കർമ്മബന്ധിതനായ കബന്ധൻ [രാമായണം: അറിയപ്പെടാത്ത കഥാപാത്രങ്ങൾ - 2024: ഭാഗം 15]

 

കർമ്മബന്ധിതനായ കബന്ധൻ 

[രാമായണം: അറിയപ്പെടാത്ത കഥാപാത്രങ്ങൾ - 2024: ഭാഗം 15] 

'കബന്ധൻ' എന്ന പേര് കേൾക്കുമ്പോൾ ഒരു സാധാരണക്കാരന് പെട്ടെന്ന് ഓർമ്മ വരുന്നത്,  'കബന്ധം' എന്ന വാക്കാകും. പക്ഷേ, അത്ര നല്ലൊരു വാക്കല്ല അത്. അല്ലേ? 

കാരണം മറ്റൊന്നുമല്ല. ആ വാക്കിന്റെ യഥാർത്ഥത്തിലുള്ള ആ അർത്ഥം തന്നെ; "തലയില്ലാത്ത ജഡം".

എന്തിനാവും ആ പേരിൽ ഒരു കഥാപാത്രം രാമായണത്തിൽ? 

എന്താവും ആ കഥാപാത്രത്തിന് ഇതുപോലൊരു മഹാകാവ്യത്തിൽ കാര്യം?

നമുക്കൊന്ന് നോക്കാം.

കഥാപാത്ര പരിചയം:

സീതാന്വേഷണ യാത്രാമദ്ധ്യേ ജടായുവിനെയും കണ്ട്, മോക്ഷവും നൽകി, രാമലക്ഷ്മണന്മാർ തങ്ങളുടെ ആ സങ്കടയാത്ര തുടരുമ്പോഴാണ്, തികച്ചും ആകസ്മികമായി, അതിവിചിത്ര രൂപിയായ ആ കബന്ധനെ കണ്ടുമുട്ടുന്നത്. 

ശ്രീരാമൻ പോലും ആ രൂപത്തെ വർണ്ണിയ്ക്കുന്നത് നോക്കുക.

'വക്ഷസി വദനവും യോജന ബാഹുക്കളും

ചക്ഷുരാദികളുമില്ലെന്തൊരു സത്വമിദം?

ലക്ഷ്മണ! കണ്ടായോ നീ കണ്ടോളം ഭയമുണ്ടാം

ഭക്ഷിയ്ക്കുമിപ്പോളിവൻ നമ്മെയെന്നറിഞ്ഞാലും. 

പക്ഷിയും മൃഗവുമല്ലെത്രയും ചിത്രം ചിത്രം!

വക്ഷസി വക്ത്രം കാലും തലയുമില്ല താനും 

രക്ഷസ്സു പിടിച്ചുടൻ ഭക്ഷിയ്ക്കും മുൻപേ നമ്മെ 

രക്ഷിയ്ക്കുംപ്രകാരവും കണ്ടീല നിരൂപിച്ചാൽ 

തത്‍ഭുജമധ്യസ്ഥന്മാരായിതു കുമാര! നാം 

കല്പിതം ധാതാവിനാലെന്തെന്നാലതുവരും.'

ആകെ വിചിത്രമായ രൂപം. കാലും തലയുമില്ല. മുഖമാകട്ടെ വയറിലും. അതിനു മുകളിൽ കണ്ണ് എന്ന് തോന്നിപ്പിയ്ക്കുന്ന എന്തോ ഒരെണ്ണം. അസാമാന്യ നീളമുള്ള രണ്ട് കയ്യുകൾ. എന്നുവേണ്ട, ആരെയും ഭയപ്പെടുത്തുന്ന, അഥവാ ആരിലും വെറുപ്പുളവാക്കുന്ന ഒരു അതിഭീകര രൂപം.

പൂർവ്വ ചരിത്രം:

സ്വരക്ഷയെ കരുതി, രാമലക്ഷ്മണമാർ കബന്ധന്റെ ആ കരങ്ങൾ രണ്ടും ഛേദിയ്ക്കുമ്പോൾ, ആ രൂപം തിരിച്ചറിയുന്നു, തനിയ്ക്ക് മുൻപിൽ നിൽക്കുന്നവർ തീരെ നിസ്സാരക്കാരല്ല എന്ന്. 

പിന്നീട്, ശ്രീരാമൻ തങ്ങൾ ആരൊക്കെയാണെന്ന് വെളിപ്പെടുത്തുമ്പോൾ, കബന്ധനും തന്റെ ആ പൂർവ്വചരിത്രം പറയുകയാണ്.

ദിവ്യനായിരുപ്പൊരു ഗന്ധർവനഹം രൂപ-

യൗവനദർപ്പിതനായ് സഞ്ചരിച്ചീടുംകാലം

സുന്ദരീജനമനോധൈര്യവും ഹരിച്ചതി-

സുന്ദരനായോരു ഞാൻ ക്രീഡിച്ചു നടക്കുമ്പോൾ   

അഷ്ടാവക്രനെക്കണ്ടു ഞാനപഹസിച്ചിതു 

രുഷ്ടനായ് മഹാമുനി ശാപവും നൽകീടിനാൻ 

ദുഷ്ടനായുള്ളോരു നീ രാക്ഷസനായ് പോകെന്നാൻ

തുഷ്ടനായ്പ്പിന്നെശ്ശാപാനുഗ്രഹം നൽകീടിനാൻ.

സാക്ഷാൽ ശ്രീനാരായണൻ തന്തിരുവടി തന്നെ 

മോക്ഷദൻ ദശരഥപുത്രനായ്‌ ത്രേതായുഗേ

വന്നവതരിച്ചു നിൻ ബാഹുക്കളറുക്കുന്നാൾ

വന്നീടുമല്ലോ ശാപമോക്ഷവും നിനക്കെടോ!

തന്റെ തിളയ്ക്കുന്ന യൗവ്വനകാലത്ത്, ഒരു സുന്ദര ഗന്ധർവ്വനായിരുന്നുവത്രേ കബന്ധൻ. അനേകം സുന്ദരിമാരൊത്ത് യഥേഷ്ടം ക്രീഡിച്ചു നടന്നവൻ. സ്വന്തം സൗന്ദര്യത്തിലും, യൗവ്വനത്തിലും, സുഖസൗകര്യങ്ങളിലും ഒക്കെ അതിരറ്റ് അഹങ്കരിച്ചിരുന്നവൻ. 

ആ അഹങ്കാരമാണ് കബന്ധന് ഈ ദുർഗതി വരുത്തിയതും. 

അഹങ്കാരിയായ കബന്ധൻ, കാഴ്ചയിൽ ഒട്ടുമേ സുന്ദരനല്ലാത്ത 'അഷ്ടാവക്ര'മുനിയെ വല്ലാതെ അപമാനിയ്ക്കുകയും, അതുവഴി മുനിയുടെ ഉഗ്രശാപം ഏറ്റുവാങ്ങുകയുമായിരുന്നു. അങ്ങിനെയാണ് ഇത്രയും വിരൂപനായ ഒരു രാക്ഷസനായി, ഇവ്വിധം ജീവിയ്ക്കേണ്ടി വന്നത്. 

ശേഷം, കബന്ധൻ ശാപമോക്ഷം നേടി, അതീവ ഹൃദ്യമായ ഒരു ശ്രീരാമസ്തുതിയും നടത്തി, തന്റെ ആ ഗന്ധർവ്വലോകത്തേയ്ക്ക് തിരികെ പോകുകയാണ്. തികഞ്ഞ സന്തോഷവാനായി.

കഥാപാത്ര വിശകലനം:

'ഗന്ധർവനിൽ നിന്നും കബന്ധമായി മാറിയവൻ', എന്ന അർത്ഥത്തിലാവാം ഒരുപക്ഷേ, 'കബന്ധൻ' എന്ന പേര് വന്നത്.

അല്ലെങ്കിൽ, സ്വന്തം 'കർമ്മഫലത്താൽ ശേഷജീവിതം ബന്ധിയ്ക്കപ്പെട്ടവൻ' എന്ന അർത്ഥത്തിലുമാകാം.

എനിയ്ക്കു തോന്നുന്നത്, ഒരുപക്ഷേ, ലൗകിക ജീവിതത്തിൽ ഒരുവന് ഉള്ളിൽ ഉടലെടുക്കുന്ന ആ അതിരില്ലാത്ത അഹങ്കാര ബോധമുണ്ടല്ലോ, ആ ബോധത്തെ പ്രതിനിധീകരിയ്ക്കാനാണ്, രാമായണത്തിൽ ഇത്തരമൊരു കഥാപാത്രത്തെ പാത്രവത്കരിച്ചത് എന്നാണ്.

ഞാനങ്ങിനെ പറയാൻ കാരണം, മറ്റൊന്നുമല്ല. 

സീതാദേവിയെ ആരാണ് അപഹരിച്ചു കൊണ്ടുപോയത് എന്ന വിവരം, ജടായുവിനടുത്തു നിന്നും കിട്ടിയതിനു ശേഷമാണ്, രാമലക്ഷ്മണന്മാർ ഈ കബന്ധന്റെ അടുത്തെത്തുന്നത്. ഇവിടെ നിന്നും പോകുന്നതാകട്ടെ അതേക്കുറിച്ച് ഇനിയും കൂടുതൽ കാര്യങ്ങൾ പറയാൻ കഴിവുള്ള ആ ശബരിയുടെ ആശ്രമത്തിലേയ്ക്കും. 

അപ്പോൾ പിന്നെ, എന്തിനാണ് 'സീത എവിടെ?' എന്നൊരു ചോദ്യവുമായി കബന്ധന്റെ അടുക്കൽ രാമലക്ഷ്മണന്മാർ എത്തുന്നത്?

മാത്രവുമല്ല, രാമനാൽ ശാപമോക്ഷം നേടി വീണ്ടും ഗന്ധർവ്വനായ ആ കബന്ധൻ, സീതാദേവി എവിടെ? എന്നതിലേയ്ക്ക് നയിയ്ക്കാനുതകുന്ന കാര്യമായതോ, കൃത്യമായതോ ആയ കൂടുതൽ വിവരങ്ങൾ നൽകുന്നുമില്ല. 

നല്കുന്നതോ? ശബര്യാശ്രമത്തിലേക്കുള്ള ആ വഴി മാത്രവും.

അപ്പോൾ ഏതാണ്ട് നമുക്കുറപ്പിയ്ക്കാം, കബന്ധൻ എന്ന കഥാപാത്രത്തിനല്ല, കബന്ധൻ എന്ന കഥാപാത്രത്തിന്റെ ആ 'ജീവിതപുസ്തക'ത്തിനാണ് ഇവിടെ കൂടുതൽ പ്രധാന്യം എന്ന്. 

ശരിയല്ലേ?

ആ ജീവിത പുസ്‌തകമാണ്‌ അഥവാ ജീവിതപാഠമാണ് നമ്മൾ വിശദമായി മനസ്സിലാക്കേണ്ടത്; അതിൽ നിന്നുമാണ് നമ്മൾ, നമുക്ക് വേണ്ട ജീവിതപാഠങ്ങൾ ഉൾക്കൊള്ളേണ്ടത്.

നമ്മൾ അറിയേണ്ടത്:

1. ലൗകിക ജീവിത സുഖലോലുപതകളിൽ, അതിന്റെ ആ ലഹരികളിൽ അങ്ങിനെ മതിമയങ്ങി ജീവിയ്ക്കുമ്പോൾ, നമ്മുടെ ഉള്ളിൽ നമ്മളറിയാതെ അഹങ്കാരം ഉടലെടുത്തേക്കാം. അങ്ങിനെയെങ്കിൽ, അത് മറ്റൊന്നിനുമല്ല, നമ്മുടെ സർവ്വനാശത്തിനു തന്നെ വഴിവച്ചേക്കാം.

2. സ്വന്തം കർമ്മഫലത്താൽ, ഒരു കൊടിയ ശാപം അറിഞ്ഞോ അറിയാതെയോ നിങ്ങൾക്കുമേൽ വന്നാൽ, നിങ്ങൾ സഹജീവികളാൽ വെറുക്കപ്പെടും, ആട്ടിയകറ്റപ്പെടും. പിന്നെ, ശരിയ്ക്കുമൊരു രാക്ഷസജന്മം തന്നെ നിങ്ങൾ ജീവിയ്ക്കേണ്ടിയും വരും.

3. ഇനി, ഒരുവേള ശരിയ്ക്കുമുള്ളൊരു പശ്ചാത്താപത്തിന് നിങ്ങൾ തയ്യാറാണെങ്കിൽ, തീർച്ചയായും അത്തരമൊരു രക്ഷാമാർഗം അഥവാ ആ മോശം ജീവിതരീതികളിൽ നിന്നുമൊരു മോചനമാർഗം, നിങ്ങളുടെ മുന്നിൽ തുറന്നു കിട്ടുക തന്നെ ചെയ്യും.

4. ജീവിതം ആസ്വദിയ്ക്കുക, എല്ലാ സുഖങ്ങളോടെയും. പക്ഷേ, അവിടെയും പരിധികൾ വേണം. സ്വന്തമായ നിയന്ത്രണങ്ങൾ വേണം. ആ ജീവിത-വിജയ തത്വമാണ് കബന്ധൻ എന്ന ആ ഗന്ധർവ്വ-രാക്ഷസൻ സ്വജീവിത ചരിത്രത്തിലൂടെ നമ്മോട് പറഞ്ഞു വയ്ക്കുന്നത്. 

5. ബാഹ്യസൗന്ദര്യത്തിലും, സൗകര്യങ്ങളിലും അഭിരമിച്ച്, മനസ്സിൽ അഹങ്കാരം നിറയ്ക്കുന്ന ഒരുവന്, അവൻ എത്ര ശക്തനും, സമ്പന്നനും, ബന്ധുബലമുള്ളവനും ആണെങ്കിൽക്കൂടി, കാലം കാത്തുവയ്ക്കുന്നത് കനത്ത തിരിച്ചടി തന്നെയാകും എന്ന ആ പ്രപഞ്ചസത്യമാണ്  അഥവാ പ്രപഞ്ചതത്വമാണ് കബന്ധൻ എന്ന ആ വിചിത്രകഥാപാത്രത്തിലൂടെ, ബുദ്ധിമാനായ ആ രാമായണകഥാകാരൻ നമുക്ക് വെളിപ്പെടുത്തി തരുന്നത്. 

**********

"രാമായണം: അറിയപ്പെടാത്ത കഥാപാത്രങ്ങൾ" എന്ന പരമ്പരയിലെ ഭാഗം-15 "കർമ്മബന്ധിതനായ കബന്ധൻ" ഇവിടെ പൂർണ്ണമാകുന്നു. 

നിങ്ങൾക്കിഷ്ടമായി എന്ന് കരുതുന്നു. അഭിപ്രായങ്ങളും, വിമർശനങ്ങളും അറിയിയ്ക്കുക.

 ===========

സ്നേഹപൂർവ്വം 

- ബിനു മോനിപ്പള്ളി

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********


Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]