ദശരഥൻ: ഒരു ദശാവലോകനം [രാമായണം: അറിയപ്പെടാത്ത കഥാപാത്രങ്ങൾ-2023: ഭാഗം-12]

ദശരഥൻ: ഒരു ദശാവലോകനം

[രാമായണം: അറിയപ്പെടാത്ത കഥാപാത്രങ്ങൾ-2023:  ഭാഗം-12]


ആരാണ് ദശരഥൻ? 

എന്ന ചോദ്യത്തിന് ഒരു പ്രസക്തിയുമില്ലല്ലോ, അല്ലേ? കാരണം, രാമായണം അറിയുന്ന, കേട്ടിട്ടെങ്കിലുമുള്ള എല്ലാവർക്കും അദ്ദേഹത്തെ അറിയാം. 

ശ്രീരാമദേവന്റെ അച്ഛൻ എന്ന നിലയിൽ, അല്ലെങ്കിൽ കോസല രാജ്യത്തെ മഹാരാജാവ് എന്ന നിലയിൽ.

പക്ഷേ, നമ്മൾ ഇവിടെ അറിയാൻ ശ്രമിയ്ക്കുന്നത്, ആ മഹാരാജാവിനെ അല്ല; മറിച്ച്, അവതാര പുരുഷനായ ശ്രീരാമദേവന്റെ അച്ഛനായിട്ടും, അർഹിയ്ക്കുന്ന ആ ഒരു പ്രശസ്തി അല്ലെങ്കിൽ പരിവേഷം, ദശരഥ മഹാരാജാവിന് എന്ത് കൊണ്ടില്ല, എന്നതിനെക്കുറിച്ചാണ്.

ജീവിതചിത്രം: 

കോസല രാജാവായിരുന്ന അജന്റെയും ഇന്ദുമതിയുടെയും പുത്രൻ. യഥാർത്ഥ നാമം 'നേമി'. പത്ത് (ദശ) ദിക്കുകളിലേക്കും ഒരേ പോലെ സഞ്ചരിയ്ക്കുന്ന രഥമുള്ളവൻ എന്ന അർത്ഥത്തിൽ, അറിയപ്പെടുന്നത് 'ദശരഥൻ' എന്ന പേരിൽ. 

കൗസല്യ, കൈകേയി, സുമിത്ര എന്നീ ഭാര്യമാർ. അവരിൽ രാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നീ പുത്രന്മാർ. [വടക്കേ ഇന്ത്യയിൽ പ്രചാരത്തിലുള്ള രാമായണ കഥകളിൽ, 'ശാന്ത' എന്നൊരു പുത്രി കൂടി  ദശരഥ മഹാരാജാവിനുണ്ട്. ശാന്തയെ അംഗരാജ്യത്തെ രോമപാദ/ലോമപാദ രാജാവ് പിന്നീട് മകളായി ദത്തെടുത്തു, എന്നാണ് ആ ഐതിഹ്യം].

ഇനി നമുക്ക്, നമ്മുടെ ആ ദശരഥ വിശകലനത്തിലേയ്ക്ക് കടക്കാം. അതും, ദശതലത്തിൽ. എന്താ?

1. പ്രേമസമ്പന്നനായ ദശരഥൻ: 

വീരനും ശൂരനുമായ രാജാവായിരിയ്ക്കുമ്പോഴും, പ്രേമാതുരനായ ഒരു കാമുകൻ അഥവാ കാമുകഭാവമുള്ളവൻ കൂടിയായിരുന്നു ദശരഥൻ എന്ന് നമുക്ക് കാണാം. ആ പ്രേമഭാവം, തന്റെ പത്നിമാരിൽ കൈകേയിയോട് ഒരൽപ്പം കൂടുതലായി പ്രകടിപ്പിച്ചിരുന്നു താനും. 

ഉദാഹരണത്തിന്, ശ്രീരാമാഭിഷേക വിഘ്‌നത്തിനു തൊട്ടുമുൻപുള്ള കൗസല്യാദേവിയുടെ ആ പ്രാർത്ഥന നോക്കൂ.

സത്യസന്ധൻ നൃപവീരൻ ദശരഥൻ 

പുത്രാഭിഷേകം കഴിച്ചീടുമെന്നുമേ 

കേകയപുത്രീവശഗതനാകയാ-

ലാകുലമുള്ളിൽ വളരുന്നിതേറ്റവും 

ദുർഗേ! ഭഗവതി! ദുർഷ്കൃതനാശിനി!

ദുർഗതി നീക്കിത്തുണച്ചീടുകംബികേ!

കൈകേയിയ്ക്കു വശഗതനാണ് ദശരഥൻ എന്ന് കൗസല്യയ്ക്കും അറിയാം, കൈകേയിയോട് എപ്പോഴും ഏറിയ ഒരു കാമുകഭാവമാണ് രാജാവിനുള്ളത് എന്നും. അതുവഴി, അഭിഷേകത്തിനു വിഘ്നങ്ങളുണ്ടായേക്കാം എന്നാണ് കൗസല്യയുടെ ആ ഭയവും.

അഭിഷേകത്തിനുള്ള ഒരുക്കങ്ങൾ തീർത്ത്, തന്റെ പ്രിയപത്നിയായ കൈകേയിയെക്കാണാൻ അന്തപുരത്തിലേക്കെത്തിയപ്പോൾ, പ്രിയതമയെ അവിടെ കാണായ്കയാൽ അത്യന്തം പരിഭ്രമിയ്ക്കുന്ന ദശരഥനിലും, ശേഷം രോഷാകുലയായ കൈകേയിയെ കാണുമ്പോൾ സാന്ത്വനിപ്പിയ്ക്കുന്ന ദശരഥനിലും നമുക്ക് കാണാനാവുക, ധീരനായ ഒരു രാജനെയല്ല, മറിച്ച് അധീരനായ അല്ലെങ്കിൽ, തന്റെ പ്രിയതമയ്ക്കു മുന്പിൽ തീർത്തും ദുർബലനാകുന്ന ഒരു കാമുകനെയാണ്.

മൽപ്രജവൃന്ദമായുള്ളവരാരുമേ

വിപ്രിയം ചെയ്യുകയില്ല നിനക്കെടോ 

നാരികളോ നരന്മാരോ ഭവതിയോ-

ടാരൊരു വിപ്രിയം ചെയ്തതു വല്ലഭേ!

ദണ്ഡ്യനെന്നാകിലും വധ്യനെന്നാകിലും 

ദണ്ഡമെനിക്കതിനില്ല നിരൂപിച്ചാൽ

നിർദ്ധനനെത്രയുമിഷ്ടൻ നിനക്കെങ്കി-

ലർത്ഥപതിയാക്കിവെപ്പനവനെ ഞാൻ 

അർത്ഥവാനേറ്റമനിഷ്ടൻ നിനക്കെങ്കിൽ 

നിർദ്ധനനാക്കുവേനെന്നുമവനെ ഞാൻ

വധ്യനെ നൂനമവധ്യനാക്കീടുവൻ

വധ്യനാക്കീടാമവധ്യനെ വേണ്ടുകിൽ 

നൂനം നിനക്കധീനം മമ ജീവനം 

മാനിനീ! ഖേദിപ്പതിനെന്തു കാരണം?

ഇവിടെ ദശരഥൻ പറയുന്നു:

എന്റെ പ്രജകളിൽ ആരും നിനക്ക് അഹിതം ചെയ്യുകയില്ല. ഇനി അഥവാ ചെയ്‌താൽ, അതിനു തക്ക ശിക്ഷയും നൽകാം. നിനക്ക് വേണ്ടപ്പെട്ടവൻ ദരിദ്രനെങ്കിൽ അവന് ആവോളം ധനം നൽകാം. നിന്നെ വേദനിപ്പിച്ചവൻ ധനികനെങ്കിൽ അവനെ ദരിദ്രനാക്കാം. ഇനി അഥവാ  വേണ്ടിവന്നാൽ, അവനെ വധിയ്ക്കാനും താൻ തയ്യാറാണ് എന്നാണ്, രാജൻ ഇവിടെ പറഞ്ഞു വയ്ക്കുന്നത്. 

അവിടെയും നിർത്താൻ തയ്യാറാകാതെ, രാജാവ് തന്റെ വികാര പാരമ്യത്തിൽ പറയുന്നു, 'ഒരു സംശയവും വേണ്ട, നിനക്ക് അധീനമാണ് എന്റെ ഈ ജീവിതം' എന്ന്. 

ഇവിടെയൊക്കെ നമുക്ക് കാണുവാനാകുന്നത്, കാമുകസ്വരൂപനായ ഒരു ദശരഥനെയാണ്. അല്ലേ? 

എന്നാൽ, തൊട്ടടുത്ത നിമിഷം രാമനെ വനവാസത്തിനയയ്ക്കണം എന്ന കൈകേയിയുടെ ആവശ്യത്തോടുള്ള രാജന്റെ ആ പ്രതികരണം നോക്കുക

2. പുത്രസ്നേഹിയായ ദശരഥൻ:

എന്നു കൈകേയി പറഞ്ഞോരാനന്തരം 

മന്നൻ മോഹിച്ചു വീണാനവനിയിൽ 

വജ്രമേറ്റദ്രി പതിച്ചപോലെ ഭുവി 

സജ്വരചേതസാ വീണിതു ഭൂപനും 

കൈകേയിയുടെ ആവശ്യം കേട്ട ദശരഥൻ, ഇന്ദ്രന്റെ വജ്രായുധമേറ്റ് നിപതിച്ച പർവതത്തെക്കണക്ക് ബോധരഹിതനായി വീണു എന്നാണ്. ശോകവും വിഭ്രാന്തിയും ഒരുമിച്ചു ബാധിച്ച ഒരു മനസ്സിൽ നിന്നും വരുന്ന വാക്കുകൾ അഥവാ ചിന്തകളാണ് പിന്നീട് നാം കാണുന്നത്.

തൊട്ടുമുൻപ് വരെ 'പ്രേമ സ്വരൂപയായി' താൻ കണ്ട കൈകേയിയോട് ഇപ്പോൾ ദശരഥനു തോന്നുന്ന ആ വികാരം നോക്കൂ.

വ്യാഘ്രിയെപ്പോലെ സമീപേ വസിയ്ക്കുന്ന 

മൂർഖമതിയായ കൈകേയിതന്മുഖം 

നോക്കി നോക്കി ഭയം പൂണ്ടു ദശരഥൻ 

ദീർഘമായ് വീർത്തുവീർത്തേവമുരചെയ്തു

തന്റെ സമചിത്തത വീണ്ടെടുത്ത ദശരഥൻ തന്റെ പ്രിയപുത്രനായ ആ രാമന്റെ വനവാസം തടയാൻ, കൈകേയിയുടെ മുൻപിൽ കരഞ്ഞു യാചിയ്ക്കുന്നത് നോക്കൂ.

'നിന്നുടെ പുത്രനു രാജ്യം തരാമല്ലോ 

ധന്യശീലേ രാമൻ പോകണമെന്നുണ്ടോ?

രാമനാലേതും ഭയം നിനക്കുണ്ടാകാ 

ഭൂമിപതിയായ് ഭരതനിരുന്നാലും' 

എന്നു പറഞ്ഞു കരഞ്ഞു കരഞ്ഞു പോയ് 

ചെന്നുടൻ കാൽക്കൽ വീണു മഹീപാലനും 

ഇവിടെ നമ്മൾ കാണുന്നു പുത്രസ്നേഹത്താൽ, ഒരു പിതാവെന്ന നിലയിൽ തന്റെ ഒരു പിഴയിൽ നിന്നും അവനു വന്ന ഒരു അത്യാഹിതത്തെ ഒഴിവാക്കുവാൻ, ഭൂമിയേക്കാളും താഴ്ന്ന്, സ്വന്തം ഭാര്യയുടെ മുന്നിൽ കാല് പിടിച്ചു കരയാൻ തയ്യാറാകുന്ന ഒരു പിതാവിനെ അഥവാ ഒരു സ്നേഹസമ്പന്നനെ.

3. ആത്മനിന്ദയിൽ ഉരുകുന്ന ദശരഥൻ:

കൈകേയീ മുഖത്ത് നിന്നും കാര്യങ്ങൾ അറിഞ്ഞ ശ്രീരാമൻ,  പൂർണ്ണമനസ്സോടെ വനവാസത്തിനു പോകാൻ സമ്മതിച്ചപ്പോൾ, ദശരഥ രാജാവ് ആത്മനിന്ദയോടെ, അതിൻറെ സങ്കടത്തോടെ, പറയുന്നത് നോക്കുക. 

രാഘവവാക്യമേവം കേട്ടു ഭൂപതി 

ശോകേന നന്ദനൻ തന്നോടു ചൊല്ലിനാൻ:

'സ്ത്രീജിതനായതികാമുകനായൊരു 

രാജാധമനാകുമെന്നെയും വൈകാതെ 

പാശേന ബന്ധിച്ചു രാജ്യം ഗ്രഹിയ്ക്ക നീ 

ദോഷം നിനക്കതിനേതുമകപ്പെടാ. 


4. സമചിത്തനായ ദശരഥൻ:

വനവാസത്തിനായി രാമലക്ഷ്മണന്മാരും സീതയും ഇറങ്ങുന്ന നേരം, സാക്ഷാൽ വസിഷ്ഠ മഹർഷി പോലും കഠിനമായ കോപത്താൽ കൈകേയിയോട് കയർക്കുമ്പോൾ, സുമന്ത്രരോടുള്ള ദശരഥന്റെ രാജയോഗ്യമായ ആ വാക്കുകൾ നോക്കുക. 

ഇത്ഥം വസിഷ്ഠോക്തി കേട്ടു ദശരഥൻ 

നത്വാ സുമന്ത്രരോടേവമരുൾ ചെയ്തു:

'രാജയോഗ്യം രഥമാശു വരുത്തുക 

രാജീവനേത്രപ്രയാണായ സത്വരം.' 

 

5.  ദുർബലചിത്തനായ ദശരഥൻ:

തൊട്ടുമുമ്പത്തെ നിമിഷം വളരെ സമചിത്തതയോടെ പെരുമാറിയ അതേ ദശരഥൻ, പക്ഷെ രാമൻ യാത്ര പറയുമ്പോൾ വീണ്ടും ദുർബലനാകുന്നു. ഭൂമിയിൽ വീണ് കരഞ്ഞു പോകുന്നു. 

ഇത്ഥമുക്ത്വാ രാമവക്ത്രാംബുജം പാർത്തു-

'പുത്ര! ഹാ രാമ! സൗമിത്രേ! ജനകജേ!

രാമ! രാമ! ത്രിലോകാഭിരാമാംഗ! ഹാ!

ഹാ! മമ പ്രാണസമാന! മനോഹര!'

ദുഃഖിച്ചു ഭൂമിയിൽ വീണു ദശരഥ-

നുൾക്കാമ്പഴിഞ്ഞു കരയുന്നതു നേരം 

ഭൂമിയിൽ വീണു കിടക്കുന്ന ആ പിതാവിനെ വലംവച്ച് തൊഴുതാണ്, രാമൻ വനവാസത്തിനായി യാത്രയാവുന്നതും. 

6. അതീവ ദുഃഖിതനായ ദശരഥൻ

ശ്രീരാമ-ലക്ഷ്മണ-സീതമാരുടെ വനവാസ വിശേഷങ്ങളുമായി തിരിച്ചെത്തിയ സുമന്ത്രരോട്, അടക്കാനാവാത്ത  ജിജ്ഞാസയോടെ ദശരഥൻ ചോദിയ്ക്കുന്നത് നോക്കുക. 

'സോദരനോടും ജനകാത്മജയോടു-

മേതൊരു ദിക്കിലിരിയ്ക്കുന്നു രാഘവൻ?

നിർലജ്ജനായതി പാപിയാമെന്നോടു

ചൊല്ലുവാനെന്തോന്നു ചൊല്ലിയതെന്നുടെ 

ലക്ഷ്മണ, നെന്തു പറഞ്ഞു വിശേഷിച്ചു 

ലക്ഷ്മീസമയായ ജാനകീദേവിയും?

ഹാ രാമ! ഹാ  ഗുണവാരിധേ! ലക്ഷ്മണ!

വാരിജലോചനേ! ബാലേ! മിഥിലജേ!

ദുഃഖം മുഴുത്തു മരിപ്പാൻ തുടങ്ങുന്ന 

ദുഷ്കൃതിയാമെൻ അരികത്തിരിപ്പാനും

മക്കളെയും കണ്ടെനിയ്ക്കു മരിപ്പാനു-

മിക്കാലമില്ലാതെ വന്നു സുകൃതവും.'

ഒരു പിതാവെന്ന നിലയിൽ അദ്ദേഹം എത്രമാത്രം ദുഃഖിതനാണ്, അതും തന്റെ മാത്രം വീഴ്ച കൊണ്ട് സംഭവിച്ചതായതിനാൽ തന്നെ എത്ര ആഴത്തിൽ ആ മനസ്സിനെ അതൊക്കെ മഥിയ്ക്കുന്നു, എന്നത് ഈ വരികളിൽ നിന്നും നമുക്ക് വായിച്ചെടുക്കാം.

7. മൃത്യു കാംക്ഷിയ്ക്കുന്ന ദശരഥൻ:

സ്വതവേ ശാന്തസ്വരൂപിണിയായ കൗസല്യ ദേവിയുടെ, സ്വപുത്രന്റെ 'അകാരണമായ' ആ വനവാസത്താൽ ഉളവാക്കപ്പെട്ട ആ അതീവ ദുഃഖത്തിൽ നിന്നും ഉടലെടുത്ത ചില വാക്കുകൾ, ദശരഥ മഹാരാജാവിനെ എത്ര ആഴത്തിൽ ബാധിയ്ക്കുന്നു എന്ന് നോക്കുക. 

അദ്ദേഹം, ഇത്തരത്തിലുള്ള ഒരു ജീവിതത്തേക്കാൾ, ഒരു മരണത്തെ എത്രയധികം ആഗ്രഹിയ്ക്കുന്നു എന്നും കാണുക.

ഭൂപതി കൗസല്യ ചൊന്നോരു വാക്കുകൾ 

താപേന കേട്ടു മന്ദം പറഞ്ഞീടിനാൻ:

'പുണ്ണിലൊരു കൊള്ളിവയ്ക്കുന്നതുപോലെ 

പുണ്യമില്ലാത മാം ഖേദിപ്പിയായ്ക നീ 

ദുഃഖമുൾക്കൊണ്ടു മരിപ്പാൻ തുടങ്ങുമെ-

ന്നുൾക്കാമ്പുരുക്കിച്ചമക്കായ്ക വല്ലഭേ!

പ്രാണപ്രയാണമടുത്തു, തപോധനൻ

പ്രാണവിയോഗേ ശപിച്ചതു കാരണം


8. നീതിമാനായ ദശരഥൻ:

ഒരു നായാട്ടിനിടയിൽ, ലക്‌ഷ്യം പിഴച്ച തന്റെ ശരമേറ്റ് പ്രാണനുവേണ്ടി പിടയുന്ന ആ മുനികുമാരനെ അവിടെ ഉപേക്ഷിയ്ക്കാതെ, അത്യന്തം വ്യസനത്തോടെ തന്റെ ആ വലിയ തെറ്റ് എറ്റുപറഞ്ഞ് മാപ്പിരക്കുന്ന, യുവാവായ ദശരഥ രാജാവിനെ നോക്കുക. ആ വാക്കുകൾ കേൾക്കുക.

'സ്വാമിൻ ദശരഥനായ രാജാവ് ഞാൻ

മാമപരാധിനം രക്ഷിക്കവേണമേ!

ഞാനറിയാതെ മൃഗയാവിവശനാ-

യാന തണ്ണീർ കുടിയ്ക്കും നാദമെന്നോർത്തു 

ബാണമെയ്തേനതി പാപിയായോരു ഞാൻ 

പ്രാണൻ കളയുന്നതുണ്ടിനി വൈകാതെ..' 

കൂടാതെ, ആ മുനികുമാരന്റെ അന്ധരും വൃദ്ധരുമായ ആ മാതാപിതാക്കൾക്കടുത്ത് പോയും, ദശരഥൻ തന്റെ വലിയ തെറ്റ് ഏറ്റുപറയുന്നു. പിന്നെ, അവരെ സ്വന്തം മകന്റെ മൃതദേഹത്തിനടുത്തേയ്ക്കു കൊണ്ട് പോകുന്നു. മകന്റെ ചിതയിൽ ആ വൃദ്ധദമ്പതികൾ ദേഹം വെടിയുന്നത്, അതീവ ഖിന്നനായി അദ്ദേഹത്തിന്  കണ്ടുനിൽക്കേണ്ടിയും വരുന്നു.

9. ഇഹലോകവാസം വെടിയുന്ന ദശരഥൻ:

ഒരുപക്ഷേ, നമ്മൾ മുകളിൽ കണ്ടത് പോലെ, പലതരത്തിൽ, പല അവസ്ഥകളിൽ ദശരഥ രാജാവിനെ വളരെ വിശദമായി പറഞ്ഞു പോയത് കൊണ്ട് കൂടിയാവാം, ആ അന്ത്യ നിമിഷങ്ങൾ വളരെ ചുരുങ്ങിയ ശ്ലോകങ്ങളിൽ മാത്രമാണ് രാമായണത്തിൽ വർണ്ണിച്ചിരിയ്ക്കുന്നത്. 

'ഹാ! രാമ! പുത്ര! ഹാ! സീതേ ജനകജേ!

ഹാ! രാമ! ലക്ഷ്മണ! ഹാഹാ ഗുണാംബുധേ!

നിങ്ങളെയും പിരിഞ്ഞെൻമരണം പുന-

രിങ്ങനെ വന്നതു കൈകേയിസംഭവം'

രാജീവനേത്രനെച്ചിന്തിച്ചു ചിന്തിച്ചു 

രാജാ ദശരഥൻ പുക്കു സുരാലയം.


10. ഉപസംഹാരം:

ശരിയ്ക്കും നമ്മൾ ദശരഥ മഹാരാജാവിനെ മുകളിൽ പറഞ്ഞ 9 വ്യത്യസ്തതലങ്ങളിൽ വിശകലനം ചെയ്തു, അല്ലേ? അതിൽ നിന്നും, ഒരു കാര്യം നമുക്ക് മനസിലാക്കാം എന്ന് തോന്നുന്നു. 

മറ്റൊന്നുമല്ല, രാമായണ മഹാകാവ്യത്തിലെ, അധികമാരും വിശകലനം ചെയ്യാത്ത, എന്തുകൊണ്ടോ, അതിന് മറന്നു പോയ ഒരു അതീവ സങ്കീർണ്ണമായ കഥാപാത്രമാണ് ദശരഥൻ. ഇനിയും ഒന്ന് കൂടി വിശദമായി ഒരു വിശകലനത്തിന് തയ്യാറായാൽ, നാം ഇവിടെ കണ്ടതിലും എത്രയോ കൂടുതൽ ഒരു പക്ഷേ, ഇനിയും ആ കഥാപാത്രത്തിന് നമ്മോട് പറയാനുണ്ടാകും?

ഇനി നമുക്കാ ആദ്യചോദ്യത്തിലേയ്‌ക്കൊന്ന് തിരിച്ചു വന്നാലോ? (അവതാര പുരുഷനായ ശ്രീരാമദേവന്റെ അച്ഛനായിട്ടും, അർഹിയ്ക്കുന്ന ആ ഒരു പ്രശസ്തി അല്ലെങ്കിൽ പരിവേഷം, ദശരഥ മഹാരാജാവിന് എന്ത് കൊണ്ടില്ല? എന്ന ചോദ്യത്തിലേയ്ക്ക്).

അതിനുള്ള  കാരണങ്ങളിൽ ചിലത് ഇവയൊക്കെ ആകാം.

1. മുകളിൽ കണ്ടത് പോലെ, വളരെ ചഞ്ചല ചിത്തനായ ഒരു കഥാപാത്രമാണ് ദശരഥൻ. ചിലപ്പോൾ ഏറെ പക്വമായും, മറ്റു ചിലപ്പോൾ അതിലേറെ ദൈന്യമായും പെരുമാറുന്ന ഒരു വ്യക്തിത്വം.

2. അതിശക്തനായ ഒരു രാജാവായിരുന്നിട്ടും, ചിലപ്പോൾ മാത്രമാണ് രാജയോഗ്യമായ രീതിയിൽ പെരുമാറാൻ അദ്ദേഹത്തിനായത്.

3. സപത്നിമാരോട് ഒരേ രീതിയിൽ ഉള്ള സ്നേഹം പ്രകടിപ്പിയ്ക്കാൻ ഒരു ഭർത്താവെന്ന നിലയിൽ അദ്ദേഹത്തിനായില്ല.

4. സാഹസികനായ യുവ നായാട്ടുകാരൻ എന്ന നിലയിൽ അറിയാതെ പറ്റിയ ആ കൊടിയ അബദ്ധത്തിന്റെ വരുംവരായ്കകൾ ഓർത്തു വയ്ക്കാനും, ഭാവിയിൽ അതിനനുസരിച്ച് കരുതലെടുക്കാനും അദ്ദേഹം തീർത്തും മറന്നു.

അവസാനമായി, ഒരൊറ്റ കാര്യം കൂടി. 

സ്വജീവിതത്തിൽ അറിയാതെ സംഭവിച്ചുപോയ ഒരു തെറ്റിനും, വ്യാപ്തി അറിയാതെ കൊടുത്തു പോയ ഒരു വാക്കിനും, വലിയ വില കൊടുക്കേണ്ടി വന്ന, എന്തിന്? സ്വജീവിതം തന്നെ നൽകേണ്ടി വന്ന, ഹതഭാഗ്യനായ ഒരു രാജനാണ്, ഒരു ഭർത്താവാണ്, അതിലേറെ ഒരു പിതാവാണ്,രാജാ ദശരഥൻ.

ഓർമ്മ വയ്ക്കുക, നമ്മളും.

രാമായണമാസ ആശംസകളോടെ ...പ്രാർത്ഥനകളോടെ....

===============

സ്നേഹപൂർവ്വം 

- ബിനു മോനിപ്പള്ളി

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********







Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]