'ജടയറ്റകാവി'ൽ ഒരിത്തിരിനേരം [ വയനാടൻ ടൂർ ഡയറി - 2022: ഭാഗം-5]
'ജടയറ്റകാവി'ൽ ഒരിത്തിരിനേരം
[വയനാടൻ ടൂർ ഡയറി - 2022: ഭാഗം-5]
2021 ലെ ഓണക്കാലത്ത് നമ്മൾ പങ്കുവച്ച ആ യാത്രാക്കുറിപ്പിൽ, ഈ കേരനാട്ടിലെ ഒരു ചെറിയ നാട്ടുഗ്രാമത്തിലുള്ള, വാല്മീകി ആശ്രമത്തിന്റെയും, അതിനോട് ചേർന്ന മുനിപ്പാറയുടെയും, പിന്നെ അനേകം വാമൊഴികളിലൂടെ, ഇന്നും ആ നാട്ടിൻപുറത്തെ സന്ധ്യാമാരുതനിൽ അലസമായ് അലയടിയ്ക്കുന്ന ലവ-കുശ കുസൃതികളുടെയും ഒക്കെ, ചില അറിയാക്കാര്യങ്ങൾ പറഞ്ഞിരുന്നു.
പുൽപ്പള്ളിക്കാരായ വായനക്കാർ പലരും, അന്നെന്നോട് ചോദിച്ചിരുന്നു, "... ഞങ്ങളുടെ വാല്മീകി ആശ്രമത്തെക്കുറിച്ച് ഇത്രയൊക്കെ പറഞ്ഞിട്ടും, എന്തേ ജടയറ്റകാവിനെ കുറിച്ച് ഒന്നും പറഞ്ഞില്ല?" എന്ന്. അന്ന് ഞാൻ അവർക്ക് വാക്ക് നൽകിയിരുന്നു, അത്തരമൊരു സ്ഥലത്തെക്കുറിച്ച് എനിയ്ക്ക് അറിവുണ്ടായിരുന്നില്ല എന്നും, ഇനിയൊരിയ്ക്കൽ വയനാട്ടിൽ എത്തുമ്പോൾ തീർച്ചയായും അവിടം സന്ദർശിയ്ക്കാം എന്നും. ഇതാ ഇത്തവണ ആ വാക്ക് പാലിയ്ക്കുന്നു.
പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിൽ നിന്നും അധികം അകലെയല്ലാതെയാണ് ജടയറ്റകാവ് സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ, ആ പേര് കുറച്ചുകൂടി ലോപിച്ച് 'ചേടാറ്റിൻകാവ്' എന്നാണ് പൊതുവെ അറിയപ്പെടുന്നത്.
ഐതിഹ്യം: സീതാദേവി പുല്ലിൽ പള്ളികൊണ്ടതിനാൽ പുൽപ്പള്ളിയായിത്തീർന്ന നാട്ടിൽ, രാമായണകഥാ സംബന്ധിയായ ഏറെ ക്ഷേത്രങ്ങളും, ഐതിഹ്യങ്ങളും ഒക്കെ ഇന്നും നിലനിൽക്കുന്നുണ്ട്.
തന്റെ അവതാരലക്‌ഷ്യം പൂർത്തിയാക്കിയ സീതാദേവി, അയോധ്യയിലേയ്ക്ക് മടങ്ങി വരണം എന്നുള്ള ശ്രീരാമന്റെ അഭ്യർത്ഥന നിരസിച്ച്, സ്വമാതാവായ ഭൂമീദേവിയുടെ മടിത്തട്ടിലേയ്ക്ക് മടങ്ങിയത്, ഈ കാവിൽ വച്ചത്രേ. ആകെ പരിഭ്രാന്തനായ ശ്രീരാമൻ ആ സമയത്ത്, അന്തർധാനം ചെയ്യുന്ന സീതാദേവിയുടെ മുടിയിൽ പിടിച്ചുകൊണ്ട് തിരികെ മുകളിലേയ്ക്ക് ഉയർത്തുവാൻ തുനിഞ്ഞുവെന്നും, ദേവിയുടെ കുറച്ചു മുടികൾ (ജട) മാത്രം അദ്ദേഹത്തിന്റെ ആ കൈകളിൽ അവശേഷിയ്ക്കുകയും ചെയ്തുവെന്നുമാണ് ഐതിഹ്യം.
ആ ജടയുടെ ഓർമ്മ ജനിപ്പിയ്ക്കും വിധമുള്ള, ചില ഇലയില്ലാ വള്ളികൾ ഇവിടുത്തെ മരങ്ങളിൽ ഉണ്ടായിരുന്നുവെന്ന്, ചില പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. അതുപോലെ തന്നെ, അന്ന് ഭൂമി പിളർന്നുണ്ടായ ആ അഗാധഗർത്തത്തിന്റെ ചില നീക്കിയിരുപ്പുകളും ഈ അമ്പലമുറ്റത്ത് ഉണ്ടായിരുന്നുവത്രെ.
കാലാതീതമായ ആ അവശേഷിപ്പുകളുടെ മൂല്യമോ പ്രാധാന്യമോ അറിവില്ലാത്തതു കൊണ്ടാകാം, അവയൊന്നും വേണ്ടരീതിയിൽ സംരക്ഷിയ്ക്കപ്പെട്ടില്ല. അതുകൊണ്ടു തന്നെ, ഒന്നും ഇന്ന് ഒരല്പവും അവശേഷിയ്ക്കുന്നുമില്ല.
സീതാദേവി അന്തർധാനം ചെയ്ത, പവിത്രവും പരിപാവനവുമായ ആ പുണ്യ സ്ഥാനത്ത് ഇപ്പോൾ മുടങ്ങാതെ ദീപം തെളിയിയ്ക്കുന്നു. കൂടാതെ, അവിടെ അഞ്ചടി സമചതുരത്തിൽ കൃഷ്ണശിലയിൽ തീർത്ത വലിയൊരു ഒരു സഹസ്രദളപദ്മസ്തൂപം ഉടൻ തന്നെ സ്ഥാപിയ്ക്കാനുള്ള പദ്ധതിയിലുമാണ്.
പുനരുദ്ധാരണം: മുകളിൽ നമ്മൾ സൂചിപ്പിച്ചതു പോലെ, അമൂല്യമായ ആ അവശേഷിപ്പുകൾ പലതും മൺമറഞ്ഞുവെങ്കിലും, ഏറെ വൈകിയെങ്കിലും, ഇപ്പോൾ ഈ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ നടന്നു വരികയാണ്.
സീതാദേവിയ്ക്കായി പുതിയ കൊച്ചുശ്രീകോവിൽ, മനോഹരമായ കൊത്തുപണികളോടെ, ചെങ്കല്ലിൽ തീർത്തിരിയ്ക്കുന്നു. ചെമ്പുപാളികൾ കൊണ്ട് തൂളിമാനവും, പിച്ചള കൊണ്ട് വാതില്പടികളും പൊതിഞ്ഞിരിയ്ക്കുന്നു.
സപ്തമാതൃക്കളുടെ ശ്രീകോവിലും അറ്റകുറ്റപ്പണികൾ തീർത്ത് പുതുക്കിയിരിയ്ക്കുന്നു.
കിഴക്കേനടയുടെ വടക്കുഭാഗത്തായി നട്ടുവളർത്തിയിരിയ്ക്കുന്ന ആ അശോകവനിയിൽ, വൃത്താകൃതിയിൽ പണിതീർക്കുന്ന ആ അശോകത്തറയിൽ, കൃഷ്ണശിലയിൽ തീർത്ത, ധ്യാനനിരതയായ സീതാദേവിയുടെ ശില്പവും തയ്യാറായി വരുന്നു.
നമ്മുടെ സന്ദർശന സമയത്ത്, വിപുലമായ രീതിയിൽ പുനഃപ്രതിഷ്‌ഠ മഹോത്സവം ഏതാനും ആഴ്ചകൾക്കുള്ളിൽ നടക്കും, എന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്. ഇപ്പോൾ തീർച്ചയായും, അതെല്ലാം ഭംഗിയായി നടന്നിട്ടുണ്ടാകും.
വാല്മീകി ആശ്രമം, ചേടാറ്റിൻകാവ്, സീതാ-ലവ-കുശ ക്ഷേത്രം തുടങ്ങി നിരവധി പുരാതന ക്ഷേത്രങ്ങളുടെ നാടാണ് പുൽപ്പള്ളി. മറ്റു ക്ഷേത്രങ്ങളിൽ ഉപദേവതകളായി മാത്രം നാം കാണുന്ന സപ്തമാതൃക്കളെ, ജടയറ്റകാവിൽ ഏറെ പ്രാധാന്യത്തോടെ പ്രതിഷിച്ചിരിയ്ക്കുന്നു എന്നതും, അതോടൊപ്പം ഗണപതിയേയും, വീരഭദ്രനെയും കുടിയിരുത്തിയിരിയ്ക്കുന്നു എന്നതും, ഇവിടുത്തെ മാത്രം പ്രത്യേകതയത്രെ.
ശ്രീരാമ-ലക്ഷ്മണ-ഭരത-ശത്രുഘ്‌നൻമാരും, കൂടെ ലവ-കുശ, വാൽമീകി, ഹനുമാനുമൊപ്പം, അസംഖ്യം ദേവഗണങ്ങളും, സീതാദേവിയുടെ അന്തർധാന രംഗത്ത് സന്നിഹിതരായിരുന്ന, ആ പുണ്യഭൂമിയിൽ അല്പനേരം ചിലവഴിയ്ക്കാൻ കഴിഞ്ഞ സംതൃപ്തിയോടെ, ഞങ്ങൾ തൊഴുതിറങ്ങി.
കൂടുതൽ യാത്രാ വിശേഷങ്ങൾ അടുത്ത ഭാഗത്തിൽ.
സ്നേഹത്തോടെ
ബിനു മോനിപ്പള്ളി
**************
പിൻകുറിപ്പ്: 'ജടയറ്റകാവ്' എന്ന പേര് കേട്ടപ്പോൾ, നിബിഡമായ ഒരു കാടായിരുന്നു മനസ്സിൽ. പക്ഷേ, നേരിൽ കാണുമ്പോൾ, ഇപ്പോൾ അവശേഷിയ്ക്കുന്നത് ചെറിയ ഒരു ക്ഷേത്രവും അതിന്റെ പരിസരങ്ങളും മാത്രമാണ്. മുകളിൽ പറഞ്ഞത് പോലെ, പലപ്പോഴും കാലാതീതമായി നിലനിൽക്കേണ്ട അഥവാ നിലനിർത്തേണ്ട പലതും, അവയുടെ പ്രാധാന്യം മനസ്സിലാക്കാതെ നമ്മൾ അവഗണിയ്ക്കുന്നതിന്, മറ്റൊരു ഉദാഹരണമായി നമുക്കീ പുണ്യ-പുരാതന ക്ഷേത്രത്തെ കാണാം. അതിൽ, ഒരല്പം വിഷമവും തോന്നാതിരുന്നില്ല മനസ്സിൽ.
[2022 ഏപ്രിൽ മാസത്തിൽ നടത്തിയ സന്ദർശന വിശേഷങ്ങൾ ആണ് ഇവിടെ പറഞ്ഞത്. തൊട്ടടുത്ത മാസം (അതായത് മെയ് മാസം) പുനരുദ്ധാരണ പ്രവൃത്തികൾ ഒക്കെ പൂർത്തിയാക്കി, ക്ഷേത്രം ഭക്തർക്കായി തുറന്നു കൊടുത്തിട്ടുണ്ട്. ആ വിശേഷങ്ങളും പിന്നെ ദൃശ്യങ്ങളും, നമ്മുടെ അടുത്ത വയനാട് യാത്രയിൽ പങ്കു വയ്ക്കാം]
**************
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
Nice 👍
ReplyDelete