കുങ്കുമ ചേലാർന്ന കുമരകം; അവിടെ തുള്ളിത്തുളുമ്പിയൊരു യാത്ര [യാത്രാ വിവരണം]
[യാത്രാ വിവരണം]
സംഘാടകരെ പോലും ഞെട്ടിച്ചതായിരുന്നു ഇത്തവണത്തെ ഞങ്ങളുടെ വിനോദയാത്രയിലെ അംഗബലം. സാധാരണ, ഏറ്റവും കൂടിയാൽ ഒരു ഇരുപത്തഞ്ചുപേർ വരെ മാത്രമേ ഉണ്ടാകാറുള്ളു. പക്ഷേ, ഇത്തവണ അത് അറുപത്തിയഞ്ചും കവിഞ്ഞു!
ജൂൺ-22-2019 - [ശനി]:
പ്രഭാത ഭക്ഷണത്തിനു ശേഷം, ഏതാണ്ട് ഏഴരയോടെ ഞങ്ങളുടെ സംഘം അനന്തപുരിയിലെ ടെക്നോപാർക്കിൽ നിന്നും യാത്ര ആരംഭിച്ചു. എണ്ണം കൂടിയതിനാൽ രണ്ടു വാഹനങ്ങളിൽ ആയിട്ടാണ് ഇത്തവണ യാത്ര. മുന്നിലെ വാഹനത്തിൽ ആയിരുന്നു ഞാനും സംഘവും.
നഗര ജീവിതത്തിന്റെ വിരസതയും, പിന്നെ ടെക്കി ജീവിതത്തിന്റെ ടെൻഷനുകളുമൊക്കെ മറക്കാൻ കിട്ടിയ അവസരം, എല്ലാവരും നന്നായി ആഘോഷിച്ചു തുടങ്ങി. പാട്ടും ഡാൻസും ഒക്കെ ആയി എംസി റോഡുവഴി ഞങ്ങൾ യാത്ര തുടർന്നു. ഇത്തവണ കുമരകത്തേയ്ക്കാണ്; ഒരു രാത്രിയും രണ്ടു പകലുകളും നീളുന്ന യാത്ര.
ഒരു കടുത്ത ഇടതുപക്ഷക്കാരൻ ആയതു കൊണ്ടാകാം, പുറകിലെ വാഹനത്തിന്റെ സാരഥി കുറെയേറെ തവണ ഇടതു വശത്തു കൂടി ഞങ്ങളെ മറികടക്കാൻ ശ്രമിച്ചു. പക്ഷെ പാവം, അഞ്ചിൽ നാലു തവണയും (ഇരുപതിൽ പത്തൊൻപതു തവണ അല്ല കേട്ടോ. തെറ്റിദ്ധരിയ്ക്കല്ലേ) ദയനീയമായി പരാജയപ്പെട്ടു.
[പിന്നീട് ചോദിച്ചപ്പോൾ ആ പഹയൻ പറയുകയാന്നെ "...താത്വികമായി നോക്കിയാൽ ഈ ഇടതും വലതുമൊക്കെ തികച്ചും ആപേക്ഷികമാണ് .... ഇടതു നിന്ന് വലത്തേയ്ക്കും പിന്നെ തിരിച്ചും ഒക്കെയുള്ള ഇത്തരം ചില മറികടക്കലുകളിൽ കൂടി മുൻപും എന്റെ വാഹനം കടന്നു പോയിട്ടുണ്ട്.... താൽക്കാലികമായ ചില ട്രാഫിക് സിഗ്നലുകൾ കൊണ്ടൊന്നും അതിനെ തടയാൻ ആവില്ല എന്ന് ...". പിന്നെ, അടിച്ചു വന്നേക്കാവുന്ന പെറ്റി തുകയെ പറ്റി സൂചിപ്പിച്ചപ്പോൾ ആണ് പുള്ളിക്കാരൻ കുറച്ചൊന്ന് അടങ്ങിയത്].
അങ്ങിനെ പാട്ടും കളിയും ചിരിയുമായി, വലിയ ഗതാഗത കുരുക്കുകളിൽ ഒന്നും പെടാതെ ഞങ്ങളുടെ ശകടം മുന്നോട്ടു പൊയ്ക്കൊണ്ടേയിരുന്നു. ചങ്ങനാശ്ശേരി എത്തിയപ്പോൾ ആശാന് ചെറിയൊരു അസ്കിത. ഡീസൽ പൈപ്പിനൊരു ചോർച്ച. അടുത്തു കണ്ട വർക്‌ഷോപ്പിൽ കയറ്റി. എളുപ്പത്തിൽ തീരും എന്നു കരുതിയ പണി നീണ്ടുനീണ്ടു പോകുന്നു.
അടുത്തുള്ള ബേക്കറിയിൽ കയറി ചായയും ജ്യൂസുമൊക്കെ അകത്താക്കി ചിലർ. നല്ല നീലം മാമ്പഴം കണ്ട മറ്റു ചിലർ അത് രണ്ടു കിലോ വാങ്ങി, പിന്നെ അവിടെ നിന്ന് തന്നെ ഒരു കത്തിയും വാങ്ങി മാമ്പഴം ചെത്തി അകത്താക്കി. മറ്റു ചിലർ വണ്ടിയ്ക്കുള്ളിൽ ചീട്ടുകളി ആരംഭിച്ചു.
ആ വർക്‌ഷോപ്പിൽ തന്നെ ഒരു പോലീസ് ജീപ്പും പണിയുന്നുണ്ടായിരുന്നു. പെട്ടെന്ന് ഒരു വാഹനത്തിന്റെ ഹോൺ അത്യുച്ചത്തിൽ നിർത്താതെ മുഴങ്ങി. എവിടെ നിന്നോ ഒരു പോലീസുകാരൻ ഓടിയെത്തി, വേഗം ജീപ്പിന്റെ ബോണറ്റ് തുറന്നു. വർക്ഷോപ്പിലെ ജീവനക്കാരും ഓടിയെത്തി. പക്ഷെ ഹോൺ നിർത്താനുള്ള ശ്രമം വിഫലമായി. കൂടുതൽ പണിക്കാർ എത്തി, പക്ഷേ ഫലം തഥൈവ. അവസാനം ആശാൻ എത്തി. എന്നിട്ടും ഹോൺ മുഴങ്ങിക്കൊണ്ടേയിരുന്നു. പെട്ടെന്ന് ആശാന് ഒരു സംശയം പോലീസ് ജീപ്പിൽ നിന്ന് തന്നെയാണോ ഇത് ? സംശയത്തോടെ തൊട്ടടുത്തു കിടന്ന ഒരു ടാറ്റ 407 ൽ ഒന്ന് തട്ടി നോക്കി. അതാ ഹോൺ നിന്നു. പോലീസ് ഡ്രൈവറുടെ മുഖത്ത് വല്ലാത്ത ജാള്യത. അത് പിന്നെ വർക്ഷോപ്പിലെ ബാക്കി പണിക്കാരുടെ മുഖത്തേയ്ക്കും പടർന്നു. പിന്നെ കണ്ടുനിന്ന ഞങ്ങൾ ഉൾപ്പെടെ കൂട്ടച്ചിരിയായി.
ഞാൻ തെല്ലു സംശയത്തോടെ വർക്‌ഷോപ്പിന്റെ നെയിം ബോർഡ് നോക്കി. ഏയ് അല്ല... അത് "കെഎൻകെ ഓട്ടോമൊബൈൽസ്" അല്ല !
ഇതേ സമയം, രണ്ടാമത്തെ വണ്ടി കുമരകത്തേയ്ക്കുള്ള യാത്ര തുടരുകയായിരുന്നു.
സമയം പോകും തോറും ബോറടിച്ചു തുടങ്ങി. അപ്പോഴാണ് നാട്ടുകാരിൽ ആരോ പറഞ്ഞത്, തൊട്ടടുത്ത് ഒരു പാർക്ക് ഉണ്ടെന്ന്. ഞങ്ങളിൽ ചിലർ കുട്ടികളുമായി പാർക്കിലേക്ക് നടന്നു. ചങ്ങനാശ്ശേരി മുനിസിപ്പൽ പാർക്ക്. നിറയെ തണൽ മരങ്ങൾ നിറഞ്ഞു നിൽക്കുന്ന മനോഹരമായ പാർക്ക്. കുട്ടികൾക്കുള്ള ഒട്ടേറെ കളിയുപകരണങ്ങളും ഉണ്ട്, പിന്നെ അതി വിശാലമായൊരു കുളവും. പക്ഷേ, മറ്റേതൊരു സർക്കാർ സംരഭത്തിലും കാണാറുള്ളതുപോലെ, വളരെ പരിതാപകരമായ സ്ഥിതിയിൽ ആണ് മിക്ക ഉപകരണങ്ങളും. പഴകി തുരുമ്പിച്ചു നാശമായിരിയ്ക്കുന്നു. ഒന്നിലും കുട്ടികൾക്ക് കയറാൻ പറ്റില്ല.
പാർക്കിനുള്ളിലേയ്ക്ക് കയറിയതും സീൻ ആകെയങ്ങ് മാറി. എവിടെ തിരിഞ്ഞങ്ങു നോക്കിയാലും, അവിടെല്ലാം ജീവൻ തുടിയ്ക്കുന്ന പ്രണയശില്പങ്ങൾ മാത്രം. അജന്ത ശില്പങ്ങളെ പോലെ മനോഹരം. എന്നാൽ കുറച്ചു കൂടി അടുത്തു ചെന്നപ്പോളല്ലേ കാര്യം മനസിലായത്, അതൊന്നും ശില്പങ്ങൾ ആയിരുന്നില്ല, മറിച്ച് ഏറിയാൽ 18 അല്ലെങ്കിൽ 20 വയസുമാത്രം പ്രായമുള്ള ആൺ-പെൺകുട്ടികളാണെന്ന്. ചിലർ മടിയിൽ ഇരിയ്ക്കുന്നു. മറ്റു ചിലർ സ്വയം മറന്ന്, സഭ്യതയുടെ വരമ്പുകൾ ലംഘിക്കുന്നില്ലേ എന്ന് തോന്നത്തക്ക വിധമുള്ള പ്രണയചേഷ്ടകളിൽ ഏർപ്പെടുന്നു.
ഏറ്റവും കുറഞ്ഞത് ഒരു 20- 25 ജോടികളെങ്കിലും ഉണ്ട്. വിരിച്ചു പിടിച്ച കുടകൾക്കടിയിലും, തുരുമ്പെടുത്ത തീവണ്ടി മുറിക്കുള്ളിലും, ഓപ്പൺ എയർ സ്റ്റേജിലും, പിന്നെ മരത്തണലിലും ഒക്കെയായി. തങ്ങളല്ലാതെ മറ്റൊരാളും അവിടെയില്ല എന്ന രീതിയിൽ ആണ് അവരുടെ പെരുമാറ്റം. ഒരു പക്ഷെ കയ്യിലെ സ്മാർട്ട് ഫോൺ, തങ്ങൾക്കു മുൻപിൽ തുറന്നു കാട്ടിയ സുഖലോകത്തിന്റെ പാഠങ്ങൾ നേരിൽ പഠിയ്ക്കുന്ന തിരക്കിൽ ആയതു കൊണ്ടാകാം അത്. അല്ലെങ്കിൽ പൊതുസമൂഹം എന്നത് തങ്ങൾക്കൊരു പ്രശ്നമേ അല്ല എന്ന ചിന്തയുമാകാം. ഇനി അതുമല്ലെങ്കിൽ തുല്യനീതിയുടെയും ലിംഗനീതിയുടെയും ഒക്കെ ഈ നവോത്ഥാനകാലത്ത് 'ആരുണ്ടിവിടെ ചോദിയ്ക്കാൻ' എന്ന ധാർഷ്ട്യവും ആകാം.
എന്തായാലും എനിയ്ക്കോർമ്മ വന്നത് ശ്രീ മുരുകൻ കാട്ടാക്കടയുടെ പ്രശസ്തമായ ആ കവിതയിലെ രണ്ടു വരികൾ ആണ്
"..... ഭ്രമമാണ് പ്രണയം വെറും ഭ്രമം, വാക്കിന്റെ-
വിരുതിനാൽ തീർക്കുന്ന സ്ഫടിക സൗധം....."
എന്തായാലും ഒന്നുറപ്പ്. അവരുടെ മുഖത്തും കണ്ണുകളിലും കണ്ടത് പ്രണയമേയല്ല, മറിച്ച് മറ്റു ചില വികാരങ്ങൾ ആയിരുന്നു. ചങ്ങനാശ്ശേരി പോലുള്ള ഒരു നാട്ടുപട്ടണത്തിൽ, നമ്മൾ തീരെ പ്രതീക്ഷിയ്ക്കാത്ത കാഴ്ച്ചകൾ. ഒരുവേള, അതു ഞങ്ങളെ വല്ലാതെ അമ്പരപ്പിച്ചു കളഞ്ഞു എന്നു തന്നെ പറയാം.
കൂട്ടത്തിൽ ഉള്ള ചിലരൊക്കെ ഈ കാഴ്ചകൾ കണ്ടു വാ പൊളിച്ചു നിൽപ്പാണ്. ഇടയ്‌ക്കൊരാളുടെ ആത്മഗതം "..ഹോ .... ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അതിതാണ് .. അതിതാണ്... അതിതാണ് ...."
[ഉവ്വ്, ഇപ്പോൾ നിങ്ങൾക്കൊരു സംശയം തോന്നിക്കാണും. ടിയാളുടെ ആത്മഗതം ഞാൻ എങ്ങിനെ കേട്ടു എന്ന്, അല്ലേ? പറയാം. ഈ കാഴ്കളെല്ലാം കണ്ട വെപ്രാളത്തിൽ, ആ ആത്മഗതം അത്ര ഉറക്കെയായിരുന്നു! ഞാൻ മാത്രമല്ല, ഞങ്ങൾ എല്ലാവരും അത് കേട്ടു!]
എന്തായാലും എല്ലാവരും വണ്ടി റിപ്പയറിന്റെ കാര്യം അപ്പാടെ മറന്നു; അഥവാ അതിനിനിയും കുറെ മണിക്കൂറുകൾകൂടി എടുത്താലും കുഴപ്പമില്ല എന്ന സ്‌ഥിതിയായി. മറ്റൊരാളാകട്ടെ, ചങ്ങനാശ്ശേരിയിൽ ഏതേലും കോളേജിൽ, ഏതേലും കോഴ്സിന് ചേർന്നാലോ എന്ന ആലോചനയിലും.
[എല്ലാരുടെയും തമാശകളിൽ പങ്കു ചേർന്നു എങ്കിലും, ഉള്ളിൽ എവിടെയോ, ആരോ ഒന്നു കൊളുത്തി വലിച്ചു. ഒരു പക്ഷെ, അത് ഒരു ഒന്നാം ക്‌ളാസ്സുകാരിയുടെ അച്ഛനാകാം].
പ്രണയം. ഏറ്റവും മധുരതരമായ വികാരം. ജീവിതത്തിൽ ഒരിയ്ക്കലെങ്കിലും പ്രണയിക്കാത്തവരായി ആരുമുണ്ടാകുമെന്നു തോന്നുന്നില്ല. അല്ലേ? പ്രണയജോടികളെ എതിർക്കേണ്ടതില്ല. അവരുടെ പ്രേമസല്ലാപങ്ങളിൽ ആരും ഇടപെടേണ്ടതും ഇല്ല. ആരും അവിടെ സദാചാരപോലീസ് ചമയേണ്ടതും ഇല്ല. പക്ഷെ, പൊതു സ്ഥലങ്ങളിൽ ഉള്ള ആ പ്രണയചേഷ്ടകൾ സഭ്യതയുടെ അതിരുകൾ ലംഘിയ്ക്കുമ്പോൾ, ബന്ധപ്പെട്ട അധികാരികൾ ഇടപെടുക തന്നെ വേണം എന്നാണ് എന്റെ അഭിപ്രായം. (എതിർ അഭിപ്രായങ്ങൾ ഉള്ളവരുണ്ടാകാം).
എന്തായാലും ഞങ്ങൾ പാർക്കിൽ നിന്നിറങ്ങി. കൂട്ടത്തിലുള്ള ചിലരെ വലിച്ചിറക്കി.
അയ്യോ .... പറഞ്ഞു പറഞ്ഞു നമ്മൾ വഴിമാറി അല്ലേ? നമുക്കൊരു "U" ടേൺ എടുക്കാം; നമ്മുടെ യാത്രയിലേയ്ക്ക് മടങ്ങിയെത്താം. എന്താ?
ഏതാണ്ട് മൂന്നുമണിയോടെയാണ് ഞങ്ങൾ കുമരകത്തെ റിസോർട്ടിൽ എത്തിയത്. റോയൽ റിവേറ റിസോർട്. പ്രതീക്ഷിച്ചതിനേക്കാൾ വലിയ, മൂന്നു നിലകൾ ഉള്ള ആ റിസോർട്ടിൽ, ഞങ്ങൾ 65 പേർ മാത്രമാണ് ആ രാത്രിയിൽ താമസക്കാരായി ഉള്ളത്.
വലിപ്പമുള്ള, വൃത്തിയുള്ള മുറികൾ. വേഗം ഒന്ന് ഫ്രഷ് ആയി. ഒരുപാടു നേരം വഴിയിൽ താമസിച്ചതിനാൽ ഉച്ചഭക്ഷണം കഴിച്ചിരുന്നില്ല. അത് അകത്താക്കി. പിന്നെ, കുറേപേർ ബാഡ്മിന്റൻ കോർട്ടിലേയ്ക്ക്, മറ്റു ചിലർ പെഡൽ ബോട്ടിലേക്ക്, ഇനിയും ചിലർ മേക്കപ്പ് ചെയ്യാനുള്ള തിരക്കിൽ, മറ്റു ചിലർ സ്വിമ്മിങ് പൂളിലേക്ക്. ഇനിയും ചിലരാകട്ടെ വിശാലമായ പുൽത്തകിടിയിൽ സൊറപറഞ്ഞിരുന്നു.
ബാഡ്മിന്റൺ കോർട്ടിലെത്തിയ സുഹൃത്തുക്കളിൽ ഒരാൾ ഹിന്ദിക്കാരൻ സെക്യൂരിറ്റിയെ വിളിച്ചു (കേരനാട്ടിൽ എല്ലായിടത്തും എന്നത് പോലെ, അവിടെയും ബംഗാളി പണിക്കാർ ഒരുപാടുണ്ട് കേട്ടോ). എന്നിട്ട് അറിയാവുന്ന ഹിന്ദിയിൽ പുതിയ ഷട്ടിൽ ചോദിച്ചു. ഹിന്ദിക്കാരൻ വലിയ സന്തോഷത്തിൽ "ജി ..സാബ്.." എന്നും പറഞ്ഞു പോയി. നമ്മുടെ സുഹൃത്താകട്ടെ "എങ്ങിനെയുണ്ടെന്റെ ഹിന്ദി ?" എന്ന ഗമയിൽ മറ്റുള്ളവരെ ഒന്ന് നോക്കി. അപ്പോഴതാ അകത്തേയ്ക്കു പോയ ഹിന്ദിക്കാരൻ ഒരു വലിയ ചൂണ്ടക്കോലുമായി വരുന്നു. എല്ലാവരും ചിരി തുടങ്ങി. നമ്മുടെ സുഹൃത്താകട്ടെ "ഞാൻ ചൂണ്ടയല്ല ... ഒരു ഷട്ടിലാ ചോദിച്ചത് എന്നീ മറുതായോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കോ ..? .." എന്ന വിഷണ്ണ ഭാവത്തിലും.
പക്ഷെ, എല്ലാവരുടെയും പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട്, നമ്മുടെ സെക്യൂരിറ്റി നേരെ ബോട്ടിങ് തടാകത്തിനടുത്തേയ്ക്കു ചെന്ന്, അതിൽ വീണുകിടന്നിരുന്ന രണ്ടു പുതിയ ഷട്ടിലുകൾ, കയ്യിലെ ചൂണ്ട കൊണ്ടെടുത്തു നമ്മുടെ പാവം സുഹൃത്തിനെ ഏൽപ്പിച്ചു!
ഞങ്ങൾ നീന്തൽ കുളത്തിലേയ്ക്ക് പോയി. കൂടെയുള്ള കുട്ടികൾ പൂളിൽ ചാടാൻ തിടുക്കം കൂട്ടി. തുടക്കത്തിൽ ഇറങ്ങാൻ മടിച്ചിരുന്ന ചിലർ, ഇറങ്ങിയവരുടെ ആവേശം കണ്ടപ്പോൾ, പതുക്കെ പതുക്കെ ഇറങ്ങി. കരയിൽ കാഴ്ച കണ്ടു നിന്ന മറ്റു ചിലരാകട്ടെ, പുറകിൽ നിന്നുള്ള ശക്തമായ ചില തള്ളലുകളിൽ പൂളിലേക്ക് വീണു, അത്യാവശ്യം ക്ലോറിൻ വെള്ളം അകത്താക്കുകയും ചെയ്തു. അതിലും രക്ഷപെട്ട മറ്റു ചിലരാകട്ടെ ആസൂത്രിതമായ മറ്റു ചില 'പുഷ്-പുൾ' ആക്രമണങ്ങളിൽ, വെട്ടിയിട്ട പോലെ കുളത്തിലേക്കു മറിഞ്ഞു.
ഇതൊക്കെ കണ്ടു പൂളിനരികിൽ നിന്നിരുന്ന, സംഘത്തിലെ മറ്റുചിലരാകട്ടെ ഇത്തരം ആക്രമണങ്ങളെപ്പറ്റി അതീവ ശ്രദ്ധാലുക്കൾ ആയിരുന്നു. ഇടയ്ക്കെല്ലാം അവർ നാലുപാടും നോക്കി. എന്നാൽ ആകാശം നന്നായി മേഘാവൃതം ആയിരുന്നതു കൊണ്ടാവാം, പല മിന്നൽ ആക്രമണങ്ങളും അവരുടെ റഡാർ കണ്ണുകളിൽ പതിയാതെ പോയി !!
മണിക്കൂറുകൾ പോയതറിഞ്ഞില്ല. കൂടെയുള്ള കുട്ടികൾ ഉൾപ്പെടെ ഒരാളും പൂളിൽ നിന്നും കരയ്ക്കു കയറാൻ സമ്മതിയ്ക്കാതായി. കിട്ടിയ അവസരത്തിൽ അവരങ്ങു നന്നായി തിമിർത്തു. ഏതാണ്ട് ഏഴര മണി ആയപ്പോൾ എല്ലാവരും കരയ്ക്കു കയറി. കാരണം അതോടെ പൂൾ അടയ്ക്കും.
റൂമിൽ പോയി ഒന്നുകൂടി കുളിച്ചു, വീണ്ടും താഴേയ്‌ക്കെത്തി.
അപ്പോളതാ ചെത്തിയിറക്കിയ നല്ല ഒന്നാം തരം തെങ്ങിൻകള്ള് റെഡി. കുമരകത്തെ ഒരു പരിചയക്കാരൻ വഴി ഞങ്ങളുടെ കൂട്ടത്തിലെ ഒരു സുഹൃത്ത് സംഘടിപ്പിച്ചതാണ്. അല്പം രുചിച്ചു നോക്കിയ മറ്റൊരു സുഹൃത്ത് ഹോട്ടൽ വെയിറ്ററോട് "അല്പം പഞ്ചസാര കിട്ടുമോ?" എന്നൊരു ചോദ്യം? ആദ്യമായാവും ഒരാൾ ടച്ചിങ്‌സ് നു പഞ്ചസാര ചോദിയ്ക്കുന്നത്. പാവം വെയിറ്റർ, നമ്മുടെ സുഹൃത്തിനെ സൂക്ഷിച്ചൊന്നു നോക്കി. പിന്നെ അടക്കിയ ചിരിയോടെ കുറച്ചു പഞ്ചസാര എത്തിച്ചു നൽകി. ചില ഗ്ലാസുകളിൽ, അങ്ങിനെ മൂത്തകള്ള് നല്ല മധുരകള്ള് ആയി മാറി.
വിശാലമായ പുൽത്തകിടിയിൽ, മധുരക്കള്ളും പിന്നെ എഗ്ബുർജിയും, കൂടെ പീനട്ട് മസാലയും ഒക്കെയായി രംഗം കൊഴുത്തു.
അതോടെ, തൊട്ടടുത്ത കോൺഫറൻസ് റൂമിൽ ഡാൻസും പാട്ടും തുടങ്ങി. കൂട്ടത്തിൽ ഒരാളുടെ ചുവടുവയ്പുകൾ കണ്ടു ഞങ്ങൾ അതിശയിച്ചു പോയി. അത്ര സ്പീഡിൽ ആണ് അയാൾ കളിയ്ക്കുന്നത്. അതും ഇതേവരെ ഞങ്ങൾ ആരും ഒരു സ്റ്റേജ് ഷോയിൽ പോലും കാണാത്ത 'വെറൈറ്റി' സ്റ്റെപ്പുകൾ. ഒരു പക്ഷെ, സാക്ഷാൽ പ്രഭുദേവയ്ക്ക് പോലും അപരിചിതമായത്. പക്ഷേ, പിന്നീടല്ലേ കാര്യം മനസിലായത്. പുള്ളിക്കാരൻ ആകെ ഒരു സ്റ്റെപ്പേ വയ്ക്കുന്നുള്ളു, ബാക്കിയൊക്കെ ബാലൻസ് ചെയ്യാൻ വേണ്ടി കാലുകൾ സ്വയം അങ്ങ് വയ്ക്കുന്നതാണെന്ന് !
ഒൻപതരയോടെ ഡിന്നർ റെഡി ആയി. ചപ്പാത്തിയും, ഫ്രൈഡ് റൈസും, പുലാവും, ചിക്കൻ കറിയും, പിന്നെ മീൻ വറുത്തതും ഒക്കെ കൂടിയുള്ള സമൃദ്ധമായ മെനു. വയറു നിറയെ കഴിച്ചു.
അപ്പോഴേയ്ക്കും പതുക്കെ മഴ ചാറി തുടങ്ങി. പിന്നെ അതൊന്നു ശമിയ്ക്കാനുള്ള കാത്തിരിപ്പായി. എന്നിട്ടു വേണമല്ലോ ക്യാമ്പ് ഫയർ തുടങ്ങാൻ. അക്ഷമരായ ഞങ്ങളെ കണ്ടിട്ടാകണം വേഗം തന്നെ മഴ മാറി.
ക്യാമ്പ് ഫയറിൽ, ഡാൻസും ആട്ടവും പാട്ടും ഒക്കെ ആയി രംഗം കൊഴുത്തു. ഇടയ്ക്കിടയ്ക്കു ചിലർ സുരച്ചേട്ടനെ കൂട്ടു പിടിയ്ക്കുന്നുണ്ടായിരുന്നു. പലരും സുരച്ചേട്ടനുമായി ഗാഢസൗഹൃദത്തിൽ ആയപ്പോൾ, മറ്റു ചിലർ ഒന്നു ചിരിച്ചു പിന്നെ വഴിമാറി പോയി.
ഏതാണ്ട് 11 മണി കഴിഞ്ഞതോടെ, എല്ലാവരും നന്നേ ക്ഷീണിതരായി. പലരും മുറിയിലേയ്ക്കു മടങ്ങി. പല മുറികളിലും പക്ഷേ പാട്ടുകൾ തുടങ്ങാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ.
ഞങ്ങളുടെ കൂട്ടത്തിൽ ഒരു തൃശൂർകാരൻ ഉണ്ട്. അതേന്ന്, നമ്മടെ പ്രാഞ്ചിയേട്ടൻറെ നാട്ടുകാരൻ. പുള്ളിക്കാരനൊരു കുഴപ്പമുണ്ട്. ആള് ആഘോഷാവസങ്ങളിൽ നമ്മുടെ സുരച്ചേട്ടനുമായി വല്ലാതെയങ്ങു ചങ്ങാത്തം കൂടും. പിന്നെ പുള്ളിക്കാരന്റെ ജീൻസുണ്ടല്ലോ, അതങ്ങു തനിയെ ലോവേസ്റ്റ് ആയി മാറും. ഇടയ്ക്കിടയ്ക്കു അതിങ്ങനെ വലിച്ചു കയറ്റും. കുഞ്ഞുപിള്ളേര് നിക്കർ വലിച്ചു കേറ്റുന്നത് പോലെ. അതു കണ്ട മറ്റൊരു സുഹൃത്ത് പറഞ്ഞു.
"എടാ .. ആ ജോക്കി ഒന്ന് ശരിക്കിയിടടാ ...."
"അല്ലാട്ടാ ... അത് ഒട്ടയാട്ട ...."
"എന്റെ ദൈവമേ .. ടൂറിന് വരുമ്പോൾ ഓട്ടയുള്ളതും ഇട്ടൊണ്ടാണോടാ വരുന്നേ ..?"
"അല്ലാട്ടാ ... അത് ഒട്ടയാട്ട ....ദേ ..അവന്റേം ഒട്ടയാട്ട..."
എല്ലാവരും കൂട്ടച്ചിരിയായി. പക്ഷെ എന്തൊക്കെ ചോദിച്ചിട്ടും പുള്ളിക്കാരൻ അത് തന്നെ പറഞ്ഞു കൊണ്ടിരുന്നു. "അല്ലാട്ടാ ... അത് ഒട്ടയാട്ട ....".
അവസാനം ഉറങ്ങാൻ തുടങ്ങിയ മറ്റൊരു തൃശൂർകാരനെ അടുത്ത മുറിയിൽ നിന്നും വിളിച്ചു വരുത്തി. കാര്യം അറിഞ്ഞപ്പോൾ അവൻ ചോദിച്ചു.
"എടാ ..ഗടിയെ ... ഈ ക്ടാങ്ങളോട് നീ എന്തുട്ടാ ഈ പറണേ ..."
"അല്ലാട്ടാ ... അത് ഒട്ടയാട്ട ...."
"ഇത്രേള്ളു ? ഹ..ഹ ..അവൻ പറഞ്ഞതേ ... അവൻ ഇട്ടിരിയ്ക്കുന്നതു 'ജോക്കി' അല്ല 'ഒട്ടോ' ആണ് എന്നാണ് കൂട്ടുകാരേ ...?"
പിന്നെ അവിടെ എന്താണ് നടന്നത് എന്ന് ഞാൻ പറയേണ്ടല്ളോ. നിങ്ങൾ തന്നെ ഊഹിച്ചോളൂ.
ശേഷം, ഒരു പകലിന്റ്‌റെ നനുത്ത ഓർമകളുമായി, എസിയുടെ കുളിരിൽ സുഖനിദ്ര. പകൽ യാത്രയുടെ ക്ഷീണവും, പിന്നെ പാർക്ക് കാഴ്ചകളുടെ അമ്പരപ്പും, ഡാൻസിന്റെയും, പാട്ടിന്റെയും, നീന്തലിന്റെയും, ഒക്കെ തളർച്ചയും കൊണ്ടാകാം, കണ്ണുകളിൽ നിദ്ര കൂടുകൂട്ടാൻ ഒട്ടും തന്നെ താമസമുണ്ടായില്ല.
ജൂൺ-23-2019 - [ഞായർ]:
രാവിലെ 5:45 നു തന്നെ ഉറക്കമുണർന്നു. ചാറ്റൽ മഴ കാരണം തലേന്നത്തെ സൂര്യാസ്തമയം കാണാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ, പിറ്റേന്നത്തെ സൂര്യോദയം കാണണം എന്ന് മനസ് വല്ലാതെ കൊതിച്ചിരുന്നു. അതാകും ഒരു അലാറവും ഇല്ലാതെ തന്നെ, അതിരാവിലെ എണീറ്റത്.
ജനാലവിരികൾ മാറ്റി നോക്കിയപ്പോൾ പുറത്തെ കാഴ്ചകൾ അതിമനോഹരം. റോഡിന്റെ തൊട്ടപ്പുറത്ത്, വേമ്പനാട്ടു കായൽ. അതിൽ യാത്രക്കാരെ കാത്തുകിടക്കുന്ന പുരവഞ്ചികൾ. പള്ളിയിൽ പോകുന്നവർ ആയിരിയ്ക്കണം, കൊച്ചു കൊതുമ്പു വള്ളങ്ങളിൽ ആളുകൾ സാവധാനം വർത്തമാനവും പറഞ്ഞു, തുഴഞ്ഞു തുഴഞ്ഞു പോകുന്നു. ഇതിനിടെ, ചാട്ടുളി പോലെ ഒരു പൊന്മാൻ ഒരു ചെറുമീനിനെയും കൊത്തി പറന്നകന്നു.
ഇടയ്ക്ക് ഒരു കൊച്ചു വള്ളത്തിൽ ഒരു പാൽക്കാരി തുഴഞ്ഞെത്തി. നമ്മൾ സിനിമയിൽ ഒക്കെ കാണും പോലെ ശാലീന സുന്ദരിയായ ഒരു നാടൻ പെൺകൊടി. മറുകരയിലെ കടവിൽ വള്ളം അടുപ്പിച്ചു, പിന്നെ കരയിൽ നിൽക്കുന്ന ആളുകൾക്ക് പാൽ അളന്നു കൊടുക്കുന്നു. ശേഷം, അടുത്ത കടവിനെ ലക്ഷ്യമാക്കി പതിയെ തുഴഞ്ഞു നീങ്ങുന്നു. ഇതിനെല്ലാം പശ്ചാത്തലമെന്നോണം, അരുണന്റെ ആ ചെങ്കിരണങ്ങൾ കായലിനെ ആകെ തഴുകിയുണർത്തുന്നു.
അതിമനോഹരമായ കാഴ്ച. ശരിക്കും കുങ്കുമം ചാർത്തിയ ആ കുമരകം അപ്പോൾ, ഒരു നവോഢയെപ്പോലെ അതിസുന്ദരിയായിരുന്നു. [ആ കാഴ്ച ഒരു നിമിഷം പോലും നഷ്ടപ്പെടുത്താൻ മനസുവരാത്തതു കൊണ്ട് തന്നെ, മേശയിൽ നിന്നും മൊബൈൽ എടുത്തൊരു ഫോട്ടോ എടുക്കാൻ പോലും ഞാൻ മടിച്ചു].
ഞങ്ങൾക്കു വേണ്ടി മാത്രം എന്നോണം, അൽപ സമയം തെളിഞ്ഞ സൂര്യൻ, വീണ്ടും കാർമേഘത്തിൽ പതിയെ ഒളിച്ചു. റൂംസർവീസ് ചായയുടെ കനത്ത വില ഓർത്തു ഞാൻ ഇലക്ട്രിക്ക് കെറ്റിലിൽ സ്വയം ഒരു ചായ ഉണ്ടാക്കി കുടിച്ചു. പ്രഭാതകൃത്യങ്ങൾക്കു ശേഷം, പിന്നെ, നേരെ താഴെ പുൽത്തകിയിലേക്കിറങ്ങി. ബാഡ്മിന്റൺ കോർട്ടും ബോട്ടിങ് ഏരിയയും പൂളും ഒക്കെ ഉണർന്നു കഴിഞ്ഞു.
ഇന്നേവരെ ഒരു വിനോദ യാത്രയിലും വെള്ളത്തിൽ ഇറങ്ങാൻ കൂട്ടാക്കാത്ത ഒരു കൂട്ടുകാരൻ, ഞങ്ങൾ നോക്കുമ്പോൾ പൂളിൽ കിടന്നു ചാടുന്നു. ഇനി ആരേലും അറിയാതെ തള്ളിയിട്ടതാണോ എന്നറിയാൻ ഒന്നു കൂടി നോക്കി. അല്ല സന്തോഷത്തോടെ തനിയെ ചാടുന്നതാണ്. രണ്ടാഴ്ച പട്ടിണി കിടന്ന കുട്ടിയ്ക്ക്, രണ്ടു ചിക്കൻ ബിരിയാണി കിട്ടിയ സന്തോഷം മുഖത്ത്.
കുട്ടികളുമായി ഞങ്ങൾ വീണ്ടും പൂളിൽ ഇറങ്ങി. ഒരു കൂട്ടർ വാട്ടർപോളോ കളിയ്ക്കാനുള്ള തയ്യാറെടുപ്പിലായി. തലേന്ന് പൂളിൽ ഇറങ്ങാതിരുന്ന മറ്റൊരു സുഹൃത്തിനെ കൂടി അവർ നിർബന്ധിച്ചിറക്കി, ഒരു ടീമിൽ ചേർത്തു. കുറച്ചു കഴിഞ്ഞു ഞങ്ങൾ നോക്കുമ്പോൾ അയാൾ ഉയർന്നു വന്ന ഒരു പന്തടിച്ചു തെറിപ്പിയ്ക്കുന്നു, പിന്നെ തഴക്കം വന്ന ഒരു ജിംനാസ്റ്റിനെ പോലെ, വെള്ളത്തിനടിയിൽ പലകുറി കരണം മറിയുന്നു. അതിശയത്തോടെ ഞങ്ങൾ നോക്കി, ഇയാൾ എപ്പോൾ ആണ് ഈ ജിംനാസ്റ്റിക് ഒക്കെ പഠിച്ചത് എന്ന വിസ്മയത്തോടെ. സൂക്ഷിച്ചു നോക്കിയപ്പോൾ ഒരു സംശയം, ഈ മലക്കംമറിച്ചിലിനിടയ്ക്കു പുള്ളിക്കാരൻ അത്യാവശ്യം ആ ക്ളോറിൻ വെള്ളം അകത്താക്കുന്നുമില്ലേ എന്ന്. എന്തായാലും സംഗതി അത്ര പന്തിയല്ല എന്ന് തോന്നി. വേഗം പിടിച്ചുയർത്തി.
എന്താ കാര്യം? പന്തടിച്ചിട്ടു, വെള്ളത്തിൽ ലാൻഡ് ചെയ്തപ്പോൾ കക്ഷിയ്ക്കു കാല് തറയിലെ ടൈലിൽ ഉറപ്പിയ്ക്കാൻ പറ്റിയില്ല. അതിനുള്ള തത്രപ്പാടായിരുന്നു ജിംനാസ്റ്റിക് അഭ്യാസം ആയി ഞങ്ങൾ തെറ്റിദ്ധരിച്ചത്. കുറച്ചേറെ ക്ളോറിൻവെള്ളം കുടിച്ചു എന്നതൊഴിച്ചാൽ, വേറെ അപകടമൊന്നും പറ്റാത്തത് കൊണ്ട്, പിന്നെ കൂട്ടച്ചിരിയായി.
പ്രഭാതഭക്ഷണ സമയം പത്തുമണി വരെ മാത്രം ആയതു കൊണ്ട്, മനസില്ലാമനസോടെ എല്ലാവരും പൂളിൽ നിന്നും കയറി. ബ്രെഡ്ഡും-ബട്ടറും-ജാമും, അപ്പവും-സ്റ്റൂവും, ദോശയും-സാമ്പാറും-ചമ്മന്തിയും, പിന്നെ ഫ്രഷ് ജ്യുസും ചായയും ഒക്കെ നിരന്ന ഒന്നാംതരം പ്രഭാത ഭക്ഷണം. ഞാൻ വയറു നിറയെ ദോശയും-സാമ്പാറും-ചമ്മന്തിയും അകത്താക്കി. അതും തട്ടിൽകുട്ടി ദോശയും പിന്നെ നല്ല കോട്ടയം രീതിയിലെ തേങ്ങാച്ചമ്മന്തിയും.
ഏതാണ്ട് പതിനൊന്നു മണിയോടെ ഞങ്ങൾ റിസോർട്ടിലെ മുറികൾ ഒഴിഞ്ഞു. ഇനി ബാക്കി സമയം പുരവഞ്ചിയിൽ ആണ്.
ഞങ്ങളെയും കാത്തു വലിയൊരു ഇരുനില പുരവഞ്ചി തലേന്ന് രാത്രി മുതൽ തൊട്ടടുത്ത കടവിൽ അങ്ങിനെ ക്ഷമയോടെ കിടക്കുകയായിരുന്നു. എല്ലാവരും വഞ്ചിയുടെ മുകൾ നിലയിലേയ്ക്ക്. പുരവഞ്ചി വിടാൻ തുടങ്ങുമ്പോൾ, ടൈറ്റാനിക്കിലെ ജാക്കിനെ പോലെ, അതാ ഒരാൾ ഓടിവരുന്നു. ഞങ്ങളുടെ സുഹൃത്തും ഈ ടൂറിന്റെ കോർഡിനേറ്ററും ആയ ആൾ. ഇരു കൈകളിലുമായി രണ്ട് കന്നാസുകളും, പിന്നെ സാമാന്യം വലിയ ഒരു പാർസലും ആയിട്ടാണ് പാവത്തിന്റെ ഓട്ടം.
കന്നാസിൽ, അപ്പോൾ ചെത്തിയിറക്കിയ നല്ല സ്വയമ്പൻ കുമരകം തെങ്ങിൻകള്ള്, പാഴ്‌സലിൽ ഷാപ്പിലെ കപ്പയും, എരിവേറിയ ബീഫ് കറിയും. കപ്പയും ബീഫും പാത്രത്തിൽ വിളമ്പിയതേ ഓർമ്മയുള്ളൂ. അത്രവേഗം തീർന്നു.
നുരയുന്ന തെങ്ങിൻകള്ളു നിറച്ച ഗ്ലാസുകളുമായി ചിലർ നർമ്മ സല്ലാപങ്ങളിൽ ഏർപ്പെട്ടു. (തലേന്നത്തെ ഓർമ്മയിൽ ആകാം ആരും പഞ്ചസാര ചോദിച്ചില്ല കേട്ടോ). ഇടയ്ക്കൊക്കെ കയ്യിലിരിയ്ക്കുന്ന ഗ്ലാസിന് ചില ചുംബനങ്ങളും നൽകി. അതിനും തലേന്നത്തെ ചങ്ങനാശേരി പാർക്ക് ഓർമ്മകൾ ആണോ ആവോ കാരണം? ആർക്കറിയാം !
വേമ്പനാട്ടു കായലിന്റെ വിശാലമായ ഓളപ്പരപ്പിൽ, ഞങ്ങളുടെ പുരവഞ്ചി അങ്ങിനെ അലസഗമനം തുടങ്ങി. പാട്ടും ഡാൻസും പതിവുപോലെ തകർക്കുന്നു. മറ്റു ചിലരാകട്ടെ ചീട്ടുകളിയിൽ മുഴുകി. ചുരുക്കം ചിലർ തലേന്നത്തെ ക്ഷീണം മാറ്റാൻ കിടപ്പു മുറികളിലേയ്ക്ക് പോയി. ഏഴു കിടപ്പു മുറികൾ ഉള്ള, വളരെ വലിയ ബോട്ടായിരുന്നു അത്.
കസേരകളുമെടുത്തിട്ടു ഞങ്ങൾ കുറച്ചു പേർ പുരവഞ്ചിയുടെ ഏറ്റവും മുൻവശത്ത് ഇരിപ്പായി. വേമ്പനാട്ടു കായൽപരപ്പിനെ വകഞ്ഞുമാറ്റി, മുന്നോട്ടു സാവധാനം നീങ്ങുന്ന പുരവഞ്ചിയിൽ ഇരുന്ന്, കായലിന്റെ ഇരു കരകളും വീക്ഷിയ്ക്കുന്നതു വല്ലാത്ത ഒരു സുഖം തന്നെ. ജീവിതത്തിന്റെ എല്ലാ പിരിമുറുക്കങ്ങളും, കുറച്ചു നേരമെങ്കിലും അറിയാതെ നമ്മൾ മറന്നു പോകുന്ന അപൂർവ്വവും അസുലഭവുമായ ചില നേരങ്ങൾ....
"...വേമ്പനാട്ടു കായലിനു ചാഞ്ചാട്ടം
തങ്കമണിച്ചുണ്ടനിന്നു മയിലാട്ടം
കുഴലൂതും കാറ്റേ കുളിർ കോരും കാറ്റേ
കൂടെ വാ കൂടെ വാ കൂടെ
തുഴയാൻ വാ..."
മനസ് അറിയാതെ പാടി......
ഇടയ്ക്കു ചെറുതായി മഴ ചാറാൻ തുടങ്ങി. നിവർന്ന കായൽപ്പരപ്പിൽ, ചെറിയ മഴത്തുള്ളികൾ വീണു ചിതറിത്തെറിയ്ക്കുന്നതു കാണാൻ അതി മനോഹരമായിരുന്നു. മിനുസമാർന്ന തറയിൽ വീണു തെറിയ്ക്കുന്ന, അനേകായിരം കുഞ്ഞു പളുങ്കുകളെ പോലെ തോന്നും ഒറ്റനോട്ടത്തിൽ.
പുരവഞ്ചിയുടെ അയഞ്ഞ താളത്തിലെ ഇളക്കവും, പിന്നെ ചെറുമഴയുടെ ആ നനുത്ത കുളിരും, കൂടെ വീശിയെത്തുന്ന കുളിർകാറ്റും, ഇരുകരകളിലും നിന്ന് ഞങ്ങളെ കൈവീശികാട്ടുന്ന കേര നിരയും.... ഒക്കെ കൂടി ആകെയങ്ങ് സുന്ദരമായ കാഴ്ച. വീണ്ടും അറിയാതെ മൂളിപ്പോയി
"....കേരനിരകളാടും ഒരു ഹരിതചാരുതീരം
പുഴയോരം കളമേളം കവിത പാടും തീരം
കായലലകള്‍ പുല്‍കും
തണുവലിയുമീറന്‍ കാറ്റില്‍
ഇളഞാറിന്‍ ഇലയാടും കുളിരുലാവും നാട്....."
ആകെ റൊമാന്റിക്കായ സന്ദർഭം ആയതു കൊണ്ടാകും, ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന നവദമ്പതികൾ, കുറച്ചു നേരത്തേയ്ക്ക് അവരുടേതായ ചെറുലോകത്തിലേയ്ക്കൊതുങ്ങി...... ചില മൂളിപ്പാട്ടുകളും മൂളി.
കുറച്ചു കൂടി കഴിഞ്ഞപ്പോൾ, ഉച്ചഭക്ഷണം തയ്യാറായ അറിയിപ്പെത്തി. തൽക്കാലത്തേക്ക്, പാട്ടും ഡാൻസും പിന്നെ പ്രകൃതിഭംഗി ആസ്വദിക്കലുമൊക്കെ നിർത്തി, എല്ലാവരും ഭക്ഷണത്തിനു തയ്യാറായി.
നല്ല കുത്തരി ചോറും, സാമ്പാറും, മോര് കറിയും, കോഴിക്കറിയും, പപ്പടവും പിന്നെ നോക്കിയ 7.1 നേക്കാൾ വലിപ്പമുള്ള കരിമീൻ വറുത്തതും ഒക്കെ കൂട്ടിയുള്ള തകർപ്പൻ കുട്ടനാടൻ ഊണ്. എല്ലാവരും വയറു നിറയെ കഴിച്ചു. കൂട്ടത്തിൽ ഒരു കോട്ടയം സ്റ്റൈൽ ബീഫ് ഫ്രൈ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ചുമ്മാ അങ്ങ് ഓർത്തുപോയി. ഒരു കോട്ടയംകാരന്റെ ഓർമ്മകൾ.
തലേന്നത്തെ യാത്രയുടെയും, പിന്നെ യാത്രാരംഭം മുതൽ തുടങ്ങിയ ആഘോഷങ്ങളുടെയും, ഒക്കെ ക്ഷീണം മൂലമാകാം ഉച്ചയൂണിന് ശേഷം പലരും ചെറു മയക്കത്തിലായി.
ഞാൻ വീണ്ടും കുമാരകത്തിന്റെ ദൃശ്യങ്ങളിലേയ്ക്ക് മടങ്ങി.
വളരെ സ്വച്ഛമായ ഒരു ഗ്രാമം എന്ന് തന്നെ പറയാം. ഈ വിനോദസഞ്ചാരം ഇല്ലെങ്കിൽ, വെള്ളത്താൽ ചുറ്റപ്പെട്ട ആ പ്രദേശവാസികൾ എങ്ങിനെ ജീവിയ്ക്കുമായിരുന്നു എന്ന് അറിയാതെ ഒന്നു ചിന്തിച്ചു. മത്സ്യബന്ധനവും പിന്നെ വിനോദസഞ്ചാരവും ആണ് ഇന്ന് അവിടത്തുകാരുടെ പ്രധാന ജീവിത മാർഗ്ഗങ്ങൾ. അതുകൊണ്ടു തന്നെയാവാം, വളരെ സൗഹാർദപൂർണ്ണമായ, നിറഞ്ഞ ചിരിയോടെയാണ് അവർ, നമ്മൾ സഞ്ചാരികളെ വരവേൽക്കുന്നതും. നാട്ടിൻ പുറത്തിന്റെ ആ നന്മയും മറ്റൊരു കാരണമാകാം.
സമയം ഏതാണ്ടു മൂന്നരയോടടുക്കുന്നു. അഞ്ചു മണി വരെ ആണ് ഞങ്ങൾക്ക് പുരവഞ്ചിയിൽ യാത്ര ഉള്ളത്. എല്ലാവരും പതുക്കെ റെഡി ആവാനുള്ള തയ്യാറെടുപ്പായി. ഇനി ചായ കുടിയ്ക്കണം, പോകണം.
പെട്ടെന്നാണ് കാതടപ്പിയ്ക്കുന്ന ഇരമ്പലോടെ ഒരു സ്പീഡ് ബോട്ടുകാരൻ, എവിടെ നിന്നറിയാതെ ഞങ്ങളുടെ പുരവഞ്ചിയുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടത്. നാല് പേർക്ക് കയറാവുന്ന സ്‌പീഡ്ഡ് ബോട്ട്. വീണ്ടും ഞങ്ങൾ ആവേശഭരിതരായി. ആദ്യം ആ സാഹസിക യാത്രയ്ക്ക് തയ്യാറായത് കുറച്ചു പേർ മാത്രമായിരുന്നു. പക്ഷെ, അവരുടെ ആ യാത്ര കണ്ടു നിന്നപ്പോൾ, എല്ലാവർക്കും കയറണം എന്നായി.അങ്ങിനെ അറുപത്തഞ്ചു പേരിൽ ഏതാണ്ട് അമ്പതുപേരും സ്പീഡ് ബോട്ടിൽ സവാരി നടത്തി.
അപ്പോഴേയ്ക്കും ചൂട് പറക്കുന്ന പഴംപൊരിയുമെത്തി. ടൗണിലെ കടകളിൽ കിട്ടുന്ന പച്ച മാറാത്ത, റേസർ ബ്ലേഡിന്റെ മാത്രം കനമുള്ള, പഴംപൊരിയല്ല. നല്ല ഒത്ത വലിപ്പമുള്ള, നന്നായി പഴുത്ത നാടൻ ഏത്തപ്പഴത്തിന്റെ പഴംപൊരി. കൂടെ ചൂട് ചായയും.
സമയം 5 മണി. സുരക്ഷിത യാത്രയ്ക്ക് ബോട്ടുകാരോട് നന്ദി പറഞ്ഞു. പിന്നെ നേരെ റിസോർട്ടിന്റെ മുറ്റത്തു കിടന്നിരുന്ന ഞങ്ങളുടെ വാഹനങ്ങളിലേയ്ക്ക്. പിന്നെ മടക്കയാത്ര.
സാധാരണ മടക്കയാത്രയിൽ, എല്ലാവരും ക്ഷീണിതരായി ഉറങ്ങാറാണ് പതിവ്. പക്ഷെ ഇത്തവണ അതും തെറ്റി. കുമരകത്തു നിന്നും ഞങ്ങളുടെ വാഹനം വൈകിട്ട് അഞ്ചരയ്ക്ക് യാത്ര ആരംഭിച്ചതു മുതൽ, രാത്രി ഏതാണ്ട് പതിനൊന്നു മണിയ്ക്ക് ടെക്നോപാർക്കിൽ എത്തുന്നത് വരെ, ഒരു നിമിഷം പോലും നിർത്താത്ത അന്താക്ഷരിയായിരുന്നു വണ്ടിയിൽ. അതും മലയാളഗാനങ്ങൾ കൊണ്ട്!
ആ ഗാനങ്ങളുടെ രചയിതാക്കൾ ആരെങ്കിലും അതു കേൾക്കാൻ ഇടവന്നിരുന്നെങ്കിൽ ...?
എന്തു തന്നെയായാലും ഒന്ന് പറയാം. ജീവിതത്തിൽ ഇതേ വരെ നടത്തിയ വിനോദയാത്രകളിൽ, ഏറ്റവും നന്നായി ആസ്വദിച്ച യാത്രകളിൽ ഒന്നായിരുന്നു ഇത്. ഇത്രയധികം ആളുകളുണ്ടായിട്ടും, രണ്ടു പകലും ഒരു രാത്രിയും മുഴുവനും ഉണ്ടായിട്ടും, അസ്വാരസ്യത്തിന്റെ ഒരു നുറുങ്ങുപോലും ഇല്ലാതെ, നോൺസ്റ്റോപ്പ് ആയി ആസ്വദിച്ച ഒരു യാത്ര. അതും സ്ത്രീകളും പുരുഷന്മാരും കുട്ടികളും എല്ലാം ഒന്നു പോലെ ആസ്വദിച്ചത്. ഒരു നിമിഷം പോലും ബോറടിയ്ക്കാത്ത, ഒരു നിമിഷം പോലും സ്വന്തം ജീവിതത്തിലെയോ, ഔദ്യോഗിക കാര്യങ്ങളിലെയോ ഒന്നും ഒരു ടെൻഷനുകളും ഓർക്കാതെ, അറിയാതെ.... നാണം കുണുങ്ങിയായ കുമരകത്തിന്റെ ഓളപ്പരപ്പിൽ, ആ കരുതലിൽ, ആ സ്നേഹത്തലോടലിൽ,..... അങ്ങിനെ .... സ്വയം മറന്നു പോയ കുറച്ചേറെ മണിക്കൂറുകൾ!
തിരികെ വരുമ്പോൾ ഞങ്ങൾ മറ്റൊരു തീരുമാനം കൂടി എടുത്തിരുന്നു. എന്തൊക്കെയായാലും, വർഷത്തിൽ ഒരിയ്ക്കലെങ്കിലും ഇനിയും ഇത്തരമൊരു യാത്ര നടത്തണം.... ഇങ്ങിനെ എല്ലാവരോടുമൊപ്പം.
ജീവിതത്തിന്റെ ബാക്കിപത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടുന്ന ഇത്തരം ചില ഓർമ്മകൾ .... അത് എന്നും മുന്നോട്ടുള്ള ജീവിതത്തിൽ ഒരു ഊർജ്ജമാകും.
ഈ യാത്ര, മറക്കാനാവാത്ത ഒരനുഭവമായി മാറ്റിയ എല്ലാവർക്കും നന്ദി...!
സുരക്ഷിത യാത്രയേകിയ ഞങ്ങളുടെ സാരഥികളോട്, രുചികരമായ ഭക്ഷണവും സുഖകരമായ താമസവും ഒരുക്കിയ റിസോർട്ടുകാരോട്, വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പിൽ മനം കുളിർപ്പിച്ച സവാരി നൽകിയ പുരവഞ്ചിക്കാരോട്, പാട്ടും ഡാൻസുമായി യാത്ര കൊഴുപ്പിച്ച സുഹൃത്തുക്കളോട്, യാത്രയിൽ ഉടനീളം ആവേശവും ചടുലതയും പകർന്നേകിയ ഞങ്ങളുടെ കൂട്ടത്തിലെ കുട്ടിപ്പട്ടാളത്തോട്, ഈ യാത്ര സംഘടിപ്പ്യ്ക്കുവാൻ ഏറ്റവും കൂടുതൽ അധ്വാനിച്ച ഞങ്ങളുടെ സുഹൃത്തിനോട്, ബാക്കി സംഘാടകരോട്, മലയാള ഗാനങ്ങൾ ഇങ്ങനെയും പാടാൻ പറ്റും എന്ന് മനസിലാക്കി തന്ന നോൺസ്റ്റോപ് അന്താക്ഷരിക്കാരോട് ......
എല്ലാത്തിനും പുറമെ, കടുത്ത വെയിൽ ഏല്പിയ്ക്കാതെ ഞങ്ങളെ കാത്ത, യാത്രയിൽ ഉടനീളം നനുത്ത മഴയും, കുളിരുള്ള കാറ്റും, പിന്നെ മനം നിറയ്ക്കുന്ന ചാരുദൃശ്യങ്ങളും ഞങ്ങൾക്ക് പകർന്നു നൽകിയ, പ്രകൃതീശ്വരിയോട്....... എല്ലാവരോടും, എല്ലാവർക്കും വേണ്ടി, ഒരായിരം നന്ദി പറയുന്നു...
ഒരുപാട് കാലം, ഞങ്ങളുടെയെല്ലാം ഉള്ളിൽ ഈ ഓർമ്മകൾ അങ്ങിനെ മായാതെ നിൽക്കും.
ഏയ് .... മറന്നതല്ല .... സുദീർഘമായ ഈ വായനായാത്രയിൽ ഇതുവരെ ഒപ്പം നിന്ന, എന്റെ എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും .... ഒരു കൈക്കുടന്ന നിറയെ നന്ദി...!
ആശംസകളോടെ..... ബിനു മോനിപ്പള്ളി
ഒരു പക്ഷെ ഈ യാത്രാവിവരണത്തിന്റെ തലക്കെട്ട് വായിച്ചപ്പോൾ, ചിലർക്കെങ്കിലും ഒരു സംശയം ഉണ്ടായിക്കാണും. കുങ്കുമ ചേലാർന്ന കുമരകം ഓകെ, പക്ഷെ എന്താണ് അവിടെ തുള്ളിത്തുളുമ്പിയത് എന്ന്? അല്ലേ ? പറയാം. ഓളങ്ങളിൽ ഇളകിയാടുന്ന പുരവഞ്ചി യാത്രയിൽ തനു തുളുമ്പി; കണ്ണും കരളും നിറയ്ക്കുന്ന മഹോഹര ദൃശ്യങ്ങളിൽ മനം തുളുമ്പി; പിന്നെ ചിലരുടെയൊക്കെ മുന്നിലിരുന്ന ഗ്ളാസുകളിൽ നുര തുളുമ്പി. അപ്പോൾ പിന്നെ, ആ തലക്കെട്ടു തന്നെയല്ലേ ഏറ്റവും ഉചിതമായത്?
കുമരകം യാത്രയ്ക്ക് തയ്യാറെടുക്കുന്നവരോട്: ഒരു പക്ഷെ നിങ്ങളിൽ പലരും ഇതിനകം പോയിട്ടുള്ള സ്ഥലമാകാം കുമരകം. അല്ലായെങ്കിൽ, തീർച്ചയായും ഒരിയ്ക്കലെങ്കിലും പോകണം. പോകുമ്പോൾ ഒരു കുടുംബം മാത്രമായി പോകരുത് മറിച്ച്, മൂന്നോ നാലോ കുടുംബങ്ങൾ ഒരുമിച്ചു പോകുക. ഒരു രാത്രി പുരവഞ്ചിയിൽ താമസിയ്ക്കാനോ, അല്ലെങ്കിൽ പൂൾ സൗകര്യമുള്ള ഏതെങ്കിലും ഒരു റിസോർട്ടിൽ മുറിയെടുത്ത് താമസിയ്ക്കാനോ പറ്റുന്ന തരത്തിൽ. തീർച്ചയായും ജീവിതത്തിലെ ഏറ്റവും നല്ല ഒരു അനുഭവം ആയി എന്നും നിങ്ങളുടെ മനസ്സിൽ അതുണ്ടാകും.
നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിനു ഹാനികരം
*************
Blog: https://binumonippally.blogspot.com
Comments
Post a Comment