ക്ഷണിയ്ക്കപ്പെടാതെ പോകുമ്പോൾ .... !! [ലേഖനം]

ക്ഷണിയ്ക്കപ്പെടാതെ പോകുമ്പോൾ .... !!

[ലേഖനം] 

ഒരു പക്ഷേ, നമുക്കാർക്കു തന്നെയായാലും, ഒരുപാട് ഹൃദയവേദന ഉണ്ടാക്കുന്ന ഒരു കാര്യമാണിത്.  

നമ്മൾ സജീവമായി പങ്കെടുക്കണം എന്നും, ആഘോഷമാക്കണം, അല്ലെങ്കിൽ 'അടിച്ചു തിമിർക്കണം' എന്നുമൊക്കെ, നേരത്തെ മനസ്സിൽ കരുതിയ, ചില ആഘോഷങ്ങളിലേയ്ക്ക് അഥവാ ഒത്തുചേരലുകളിലേയ്ക്ക്, അതുമല്ലെങ്കിൽ യാത്രകളിലേയ്ക്ക് ഒക്കെ, നമ്മൾ ചിലപ്പോൾ ക്ഷണിയ്ക്കപ്പെടാതെ പോകും.

ഇനിയും ചിലപ്പോൾ, കൂട്ടത്തിൽപ്പെട്ട മറ്റെല്ലാവരെയും ക്ഷണിച്ചിട്ടും, നിങ്ങളെ മാത്രമാണെങ്കിലോ ക്ഷണിയ്ക്കാതിരിയ്ക്കുന്നത്? അപ്പോൾ മേല്പറഞ്ഞ ആ വേദന അല്ലെങ്കിൽ വിഷമം, ഇരട്ടിയാകും. അല്ലേ?

ക്ഷണിയ്ക്കപ്പെട്ടവരിൽ ആരെങ്കിലും, അറിഞ്ഞോ അറിയാതെയോ "ഹാ ... നീ വരുന്നില്ലേ...?" എന്നോ "നിന്നെ ഇന്നലെ കണ്ടില്ലല്ലോ... എന്ത് പറ്റി?" എന്നോ ഒക്കെ ചോദിയ്ക്കുക കൂടി ചെയ്താലോ?

അത് ശരി... ആ വിഷമത്തെ കുറിച്ച് വീണ്ടും, വീണ്ടും ഇങ്ങിനെ ഓരോന്ന് പറഞ്ഞുപറഞ്ഞ്, പിന്നെയും വിഷമിപ്പിക്കാനാണോ ഇവിടെ ഈ ലേഖനത്തിലും ശ്രമിയ്ക്കുന്നത്? 

എന്നാവും ഇപ്പോൾ നിങ്ങൾ ചിന്തിയ്ക്കുന്നത്? അല്ലേ?

ഒരിയ്ക്കലുമല്ല.

മറിച്ച്, മേല്പറഞ്ഞ തരത്തിലുള്ള അനുഭവമോ, അനുഭവങ്ങളോ, എപ്പോഴെങ്കിലും നിങ്ങൾക്കുണ്ടായിട്ടുണ്ടെങ്കിൽ, അഥവാ ഭാവിയിൽ ഇനി  ഉണ്ടാവുകയാണെങ്കിൽ, അതിൽ ഒരു വിഷമവും തോന്നേണ്ടതില്ല, എന്ന് ഉറപ്പിച്ചങ്ങ്  പറയാനാണ്. 

അത്ര ഉറപ്പോടെ അങ്ങിനെ പറയാൻ, വ്യക്തമായ ചില കാരണങ്ങളുമുണ്ട്.

ആദ്യം പറഞ്ഞത് പോലെ, പങ്കെടുക്കണം എന്ന് നിങ്ങൾ ഏറെ ആഗ്രഹിച്ച ഒരു ചടങ്ങിലേയ്ക്ക് നിങ്ങൾ ക്ഷണിയ്ക്കപ്പെട്ടില്ലെങ്കിൽ, അതിന് രണ്ടേ രണ്ട് കാരണങ്ങളേ ഉള്ളൂ.

1. ആ ചടങ്ങിന്റെ സംഘാടകർ അഥവാ ചുമതലപ്പെട്ടവർ, എങ്ങിനെയോ (ദൗർഭാഗ്യവശാൽ), നിങ്ങളെ ക്ഷണിയ്ക്കാൻ മറന്നതാവാം.

2. നിങ്ങളുടെ സാന്നിധ്യം, ബന്ധപ്പെട്ടവർ അഥവാ ചുമതലപ്പെട്ടവർ ആ ചടങ്ങിൽ തീരെ ഇഷ്ടപ്പെടുന്നില്ല.

ഇതിൽ ഒന്നാമത്തേതാണ് കാരണമെങ്കിൽ, നമുക്കെങ്ങിനെ അവരെ കുറ്റപ്പെടുത്താനാകും? ഏതൊരു ആഘോഷത്തിലും, അതൊക്കെ സ്വാഭാവികമല്ലേ? നമ്മൾ തന്നെ സംഘടിപ്പിച്ചിട്ടുള്ള പല മുൻകാല ആഘോഷങ്ങളിലും, നമുക്കും ഇതേ പിഴവ് സംഭവിച്ചിട്ടില്ലേ? 

മിക്കവാറും ചടങ്ങൊക്കെ കഴിഞ്ഞൊന്നു സ്വസ്ഥമാകുമ്പോൾ, അവർ നിങ്ങളെ ഓർക്കും. ഒരു ക്ഷമാപണത്തോടെ, നിങ്ങളുടെ അടുത്തെത്തുകയും ചെയ്യും. അങ്ങിനെയെങ്കിൽ, എല്ലാ പരിഭവങ്ങളും മാറ്റിവച്ച്, അതങ്ങ് സ്വീകരിയ്ക്കുക. ബന്ധങ്ങളെ ഊഷ്മളമായിത്തന്നെ കൊണ്ടുപോകുക.

ഇനി, രണ്ടാമത്തേതാണ് കാരണമെങ്കിലോ? അതിലും നമുക്കവരെ കുറ്റപ്പെടുത്താൻ എന്താണ് അവകാശം? അവർ ഇഷ്ടപ്പെടാത്ത നമ്മുടെ സാന്നിധ്യം, ആ ചടങ്ങിൽ വേണമെന്ന് ആഗ്രഹിയ്ക്കാൻ അല്ലെങ്കിൽ വാശി പിടിയ്ക്കാൻ, നമുക്കെന്തവകാശം?

ചുരുക്കത്തിൽ.... ?

ഇത്തരമൊരു കാര്യം ജീവിതത്തിൽ  നമുക്കെപ്പോഴെങ്കിലും നേരിട്ടുണ്ടെങ്കിൽ, നമുക്കതിൽ യാതൊരു തരത്തിലുമുള്ള, പരിഭവമോ, വിഷമമോ ഒന്നും തോന്നേണ്ട ഒരു കാര്യവുമില്ല, എന്നതാണ് സത്യം.

ഭാവിയിൽ, ഇത്തരമൊരു കാര്യം നിങ്ങൾക്ക് നേരിടേണ്ടി വന്നാൽ? 

അപ്പോൾ, നമ്മൾ മുകളിൽ പറഞ്ഞ ആ രണ്ട് കാരണങ്ങളും പെട്ടെന്ന് മനസ്സിൽ ഒന്നോർക്കുക. ഏതാവാം ഈ കാര്യത്തിൽ ബാധകമായത് എന്ന് നിങ്ങൾ തന്നെ വെറുതെ ഒന്ന് ചിന്തിയ്ക്കുക. 

എന്നിട്ടോ? 

"ഓ .... എന്നെ വേണ്ടാത്ത ആഘോഷം പിന്നെ എനിയ്ക്കെന്തിന്?" എന്ന പോസിറ്റീവ് ചിന്തയോടെ (ധാർഷ്ട്യത്തോടെയല്ല), നിങ്ങൾ നിങ്ങളുടെ കാര്യപരിപാടികളുമായി സധൈര്യം, സന്തോഷത്തോടെ, മുന്നോട്ടുപോകുക.

നിങ്ങളെ മറന്നവരെയോ, നിങ്ങളെ ഒഴിവാക്കിയവരെയോ ഓർത്ത്, വെറുതെ വിഷമിയ്ക്കാൻ ഉള്ളതല്ലല്ലോ നിങ്ങളുടെ ഈ ജീവിതം...!!

നമ്മുടെ തന്നെ, "ഇന്ന്" എന്ന ആ കവിതയിലെ ചില വരികൾ ഒന്നുകൂടി ഓർമ്മപ്പെടുത്തിക്കൊണ്ട് നമുക്ക് ഈ ചെറുലേഖനം അവസാനിപ്പിയ്ക്കാം...!

"ഇന്നാണ് ജീവിതം ഓർക്ക നമ്മൾ

ഇന്നിന്റെ ജീവിതം ജീവിയ്ക്കുക

ഇന്നെത്ര സുന്ദരം കാൺക നമ്മൾ

ഇന്നിനെ നന്നായി ആസ്വദിയ്ക്ക..."

============

സ്നേഹപൂർവ്വം 

ബിനു മോനിപ്പള്ളി  

**************

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

                                                                     **************

ഈ ലേഖനത്തിന്റെ ശബ്ദരൂപാന്തരം കേൾക്കുവാൻ: https://www.youtube.com/watch?v=8S9qoms7O8c


Comments

  1. ബിനൂ..... നീ പറഞ്ഞത് ശരിയാണല്ലോ '. വെറുതെ ഒരോന്ന് ഓർത്ത് വിഷമിച്ചു..

    ReplyDelete
    Replies
    1. അതാണ് അജീഷേ ... അത്രേ ഉള്ളൂ കാര്യം ....

      Delete
  2. കാര്യമൊക്കെശരി.അടുത്തപരിപാടിക്ക് എന്നെ വിളിക്കാൻ മറക്കണ്ട👍👌

    ReplyDelete
    Replies
    1. ഹ ..ഹ ... തീർച്ചയായും .....

      Delete
  3. 👌👌❤️❤️

    ReplyDelete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]