'ദ റാറ്റ് ട്രാപ്' [ചെറുകഥ]

 

 'ദ റാറ്റ് ട്രാപ്'

[ചെറുകഥ]

"ഇന്നെന്താ ഉണ്ണീ ...  നിനക്കൊരു സ്പീഡ്  കൂടുതൽ... ?"

അടുക്കള വാതില്കൽ നിന്നും അമ്മയുടെ ഉറക്കെയുള്ള ആ ചോദ്യം കേട്ടിട്ടും, ഉണ്ണി മിണ്ടിയില്ല. തന്റെ അത്താഴം വേഗം കഴിച്ചുതീർക്കുന്ന തിരക്കിലായിരുന്നു അവൻ.

"ഓ ...ഇന്നവൻ നേരത്തെ കഴിയ്ക്കും അമ്മേ .... എന്നിട്ടു വേണോല്ലോ ..."

ചേച്ചി പകുതിയ്ക്കു നിർത്തി. എന്നിട്ടും ഉണ്ണി മിണ്ടിയില്ല.

കഴിച്ചു കഴിഞ്ഞതും, അവൻ വേഗം പോയി കൈ കഴുകി. പിന്നെ നീളൻ കോലായിലെ ആ അരമതിലിൽ ഇരിപ്പായി. ഇടയ്ക്കിടെ മേൽക്കൂരയിലെ പട്ടികകൾക്കിടയിലേയ്ക്ക്,  അവന്റെ നോട്ടം നീളും. ചാഞ്ഞും, ചരിഞ്ഞും, തിരിഞ്ഞും, മറിഞ്ഞുമൊക്കെ നോക്കിയിട്ടും, പക്ഷേ കാണാൻ ആഗ്രഹിച്ച ആ കാഴ്ച മാത്രം കാണാൻ, അവനായില്ല.

ഇടയ്ക്ക്, അകവാതിലിലേക്ക് തലയെത്തിച്ച് നോക്കും. അച്ഛൻ അത്താഴം കഴിച്ചു കഴിഞ്ഞോ എന്നറിയാനാണ്. 

ഉണ്ണിയുടെ നോട്ടം കണ്ട അച്ഛൻ ചോദിച്ചു.

"എന്താ ഉണ്ണീ ...? നീ കിടക്കുന്നില്ലേ?..."

"ഉവ്വച്ചാ .... പക്ഷേ...."

"പക്ഷേ?  ..."

"അല്ലച്ഛാ ... ഇന്ന് വെഷം വയ്ക്കണ്ടേ? മഴ ഇല്ലല്ലോ ..."

"ഓഹ് ...അതാണോ ... അത്, ഞാൻ വച്ചോളാം ..നീ കിടന്നോ..."

"ഉറക്കം വരണില്ലച്ഛാ ... ഞാൻ ഇവിടെ ഇരുന്നോളാം.."

അന്ന് ഉണ്ണി പതിവിലും നേരത്തെ അത്താഴം കഴിയ്ക്കുമെന്നും, പിന്നെ അച്ഛൻ കഴിച്ചു തീരുന്നത് കാത്തിരിക്കുമെന്നും, വീട്ടിൽ എല്ലാവർക്കും അറിയാം. 

എന്നാലും, അവരത് അറിയാത്ത ഭാവം നടിയ്ക്കും.

എന്നും, നേരം പതുക്കെ ഇരുട്ടുമ്പോൾ വേലിയ്ക്കൽ അച്ഛന്റെ ആ ചുമ കേൾക്കും. രാവിലെ പണിയ്ക്കു പോയിട്ടുള്ള മടക്കം ആണ്. കയ്യിൽ പത്രക്കടലാസിന്റെ ഒരു ചെറുപൊതി ഉണ്ടോ, എന്നാകും ഉണ്ണിയുടെ നോട്ടം.  

ചില ദിവസങ്ങളിൽ കയ്യിൽ ആ പൊതി കാണും. മുറ്റത്തെത്തുമ്പോൾ  അച്ഛനൊരു പറച്ചിലുണ്ട് 

"ഉണ്ണീ ... ഇത്തിരി വെള്ളമെടുക്ക് ..."

ഉണ്ണി ഒരു മൊന്തയിൽ വെള്ളവുമായി അകത്തു നിന്നെത്തുമ്പോൾ, അച്ഛൻ ആ കോലായിൽ ഇരിയ്ക്കുന്നുണ്ടാകും. തോളത്തെ തോർത്തെടുത്ത്, ദേഹത്തെ   വിയർപ്പൊപ്പി, ഒരു മൂളിപ്പാട്ടും പാടി, അങ്ങിനെ.

വെള്ളം കൊടുത്തിട്ട്,  ഉണ്ണി അച്ഛന്റെ ചുറ്റിലും നോക്കും. ആ പൊതി എവിടെ എന്നറിയാൻ. പക്ഷേ, അതിന്റെ പൊടി പോലും അവിടെ ഉണ്ടാകില്ല.

കുറച്ചു നേരം അവിടെയൊക്കെ ചുറ്റിപ്പറ്റി നിന്ന്, മൊന്തയും തിരികെ വാങ്ങി അവൻ അകത്തേയ്ക്കു പോകും.

വാതില്ക്കൽ ഒരു കള്ളച്ചിരിയുമായി ചേച്ചി നിൽക്കുന്നുണ്ടാകും. എന്നിട്ട് മറ്റാരും കേൾക്കാത്ത ഒച്ചയിൽ ഒരു ചോദ്യമുണ്ട്. 

"എന്തു പറ്റി ഉണ്ണീ ... പൊതി കണ്ടില്ലേ?.."

അത് കേൾക്കുന്നതും, ഉണ്ണിയ്ക്ക് ആകെ ദേഷ്യം വരും. പിന്നെ ചേച്ചിയ്ക്കൊരു പിച്ചും കൊടുത്ത്, മുഖവും വീർപ്പിച്ച്, അവൻ ചാടിത്തുള്ളി അകത്തേയ്ക്കു പോകും.

അത്താഴം കഴിഞ്ഞ്, ദാ അച്ഛൻ കോലായിലേക്കെത്തിയല്ലോ. 

ഉണ്ണി ഉഷാറായി. 

ഇനി, അച്ഛന്റെ ആ ഒരു വെറ്റിലമുറുക്ക് കൂടി കഴിഞ്ഞാൽ രക്ഷപെട്ടു. 

മുറുക്കാൻ വായിൽ തിരുകി, അച്ഛൻ വീടിന്റെ ഇരുട്ട് നിറഞ്ഞ ആ വലതു വശത്തേയ്ക്ക് പോയി. പെട്ടെന്ന് തന്നെ മടങ്ങിയുമെത്തി. കയ്യിൽ അതാ വീണ്ടും ആ കടലാസു പൊതി.

ഉണ്ണി പതുക്കെ അടുത്ത് കൂടി. 

പൊതി അഴിച്ചതും, ആഹാ ... കൊതിപ്പിയ്ക്കുന്ന ആ മണം മൂക്കിലേക്ക് അടിച്ചു കയറി.

അതെന്താ സംഭവം? എന്നാകും നിങ്ങൾ വിചാരിയ്ക്കുന്നത്. അല്ലേ?

ഉണ്ണിയ്ക്ക് ഏറെ ഇഷ്ടപ്പെട്ട 'ബോണ്ട'. അതും, നമ്മുടെ കുമാരച്ചന്റെ കടയിലെ.

അത് പറഞ്ഞപ്പോഴാ. ചോദിയ്ക്കാൻ വിട്ടു. കുമാരച്ചനെ അറിയില്ലേ? കവലയിൽ ചായക്കട നടത്തുന്ന കുമാരച്ചനെ? ആ കടയിലെ, മൊതലാളിയും, കാഷ്യറും, സപ്ലയറും, പാചകക്കാരനും ഒക്കെ നമ്മുടെ കുമാരച്ചനാ. ചുരുക്കിപ്പറഞ്ഞാൽ, ഒരു 'ഓൾ-ഇൻ-ഓൾ'.

അതു കൊണ്ടെന്താ?

പലഹാരങ്ങൾക്കൊക്കെ എന്താ ഒരു രുചി? അത് കഴിയ്ക്കാൻ വേണ്ടി മാത്രം, വൈകുന്നേരം ആ കടയിൽ ഒത്തുകൂടുന്ന നാട്ടുകാരെ ഒന്ന്  കാണണം.

ഈ കുമാരച്ചന്റെ സ്പെഷ്യൽ ഐറ്റം ആണ് നമ്മുടെ ആ 'ബോണ്ട'. നന്നായി ഉണങ്ങിയ കൊട്ടത്തേങ്ങ (കൊപ്ര) ചെറുതായി അരിഞ്ഞ്, പശുവിൻ നെയ്യിൽ മൂപ്പിച്ചെടുത്തതും ചേർത്ത്, നല്ല നാടൻ ശർക്കരയിൽ തയ്യാറാക്കുന്ന ആ ബോണ്ടയുടെ ഒരു രുചിയേ. അതൊന്നു വേറെ തന്നെ.

അയ്യോ... കുമാരച്ചന്റെ കാര്യം പറയാൻ പോയപ്പോൾ, ഉണ്ണിയുടെ കാര്യം മറന്നൂല്ലോ.

ഉണ്ണി പതുക്കെ അച്ഛനടുത്തേയ്ക്ക് അല്പം കൂടി നീങ്ങിയിരുന്നു.

അച്ഛൻ പതുക്കെ ആ പൊതിയഴിച്ച് ബോണ്ടയെ പുറത്തെടുത്തു. പിന്നെ ശ്രദ്ധാപൂർവ്വം, ആ പുറം തൊലിയും, കൂടെ ഉള്ളിലെ അല്പം കാമ്പും, മൊത്തത്തിൽ അങ്ങ് മുറിച്ചെടുത്തു മാറ്റി. പിന്നെ അത് ഉണ്ണിയ്യ്ക്കു നേരെ നീട്ടി. എന്നിട്ട്, ഉള്ളിലെ ആ കട്ടിയുള്ള കുഴഞ്ഞ ഭാഗം മാത്രം, അച്ഛൻ തന്റെ കൈയിൽ വച്ചു.

അതും കാത്തിരുന്ന ഉണ്ണിയുടെ ആ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.

തിന്നിട്ടുള്ളവർക്കറിയാം. ബോണ്ടയുടെ ഏറ്റവും രുചിയേറിയ ഭാഗം അതിന്റെ ആ മൊരിഞ്ഞ ആ പുറംഭാഗവും, പിന്നെ അതിനോട് തൊട്ടുചേർന്നുള്ള ആ അകംഭാഗവും ആണെന്ന്. 

വാതിൽക്കൽ നിൽക്കുന്ന ചേച്ചിയെ, കണ്ട ഭാവം പോലും നടിയ്ക്കാതെ, ഉണ്ണി കയ്യിൽ കിട്ടിയ കഷണങ്ങൾ അവിടെയിരുന്നു തന്നെ ആസ്വദിച്ച് കഴിയ്ക്കാൻ തുടങ്ങി.

അച്ഛനാകട്ടെ, തന്റെ കയ്യിൽ ശേഷിച്ച ആ ഭാഗം, വളരെ ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുത്തു. പിന്നെ, കയ്യിലെ ആ മുറുക്കാൻ പിച്ചാത്തിയുടെ തുമ്പ് അല്പം ഉള്ളിലേയ്ക്ക് കടത്തി, ഒരല്പം ചെരിച്ച്, 360 ഡിഗ്രിയിൽ ഒന്ന് കറക്കിയെടുത്തു. എന്നിട്ട് കത്തിയിൽ ഒട്ടിയിരിയ്ക്കുന്ന, ഏതാണ്ട് 'പമ്പര'ത്തിന്റെ ആകൃതിയുള്ള ഭാഗം വളരെ ശ്രദ്ധയോടെ, അരികിലെ ആ പേപ്പറിൽ തന്നെ സൂക്ഷിച്ചു വച്ചു. ഓരോ ഉണ്ടകളും ഈ രീതിയിൽ തയ്യാറാക്കി കഴിഞ്ഞതും, അച്ഛൻ ഉണ്ണിയോടായി പറഞ്ഞു.

"ഉണ്ണീ... ഇനി മാറിയിരുന്നോ .."

പിന്നെ, അച്ഛൻ എഴുന്നേറ്റ്, വീണ്ടും ആ ഇരുൾനിറഞ്ഞ വശത്തേയ്ക്ക് പോയി. അവിടെ, വീടിന്റെ ആ പട്ടികകൾക്കിടയിൽ എവിടെയോ, കുട്ടികൾ കാണുക പോലും ചെയ്യാതെ ഭദ്രമായി ഒളിപ്പിച്ചിരുന്ന, ഒരു കുഞ്ഞുപൊതിയുമായി തിരിച്ചെത്തി. അതു മാത്രം കുട്ടികളെ തൊടാൻ സമ്മതിയ്ക്കില്ല. അല്ല, തൊടാൻ പോയിട്ട്, കാണാൻ പോലും.

എന്നാലും, ഒരിയ്ക്കൽ ദൂരെ മാറിനിന്ന് ഉണ്ണി കണ്ടിട്ടുണ്ട്.  ഒരുതരം  കറുത്ത  പൊടിയാണതിൽ. മാരകമായ എലിവിഷമാണത്രെ. 

കത്തിയുടെ തുമ്പു കൊണ്ട് ആ പൊടി ഒരല്പം എടുത്ത്, ഉണ്ടയുടെ ആ ദ്വാരത്തിൽ വളരെ ശ്രദ്ധയോടെ നിറയ്ക്കും. ഉണ്ടയുടെ പുറമെയൊന്നും  ഒരല്പവും വീഴാൻ പാടില്ലത്രേ. ആ പൊടിയുടെ മണം അല്പമെങ്കിലും കിട്ടിയാൽ, എലി പിന്നെ ഉണ്ട തിന്നില്ലത്രേ. പൊടി നിറച്ചു കഴിഞ്ഞാൽ,  നേരത്തെ സൂക്ഷിച്ചു വച്ച ആ പമ്പരത്തിൽ ഒരെണ്ണം എടുത്ത്, ആ ദ്വാരത്തിനെ ഭദ്രമായി അടയ്ക്കും. 

ഇത്തരം പത്തോ പന്ത്രണ്ടോ കുഞ്ഞുണ്ടകൾ ആകും ഒരുതവണ തയ്യാറാക്കുക. എന്നിട്ട്, അതും കയ്യിലെടുത്ത്, മറുകയ്യിൽ ഞെക്കുവിളക്കുമായിഅച്ചൻ ആ കപ്പത്തോട്ടത്തിലേക്ക് പോകും. 

കൂടെ ചിലപ്പോൾ, ഉണ്ണിയേയും കൂട്ടും. ആ ദിവസം ഉണ്ണിയ്ക്ക് ഇരട്ടി സന്തോഷമാകും.

പിന്നെ, എലി വരുന്ന വഴികൾ നോക്കി, അച്ഛൻ ആ ഉണ്ടകൾ ഓരോന്നായി വയ്ക്കും. രാത്രി കപ്പ മാന്താൻ വരുന്ന എലികൾ, ബോണ്ടയുടെ മണം  കേട്ടെത്തി, ഈ ഉണ്ടകൾ തിന്നും. പിന്നെ എവിടെയെങ്കിലും പോയി ചത്ത് വീഴും.

എലികൾ ചാവുന്ന കാര്യം ഓർക്കുമ്പോൾ ഉണ്ണിയ്ക്ക് സങ്കടം വരും. 

പക്ഷെ, വിഷം വയ്ക്കാനല്ലേ ബോണ്ട വാങ്ങിയ്ക്കൂ എന്നോർക്കുമ്പോൾ, ആ സങ്കടം അവനങ്ങ് കടിച്ചമർത്തും.

ഹോ ... ആ ബോണ്ടയുടെ രുചി... അതോർക്കുമ്പോൾ, ഇപ്പോൾ പോലും നാവിൽ വെള്ളമൂറും ഉണ്ണിയ്ക്ക്.

***

"സാർ ... സാറേ ...?"

"ഏഹ്ഹ് ..എന്താ ? ഇയാളാരാ ..."

മയക്കത്തിൽനിന്നും ഞെട്ടി ഉണർന്ന അയാൾ, തന്റെ ക്യാബിനിൽ തീർത്തും  പരിചയമില്ലാത്ത ഒരാളെ കണ്ടു ഞെട്ടി.

"ഇയാളെങ്ങിനെ ഇവിടെ വന്നു ...എന്താ കാര്യം?"

"സാറെ ..സാറിനോട് പറഞ്ഞിട്ടല്ലേ ഞാൻ ഇതിനകത്തേയ്ക്കു കയറി പോയത് ..."

"ങേ ..ആണോ? ... ശരി എന്തിനാ? "

"സാറെ ... ഞാൻ 'പെസ്റ്റ് കൺട്രോളി'ൽ നിന്നാ ... കഴിഞ്ഞ ദിവസം വച്ച ആ 'റാറ്റ് ട്രാപ്' നോക്കാൻ വന്നതാ... ഒന്നും വീണില്ല സാറെ...  അല്ല .. സാറെ ..സാർ അതിനിടയിൽ മയങ്ങിപ്പോയോ ...?

"ഏയ് ... ഇല്ല ..ഇല്ല ..ഞാനെന്തോ ഓർത്തു പോയി ..."

ജാള്യത മറയ്ക്കാൻ പാടുപെട്ട് അയാൾ പറഞ്ഞു.

"ശരി... സാർ ..എന്നാൽ ഞാൻ ഇറങ്ങട്ടെ ..."

"ആ ..ആട്ടെ .."

ഛെ ... എന്തായാലും മോശമായി പോയി. അയാൾ വന്ന്, ആ 'റാറ്റ് ട്രാപ്പി'ന്റെ കാര്യം പറഞ്ഞത് താനിപ്പോൾ ഓർക്കുന്നുണ്ട്. പക്ഷെ, അതിനിടയിൽ താനെങ്ങിനെ മയങ്ങിപ്പോയി? ഒരു പക്ഷെ,  ഇന്നലത്തെ ആ  ദീർഘയാത്രയുടെ ക്ഷീണം കാരണമാകാം. എന്നാലും.... അയാൾ എന്ത് വിചാരിച്ചു കാണുമോ ആവോ?

ആ എന്തായാലും വേണ്ടില്ല .... പറ്റിയത് പറ്റി .... അതുകൊണ്ടെന്താ...ആ  ബോണ്ടയുടെ രുചി മയക്കത്തിലെങ്കിലും ഒന്ന് ഓർക്കാൻ പറ്റിയല്ലോ ... ഹോ ..!!  


===============

സ്നേഹപൂർവ്വം 

- ബിനു മോനിപ്പള്ളി

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********



  


Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]