അഴകൊഴുകും അതിരപ്പിള്ളി

അഴകൊഴുകും അതിരപ്പിള്ളി 

[യാത്രാവിവരണം]

എല്ലാവരും തയ്യാറാണല്ലോ? എന്നാൽ നമുക്ക് തുടങ്ങാം?

ഇത്തവണ യാത്ര എംസി റോഡിന്റെ തുടക്കം മുതൽ ഒടുക്കം വരെ നീളുന്നതാണ്, (അതായത് അനന്തപുരി മുതൽ അങ്കമാലി വരെ); അല്ല ശരിയ്ക്കും, അതും കഴിഞ്ഞു നീളുന്നതാണ് നമ്മുടെ ഈ യാത്ര.

പതിവ് തെറ്റിയ്ക്കാതെ അതിരാവിലെ, ജയവിജയ ഭക്തിഗാനത്തിന്റെ അകമ്പടിയിൽ നമ്മൾ ഇറങ്ങുകയായി. ചാറ്റൽ മഴയുള്ളതിനാൽ അല്പം വേഗത കുറച്ചു കേട്ടോ. തിരുവല്ലയിലെ 'എവീസ്'ൽ നിന്നും പതിവ് പോലെ പ്രഭാത ഭക്ഷണം. ചമ്പാവരിയുടെ ആ ചിരട്ടപ്പുട്ടും കൂടെ കടലക്കറിയും, പിന്നെ കടുപ്പം കൂടിയ ചായയും, വല്ലാത്തൊരു ഉന്മേഷം നൽകുന്നു.

ഏറ്റുമാനൂരപ്പന്റെ മുൻപിൽ മനസ്സാ പ്രാർത്ഥിച്ച്, നമ്മളിതാ മോനിപ്പള്ളിയിൽ എത്തി. ഞാൻ ജനിച്ചു വളർന്ന, സ്വന്തം ഗ്രാമം. തറവാട്ട് വീട്ടിലെ അല്പസമയ വിശ്രമത്തിനു ശേഷം, വീണ്ടും യാത്ര തുടരുകയായി.

ഇനി കുറച്ചു സമയം, നമ്മൾ എംസി റോഡിനോട് വിട പറയുകയാണ്. കാരണം വേറൊന്നുമല്ല 'കാലടി'യിലെ, ആ കാൽ കഴപ്പിയ്ക്കുന്ന ഗതാഗതക്കുരുക്ക് തന്നെ. പിറവം-ഹിൽ പാലസ്- കരിമുകൾ-കിഴക്കമ്പലം-ആലുവ വഴി അങ്കമാലിയിലേക്കെത്താനാണ് പ്ലാൻ. 

അത്ര പരിചിതമല്ലാത്ത, താരതമ്യേന നാട്ടിൻപുറഛായയുള്ള ആ വഴികളിലൂടെയുള്ള യാത്ര കൂടുതൽ ഹൃദ്യമായി തോന്നി. പിന്നെ, വഴിപറയാൻ  നമ്മുടെ സ്വന്തം ഗൂഗിൾ ചേച്ചിയുണ്ടല്ലോ. ചിലപ്പോഴൊക്കെ വഴിതെറ്റിച്ചു ചില്ലറ കുറുമ്പ് കാണിയ്ക്കുമെങ്കിലും, ആൾ മൊത്തത്തിൽ ഒരു സഹായിയാണ്.

കിഴക്കമ്പലത്തെ ഹോട്ടലിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച്, നമ്മൾ യാത്ര തുടർന്നു. അങ്കമാലി ടൌൺ കഴിഞ്ഞ്, മൂക്കന്നൂരേയ്ക്കുള്ള ആ കവലയിൽ ഒത്തു ചേരാം എന്നാണ് പറഞ്ഞിരിയ്ക്കുന്നത്. യാത്രാമദ്ധ്യേ, 'എവിടെയെത്തി?" എന്നുള്ള സ്നേഹാന്വേഷണങ്ങൾ വന്നു കൊണ്ടേയിരിയ്ക്കുന്നു. 

നമ്മൾ പത്ത് സുഹൃത്തുക്കൾ, ഒപ്പം പത്ത് കുടുംബങ്ങൾ ആണ് ഇത്തവണ എത്തുന്നത്. അതും, പത്തു സ്ഥലങ്ങളിൽ നിന്നായി. ഈ ഒത്തുചേരൽ 30 വർഷങ്ങളായുള്ള ആ സൗഹൃദം ഒന്നുകൂടി ഊട്ടിയുറപ്പിയ്ക്കാനുള്ളതാണ്. അതുകൊണ്ടു തന്നെയാണ്, മറ്റെല്ലാ തിരക്കുകളും രണ്ടു ദിവസത്തേയ്ക്ക് മാറ്റിവച്ച്, നമ്മൾ എല്ലാ വർഷവും ഒരു തവണ ഇങ്ങനെ ഒത്തുചേരുന്നത്. 

ഇതാ, നമ്മൾ പറഞ്ഞ  ആ കവലയിൽ എത്തി. അവിടെ ഏലൂരിന്റെ മുത്തും ഫാമിലിയും നമ്മളെ കാത്ത് നിൽക്കുന്നു. തൊട്ടു പിന്നാലെ, അടിവാടിന്റെ മൊഞ്ചുമായി ഇക്കയും കുടുംബവും എത്തി. പത്രക്കാരൻ ആണെന്ന് പറഞ്ഞിട്ട് ഒരു കാര്യമില്ല, സ്വന്തം ലേഖകനും കുടുംബവും അല്പം താമസിച്ചാണ് എത്തിയത്. വെറുതെ പറഞ്ഞതാണ് കേട്ടോ. പുള്ളിക്കാരൻ നമ്മുടെ പാലാക്കാരി അമ്മായിയേയും, നോയലായ സോജിയെയും, പിന്നെ അങ്കമാലിക്കാരി ടീച്ചറിനെയും ഒക്കെ കൂടെകൂട്ടി എത്തിയപ്പോൾ ഇത്തിരി വൈകിയതാണേ.

ഇനി നമുക്ക് 'കോൺവോയ്' ആയിപ്പോകാം. ബാക്കിയുള്ള രണ്ടു കുടുംബങ്ങൾ യാത്രാമദ്ധ്യേ നമുക്കൊപ്പം ചേരും.

ഏഴാറ്റുമുഖത്തേയ്ക്കാണ് ഈ യാത്ര. 

'ആഹാ ..വിട്ടു തരില്ല ഞാൻ' എന്ന 'പഞ്ചോ'ടെ ഉണ്ണിക്കുട്ടൻ മുന്നിൽ അങ്ങിനെ പറക്കുകയാണ്, തൊട്ടു പുറകെ ഞങ്ങളും. കുറച്ചു കഴിഞ്ഞപ്പോൾ,  അത്രയ്ക്കങ്ങ് വഴിയറിയാത്തതു കൊണ്ടാകാം, പാവം ഞങ്ങളെ മുന്നിൽ കയറ്റിവിട്ടു.

മുൻപ് പറഞ്ഞതുപോലെ ഇനിയും അന്യം നിൽക്കാത്ത കാർഷികവിളകളുടെ മദ്ധ്യേയുള്ള ആ റോഡിലൂടെ അങ്ങിനെ പോകുമ്പോൾ, ചേനയും, ചേമ്പും, കാച്ചിലും, കപ്പയും ഒക്കെ ധാരാളമായി കഴിച്ചിരുന്ന ആ പഴയ കർക്കിടക കാലം ഓർത്തു പോയി.

എണ്ണപ്പനകൾ ഇരുവശവും നിരന്നുനിന്ന് സ്വാഗതമോതുന്ന ആ കാനന വഴിയിലൂടെ യാത്ര ചെയ്യുമ്പോൾ, ശരിയ്ക്കും നമ്മൾ മറ്റേതോ നാട്ടിലാണെന്നു തോന്നും.

ഫോറസ്റ് ചെക്പോസ്റ്റിൽ, നാല് വണ്ടികളും നിർത്തി. കൂട്ടത്തിലെ ഒരാൾ ഇറങ്ങിച്ചെന്നു. വണ്ടികളുടെല്ലാം നമ്പർ ആണ് അവിടെ കൊടുക്കേണ്ടത്, പിന്നെ നമ്മുടെ യാത്രാ ഉദ്ദേശവും.

"വണ്ടി നമ്പർ?" 

"നാല്"

"അതല്ല ...വണ്ടി നമ്പറുകൾ?"

"അതന്നെ ..സാർ ...നാല്"

പുള്ളിക്കാരൻ ചോദ്യം പിന്നെയും ആവർത്തിച്ചു. എന്നാൽ ഉത്തരം അത് തന്നെ  'നാല്'.

വന്ന ദേഷ്യം ഉള്ളിലമർത്തി, ആൾ ചോദിച്ചു.

"ഇതെന്താ ... കുടുംബസംഗമം വല്ലോം ആണോ ..?

"അതെ സർ ..അതന്നെ.."

"അയ്യോ... പൊക്കോ ..പൊക്കോ ... നമ്പർ വേണ്ട.."

ചിരിയോടെ പതിയെ വണ്ടി മുന്നോട്ടെടുക്കുമ്പോൾ ഞാൻ കണ്ണാടിയിൽ നോക്കി. ആ ഓഫീസർ വേഗം എണീറ്റു വന്ന് ആ വരാന്തയിൽ നിന്ന്, ഞങ്ങളുടെ വണ്ടി നമ്പറുകൾ ഓരോന്നായി കുറിച്ചെടുക്കുന്നു. പാവം.

ഇതാ നമ്മൾ ആദ്യ ലക്ഷ്യസ്ഥാനത്തെത്തി. ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം. 

അവിടെ ഞങ്ങളെയും കാത്ത് ബാക്കിയുള്ള രണ്ടു കുടുംബങ്ങളും ഉണ്ടായിരുന്നു. വയനാടൻ രോമാഞ്ചവും നിത്യസഞ്ചാരിയുമായ വക്കീലും, പിന്നെ ബെംഗളൂരുവിന്റെ എവർഗ്രീൻ താരം ഡിപികെയും. 

ഇപ്പോൾ ക്വോറം തികഞ്ഞു. ഇനി നമുക്ക് കാഴ്ചകൾ കണ്ടാലോ?

കുറച്ചു മാസങ്ങൾ മുൻപേ ഞാൻ ഇവിടെ വരുമ്പോൾ, നന്നേ മെലിഞ്ഞു വിളറിയിരുന്ന ആ നരുന്ത് പെണ്ണ് (സംശയിക്കണ്ട... ദേ ഈ ചാലക്കുടിപ്പുഴ), എന്തോ ഒരു മാജിക് കൊണ്ടെന്ന പോലെ, യൗവ്വനം നിറഞ്ഞു വഴിയുന്ന ഒരു മദാലസയായിരിക്കുന്നു. ശരിയ്ക്കും ഒറ്റനോട്ടത്തിൽ ആരെയും വശീകരിയ്ക്കുന്ന, മോഹിപ്പിയ്ക്കുന്ന, ഒരു തനിനാടൻ യൗവ്വനയുക്ത.

മനസ്സിൽ ആഴത്തിൽ പതിഞ്ഞ ആ അഴകത്രയും, പല കോണുകളിൽ നിന്ന് മൊബൈലിൽ പകർത്തുന്ന തിരക്കിലായി ഞങ്ങളിൽ പലരും. 

പിന്നെ, പതിയെ ആ തൂക്കുപാലത്തിലേയ്ക്ക് കയറി. 

ആളുകൾ കൂടുതൽ ആയതിനാലാവാം, പാലം നന്നായി ആടുന്നുണ്ട്. അപ്പോളാണ് പെപ്പെയുടെ ഒരു സംശയം.

'അച്ഛാ ..പാലം പണി തരുമോ..?'

'ഇല്ലടാ ..സ്ട്രോങ്ങാ ..."

"ശരിയ്ക്കും ..?"

"ആന്നേ ...ഡബിൾ സ്ട്രോങ്ങ് .."

ഞാൻ പറഞ്ഞത് അത്രയ്ക്കങ്ങു വിശ്വാസം വരാത്തതുകൊണ്ടാകാം, ആൾ ആ കൈവരിയിൽ മുറുകെ പിടിച്ചാണ് ബാക്കി ദൂരം നടന്നത്.

കോടമഞ്ഞ് വീശിയിറങ്ങുന്ന ആ മലനിരകളെ നോക്കി, താളത്തിൽ ആടുന്ന തൂക്കുപാലത്തിലൂടെ, താഴെയൊഴുകുന്ന പുഴയുടെ ഈ വന്യസംഗീതവും കേട്ട് .... അങ്ങിനെ സാവധാനം നടക്കാൻ എന്ത് സുഖമാണെന്നോ?

തടയണ പോലെ കെട്ടിയ ആ വേലിയ്ക്കു മുകളിലൂടെ, പുഴയിങ്ങനെ കുതറിച്ചാടി നിറഞ്ഞൊഴുകുന്നത്, മറ്റെവിടെയും കാണാനാവാത്ത ഒരു കാഴ്ച തന്നെ.

അക്കരെ നിന്നും തിരികെ നടക്കുമ്പോൾ, അങ്ങ് ദൂരെ മലഞ്ചെരുവിൽ അതാ ഒരു കരിവീരൻ അങ്ങിനെ അലസമായി മേയുന്നു.

നിറഞ്ഞ മനസ്സോടെ ഇക്കരെയെത്തി പടികൾ ഇറങ്ങുമ്പോളാണ് ഇവനെ കണ്ടത്. 'എങ്ങിനെയുണ്ടെന്റെ ഏഴാറ്റുമുഖം?' എന്നൊരു ചോദ്യവുമായി, അല്ല ഒരു ചോദ്യചിഹ്നമായിത്തന്നെ ഞങ്ങളുടെ തൊട്ടുമുന്നിൽ.

ആളെ മനസ്സിലായോ? കല്ലുവാഴ. വൃക്ക- മൂത്ര രോഗങ്ങളുടെ ചികിത്സയിൽ ഔഷധമത്രേ ഇവൻ.

പിന്നെ, ഞങ്ങൾ തിരക്കിട്ടു കുറച്ച് ഗ്രൂപ്പ് ഫോട്ടോകൾ പകർത്തി.

 

അപ്പോഴേയ്ക്കും സമയം ഏതാണ്ട് വൈകുന്നേരം 4:30  ആയിരുന്നു. ഞങ്ങൾ റിസോർട്ടിലേയ്ക്ക് യാത്രയായി. അതിരപ്പിള്ളിയിലെ 'ക്ലൈവ് ടെൻ'. അവിടെയാണ് ഇന്നത്തെ നമ്മുടെ രാത്രി.

ഞങ്ങൾ എത്തുമ്പോൾ അവർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. കാരണം, ചെക് ഇൻ ടൈം 2 മണിയായിരുന്നല്ലോ. 

മിടുക്കനായ ഞങ്ങളുടെ ടൂർ ലീഡർ, റൂം അലോട്ട്മെന്റ് ഉൾപ്പെടെ നേരത്തെ അവർക്കു നല്കിയിരുന്നതിനാൽ, ഓരോ കുടുംബത്തെയും അവർ ക്ഷണനേരം കൊണ്ട് തന്നെ മുറിയ്ക്കുള്ളിലാക്കി. വിശാലമായ, വൃത്തിയുള്ള മുറികളും, ബാത്റൂമുകളും. കൂടെ, വിശലമായ മറ്റൊരു ഹാൾ. 

നേരെ മുൻപിൽ, വഴിയ്ക്കപ്പുറം ഒരു പനത്തോട്ടം. അതിനുമപ്പുറം, അതാ അവൾ പതഞ്ഞൊഴുകുന്നു. അതെ ... ആ ചാലക്കുടിപ്പുഴ. 

ആഹാ...  സുന്ദരം...സുരഭിലം ... മനോമോഹനം ...!

ഇന്നത്തെ രാത്രി, ഈ റിസോർട്ടിലെ എല്ലാ മുറികളും നമുക്ക് മാത്രമായി ബുക്ക് ചെയ്തിരിയ്ക്കുകയാണ്.  

ചായയ്ക്ക് വേണ്ടി ഞങ്ങൾ കാത്തിരിയ്ക്കവേ, അതാ നമ്മുടെ ഇക്ക മധുരം കിനിയുന്ന കുറെ ഈന്തപ്പഴവുമായി വരുന്നു. അറബി നാട്ടിലെ ആ ഈന്തപ്പഴത്തിന്റെ രുചി ഒന്ന് വേറെ തന്നെ.

ദാ അപ്പോഴേയ്ക്കും, നല്ല ചൂട് പഴംപൊരിയും, ഉഴുന്ന് വടയും, ചായയും തയ്യാറായല്ലോ. അതും കഴിച്ചു നേരെ നീന്തൽക്കുളത്തിലേയ്ക്ക്. 

രണ്ടാം നിലയിൽ വൃത്തിയുള്ള ഒരു ഇൻഡോർ നീന്തൽക്കുളം. മനോഹരമായ വെളിച്ച സംവിധാനങ്ങൾ. കൂട്ടത്തിലെ കുട്ടികൾ, വിശന്നുവലഞ്ഞവന്റെ മുൻപിൽ ഓണസദ്യ വിളമ്പിയാൽ ഉള്ള, ആ ഒരു ആക്രാന്തത്തിൽ പൂളിൽ ചാടിക്കഴിഞ്ഞു. 

'അപ്പ്രോപ്രിയേറ്റ് ഡ്രസ്സ്' വേണമെന്ന് ഞങ്ങളുടെ ലീഡർ മുൻകൂട്ടി പറഞ്ഞിരുന്നുവെങ്കിലും, ചിലരെങ്കിലും അത് തെറ്റിച്ചോ എന്നൊരു സംശയം. ചുമ്മാ, സംശയിയ്ക്കാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ.  

പിന്നെ നീന്തൽക്കുളം ഒഴിഞ്ഞത്, മണിക്കൂറുകൾ കഴിഞ്ഞു മാത്രം. കുളത്തിലും, തണുക്കുമ്പോൾ കരയിലും, വീണ്ടും കുളത്തിലുമായി,  വിശേഷങ്ങൾ അങ്ങനെ ഒഴുകിപ്പരക്കുകയായിരുന്നു.

ഇടയ്ക്കെപ്പോഴോ, പുറത്ത് കനത്ത മഴ പെയ്തുവെന്നു തോന്നുന്നു. ആരറിയാൻ?

പിന്നെ ഏതാണ്ട് 9 മണിയോടെ ഓരോരുത്തരായി കരയ്ക്കു കയറിത്തുടങ്ങി. അപ്പോഴേയ്ക്കും രാത്രി ഭക്ഷണം എത്തി.

ഫ്രൈഡ് റൈസ്, ചപ്പാത്തി, കപ്പ, ബീഫ് കറി, ബീഫ് ഫ്രൈ,  ചിക്കൻ-65, മീൻ കറി, വെജിറ്റബിൾ കുറുമ..... അങ്ങിനെ വിഭവങ്ങൾ ഓരോന്നായി മേശമേൽ നിരന്നു.

 

കൂട്ടത്തിൽ, സോജിയുടെ വക 'സ്പെഷ്യൽ നിലക്കടല സാലഡും', വായിൽ വെള്ളമൂറിയ്ക്കുന്ന 'ഉണക്കമീൻ പൊടിച്ചമ്മന്തിയും'.

പോരേ പൂരം ..? അതും അതിരപ്പിള്ളി പൂരം. 

അതങ്ങിനെ ലയതാളത്തിൽ തുടങ്ങി, ദ്രുതതാളത്തിൽ തുടർന്ന്, പതിഞ്ഞ താളത്തിൽ, കൊട്ടിത്തീർന്നപ്പോൾ, പാത്രങ്ങൾ എല്ലാം കാലിയായിരുന്നു.

പിന്നെ വയർ നിറഞ്ഞ ക്ഷീണം തീർക്കാൻ, മഴയൊഴിഞ്ഞ വഴിയിലൂടെ, ഒരു ചെറു നടത്തം. മുപ്പതു വർഷങ്ങളൾക്കുമപ്പുറം തുടങ്ങിയ ആ സൗഹൃദ നാൾവഴികളെ മെല്ലെയൊന്ന് ഓർത്തെടുത്തുകൊണ്ട്.

ഇപ്പോൾ സമയം രാത്രി 10 മണിയോടടുക്കുന്നു. അപ്പോളാണ് ചിലർക്ക് ഐസ്ക്രീം തിന്നാൻ മോഹമുദിച്ചത്. പിന്നെ രക്ഷയില്ലല്ലോ. വണ്ടിയുമെടുത്ത് ഒരു പോക്ക്. തണുതണുത്ത രാത്രിയിൽ, അതിലും തണുത്ത ഐസ്ക്രീം. ഓരോരോ ഭ്രാന്തുകളേ ... ഹ..ഹ

ഇതിനിടയിൽ, കൂട്ടത്തിലെ മഹിളാരത്നങ്ങൾ മുകൾ നിലയിൽ തിരക്കിട്ട റീൽ ഷൂട്ടിംഗിൽ ആയിരുന്നു. 

അതും കഴിഞ്ഞപ്പോൾ പിന്നെ അന്താക്ഷരിയായി. അതു തീർന്നപ്പോൾ പാതിരാത്രിയും കഴിഞ്ഞു നേരമേറെ പിന്നിട്ടിരുന്നു.

അതിരാവിലെ അലാറം വച്ച് എഴുന്നേറ്റു, ഞങ്ങൾ. പ്ലാൻറ്റേഷന്റെ അകത്തേയ്ക്കു ഒരു ചെറിയ പുലർകാല ഡ്രൈവ്. അതാണ് ഉദ്ദേശം. അവിടെ കാട്ടാനകൾ ഉണ്ടാകും എന്ന ഒറ്റ പ്രതീക്ഷയിൽ ആണ് ഈ പ്ലാൻ. പിന്നെ, ഒരു ചായയും വേണം.

പാലത്തിനടുത്തു നിന്ന്, നമുക്ക് ഇടത്തേക്കു തിരിയണം. അവിടെയെത്തിയപ്പോൾ ചെറിയ ചായക്കടകൾ ധാരാളം. ഓരോ ചായയും വാങ്ങി, ഞങ്ങൾ ആ പുഴക്കടവിലേക്കിറങ്ങി.

തഴുകി മൂടുന്ന കോടമഞ്ഞിൽ തനു തണുക്കവേ, ഹരിതാദ്രിയുടെ ആ ഗാഢാലിംഗനത്തിൽ നിന്നും കുതറിമാറി ചിരിച്ചൊഴുകുന്ന ആ പുഴയുടെ അഴകളവുകളും നോക്കി, കടുപ്പത്തിൽ ഇങ്ങനെ ഓരോ കണ്ണൻ ദേവൻ ചായയും കുടിച്ച്, ഈ പുലരിയിൽ വെറുതേ നിൽക്കുമ്പോൾ, ഉള്ളിൽ നുരയുന്ന ആ ഒരു സുഖമുണ്ടല്ലോ ... അതൊന്നു വേറെ തന്നെയാണ്.... അല്ലേ?കൂട്ടിനു കൂടെയുള്ളത് പ്രിയർ കൂടിയാവുമ്പോൾ? .... അത് ഇരട്ടിയാകും.... ജീവിതത്തിന്റെ ചില അനർഘനിമിഷങ്ങൾ ...!

പിന്നെ, ഞങ്ങൾ പാലം കടന്ന് പതിയെ ഇടത്തേയ്ക്കു തിരിഞ്ഞു. അപ്പോൾ അതാ അവിടെ തൊട്ടടുത്ത്, ഒന്നല്ല വലിയൊരു ആനക്കൂട്ടം തന്നെ.

മീശമാധവനിലെ ജഗതിയെ കടമെടുത്താൽ ....

ഒന്ന് ..രണ്ട് ... മൂന്ന് ... നാല് .. അഞ്ച് ..ആറ് ... എന്റെ ദൈവമേ... അവരങ്ങിനെ നിരന്നു നിൽക്കുന്നു...

ഒന്നും ശ്രദ്ധിയ്ക്കാതെ, പന ഒരെണ്ണം വലിച്ചുവീഴ്ത്തി, പൊളിച്ചു തിന്നുകയാണ്.

"ഒരു പൂ മാത്രം ചോദിച്ചു ..ഒരു പൂക്കാലം നീ തന്നു ...." എന്ന് പറഞ്ഞുപോലെയായി ഇത്.

എന്തായാലും ഇരുന്നും നിന്നും ഒക്കെയായി, ആവോളം ഫോട്ടോകളും വീഡിയോകളും പകർത്തി. (ഇതിൽ ചില ഫോട്ടോകൾ, പിന്നെ ഞങ്ങൾ ഗ്രൂപ്പിൽ പങ്കു വച്ചപ്പോൾ, അതിൽ ഒരാൾ ചോദിയ്ക്കുവാ ... ഇവര് അവിടിരുന്ന് മൂത്രമൊഴിയ്ക്കുവാണോന്ന് .... ഹും.. ഫോട്ടോഗ്രാഫി ടെക്നിക് അറിയാത്ത കുട്ടി..!!)

ഇനിയിപ്പോൾ ആനകളെ കാണാൻ, പ്ലാൻറ്റേഷന്റെ അകത്തേയ്ക്കു പോകേണ്ടതില്ലാത്തതിനാൽ, ഞങ്ങൾ റിസോർട്ടിലേയ്ക്കു മടങ്ങി.

പ്രഭാതഭക്ഷണത്തിന് ഇനിയും സമയം ബാക്കി. കൂട്ടത്തിലെ കുറച്ചു പേർ ഇനിയും ഉറക്കം ഉണർന്നിട്ടുമില്ല. എന്നാൽപ്പിന്നെ, ആതിരപ്പള്ളി സൈഡിലേക്ക് ഒന്ന് പോയി വന്നാലോ? എന്നായി ചിന്ത. പറ്റിയാൽ എല്ലാവർക്കുമുള്ള ആ  പ്രവേശന പാസ്സ് എടുക്കുകയും ആകാം. അപ്പോൾ പിന്നെ, എല്ലാവരേയും കൂട്ടി വരുമ്പോൾ ആ തിരക്കിൽ ക്യു നിൽക്കേണ്ടല്ലോ.

നേരെ അതിരപ്പിള്ളിയിലേയ്ക്ക്. 

തിരക്കായി വരുന്നതേ ഉള്ളൂ. വഴിയിലെ ആ 'വ്യൂ പോയിന്റി'ൽ നിന്നും കാണാം അകലെ ആ സുന്ദരിയുടെ വശ്യഭംഗി. തന്റെ കനത്ത മുടിയിഴകളെ തീർത്തും അലസമായി ഒരു വശത്തേയ്ക്കൊതുക്കി, ഒളികണ്ണാൽ തന്റെ കാമുകനെ നോക്കാതെ നോക്കുന്ന, വിലാസവതിയായ ഒരു കാമുകിയുടെ ഭാവം.  

 

എല്ലാവരേയും കൂട്ടി ഇപ്പോൾത്തന്നെ വരാനുള്ളതല്ലേ? അതിനാൽ ഞങ്ങൾ താഴേയ്ക്കിറങ്ങിയില്ല. വേഗം ടിക്കറ്റുമെടുത്ത് റിസോർട്ടിലേയ്ക്ക് മടങ്ങി.

മാത്രവുമല്ല, വിശപ്പും കുറേശ്ശേ തോണ്ടിവിളിച്ചു തുടങ്ങി.

ഒന്നു കുളിയ്ക്കാനുള്ള തയ്യാറെടുപ്പിനിടെയാണ്, നമ്മുടെ വക്കീൽ പൊതിഞ്ഞു പിടിച്ച ഒരു കുപ്പിയുമായി എത്തിയത്. എന്റെ ദൈവമേ വെളുപ്പാൻകാലത്ത് കുപ്പിയോ? എന്നും വിചാരിച്ച്, തുറന്നു നോക്കുമ്പോൾ എന്താ? ആ വയനാടൻ കാടുകളിലെ ഏതോ വന്മരങ്ങളിൽ നെഞ്ചുരച്ച് വലിഞ്ഞുകയറി, കന്നാപിന്നാ തേനീച്ചക്കുത്തുമേറ്റ് കരഞ്ഞുശേഖരിച്ച ഇത്തിരി തേനാണെ... ശോ.. പാവല്ലെ 

എല്ലാവരും കുളികഴിഞ്ഞു വന്നപ്പോഴേയ്ക്കും, പ്രഭാത ഭക്ഷണം തയ്യാർ.

അപ്പം-കടലക്കറി, പൂരി-മസാല, പുട്ട്-വെജ് കറി, പപ്പടം... എല്ലാം ആവി പറക്കുന്നവ. 

പക്ഷേ, കൂട്ടത്തിൽ മികച്ച പോളിങ് ഇതിനായിരുന്നില്ല കേട്ടോ. അതു പറയാം.

ഒരു കഷ്ണം ചൂട് പുട്ടിന്റെ മേലേയ്ക്ക്, ഇന്നലെ രാത്രിയിൽ ബാക്കിയായ ആ ബീഫ് കറി (രാവിലെ ഒന്ന് നന്നായി ചൂടാക്കിയത്) ഒഴിച്ച്, അതിനും മുകളിൽ ഒരു പപ്പടം വച്ച്, പിന്നെ അതിന് മേലെ ആ വലത് കൈപ്പത്തി കൊണ്ട് മേല്ലെയൊന്ന് അമർത്തുമ്പോൾ അറിയാതെ നമ്മൾ (ആ ചൂട് കാരണം) കണ്ണുകളടച്ച് "ആഹ് ..." എന്ന് പറഞ്ഞു പോകും. നിങ്ങൾ 'ട്രൈ' ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ ചെയ്യണം. 

ആ ഐറ്റം ആയിരുന്നു നമ്മുടെ പോളിങ്ങിൽ മുൻപിൽ. ഒന്നാമതായി ഫിനിഷ് ചെയ്തതും അവൻ തന്നെ.

പിന്നെ, ഫോട്ടോ സെഷനുകളും, റിസോർട് റിവ്യൂവും ഒക്കെ കഴിഞ്ഞു ഞങ്ങൾ ഇറങ്ങി. 

അവിടെ അതിരപ്പിള്ളി ഞങ്ങൾക്കായി കാത്തിരിയ്ക്കുകയല്ലേ?

നല്ല തിരക്കായിരിയ്ക്കുന്നു. ഒരുവിധത്തിൽ വണ്ടികൾ പാർക്ക് ചെയ്ത്, ഞങ്ങൾ അകത്തേയ്ക്കു കയറി. കല്ലുകൾ പാകിയ വഴികൾ നല്ല വൃത്തിയായി സൂക്ഷിച്ചിരിയ്ക്കുന്നു. കയറ്റവും, ഇറക്കവും ഒക്കെ താണ്ടി നമ്മൾ ഇതാ ആ വെള്ളച്ചാട്ടത്തിന്റെ മുകൾപ്പരപ്പിനടുത്തെത്തി.

ശരിയ്ക്കും, പ്രകൃതി നമുക്കായി മാത്രമൊരുക്കിയ ഈ സുന്ദരകാഴ്ചകൾ ഒന്നും കാണാതെ, നമ്മളൊക്കെ എന്നും തിരക്ക് പിടിച്ച് എങ്ങോട്ടാണാവോ ഓടുന്നത്? എന്ന് തോന്നിപ്പോയി.

ഉയർന്നും താഴ്ന്നും കിടക്കുന്ന ആ മലനിരകളുടെ ഓരം പറ്റി, ലജ്ജാവതിയായി, അവനമ്രമുഖിയായി, കുണുങ്ങിയെത്തുന്ന ആ ചാലക്കുടിക്കാരി, ഒരു നിമിഷത്തിൽ രൗദ്രഭാവം പൂണ്ട് അലറിവിളിച്ച് താഴേയ്ക്ക് ചാടുന്നു. 

പിന്നെ, വീണ്ടും ആ പഴയ ലാസ്യഭാവം എടുത്തണിഞ്ഞ്, തന്റെ ആ അനാവശ്യ കോപത്തിന്റെ ക്ഷമാപണം എന്നോണം, അവിടെ നിൽക്കുന്ന നമ്മളെയൊക്കെ, തന്റെയാ സൂക്ഷ്മജലകണികാ കൈകളാൽ ഒന്ന് തഴുകി കുളിർപ്പിച്ച്, ശേഷം കുഞ്ഞലകൈകൾ വീശി റ്റാറ്റാ പറഞ്ഞ്, അവൾ അകലേയ്ക്ക് യാത്രയാവുന്നു. 

വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നും നോക്കുന്നതിനേക്കാൾ പതിന്മടങ്ങ്‌ സുന്ദരിയാണ്, പടവുകൾ ഇറങ്ങി നമ്മൾ ആ വെള്ളച്ചാട്ടത്തിന്റെ താഴെയെത്തുമ്പോൾ. 

പക്ഷെ ഓർക്കുക, അതേസമയം വളരെ അപകടകരവുമാണ് അവിടം. ഒരിയ്ക്കലും, നിങ്ങൾ അവിടെയുള്ള ആ നിയന്ത്രണ കയറുകൾക്കുമപ്പുറം പോകാതിരിക്കുക.

ഫോട്ടോകളും വീഡിയോകളും ഞങ്ങൾ യഥേഷ്ടം പകർത്തി.

വിസ്താരഭയത്താൽ, ഇനിയുള്ള ദൃശ്യഭംഗി ചിത്രങ്ങളിൽക്കൂടി കാണുക. 

വെള്ളച്ചാട്ടത്തിന്റെ ആ ഭംഗി കണ്ടു നിന്ന്, സമയം പോയതറിഞ്ഞല്ല. ഇപ്പോൾ ഉച്ചയ്ക്ക് 1 മണി കഴിഞ്ഞിരിയ്ക്കുന്നു. ഞങ്ങളിൽ പലർക്കും ഇനിയേറെ ദൂരം മടക്കയാത്രയുള്ളതിനാൽ ചാർപ്പയും വാഴച്ചാലും ഇത്തവണ ഒഴിവാക്കുകയാണ്.

ഇനി ഒരുമിച്ചൊരു ഉച്ചഭക്ഷണം കൂടി കഴിഞ്ഞാൽ, തൽക്കാലത്തേയ്ക്ക് നമുക്ക് പിരിയാം.

ഒരു നാടൻ ഭക്ഷണശാലയിൽ കയറി. ഒന്നും നോക്കിയില്ല, ബിരിയാണിയും, ഊണും, ചട്ടിച്ചോറും, ഒക്കെ തരാതരം പോലെ ഓർഡർ ചെയ്തു. കൂട്ടത്തിൽ നത്തോലി വറുത്തതും, തിലോപ്പിയ പൊള്ളിച്ചതും ഒക്കെ. അവിടുത്തെ ഉത്സാഹിയായ സപ്ലയർ ചേച്ചി ഓടിനടന്നു വിളമ്പുകയാണ് ഞങ്ങൾക്ക്.

അവസാനം ഒരു വലിയ ട്രേയിൽ ഇഞ്ചിയും പച്ചമുളകുമൊക്കെ ചതച്ചിട്ട മോരും വെള്ളവുമായെത്തി. ഞങ്ങളൊക്കെ ഓരോന്ന് എടുത്തു. അപ്പോൾ കൂട്ടത്തിലെ സുഹൃത്തിനൊരു സംശയം.

"അതേ ... ഇപ്പോൾ ഇത് കൂടുതൽ വെളുത്തിട്ടാണല്ലോ..?"

പുള്ളിക്കാരൻ ഉദ്ദേശിച്ചത്, ആദ്യം ആൾക്ക് ഊണിന്റെ കൂടെ കൊടുത്തതിനേക്കാൾ വെളുത്തതാണല്ലോ ഈ മോരും വെള്ളം എന്നാണ്. പക്ഷേ, ചേച്ചിയുടെ മറുപടി പെട്ടെന്നായിരുന്നു.

"അതേയ്‌ ... ഇടയ്ക്കു ഞാനൊന്ന് ഓടിപ്പോയി ഫേഷ്യൽ ചെയ്തു ... അതാ "

ഓരോരോ തെറ്റിദ്ധാരണകളെ ... !

എന്തായാലും, കൈകൊട്ടിച്ചിരിച്ച ഞങ്ങൾ നോക്കുമ്പോൾ 'സിൽവർ ഫേഷ്യൽ' ചെയ്തപോലെ വെളുത്തിരിയ്ക്കുന്നു ഞങ്ങളുടെ ആ പാവം സുഹൃത്ത്.

ഭക്ഷണം കഴിഞ്ഞ് തിരികെ പാർക്കിംഗ് സ്ഥലത്തെത്തിയപ്പോൾ, എല്ലാവർക്കും ഉള്ളിൽ സമ്മിശ്രവികാരം. ഒരുമിച്ചു ചിലവഴിച്ച ആ സുന്ദരനിമിഷങ്ങളുടെ സുഖകരമായ ഓർമ്മകൾ ഒരു വശത്തും, ഇനിയിവിടെ പിരിഞ്ഞാൽ അടുത്ത ഒരു ഒത്തുചേരൽ ഒരു വർഷത്തിന് ശേഷം മാത്രം, എന്ന ആ ദുഃഖം മറുവശത്തും. 

പക്ഷെ, അതൊക്കെ ഒഴിവാക്കാൻ ആവാത്തതാണല്ലോ. 

പിരിയാനുള്ള ഞങ്ങളുടെ ആ വിഷമം കണ്ടാകണം മാനത്തുരുണ്ടുകൂടിയ ആ കാർമേഘങ്ങളിൽ ഏതോ ഒന്നിന്റെ കണ്ണുകൾ നിറഞ്ഞത്. പിന്നെ, ആ തുള്ളികൾ മെല്ലെ താഴേയ്ക്കടർന്നത്. അതോടെ തിടുക്കത്തിൽ യാത്ര പറഞ്ഞ്, ഞങ്ങൾ ഓരോ വഴിയ്ക്കു പിരിഞ്ഞു.

പാലാക്കാരി സുഹൃത്തും, ഞങ്ങളും, നേരെ രാമമംഗലം-ചൂണ്ടി-അഞ്ചൽപ്പെട്ടി വഴി കൂത്താട്ടുകുളത്തേയ്ക്ക്. അപ്പോഴും ബാക്കിയായ വിശേഷങ്ങൾ പറഞ്ഞും, പങ്കുവച്ചും.

ഇടയ്ക്കു രാമമംഗലത്തെ ഒരു കൊച്ചുകടയിൽ നിന്നും കഴിച്ച, അപ്പപ്പോൾ പൊരിച്ചെടുക്കുന്ന പഴംപൊരിയും, ബ്രെഡ്‌റോസ്റ്റും, ഞങ്ങളുടെയാ യാത്രാക്ഷീണം തീർത്തും അകറ്റി.

കൂത്താട്ടുകുളത്ത് സുഹൃത്തിനെയും ഇറക്കി, മോനിപ്പള്ളിയിലെ തറവാട്ടിൽ എത്തിയപ്പോൾ സന്ധ്യ ഏറെക്കുറെ മയങ്ങിരുന്നു. അതുകൊണ്ടു തന്നെ വിളിച്ചുണർത്താൻ പോയില്ല.

അവിടെ, ഞങ്ങളെയും കാത്ത് അതാ ഒരു കോട്ടയം സ്‌പെഷ്യൽ. മനസ്സിലായില്ലേ? അതേ ... പിടിയും കോഴിക്കറിയും. കുളികഴിഞ്ഞെത്തി കുറച്ചു കഴിച്ചു. അക്കൂട്ടത്തിൽ, കൊച്ചച്ഛനുമായി പതിവുപോലെ മോനിപ്പള്ളിയുടെ പുതിയ ദേശവിശേഷങ്ങൾ പങ്കു വച്ചു.

ഇനി കുറച്ചു വിശ്രമം. അതിരാവിലെ അനന്തപുരിയിലേയ്ക്ക് മടങ്ങണം.

അപ്പോൾ ശരി ... 'ഐഡിയൽ ഫ്രണ്ട്സിന്റെ' മറ്റൊരു ഒത്തുചേരൽ നൽകിയ ആ സുഖാലസ്യത്തിൽ, ഏവർക്കും ശുഭ രാത്രി ....!!   

=================

സ്നേഹപൂർവ്വം 

ബിനു മോനിപ്പള്ളി 

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

പിൻകുറിപ്പ്: അതിരപ്പിള്ളി എന്ന പേര് അതിരപ്പള്ളി, ആതിരപ്പിള്ളി, അതിരംപിള്ളി എന്നൊക്കെ പലരും പലരീതികളിൽ പ്രയോഗിച്ചു കാണുന്നു. നമ്മളിവിടെ 'അതിരപ്പിള്ളി' എന്ന് തന്നെ പ്രയോഗിയ്ക്കുന്നു.

ചിത്രങ്ങൾ ഇനിയുമേറെ ബാക്കി ......!!

 















 
**********



   

 

 

 

 

 

 

  

Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]