നടരാജ വന്ദനം [നൃത്തശില്പ/ഭക്തി ഗാനം]
നടരാജ വന്ദനം [നൃത്തശില്പ/ഭക്തി ഗാനം]
ഓം ...... ഓം ... ഓം .......
ശിവപദം തവ തിരുപദം
മമ മനസ്സിൽ വന്നു വിളങ്ങണം
രാജ, നിന്നുടെ നടന കലയെൻ
തനുവിൽ വന്നങ്ങുണരണം
രാഗ-ലയ-ഭര ഭാവവും അതിൽ
ലാസ്യവും ചേർന്നുണരണം
രൗദ്രമെന്നതു വേണ്ടുവോളം
രുദ്ര, നീയങ്ങേകണം
ഹൈമപുത്രിയ്കന്നുതോന്നിയ
പ്രണയപരവശ ഭാവവും,
ദേവിയായ് നീ ചേർത്തു നിർത്തിയ
പാതിമെയ്യാം രൂപവും
ഒത്തുചേർന്നു വിളങ്ങണേയെൻ
നടനവേദിയിൽ എന്നുമേ
നീലകണ്‌ഠസ്വാമി നീ നിൻ
കരുതലെന്നും നൽകണേ ....
നീലകണ്‌ഠസ്വാമി നീ നിൻ
കരുതലെന്നും നൽകണേ .....
*****************************
[തകിട തകധിമി ..... തകിട തകധിമി ....]
വലം കൈയിൽ ഡമരുവും
ഇടം കൈയിൽ അഗ്നിയും
അഭയമുദ്ര വലത്തു ചേർത്തും
ഗജ ഹസ്തമുദ്ര ഇടത്തുമായ്
താണ്ഡവം ശിവ താണ്ഡവം
താണ്ഡവം ഹര താണ്ഡവം
മുയലഗൻ മേൽ താണ്ഡവം
ഹര താണ്ഡവം ശിവ താണ്ഡവം
ഇരുൾ നിറഞ്ഞൊരു വേളയിൽ
നടരാജ നാട്യ വിമർദ്ദനം
താണ്ഡവം ശിവ താണ്ഡവം
താണ്ഡവം ഹര താണ്ഡവം
[തകിട തകധിമി ..... തകിട തകധിമി ....]
*****************************
ഓം ...... ഓം ... ഓം .......
ആദി മന്ത്ര ധ്വനിയുണർത്തും
ഡമരു കയ്യിലതേന്തിയോൻ
അന്ധകാരമകറ്റിടുന്നോ-
രഗ്നി കയ്യിലതേന്തിയോൻ
അകം നല്ലോരവർക്കെല്ലാം
അഭയമുദ്രയതേകുവോൻ
അഹിതമായൊരു ബന്ധനം
ഗജ ഹസ്തമുദ്രയിൽ നീക്കുവോൻ
അവനി തന്നിൽ അജ്ഞതയ്ക്ക-
ന്നറുതിയേകാൻ ആടിയോൻ
മുയലഗൻ മേൽ പദമതൂന്നി
രൗദ്രനായ് അന്നാടിയോൻ
ശംഭുവേ......
ശംഭുവേ...... നീ ശങ്കയില്ലാ-
തെന്നുമേ തുണയേകണേ
അന്ധകാന്തക, ജലന്ധരാന്തക
ത്രിശൂലപാണി മഹേശ്വര .....
നമഃശിവായ..... നമഃശിവായ
നമഃശിവായ..... ത്രിലോചനാ
നമഃശിവായ..... നമഃശിവായ
നമഃശിവായ..... മഹേശ്വരാ ......
ഓം ...... ഓം ... ഓം .......
--ബിനു മോനിപ്പള്ളി
പിൻകുറിപ്പ്: ഒരു ചെറിയ നൃത്തശില്പത്തിന് പറ്റുന്ന രൂപത്തിൽ ആണ് ഈ പാട്ടിന്റെ രചന - മൂന്നു ഭാഗങ്ങളായി. ആദ്യം പ്രാർത്ഥന. രണ്ടാമത് (ചടുല താളത്തിൽ) നടരാജ സങ്കല്പം. അവസാനമായി ആ നടരാജസങ്കല്പത്തിന്റെ ലളിതമായ ആഖ്യാനം (വളരെ അയഞ്ഞ താളത്തിൽ).
*************
Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
Comments
Post a Comment