ദേശീയ രാമായണ മഹോത്സവം -2022
ദേശീയ രാമായണ മഹോത്സവം -2022
[സ്വദേശാഭിമാനി ടൗൺ ഹാൾ - നെയ്യാറ്റിൻകര: ഡിസംബർ-15, 2022]
പ്രിയ സുഹൃത്തുക്കളെ,
തുഞ്ചൻ ഭക്തിപ്രസ്ഥാന പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ, 'ദേശീയ രാമായണ മഹോത്സവം' മൂന്ന് വർഷങ്ങൾക്കു മുൻപ് (കൃത്യമായി പറഞ്ഞാൽ 2019 ഡിസംബർ 19 ന്) അതിവിപുലമായ പരിപാടികളോടെ, തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ വച്ച് നടത്തിയിരുന്നു.
കൊറോണ അപഹരിച്ച പിന്നീടുള്ള ആ രണ്ടു വർഷങ്ങൾക്കു ശേഷം, ഇതാ ഇന്ന് (ഡിസംബർ-15, 2022) വീണ്ടും 'ദേശീയ രാമായണ മഹോത്സവം' നമ്മൾ സഹർഷം കൊണ്ടാടിയിരിയ്ക്കുന്നു.
രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും, പണ്ഡിത ശ്രേഷ്ഠരും, സന്യാസിവര്യരും പങ്കെടുത്ത പ്രസ്തുത പരിപാടി, രാവിലെ 10:30 ന് തുഞ്ചൻ ഭക്തിപ്രസ്ഥാന പഠനകേന്ദ്രത്തിന്റെ സെക്രട്ടറി ശ്രീ കെ രംഗനാഥന്റെ സ്വാഗത പ്രസംഗത്തോടെ, (സ്വദേശാഭിമാനി ടൗൺ ഹാൾ - നെയ്യാറ്റിൻകരയിൽ) ആരംഭിച്ചു.
സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി (ശ്രീ രാമദാസ ആശ്രമം ചെങ്കോട്ടുകോണം) നിലവിളക്ക് തെളിയിച്ച് ഔപചാരികമായ ഉദ്‌ഘാടനം നിർവ്വഹിച്ചു.
അദ്ദേഹം തന്റെ ലഘുപ്രഭാഷണത്തിൽ, മനുഷ്യർ തങ്ങളുടെ ഇഹലോക ജീവിതത്തിൽ ശാന്തിയും സമാധാനവും കത്ത് സൂക്ഷിയ്ക്കേണ്ടതിന്റെ ആവശ്യകത എടുത്ത് പറയുകയുണ്ടായി.
പ്രൊഫ. വി ടി രമ അധ്യക്ഷയായ ഉദ്‌ഘാടനചടങ്ങിനു ശേഷം, ഈ വർഷത്തെ "തുഞ്ചത്തെഴുത്തച്ഛൻ ശ്രേഷ്ടപുരസ്കാര'സമർപ്പണം ആയിരുന്നു. ബഹുമാന്യനായ കേരള ചീഫ് സെക്രട്ടറി ശ്രീ. വി പി ജോയിക്ക്ക്, കേരളത്തിന്റെ പ്രിയ കവി ശ്രീ വി മധുസൂദനൻ നായർ പുരസ്‌കാരം സമ്മാനിച്ചു.
പത്തിലധികം കവിതാ സമാഹാരങ്ങൾ, രണ്ടു നോവലുകൾ, നാല് തർജ്ജമകൾ.... ഇവയുടെ ഒക്കെ കർത്താവായ, ജോയ് വാഴയിൽ എന്ന വി പി ജോയ് സാറിന്റെ 'രാമാനുതാപം' എന്ന കൃതിയാണ് പുരസ്‌കാരത്തിന് പ്രധാനമായും പരിഗണിച്ചത്.
തുടർന്ന്, "തുഞ്ചത്തെഴുത്തച്ഛന്റെ ഭാഷ, ഭക്തി, ജ്ഞാനം" എന്ന വിഷയത്തെ അധികരിച്ചു നടന്ന സെമിനാർ, വിഷയത്തിലൂന്നിയതും ഒപ്പം ആഴത്തിലുള്ളതുമായ വിശദ വിശകലനങ്ങൾകൊണ്ട് തികച്ചും ശ്രദ്ധേയമായി.
"തുഞ്ചത്തെഴുത്തച്ഛന്റെ ഭക്തി" എന്ന വിഷയത്തെ അടിസ്ഥാനമാക്കി ആദ്യം സംസാരിച്ച ശ്രീ വി മധുസൂദനൻ നായർ, തന്റെ അനിതരസാധാരണമായ ആ ഭാഷാശൈലിയിൽ, ഒഴുക്കോടെ സംസാരിച്ചപ്പോൾ അത് കേൾവിക്കാരുടെ കാതുകൾക്ക് ശരിയ്ക്കും ഇമ്പമാകുക തന്നെ ചെയ്തു. മനുജ ജീവിതത്തിന്റെ ആകെത്തുകയിൽ, ഒന്നാം സ്ഥാനത്ത് ആത്മീയതയെയും, രണ്ടാം സ്ഥാനത്ത് ദൈവികതയേയും, മൂന്നാം സ്ഥാനത്ത് ഭൗതികതയേയും നിർത്തി, അധ്യാത്മരാമായണത്തിന്റെ ആത്മീയ വശങ്ങളെ അദ്ദേഹം അപഗ്രഥിച്ചപ്പോൾ അത് തികച്ചും വിജ്ഞാനപ്രദവുമായി.
"തുഞ്ചത്തെഴുത്തച്ഛന്റെ ജ്ഞാനം" എന്ന വിഷയത്തിൽ ശ്രീ വി പി ജോയി, ആധികാരികമായ തന്റെ പ്രഭാഷണത്തിൽ, എഴുത്തച്ഛന്റെ മാത്രമല്ല ഉള്ളൂർ മുതൽ പി കുഞ്ഞിരാമൻ നായർ വരെയുള്ള ഒട്ടനവധി മഹാകവികളുടെ കവിതാശകലങ്ങൾ കൂടി ഉൾപ്പെടുത്തിയപ്പോൾ, അത് അറിവ് പകരുക മാത്രമല്ല ചെയ്തത്; കൂടെ ഏറെ രസകരമാവുകയും ചെയ്തു.
"തുഞ്ചത്തെഴുത്തച്ഛന്റെ ഭാഷ" എന്ന വിഷയത്തെ അധികരിച്ചു സംസാരിച്ച ഡോ. എം ചന്ദ്രശേഖരൻ നായർ (അഡീ. ഡയറക്ടർ IGNOU), അതീവ ലളിതമായി സംസ്കൃതത്തിൽ നിന്നും വട്ടെഴുത്തിൽനിന്നും ഒക്കെ എങ്ങിനെയാണ് ഇത്ര സുന്ദരവും, സമ്പന്നവും, ശക്തവുമായ ഒരു ഭാഷയായി ആധുനിക മലയാളത്തെ തുഞ്ചത്താചാര്യൻ വികസിപ്പിച്ചത് എന്ന് പറഞ്ഞു വച്ചു. കൂടെ, അധികമാരും കാണാത്ത അല്ലെങ്കിൽ ശ്രദ്ധിയ്ക്കാതെ പോയ ഒരു കാര്യം കൂടി അദ്ദേഹം ചൂണ്ടിക്കാണിച്ചു. യഥാർത്ഥത്തിൽ തുഞ്ചത്തെഴുത്തച്ഛൻ ആണത്രേ ഇന്നത്തെ നമ്മുടെ കേരളത്തിന്റെ ആ ഭൂ അതിർത്തികൾ തന്നെ തീരുമാനിയ്ക്കാൻ കാരണഭൂതനായത് (അദ്ദേഹം അറിഞ്ഞു കൊണ്ടല്ലങ്കിൽ പോലും). കാരണം, ഭാഷാ അടിസ്ഥാനത്തിൽ ആണല്ലോ ഇന്നത്തെ കേരളം രൂപം കൊണ്ടത്. ആ ഭാഷ ഈ രൂപത്തിൽ ചിട്ടപ്പെടുത്തിയതോ? സാക്ഷാൽ എഴുത്തച്ഛനും.
സെമിനാറിനു ശേഷം, ശ്രീ ജോയ് സാറിന്റെ 'കാണാമറ' എന്ന കവിതാ സമാഹാരത്തിലെ 'മനസ്സറ' എന്ന കവിത ശ്രീ മധുസൂദനൻ നായർ സാർ ആലപിക്കുകയുണ്ടായി. നാറാണത്ത് ഭ്രാന്തനും, അഗസ്ത്യഹൃദയവുമൊക്കെ നമ്മുടെ കാതുകളിലേയ്ക്ക് മാത്രമല്ല, മറിച്ച് ഹൃദയാഴങ്ങളിലേക്കെത്തിച്ച അദ്ദേഹത്തിന്റെ ആ ആലാപന ശൈലിയ്ക്ക്, പ്രായം ഒരു കോട്ടവും തട്ടിച്ചിട്ടില്ല എന്ന് നിസ്സംശയം തെളിയിയ്ക്കുന്നതായിരുന്നു ഘനഗംഭീര ശബ്ദത്തിലുള്ള ആ താളാത്മക കവിതാലാപനം.
രാമായണത്തിന് ഈ കാലഘട്ടത്തിൽ അർഹിയ്ക്കുന്ന പ്രധാന്യം ലഭിയ്ക്കുന്നുണ്ടോ എന്നൊരു ചോദ്യമാണ് ശ്രീമതി വി ടി രമ തന്റെ പ്രസംഗത്തിൽ ഉന്നയിച്ചത്. നാട് മുഴുവൻ പ്രതിമകൾ കൊണ്ട് നിറഞ്ഞ, നിറയുന്ന ഈ കാലത്തും, തിരൂരിൽ പോലും ഒരു തുഞ്ചൻ പ്രതിമ സ്ഥാപിയ്ക്കാത്തതിന്റെ അനൗചിത്യവും ശ്രീമതി വി ടി രമ എടുത്തു പറഞ്ഞു.
കേരളത്തിന്റെ കലാ-സാഹിത്യ-സാംസ്‌കാരിക-സേവന രംഗങ്ങളിൽ, സ്തുത്യർഹമായ സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിയ്ക്കുന്ന ചടങ്ങായിരുന്നു പിന്നീട്.
തന്റെ സ്വതഃസിദ്ധമായ ആ ശൈലിയിൽ പരോക്ഷമായി ഒരല്പം രാഷ്ട്രീയവും മേമ്പൊടി ചേർത്ത് നടത്തിയ ഒരു ചെറുപ്രസംഗത്തിനു ശേഷം, യു ഡി എഫ് കൺവീനർ ശ്രീ. എം എം ഹസ്സനായിരുന്നു ആ ചടങ്ങ് നിർവഹിച്ചത്.
ആധുനിക മലയാളഭാഷാ പിതാവിന്റെ പേരിലുള്ള ആ ആദരവ് ഏറ്റുവാങ്ങിയവരിൽ ഒരാളാകാൻ ഭാഗ്യം സിദ്ധിച്ചതിൽ, അധികമൊന്നും അറിയപ്പെടാത്ത ഒരു എഴുത്തുകാരനായ എനിയ്ക്കുണ്ടായ സന്തോഷവും (ഒപ്പം അഭിമാനവും) അത്ര ചെറുതല്ല തന്നെ.
ശേഷം, എല്ലാവരും ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു. ഉച്ചയ്ക്ക് ശേഷം രാമായണത്തെ അധികരിച്ചുള്ള കവി സദസ്സായിരുന്നു പ്രധാന ഇനം.
ഇത്തരുണത്തിൽ ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്. ഒരുപാട് പ്രതിസന്ധികൾക്കിടയിലും, ഇത്തരം പ്രൗഢഗംഭീരമായ പരിപാടികൾ സംഘടിപ്പിയ്ക്കുവാൻ, പ്രധാന സംഘടകൻ എന്ന നിലയിൽ ശ്രീ. കെ രംഗനാഥൻ സാർ എടുക്കുന്ന ആ പ്രയത്‌നം.
ഈ ഒരു ചടങ്ങുമായി ബന്ധപ്പെട്ട്, എന്നെ പോലും അദ്ദേഹം എത്രയോ തവണ വിളിച്ചിരിയ്ക്കുന്നു. യാതൊരു ലാഭേച്ഛയുമില്ലാതെ അദ്ദേഹം നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളെ, ബന്ധപ്പെട്ടവരും ഈ സമൂഹവും ഒക്കെ വേണ്ടരീതിയിൽ പരിഗണിയ്ക്കുന്നുണ്ടോ എന്നൊരു സംശയം ബാക്കി വച്ചുകൊണ്ട് തന്നെ, ഇനിയുമേറെ പരിപാടികൾ സംഘടിപ്പിയ്ക്കുവാൻ അദ്ദേഹത്തിനും, തുഞ്ചൻ ഭക്തിപ്രസ്ഥാന പഠനകേന്ദ്രത്തിനും സാധിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു; ഒപ്പം പ്രാർത്ഥിയ്ക്കുന്നു.
============
സ്നേഹപൂർവ്വം
ബിനു മോനിപ്പള്ളി
**************
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
**************
സന്തോഷം !! ഇനിയുമേറെ ഉയരങ്ങൾ താണ്ടുവാനുണ്ട്. ആശംസകൾ !!
ReplyDeleteഏറെ സന്തോഷം ....ഈ നല്ല വാക്കുകൾക്ക് ....
DeleteYes mashe keep it up
Delete