കുങ്കുമ ചേലാർന്ന കുമരകം; അവിടെ തുള്ളിത്തുളുമ്പിയൊരു യാത്ര [യാത്രാ വിവരണം]

കുങ്കുമ ചേലാർന്ന കുമരകം; അവിടെ തുള്ളിത്തുളുമ്പിയൊരു യാത്ര [യാത്രാ വിവരണം] സംഘാടകരെ പോലും ഞെട്ടിച്ചതായിരുന്നു ഇത്തവണത്തെ ഞങ്ങളുടെ വിനോദയാത്രയിലെ അംഗബലം. സാധാരണ, ഏറ്റവും കൂടിയാൽ ഒരു ഇരുപത്തഞ്ചുപേർ വരെ മാത്രമേ ഉണ്ടാകാറുള്ളു. പക്ഷേ, ഇത്തവണ അത് അറുപത്തിയഞ്ചും കവിഞ്ഞു! ജൂൺ-22-2019 - [ശനി]: പ്രഭാത ഭക്ഷണത്തിനു ശേഷം, ഏതാണ്ട് ഏഴരയോടെ ഞങ്ങളുടെ സംഘം അനന്തപുരിയിലെ ടെക്നോപാർക്കിൽ നിന്നും യാത്ര ആരംഭിച്ചു. എണ്ണം കൂടിയതിനാൽ രണ്ടു വാഹനങ്ങളിൽ ആയിട്ടാണ് ഇത്തവണ യാത്ര. മുന്നിലെ വാഹനത്തിൽ ആയിരുന്നു ഞാനും സംഘവും. നഗര ജീവിതത്തിന്റെ വിരസതയും, പിന്നെ ടെക്കി ജീവിതത്തിന്റെ ടെൻഷനുകളുമൊക്കെ മറക്കാൻ കിട്ടിയ അവസരം, എല്ലാവരും നന്നായി ആഘോഷിച്ചു തുടങ്ങി. പാട്ടും ഡാൻസും ഒക്കെ ആയി എംസി റോഡുവഴി ഞങ്ങൾ യാത്ര തുടർന്നു. ഇത്തവണ കുമരകത്തേയ്ക്കാണ്; ഒരു രാത്രിയും രണ്ടു പകലുകളും നീളുന്ന യാത്ര. ഒരു കടുത്ത ഇടതുപക്ഷക്കാരൻ ആയതു കൊണ്ടാകാം, പുറകിലെ വാഹനത്തിന്റെ സാരഥി കുറെയേറെ തവണ ഇടതു വശത്തു കൂടി ഞങ്ങളെ മറികടക്കാൻ ശ്രമിച്ചു. പക്ഷെ പാവം, അഞ്ചിൽ നാലു തവണയും (ഇരുപതിൽ...