ഒരു കിളി, മനുഷ്യനോട് .......[മലയാള കവിത]



[കൊടുംവെയിലിൽ നിന്നും രക്ഷ തേടി ഒരു ചെറു മരത്തിന്റെ തണലിലേക്ക്‌ കിതച്ചെത്തിയ ഒരു മനുഷ്യനോട്, ആ മരത്തിന്റെ ശിഖരത്തിലുണ്ടായിരുന്ന ഒരു കിളി....]

മനുജാ, നീയവശനായ് തണൽ തേടിയെത്തുമ്പോൾ
അനുചിതമാകാമെൻ പരിദേവനം
പറയാതിരിക്കുവാൻ ആവില്ലെനിക്കു നിൻ-
മുൻ തലമുറക്കാർ തൻ ദുഷ്ചെയ്തികൾ !

ഒരുവേള നോക്കൂ നീ ചെറുമരമിതിലില്ല
ഒരു ചെറുതളിർ  പോലും ശിഖരങ്ങളിൽ
പൂവില്ല, കായില്ല, പൂക്കാൻ  കൊതിയില്ല
കാറ്റിലൊന്നുലയുവാൻ ആശയില്ല !

നീയും നിൻ  കൂട്ടരും  മാളിക പണിയുവാൻ
അടിയോടെ പിഴുതു മരങ്ങളെല്ലാം
ഒരുവേള  തായ്ത്തടി മൂത്തുവെന്നാൽ നീ,
ഈ ചെറുമരവും മുറിച്ചെടുക്കും
അത് പേടിച്ചാകാം പാവമീ ചെറുമരം
സ്വന്തം വളർച്ച, തളർച്ചയാക്കി !

പക്ഷികൾ  ഞങ്ങൾക്കു  ചെറുകൂടൊരുക്കുവാൻ
ഒരു ചെറുമരവും നീ ബാക്കി വയ്ക്കാ-
കണിശം, മനുജാ നിൻ അത്യാർത്തി ജീവന്റെ-
യന്ത്യം കുറിച്ചേക്കുമീ ഭൂമിയിൽ !

ഹൃത്തിൽ നിന്നുയരുന്ന കണ്ണുനീർ കൊണ്ടു ഞാൻ
മർത്ത്യാ, ശപിക്കുന്നു നിന്നെയിതാ -
"നീയും നിൻ വർഗ്ഗവും അടിയോടെ മുടിയുമീ-
ധർത്തിയിൽ ഒന്നുമേ ബാക്കി കാണാ....''

ദുരമൂത്തു നീയും നിൻ വംശവും ചെയ്തൊരാ -
കൊടിയ പാപങ്ങൾക്കൊരിരയായിതാ,
ഞാനുമെൻ കൂട്ടരും ഈ തീരം വിട്ടേതൊ
തീരം തിരഞ്ഞിന്നു പോയിടുന്നു...!










Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]