ദേ ... അയാളും ഇനിയങ്ങ് എഴുതാൻ പോവ്വാന്ന് .....
ദേ ... അയാളും ഇനിയങ്ങ് എഴുതാൻ പോവ്വാന്ന് .....
"ശോ .... ഇതിപ്പം എത്ര ദിവസമായി ഇങ്ങനെ ഈ ഇരിപ്പു തുടങ്ങിയിട്ട് ..... ഇനിയിപ്പം എന്ത് പറഞ്ഞു ലീവ് നീട്ടിയെടുക്കും .....?"
അയാൾ ആകെ ബേജാറിലായി .....
പണ്ട് സ്‌കൂളിൽ ഒരുമിച്ചു പഠിച്ചിരുന്ന ആ പഹയൻ, അവനാണ് ഇതിനെല്ലാത്തിനും കാരണം .... ദുഷ്ടൻ. അന്നൊരു പഞ്ചപാവം ആയിരുന്നു അവൻ. കാര്യമായി ആരോടും ഒന്നു സംസാരിയ്ക്കുക പോലും ചെയ്യാത്തവൻ. പിന്നെ, ഒരുപാട് വർഷങ്ങളായി അവനെപറ്റി ഒരറിവും ഉണ്ടായിരുന്നുമില്ല.
ദാ ... ഏതാണ്ട് ഒരു കൊല്ലം മുൻപാണ് അവനെ വീണ്ടും കാണുന്നത് ...അതും ദേ ഈ എഫ്ബിയിൽ.
നിങ്ങക്കറിയാവോ? ചുമ്മാ എന്തൊക്കെയോ കാളംപൂളം എഴുതിവിട്ട് അവൻ എത്ര ലൈക്‌സും കമന്റ്‌സും ഒക്കെയാ വാങ്ങുന്നേന്ന്... ആ എഫ്‌ബീലും പിന്നെ വാട്സപ്പിലും ഒക്കെ...?
വിഷു വന്നാലും, ഓണം വന്നാലും, റംസാൻ വന്നാലും, ക്രിസ്തുമസ് വന്നാലുമൊക്കെ അവൻ ഓരോന്ന് എഴുതി വിടും; കഥയെന്നും, കവിതയെന്നും, പിന്നെ ഓർമ്മക്കുറിപ്പെന്നും ഒക്കെ പറഞ്ഞ്.
എന്തിനേറെ പറയുന്നു ... ഈയിടെ അവനു ചിക്കൻപോക്സ് വന്നപ്പോൾ അതിനെ കുറിച്ച് പോലും എഴുതി വിട്ടെന്നെ...
അയ്യേ.. ഇങ്ങനെ ഉണ്ടോ ഒരു എഴുത്ത് ..... ശ്ശെടാ ...
തീർന്നില്ലന്നേ... വല്യ അബദ്ധമായി പോയി ഇക്കാര്യം ഞാൻ ആ അവറാനോട് പറഞ്ഞത്.
അവറാനെ അറിയില്ലേ ? ഞങ്ങളുടെ ക്‌ളാസ്സ്‌മേറ്റ് ആയിരുന്നു. ഇപ്പോ അങ്ങ് ന്യൂസിലണ്ടിലാ..... ഇത് കേട്ടപ്പോ അവൻ എന്താ പറഞ്ഞേന്ന് അറിയാവോ ?
"എടാ അവന് എഴുതാൻ പറ്റുമെങ്കിൽ നിനക്കും പറ്റൂടാ .... നീ ഒന്ന് ട്രൈ ചെയ്തു നോക്കടാ .... എഫ്ബിൽ സ്റ്റാറാവാടാ ..... "
"ഓ ...അതൊന്നും എന്നെക്കൊണ്ടു പറ്റില്ലടാ... അവറാനെ ..."
"ഇല്ലടാ.... നിന്നെ കൊണ്ട് പറ്റും ..... അവൻ എങ്ങിനെയാ ഇതൊക്കെ എഴുതിയേന്നാ?"
"എങ്ങിനെയാ?.."
"എടാ മണ്ടാ .. അവന്റെ ഉള്ളിൽ ആ എഴുത്തുകാരനുണ്ടല്ലോ അവനങ്ങിനെ ഉറങ്ങി കെടക്കുവാർന്നു .... ഇവൻ അവനെയങ്ങു വിളിച്ചേൽപ്പിച്ചു ...അത്രേ ഉള്ളട ...."
"ആണോ ?"
"പിന്നല്ലാതെ ... നീയും അവനെ അങ്ങ് വിളിച്ചേപ്പിയ്ക്ക് ..... അപ്പോൾ നിനക്കും എഴുതാൻ പറ്റൂടാ ...."
എന്തിനു കൂടുതൽ പറയുന്നു ?
അന്ന് തുടങ്ങിയതാ വിളിച്ചേൽപ്പിക്കാൻ ... പക്ഷേ എവിടെ ഏൽക്കാൻ ...? ആര് ഏൽക്കാൻ ....!
ഇപ്പളാണേൽ ആ അവറാൻ ഉണ്ടല്ലോ, അവൻ എന്നും രാവിലെ വാട്സാപ്പിൽ വന്നു തിരക്കും ... "എഴുതിയോടാ ...എഴുതിയോടാ ..?" എന്ന്. നല്ല പച്ചത്തെറി പറയാൻ ആണ് അന്നേരം തോന്നുന്നെ. കശ്മലൻ.... ബാക്കിയുള്ളോന്റെ സ്വൈര്യം കളഞ്ഞിട്ടു, രാവിലെ കുശലം ചോദിയ്ക്കാൻ വന്നേക്കണ്. നീ അവറാനല്ലടാ .......
പിന്നെ തെറിവിളി അങ്ങ് വേണ്ടെന്നു വയ്ക്കും. പാവം, എല്ലാം എന്റെ നല്ലതിനാണല്ലോ...!
ഛെ ... ഇങ്ങനെ പേനയും പിടിച്ചു കുത്തിയിരിയ്ക്കാൻ തുടങ്ങിയിട്ട് ദിവസം കുറെ ആയി ... ഒരൊറ്റ വരി പോലും എഴുതാൻ പറ്റിയില്ല എന്നതോ പോട്ടെ, എന്തെഴുതണം എന്നു പോലും ഒരു തീരുമാനോം ആയില്ല, ഇതുവരെ. .....!
ഇടയ്ക്കു വിചാരിച്ചു, സ്വന്തമായി എഴുതാൻ പറ്റുന്നില്ലേൽ, വേറെ ആരേലും എഴുതിയത്, വല്ല പഴയ മാസികേന്നും തപ്പിയെടുത്ത് പേരുമാറ്റിയങ്ങ് കേറ്റിവിട്ടാലോ എന്ന് .... ആരറിയാനാ ?
അയ്യോ... അപ്പോൾ ആണ് നമ്മടെ മറ്റേ കാര്യം ഓർത്തത് ... ഏത് ?
ഇത്തിരിനാൾ മുൻപ് വരെ ശുക്രനക്ഷത്രം പോലെ എഫ്ബിയിൽ കത്തിനിന്ന ചിലർ, ഇങ്ങിനെയെന്തൊക്കെയോ ചെയ്തിട്ടു പിന്നെ വെറും വാൽനക്ഷത്രം പോലെ ആയ കാര്യം.
അയ്യോ.... അപ്പണി വേണ്ടേ... വേണ്ട.
അല്ലേൽ, ഇനി ഒന്നും വേണ്ട. തനിയ്ക്ക് ഇതൊന്നും ശരിയാവില്ല തന്നെ. നാളെ തന്നെ ജോലിയ്ക്കു പോയേക്കാം. വെറുതെ എന്തിനാ ഇനീം ആ മാനേജരുടെ വായിൽ ഇരിയ്ക്കുന്ന ബാക്കി ചീത്ത കൂടെ കേൾക്കുന്നെ.
പേന അടച്ചു, എഴുതാനുള്ള പേപ്പറും മടക്കി.
പെട്ടെന്നാണ് അയാൾ ഓർത്തത്.
ശ്ശെടാ ... ഈ സിനിമേലോക്കെ എഴുത്തുകാര് എല്ലായ്പ്പോഴും ഒരു ബീഡി ഒക്കെ കത്തിച്ചു വലിച്ചോണ്ടാണല്ലോ കഥ എഴുതുന്നത് എന്ന്. ഇനി അതൊന്നു പരീക്ഷിച്ചാലോ? ചിലപ്പം അങ്ങ് ക്ലിക് ആയാലോ .... ?
വേഗം പോയി സഹമുറിയന്റെ അലമാരയിൽ നിന്നും ഒരു ബീഡി തപ്പി എടുത്തു. കൂടെ ഒരു തീപ്പെട്ടിയും.
ഓഹ്... ഈ തീപ്പെട്ടിയാണെങ്കിൽ ഉരച്ചിട്ടും ഉരച്ചിട്ടും കത്തുന്നുമില്ല ... ആകെ തണുത്തിരിയ്ക്കുന്നു .... തിരിച്ചും മറിച്ചും ഉരച്ചു നോക്കി ... എവിടെ കത്താൻ ?
ദേഷ്യത്തോടെ തീപ്പെട്ടി എറിയാൻ ഓങ്ങിയപ്പോളാണ് ഓർത്തത്. ചെറുപ്പത്തിൽ എത്രയോ തവണ താൻ "തീപ്പെട്ടിഞൊട്ട്" കളിച്ചിരിയ്ക്കുന്നു.
എന്ത് രസമായിരുന്നു അത് ?
വൈദ്യുതി എത്തിനോക്കാത്ത ഒരു ഗ്രാമം ആയിരുന്നു തന്റേത് ..... കുഗ്രാമം എന്നൊക്കെ വേണെങ്കിൽ ഒരു ഭംഗിയ്ക്ക് പറയാം. നേരം ഇരുട്ടിയാൽ ചീവിടുകളുടെയും, പിന്നെ മാക്കാച്ചിത്തവളകളുടെയും ഒക്കെ താരാട്ടുപാട്ടുകൾ, തലങ്ങും വിലങ്ങും മുഴങ്ങിയിരുന്ന ഗ്രാമം!
എന്നും അത്താഴം കഴിച്ചു കഴിഞ്ഞാൽ, അച്ഛനും പിന്നെ ഞങ്ങൾ മൂന്നു മക്കളും കൂടെ തീപ്പെട്ടിഞൊട്ടു കളിയ്ക്കാനിരിയ്ക്കും.
ഊണ് മേശയിൽ, തണ്ടുനീളം കൂടിയ ഒരു ഓട്ടുവിളക്ക് എടുത്ത്, നടുവിലായി വയ്ക്കും വെളിച്ചം കിട്ടാൻ. എന്നിട്ടു രണ്ടു പേർ വീതം മേശയുടെ അപ്പുറത്തും ഇപ്പുറത്തും, കസേരകളിൽ ഇരിയ്ക്കും.
ഒരു തീപ്പെട്ടി എടുക്കും. അതാണ് പ്രധാന(ഏക) കളിസാധനം.
മേശയുടെ അരികിൽ, ഏതാണ്ട് പകുതി ഭാഗം പുറത്തേയ്ക്കു തള്ളി ആ തീപ്പെട്ടി അങ്ങിനെ ബാലൻസു ചെയ്തു വയ്ക്കും. പിന്നെ വലതു കയ്യുടെ പെരുവിരൽ ഉപയോഗിച്ച് ഒരൊറ്റ ഞൊട്ടാണ് (കാരംസിൽ സ്ട്രൈക്കർ അടിയ്ക്കുന്നതു പോലെ).
ഉയർന്നു തെറിയ്ക്കുന്ന തീപ്പെട്ടി, പലവട്ടം കരണം മറിഞ്ഞു മേശയിൽ തന്നെ വീഴും. (മേശയിൽ നിന്നും താഴെയാണ് വീഴുന്നത് എങ്കിൽ അത് ഫൗൾ ആണ്, അതോടെ ആ കളിക്കാരന്റെ ഊഴം തീർന്നു. തീപ്പെട്ടി അടുത്ത ആൾക്ക്).
മേശയിൽ വീഴുന്ന തീപ്പെട്ടിയുടെ പൊസിഷൻ അനുസരിച്ചാണ് കേട്ടോ പോയിന്റ്.
തീപ്പെട്ടി കുത്തി നിന്നാൽ 10 പോയിന്റ്.
വശംകുത്തി നിന്നാൽ 5 പോയിന്റ്.
തീപ്പെട്ടി മലർന്നു വീണാൽ (അതായത് പടമുള്ള വശം മുകളിലേയ്ക്ക് ) 1 പോയിന്റ്.
കമിഴ്ന്നു വീണാൽ (അതായത് പടമുള്ള വശം അടിയിലേയ്ക്ക്) പോയിന്റ് ഇല്ല. പകരം, അടുത്തയാൾക്കു തീപ്പെട്ടി കൈമാറണം.
അഞ്ചോ, പത്തോ, ഒന്നോ ഒക്കെ പോയിന്റ് കിട്ടിയാൽ, വീണ്ടും അതേ കളിക്കാരന് തന്നെ ഞൊട്ടാം.
ഇതിങ്ങനെ ഓരോ റൌണ്ടും കറങ്ങി വരും. അതിനനുസരിച്ചു വാശി കൂടിക്കൊണ്ടേയിരിയ്ക്കും. കൂടെ, ചെറിയ ചില കള്ളത്തരങ്ങളും.
വളരെ പതുക്കെ ഞൊട്ടി, 10 പോയിന്റിനുള്ള ശ്രമം മിക്കപ്പോഴും വൻ തർക്കത്തിൽ കലാശിയ്ക്കും... തങ്ങളുടെ ഒച്ച കൂടുമ്പോൾ, അടുക്കള ഭാഗത്തു നിന്നും അമ്മയുടെ ഒച്ചയും ഉയരും .... "ഞാനങ്ങു വന്ന് ആ തീപ്പെട്ടി എടുത്ത് അടുപ്പിൽ ഇടണോ .... അതോ ?....".
അതോടെ എല്ലാം നിശബ്ദം ... പതുക്കെ, ഒച്ചയില്ലാതെ കളി തുടരും.
മിക്കവാറും അമ്പതോ നൂറോ പോയിന്റിനാവും കളി. അതും പന്തയം വച്ച്.
പന്തയം എന്താന്നറിയാവോ? പിറ്റേന്നത്തെ നാലുമണി ചായയോടൊപ്പമുള്ള പലഹാരത്തിൽ നിന്നും ഒരണ്ണം ആയിരിക്കും. തോറ്റവർ എല്ലാരും തങ്ങളുടെ വീതത്തിൽ നിന്നും ഒരെണ്ണം, ജയിച്ച ആളിന് കൊടുക്കണം.
ശോ... എന്ത് രസായിരുന്നു ...!
ഈ കളി അറിയാമോ എന്ന്, 24 മണിക്കൂറും പബ്‌ജി കളിക്കുന്ന ഇന്നത്തെ പിള്ളേരോട് ചോദിയ്ക്കേണ്ടതില്ലല്ലോ. അല്ലേ ?
പോട്ടെ ... ഈ കളി, നിങ്ങൾ രക്ഷിതാക്കൾ ആരെങ്കിലും (നിങ്ങളുടെ ചെറുപ്പത്തിൽ) കളിച്ചിട്ടുണ്ടോ? ഉള്ളവർക്കറിയാം, ചീട്ടുകളിയേക്കാൾ സ്പിരിറ്റ് ആണ് പലപ്പോഴും ഇതിന്. അല്ലേ? മണിക്കൂറുകൾ കടന്നു പോകുന്നത് അറിയുകയേയില്ല.
ഓരോ തവണ തോൽക്കുമ്പോഴും വാശി കൂടും. ഒരു തവണ കൂടെ കളിയ്ക്കാൻ വേണ്ടി, തോൽക്കുന്നവർ കെഞ്ചും. അപ്പോൾ അവർക്ക് ജയിക്കാമല്ലോ എന്ന പ്രതീക്ഷയിൽ.
അഥവാ, നിങ്ങളാരും ഇതു കളിച്ചു നോക്കിയിട്ടില്ലെങ്കിൽ, ഇന്നു തന്നെ ഒന്നു ശ്രമിച്ചു നോക്കിക്കേ ... വേറെ കാശു മുടക്കുള്ള ഒരു സാധനവും വേണ്ട. ആകെ വേണ്ടത് ഒരു തീപ്പെട്ടി മാത്രം ...പിന്നെ കളിയ്ക്കാനായി, കുറഞ്ഞത് രണ്ടു പേരും.
അയ്യടാ ...
നമ്മുടെ തീപ്പെട്ടിഞൊട്ടു കളിയെപ്പറ്റി പറഞ്ഞു പറഞ്ഞ്, കയ്യിലിരുന്ന തീപ്പെട്ടി ചൂടായല്ലോ ... ഇനി ഒന്ന് കത്തിച്ചു നോക്കട്ടെ..
ദാ കത്തിയല്ലോ ... രക്ഷപ്പെട്ടു.
എന്നാ പിന്നെ ശരി ... നിങ്ങൾ തീപ്പെട്ടിഞൊട്ട് ഒന്നു പരീക്ഷിച്ചു നോക്ക്.
താൻ ഒരു ബീഡി കത്തിച്ച് ഒന്നുകൂടി ഒന്നു ശ്രമിച്ചു നോക്കട്ടെന്നേ .... ഒരു അവസാന ശ്രമം.
എന്നിട്ടു വേണം അതൊന്ന് ആ എഫ്ബിയിൽ ഇട്ടു നാല് ലൈക് വാങ്ങിയ്ക്കാൻ ... അതൊന്നും അവൻ മാത്രം അങ്ങു മേടിച്ചാൽ പോരല്ലോ .... എനിയ്ക്കും അത് കുറച്ചു കിട്ടിയാൽ എന്താ പുളിയ്ക്കുമോ?
ഹല്ല പിന്നെ... താനും ഒരു മലയാളി തന്നെടെയ്...!! തനി നാടൻ....!!
****
അങ്ങിനെ അയാൾ എഴുതാൻ തുടങ്ങുകയാണ് കേട്ടോ.വായിക്കാനും, പിന്നെ ലൈക്കാനും നിങ്ങൾ ഒപ്പം ഉണ്ടാകണേ.... ഒരു പാവല്ലേ അയാൾ ...!!
-- ബിനു മോനിപ്പള്ളി
*************
Blog: https://binumonippally.blogspot.com
ചിത്രത്തിന് കടപ്പാട് : ഗൂഗിൾ ഇമേജസ്
Comments
Post a Comment