തിരഞ്ഞെടുപ്പ് ഫലം - 2019 : [താത്വികമല്ലാത്ത ചില നിഗമനങ്ങൾ/നിർദ്ദേശങ്ങൾ]
[ആദ്യമേ തന്നെ പറയട്ടെ. ഈ കുറിപ്പ്, തിരഞ്ഞെടുപ്പിൽ മത്സരിച്ച ഏതെങ്കിലും മുന്നണിയുടെ/പാർട്ടിയുടെ വിജയത്തെയോ പരാജയത്തെയോ കുറിച്ചുള്ള ഒരു രാഷ്ട്രീയ അവലോകനം അല്ല. അതൊക്കെ അതത് പാർട്ടികൾ/മുന്നണികൾ ചെയ്തോട്ടെ. അവരവരുടെ നിഗമനങ്ങളിൽ എത്തുകയും ചെയ്തോട്ടെ. ഈ കുറിപ്പ് ഇവിടുത്തെ പ്രധാന പാർട്ടികൾക്ക്/മുന്നണികൾക്ക് മുന്നിൽ വയ്ക്കുന്ന ചില നിർദ്ദേശങ്ങൾ മാത്രം. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലാത്ത, എന്നാൽ വ്യക്തമായ രാഷ്ട്രീയ കാഴ്ചപാടുകളുള്ള ഒരു സാധാരണ പൗരന്റെ ചില നിഗമനങ്ങളും കുറേ ആശങ്കകളും മാത്രം].
അങ്ങിനെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ, പൊതു തിരഞ്ഞെടുപ്പിന്റെ ആരവങ്ങൾ ഒഴിഞ്ഞു. വെല്ലുവിളികളും ആഘോഷങ്ങളും അടങ്ങി. ഈ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെയും ഭാരതത്തിലെയും പ്രമുഖ മുന്നണികൾക്കു മുന്പിൽ വയ്ക്കാനുള്ള, വളരെ കുറച്ചു കാര്യങ്ങൾ മാത്രമാണ് ഇവിടെ നമ്മൾ കുറിയ്ക്കുന്നത്.
ആദ്യം നമ്മുടെ കേരളമാകട്ടെ.
LDF നോട്:
1 . മുൻകാലങ്ങളിൽ ചെയ്യാറുള്ളതു പോലെ തിരഞ്ഞെടുപ്പ് തോൽവിയുടെ താത്വിക അവലോകനങ്ങൾ നടത്തി, ആർക്കും മനസിലാകാത്ത ചില പദപ്രയോഗങ്ങളിലൂടെ കുറെ ഒഴിവുകഴിവുകൾ നിരത്താതെ, യഥാർത്ഥ കാരണങ്ങൾ കണ്ടെത്തുക. ശേഷം അതിന്റെ പ്രതിവിധികളും. കാരണം ഇത് നിങ്ങളുടെ നിലനിൽപ്പിന്റെ തന്നെ പ്രശ്‌നമാകുന്നു.
2. ഇനിയെങ്കിലും നേതാക്കൾ ചില്ലുമേടയിൽ നിന്നും, പിന്നെ ചാനലുകളിൽ നിന്നും ഒക്കെ ഇറങ്ങി ജനങ്ങൾക്കിടയിലേയ്ക്ക് ചെല്ലുക. ഓർക്കണം ഒരു 50 വർഷങ്ങൾക്കപ്പുറം നേതാക്കൾ അണികൾക്കിടയിൽ ആയിരുന്നു, അന്ന് കമ്മ്യൂണിസ്റ് പാർട്ടികൾ വളർച്ചയുടെ പാതയിലും ആയിരുന്നു. ഇത് പ്രിന്റ് മീഡിയയുടെ കാലമല്ല, മറിച്ച് ദൃശ്യ മാധ്യമങ്ങളുടെയും, നവ മാധ്യമങ്ങളുടെയും പുതിയ കാലമാണ്. നേതാക്കൾ അവരോട് സംവദിയ്ക്കുമ്പോൾ, ധാർഷ്ട്യവും, അഹങ്കാരവും. തൻപ്രമാണിത്തവും സൂചിപ്പിയ്ക്കുന്ന ആ സ്ഥിരം ഭാവം അങ്ങു മാറ്റി വയ്ക്കുക. ഒരു കമ്മ്യൂണിസ്റ്റ് നേതാവ് ആ രീതിയിൽ മാത്രമേ മാധ്യമങ്ങളോടോ ജനങ്ങളോടോ ഇടപെടാൻ പാടുള്ളൂ എന്ന് കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രങ്ങളിൽ എവിടെയും പറഞ്ഞിട്ടുണ്ടാകും എന്ന് തോന്നുന്നില്ല.
3. മുന്നണിയ്ക്കോ പാർട്ടിയ്‌ക്കോ വേണ്ടി, മീഡിയകളിൽ പ്രതികരിയ്ക്കുവാൻ, ബുദ്ധിയും വിവേകവും ക്ഷമയും ഉള്ളവരെ മാത്രം നിയോഗിയ്ക്കുക. വായിൽ വരുന്നതെന്തും വിളിച്ചു പറയുന്ന, കാഴ്ചക്കാരനെ തന്റെ ശരീരഭാഷയാൽ വെറുപ്പിയ്ക്കുന്ന, നേതാക്കളെ പൂർണ്ണമായും ഒഴിവാക്കുക.
4. സാമൂഹിക നവോത്ഥാനം എന്നത്, ഒരു സുപ്രഭാതത്തിൽ ഏതെങ്കിലും ചില നേതാക്കൾക്ക് ഒരു വെളിപാട് പോലെ തോന്നീടേണ്ട ഒരു കാര്യമോ, ശേഷം ഏതെങ്കിലും ഒരു മതത്തിലെ ഒരു നൂറു സമുദായ സംഘടനകളെ വിളിച്ചു കൂട്ടി വെറുതെ അങ്ങു പ്രഖ്യാപിയ്ക്കേണ്ടത്ര നിസ്സാര കാര്യമോ അല്ല എന്ന് മനസിലാക്കുക. അത്, നിരന്തരമായ ചർച്ചകളിൽ കൂടിയും, അർത്ഥവത്തായ സംവാദങ്ങളിൽ കൂടിയും, മികച്ച പ്രഭാഷണപരമ്പരകളിൽ കൂടിയും, സമൂഹത്തിന്റെ താഴേക്കിടയിൽ നിന്നും തുടങ്ങേണ്ട ബോധവൽക്കരണ പരിപാടികളിൽ കൂടിയും ഒക്കെ, ആദ്യം ഈ സമൂഹത്തെ നന്നായി പരുവപ്പെടുത്തിയതിനു ശേഷം മാത്രം, വളരെ വളരെ ശ്രദ്ധയോടെ നടപ്പിലാക്കേണ്ട ഒന്നാണ് എന്ന് തിരിച്ചറിയുക.
5. ഒരു മുൻകാല രാഷ്ട്രീയ പാരമ്പര്യവും ഇല്ലാത്ത, ലക്ഷാധിപതികളെയും കോടീശ്വരന്മാരെയും, ആരോപണ വിധേയരെയും ഒക്കെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്ന പതിവ് മാറ്റുക. ഒപ്പം, സ്വന്തം അന്വേഷണ കമ്മീഷനുകൾ രൂപീകരിച്ച്, സ്ത്രീപീഡനം പോലുള്ള അത്യന്തം ഗൗരവമേറിയ ആരോപണങ്ങൾ അന്വേഷിച്ച്, സാധാരണ ജനങ്ങളെ പരിഹസിയ്ക്കുന്ന, നാലാംകിട നാടകങ്ങൾ ഒഴിവാക്കുക.
UDF നോട്:
1. ഇത്തവണ നിങ്ങളുടെ സ്ഥാനാർഥി നിർണ്ണയം താരതമ്യേന കുറ്റമറ്റതായിരുന്നു. നിഷ്പക്ഷരായ വോട്ടർമാർക്കു പോലും സ്വീകാര്യരായ സ്ഥാനാർത്ഥികൾ ആയിരുന്നു മിക്ക മണ്ഡലങ്ങളിലും. ഇതേ നയം തന്നെ വരും തിരഞ്ഞെടുപ്പുകളിലും ആവർത്തിയ്ക്കുക.
2. മുന്നണിയ്ക്കോ പാർട്ടിയ്‌ക്കോ വേണ്ടി മീഡിയകളിൽ പ്രതികരിയ്ക്കുവാൻ, ബുദ്ധിയും വിവേകവും ക്ഷമയും ഉള്ളവരെ മാത്രം നിയോഗിയ്ക്കുക. വായിൽ വരുന്നതെന്തും വിളിച്ചു പറയുന്ന നേതാക്കളെ പൂർണ്ണമായും ഒഴിവാക്കുക.
3. ഓർക്കുക എപ്പോഴും ഈ രീതിയിൽ, എതിർ മുന്നണിയ്ക്കെതിരെയുള്ള ഒരു തരംഗം പ്രതീക്ഷിക്കേണ്ടതില്ല. അതുകൊണ്ടു തന്നെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ ആകണം, തിരഞ്ഞെടുക്കപ്പെട്ട ഓരോ ജനപ്രതിനിധിയുടെയും ശ്രദ്ധയും, പ്രഥമ പരിഗണനയും.
4. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ വീണ്ടും പൊട്ടിമുളയ്ക്കുന്ന (പ്രത്യേകിച്ച് കോൺഗ്രസിൽ), തരംതാണ ഗ്രൂപ്പ്കളിയ്ക്കു ശാശ്വത പരിഹാരം കാണുക.
5. ഓർക്കുക, ഒരു ജനപ്രതിനിധി ആ മണ്ഡലത്തിലെ എല്ലാവരുടെയും ആണ്; എല്ലാവർക്കും വേണ്ടി നില കൊള്ളേണ്ടയാളും. അതുകൊണ്ടു തന്നെ എല്ലാ വിഭാഗം ജനങ്ങളേയും സമഭാവനയോടെ കണ്ട്, അവരുടെ പ്രശ്നങ്ങൾക്ക്, കഴിയുന്നത്ര ഭംഗിയായും വേഗത്തിലും പരിഹാരം കാണാൻ ശ്രമിയ്ക്കുക.
NDA യോട്:
1. കേരളത്തിൽ, കേവലം ഒരു നിയമസഭാ സീറ്റ് മാത്രമേ നിലവിൽ ഉള്ളൂ എങ്കിലും, ഗ്രൂപ്പ് കളിയിൽ മറ്റാരേക്കാളും ഒട്ടും പുറകിലല്ല, ഇവിടെ മുന്നണിയിലെ പ്രമുഖ പാർട്ടിയായായ ബിജെപി. അടിയന്തിരമായി അത് അവസാനിപ്പിയ്ക്കുക.
2. ഓരോ തിരഞ്ഞെടുപ്പിലും വോട്ടുവിഹിതം കൂടുന്നു എന്നത് ശരിയാണെങ്കിൽ തന്നെയും, ഇനിയും NDA യ്ക്ക് കേരളജനതയുടെ ഇടയിൽ വ്യക്തമായ സ്ഥാനം ഉറപ്പിയ്ക്കാനായിട്ടില്ല. അതിനു കഴിയണമെങ്കിൽ, മാധ്യമങ്ങൾ വഴിയുള്ള പ്രചാരണങ്ങൾ മാത്രം മതിയാകില്ല. മറിച്ച്, ജനങ്ങളുടെ ഇടയിൽ ഇറങ്ങി ചെല്ലണം, അവരുടെ ജീവിത പ്രശ്‍നങ്ങൾ മനസിലാക്കി, അവരിൽ ഒരാളായി മാറി, പ്രവർത്തിയ്ക്കണം. അത്തരം ദീർഘകാല പദ്ധതികൾ ആവിഷ്കരിയ്ക്കുക, ശേഷം അവയൊക്കെ കൃത്യമായി നടപ്പിലാകുന്നുണ്ട് എന്നും ഉറപ്പു വരുത്തുക.
3. അവസാന നിമിഷ സ്ഥാനാർത്ഥി പ്രഖ്യാപനവും സസ്പെൻസും ഒക്കെ ഒഴിവാക്കി, ഓരോ മണ്ഡലത്തിലെയും സ്ഥാനാർത്ഥികളെ കുറഞ്ഞത് ഒരു വർഷം മുൻപെങ്കിലും തീരുമാനിയ്ക്കുക. ആ ഒരു വർഷക്കാലം മുഴുവൻ ആ സ്ഥാനാർത്ഥികൾ സ്വന്തം മണ്ഡലത്തിൽ പ്രവർത്തിയ്ക്കണം.
4. പൊതുസമൂഹത്തിൽ സ്വീകാര്യരായ വ്യക്തികളെ (ലക്ഷാധിപതികളെ അല്ല) മുന്നണിയുടെ സ്വതന്ത്ര സ്ഥാനാർത്ഥികൾ ആക്കുന്നതു പരിഗണിയ്ക്കുക. രാഷ്ട്രീയപാർട്ടി എന്നുള്ള നിലയിൽ പ്രസക്തി ഉള്ളവർ തന്നെ ആണോ ഇപ്പോഴുള്ള ചില ഘടകകക്ഷികൾ എന്ന് പരിശോധിയ്ക്കുക. അല്ലാത്തവരെ ഒഴിവാക്കുക.
5. പ്രവർത്തനമികവിന്റെ മാത്രം അടിസ്ഥാനത്തിൽ സംസ്ഥാന, ജില്ലാ, കീഴ്‌ഘടക ഭാരവാഹികളെ തിരഞ്ഞെടുക്കുക. അവർക്കു മേൽ വ്യക്തമായ പ്രവർത്തന വിലയിരുത്തലുകൾ നടപ്പിലാക്കുക. മികവില്ലാത്തവരെ ഉടനടി മാറ്റുക.
*******
ഇനി ദേശീയ തലത്തിലേയ്ക്ക്:
കോൺഗ്രസ്സ്:
1. സംഘടനാ സംവിധാനം അപ്പാടെ ഉടച്ചു വാർക്കുക. പ്രവർത്തന മികവിന് മാത്രം പ്രാധാന്യം നൽകുക.
2. അന്ധമായ മോദി വിരോധം ഉപേക്ഷിയ്ക്കുക വ്യക്തിപരമായി ശ്രീ മോദിയെ ആക്രമിയ്ക്കുന്നതു നിർത്തുക. (കാരണം അത് നിങ്ങൾക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്). പകരം, NDA സർക്കാരിന്റെ തെറ്റായ നയങ്ങളെ/പദ്ധതികളെ തുറന്നെതിർക്കുക. ഒപ്പം, അതിനു പകരമുള്ള ബദൽ നിർദ്ദേശങ്ങൾ കൂടി ജനങ്ങളുടെ മുൻപിൽ വയ്ക്കുക. [നിങ്ങൾ ഉയർത്തിയ "ചൗക്കിദാർ ചോർ ഹേ" എന്ന വ്യക്തി അധിഷ്ഠിത മുദ്രാവാക്യം/ആക്ഷേപം, ശ്രീ മോദിയ്ക്കു നൽകിയ മൈലേജ് എത്ര എന്ന് ഓർക്കുക].
3. കാലാകാലങ്ങളായി ഒന്നും ചെയ്യാതെ, സംഘടനയിലും, വിവിധ അധികാര സ്ഥാനങ്ങളിലും കടിച്ചു തൂങ്ങുന്ന ആളുകളെ മാറ്റി പകരം ഊർജസ്വലരായ പുതിയ ആളുകളെ കൊണ്ടുവരിക. വളരെ സീനിയർ നേതാക്കൾക്ക് പാർലമെന്ററി സ്ഥാനങ്ങൾക്കു പകരം, പാർട്ടി ഉപദേശക സ്ഥാനങ്ങൾ നൽകുക.
4. സംസ്ഥാന തലങ്ങളിലും ദേശീയ തലത്തിലും, പാർട്ടിയുടെ ഏറ്റവും വലിയ തലവേദന ആയ ഗ്രൂപ്പ്കളി പൂർണമായും നിർത്തുക. തയ്യാറാകാത്ത നേതാക്കളെ അവർ എത്ര ഉന്നതരായാലും പുറത്താക്കുക. തന്മൂലമുണ്ടായേക്കാവുന്ന താൽക്കാലിക നഷ്ടങ്ങൾ അവഗണിയ്ക്കുക.
5. വരുന്ന അഞ്ചോ അതിലധികമോ വർഷങ്ങളിലേക്കുള്ള, ദീർഘകാല പ്രവർത്തന പരിപാടികൾ തീരുമാനിച്ച്, അവയൊക്കെ കൃത്യമായി നടപ്പിലാകുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക.
ബിജെപി:
1. സമാനതകളില്ലാത്ത വിജയത്തിൽ മതി മറക്കാതിരിയ്ക്കുക.
2. ദേശീയ തലത്തിൽ ഭാരത ജനതയെ ഒന്നായി കണ്ട്, ജാതി-മത-ഭാഷാ വേർതിരിവുകളില്ലാതെ, പുരോഗമനാത്മകമായ പദ്ധതികൾ ആവിഷ്കരിയ്ക്കുകയും, അവ നടപ്പിലാക്കുകയും ചെയ്യുക. ആവശ്യമായ എല്ലാ വകുപ്പുകളിലും, പദ്ധതികളിലും, അവയുടെ നടത്തിപ്പിലും, കൃത്യമായ മോണിട്ടറിങ് സംവിധാനങ്ങൾ ഉണ്ട് എന്ന് ഉറപ്പു വരുത്തുക.
3. സാമ്പത്തിക നിയന്ത്രങ്ങളോ, കടുത്ത നടപടികളോ ആവശ്യമായി വരുന്നു എങ്കിൽ അതിന്റെ കാരണം ജനത്തെ മുൻകൂട്ടി തന്നെ ബോധ്യപ്പെടുത്തുക.
4.കൂടെയുള്ള നേതാക്കളുടെ "അതിവർഗീയ" പ്രതികരണങ്ങൾ പൂർണമായും ഒഴിവാക്കുക. അഥവാ ഉണ്ടാവുകയാണെങ്കിൽ മാതൃകാപരമായ നടപടി ഉടൻ സ്വീകരിയ്ക്കുക.
5. മതന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കുകയും, ന്യൂനപക്ഷ-ഭൂരിപക്ഷ വ്യത്യാസമേതുമില്ലാതെയാണ് ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നത് എന്ന് ഉറപ്പു വരുത്തുകയും ചെയ്യൂക.
6. ജനതയുടെ വിശ്വാസം കാത്തുസൂക്ഷിയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ, ഇപ്പോൾ കിട്ടിയ വിജയത്തിന്റെ പതിന്മടങ്ങു വലിയ തോൽവിയിലേക്കാകും അത് നയിയ്ക്കുക എന്ന് എപ്പോഴും ഓർക്കുക.
കമ്മ്യൂണിസ്റ്റ് പാർട്ടികൾ:
1. രാജ്യത്തു തങ്ങളുടെ വളർച്ച ഏതാണ്ട് നിലച്ചു എന്നും ഓരോ തിരഞ്ഞെടുപ്പിലും, തങ്ങൾ കൂടുതൽ കൂടുതൽ ദുർബലരാവുകയും ചെയ്യുകയാണ് എന്ന് തിരിച്ചറിയുകയും, ഒപ്പം അതു തുറന്നു സമ്മതിക്കാൻ തയ്യാറാവുകയും ചെയ്യുക.
2. അന്ധമായ "ചൈന പ്രേമം" മേലിൽ ഒരു ഗുണവും തങ്ങൾക്കു ചെയ്യില്ല എന്നോർക്കുക. ഇപ്പോൾ തുടരുന്ന "ചൈനീസ് കമ്മ്യൂണിസം" എന്ന ആശയം തന്നെ ഉടച്ചു വാർക്കുകയും, പകരം "ഇന്ത്യൻ കമ്മ്യൂണിസം" എന്ന പുതിയ രീതി/നയം ആവിഷ്‌കരിച്ചു നടപ്പിലാക്കുകയും ചെയ്യുക, അതും എത്രയും വേഗം. ആ പുതിയ രീതി/ആശയം, എല്ലാ തരത്തിലും ഇന്ത്യൻ സാഹചര്യങ്ങൾക്ക് യോജിച്ചതും, ജനതയുമായി നേരിട്ട് സംവദിയ്ക്കുന്നതും ആയിരിയ്ക്കണം. ഈ ആശയ രൂപീകരണത്തിന് വേണ്ട ബുദ്ധിജീവികൾ ഇപ്പോളും പാർട്ടിയിൽ അവശേഷിയ്ക്കുന്നുണ്ട്.
3. താൽക്കാലിക പാർലമെന്ററി ലാഭങ്ങൾക്കു വേണ്ടിയുള്ള പ്രാദേശിക നീക്കുപോക്കുകളും, അടവ് നയങ്ങളും, കെട്ടിയിറക്ക് സ്ഥാനാർഥികളും, മുന്നണിക്ക് ദീർഘകാലാടിസ്ഥാനത്തിൽ അതീവ ദോഷകരമാണ് എന്ന് മനസിലാക്കുക.
4. നേതാക്കളുടെ പ്രവർത്തന രീതിയിൽ സമൂലമായ മാറ്റം വരുത്തുക. അവരുടെ നോക്കും വാക്കും പ്രവർത്തിയും, വിനയം നിറഞ്ഞതാണ് എന്ന് ഉറപ്പു വരുത്തുക. അവർ പ്രവർത്തിയ്ക്കുന്നതും, സംസാരിയ്ക്കുന്നതും ചാനലുകളിലും പാർട്ടി സമ്മേളനങ്ങളിലും മാത്രമല്ല, അതിനേക്കാൾ കൂടുതൽ ജനമധ്യത്തിൽ ആണ് എന്ന് ഉറപ്പു വരുത്തുക.
5. അതി-തീവ്ര കേഡർ രീതിയിൽ ഉള്ള കമ്മ്യൂണിസം ഇന്നത്തെ അവസ്ഥയിൽ ഇനി പ്രായോഗികമല്ല എന്ന് തിരിച്ചറിയുക. പകരം വേണ്ടത് "ജനക്ഷേമ കമ്മ്യൂണിസം" ആണ് എന്ന തിരിച്ചറിവുണ്ടാവുക.
എല്ലാ രാഷ്ട്രീയ പാർട്ടികളോടും:
1. ദയവായി സ്ഥാനാർത്ഥി നിർണയത്തിൽ ഇപ്പോൾ തുടരുന്ന മത-ജാതി- സമുദായ പരിഗണനകൾ ഒഴിവാക്കുക. കഴിവിന്റെയും പ്രവർത്തന മികവിന്റെയും മാത്രം അടിസ്ഥാനത്തിൽ നിങ്ങൾ സ്ഥാനാർത്ഥികളെ തീരുമാനിയ്ക്കുക.
2. ഓരോ തിരഞ്ഞെടുപ്പിനും, കുറഞ്ഞത് ഒരു വർഷം മുൻപേയെങ്കിലും ഓരോ മണ്ഡലത്തിലെയും സ്ഥാനാർഥികളെ തീരുമാനിയ്ക്കുക. എന്നിട്ട് അവരെ അതത് മണ്ഡലങ്ങളിൽ പ്രവർത്തിയ്ക്കാൻ വിടുക. ജനങ്ങൾ അവരെ അടുത്തറിയട്ടെ. മികവും കുറവും അറിയട്ടെ. അവർ മുന്നോട്ടു വയ്ക്കുന്ന പദ്ധതികൾ അറിയട്ടെ, വിശകലനം ചെയ്യട്ടെ. അങ്ങിനെ അവർ കൂടുതൽ മികവുള്ള സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കട്ടെ.
3. പാർട്ടികളുടെ പേരിൽ സൈബറിടങ്ങളിൽ (സൈബറിടങ്ങളിൽ മാത്രമല്ല നേരിട്ടുള്ളതും) നടക്കുന്ന, സഭ്യതയ്ക്കു നിരക്കാത്ത ആക്ഷേപങ്ങളും, വ്യക്തിഹത്യകളും പൂർണമായും ഒഴിവാക്കുക. സൈബറിടത്തിൽ ഇത് നിയന്ത്രിയ്ക്കുക എന്നത് പ്രായോഗികമല്ല എന്നതുകൊണ്ട് തന്നെ, ഒരോ പാർട്ടികളും അവരുടെ അംഗീകൃത സൈബർ പോരാളികളെ തുറന്നു പ്രഖ്യാപിയ്ക്കുകയും, അത് അതതു പാർട്ടി വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുക.
4. സജീവ രാഷ്ട്രീയത്തിൽ ഇല്ല എങ്കിൽ പോലും, ഇവിടുത്തെ രാഷ്ട്രീയത്തെയും, രാഷ്ട്രീയ പാർട്ടികളെയും, അവയുടെ നേതാക്കളെയും, സാകൂതം നിരീക്ഷിയ്ക്കുന്ന, വളരെ വലിയൊരു വിഭാഗം ജനങ്ങൾ ഇവിടെ ഉണ്ട്. അവർ നിങ്ങളുടെ ഓരോ ചെയ്തികളും /വാക്കുകളും കാണുകയും/കേൾക്കുകയും, സ്വയം വിശകലനം ചെയ്യുകയും, പിന്നെ സ്വന്തം മനസ്സിൽ സൂക്ഷിയ്ക്കുകയും ചെയ്യുന്നുണ്ട്. തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിയ്ക്കാൻ കിട്ടുന്ന തൊട്ടടുത്ത അവരസരത്തിൽ തന്നെ അവർ അത് വേണ്ടവിധം പ്രയോഗിയ്ക്കുകയും ചെയ്യും. ഓർമ്മകൾ ഉണ്ടായിരിക്കണം, ഏവർക്കും......
എല്ലാ മീഡിയകളോടും:
1. ദയവായി ഓരോ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചും നിങ്ങൾ നടത്തുന്ന ചർച്ചകളിലും വിശകലനങ്ങളിലും, ഒരോ മണ്ഡലത്തിലെയും സ്ഥാനാർത്ഥികളുടെയും, അവിടുത്തെ വോട്ടർമാരുടെയും മത-ജാതി-സമുദായ അടിസ്ഥാനത്തിലുള്ള വിശകലനങ്ങൾ ഒഴിവാക്കുക. പകരം ഓരോ സ്ഥാനാർത്ഥിയും മുൻപ് ചെയ്തിട്ടുള്ള കാര്യങ്ങളോ, അവരുടെ രാഷ്ട്രീയ പാരമ്പര്യമോ, നേട്ടങ്ങളോ ഒക്കെ ചർച്ച ചെയ്‌യുക.
[ഇത്തവണ വോട്ടെണ്ണലിന്റെ തലേന്ന് മലയാളത്തിലെ ഒരു പ്രമുഖ ചാനലിൽ വന്ന ചർച്ച കാണുവാനിടയായി. കേരളത്തിലെ വളരെ മുതിർന്ന ഒരു മാധ്യമ പ്രവർത്തകൻ (പേര് പറയുന്നില്ല) വളരെ കൂളായി പറയുകയാണ് .." മോഡി അധികാരത്തിൽ വരും എന്നുള്ള ശക്തമായ ഭയം ഇവിടുത്തെ മത ന്യൂനപക്ഷങ്ങൾക്കുണ്ട് .. പ്രത്യേകിച്ച് ക്രിസ്ത്യാനികൾക്കും മുസ്ലിംകൾക്കും ..." എന്ന്. ഞാൻ ഒന്നു ചോദിയ്ക്കട്ടെ അതുവരെ അങ്ങിനെ ഒരു കാര്യത്തെ കുറിച്ച് കാര്യമായി ചിന്തിക്കാത്ത ഒരു മതന്യൂനപക്ഷക്കാരൻ ഇതു കേൾ ക്കുമ്പോൾ എന്താകും കരുതുക? "ശരിയാണല്ലോ... അയാൾ വന്നാൽ ആകെ പ്രശ്നമാണല്ലോ" എന്ന്. ഇനി ഇത് കേൾക്കുന്ന ഒരു മതഭൂരിപക്ഷക്കാരനോ? അയാൾ വിചാരിയ്ക്കും "ഓഹ് ... അപ്പോൾ ഇനി ഞങ്ങൾക്കു രക്ഷ ഇനി അദ്ദേഹം വരുന്നത് തന്നെയാണ്"? ശരിയല്ലേ?
[ഈ രണ്ടു ചിന്തകളും ഒരുപോലെ ദോഷകരമല്ലേ ?]
ഇത് മീഡിയയുടെ മാത്രമല്ല, നമ്മൾ മലയാളികൾക്ക് മൊത്തത്തിൽ ഉള്ള ഒരു കുഴപ്പമാണ്. എല്ലാ കാര്യത്തിലും ജാതിയും മതവും സമുദായവും ഒക്കെ ഇഴകീറി പരിശോധിച്ചിട്ട്, എല്ലാം കഴിഞ്ഞ് വലിയ വായിൽ ആദർശം പറയും "ജാതി-മത-ചിന്തകൾ പറ്റില്ല, വർഗീയത പാടില്ല " എന്നൊക്കെ.
അവസാനമായി, എല്ലാ സ്ഥാനാർത്ഥികളോടും:
1. ഓരോ തിരഞ്ഞെടുപ്പിനും, കുറഞ്ഞത് ഒരു വർഷം മുൻപേയെങ്കിലും ഓരോ മണ്ഡലത്തിലെയും സ്ഥാനാർഥികളെ തീരുമാനിയ്ക്കുവാൻ നിങ്ങളുടെ പാർട്ടികളോട് ആവശ്യപ്പെടുക.
2. നിങ്ങൾക്കു തരുന്ന മണ്ഡലങ്ങളിൽ അവിശ്രമം പ്രവർത്തിയ്ക്കുക. അവിടുത്തെ ജനങ്ങളെ അടുത്തറിയുക. അവർ നിങ്ങളെയും അറിയട്ടെ.
[ഇക്കാര്യത്തിൽ, ഓരോ സ്ഥാനാർഥിക്കും മാതൃകയാക്കാൻ പറ്റുന്നതാണ് ഇത്തവണ അമേഠി മണ്ഡലത്തിൽ ജയിച്ച ശ്രീമതി സ്‌മൃതി ഇറാനിയുടെ രീതി. കഴിഞ്ഞ തവണ അവിടെ തോറ്റു എങ്കിൽ പോലും, ശേഷമുള്ള അഞ്ചു വർഷവും അവർ അവിടുത്തെ ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. അവർക്കു വേണ്ടി കുടിവെള്ള, ജലസേചന, കാർഷിക, ശൗചാലയ പദ്ധതികൾ നടപ്പിലാക്കി, അനേകം വീടുകൾ നിർമിച്ചു നൽകി. ഫലമോ, ജനങ്ങൾ അടുത്ത തിരഞ്ഞെടുപ്പിൽ രാജ്യം കണ്ട വലിയ അട്ടിമറി/അവിശ്വനീയ വിജയം അവർക്കു നൽകി.]
ഓർക്കുക...... സർക്കാർ, അത് എല്ലാവരുടെതും ആണ് ......എല്ലാവർക്കും വേണ്ടിയുള്ളതും. അതുകൊണ്ടുതന്നെ എല്ലാ വിഭാഗം ജനങ്ങളെയും, സമഭാവനയോടെ കണ്ട്, അവരുടെ പ്രശ്നങ്ങൾക്ക് അതിവേഗം പരിഹാരം കാണാൻ ശ്രമിയ്ക്കുന്ന, കഴിയുന്ന സർക്കാരുകൾക്കേ ഇനി നിലനിൽപ്പുണ്ടാകൂ.
അതുപോലെ, ഗിമ്മിക്കുകളിലൂടെയോ, കേൾക്കുന്നവന്റെ ദഹനപ്രക്രിയയെ തന്നെ ബാധിയ്ക്കുന്ന ചില പദ/വാക്യ പ്രയോഗങ്ങളിലൂടെയോ ഒന്നും ഇനി ഇവിടെ ഒരു പാർട്ടിയ്ക്കും, പ്രസ്ഥാനത്തിനും, നേതാവിനും ഒന്നും വളരാനാവില്ല. അതു തിരിച്ചറിഞ്ഞാൽ, അതിനനുസരിച്ചു മാറിയാൽ നിങ്ങൾക്ക് നിലനിൽപ്പുണ്ടാകും, നിങ്ങളുടെ പ്രസ്ഥാനങ്ങൾക്കും. അല്ലെങ്കിൽ, ഇനിയൊരു തലമുറയ്ക്ക് ചരിത്രത്തിൽ വായിച്ചറിയാൻ പോലും നിങ്ങളുടെ പ്രസ്ഥാനങ്ങളും നിങ്ങളും ഒന്നും ഇവിടെ അവശേഷിയ്ക്കാൻ സാധ്യതയില്ല.
എല്ലാവരും മാറട്ടെ ... നിലപാടുകൾ പുനഃപരിശോധിയ്ക്കപ്പെടട്ടെ....
ജനതയാണ് വലിയവർ എന്നത് മറക്കാതിരിയ്ക്കട്ടെ ...!! അവരാണ് വിധികർത്താക്കൾ എന്നതും ...!!
ജനാധിപത്യം വിജയിക്കട്ടെ.....!!
പുതിയ സർക്കാരിന് എല്ലാ ഭാവുകങ്ങളും നേരുന്നു ....!!
ജയ് ഹിന്ദ് ..!!
സ്നേഹത്തോടെ ...ബിനു മോനിപ്പള്ളി
*************
Blog: https://binumonippally.blogspot.com
ചിത്രത്തിന് കടപ്പാട് : ഗൂഗിൾ ഇമേജസ്
Comments
Post a Comment