ധിയോ യോ ന: പ്രചോദയാത്.... !

ധിയോ യോ ന: പ്രചോദയാത്

[ആദിത്യ സന്നിധിയിലേയ്ക്കൊരു തീർത്ഥയാത്ര]

വീണു കിട്ടിയ അവധിദിനത്തിൽ [ആഗസ്റ്റ്-15-2024], എങ്ങോട്ടാകണം ഒരു ചെറുയാത്ര എന്നാലോചിച്ചപ്പോളാണ്, പെട്ടെന്ന് എവിടെ നിന്നോ "സൂര്യക്ഷേത്രം" മനസ്സിലേയ്ക്ക് ഓടിക്കയറി വന്നത്.

സൂര്യക്ഷേത്രം എന്ന് കേട്ടാൽ നമുക്കൊക്കെ, കൂടെ ഓർമ്മ വരുന്ന ആ സ്ഥലനാമം "കൊണാർക്ക്" എന്നാണല്ലോ. കാരണം സ്‌കൂളിൽ അങ്ങിനെയാണല്ലോ നമ്മളെയൊക്കെ പണ്ട് പഠിപ്പിച്ചത്.

എന്നാൽ, നമ്മുടെ ഈ യാത്ര അങ്ങോട്ടല്ല. അത്ര ദൂരമൊന്നും  പോകേണ്ടതില്ല നമുക്ക് നമ്മുടെ ആദിത്യഭഗവാനെ നേരിൽ ഒന്ന് തൊഴുവാൻ, എന്ന് എത്ര പേർക്കറിയാം?

പറഞ്ഞു വരുന്നത്, നമ്മുടെ ഈ കുഞ്ഞുകേരളത്തിലെ ആ സൂര്യക്ഷേത്രത്തെ കുറിച്ചാണ്. കോട്ടയം ജില്ലയിലെ കുറുപ്പന്തറയ്ക്കടുത്തുള്ള, ഇരവിമംഗലം  എന്ന കൊച്ചുഗ്രാമത്തിലുണ്ട് ഒരു സൂര്യക്ഷേത്രം. അത്ര പ്രശസ്തമല്ലെങ്കിലും, പുരാതനവും പ്രൗഢവുമായ 'ആദിത്യപുരം സൂര്യക്ഷേത്രം'.

നിങ്ങൾ ഇതേവരെ പോയിട്ടില്ല അല്ലേ? മിക്കവാറും കേട്ടിട്ടുമുണ്ടാകില്ല. 

എന്നാൽ, ഇന്ന് നമുക്കവിടേയ്ക്കൊന്നു പോയാലോ?

ദേ, അതിരാവിലെ നമ്മൾ നമ്മുടെ യാത്ര തുടങ്ങുന്നു. പതിവ് തെറ്റിയ്ക്കാതെ, പിന്നണിയിൽ ജയവിജയന്മാരുടെ അയ്യപ്പഭക്തിഗാനങ്ങൾ സാവധാനം ഒഴുകിയെത്തി. നമ്മുടെ എല്ലാ പുലർകാല യാത്രകളുടെയും തുടക്കം, എന്നും അങ്ങിനെയാണല്ലോ.

ഇടയ്ക്ക്, തിരുവല്ല 'എവീസിലെ' പ്രഭാത ഭക്ഷണം. പാലപ്പവും, കടലക്കറിയും കൂടെ കടുപ്പത്തിലോരോ ചായയും. ക്ഷേത്രദർശനം കഴിയും വരെ നമ്മൾ 'ഫുൾ വെജിറ്റേറിയൻസ്'.

പിന്നെയും തുടർന്ന യാത്ര, ഏറ്റുമാനൂരപ്പ സന്നിധിയിൽ എത്തിയപ്പോൾ, അവിടെ പതിവിലും കൂടുതൽ തിരക്ക്. അവധി ദിനമായതിനാലാകാം. അകത്തേയ്ക്കു കയറാതെ, പുറമെ നിന്ന് തന്നെ തൊഴുതു പ്രാർത്ഥിച്ചു. കാരണം, കൂടുതൽ താമസിച്ചാൽ സൂര്യക്ഷേത്രം അടച്ചാലോ എന്നൊരു സംശയം. മാത്രവുമല്ല, പറ്റിയാൽ തൊട്ടടുത്ത മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽക്കൂടി ഒന്ന് തൊഴണമെന്നുമുണ്ട്, ഇത്തവണ.  

ഗൂഗിൾ മാപ്പ് ഉണ്ടെങ്കിൽ പോലും, കുറുപ്പന്തറ കവലയിൽ എത്തി ഞങ്ങൾ വഴി ചോദിച്ചു. എന്നിട്ടും ചെറുതായി ഒന്ന് വഴിതെറ്റി എന്ന് പറയാം. രണ്ടാമത്തെ വലത്ത് തിരിയുന്നതിനു പകരം, ഒന്നാമത്തെ വലത്ത് തിരിഞ്ഞു. അത്രേ ഞങ്ങൾ ചെയ്തുള്ളൂ. അതിനിപ്പം വഴിതെറ്റി എന്നൊക്കെ പറയാമോ? ആർക്കറിയാം.

എന്തായാലും അവസാനം ഞങ്ങൾ കൃത്യമായി സൂര്യസന്നിധിയിൽ എത്തി. വിശാലമായ പാർക്കിങ് സ്ഥലം. കുറച്ചു പടികൾ കയറിയാൽ, നമുക്ക് ക്ഷേത്രത്തിനുള്ളിൽ എത്താം. [മുകളിലെ പാർക്കിങ് ആണെങ്കിൽ, ക്ഷേത്രത്തിലേക്കെത്താൻ പടികൾ ഇറങ്ങി, ഇടതു വശത്തുകൂടി നടന്ന് ക്ഷേത്രത്തിന്റെ മുൻപിലേക്കെത്തുക]

തീരെ തിരക്കില്ലാത്തതിനാൽ, ക്ഷേത്രവും പരിസരങ്ങളും പരിപൂർണ്ണ നിശബ്ദം. അതു തന്നെ നമ്മുടെ മനസ്സിനെ തീർത്തും ശാന്തമാക്കും. അമ്പലമുറ്റത്ത് ഒരു പടുകൂറ്റൻ മരം, തണൽ വിരിച്ചങ്ങിനെ നിൽക്കുന്നു. 

ആദിത്യദേവൻ മുഖ്യ പ്രതിഷ്ഠയായുള്ള ക്ഷേത്രങ്ങൾ, ഭാരതത്തിൽ തന്നെ വളരെ അപൂർവ്വമാണ്; പലയിടത്തും നവഗ്രഹപ്രതിഷ്ഠയുണ്ടെങ്കിലും. 

ഇവിടെ എന്നാൽ, നവഗ്രഹപ്രതിഷ്ഠയില്ല.അതെന്തായിരിയ്ക്കും?

 

അകത്തേയ്ക്കു കയറിയാൽ, വൃത്താകൃതിയിൽ ചെറിയ ശ്രീകോവിൽ. അവിടെ പടിഞ്ഞാറേക്ക് ദർശനമായി സൂര്യപ്രതിഷ്ഠ. നിയതമായതോ, ലിഖിതമായതോ ആയ തെളിവുകൾ ഇല്ലെങ്കിൽ പോലും, ത്രേതായുഗത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ എന്ന് പരക്കെ വിശ്വസിയ്ക്കപ്പെടുന്നു. 

കൊളുത്തി വച്ച ആ നിലവിളക്കുകളുടെ പ്രകാശം പുറകിലെ ഗോളകയിൽ തട്ടി പ്രതിഫലിയ്ക്കുമ്പോൾ, ശരിയ്ക്കും ആ സൂര്യ വിഗ്രഹം മിന്നിത്തിളങ്ങുന്നു. യഥാർത്ഥ സൂര്യനെപ്പോലെ. ഗായത്രി മന്ത്രത്തിന്റെ അറിയാവുന്ന വരികൾ, അറിയാതെ മനസ്സിലേയ്ക്കെത്തി.


 ക്ഷേത്രസമീപത്തുള്ള മരങ്ങാട്ട് മനക്കാർക്കാണ് ഇപ്പോഴും ഊരാൺമ സ്ഥാനം.

 * * * *

ഐതിഹ്യം:

മേൽപ്പറഞ്ഞ ആ മനയിലെ ഒരു പൂർവികൻ, ഇപ്പോൾ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്ത്, സൂര്യദേവനെ മനസ്സിൽ സങ്കൽപ്പിച്ച് തപസ്സനുഷ്ഠിയ്ക്കുകയും, അതിൽ വരമായി ലഭിച്ച വിഗ്രഹത്തെ, അവിടെ തന്നെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തുവത്രേ. 

ചതുർബാഹുവായി പദ്മാസനത്തിൽ ഇരിയ്ക്കുന്ന രീതിയിൽ ആണ്, ഇവിടെ പ്രതിഷ്ഠ. 

ഒരിയ്ക്കൽ ആദിത്യൻ തനിയ്ക്ക് വർധിത ശക്തി ലഭിയ്ക്കുന്നതിനായി, മഹാമായയെ ധ്യാനിയ്ക്കുകയും, അതുവഴി 'ഉദയം മുതൽ ആറര നാഴിക വരെ സകല ദേവതകളുടെയും ശക്തി തന്നിൽ ഉണ്ടാകട്ടെ' എന്ന വരം നേടുകയും ചെയ്തുവത്രെ. ഈ സങ്കല്പ്പത്തിലുള്ളതത്രെ ഇവിടുത്തെ വിശേഷാൽ സൂര്യപ്രതിഷ്ഠ.

ആദിത്യന്റെ ശ്രീകോവിലിനോട് ചേർന്നു തന്നെ നേരെ പുറകിലായി, കിഴക്കോട്ട് ദർശനമായി ഒരു ദുർഗാപ്രതിഷ്ഠയുമുണ്ടിവിടെ. ഏതാണ്ട് 1050ൽ ആണ് ഈ ദുർഗ്ഗാപ്രതിഷ്ഠ നടന്നത് എന്നാണ് വിശ്വാസം.

 * * * * 

മറ്റ് അമ്പലങ്ങളിൽ നിന്നും വ്യത്യസ്‌തമായി, ഇവിടെ രക്തചന്ദനമാണ് പ്രസാദമായി നൽകുന്നത്. ത്വക് രോഗങ്ങൾ മാറുന്നതിന് ഈ പ്രസാദം വളരെ നല്ലതത്രെ.

ഞായറാഴ്ചയാണ് പ്രധാന ദർശന ദിവസം. മേട, വൃശ്ചിക മാസങ്ങളിലെ അവസാന ഞായറാഴ്ചകൾ, കാവടി ഉത്സവങ്ങളായി ഇവിടെ കൊണ്ടാടുന്നു.

പൊതുവായി പറഞ്ഞാൽ, ആദിത്യഭജന ഫലം നൽകുന്നത് രോഗശാന്തി, ആരോഗ്യ, ബുദ്ധിവികാസങ്ങൾ ഇവയ്ക്കത്രെ. പ്രത്യേകിച്ചും, നേത്രരോഗ നിവാരണത്തിന്.

ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 1:30നും, മറ്റു ദിവസങ്ങളിൽ  ഉച്ചയ്ക്ക് 12 നും ആണ് നട അടയ്ക്കുന്നത്.

ശ്രീകോവിൽ മുൻപിൽ തൊഴുത്, പ്രദക്ഷിണവും പൂർത്തിയാക്കിയ ഞങ്ങൾ പതുക്കെ പുറത്തേയ്ക്കിറങ്ങി. പിന്നെ ചുറ്റമ്പലത്തിനു പ്രദക്ഷിണം വച്ചു. ഉപദേവതകളെയും തൊഴുതു. 

മതിൽക്കെട്ടിനു പുറത്ത്, അരയാൽ ചുവട്ടിൽ, പുരാതനമായ ഒരു ക്ഷേത്രക്കുളം, മതിൽക്കെട്ടുകളുടെ ആഢംബരങ്ങളേതുമില്ലാതെ. പഴക്കം കൊണ്ട് തന്നെ, ചില വശങ്ങൾ ഇടിഞ്ഞിരിയ്ക്കുന്നു.

അതിനുമപ്പുറം, ഏതൊരു കേരളീയ ഉൾഗ്രാമത്തിന്റെയും തനത് മുഖമുദ്രയായ, ചെറിയ നെൽവയലുകളും, വാഴത്തോപ്പുകളും, പിന്നെ നിരന്ന പാവൽ പന്തലുകളും.

ശാന്തമായ, എന്നാൽ നിറഞ്ഞ, മനസ്സോടെ ഞങ്ങൾ മടങ്ങാൻ തീരുമാനിച്ചു. 

മടങ്ങുന്ന വഴിയിൽ, പ്രശസ്തമായ മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലും തൊഴുതു. കുട്ടികൾ അപ്പോഴേയ്ക്കും നന്നേ ക്ഷീണിതരായി എന്നതിനാൽ, കൂടുതൽ സമയം അവിടെ ചിലവഴിയ്ക്കാനായില്ല. വീണ്ടുമൊരിയ്ക്കൽ അവിടേയ്ക്കു മാത്രമായി വരാം, എന്ന തീരുമാനത്തിൽ മടക്കം. 

സൂര്യക്ഷേത്രത്തിൽ എത്തിച്ചേരുവാൻ: 

തിരുവനന്തപുരം ഭാഗത്ത് നിന്നും വരുന്നവർ, ഏറ്റുമാനൂർ നിന്നും  തലയോലപ്പറമ്പ് റോഡിലൂടെ കുറുപ്പന്തറ എത്തി, കവലയിൽ നിന്നും ഇടത്തേയ്ക്കു തിരിഞ്ഞ് നേരെ പോകുക. റെയിൽവേ ക്രോസ്സ് കഴിഞ്ഞ്, രണ്ടാമത്തെ വലത്ത് തിരിയുക. കുറച്ചു ദൂരം മുൻപോട്ടു പോയാൽ ഇടതു വശത്തായി പ്രശസ്തമായ മള്ളിയൂർ മഹാഗണപതി ക്ഷേത്രം. അതും കഴിഞ്ഞ് മുൻപോട്ടു പോയി, ആദ്യ കവലയിൽ നിന്നും ഇടത്തേയ്ക്കു തിരിയുക.

എറണാകുളം ഭാഗത്ത് നിന്നും വരുന്നവർ, മുട്ടുചിറ കവല കഴിഞ്ഞ്, അടുത്ത വളവിൽ വലതു വശത്ത് മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിന്റെ വലിയ ആർച്ചുള്ള റോഡിലേയ്ക്ക് തിരിഞ്ഞ്, നേരെ പോകുക.

ഗായത്രി മന്ത്രം:

''ഓം ഭൂർഭുവ: സ്വ:।
തത് സവിതുർവരേണ്യം।
ഭർഗോ ദേവസ്യ ധീമഹി।
ധിയോ യോ ന: പ്രചോദയാത്॥''

ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ, അതുപോലെ നമ്മുടെ ബുദ്ധിയേയും (ധീ) പ്രകാശിപ്പിക്കട്ടെ .... എന്നാണ്‌ ഈ പ്രാർത്ഥനയുടെ സാരം.

 ===============

സ്നേഹത്തോടെ 

ബിനു മോനിപ്പള്ളി 

 ******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

പിൻകുറിപ്പ്: ഞങ്ങൾ മള്ളിയൂർ ക്ഷേത്രത്തിൽ തൊഴുതിറങ്ങിയതും, സമീപവാസിയായ കൂട്ടുകാരൻ ഞങ്ങളെയും തിരക്കിയെത്തി. കുറവിലങ്ങാട് ദേവമാതയിൽ ബിരുദപഠനത്തിൽ എന്റെ സഹപാഠിയായിരുന്നു ആൾ. പിന്നെ, തമ്മിൽ കാണുന്നത് ഇപ്പോൾ മാത്രം. നേരെ അവന്റെ വീട്ടിലേയ്‌ക്ക്‌. വിശേഷങ്ങൾ എത്രയോ ഉണ്ട് പങ്കു വയ്ക്കാൻ. ഭക്ഷണമൊന്നും തയ്യാറാക്കരുത് എന്ന് പറഞ്ഞിരുന്നുവെങ്കിൽ കൂടി, അവിടെ ദാ എല്ലാം തയ്യാർ. അങ്ങിനെ, രണ്ടാമത്തെ പ്രഭാത ഭക്ഷണം. ശേഷം, അവിടെ നിന്നും കുറച്ചു മാത്രം അകലെയുള്ള മറ്റൊരു സഹപാഠിയുടെ വീട്ടിലേയ്ക്ക്. വർത്തമാനങ്ങൾ പൂർത്തിയാക്കാനായില്ല അതിനു മുൻപേ ഊണ് വിളമ്പി. നല്ല തനിനാടൻ കോട്ടയം കറികളും കൂട്ടിയുള്ള ഊണും കഴിഞ്ഞ്, നേരെ നമ്മുടെ സ്വന്തം മോനിപ്പള്ളിയ്ക്ക് തിരിയ്ക്കുമ്പോൾ, സമയം ഏതാണ്ട് 4 മണി (വൈകുന്നേരം) കഴിഞ്ഞിരുന്നു.

ആദിത്യക്ഷേത്ര ദർശനത്താൽ നിറഞ്ഞ മനസ്സിന്, ഇരട്ടിമധുരമായി മാറി ഒരുപാട് വർഷങ്ങൾക്ക് ശേഷമുണ്ടായ ആ സുഹൃദ്‌സംഗമം.



Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]