കാലാന്തരങ്ങൾ : ഒരു തത്സമയ ചർച്ച
"അന്നത്തെ അമ്മമാർക്ക് ജോലിക്കു പോകാതെ, വെറുതെ കുട്ടികളെയും മുലയൂട്ടി വീട്ടിലിരുന്നാൽ മതിയായിരുന്നു ...."
"അതല്ല കാരണം ... ഇന്നത്തെ അമ്മമാർക്ക് പേടിയാണ് കുട്ടികൾക്ക് മുലയൂട്ടാൻ .... തങ്ങളുടെ സൗന്ദര്യം എങ്ങാനും അങ്ങ് ഇടിഞ്ഞു വീണാലോ എന്ന് ....."
"അത് തന്റെ വീട്ടിലെ കാര്യമാവും ....അല്ലാതെ ......"
അത്രയുമായപ്പോൾ അവതാരക ഇടപെട്ടു.
"ദയവായി ഇത്തരം വ്യക്തിപരമായ ആരോപണങ്ങൾ ഒഴിവാക്കണം ...ആരോഗ്യപരമായ ഒരു ചർച്ചയാണ് നാം ഇവിടെ ഉദ്ദേശിക്കുന്നത് ..."
അങ്ങിനെ ........അങ്ങിനെ..... ആ ചാനൽ ചർച്ച പുരോഗമിക്കുകയാണ്.
'ഛെ ... വരേണ്ടിയിരുന്നില്ല ...!" അയാൾ വീണ്ടുമോർത്തു.
ചാനലുകളിൽ വരുന്ന ഇത്തരം അന്തിചർച്ചകൾ കുറെ നാളായി അയാൾ കാണാറേയുണ്ടായിരുന്നില്ല. വേറൊന്നും കൊണ്ടല്ല; വിഷയദാരിദ്ര്യവും, ആംഗലേയം കലർത്തിയ മാതൃഭാഷയും, പിന്നെ അതിന്റെ കൂടെ ചാനലിന്റെ ചില വാണിജ്യ താല്പര്യങ്ങളും കൂടെ ആകുമ്പോൾ, അത്തരം ചർച്ചകൾ വെറും പ്രഹസനങ്ങൾ മാത്രമാകുന്നത് കണ്ടുകണ്ടു മടുത്തു. അത്ര തന്നെ !
അതു മനസിലാക്കിയതിനാൽ ആവണം ഇത്തവണ ഈ ചാനൽ, അദ്ദേഹത്തിന്റെ ആ ആത്മസുഹൃത്തു വഴി ഒരു ശ്രമം കൂടി നടത്തിയത്. അവർ അതിൽ വിജയിക്കുക തന്നെ ചെയ്തു !
പാവം അവതാരക മൈക്കും പിടിച്ചു ഓടിയോടി വിയർക്കുന്നു.
രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞു ചൂടൻ ചർച്ച. പലപ്പോഴും വിഷയത്തിൽ നിന്നും വഴുതിമാറി, തോന്നിയ വഴിയേ പോകുന്നുഎന്നു മാത്രം.
"... ലൈവ് ആയതു കൊണ്ട് ഒന്ന് മയങ്ങാനും പറ്റുന്നില്ലല്ലോ...!"
അല്പം കുസൃതിയോടെ അയാളോർത്തു. ഉയർന്നു വന്ന ഒരു കോട്ടുവാ എങ്ങിനെയോ അമർത്തി, തന്റെ സീറ്റിൽ അങ്ങിനെ ഇരിയ്ക്കവേ അയാൾ ആശ്വസിച്ചു .... "ഭാഗ്യം ... ചാനലിൽ എങ്ങിനെയെങ്കിലും ഒന്നു മുഖം കാണിക്കാനുള്ള മറ്റുള്ളവരുടെ ഈ ആർത്തി നന്നായി. . അത് കൊണ്ടെന്താ? ഇതുവരെ ചാനൽ ക്യാമറ കാര്യമായി തന്റെ അടുത്തേയ്ക്കു വന്നതേയില്ല....."
പക്ഷെ, ആ ആശ്വാസം വെറും അൽപായുസായിരുന്നു. അവതാരക ഇത്തവണ അയാളിലേക്ക് തന്നെ എത്തി.
".... ഇതു വരെയുള്ള നമ്മുടെ ചർച്ച സശ്രദ്ധം വീക്ഷിച്ചു കൊണ്ടിരുന്ന, നമ്മുടെ വിശിഷ്ട അതിഥിയിലേയ്ക്കാണ് നമ്മൾ ഇനി. അദ്ദേഹത്തിന്എന്തായാലും ഈ വിഷയത്തിൽ കാര്യമായി തന്നെ നമ്മളോട് ചിലത് പറയുവാൻ കാണും എന്ന് തന്നെ കരുതാം. പല ശൈശവ-ബാല്യങ്ങളെ തന്റെ കണ്മുൻപിൽ കാണാൻ ഭാഗ്യം സിദ്ധിച്ച, പ്രശസ്തരും, അതിപ്രശസ്തരുമായ വലിയൊരു ശിഷ്യസമ്പത്തിനുടമയായ, ..... സർവോപരി പദ്‌മശ്രീ തന്നെ നൽകി രാജ്യം ആദരിച്ച വിശിഷ്ട വ്യക്‌തി എന്ന നിലയിൽ, അദ്ദേഹത്തിന്റെ സുചിന്തിതമായ, അഭിപ്രായം എന്തായാലും അർത്ഥവത്തായിരിക്കും, കാലാനുവർത്തിയായിരിക്കും.... എന്നുള്ളതിന് യാതൊരു സംശയവും വേണ്ട. അദ്ദേഹത്തിന്റെ അഭിപ്രായത്തിലേക്കു കടക്കുന്നതിനു മുൻപ്, ഒന്നുകൂടി സൂചിപ്പിയ്ക്കട്ടെ... ആദ്യമായാണ് അദ്ദേഹം ഇതുപോലൊരു ....."
അത്രയുമായപ്പോൾ അദ്ദേഹത്തിന് ക്ഷമ കെട്ടു. 'വായിൽ വരുന്നത് കോതയ്ക്കു പാട്ട്' എന്ന രീതിയിൽ, വെറുതെ അങ്ങിനെ വലിച്ചുവാരി പറയുന്നത് ഇപ്പോൾ എല്ലാ അവതാരകരുടെയും ഒരു പതിവുരീതിയാണല്ലോ !
അല്പം ഉച്ചത്തിൽ തന്നെ ഒന്ന് മുരടനക്കി അദ്ദേഹം. അത് മനസിലാക്കിയ അവതാരക പെട്ടെന്ന് മൈക്ക് നീട്ടി.
"... അല്ല.... ഈ വിഷയത്തിൽ എനിക്ക് അത്ര വലുതായൊന്നും പറയാനില്ല .... ആകെ ചെറിയൊരു വ്യത്യാസം മാത്രമാണ് പണ്ടത്തെ കുട്ടികളും ഇന്നത്തെ കുട്ടികളും തമ്മിൽ, എനിക്ക് തോന്നിയിട്ടുള്ളത് ....."
ഇത്രയും പറഞ്ഞു ഇടയ്ക്കൊന്നു നിർത്തി..... പിന്നെ തുടർന്നു.
".....അന്നത്തെ കുട്ടികൾ, നല്ല ഒന്നാംതരം കമുകിൻപാളയിൽ കിടന്ന്, മുറ്റത്തെ കിണറിൽ നിന്ന് കോരിയ വെള്ളത്തിന്റെ നൈസർഗ്ഗിക കുളിർമയിൽ, കൈകാലിട്ടടിച്ചു കുളിച്ചിരുന്നു. ശേഷം, നല്ല വാഴപ്പോളയിൽ പിടിപ്പിച്ച കരിമഷി, കണ്ണിൽ എഴുതിയിരുന്നു. പിന്നെ, അമ്മയുടെ മുലപ്പാൽ ധാരാളം കുടിച്ച്, അമ്മയുടെ ചൂടേറ്റുറങ്ങിയിരുന്നു. അവർക്കോ....? അവർക്കു നല്ല പിയേഴ്സിന്റെ നറുമണമായിരുന്നു.......!"
വീണ്ടും ഒന്ന് നിർത്തി ...പിന്നെ തുടർന്നു ....
"എന്നാൽ ഇന്നു ഞാൻ കാണുന്നത്.... 'മെയ്ഡ് ഇൻ ചൈന' മുദ്ര പതിപ്പിച്ച ഫൈബർ ബാത്ടബ്ബിൽ, ക്ലോറിൻ മണക്കുന്ന പൈപ്പ് വെള്ളത്തിൽ കുളിച്ചു, അയൽനാട്ടിൽ നിന്നെത്തുന്ന രാസകണ്മഷിയെഴുതി, പിന്നെ ചൂടകന്ന കുപ്പിപ്പാൽ കുടിച്ചു, ഡേ-കെയറിന്റെ കൃത്രിമ തണുപ്പിൽ തളർന്നുറങ്ങുന്ന കുട്ടികളെയാണ്. അവർക്കോ? അവർക്കാകട്ടെ ഒഡോമോസിന്റെ രൂക്ഷഗന്ധവും....!"
ഒരു നിമിഷം.... സദസ്സ് നിശബ്ദമായി. എന്താണ് അദ്ദേഹം ഉദ്ദേശിച്ചത് എന്ന് പെട്ടെന്നാർക്കും മനസിലായില്ല. അത് മനസ്സിലായതും, പിന്നെ നീണ്ട കരഘോഷമായിരുന്നു.......
അവതാരക ഹാപ്പി ... ചാനൽ ഹാപ്പി.... !
കാണികൾ ഹാപ്പി ... പിന്നെ അദ്ദേഹവും ഹാപ്പി... !!
അപ്പോൾ പിന്നെ, നിങ്ങളോ ..... ???
*********
Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
Comments
Post a Comment