിന്നും ഇറക്കണം.

 

ഇനി നമുക്കിവനെ ചൂടോടെ കഴിയ്ക്കാം.

നിൽക്ക് .. അതിനും ഉണ്ട് ചില തനതായ രീതികൾ ...!

ഒരു വാഴയിലയിൽ ഇവനെ നല്ല ചൂടോടെ അങ്ങ് ഒഴിയ്ക്കണം. പനങ്കഞ്ഞിയുടെ ആ ചൂടിൽ നമ്മുടെ പച്ചവാഴയില ഒന്നങ്ങു വാടും. അപ്പോൾ അതിനൊരു പ്രത്യേക മണവും രുചിയും ഉണ്ടാകും. ഇലയിൽ പതിയെ ഒഴുകി, അവനങ്ങ്‌ പരക്കും. ഇത്തിരിയൊന്ന് തണുക്കുമ്പോൾ, അവൻ തന്നെ ആ പരക്കൽ അങ്ങ് നിർത്തും. 

അപ്പോൾ അവന്റെ ആ ഒത്ത നടുക്ക്, വിരലുകൾ കൊണ്ട് നമ്മൾ ഒരു കുളം കുത്തണം. കുളത്തിന്റെ ആ അരികുകൾ വശങ്ങളിലേയ്ക്ക് അല്പം ബലം പ്രയോഗിച്ചു തന്നെ മാറ്റണം. ഇപ്പോൾ നമ്മുടെ കൊച്ചുകുളം തയ്യാർ. 

ഇനി അതിലേയ്ക്ക്, ഉണക്കച്ചെമ്മീൻ നല്ല കുടംപുളിയിട്ടു വറ്റിച്ചത്, അതും ധാരാളമായി തേങ്ങാ ചിരകിയിട്ടത്, ഒഴിയ്ക്കണം. (രണ്ടു ദിവസം മുൻപേ വച്ച കറിയാണെങ്കിൽ അത്രയും നല്ലത്. പുളിയൊക്കെ നന്നായി പിടിച്ച്, ഏറെ രുചികരമായിട്ടുണ്ടാകും അത്).

ഇപ്പോൾ നമ്മുടെ കുളം നിറഞ്ഞു. അല്ലേ?

ഇനി നമുക്ക് പണി, അതായത് കഴിയ്ക്കൽ തുടങ്ങാം. എന്താ?

ആ കുളത്തിന്റെ അരികുകൾ വിരലുകൾ കൊണ്ട് പതിയെ ഇടിയ്ക്കണം. എന്നിട്ടോ? ആ വെള്ളത്തിൽ, അല്ല ആ കറിയിൽ നന്നായി ഒന്ന് കുഴയ്ക്കണം. 

എന്നിട്ട്?

എന്നിട്ടെന്താ.... ചെറിയ ഒരു പിടിയെടുത്ത് കണ്ണുമടച്ചങ്ങ് വായിലേയ്ക്ക് വയ്ക്കണം.... 

ആഹാ .... എന്താ ഒരു രുചി ... ചെമ്മീൻ പറ്റിച്ചതിന്റെ ആ എരിവും, കുടംപുളിയുടെ ആ പുളിയും, പിന്നെ ഇടയ്ക്ക് കടിയ്ക്കുന്ന പുളിപിടിച്ച ആ തേങ്ങപ്പീരയും, ഇതിനൊക്കെ ഇടയിൽ കൂടിക്കലർന്ന, വഴുവഴെ നിറയുന്ന പനങ്കഞ്ഞിയുടെ ആ 'വെള്ളച്ചുവ'യും ഒക്കെക്കൂടെ ചേരുമ്പോൾ ...ശരിയ്ക്കും ആഹാ ...

ഇപ്പോൾ ഇത്തിരി കിട്ടിയിരുന്നെങ്കിൽ, നമുക്കൊന്ന് താളത്തിൽ, മനം നിറഞ്ഞ് പാടാമായിരുന്നു ..!

ആഹാ .. എന്തൊരു ഭംഗിയാണിത്?

തിന്നാൻ ... എന്തൊരു രുചിയാണിത് ?

ആഹാ .. എന്തൊരു ഭംഗിയാണിത്....!

തിന്നാൻ ... എന്തൊരു രുചിയാണിത്...!!

കുടപ്പന പോലെയുള്ള ഒരു  വൻ കാട്ടുമരത്തിൽ നിന്ന് പോലും, ഇത്രയേറെ ബുദ്ധിമുട്ടി, തങ്ങളുടെ ആ വറുതി മാസങ്ങളിലേയ്ക്കുള്ള, ആരോഗ്യകരമായ, പോഷക സമൃദ്ധമായ  ഭക്ഷണം കണ്ടെത്തിയിരുന്ന നമ്മുടെ ആ മുൻതലമുറയെ വിനയപൂർവ്വം നമിച്ചു കൊണ്ട് ... ആ നഷ്ടങ്ങളെ ഓർത്തുകൊണ്ട്....

പനങ്കഞ്ഞിപ്പുരാണം ഇഷ്ടമായി എന്ന വിശ്വാസത്തോടെ....

=================

സ്നേഹപൂർവ്വം 

ബിനു മോനിപ്പള്ളി 

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

 പിൻകുറിപ്പ്: 

1. ഇനിയിപ്പോൾ പനങ്കഞ്ഞി വയ്ക്കുമ്പോൾ ചെമ്മീൻ പറ്റിച്ചത് ഇല്ല, എങ്കിലോ? അപ്പോൾ അതിനേക്കേൾ നല്ലൊരു കറിയുണ്ടാക്കും. എന്താണെന്നറിയാമോ? കൂൺ കറി. പെരുംകൂൺ, ഉപ്പുകൂൺ, വെട്ടിക്കൂൺ, പാവക്കൂൺ ഇങ്ങനെ തുടങ്ങി എത്രയൊക്കെ തരം കൂണുകളായിരുന്നെന്നോ അന്നൊക്കെ ഒരൊറ്റ ഇടിമിന്നലിൽ മുളയ്ക്കാറുള്ളത്. ഓർക്കുമ്പോൾ ഇന്നും വായിൽ വെള്ളമൂറും. ഇനിയിപ്പം, കൂണും കിട്ടിയില്ലെങ്കിലോ? അപ്പോൾ തൊടിയിൽ നിറയെ നിൽക്കുന്ന ആ ചേമ്പിലകൾ കൊണ്ട് ഒരു 'താളുകറി'യങ്ങുണ്ടാക്കും. അല്ല പിന്നെ .. അന്നത്തെ അമ്മമാരോടാ കളി ..!!

2. സാധാരണയായി നമ്മുടെ എഴുത്തുകളിലും വീഡിയോകളിലും, നമ്മൾ എടുത്ത ചിത്രങ്ങളും വീഡിയോകളും മാത്രമാണ് ഉപയോഗിയ്ക്കാറുള്ളത്. എന്നാൽ ഇതിൽ നമ്മൾ പറയുന്നതു പോലെ, പന വെട്ടി, അതരിഞ്ഞെടുത്ത്, ഉരലിൽ ഇടിച്ച്, പനങ്കഞ്ഞി ഉണ്ടാക്കുന്നത് അത്രയങ്ങ് പ്രയോഗികമല്ലാത്തതിനാൽ, ബന്ധപ്പെട്ട ചില യൂട്യൂബ് ചാനലുകളിലെ ചിത്രങ്ങളാണ് ഈ ലേഖനത്തിൽ നമ്മൾ ഉപയോഗിച്ചിരിയ്ക്കുന്നത്.  

3. ചിത്രങ്ങൾക്ക് കടപ്പാട്: പ്രധാനമായും 'വില്ലേജ് ലൈഫ് ബൈ മനു',  'സനൂസ് ഫോറെവർ', 'ലീഫി കേരള' എന്നീ യൂട്യൂബ് ചാനലുകൾ

 


 

Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]