കവിത പോൽ കന്യാകുമാരി [യാത്രാവിവരണം]


കവിത പോൽ കന്യാകുമാരി 

[യാത്രാവിവരണം]

അങ്ങകലെ സായിപ്പിന്റെ നാട്ടിലെ ആ വലിയ ആഘോഷം, ഞങ്ങൾക്കും ഏറെ ഇഷ്ടമാണ്. 

ഏത് ആഘോഷം, എന്നാണോ? 

എല്ലാ വർഷവും, നവംബറിലെ നാലാമത്തെ വ്യാഴാഴ്ച വരുന്ന ആ 'താങ്ക്സ് ഗിവിങ്' തന്നെ.  കാരണമെന്തെന്നോ? ആ അവധി ദിവസങ്ങളിൽ ഞങ്ങൾ നടത്താറുള്ള യാത്രകൾ തന്നെ. 

ഏറെ സ്ഥലങ്ങൾ ആലോചനയിൽ വന്നെങ്കിലും, ഇത്തവണ ഞങ്ങൾ തിരഞ്ഞെടുത്തത്, കന്യാകുമാരിയാണ്. ദൂരക്കുറവും, ത്രിവേണീസംഗമവും, അതുക്കും മേലെ, ആ വിവേകാനന്ദപ്പാറയും ഒക്കെ തന്നെ അതിനു കാരണം.

വെള്ളിയാഴ്ച (നവംബർ-25-2022) ഉച്ചയോടെ ഞങ്ങൾ യാത്ര ആരംഭിച്ചു. ഒരു പുതുപുത്തൻ ട്രാവലറിൽ, കുട്ടികൾ ഉൾപ്പെടെ 22 പേർ വരുന്ന ചെറു സംഘം. കൊറോണ നഷ്ടമാക്കിയ ആ രണ്ടു വർഷങ്ങളോടുള്ള അടക്കിയ അമർഷം മൂലമാകാം, യാത്ര ആരംഭിച്ചതും തട്ടുതകർപ്പൻ ഡാൻസും പാട്ടും തുടങ്ങി. (അതങ്ങിനെ യാത്രയുടെ അവസാന നിമിഷം വരെ തുടരുകയും ചെയ്തു, കേട്ടോ).

എണ്ണമറ്റ ആ ഡാൻസുകളുടെ വീഡിയോ നിങ്ങൾക്കായി പങ്കുവയ്ക്കണം എന്നുണ്ടെങ്കിലും, നവരസങ്ങൾക്കുമപ്പുറമുള്ള ആ മുഖഭാവങ്ങളും, നാട്യശാസ്ത്രത്തിനുമപ്പുറമുള്ള ആ ചുവടുകളും, ആരെങ്കിലുമൊക്കെ അടിച്ചു മാറ്റുമോ എന്ന ഒരു ശക്തമായ സംശയം, ആ നൃത്തസുഹൃത്തുക്കൾ പ്രകടിപ്പിച്ചതിനാൽ, ക്ഷമാപണത്തോടെ ആ പങ്കുവയ്ക്കൽ തല്ക്കാലം വേണ്ടെന്നുവയ്ക്കുന്നു.

ഏതാണ്ട് നാലുമണിയോടെ, ഞങ്ങൾ ആദ്യ ലക്ഷ്യസ്ഥാനമായ 'ചിതറാൽ ജൈൻ റോക്ക് ക്ഷേത്ര'ത്തിലെത്തി. ഒൻപതാം നൂറ്റാണ്ടിന്റെ ബാക്കിപത്രമത്രേ ഈ പുരാതന ക്ഷേത്രം. ജൈനക്ഷേത്രവും, ദേവി (പാർവതി) ക്ഷേത്രവും ചേരുന്ന ആ അപൂർവ്വ കാഴ്ചയും നമുക്കവിടെ കാണാം.

ഒരുപക്ഷേ, ഒരു ക്ഷേത്രം എന്നു പറയുന്നതിനേക്കാൾ, അധികമാരും അറിയാത്ത ഒരു വിനോദസഞ്ചാരകേന്ദ്രം എന്ന് പറയുന്നതാകും കൂടുതൽ ഉചിതം.

വണ്ടിയിൽ നിന്നിറങ്ങിയ ഞങ്ങളെയും കാത്ത് 'പാസ് ബുക്കുമായി' തദ്ദേശീയയായ ഒരു അമ്മ നിന്നിരുന്നു. പാസ് നൽകിയ കൂട്ടത്തിൽ സ്നേഹപൂർവ്വം അവർ പറയുകയും ചെയ്തു, "തിരികെയിറങ്ങി വരുമ്പോൾ കടയിൽ കയറണമെ.." എന്ന്.

നീണ്ടുനിവർന്നു കിടക്കുന്ന, അൽപ്പം കുത്തനെയുള്ള ആ വഴി കണ്ടപ്പോൾ തന്നെ, കൂട്ടത്തിലെ പലരും, 'ഞങ്ങൾ മുകളിലേയ്ക്കില്ല' എന്ന ഉറച്ച  തീരുമാനത്തിലെത്തി. കൂടെ, ചിലർക്കൊക്കെ വിയർപ്പിന്റെ ആ  അസുഖവുമുണ്ടത്രെ.

ഈ ഫോട്ടോയിൽ നിങ്ങൾ കാണുന്നതിനേക്കാൾ ഏറെ മനോഹരമാണ് കേട്ടോ ചെത്തിമിനുക്കിയ കല്ലുകൾ പാകി സുന്ദരമാക്കിയ, വിശാലമായ ആ നടപ്പാത.

'...നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ 

കാതോർത്തു ഞാനിരുന്നു 

താവക വീഥിയിൽ എൻമിഴിപ്പക്ഷികൾ 

തൂവൽ വിരിച്ചു നിന്നു ..."

എന്ന് പാടിയ പ്രണയാർദ്രയായ ആ കാമുകിയെപ്പോലെ, ആ പാത മാടി മാടി  വിളിയ്ക്കുമ്പോൾ, വരില്ലെന്നു പറയാൻ ആകുമോ? 

ഞങ്ങൾ കുറച്ചുപേർ കയറാൻ തന്നെ തീരുമാനിച്ചു. ഇരുവശങ്ങളിലും തണൽ വിരിച്ചു നിൽക്കുന്ന ആ മരങ്ങളാകട്ടെ, ചില്ലകളാട്ടി ഞങ്ങളെയങ്ങ് വല്ലാതെ പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്തു.

ഇടയ്ക് ഒന്ന് മടുത്തപ്പോൾ വിശ്രമിയ്ക്കാൻ, കൽബെഞ്ചുകൾ അവിടെ കാത്തിരുന്നിരുന്നു.

ഇടതുവശത്തു കണ്ട ആ കൂറ്റൻ പാറയുടെ മുകളിൽ നിന്നുള്ള ദൃശ്യം അതി മനോഹരമായിരുന്നു. കത്തുന്ന ആ വെയിയിലും, ചൂട് ഞങ്ങൾ തീരെ  അറിഞ്ഞതേയില്ല. അത്ര ഹരിതസുന്ദരമായിരുന്നു മുകളിൽ നിന്നുള്ള ആ ആകാശ-ദൂരക്കാഴ്ചകൾ. 


വീണ്ടും കുറച്ചു കൂടി മുകളിലേയ്ക്കു കയറുമ്പോൾ, നമ്മൾ വലിയൊരു ആൽ മരത്തിന്റെ ചുവട്ടിലേക്കെത്തുകയായി. താഴെയുള്ള ആ പടുകൂറ്റൻ പാറക്കെട്ടിനെ, തന്റെ വേരുകളാൽ പുണർന്ന്, ശിഖരങ്ങളാൽ മറച്ച്, ഒരുതരം വിലാസഭാവത്തിൽ നിൽക്കുന്നു, അവനങ്ങിനെ.

ആൽമരത്തിന്റെ ചുവട്ടിലൂടെ മുകളിലേക്കു കയറുമ്പോൾ, വലതുവശത്തായി കൂറ്റൻ പാറക്കല്ലുകൾക്കിടയിൽ അകത്തേയ്ക്കൊരു വഴി കാണാം.

ശ്രദ്ധാപൂർവ്വം ആ വഴി താണ്ടുമ്പോൾ, നമ്മൾ എത്തുകയായി ആ പുരാതന ജൈന ക്ഷേത്രത്തിലേയ്ക്ക്. 

ജീവിതത്തിന്റെ ആ ആറ്റിക്കുറുക്കിയ ഏകാന്തഭാവത്തെ ഓർമ്മിപ്പിയ്ക്കുന്നു, അവിടെ തളംകെട്ടി നിൽക്കുന്ന നിശബ്ദത. ആരൊക്കെ, എന്തൊക്കെ ചുറ്റുമുണ്ടെങ്കിലും, ആത്യന്തികമായി നമ്മൾ ഈ ഭൂമിയിൽ തനിച്ചാണ് എന്ന ആ വലിയ സത്യത്തെയോ, ഈ ചുറ്റുപാടുകൾ നമ്മെ ഒന്നുകൂടി ഓർമ്മപ്പെടുത്തുന്നത്?


ചുവരുകളിൽ ഭംഗിയോടെ കൊത്തിവച്ചിരിയ്ക്കുന്നു, ജൈന വിശ്വാസത്തിന്റെ ആൾരൂപങ്ങളെ. കാലത്തിന്റെ പ്രഹരങ്ങളൊന്നും കാര്യമായി ഏൽക്കാതെ, അവയൊക്കെ ഇന്നും അങ്ങിനെ തന്നെ നിലനിൽക്കുന്നു.




ക്ഷേത്രത്തിന്റെ മുന്നിലായി, ആ കരിങ്കൽപ്പാറയിൽ, ഏതാണ്ട് ഹൃദയാകൃതിയിലുള്ള ഒരു കുളം. അങ്ങകലെ ആകാശത്തെരിയുന്ന ആ സൂര്യൻ, അതിലൂടെ ശാന്തനായ ചന്ദ്രനെപ്പോലെ നമ്മെ ഒളികണ്ണിട്ടു നോക്കുന്നു. 

എരിഞ്ഞു കത്തുന്ന മനുഷ്യമനസ്സുകളെ, ചന്ദനലേപം പുരട്ടി തണുപ്പിയ്ക്കുവാൻ എന്നവണ്ണം, ഈ ഭൂമിയിൽ ദൈവം നമുക്കായി ഇത്തരം സുന്ദരകാഴ്ചകൾ, എത്രയോ ഒരുക്കി വച്ചിരിയ്ക്കുന്നു..!

പക്ഷേ, ആരെയൊക്കെയോ, എന്തിനെയൊക്കെയോ, തോല്പിയ്ക്കാനുള്ള, അതുമല്ലെങ്കിൽ വെട്ടിപ്പിടിയ്ക്കാനുള്ള ആ ഓട്ടപാച്ചിലിനിടയിൽ നമുക്കിതൊക്കെ കൺതുറന്നൊന്നു കാണാൻ, എവിടെ സമയം? 

അല്ലേ ?


പാറയിടുക്കിലെ ആ വഴിയിലൂടെ തന്നെ തിരിച്ചെത്തി, വീണ്ടും ഒരു തലം കൂടി മുകളിലേയ്ക്കു കയറുമ്പോൾ, നമ്മൾ ദേവീക്ഷേത്രത്തിലെത്തും. തമിഴിലും, വട്ടെഴുത്തിലുമായി ഏറെ കാര്യങ്ങൾ ആ ഭിത്തികളിലാകെ കൊത്തിവച്ചിരിയ്ക്കുന്നു.


ഈ പുണ്യപുരാതന ക്ഷേത്രങ്ങളും, പിന്നെ മുഴുവനായും വർണ്ണിയ്ക്കാനാവാത്ത ആ പ്രകൃതി ഭംഗിയും, ശരിയ്ക്കും ഞങ്ങളുടെ മനസ്സ് നിറച്ചു എന്നുതന്നെ പറയാം. കയറ്റം കയറിയെത്തിയ ആ ക്ഷീണവും എവിടെയോ പോയ് മറഞ്ഞു.

ഞങ്ങൾ തിരികെയെത്തി, കണ്ട കാഴ്‌ചകൾ വർണ്ണിച്ചപ്പോൾ, മൊബൈലിൽ പകർത്തിയ ചിത്രങ്ങൾ കാണിച്ചപ്പോൾ, കയറാൻ മടിച്ച കൂട്ടുകാരിൽ ചിലരുടെയെങ്കിലും മുഖത്ത് നഷടബോധത്തിന്റെ ചെറിയ ലാഞ്ചനകൾ തെളിഞ്ഞു കണ്ടു.

"..മടി പിടിച്ചിരുന്നത് കൊണ്ടല്ലേ? നിങ്ങൾക്ക് അങ്ങിനെ തന്നെ വേണം .." എന്ന് ഞങ്ങളും മനസ്സിൽ പറഞ്ഞു. അല്ല പിന്നെ.

മുൻപു സൂചിപ്പിച്ച ആ അമ്മയുടെ കൊച്ചുകടയിൽ നിന്നും, ഓരോ സോഡാനാരങ്ങാ വെള്ളവും കുടിച്ച്, കൂടുതൽ ഉത്സാഹഭരിതരായി ഞങ്ങൾ  യാത്ര തുടർന്നു. പാട്ടും ഡാൻസും, അതങ്ങിനെ അനസ്യുതം തുടർന്നു.

പക്ഷെ, അപ്രതീക്ഷിതമായി ഇടയിൽ കടന്നു വന്ന ആ ഗതാഗതത്തിരക്ക് ഞങ്ങളുടെ ഗതിവേഗം കുറച്ചു. അതിനാൽ തന്നെ, കന്യാകുമാരിയിലെ ആ വിലപ്പെട്ട അസ്തമയം ഞങ്ങൾക്ക് നഷ്ടമാവുകയും ചെയ്തു. 

ആ നിരാശയോടെ, ഞങ്ങൾ 'ഭരണി'യിലേയ്ക്ക്.

വർഷങ്ങൾക്കു മുൻപ്, ഒരിയ്ക്കൽ കന്യാകുമാരി സന്ദർശിച്ചപ്പോൾ ഞങ്ങൾ താമസിച്ച ഹോട്ടൽ ആണ്. വൃത്തിയും, വെടിപ്പുമുള്ള മുറികൾ. ബീച്ചിൽ നിന്നും വെറും 300-400 മീറ്റർ മാത്രം അകലം. തണുത്ത വെള്ളത്തിൽ ഒരു കുളി കൂടി കഴിഞ്ഞപ്പോൾ, യാത്രാക്ഷീണം ആകെ മാറി. 

എങ്ങിനെയും അസ്തമയം കാണാൻ ഉള്ള ആ ഓട്ടത്തിൽ, വൈകുന്നേരത്തെ പതിവ് ചായ മറന്നിരുന്നു. "ഹ... ഹ ..എന്നിട്ടു കണ്ടോ വല്ലതും?" എന്നൊരു പരിഹാസച്ചിരിയോടെ, "ചായ വേണം" എന്ന ആവശ്യം സ്വന്തം ഉള്ളിൽ നിന്നുമുയർന്നപ്പോൾ, നേരെ തൊട്ടടുത്ത 'സം സം റസ്റ്റാറന്റി'ൽ എത്തി. എസി റൂം, വൃത്തിയുള്ള ഇരിപ്പിടങ്ങൾ, സ്വാദിഷ്ടമായ ഭക്ഷണം, ഒപ്പം മിതമായ നിരക്കും. ആനന്ദലബ്ധിയ്ക്കിനിയെന്തു വേണം? എന്നായി ഞങ്ങൾ. കാരണം തമിഴ്‌നാട്ടിലെ ആ യാത്രകളിൽ നമ്മെ എപ്പോഴും അലട്ടുന്ന രണ്ട്  കാര്യങ്ങളാണല്ലോ, ഭക്ഷണവും, പിന്നെ വൃത്തിയും. 

വയർ നിറഞ്ഞപ്പോൾ, എന്നാലിനി ബീച്ചിൽ പോകാം എന്നായി, എല്ലാവരും. 

ബീച്ചിലേക്കെത്തുമ്പോൾ നമ്മെ കാത്തിരിയ്ക്കുന്നത്, ഒറീസ്സ ക്ഷേത്ര മാതൃകയിൽ, തീരത്തോട് ചേർന്ന് നിൽക്കുന്ന ഗാന്ധി സ്മാരകം ആണ്. 1954 ൽ നിർമ്മാണം തുടങ്ങി, 1956 ൽ പൂർത്തിയായ ഈ സ്മാരകം, ജീവിച്ചിരുന്നപ്പോൾ ഗാന്ധിജിയുടെ മുഖമുദ്രയായിരുന്ന ആ ലാളിത്യത്തെയും, ഒപ്പം അനിതരസാധാരണമായ ആ വ്യക്തിത്വത്തെയും ഒന്നുപോലെ പ്രതിഫലിപ്പിയ്ക്കുന്നു, എന്ന് നിസ്സംശയം പറയാം. മരണശേഷം, ഗാന്ധിജിയുടെ ചിതാഭസ്മം ത്രിവേണിസംഗമത്തിൽ നിമജ്ജനം ചെയ്തതിന്റെ ഓർമ്മയ്ക്കായി, തികഞ്ഞ ഗാന്ധിഭക്തനായിരുന്നു ആചാര്യ കൃപലാനിയത്രേ ഈ പ്രൗഢസ്മാരകം ഇവിടെ പണിതുയർത്താൻ മുൻകൈയ്യെടുത്തത്.

പിന്നെ ഞങ്ങൾ, ഇനിയും എഴുതി തീർക്കാത്ത ഒരു കവിത പോൽ സുന്ദരിയായ, ആ കന്യാകുമാരി തീരത്തേക്ക് നടന്നു.

അറബിക്കടലും, ഇന്ത്യൻ മഹാസമുദ്രവും, കൂടെ ബംഗാൾ ഉൾക്കടലും ഒരുമിയ്ക്കുന്ന ആ അപൂർവ്വ സംഗമസ്ഥാനം.  ഉദയവും അസ്തമയവും ഒരേ കടൽത്തീരത്തു കാണാനാകുന്ന ലോകത്തിലെ തന്നെ ഒരേ ഒരു തീരം. അങ്ങിനെ, പറഞ്ഞാൽ തീരാത്ത ഏറെ പ്രത്യേകതകൾ ഉണ്ട് നാണം കുണുങ്ങിയായ ഈ സുന്ദരിയ്ക്ക്. 

പക്ഷേ, ദാവണിയുടുത്ത ഒരു ഉൾനാടൻ തമിഴ്പെൺകൊടിയെപോലെ നില്ക്കുന്ന അവളങ്ങിനെ അതൊന്നും എല്ലാവരോടും പെട്ടെന്നൊന്നും പറയാൻ തയ്യാറാവില്ല തന്നെ. ഇനി അത് കേൾക്കണം നിങ്ങൾക്കെന്നുണ്ടെങ്കിൽ, ക്ഷമയോടെ, നിശബ്ദരായി, ആ തീരത്ത് ഒരൽപ്പം കാത്തിരിയ്ക്കുക. അവൾക്കു വേണ്ടി, നനുനനുത്ത ആ തീരക്കാറ്റ് വന്ന് പറയും നിങ്ങളുടെ ചെവിയിൽ, ആ കഥകൾ ഓരോന്നായി.

തീരത്തു തീർത്ത ആ കൽമണ്ഡപത്തിലെ തറയിൽ ഇരുന്ന്, കറുത്ത് തുടങ്ങിയ ആകാശത്തിന്റെ പശ്ചാത്തലത്തിൽ, ആ കടലുകളിലേയ്ക്ക് കണ്ണിമയ്ക്കാതെ നോക്കിയിരിയ്ക്കുമ്പോൾ, രാത്രിയുടെ ആ തുടക്കയാമങ്ങളിൽ ത്രിവേണി സംഗമത്തിന്, ഭക്തിയുടെ നിർമ്മലഭാവത്തെക്കാളേറെ, പ്രണയത്തിന്റെ അഥവാ രതിയുടെ ആ സംഗമഭാവമല്ലേ ഒരൽപ്പം കൂടുതൽ? എന്നൊരു സംശയം തോന്നാം, ഒരുവേള നമുക്ക്. 

പ്രിയനായ തന്റെ ശിവനെയും കാത്ത്, ഒരു ജന്മം മുഴുവൻ കന്യകയായിത്തന്നെ കഴിഞ്ഞ ആ കന്യാദേവിയുടെ നിശബ്ദവേദനയുമാകാം, ഒരുപക്ഷേ അത്.

പകലിന്റെ ആരവങ്ങളൊടുങ്ങിയ തീരത്തോട് ചേർന്ന് ഉയർന്നു നിൽക്കുന്ന ചെറിയ പാറക്കൂട്ടങ്ങളിൽ വന്നിടിച്ച്, ചിതറിത്തെറിയ്ക്കുന്ന ആ തിരകളെ, അങ്ങിനെ നിർന്നിമേഷം നോക്കിനിന്നപ്പോൾ അറിയാതെ ഈ വരികൾ മനസ്സിൽ ഉയർന്നു. സത്യം.

'...ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം

ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം

ഈ മനോഹരതീരത്തു തരുമോ

ഇനിയൊരു ജന്മം കൂടി

എനിക്കിനിയൊരുജന്മം കൂടി?..."

കടൽക്കാറ്റ് വന്നു ചെവിയിൽ പറഞ്ഞ ഒരു രഹസ്യം കൂടി പറയാം, നിങ്ങളോട്. ഈ തീരത്തു മാത്രമത്രേ ഇങ്ങിനെ വിവിധനിറങ്ങളിലുള്ള മണൽത്തരികൾ നമുക്ക് കാണുവാൻ കഴിയുക. ഇതുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള ഐതിഹ്യം, നമുക്ക് വഴിയേ കാണാം.  

ത്രിവേണീസംഗമത്തിൽ അല്പനേരം മൗനമായി പ്രാർത്ഥിച്ച ഞങ്ങൾ, തൊട്ടപ്പുറത്ത് കടലിലേക്കിറങ്ങി. തണുത്ത വെള്ളം ശക്തമായ തിരകളായി കാലുകളെ തഴുകിയിറങ്ങുമ്പോൾ, ആഹാ .. ശരീരത്തിനൊപ്പം നമ്മുടെ മനസ്സും ഒന്നു കുളിരും, തീർച്ച.

ഏറെ നേരം കഴിഞ്ഞ്, ഞങ്ങൾ 'ഭരണി'യിലേക്ക് മടങ്ങി. ആരവമൊടുങ്ങിയ, ശാന്തമായ, മനസ്സുകളുമായി. 

തൊട്ടടുത്ത മുറിയിൽ, പകൽയാത്രയുടെ ക്ഷീണവും, പിന്നെ ലോക ജീവിതത്തിന്റെ ആ ഒടുങ്ങാത്ത ടെൻഷനും ഒക്കെ ഒന്നകറ്റാൻ, കൂട്ടുകാരിൽ ചിലർ ചെറിയ 'ഊർജ്ജദായക സേവ' തുടങ്ങിയിരുന്നു. ഒരൽപ്പം മൂഡൊക്കെ വന്നപ്പോൾ, അവർ നമ്മുടെ ടിവിയിലെ ആ അന്തിചർച്ചകളിൽ കാണുന്ന സ്ഥിരം ചർച്ചാ-വിദഗ്ധരെക്കാൾ വലിയ രാഷ്ട്രീയ-ചർച്ചാ-വിശാരദന്മാരായി.

പിന്നെ ഒട്ടും മടിച്ചില്ല, കേരള രാഷ്ട്രീയത്തിലെ അഗ്രഗണ്യന്മാരെയൊക്കെ ഓരോന്നായി പിടിച്ച്, മേലാസകലം വരഞ്ഞു കീറി, ഉപ്പും, മുളകും, മസാലയും ആവോളം പുരട്ടി 'മാരിനേറ്റ്' ചെയ്ത്, ആ മുറിയുടെ ഭിത്തികളിൽ അങ്ങിങ്ങ് തൂക്കി. എന്നിട്ടോ, അവരെ നോക്കി ആവോളം ചിരിച്ചു. 

ആ പാവങ്ങൾ കരഞ്ഞു പറഞ്ഞിട്ടും, ഒരെണ്ണത്തിനെപ്പോലും ആ ഭിത്തിയിൽ നിന്നും ഇറക്കാൻ ഇവന്മ്മാർ തയ്യാറായില്ല. "നീയൊക്കെ എന്തൊക്കെ പറഞ്ഞാ ഞങ്ങളെ പറ്റിയ്ക്കാറുള്ളത്? അവിടെ കിട കുറെ നേരം..." എന്ന ഭാവത്തിൽ, ഇവന്മാർ കുറച്ചു നേരത്തേയ്ക്ക് ബാലൻ കെ നായരും, ടി.ജി രവിയും, ഉമ്മറുമൊക്കെയായി. 

പിന്നെപ്പോഴോ, ഉള്ളിലെ ആ 'ഊർജ്ജദായനി' ക്ഷയിച്ചു തുടങ്ങിയപ്പോൾ, ഉറക്കത്തിലേയ്ക്ക് ഇവർ വഴുതിത്തുടങ്ങിപ്പോൾ, ആ 'പാവം' നേതാക്കൾ ഓരോരുത്തരായി, ബാക്കി വന്ന മാനവും, ജീവനും ഒക്കെയായി ഓടി രക്ഷപെട്ടു കാണും. കാരണം, രാവിലെ ഞങ്ങൾ നോക്കുമ്പോൾ അവരിൽ ആരെയും ആ ചുവരുകളിൽ കണ്ടില്ല.

എസിയുടെ തണുപ്പിൽ സുഖകരമായ ഉറക്കത്തിലേക്ക് വഴുതുന്നതിനു മുൻപേ, മൊബൈലിൽ 5:45 നു അലാറം വച്ചു. കാരണം, ഹോട്ടലുകാർ പറഞ്ഞത് പ്രകാരമാണെങ്കിൽ രാവിലെ 6:05 നാണ് ഉദയം. 6 മണി മുതൽ ഞങ്ങൾ ഹോട്ടലിന്റെ ഏറ്റവും മുകൾ നിലയിൽ ഉദയം കാണുവാൻ വേണ്ടി സജ്ജീകരിച്ച ആ സ്ഥലത്ത് കാത്തുനിൽപ്പായി. 

"തലേന്ന് എന്റെ അസ്തമയം കാണാൻ വരാത്ത, നിങ്ങൾ ഉദയവും കാണേണ്ട.." എന്ന വാശിയിൽ ആണോ സൂര്യൻ, എന്ന് ഞങ്ങൾ ഒന്നു ഭയപ്പെട്ടു. കാരണം സമയം 6:15 ആയിട്ടും അദ്ദേഹത്തിന്റെ പൊടി പോലും കാണാനില്ല. ഏയ്  ... എന്തായാലും നമ്മുടെ സ്വന്തം സൂര്യനല്ലേ ചതിയ്ക്കില്ല... എന്ന ശുഭാപ്തി വിശ്വാസത്തിൽ, ഞങ്ങൾ കാത്തുനിൽക്കാൻ തയ്യാറായി. 

പാവം, അല്പസമയത്തിനുള്ളിൽ പുള്ളിക്കാരൻ ഞങ്ങളുടെ അടുത്തേയ്ക്കു വന്നു. അതും, പരിഭവത്താൽ ആകെ ചുവന്ന കവിൾത്തടങ്ങളോടെ. 

ആ സുന്ദരദൃശ്യങ്ങൾ നിങ്ങൾ ഈ ചിത്രങ്ങളിലൂടെ തന്നെ കണ്ട് ആസ്വദിയ്ക്കുക. വാക്കുകളേക്കാൾ, ഒരുപക്ഷേ ആ ഭംഗി കൂടുതൽ കാണാനാകുക, ഈ ചിത്രങ്ങളിലാകും.



പിന്നെ, നേരെ കന്യാകുമാരിദേവിയുടെ ക്ഷേത്രത്തിലെത്തി. ബാലഭദ്ര, ശ്രീബാല, കന്യാദേവി, ദേവീകുമാരി എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യം, ഏറെ കൗതുകകരമാണ്. 

ഒരിയ്ക്കൽ കന്യാകുമാരി വാണിരുന്ന ബാണാസുരന്റെ ക്രൂരകൃത്യങ്ങൾ ദേവകളെ മാത്രമല്ല, ഈ പ്രപഞ്ചത്തെത്തന്നെ നശിപ്പിയ്ക്കുന്ന അവസ്ഥയിലെത്തി. ബാണാസുര നിഗ്രഹത്തിനായി നിയുക്തയായ കുമാരി, ശിവനെ പ്രണയിയ്ക്കുകയും അവർ വിവാഹിതരാകാൻ തീരുമാനിയ്ക്കുകയും ചെയ്തുവത്രേ. വിവാഹത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി, കന്യാദേവി അങ്ങിനെ കാത്തിരിയ്ക്കേ, ബ്രാഹ്മമുഹൂർത്തത്തിൽ താലി ചാർത്താൻ തക്കവണ്ണം, ശിവൻ ശുചീന്ദ്രത്ത്  നിന്നും കതിർമണ്ഡപത്തിലേക്ക് യാത്ര തിരിച്ചു. 

എന്നാൽ, കന്യകയായ ദേവിയ്ക്ക് മാത്രമേ ബാണാസുരനെ നിഗ്രഹിയ്ക്കാൻ സാധ്യമാകൂ എന്ന് മനസിലാക്കിയ നമ്മുടെ നാരദൻ, നേരം പുലർന്നു എന്ന് തോന്നിപ്പിയ്ക്കുന്ന രീതിയിൽ കോഴികൂവിയ്ക്കുകയും, അത് കേട്ട ശിവൻ ഇച്ഛാഭംഗത്തോടെ മടങ്ങിപ്പോകുകയും ചെയ്തു. മണ്ഡപത്തിൽ കാത്തിരുന്ന് മടുത്ത കന്യാദേവിയാകട്ടെ, താൻ ചതിയ്ക്കപ്പെട്ടു എന്ന തോന്നലിൽ രോഷാകുലയാകുകയും, വിവാഹ അലങ്കാരമായി അവിടെയുണ്ടായിരുന്ന മാലകളൂം, പുഷ്പങ്ങളും, പിന്നെ സദ്യാവിഭവങ്ങളുമൊക്കെ വലിച്ചെറിയുകയും ചെയ്തു. അവയത്രെ നിറമാർന്ന മണൽത്തരികളായി, നാം ഇന്നും ആ തീരത്ത് കാണുന്നത്.

ഒരു പക്ഷേ ഈ ഐതിഹ്യകഥകൾ ഒരുവേള മനസ്സിലേക്കെത്തിയത് കൊണ്ടാകാം, ആ ദേവീസന്നിധിയിൽ തൊഴുതു നിൽക്കുമ്പോൾ, ഉള്ളിലുയർന്നത്, ഒരു ജന്മം മുഴുവനായും തന്റെ പ്രണയിതാവിനെ കാത്തിരിയ്ക്കേണ്ട വന്ന, പ്രണയാർദ്രയായ ആ കാമുകിയെക്കുറിച്ചുള്ള ചിന്തകളായിരുന്നു.

തൊഴുതിറങ്ങിയ ഞങ്ങൾ, തൊട്ടടുത്ത വെജിറ്റേറിയൻ ഹോട്ടലിൽ നിന്നും സ്വാദിഷ്ടമായ പ്രഭാത ഭക്ഷണവും കഴിച്ച്, വിവേകാനന്ദപ്പാറയിലേയ്ക്കുള്ള ബോട്ടു യാത്രയ്ക്ക് തയ്യാറായി. ടിക്കറ്റ് കൗണ്ടറിലെ ആ നെടുനീളൻ 'ക്യു' അല്പം നിരാശയേകി, എങ്കിലും, കന്യാകുമാരിയിൽ വന്നിട്ട് വിവേകാനന്ദപ്പാറയും, അവിടത്തെ ആ ധ്യാനമുറിയും കാണാതെ തിരികെ പോകുന്നതെങ്ങിനെ?

കാത്തുകാത്തിരുന്ന്, അവസാനം ഞങ്ങൾ പാറയിലെത്തി. 



സാധാരണയായി കാണാറുള്ള ആ കരിനീലക്കളറിനു പകരം, ഇളംപച്ച നിറത്തിൽ, തീർത്തും സുതാര്യമായി അങ്ങിനെ ഇളകിമറിയുന്ന കടലിന്റെ കാഴ്ച, മനോഹരം എന്ന് പറഞ്ഞാൽ മതിയാകില്ല, അതിമനോഹരം എന്ന് തന്നെ പറയണം. ആഴക്കടലാണ് എന്നറിയാമെങ്കിലും, അതിലേയ്ക്കൊന്നെടുത്തു ചാടാൻ അറിയാതെ കൊതിച്ചു പോകും ഒരുവേള നമ്മൾ. അത്രമേൽ ആ കാഴ്ച നമ്മെ ക്ഷണിയ്ക്കും. അല്ല, പ്രലോഭിപ്പിയ്ക്കും.

1893 ലെ വിശ്വവിഖ്യാതമായ ആ ചിക്കാഗോ പ്രസംഗത്തിന് മുൻപായി, സ്വാമി വിവേകാനന്ദൻ ഈ പാറപ്പുറത്തു വന്നത്രെ ധ്യാനനിരതനായത്. ആ ധ്യാനത്തിൽ നിന്നത്രേ, അദ്ദേഹം തന്റെ പ്രസംഗത്തിന് വേണ്ട ഊർജ്ജം സംഭരിച്ചതും. ചുറ്റും ആർത്തിരമ്പുന്ന കടലും, പിന്നെ പാറമേൽ പതിഞ്ഞ കന്യാദേവിയുടെ ആ പുണ്യകാൽപ്പാദങ്ങളും, അങ്ങകലെ മാറി മാറി ദൃഷ്ടിഗോചരമാകുന്ന  ആ ഉദയ-അസ്തമയ സൂര്യനുമൊക്കെ ചേരുന്ന, ഈ അത്യപൂർവ്വ സംഗമസ്ഥലത്ത്, ധ്യാനനിമഗ്നനാകുന്ന ഒരു സന്യാസിവര്യന്, അദ്ഭുതകരമായ ആ വാക്ചാതുരി പ്രാപ്യമായില്ലെങ്കിലല്ലേ അതിൽ അത്ഭുതമുള്ളൂ?

പ്രൗഢഗംഭീരമായ വിവേകാനന്ദ പ്രതിമ കണ്ടിറങ്ങിയ ഞങ്ങൾ, ഏറെ നേരം പാറയ്ക്കുള്ളിലെ ആ ധ്യാനമുറിയിൽ കണ്ണുകളടച്ചു ധ്യാനിച്ചു. പശ്ചാത്തലത്തിൽ പതിയെ ഒഴുകിയെത്തുന്ന ആ ഓംകാര നാദം കൂടിയായപ്പോൾ, അലൗകികമായ ഒരു ശാന്തത മനസ്സിൽ വന്നു നിറഞ്ഞു.


മുൻകൂട്ടി തീരുമാനിച്ച യാത്രാസമയക്രമം ആകെയും തെറ്റിയിരുന്നു, അപ്പോഴേയ്ക്കും. സമയം ഏതാണ്ട് 12:45 ആകുന്നു. ഒരു മണിയ്ക്ക് മുറികൾ ഒഴിയേണ്ടതുള്ളതിനാൽ ഞങ്ങൾ വേഗത കൂട്ടി. 

പിന്നെ ഉച്ചഭക്ഷണവും കഴിച്ച്, മടക്കയാത്ര തുടങ്ങി. 

വഴിമദ്ധ്യേ, പ്രസിദ്ധമായ ആ മലയടിവാരത്ത് ഞങ്ങൾ വണ്ടി നിർത്തി. തമിഴർ 'മരുന്ത് വാഴും മലൈ' എന്നും, മലയാളികൾ 'മരുത്വാമല' എന്നും വിളിയ്ക്കുന്ന അതേ മലയടിവാരത്ത്. 

യാത്രാക്ഷീണം കാരണമാകാം, ഒരാളും വണ്ടിയിൽ നിന്നുമിറങ്ങിയില്ല. ഏതാണ്ട് 800 അടി ഉയരത്തിൽ തലയുയർത്തി മുന്നിൽ നിൽക്കുന്നു മരുത്വാമല. മലയടിവാരത്തിൽ നിന്നുമുള്ള ആ ആകാശക്കാഴ്ച അതിസുന്ദരം. 

അറിയാതെ ആ മനോഹരഗാനം മനസ്സിലേക്കോടിയെത്തി ... 

"ഗഗനനീലിമ മിഴികളിലെഴുതും 

കുസുമ ചാരുതയോ ..."

അത്രയുമായപ്പോൾ, ഞാൻ എന്തായാലും കുറച്ചു ദൂരം മല കയറാൻ തന്നെ തീരുമാനിച്ചു. 


കുത്തനെയുള്ള ആ പടികൾ ഓടിക്കയറി. ഇടതുവശത്തെ പാറയിൽ കൊത്തിവച്ചിരിയ്ക്കുന്നു, ഓടക്കുഴലൂതുന്ന കണ്ണനെ അനുസ്മരിപ്പിയ്ക്കുന്ന മനോഹരമായ ഒരു ശില്പം. വലതുവശത്തായി, വിജനമായ ഒരു പ്രാർത്ഥന ഹാൾ. ഇനിയും കയറുമ്പോൾ, ആളൊഴിഞ്ഞ മറ്റു ചില നിർമ്മിതികൾ കൂടി നമുക്ക് കാണാം. 





മുകളിലേയ്ക്കുള്ള ആ ചവിട്ടുപടികൾ മനസ്സിനെ വല്ലാതെ പ്രലോഭിപ്പിച്ചുവെങ്കിലും, ഏറെ താമസിച്ചാൽ വണ്ടിയിൽ കാത്തിരിയ്ക്കുന്നവർ പറയാൻ സാധ്യതയുള്ള ആ 'നല്ല മലയാള വാക്കുകൾ' ഓർത്തപ്പോൾ, ഞാൻ മനസില്ലാമനസ്സോടെ മടങ്ങി. 

അടുത്ത തവണ ഈ മല മുഴുവനായി കയറും എന്ന ദൃഢപ്രതിജ്ഞയോടെ. 

കാരണം, ആ മലമുകളിൽ നിന്നാൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ 'V'  ആകൃതിയിലുള്ള അപൂർവ്വദൃശ്യം  കാണാമത്രെ. മാത്രവുമല്ല അഗസ്ത്യ മുനി പണ്ട്  തപസ്സു ചെയ്ത ആ ഗുഹയും ഈ മലമുകളിലത്രേ. 

പിന്നെയും തുടർന്ന ഞങ്ങളുടെ യാത്രയിൽ എല്ലാവരും ഒരൽപ്പം ക്ഷീണിതരായോ എന്നൊരു സംശയം. അപ്പോൾ അതാ എത്തുന്നു അന്താക്ഷരി. പിന്നെ പറയണോ പൂരം? രണ്ടു ടീമുകളായി തിരിഞ്ഞ് വാശിയോടെ മത്സരിച്ചു. കസവുനൂലിൽ പളുങ്കുമുത്തുകൾ കോർക്കുന്ന അനായാസതയോടെ അതങ്ങിനെ മുന്നേറി. ആ മത്സരം നിർത്തിയത് വണ്ടി തൃപ്പരപ്പിൽ എത്തിയപ്പോൾ മാത്രം.

കാഴ്ചകളെക്കൊണ്ട് സുന്ദരമെങ്കിലും, കന്യാകുമാരിയിലെ ആ ചൂട് ശരീരത്തെ ഒരൽപ്പം തളർത്തിത്തുടങ്ങിയിരുന്നു. തൃപ്പരപ്പിലെ പ്രസിദ്ധമായ ആ വെള്ളച്ചാട്ടത്തിനരികിലെത്തിയപ്പോൾ തന്നെ, എങ്ങും ചിതറിത്തെറിയ്ക്കുന്ന ആ സൂക്ഷ്മജലബിന്ദുക്കൾ വല്ലാത്തൊരു അനുഭൂതി പകർന്നു. പിന്നെ ഒട്ടും  മടിച്ചില്ല, വസ്ത്രം മാറി നേരെ വെള്ളച്ചാട്ടത്തിലേയ്ക്കിറങ്ങി. കൂടെയുള്ള കുട്ടികൾ അതിനും മുൻപേ ഇറങ്ങിയിരുന്നു. 

മുകളിലെ ആ അണക്കെട്ടിൽ നിന്നും, വിശാലമായ ആ പാറക്കെട്ടിലൂടെ തലയിലേക്ക് പതിയ്ക്കുന്ന ആ വെള്ളച്ചാട്ടം നമുക്ക് നൽകുന്നത് ആരോഗ്യകരമായ ഒരു 'ബോഡി മസ്സാജ്' തന്നെയാണ്. മാത്രവുമല്ല, അങ്ങകലെ നിന്നും, നിബിഡ വനാന്തരങ്ങൾ കടന്നെത്തുന്ന ആ ജലത്തിന് ചില പ്രത്യേക ഔഷധഗുണങ്ങളുമുണ്ടത്രെ.

എന്തായാലും ശരി, ഏറെ നേരം നീണ്ടുനിന്ന ആ കുളി കഴിഞ്ഞപ്പോൾ എല്ലാവരും വീണ്ടും ഉഷാറായി. 

അടുത്ത കടയിൽ നിന്നും ചായയും, പിന്നെ അപ്പപ്പോൾ തയാറാക്കുന്ന കായ, ചക്ക ഉപ്പേരികളും കഴിച്ച് വീണ്ടും ഞങ്ങൾ യാത്ര തുടർന്നു. 

എല്ലാവരും ഒരുമിച്ചുള്ള  രാത്രി ഭക്ഷണം, കൈമനത്തുള്ള ഹോട്ടൽ അന്നാ ഭവനിൽ നിന്നും. അതും ഒരു ആഘോഷമായിരുന്നു എങ്കിലും, ഒരു മനോഹര യാത്ര അവസാനിയ്ക്കുന്നതിന്റെ നേർത്ത വിഷമം, പലപ്പോഴും ചെറിയ നിശ്ശബ്ദതകളായി ഞങ്ങളുടെ ഇടയിൽ തളം കെട്ടി.

പിന്നെയും തുടർന്ന യാത്രയിൽ, ഓരോരുത്തരായി പതിയെ യാത്ര പറഞ്ഞു പിരിഞ്ഞു. ഇനിയൊരു യാത്രയിൽ വീണ്ടും കാണാം എന്ന പ്രതീക്ഷയുമായി. 

അതുവരെ ആഘോഷത്തിമിർപ്പിലായിരുന്ന ഞങ്ങളുടെ വണ്ടിയിൽ പതുക്കെ ആരവങ്ങളടങ്ങി.

രാത്രി ഏതാണ്ട് 9:30 മണിയോടെ ഞങ്ങൾ ടെക്നോപാർക്കിൽ എത്തിച്ചേർന്നു. 

പിന്നെ, പിറ്റേന്ന് മുതൽ പതിവ്  നഗര-ജോലി-തിരക്കുകളിലേയ്ക്കും, ദൈനദിന-ജീവിത-പ്രാരാബ്ധങ്ങളിലേയ്ക്കും ഒക്കെ മടങ്ങാനുള്ള മാനസിക തയ്യാറെടുപ്പോടെ, സ്വന്തം വീടുകളിലേക്കു മടക്കം. 

അല്ല, ഒരു ചെറിയ തിരുത്ത്. ശരിയ്ക്കും പറഞ്ഞാൽ, ആ ഒരു തയ്യാറെടുപ്പായിരുന്നല്ലോ യഥാർത്ഥത്തിൽ ഈ യാത്ര തന്നെ. അല്ലേ?

കാണാൻ ഒരുപാട് ബാക്കിവച്ചുവെങ്കിലും, ഇത്രമേൽ മനസ്സുതുറന്ന് ഓരോ നിമിഷവും ആസ്വദിച്ച ഒരു യാത്ര, സമീപകാലത്തെങ്ങും ഞങ്ങൾ നടത്തിയിട്ടില്ല, എന്നുതന്നെ പറയാം.

സുഖകരവും സുരക്ഷിതവുമായ യാത്ര സമ്മാനിച്ച ഞങ്ങളുടെ സാരഥിയ്ക്കും, പിന്നെ ശബ്ദവും വെളിച്ചവും മഴവിൽനിറങ്ങളും നൽകി ഈ യാത്രയെ ഇത്രമേൽ മനോഹരമാക്കിയ എന്റെ എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും, അവരോടോപ്പമെത്തിയ കുടുംബാംഗങ്ങൾക്കും, ഒപ്പം ഞങ്ങൾക്കനുഗ്രഹമേകിയ ജഗദീശ്വരനും, ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞു കൊണ്ട്, ഈ യാത്രാവിവരണം ഇവിടെ നിർത്തുന്നു. 

മറ്റൊരു യാത്രയിൽ വീണ്ടും നമുക്കൊരുമിയ്ക്കാം എന്ന ശുഭപ്രതീക്ഷയോടെ ..

============

സ്നേഹപൂർവ്വം 

ബിനു മോനിപ്പള്ളി  

**************

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

                                                                     **************

ഇനിയും തീരാത്ത മനോഹര ചിത്രങ്ങളിൽ കുറച്ചു കൂടി നിങ്ങൾക്കായി പങ്കു വയ്ക്കുന്നു.......



















*********


 





  



  


Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]