കൊച്ചിയാ...... കൊച്ചിയല്ലത്രേ ...!! [കവിത]

 

കൊച്ചിയാ...... കൊച്ചിയല്ലത്രേ ...!!

[കവിത]


കൊച്ചിയാണത്രെ ... കൊച്ചു റാണിയാണത്രെ 

കൊച്ചി കണ്ടാൽ പിന്നെ അച്ചി വേണ്ടത്രേ 

പണ്ട് നാം പാടിയാ പാട്ടുകൾ വേണ്ടിന്നു 

കൊച്ചിയാ...... കൊച്ചിയല്ലത്രേ !!


മലിനമായാർക്കുന്ന കൊച്ചി തൻ അവശിഷ്ട-

മിടതിങ്ങി ചേരുന്നതവിടെ 

പേരിലെ 'ബ്രഹ്മ'ത്തിലാശ്വാസമോർക്കുന്ന 

ജനതയുടെ വാസവും അവിടെ 


നഗരം നുളയ്ക്കുമാ ബാറുകളിൽ, പിന്നെ-

യങ്ങോടിത്തിമിർക്കുമാ മെട്രോകളിൽ, 

ആടിത്തിമിർക്കുന്നൊരാഘോഷ വേളകളിൽ, 

നിറയെ തുളുമ്പുമാ വഴിയോരമൊക്കെയും

 

നിറമുള്ള വർണ്ണങ്ങളാലല്ല, പിന്നെയോ 

നാറുന്നൊരുച്ഛിഷ്ട ഭാണ്ഡങ്ങളാൽ 

നഗരം നിറയുമ്പോൾ ആർത്തുവിളിയ്ക്കും നാം 

'ഇത് നമ്മ കൊച്ചിയാ ... മെട്രോ'


ഒക്കെത്തടുത്തങ്ങു കൂട്ടിയിട്ടാകെയും 

എത്തിയ്ക്കുമിരുളിന്റെ മറവു പറ്റി 

ഒപ്പിച്ചു കൂട്ടിയ 'പ്ലാന്റെ'ന്നു പേരുള്ള 

'കത്തിച്ചു തീർക്കുമാ' മലിനദേശേ


ഇന്നിതാ നമ്മൾ തൻ കർമ്മഫലം പോലെ 

പുക മൂടിയാർക്കുന്നു നമ്മെയൊക്കെ 

കൊക്കിച്ചുമച്ചു മരിച്ചു വീഴാനൊട്ടു- 

കൊതിയോടെ കാത്തിരിയ്ക്കുന്നവർ നാം?


ആമസോൺ കാടിന്നു തീ പിടിച്ചാൽ 

നമ്മൾ അലറിക്കരഞ്ഞു നിലവിളിയ്ക്കും 

അങ്ങങ്ങ് ചൈനയിൽ പുക നിറഞ്ഞാൽ 

നമ്മളിങ്ങങ്ങുഴറി നട നടക്കും 


നമ്മന്റെ ദേശത്തിലാണതെങ്കിൽ ?

നമ്മളറിയുവാൻ ഒട്ടു വൈകും

'കമ' എന്നൊരൊരക്ഷരം മുണ്ടീടുവാൻ 

കർത്താവാണെങ്കിൽ, നാം മടിയ്ക്കും 


സംസ്കാര സമ്പന്ന ദേശമല്ലേ?

പ്രതികരിയ്ക്കുന്നതു മോശമല്ലേ?

അനുസരിയ്ക്കുന്നത് നല്ലതല്ലേ?

ആരെയെന്നുള്ളതാണെന്റെ ചോദ്യം!


കുറ്റപ്പെടുത്തുവാൻ ഇല്ല ഞങ്ങൾ 

കുറ്റങ്ങളാകെയും ഞങ്ങളേല്ക്കാം 

ഞങ്ങളെ നോക്കുവാനാവാത്ത നിങ്ങളെ 

ഞങ്ങളതേല്പിച്ചതാണ് കുറ്റം !!

================

പിൻകുറിപ്പ്'പുര കത്തുമ്പോൾ വാഴ വെട്ടരുത്' എന്ന ആ ചൊല്ല് ഓർമ്മയുള്ളതു കൊണ്ടും, ആ വിഷപ്പുക ശ്വസിയ്ക്കേണ്ടി വന്നവരോട് അനുഭാവമുള്ളതു കൊണ്ടും തന്നെയാണ്, അതൊന്നു കെട്ടടങ്ങും വരെ മിണ്ടണ്ട എന്ന് കരുതിയത്. ഈ നാട്ടിലെ വെറുമൊരു സാധാരണക്കാരന്റെ ദുഃഖവും, സങ്കടവും, പ്രതിഷേധവും, അതിലുപരി നിസ്സഹായതയും, ഈ വരികളിലൂടെ പ്രകടിപ്പിയ്ക്കുന്നു എന്ന് മാത്രം. 

അതും, പ്രബുദ്ധകേരളത്തിലെ പ്രതികരണശേഷിയുണ്ടായിരുന്ന, ആ അനേകം (യുവജന)സംഘടനകൾക്ക് അകാല വംശനാശം വന്നതു കൊണ്ടും, ഇത്രയെങ്കിലും ചെയ്യാതിരിയ്ക്കാൻ ആവാത്തത് കൊണ്ടും, മാത്രം. നിങ്ങൾക്ക് ഈ ചിന്തകളെ അനുകൂലിയ്ക്കുകയോ, പ്രതികൂലിയ്ക്കുകയോ ആകാം. കൂടെ ഒന്ന് കൂടി. ഏറെ പരിമിതമായ ആ സാഹചര്യങ്ങളിലും, തീ കെടുത്തുവാൻ അഹോരാത്രം പരിശ്രമിച്ച നമ്മുടെ അഗ്നിശമന സേനയ്ക്ക് ആയിരം പ്രണാമങ്ങൾ...!!

===============

സ്നേഹപൂർവ്വം 

- ബിനു മോനിപ്പള്ളി

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********



Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]