ത്രിജട: ജഡമല്ലാത്തൊരു മനസ്സുള്ളവൾ [രാമായണം: അറിയപ്പെടാത്ത കഥാപാത്രങ്ങൾ-2023: ഭാഗം-13]

ത്രിജട: ജഡമല്ലാത്തൊരു മനസ്സുള്ളവൾ [ രാമായണം: അറിയപ്പെടാത്ത കഥാപാത്രങ്ങൾ-2023: ഭാഗം-13 ] ത്രിജട. ആ പേര് കേൾക്കുമ്പോൾ തന്നെ വല്ലാത്ത ഒരു രൂപമാണ് മനസ്സിലേയ്ക്ക് വരുന്നത്. അല്ലേ? കുളിയും നനയുമില്ലാത്ത, കറുത്ത് തടിച്ച രാക്ഷസ രൂപമാർന്ന ഒരു സ്ത്രീ .. ചന്നം പിന്നം ചിതറിക്കിടക്കുന്ന മുടിയിഴകൾ ..ഒക്കെ 'ചട' പിടിച്ചങ്ങിനെ വൃത്തികേടായി ... വല്ലാതെ വെറുപ്പുളവാക്കുന്ന ഒരു 'ചടച്ച' രൂപം. അല്ലേ? എന്നാൽ, രാമായണത്തിലെ 'ത്രിജട' എന്ന ആ രാക്ഷസി കഥാപാത്രം ശരിയ്ക്കും ഇത്തരത്തിലാണോ? നമുക്കൊന്ന് നോക്കിയാലോ? കഥാപാത്ര പരിചയം: രാമായണം പലയാവർത്തി വായിച്ചിട്ടുള്ളവർ പോലും ഈ കഥാപാത്രത്തെ എത്രമേൽ ശ്രദ്ധിച്ചിട്ടുണ്ടാകും എന്നറിയില്ല. ജന്മം കൊണ്ട് രാക്ഷസനെങ്കിലും, പിന്നീട് കറതീർന്ന രാമഭക്തനായി മാറിയ വിഭീഷണന്റെ പുത്രിയാണ് ത്രിജട. രാവണനാൽ അപഹരിയ്ക്കപ്പെട്ട്, ലങ്കയിൽ എത്തിയ സീതാദേവിയ്ക്കു കാവലിനായി രാവണൻ ഏർപ്പെടുത്തിയ ആ കാവൽക്കാരിൽ പ്രധാനി. 'ധർമജ്ഞ' എന്നൊരു പേര് കൂടി ത്രിജടയ്ക്കുണ്ട്. വാല്മീകി രാമായണത്തിൽ ഒന്നിലേറെ അവസരങ്ങളിൽ ത്രിജടയെ നമുക്ക് കാണാമെങ്കിലും, അദ്ധ്യാത്മരാമായണത്തിൽ ഏതാണ്ട് ...