ത്രിജട: ജഡമല്ലാത്തൊരു മനസ്സുള്ളവൾ [രാമായണം: അറിയപ്പെടാത്ത കഥാപാത്രങ്ങൾ-2023: ഭാഗം-13]

ത്രിജട: ജഡമല്ലാത്തൊരു മനസ്സുള്ളവൾ 

[രാമായണം: അറിയപ്പെടാത്ത കഥാപാത്രങ്ങൾ-2023:  ഭാഗം-13]

ത്രിജട. ആ പേര് കേൾക്കുമ്പോൾ തന്നെ വല്ലാത്ത ഒരു രൂപമാണ് മനസ്സിലേയ്ക്ക് വരുന്നത്. അല്ലേ? കുളിയും നനയുമില്ലാത്ത, കറുത്ത് തടിച്ച രാക്ഷസ രൂപമാർന്ന ഒരു സ്ത്രീ .. ചന്നം പിന്നം ചിതറിക്കിടക്കുന്ന മുടിയിഴകൾ ..ഒക്കെ 'ചട' പിടിച്ചങ്ങിനെ വൃത്തികേടായി ... വല്ലാതെ വെറുപ്പുളവാക്കുന്ന ഒരു 'ചടച്ച' രൂപം. 

അല്ലേ?

എന്നാൽ, രാമായണത്തിലെ 'ത്രിജട' എന്ന ആ രാക്ഷസി കഥാപാത്രം ശരിയ്ക്കും ഇത്തരത്തിലാണോ? 

നമുക്കൊന്ന് നോക്കിയാലോ?

കഥാപാത്ര പരിചയം: 

രാമായണം പലയാവർത്തി വായിച്ചിട്ടുള്ളവർ പോലും ഈ കഥാപാത്രത്തെ എത്രമേൽ ശ്രദ്ധിച്ചിട്ടുണ്ടാകും എന്നറിയില്ല. ജന്മം കൊണ്ട് രാക്ഷസനെങ്കിലും, പിന്നീട് കറതീർന്ന രാമഭക്തനായി മാറിയ വിഭീഷണന്റെ പുത്രിയാണ് ത്രിജട. രാവണനാൽ അപഹരിയ്ക്കപ്പെട്ട്, ലങ്കയിൽ എത്തിയ സീതാദേവിയ്ക്കു കാവലിനായി രാവണൻ ഏർപ്പെടുത്തിയ ആ കാവൽക്കാരിൽ പ്രധാനി. 'ധർമജ്ഞ' എന്നൊരു പേര് കൂടി ത്രിജടയ്ക്കുണ്ട്.

വാല്മീകി രാമായണത്തിൽ ഒന്നിലേറെ അവസരങ്ങളിൽ ത്രിജടയെ നമുക്ക് കാണാമെങ്കിലും, അദ്ധ്യാത്മരാമായണത്തിൽ ഏതാണ്ട് ഒരു അവസരത്തിൽ മാത്രമാണ്, നമുക്ക് ഈ കഥാപാത്രത്തെ പ്രധാനമായും കാണാനാകുക.

===============

അതികഠിനപരുഷതരവചനശരമേൽക്കയാ-

ലാത്മാവു ഭേദിച്ചിരുന്നിതു സീതയും 

'അനുചിതമിതലമലമടങ്ങുവിൻ നിങ്ങളെ'- 

ന്നപ്പോൾ ത്രിജടയുമാശു ചൊല്ലീടിനാൾ:  

ശൃണു വചനമിതു മമ നിശാചരസ്ത്രീകളേ! 

ശീലാവതിയെ നമസ്കരിച്ചീടുവിൻ.

സുഖരഹിതഹൃദയമോടുറങ്ങിനേനൊട്ടു ഞാൻ 

സ്വപ്നമാഹന്ത! കണ്ടേനിദാനീം ദൃഢം 

അഖിലജഗദധിപനഭിരാമനാം രാമനു-

മൈരാവതോപരി ലക്ഷ്മണവീരനും 

ശരനികരപരിപതനദഹനകണജാലേന 

ശങ്കാവിഹീനം ദഹിപ്പിച്ചു ലങ്കയും 

രണശിരസി ദശമുഖനെ നിഗ്രഹിച്ചശ്രമം 

രാക്ഷസരാജ്യം വിഭീഷണനും നൽകി 

മഹിഷിയെയുമഴകിനൊടു മടിയിൽവെച്ചാദരാൽ 

മാനിച്ചുചെന്നയോധ്യാപുരം മേവിനാൻ." 

===============

താൻ അപഹരിച്ചു കൊണ്ട് വന്ന സീതയെ, വശംവദയാക്കുവാൻ, രാവണൻ തനിയ്ക്കറിയാവുന്ന എല്ലാ അടവുകളും പരീക്ഷിയ്ക്കുന്നു. അനുനയരൂപത്തിൽ, ഭീഷണിയുടെ രൂപത്തിൽ, അപേക്ഷയുടെ ഭാവത്തിൽ, അങ്ങിനെ എല്ലാ തരത്തിലും. 

എന്നാൽ, ഒന്നിലും വിജയിയ്ക്കാൻ ആവാതെ വന്നതോടെ, സീതയെ ഏതു വിധേനയും പറഞ്ഞു മനസ്സിലാക്കി അല്ലെങ്കിൽ പാട്ടിലാക്കി, തന്റെ വശത്താക്കുവാനുള്ള ദൗത്യം രാവണൻ സീതയുടെ കാവൽക്കാരികളായ ആ രാക്ഷസിമാരെ ഏൽപ്പിയ്ക്കുകയാണ്. അതിനായി രണ്ടു മാസങ്ങൾ വരെ താൻ ക്ഷമിച്ചിരിയ്ക്കാം എന്നും പറയുന്നു. 

രാവണകോപം ഭയന്ന രാക്ഷസികൾ, ഒട്ടു ഭീതിയോടെ തന്നെ എങ്ങിനെയും സീതയെ ഭയപ്പെടുത്തി രാവണന് നല്കാൻ ശ്രമിയ്ക്കുന്നു. 

സീതയാവട്ടെ, ആദ്യം രാവണനും, പിന്നീട് രാക്ഷസികളും പറഞ്ഞ ആ പരുഷ വാക്കുകൾ കേട്ട്, സ്വന്തം ആത്മാവ് തന്നെ പിളർന്നവളെപ്പോലെ ആയിരിയ്ക്കുന്നു. ആ സമയം, ത്രിജട പറയുന്നത് നോക്കുക. പാവം സീതയെ ആശ്വസിപ്പിയ്ക്കുന്നതു നോക്കുക.

തീർത്തും ഉറക്കം വരാത്ത ഒരു രാത്രിയിൽ താൻ കണ്ട ഒരു സ്വപ്നത്തെ കുറിച്ചാണ് ത്രിജട ഇവിടെ പറയുന്നത്. രാമലക്ഷ്മണന്മാർ ഐരാവതത്തിലേറി ലങ്കയിൽ എത്തുകയും, ശരസമൂഹത്തിന്റെ പതനം മൂലമുണ്ടായ അഗ്നിസ്ഫുലിംഗങ്ങളാൽ ലങ്കയെ ദഹിപ്പിച്ച്, രാവണനെ നിഗ്രഹിച്ച്, രാജ്ഞിയെ വീണ്ടെടുത്ത്, വിഭീഷണനെ ലങ്കാധിപതിയാക്കി, സന്തോഷത്തോടെ തിരികെ അയോധ്യയിലേക്ക് മടങ്ങി. 

ഇതായിരുന്നുവത്രെ ആ സ്വപ്നം. ആ സ്വപ്ന ചിന്തകൾ ഇനിയും തുടരുന്നത് നോക്കുക. 

===============

കുലിശധരരിപു ദശമുഖൻ നഗ്നരൂപിയായ് 

ഗോമയമായ മഹാഹ്രദം തന്നിലേ 

തിലരസവുമുടൽ മുഴുവനലിവിനൊടണിഞ്ഞുടൻ 

ധൃത്വാ നളദമാല്യം നിജ മൂർദ്ധനി 

നിജസഹജ സചിവസുത സൈന്യസമേതനായ് 

നിർമഗ്നനായ്ക്കണ്ടു വിസ്മയം തേടിനേൻ. 

===============

വലിയ ചാണകക്കുളത്തിൽ ഇന്ദ്രശത്രുവായ രാവണൻ നഗ്നരൂപിയായ്, തന്റെ മുഴുവൻ മന്ത്രിമാരോടും, പുത്രന്മാരോടും, ബന്ധുക്കളോടും, എന്തിന് പൂർണ്ണ സൈന്യത്തോടുമൊപ്പം നിമഗ്നനായിരിയ്ക്കുന്നതാണ് താൻ ആ സ്വപ്നത്തിൽ കണ്ടത്, എന്നാണ് ഇവിടെ ത്രിജട പറഞ്ഞു വയ്ക്കുന്നത്.

===============

രജനിചരകുലപതി വിഭീഷണൻ ഭക്തനായ്‌ 

രാമപാദാബ്ജവും സേവിച്ചു മേവിനാൻ 

കലുഷതകൾ കളവിനിഹ രാക്ഷസസ്ത്രീകളേ! 

കണ്ടുകൊള്ളാമിതു സത്യമത്രേ ദൃഢം

കരുണയൊടു വയമതിനു കതിപയദിനം മുദാ 

കാത്തുകൊള്ളേണമിവളെ നിരാമയം 

===============

'സ്വപ്നം ചിലർക്ക് ചിലകാലമൊക്കും' എന്നൊരു ഓർമ്മപ്പെടുത്തലാണിവിടെ. ഒപ്പം, സീതയെ ഭീഷണിപ്പെടുത്താൻ തുനിഞ്ഞ ആ രാക്ഷസസ്ത്രീകൾക്കുള്ള ഒരു താക്കീതും. താൻ കണ്ട ഈ സ്വപ്നത്തിൽ പറഞ്ഞതൊക്കെ ഓർമ്മയിൽ വച്ച് കൊണ്ട് 'കലുഷതകൾ' മാറ്റിക്കളയുകയും, ഇനിമേൽ സീതയെ വളരെ കാരുണ്യപൂർവ്വം നിങ്ങൾ കാത്തുകൊള്ളുകയും വേണം, എന്നാണ് ത്രിജട ഇവിടെ പറയുന്നത്.

===============

രജനിചരയുവതികളിതി ത്രിജടാവചോ-

രീതികേട്ടത്ഭുതഭീതി പൂണ്ടിടിനാർ

മാനസി പരവശതയൊടുറങ്ങിനാരേവരും

മാനസേ ദുഃഖം കലർന്നു വൈദേഹിയും

===============

കാവൽക്കാരികളാകട്ടെ, ത്രിജടയുടെ ഈ വാക്കുകൾ കേട്ടപ്പോൾ, അത്ഭുതസ്തബ്ധരും കൂടെ ഭയചകിതരുമാകുകയും, പിന്നീട് സീതാദേവിയെ ഭീഷണിപ്പെടുത്താൻ തീർത്തും ഒരുങ്ങാതെ, ക്രമേണ ഉറക്കത്തിലേക്ക് വഴുതി വീഴുകയും ചെയ്തുവത്രേ.

നമ്മൾ മനസ്സിലാക്കേണ്ടത്:

ഒരു വ്യക്തിയെ അളക്കേണ്ടത്, അയാളുടെ അഥവാ അവളുടെ ജനനമോ, കുലമഹിമയോ, ജാതിയോ, മതമോ, ആകൃതി-പ്രകൃതികളോ, നിറമോ, ആഹാര രീതികളോ ഒന്നും വച്ചല്ല; മറിച്ച് അയാളുടെ അഥവാ അവളുടെ സംസ്കാരവും, പിന്നെ വാമൊഴികളും അതിന്റെ നിലവാരവും, അർത്ഥവ്യാപ്തികളും, പിന്നെ ആ ആളുടെ നേർസമീപനങ്ങളും വച്ചാണ്, എന്ന വളരെ വലിയ ആ 'സാമൂഹ്യ പാഠമാണ്' ഈ കഥാപാത്രം നമ്മെ പഠിപ്പിയ്ക്കുന്നത് അഥവാ വളരെ ലളിതമായി ഇവിടെ കാണിച്ചു തരുന്നത്. 

മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ ഒരാളുടെ വൈശിഷ്ട്യം അയാളുടെ അഥവാ അവളുടെ ആ ബാഹ്യസൗന്ദര്യത്തിൽ അല്ലേയല്ല, മറിച്ച് ഉൾസൗന്ദര്യത്തിൽ അഥവാ സ്വഭാവസൗന്ദര്യത്തിൽ ആണ് എന്ന പാഠമാണ്, ഈ കഥാപാത്രം നമുക്ക് പറഞ്ഞു തരുന്നത്.

ഏത് ആസുര കുലത്തിലും നന്മയുടെ അംശമുണ്ടാകാം അഥവാ പ്രത്യാശയുടെ ഒരു ചെറുവെളിച്ചമുണ്ടാകാം എന്ന ലോകതത്വവും ത്രിജട നമ്മെ ഓർമ്മപ്പെടുത്തുന്നു.

ഉപസംഹാരം: 

രാമായണം എന്ന മഹാകാവ്യം, അതിലെ ഒരോ കഥാപാത്രത്തിൽ കൂടിയും (അത് ദൈവ-രാക്ഷസ-മാനവ-മൃഗ-പക്ഷി വിഭാഗങ്ങളിൽ ഏതിൽ പെടുന്നതായാലും ശരി), നമുക്ക് മുൻപിൽ ഇത്തരം വളരെ ആഴമേറിയ ചില ചിന്തകൾക്കുള്ള വഴികളാണ് തുറന്നു തരുന്നത്. അതുമല്ലെങ്കിൽ, രാമായണം വായിയ്ക്കുമ്പോൾ, വെറുതെ അങ്ങിനെ വായിച്ചു പോകാതെ, അത്തരം ഉൾവഴികളിൽ കൂടി നാം സഞ്ചരിയ്ക്കുകയാണ് വേണ്ടത്. അതിന്റെ അന്തരാർത്ഥങ്ങൾ അറിയുകയാണ് വേണ്ടത്. 

അല്ലാതെ, വെറുമൊരു 'മനോഹര ചൊൽ കാവ്യ'മായി മാത്രം രാമായണത്തെ കാണുകയല്ല വേണ്ടത്. 

രാമായണമാസ ആശംസകളോടെ ...പ്രാർത്ഥനകളോടെ....

===============

സ്നേഹപൂർവ്വം 

- ബിനു മോനിപ്പള്ളി

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********


Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]