വഴിതെറ്റിയെത്തിയ വന്യസൗന്ദര്യം ......[യാത്രാവിവരണം]


[ഇല്ലിക്കൽകല്ല്‌ - ഒരു യാത്രാവിവരണം]

അങ്ങകലെ, മറ്റൊരു നാട്ടിൽ സായിപ്പ് 'താങ്ക്സ് ഗിവിങ്ങ്' ആഘോഷിച്ചപ്പോൾ വീണുകിട്ടിയ ഒരു അവധി ദിവസം. നേരത്തെ തീരുമാനിച്ചത് പോലെ, ഞങ്ങൾ ഏഴുപേർ രാവിലെ 6 മണിക്ക് തന്നെ ടെക്നോപാർക്കിൽ നിന്നും യാത്ര തിരിച്ചു.

ആദ്യലക്ഷ്യം അടവി, അവിടെ കുട്ടവഞ്ചി സവാരി. പിന്നെ, നേരെ റാന്നി വഴി വാഗമണ്‍. പിറ്റേന്ന് പരുന്തുംപാറ , പാഞ്ചാലിമേട്‌ വഴി മടക്കം. ഇതായിരുന്നു പ്ലാൻ.

അതുപ്രകാരം അടവിയിൽ നിന്നും ഞങ്ങൾ നേരെ റാന്നിയിൽ എത്തി. പക്ഷെ അവിടെ ഞങ്ങൾക്ക് വഴിതെറ്റി. എരുമേലിയിലേക്ക് തിരിയേണ്ട ഞങ്ങൾ നേരെ പോയത് ഈരാട്ടുപേട്ടയിലേക്കും അതുവഴി തീക്കൊയിലേക്കും. തീക്കൊയി എത്തുന്നതിനു തൊട്ടുമുൻപ്, വഴിയരികിൽ 'കോഴിക്കോടൻ  കുലുക്കിസർബത്' എന്ന ബോർഡു കണ്ടതും, കൂട്ടത്തിലെ ഒരു സുഹൃത്തിനു അത് കഴിക്കാനൊരു മോഹം. അവിടെയാണ് വഴിത്തിരിവ്. സർബത്തും കുടിച്ചു യാത്ര തുടരാനൊരുങ്ങിയ ഞങ്ങളോട് ആ കടക്കാരൻ ചോദിച്ചു.

'വാഗമണ്ണിലേക്കാണല്ലെ ?"

'അതെ. എത്ര ദൂരം വരും?"

"നിങ്ങൾ ഒരു കാര്യം ചെയ്യൂ... ദാ, ആ വളവു കഴിഞ്ഞാൽ തീക്കോയ് ടൌണ്‍ ആയി. അവിടെ നിന്നും നേരെ പോയാൽ  വാഗമണ്‍ എത്താം. പക്ഷെ പോകുന്ന വഴി 'ഇല്ലിക്കൽകല്ല്‌' എന്ന ഒരു സ്ഥലമുണ്ട്. അതൊന്നു കണ്ടിട്ട് പോകണം"

"പക്ഷെ, ഞങ്ങൾ അങ്ങിനെ ഒരു സ്ഥലത്തെ കുറിച്ച് കേട്ടിട്ടേ ഇല്ലല്ലോ? മാത്രമല്ല അവിടെ പോയാൽ  ഞങ്ങൾ വാഗമണ്‍ എത്താൻ താമസിക്കുകയും ചെയ്യും "

"ഇല്ല, എന്തായാലും നിങ്ങൾ ആ സ്ഥലം കാണണം. അത്ര സുന്ദരമാണത്. കണ്ടില്ലെങ്കിൽ തീർച്ചയായും നഷ്ടമായിരിക്കും."

ഒരു നിമിഷം ആലോചിച്ചിട്ട് അ യാൾ കൂട്ടിചേർത്തു... "നിങ്ങൾ വാഗമണ്‍ പോയില്ലെങ്കിലും കുഴപ്പമില്ല, ഈ ഇല്ലിക്കൽകല്ല്‌ ഒന്ന് കാണണം. ഇനി, അഥവാ, കണ്ടിട്ട് ഇഷ്ടമായില്ലെങ്കിൽ, തിരികെ വരുന്ന വഴി എന്നെ ചീത്ത വിളിച്ചോളൂ"

പാവം. അത്രയും പറഞ്ഞതല്ലേ ഞങ്ങൾ ആ സ്ഥലം കാണാൻ തീരുമാനിച്ചു. തീക്കോയ് ടൌണ്‍ കഴിഞ്ഞു വാഗമണ്‍ റൂട്ടിൽ ഏതാനും കിലോമീറ്റർ കൂടി പിന്നിട്ടപ്പോൾ ഇടത്തേക്ക് ഒരു ബോർഡു കണ്ടു "ഇല്ലിക്കൽകല്ല്‌". പക്ഷെ വളരെ സൂക്ഷിച്ചു നോക്കിയാൽ  മാത്രം കാണാൻ പറ്റുന്ന അത്ര ചെറിയ ഒരു ബോർഡാണ്. ഇനി അയാൾ  പറ്റിച്ചതാണോ? സംശയമായി. എന്തായാലും പോകുക തന്നെ.

കുറെ ദൂരം ഓടി. തികച്ചും ഒരു ഉൾനാട്. തനി നാടിൻപുറത്തുകാരായ വഴിപോക്കർ. ഒന്നുരണ്ടിടത്ത് നിർത്തി വഴി ചോദിച്ചു. ഒറ്റ ഉത്തരം  മാത്രം.
" നേരെ പോയാൽ  മതി"
ഇത് ഞങ്ങളോട് പറയുമ്പോൾ അവരുടെ മുഖത്ത് ഒരു ഗൂഡസ്മിതം ഉണ്ടോ? വീണ്ടും സംശയമായി.

കുറെ ദൂരം കൂടി ഓടിക്കഴിഞ്ഞപ്പോൾ വഴി തീർത്തും മോശമായി. അടുത്ത കടയിൽ ചോദിച്ചു.
'ഇല്ല കുഴപ്പമില്ല ഒരു 150 മീറ്റർ മാത്രമേ മോശം റോഡ്‌ ഉള്ളൂ. ധൈര്യമായി പോയ്ക്കോ ളൂ "

വീണ്ടും ഞങ്ങൾ മുന്നോട്ട്. ശരിയായിരുന്നു. ഏതാണ്ട് 150 മീറ്ററിനു ശേഷം, പുതുതായി ടാർ ചെയ്ത വളരെ നല്ല റോഡ്‌. പക്ഷെ, ഓടിയിട്ടും ഓടിയിട്ടും ഈ പറഞ്ഞ സ്ഥലം മാത്രം എത്തുന്നില്ല.

മുൻപ് സൂചിപ്പിച്ചുവല്ലോ. കൂട്ടത്തിൽ  ഒരു സുഹൃത്തിന്റെ നിർബന്ധപ്രകാരമാണ് ഞങ്ങൾ സർബത് കുടിക്കാൻ നിർത്തിയത് എന്ന്. ഈ സമയമത്രയും  കൂടെയുള്ളവർ അയാളെ ചീത്തവിളിയാണ്. കാരണം, അതാണല്ലോ ഞങ്ങൾ പ്ലാൻ മാറ്റി ഇത് വഴി വരാൻ ഇടയാക്കിയത്. പാവം, എല്ലാം കേട്ട് മിണ്ടാതെ ഇരിപ്പാണ്. വരാനുള്ളത് വഴിയിൽ  തങ്ങില്ല എന്ന ഭാവത്തിൽ.

വണ്ടി ഇതാണ് 10 കിലോമീറ്ററോളം ഓടിയിട്ടുണ്ടാകും. ഇടതു വശത്ത് അങ്ങകലെയായി വലിയ ഒരു കുന്നു കാണാം. ആകാശം മുട്ടുന്നത്ര ഉയരത്തിൽ. അതിസുന്ദരമായിരുന്നു ആ കാഴ്ച.

"ഇനി അതെങ്ങാൻ ആയിരിക്കുമോ ഈ ഇല്ലിക്കൽകല്ല്‌?" കൂട്ടത്തിൽ ആരോ തമാശക്കു ചോദിച്ചു. ചോദ്യം തീരുന്നതിനു മുൻപേ അതിനുള്ള മറുപടിയും വന്നു. പക്ഷെ അതെന്തായിരുന്നു എന്നുമാത്രം ചോദിക്കരുത്.

ഏതാണ്ട് ഒരു കിലോമീറ്റർ കൂടി പിന്നിട്ടപ്പോൾ കയറ്റം ആരംഭിച്ചു. പിന്നീടത് കുത്തനെ, കൊടുംവളവുകളോടു കൂടിയ 'ചുരം' ആയി മാറി. ഒരുവശത്ത്  അഗാധമായ കൊക്ക, മറുവശത്ത് ആകാശം മുട്ടെ ഉയർന്നു നില്ക്കുന്ന മൊട്ടക്കുന്നുകളുടെ നീണ്ട നിരകൾ.

പതുക്കെ വണ്ടിക്കുള്ളിലെ സംസാരം കുറഞ്ഞു. കാരണം,  പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സുന്ദരമായിരുന്നു ഇടതു വശത്തെ വിദൂര ദൃശ്യങ്ങൾ. മറ്റൊന്ന് - അത്യഗാധമായിരുന്നു റോഡിനു ചേർന്നുള്ള കൊക്ക. അതുവരെ ഞങ്ങളുടെ തമാശകളിൽ പങ്കുചേർന്നിരുന്ന ഡ്രൈവർ തന്റെ ഡ്രൈവിംഗിൽ മാത്രം ബദ്ധശ്രദ്ധനായി.

അങ്ങിനെ, ഏറെ സൗന്ദര്യവും, കുറച്ചു ഭയവും നിറച്ചു പ്രകൃതീദേവി നല്കിയ ആ കാഴ്ചകളെ ആസ്വദിച്ചു കൊണ്ട് ഞങ്ങൾ ഹിൽടോപ്പിൽ എത്തി. അത്രയധികം വണ്ടികൾ  ഒന്നുമില്ല.

വണ്ടിയിൽ നിന്നും ഇറങ്ങി ചുറ്റും നോക്കിയപ്പോൾ കണ്ടതോ ? മറ്റൊരു വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇന്നേവരെ കണ്ടിട്ടില്ലാത്ത അത്ര മനോഹരമായ കാഴചകൾ, അതും നാലുവശവും. സമുദ്രനിരപ്പിൽ നിന്നും ഏതാണ്ട് 4000 അടിയിലേറെ ഉയരത്തിലാണ് ഞങ്ങൾ നില്ക്കുന്നത്! ചുറ്റും ഒന്നിനോടോന്നു ചേർന്നുനില്ക്കുന്ന അനേകം മലനിരകൾ. അതിൽ എറ്റവും ഉയരമുള്ളതിന്റെ നെറുകയിൽ ആണ് ഞങ്ങൾ ! നനുനനെ വീശുന്ന കുളിരുള്ള കാറ്റ്. നഗരത്തിന്റെ തിരക്കോ, പൊടിപടലങ്ങളോ, മാലിന്യഗന്ധമോ ഒന്നുമില്ലാത്ത ശുദ്ധവായു....! ഹാ...തീർത്തും അനിർവചനീയം...!!

കാലം ഇനി എത്ര തന്നെ പുരോഗമിച്ചാലും, എഞ്ചിനീയർമാർ  ഇനി എത്ര തന്നെ 'ബുർജ്‌  ഖലീഫ' കൾ പണിതുയർത്തിയാലും, ദൈവം തീർക്കുന്ന ഇത്തരം അതിമനോഹരസൃഷ്ടികൾക്ക് മുൻപിൽ അതൊക്കെ എത്ര നിസാരം?

ഞങ്ങൾ ഓരോരുത്തരും പരസ്പരം ഒന്ന് മിണ്ടുകപോലും ചെയ്യാതെ, ആ പ്രകൃതിഭംഗി ആവോളം ആസ്വദിക്കുന്ന തിരക്കിൽ ആയിരുന്നു. ഇനി, കൂട്ടത്തിൽ  അതിസാഹസികരുണ്ടെങ്കിൽ, അവർക്ക്  ഈ മലയുടെ മുകളിൽ തലയുയർത്തി നില്ക്കുന്ന രണ്ട് കൂറ്റൻ കല്ലുകൾ ഉണ്ട് (ഒരു പക്ഷെ അങ്ങിനെയാകം ഈ സ്ഥലത്തിന് ഇല്ലിക്കൽകല്ല്‌ എന്ന പേര് വന്നത് തന്നെ), ആ കല്ലുകളുടെ മുകളിൽ കയറുകയും ചെയ്യാം. പക്ഷെ, ഓർക്കണം അത് അതീവ അപകടകരം തന്നെയാണ്.

നേരം ഏതാണ്ട് 4pm കഴിയുന്നു. ഞങ്ങൾക്ക്  മടങ്ങാനുള്ള സമയമായി. അധികം ഇരുട്ടുന്നതിനു മുൻപേ വാഗമണ്ണിൽ എത്തുകയും വേണം. പക്ഷെ, ഇത്രയും മനോഹരമായ ഒരു സ്ഥലത്തുനിന്നും പോരാൻ മടിയാകുന്നു.

അപ്പോൾ അതാ സുന്ദരമായ ആ പ്രകൃതിഭംഗിയെ അതിസുന്ദരമാക്കികൊണ്ട് അടിവാരത്ത് നിന്നും കോടമഞ്ഞ്‌ വീശിവരുന്നു. ഏതാനും മിനിട്ടുകൾക്കുള്ളിൽ അത് ഞങ്ങളെയും ഇല്ലിക്കൽകല്ലിനെയും കുളിരിൽ ആഴ്ത്തികൊണ്ട്, പൂർണ്ണമായും മൂടി. അതിഗംഭീരമായൊരു സിനിമയുടെ, അതിലും ഗംഭീരമായ ക്ലൈമാക്സ് പോലെ..!

തിരികെയിറങ്ങുമ്പോൾ, എല്ലാവരും മനസുകൊണ്ട് ആ സർബത് കടക്കാരന് നന്ദി പറഞ്ഞു. (അദ്ദേഹമാണല്ലോ ഞങ്ങളെ ഇവിടേക്ക് തിരിച്ചു വിട്ടത്. അങ്ങിനെയാണല്ലോ ഞങ്ങൾ, കേരളത്തിലെ ഈ അധികം അറിയപ്പെടാത്ത സൗന്ദര്യം കാണാൻ ഇടവന്നത്). കൂടെ, ആ സർബത് കടയിൽ വണ്ടി നിർത്താൻ ആവശ്യപ്പെട്ട ഞങ്ങളുടെ സുഹൃത്തിനും.

****
പ്രകൃതിഭംഗി, അതും മനുഷ്യമണമേൽക്കാത്ത, ചൂഷണത്തിന് വിധേയമാകാത്ത നൈസർഗ്ഗിക പ്രകൃതിഭംഗി ആസ്വദിക്കണം എന്നുള്ളവർക്ക് സന്ദർശിക്കാൻ പറ്റിയ ഏറ്റവും നല്ല സ്ഥലങ്ങളിൽ ഒന്നാണ് ഇല്ലിക്കൽകല്ല്‌. ഈ സൗന്ദര്യത്തെ ഒരിക്കലും നമുക്ക് പ്രകൃതിയുടെ ശാലീന സൗന്ദര്യം എന്നുപറയാനാകില്ല. പകരം വന്യസൗന്ദര്യം എന്നുപറയാം. കാരണം, പച്ച പുതച്ച അനേകം മൊട്ടക്കുന്നുകളുടെ അനാവൃത സൌന്ദര്യത്തിനു പുറകിൽ, അത്യഗാധകൊക്കകളുടെ ആവൃതമായ ഒരു വന്യത കൂടി ചേരുന്നതാണ് ഇല്ലിക്കൽകല്ല്‌. അതാണ്‌ ഈ സ്ഥലത്തെ ഇത്രമേൽ വ്യത്യസ്തമാക്കുന്നതും !

നനുത്ത കോടമഞ്ഞിന്റെ കുളിരിൽ, മനോഹരമായ തന്റെ അംഗവടിവുകൾ, കാഴ്ച്ചക്കാർക്ക് അനുഭവവേദ്യമാകുന്ന രീതിയിൽ , പച്ചപ്പട്ടിന്റെ വലിയ പുതപ്പിനുള്ളിൽ ഇമപൂട്ടിയുറങ്ങുന്ന ഒരു സുരസുന്ദരിയാകുന്നു ഇവിടെ പ്രകൃതി. അവളെ ഉണർത്താതെ, ആ ദൃശ്യഭംഗി ആവോളം നുകരാൻ മാത്രമാകണം നമ്മൾ ഇല്ലിക്കൽകല്ല്‌ സന്ദർശിക്കേണ്ടത്.

സന്ദർശകർ ഓർക്കേണ്ട കാര്യങ്ങൾ:
1. ബസ് പോലെയുള്ള വലിയ വാഹനങ്ങൾ യാത്രക്ക് ഒഴിവാക്കുക. പരിചയസമ്പന്നനാണ് ഡ്രൈവർ എന്ന് ഉറപ്പു വരുത്തുക.
2. ആസ്തമ പോലുള്ള അസുഖമുള്ളവർ മരുന്നുകൾ കൂടെ കരുതുക.
3. മലയുടെ എറ്റവും മുകളിൽ വരെ വാഹനം എത്തുന്നതാണ്. എന്നാൽ പാർക്കിംഗ് പരിമിതമാണ്.
4. മലമുകളിൽ വാഹനമിറങ്ങിയാൽ, കൊച്ചുകുട്ടികളെ കൈപിടിച്ചു മാത്രം നടത്തുക.
5. കാപ്പി, സ്നാക്സ് എന്നിവ കിട്ടുന്ന ചെറുകടകൾ മലമുകളിലുണ്ട് എന്നാൽ വലിയ ഭക്ഷണശാലകളോ, ടോയ് ലറ്റ് സൌകര്യങ്ങളോ ഇല്ല. അവ ഉള്ളത് തീക്കോയ് ടൌണിൽ മാത്രമാണ്.
6. അനാവശ്യമായ സാഹസികതക്ക് മുതിരാതിരിക്കുക. മലമുകളിൽ മദ്യപാനം തീർത്തും ഒഴിവാക്കുക
7. മലയിറങ്ങുമ്പോൾ, അനുവദനീയമായ ഗിയറിൽ മാത്രം വാഹനം ഓടിക്കുക.







Comments

  1. This comment has been removed by the author.

    ReplyDelete
  2. ബിന്ദു സജീവ്14 May 2021 at 23:47

    സുന്ദരമായ വിവരണം. ഇല്ലിക്കൽ കല്ല് നേരിൽ കണ്ടതുപോലെ തോന്നും ഈ കുറിപ്പ് വായിച്ചു കഴിയുമ്പോൾ. . ഇനിയും തുടരുക ....

    ReplyDelete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]