കുമാരച്ചനും പിന്നെ ആ 'റിങ് വാഷറും' [ചെറുകഥ]


 കുമാരച്ചനും പിന്നെ ആ 'റിങ് വാഷറും'

[ചെറുകഥ]

 

കുറെയേറെ നാളായല്ലോ നമ്മുടെ കുമാരച്ചനെ ഒന്ന് കണ്ടിട്ട്. എന്നാ പിന്നെ, ഇന്നൊന്നു  കണ്ടേക്കാം എന്ന് കരുതി. 

പോരാത്തതിന് ഇന്ന് ഞായറും ആണല്ലോ. [പറ്റിയാൽ, "വൈകിട്ടെന്നാ പരിപാടി?" എന്നൊന്നറിയുകേം ചെയ്യാം എന്നത് ഗൂഢോദ്ദേശം].

ചെന്നപ്പോ ദേ, ആള് ആ വേലിക്കൽ നിക്കണ പ്ലാവിന്റെ താഴെ, താടിയ്ക്കു കയ്യും കൊടുത്തിരിയ്ക്കുന്നു. അത് കുമാരച്ചന്റെ ഒരു സ്ഥിരം സ്റ്റൈൽ ആയതു കൊണ്ട് തന്നെ, അതിൽ വല്യ അതിശയം ഒന്നും തോന്നിയതും ഇല്ല. എന്നാലും ഒരു നാട്ടുനടപ്പിന്, ചുമ്മാ വിശേഷം ചോദിയ്ക്കണമല്ലോ...

"എന്നടാ ഉവ്വേ ... രാവിലെ താടിയ്ക്ക് കയ്യും കൊടുത്ത്...? എന്നാ പറ്റി ?" 

"ഓഹ് ... എന്നാ പറയാനാ പാക്കരാ.... ഇനീം ഒന്ന് ടൗണീ പോകണം..."

ഞായർ .. ടൗൺ ..ബീവറേജ് ... എന്റെ മനസ്സിൽ ഒരു ലഡ്ഡു 'പടേ'ന്നങ്ങ് പൊട്ടി.

"അതിനെന്നാന്നെ ...? എന്നാ വാ പോയേക്കാം ...ഞാനും വരാം.."

"ഓ .... ഇന്നിനി പോയിട്ട് കാര്യോം ഇല്ല ... ഇന്ന് കട തുറക്കില്ലല്ലോ.."

"ഏതു കട? ബിവറേജാ...?" എനിയ്ക്കിത്തിരി കൂടി ഉത്സാഹം കൂടി.

"നീ ഒന്ന് പോയെ .... രാവിലെ ചുമ്മാ ആളെ ആസ്സാക്കാതെ ... ഞാനിവിടെ ഇങ്ങനെ ഒരുമാതിരി കുന്തിച്ചിരിയ്‌ക്കൊമ്പോളാ ... അവന്റെയൊരു......"

കുമാരച്ചൻ അർദ്ധോക്തിയിൽ നിർത്തി. അപ്പൊ കാര്യം ഇത്തിരി സീരിയസ് ആണ്. ഞാൻ നയം മാറ്റിപ്പിടിച്ചു.

"പറ കുമാരച്ചാ .. എന്താ പ്രശ്‌നം? നമുക്ക് ഒരു വഴി കാണാന്നെ..."

"അതെ .. ഇന്നലെ ഞാൻ ടൗണീ പോയി ആ ഗ്യാസ് സ്റ്റൗവ്വിനൊരു 'റിങ് വാഷർ' വാങ്ങി..."

"ഏഹ് ..അതെന്തോന്ന് ഈ റിങ് വാഷർ? "

"പാക്കരാ .. അതാ ബർണറിനെ ചുറ്റി ഇടുന്ന ഒരു കറുത്ത റിങ് ഇല്ലേ ..? അത്"

"ഓഹ് ..ഓക്കേ ..ഓക്കേ .. അതിനെന്നാന്നേ ഇപ്പ പ്രശ്‌നം? നിന്റെ ചെറുക്കൻ വല്ലോം പറഞ്ഞോ ?"

"പാക്കരാ ..ഞാൻ പറഞ്ഞു ... കാര്യം പറയുമ്പം ... ഒരു മാതിരി ..."

"ഇല്ലില്ല ... നീ പറ .."

"ഇന്ന് രാവിലെയെ .... പുതിയ സാധനം കിട്ടിയ  സന്തോഷത്തിൽ ഞാനാണെ പഴയ തുരുമ്പെടുത്ത ആ വാഷർ എടുത്ത് വളച്ചൊടിച്ചും കളഞ്ഞു .."

"അതിനെന്നാ? അതിനി വേണ്ടല്ലോ .."

"വേണ്ട ..പക്ഷേ .. അതല്ലേ പ്രശ്‌നം. പുതിയത് ഇട്ടു നോക്കിയപ്പോ അതങ്ങ് ഫിറ്റ് ആകുന്നില്ല ..സൈസ് മാറിപ്പോയി"

"അയ്യോ .. അങ്ങനാവുമ്പം പിന്നെങ്ങിനെ സ്റ്റൗ കത്തിയ്ക്കും?"

"അതല്ലേടാ ഞാനീ ഇരിപ്പിരിയ്ക്കുന്നേ ...? ഇന്നാണെ മാറ്റാൻ ആ കടേം തൊറക്കില്ല ..?

"എന്റെ കുമാരച്ചാ ..നിനക്കാ പുതിയത് ഒന്ന് ഫിറ്റ് ചെയ്ത് നോക്കീട്ട് ആ പഴയ വാഷർ കളഞ്ഞാ പോരാരുന്നോ ?"

"മതിയാർന്നു .. പക്ഷേ പുതിയതിന്റെ ആ തിളക്കോം മിനുമിനുപ്പും ഒക്കെ കണ്ടപ്പോ, ആകെ തുരുമ്പെടുത്ത ആ പഴയത് ... അയ് ... ആകെ എന്തോ പോലെ ..?

"എന്നാലും ..അതല്ലേ നീ ഇത്രനാളും യൂസ് ചെയ്തേ ...?"

"അതേടാ ..ഇനീപ്പം പറഞ്ഞിട്ടെന്നാ കാര്യം ...? നല്ലൊരു സൺ‌ഡേ ..ഇത്തിരി ബീഫും കപ്പേം  ..."

"നീ വെഷമിയ്ക്കണ്ട .. പറ്റിയത് പറ്റി .... നാളെപ്പോയി സാധനം നമുക്ക് മാറ്റി വാങ്ങാം ..."

"ആഹ്..."

അങ്ങനെ കുമാരച്ചനെ ഒരുവിധം സമാധാനിപ്പിച്ച്, ഗോപ്യേട്ടന്റെ കടേന്ന് ഒരു ചായേം കുടിപ്പിച്ച് തിരികെ എത്തിയപ്പോഴാ ഞാനും ആലോചിച്ചത്. 

ഇതേ കാര്യം കുമാരച്ചൻ മാത്രമല്ലല്ലോ ഞാനും നിങ്ങളും ഒക്കെ പലപ്പോഴും ചെയ്യാറുണ്ടല്ലോ എന്ന്.

പല പുതിയ സാധനങ്ങളും വാങ്ങിക്കൊണ്ടുവന്നാലുടൻ പഴയതിനെ വലിച്ചെറിയാറാണ് നമ്മൾ പതിവ്.

ചിലപ്പോൾ ഈ അബദ്ധം സുഹൃത്തുക്കളുടെ കാര്യത്തിലും നമ്മൾ ചെയ്യും. അല്ലേ? 

പുതിയ ചില കൂട്ടുകൾ കിട്ടുമ്പോൾ നമ്മൾ പഴയ ചില കൂട്ടുകൾ വലിച്ചെറിയും. 'പോട്ട് പുല്ല്' എന്നൊരു ഭാവത്തിൽ ....

ഇപ്പോൾ ആണെങ്കിലോ? വേണമെങ്കിൽ ആ വാട്സാപ്പിൽ അവനെ/അവളെ നമ്മൾ അങ്ങ് കേറി ബ്ലോക്കും ചെയ്യും. 

പുതിയ ചങ്ങായി നമ്മളെ ആകെയങ്ങ് മൊത്തം സുഖിപ്പിയ്ക്കുമ്പോളാ, ഒരു മാതിരി 'കന്നാപിന്നാ' മെസേജ് ഒക്കെ ആയി ആ പഴഞ്ചന്റെ വരവ്. .... അല്ല പിന്നെ ... ആർക്കുവേണം ഇനി അവന്റെ/അവളുടെ ആ കൂട്ട്?

പക്ഷേ, ഇത്തിരി ദിവസങ്ങൾ കഴിയുമ്പോൾ അല്ലേ കാര്യം മനസ്സിലാകുന്നത്. നമ്മടെ ആ പുതിയ  'ചങ്ങായി' നമുക്ക് അത്രയ്ക്കങ്ങ് പറ്റിയ ആളല്ല .. നമുക്ക് അതങ്ങ് 'ഫിറ്റ്' ആകൂല്ല എന്ന്. എന്തൊക്കെയോ ഒരു വശപ്പിശക് ....

പഴയ ആളെയാണെങ്കിൽ നമ്മൾ വേണ്ടെന്നും വച്ച് .... ബ്ലോക്കും ചെയ്ത് ... ഇനീപ്പം ... എങ്ങിനെ 'അൺബ്ലോക്ക്' ചെയ്യും?

അപ്പോ... നമ്മൾ ശരിയ്ക്കും ആരായി ...?

വേറെ ആര് ?

പക്കാ കുമാരച്ചൻ .....!!

"എന്തോന്നാ മനുഷ്യാ ഇത്? നിങ്ങളോട് ഞാൻ നൂറുവട്ടം പറഞ്ഞിട്ടൊണ്ട് ആ കുമാരച്ചന്റെ കൂടെ നടന്ന് അയാടെ ഓരോ കാട്ടായങ്ങള് കണ്ടു പഠിയ്ക്കല്ലേന്ന് ... എന്നിട്ട് ദേ നടവാതിക്കൽ താടിയ്ക്ക് കൊടുംകയ്യും കൊടുത്ത് ...."

"അല്ലെടി ..അത് പിന്നെ ...."

===============

സ്നേഹപൂർവ്വം 

- ബിനു മോനിപ്പള്ളി

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

 

 


 

 

 


Comments

  1. Good Reading Binu ...നല്ല ഭാഷ..നല്ല ആശയം ...!!

    ReplyDelete

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]