ഇവരുടെ കഷ്ടപ്പാടുകൾ കാണേണ്ടതല്ലേ? [ലേഖനം]

ഇവരുടെ കഷ്ടപ്പാടുകൾ കാണേണ്ടതല്ലേ ? ആരുടെ ? എന്നാണോ ? നമുക്കൊക്കെ സുഗമമായ യാത്ര ഒരുക്കുന്നതിന് വേണ്ടി, മഴയെന്നോ വെയിലെന്നോ ഉള്ള വ്യത്യാസമില്ലാതെ, നടുറോഡിൽ കഷ്ടപ്പെടുന്ന പാവം ട്രാഫിക് പോലീസുകാരുടെയും, ട്രാഫിക് വാർഡൻമാരുടെയും കഷ്ടപ്പാടുകളെ കുറിച്ചാണ് സൂചിപ്പിച്ചത്. നമ്മൾ എന്നും കാണുകയും, എന്നാൽ പലപ്പോഴും പലരും ശ്രദ്ധിയ്ക്കാതെ പോകുകയും ചെയ്യുന്ന ആ കാര്യം വായനക്കാരുടെ ശ്രദ്ധയിൽ പെടുത്താനും, അതുവഴി ബന്ധപ്പെട്ട അധികൃതരുടെ അടിയന്തിര ഇടപെടൽ ഉണ്ടാകാനും വേണ്ടിയാണ് ഇങ്ങനെ ഒരു ലേഖനം. ഇതുമായി ബന്ധപ്പെട്ട്, കുറച്ചുനാൾ മുൻപ് ഞാൻ നേരിട്ടു കണ്ട രണ്ടു കാര്യങ്ങൾ പറയാം. ഒരു ദിവസം ഏതാണ്ട് ഉച്ചയോടടുത്ത സമയം, തിരുവനന്തപുരം നഗരത്തിലെ ഏറ്റവും തിരക്കാർന്ന ജംഗ്ഷനുകളിൽ ഒന്നായ ശ്രീകാര്യം വഴി കടന്നു പോകേണ്ടി വന്നു. രണ്ടു പോലീസുകാർ, ആ നട്ടുച്ച വെയിലിൽ വണ്ടികൾ നിയ്രന്തിയ്ക്കാൻ പെടാപ്പാട് പെടുന്നത് കണ്ടു ശരിയ്ക്കും സങ്കടം തോന്നിപ്പോയി. കുടചൂടിയാൽ പോലും സഹിയ്ക്കാൻ ബുദ്ധിമുട്ടുള്ള ആ കൊടുംചൂടിൽ, ഫുൾ യൂണിഫോമിൽ, തൊപ്പിയും വച്ച്, നടുറോഡിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന പാവങ്ങൾ...