ഓലവര - ഓർമ്മയിലെ ചന്ദന വര
ഓലവര - ഓർമ്മയിലെ ചന്ദന വര
[ഓർമ്മക്കുറിപ്പ്]
'ഓല' എന്നാൽ, എല്ലാവർക്കും അറിയാം. 'വര' എന്നാലോ? അതും അറിയാം.
പക്ഷേ, ഈ 'ഓലവര' എന്ന സാധനം, നമ്മുടെ പ്രിയവായനക്കാരിൽ എത്രപേർക്ക് അറിയാം, എന്നെനിയ്ക്കറിയില്ല.
കാര്യം അത്രയ്ക്കങ്ങ് പിടികിട്ടുന്നില്ല. അല്ലേ?
എന്നാൽ നമുക്കൊരല്പം 'ഫ്ലാഷ് ബാക്ക്' ആയാലോ?
ഏറെ വർഷങ്ങൾക്കു മുൻപുള്ള കാര്യമാണ്. ശ്രീ സാംബശിവൻ സാറിന്റെ കഥാപ്രസംഗഭാഷയിൽ പറഞ്ഞാൽ.... കോട്ടയം ജില്ലയിലെ മോനിപ്പള്ളി എന്ന പ്രശാന്ത സുന്ദരമായ ഒരു ഗ്രാമം.
അതേ ... അവിടേയ്ക്കാണ് ഇത്തവണ ഞാൻ നിങ്ങളെ കൊണ്ടുപോകുന്നത്.
പച്ചപുതച്ച നെൽവയലുകളും, അതിന്റെ കരയിൽ ഒരു പുരാതന ദേവീക്ഷേത്രവും, ക്ഷേത്രമുറ്റത്ത് താമരകൾ വിരിയുന്ന കുളവും; പിന്നെ കുറച്ചങ്ങു മാറി ഈശോയുടെ തിരുഹൃദയനാമത്തിലുള്ള കേരളത്തിലെ ആദ്യപള്ളിയും; കൂടെ, കൊച്ചുടൗണിന്റെ ഒത്ത നടുക്ക് പടർന്നു വളർന്ന് പൂത്തുനിൽക്കുന്ന ആ ഗുൽമോഹർ മരവും ഒക്കെ.... നമുക്കാ ഗ്രാമത്തിൽ കാണുവാൻ കഴിയും.
"പുഷ്പിതജീവിതവാടിയിലോ ഒരപ്സരസുന്ദരിയാണ് അനീസ്യ...." എന്ന അതിപ്രശസ്തമായ ആ കഥാപ്രസംഗവരികൾ, വേണമെങ്കിൽ നമുക്കിങ്ങനെയൊന്ന് മാറ്റി പാടാം.
"പുഷ്പിതജീവിതവാടിയിലോ ഒരപ്സരസുന്ദരിയായ ഗ്രാമം...."
അവിടെ ആ ഗ്രാമത്തിൽ, 'കുടുക്കപ്പാറ' എന്ന, കൗതുകം ഒളിപ്പിച്ച നാമമുള്ള ഒരു കൊച്ചു ദേശം. അവിടെ നന്മയുടെ 'നിറകുടുക്ക'കളായ ദേശവാസികളും, ചില്ലറപൈസയിട്ട 'മൺകുടുക്കകൾ' കിലുങ്ങുന്നത് പോലെ 'കിലുകിലെ' ചിരിച്ചിരുന്ന, ശേഷം 'കലപില' ചിലച്ചിരുന്ന, നാടൻ പെണ്മണികളും ഏറെ ഉണ്ടായിരുന്നു എന്നതായിരിയ്ക്കാം, ഒരുപക്ഷേ ആ ദേശനാമത്തിന്റെ പിന്നിൽ.
അത്, അത്രയ്ക്കങ്ങ് ഉറപ്പില്ല കേട്ടോ.
എന്തായാലും, അവിടെയൊരു 'ആശാൻ കളരി' ഉണ്ടായിരുന്നു. കളരി എന്നാൽ നിലത്തെഴുത്ത് കളരി. എന്ന് പറഞ്ഞാൽ, ഇന്നത്തെ ആ LKG/UKG സംവിധാനത്തിന്റെ ഒരു തനി ഗ്രാമരൂപം.
ആ കളരിയിൽ, അന്നൊരു കുട്ടിനിക്കർ പയ്യൻ പഠിച്ചിരുന്നു. രാവിലെ കളരിയിലേയ്ക്ക് പോകുന്ന അവന്റെ ആ വലത് കയ്യിൽ, 'കുട്ടിക്കൂറ' പൗഡറിന്റെ ഒരു ചളുങ്ങിയ ടിന്നുണ്ടാകും. അതിൽ എന്താണെന്നോ? വീട്ടിലെ (അരിപ്പൊടി അരിയ്ക്കുന്ന) അരിപ്പയിൽ, അവന്റെ അമ്മ ഏറെ ശ്രദ്ധയോടെ അരിച്ചെടുത്ത കുറച്ച് 'പഞ്ചാര മണൽ'.
അപ്പോൾ, ആ ഇടംകയ്യിലോ?
അതിൽ, കറുത്ത ചരടിനാൽ കൂട്ടിക്കെട്ടിയ, കുറച്ചു നീളൻ കരിമ്പന ഓലകൾ. ഓലകളുടെ ഒരറ്റത്ത് ചെറിയൊരു ദ്വാരമിട്ടിട്ടുണ്ടാവും. മറ്റേ അറ്റമാകട്ടെ, ഏതാണ്ട് ഒരു ത്രികോണാകൃതിയിൽ മടക്കി കെട്ടിയിട്ടുമുണ്ടാകും.
ആ ഓലയിലെ, നാരായത്തിനാൽ കോറി, ചിരട്ടക്കരിയാൽ കറുപ്പിച്ചെടുത്ത ആ വടിവൊത്ത മലയാള അക്ഷരങ്ങൾ, അവന്റെ ആ കുഞ്ഞു കൈവെള്ളയിൽ എന്നും ഇക്കിളിയിട്ടിരുന്നു. ഒരുപക്ഷേ, വയനാടൻ ചുരത്തിലെ ആ വളവുകൾ പോലെ, അല്ലെങ്കിൽ അലസമായി ഒഴുകുന്ന ആ നിളാനദി പോലെ, അങ്ങിനെ വളഞ്ഞു തിരിഞ്ഞു മറിഞ്ഞു പോകുന്ന ആ 'നെടുനെടുങ്കൻ' അക്ഷരങ്ങളെ, അവൻ അന്നേ ഒരുപാട് ഇഷ്ടപ്പെട്ടിരിയ്ക്കാം.
കുഞ്ഞു കൈകളിൽ മുറുകെപ്പിടിച്ച, അവ രണ്ടുമാണ് അവന്റെ ആകെയുള്ള പഠനോപകരണങ്ങൾ.
കളരിയിൽ അവന് കുറേ കൂട്ടുകാർ ഉണ്ടായിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും ഒക്കെ. എല്ലാവരുടെയും ഇടംകയ്യിൽ ഓലക്കെട്ടായിരുന്നു. പക്ഷെ, ആ വലത്തേ കയ്യിൽ ചിലരൊക്കെ 'പോണ്ട്സ്' പൌഡർ ടിന്നുകളായിരുന്നു പിടിച്ചിരുന്നത്. ഇനിയും ചില കുട്ടികളാകട്ടെ, 'ഊച്ചനട്ട'യുടെ മണമുള്ള ആ വെളുവെളുത്ത 'കോൾഗേറ്റ്' പൽപ്പൊടി ടിന്നുകളും. അപൂർവ്വം (അന്നത്തെ ചില 'വലിയ വീട്ടിലെ') കുട്ടികൾ, ഭംഗിയുള്ള പ്ലാസ്റ്റിക് ടിന്നുകളിലും മണൽ കൊണ്ടുവന്നിരുന്നു.
[ഇതുപറഞ്ഞപ്പോൾ ആണ് ഓർമ്മ വന്നത് കേട്ടോ. ഈ കുട്ടിക്കൂറ ടിന്നുകൾ വരുന്നതിനും മുൻപേ, അന്നത്തെ കുട്ടികൾ മണൽ കൊണ്ടുവന്നിരുന്നത് ഉരച്ചുമിനുക്കിയ, ചെറിയ സുഷിരമിട്ട്, അതിൽ ചാക്കുനൂൽവള്ളി പിടിപ്പിച്ച, വലിയ 'കുടുക്ക' പോലുള്ള ചിരട്ടകളിൽ ആയിരുന്നുവത്രെ].
അവർ കളരിയിൽ എത്തിയാൽ, പരുക്കൻ സിമന്റിട്ട ആ നിലത്ത് പല വരികളായി ചമ്രം പടിഞ്ഞിരിയ്ക്കും. പിന്നെ കലപില കൂട്ടും. പക്ഷേ, അതൊക്കെ ആശാൻ എത്തും വരെ മാത്രം.
അവരുടെ ആശാൻ, ആളൊരു ക്ഷിപ്രകോപിയായിരുന്നു. എന്നാലോ? നല്ല കുട്ടികളോട് അതീവ വാത്സല്യമുള്ള ആളും. അതുകൊണ്ടെന്താ? അവിടെ എല്ലാവരും 'നല്ല കുട്ടികൾ' ആയിരുന്നു.
അലക്കിയെടുത്ത കള്ളിമുണ്ടും, ഇടത്തെ തോളിൽ മടക്കിയിട്ട വെളുത്ത തോർത്തിന്റെ ഒരു മേൽമുണ്ടുമായിരുന്നു ആശാന്റെ വേഷം. വലത്തേ കൈയിൽ ഒരു ചെറുപൊതിയുണ്ടാകും. അതിൽ രണ്ടുമൂന്നു നാരായങ്ങൾ, ഒരു പേനാക്കത്തി; പിന്നെ കുറച്ച് 'മുറുക്കാൻ' സാമഗ്രികൾ. ഇടത്തേ കക്ഷത്തിൽ ഒരു നെടുനീളൻ ചൂരൽ. കൂടെ 'എക്സ്പ്രസ്സ്' വേഗത്തിലെ ആ നടത്തം. [കാരണം, ആശാൻ അന്ന് കാൽനടയായി കളരിയിൽ വന്നിരുന്നത്, ഏതാണ്ട് മൂന്ന് കിലോമീറ്റർ ദൂരെ നിന്നായിരുന്നു.]
ഇപ്പൊ, 'മൊത്തം സീൻ' ഏതാണ്ട് ഓക്കേ ആയല്ലോ? എന്നാൽ നമുക്ക് തുടരാം.
നമ്മുടെ പയ്യനും കൂട്ടുകാരും, ആശാനെ അങ്ങകലെ കാണുമ്പോഴേ ചാടിയെഴുന്നേൽക്കും. പിന്നെ, ആകാവുന്നത്ര ഒച്ചയിൽ പറയും "ആശാനേ ...സലാം..". നിറഞ്ഞ ചിരിയോടെ ആശാനും പറയും "സലാം ..സലാം". രണ്ടും, ഏതാണ്ടൊരു പട്ടാളച്ചിട്ടയിൽ.
അത്രയും നേരം കളരിയ്ക്ക് പുറത്തു കാത്ത് നിന്നിരുന്ന കുട്ടികളുടെ അച്ഛനമ്മമാർ, ഒട്ടും സമയം കളയാതെ സ്ഥലം കാലിയാക്കും.
കുട്ടികൾ തങ്ങളുടെ ആ പൌഡർ ടിന്നുകൾ തുറന്ന്, ഉള്ളിലെ മണൽ, തറയിൽ നിരത്തും. ഏതാണ്ട്, ഒരു വലിയ തട്ടുദോശ വലുപ്പത്തിൽ. പിന്നെ, തലേന്ന് പഠിച്ച ആ അക്ഷരങ്ങൾ ഓരോന്നായി, വലത് ചൂണ്ടുവിരൽ കൊണ്ട് അതിൽ എഴുതും. ഓരോ എഴുത്തും കഴിയുമ്പോൾ, കൈകൊണ്ട് ആ മണൽ നിരത്തി മായ്ക്കും. പിന്നെയും എഴുതും.
നിരയായി ഇരിയ്ക്കുന്ന ഓരോരുത്തരുടെയും അടുത്ത്, ആശാനെത്തും. അപ്പോൾ, ഓരോ അക്ഷരവും ഉറക്കെ പറഞ്ഞ് ആശാനെ എഴുതി കാണിയ്ക്കണം. എങ്ങാനും പിഴച്ചാൽ, ആശാന്റെ ആ വലതു കയ്യിലെ പെരുവിരലും, ചൂണ്ടുവിരലും, ആ കുഞ്ഞുതുടയിൽ ഞെരിയും. വെറുതയല്ല, കൂട്ടിന് തറയിലെ ആ പഞ്ചാരമണൽത്തരികളിൽ നിന്നും കുറച്ചു കൂടിയുണ്ടാകും. അതോടെ, കുട്ടിയുടെ മണൽ മായ്ക്കൽ ഹൈസ്പീഡിൽ ആകും, അക്ഷരങ്ങളുടെ ഉച്ചാരണം ഉച്ചസ്ഥായിയിൽ ആകും. വീണ്ടും തെറ്റിയാൽ, ആ വിരലുകൾ കൂടുതൽ മുറുകും; ഉച്ചസ്ഥായിയാകട്ടെ, അപ്പോൾ അത്യുച്ചസ്ഥായിയാകും.
"ക"യും "ക്ക"യും മാത്രമല്ല "ക്ഷ" പോലും നമ്മൾ അറിയാതെയങ്ങ് പഠിച്ചു പോകും എന്റെ പൊന്നു സാറേ ... അമ്മാതിരി പിടിത്തമാ അത്.
ആരോടും പറഞ്ഞേക്കല്ല് ... കേട്ടോ. ആ പിടുത്തം മുറുകുന്ന വേളയിൽ, ചിലപ്പോൾ നമ്മുടെ പാവം കൂട്ടുകാരിൽ ചിലർ, ഇതിനിടയിൽത്തന്നെ ആ തറ ചെറുതായി നനച്ചിട്ടുണ്ടാകും. പിന്നെ, എല്ലാവരും എണീറ്റ് കുറച്ചു മാറി വേറൊരു വരിയായി, വീണ്ടും ഇരിയ്ക്കും.
[കൂട്ടത്തിൽ പറയട്ടെ... കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിട്ടും, പിറ്റേന്ന് 'പീഡന'പരാതിയുമായി ഒരൊറ്റ രക്ഷിതാവ് പോലും എത്തിയിരുന്നില്ല. പകരം, അവരുടെ ചോദ്യം ആശാനോടായിരുന്നു. "ആശാനേ ... ഇവൻ/ഇവൾ നന്നായി പഠിയ്ക്കുന്നുണ്ടല്ലോ ..അല്ലേ?".
കാരണം മറ്റൊന്നുമല്ല. 'മാതാ-പിതാ-ഗുരു-ദൈവം' എന്ന ആ ആപ്തവാക്യം, അന്നൊക്കെ ഏതാണ്ട് അക്ഷരാർത്ഥത്തിൽ തന്നെ പ്രാബല്യത്തിൽ ആയിരുന്നു. ഗുരു എന്നയാൾ, സമൂഹത്തിൽ അത്ര ബഹുമാന്യനും, ആജ്ഞാശക്തിയുള്ളവനും ആയിരുന്നു.]
എല്ലാവരുടെയും തലേന്നത്തെ ആ പഠന പുരോഗതി വിലയിരുത്തിക്കഴിഞ്ഞാൽ, ആശാൻ പുതിയ അക്ഷരങ്ങൾ പഠിപ്പിയ്ക്കും. അപ്പോൾ, അദ്ദേഹം അതീവ ക്ഷമാശീലനായിരിയ്ക്കും. ഓരോ കുട്ടിയേയും പലതവണ കൈവിരൽ പിടിച്ച്, ആ മണലിൽ പുതിയ അക്ഷരം എഴുതിയ്ക്കും. എന്നിട്ട്, ഉറക്കെ വായിപ്പിയ്ക്കും. അതും, എത്ര തവണ വേണമെങ്കിലും. ഒരു 'നുള്ളു'മില്ലാതെ.
പിന്നെ ആ അക്ഷരങ്ങൾ, നാരായം കൊണ്ട് കുട്ടിയുടെ ഓലയിൽ എഴുതി നൽകും. (കുട്ടികളാകട്ടെ, വീട്ടിലെത്തിയാൽ ചിരട്ടക്കരിയെടുത്ത് ആ അക്ഷരങ്ങളിൽ അമർത്തി തേച്ചുപിടിപ്പിയ്ക്കും. പിന്നെ മഷിത്തണ്ടുകൊണ്ട്, ഓലയിലെ ആ 'എക്സ്ട്രാ കരി' തുടച്ചുമാറ്റും. അപ്പോൾ, കറുകറുത്ത അക്ഷരങ്ങൾ അങ്ങനെ ഓലയിൽ, ഗമയോടെ തെളിഞ്ഞു നിൽക്കുന്നുണ്ടാകും.)
ഇടയ്ക്കൊക്കെ ആശാനൊന്നു മുറുക്കണം. അപ്പോൾ നമ്മുടെ പയ്യനും കൂട്ടുകാർക്കും ഇടവേള. അവർ ആ മുറ്റത്ത് ആവോളം ഓടിക്കളിച്ചു. പെൺകുട്ടികളാകട്ടെ, ഒരു കോണിൽ 'തൊങ്ക്' കളിച്ചു. ചിലപ്പോൾ, അവർ ഒരുമിച്ച് 'സാറ്റ്' കളിച്ചു. അപൂർവ്വം ചിലപ്പോൾ തമ്മിൽ പോരുകുത്തി. എന്നിട്ട്, ആശാന്റെ കയ്യിൽ നിന്നും അതിനുള്ള ചെറിയ ശിക്ഷയും വാങ്ങി.
ഉച്ചയ്ക്ക് ക്‌ളാസുകൾ കഴിയും. അപ്പോഴേയ്ക്കും കുട്ടികളെ കൂട്ടാൻ, വീടുകളിൽ നിന്നും ആരെങ്കിലും എത്തിയിട്ടുണ്ടാകും.
ഓരോ ദിവസവും ആശാന്റെ ഉച്ചഭക്ഷണം, ഓരോ കുട്ടികളുടെ വീട്ടിൽ നിന്നാണ്. തൊട്ടു തലേന്ന് ഒരു കുട്ടിയോട് ആശാൻ പറയും "ആഹ് .. നാളെ ഉച്ചയ്ക്ക് നിന്റെ വീട്ടിൽ ആണ് കേട്ടോ..".
ഏതു വീട്ടിലാണോ അന്നത്തെ ഊഴം, ആ ദിവസം ആ കുട്ടിയാണ് 'ഹീറോ'. ഒരു വീരപരിവേഷത്തിൽ, തന്റെ അച്ഛനറെയോ അമ്മയുടെയോ കൂടെ, ആശാനെയും കൂട്ടി വലിയ ഗമയോടെ, ആൾ വീട്ടിലേക്കൊരു നടപ്പുണ്ട്. മറ്റു കൂട്ടുകാരെയൊക്കെ നന്നായി ഒന്ന് നിവർന്നു നോക്കി.
ഊണ് ഒക്കെ കഴിച്ച് ആശാൻ, കുട്ടിയുടെ വീട്ടുകാരോടൊപ്പം നാട്ടുവിശേഷങ്ങൾ പങ്കു വയ്ക്കും. ആ സമയം നമ്മുടെ പയ്യനും പിന്നെ അയലത്തെ ചില കൂട്ടുകാരും അവിടെ തിണ്ണയിൽ (വരാന്തയിൽ) ചെവികൂർപ്പിച്ചിരിയ്ക്കും. കാരണം ഇടയ്ക്ക് ആശാൻ ചില സംസ്കൃതശ്ലോകങ്ങൾ ഒക്കെ ചൊല്ലും. അതും വളരെ ഉറക്കെ, തികഞ്ഞ അക്ഷരസ്ഫുടതയോടെ. പിന്നെ, അതിന്റെ അർഥം വിശദമാക്കും. മറ്റു ചിലപ്പോൾ ആകട്ടെ, രാമായണത്തിലെയോ, മഹാഭാരതത്തിലെയോ ഉദ്ധരണികളാകും. എത്ര രസമാണെന്നോ, അതങ്ങിനെ കേട്ടുകൊണ്ടിരിയ്ക്കാൻ?
അങ്ങിനെ, ആ കളരി പഠനം തുടർന്നു കൊണ്ടേയിരിയ്ക്കും. അവസാനം ആ ദിനമെത്തും. 'ഓലവര'യുടെ ദിനം. അതായത്, കളരി പഠനത്തിന്റെ അവസാന ദിനം.
അക്ഷരങ്ങളെല്ലാം നന്നായി പഠിച്ചു, പഠിച്ചതൊക്കെ നന്നായി ഉറച്ചു, എന്ന് ആശാന് അത്ര ഉറപ്പുള്ള കുട്ടികളെ മാത്രമാണ് ഈ ഓലവരയ്ക്കു സമ്മതിയ്ക്കുക. "ഓൾ പ്രൊമോഷനും, മോഡറേഷനും' ഇല്ല, എന്നർത്ഥം.
ഓലവരയുടെ ആ ദിവസം, വളരെ സന്തോഷമാണ് കുട്ടികൾക്ക്. ഒന്നാമത്, അതോടെ കളരിയിലെ ആ പഠനം കഴിയുകയാണ്. ഇനി അടുത്ത വർഷം വലിയ ആളായി 'യൂണിഫോം' ഒക്കെ ഇട്ട് സ്കൂളിൽ പോകാം. രണ്ടാമതായി, ഓലവരയുടെ ആ ദിവസം വിശേഷപ്പെട്ട ചില വിഭവങ്ങൾ ഒക്കെ കഴിയ്ക്കാൻ കിട്ടും.
അന്ന് കുട്ടികൾ മാതാപിതാക്കളോടും ബന്ധുക്കളോടും ഒക്കെ ഒപ്പമാകും രാവിലെ തന്നെ കളരിയിൽ എത്തുക. അവിടെ നാട്ടുകാരിൽ മിക്കവരും ഇതിനകം ഒത്തുചേർന്നിട്ടുണ്ടാകും. ഓരോ കുട്ടിയും അവിൽ, മലർ, ശർക്കര, പഴം, കൽക്കണ്ടം, ഉണക്കമുന്തിരി ഇവയൊക്കെ ആയിട്ടാകും വന്നിട്ടുണ്ടാകുക. അതൊരു വലിയ ഉരുളിയിൽ ഒരുമിച്ചു ചേർത്ത്, പ്രസാദം തയ്യാറാക്കും.
കൊളുത്തിയ നിലവിളക്കിനു മുൻപിൽ, ഗണപതി പ്രാർത്ഥനയോടെ തുടക്കം. അതിനു ശേഷം, ആശാൻ ഓരോ കുട്ടിയേയും മടിയിൽ ഇരുത്തി, ആ ഓലക്കെട്ടിലെ അക്ഷരങ്ങൾക്ക് മേൽ, നാരായത്തിനാൽ നീളത്തിൽ വരയ്ക്കും.
രണ്ട് അർത്ഥങ്ങളത്രെ അതിന്.
ആ കുട്ടി അക്ഷരങ്ങളെല്ലാം നന്നായി ഹൃദിസ്ഥമാക്കി എന്നും, ഇനി തുടർപഠനത്തിന് ആൾ തയ്യാറാണ് എന്നും ഒരർത്ഥം. മറ്റൊന്ന്, ഈ ഓലകൾ മറ്റാരും പഠനത്തിന് ഇനി ഉപയോഗിയ്ക്കാൻ പാടില്ല എന്ന്. അതായത്, 'കോപ്പി അടിയ്ക്കാൻ' പറ്റില്ല എന്ന്.
പിന്നെ, മറ്റൊരു ചെറിയ ഓലയിൽ, 0 മുതൽ 9 വരെയുള്ള അക്കങ്ങളും, പിന്നെ സങ്കലനപ്പട്ടികയിലെ ആദ്യഭാഗവും എഴുതി നൽകും. മാതൃഭാഷാപഠനം പൂർത്തിയാക്കിയ കുട്ടി, തുടർന്ന് ഗണിതശാസ്ത്രപഠനത്തിന് പൂർണ്ണമായും അർഹനാണ്/അർഹയാണ്, എന്ന രീതിയിൽ.
ശേഷം, ആദ്യഗുരുവിന്, പ്രാർത്ഥനയോടെ ഗുരുദക്ഷിണ നൽകുകയായി.
എല്ലാ കുട്ടികളുടെയും ഓലവര പൂർത്തിയായാൽ, പ്രസാദം വിതരണം ചെയ്യും. പിന്നെ, എല്ലാവരും നാട്ടുവിശേഷങ്ങളുമായി കുറെയേറെ നേരം അവിടെയൊക്കെ ചിലവഴിയ്ക്കും. കുട്ടികൾ അവിടെയെങ്ങും ഓടിക്കളിയ്ക്കും.
ശേഷം, ജീവിതത്തിലെ ആ ആദ്യ പരീക്ഷ പാസായ സന്തോഷത്തോടെ, ആദ്യ ഗുരുനാഥന്റെ നിറഞ്ഞ അനുഗ്രഹങ്ങളോടെ, കുട്ടികൾ തങ്ങളുടെ രക്ഷിതാക്കൾക്കൊപ്പം, വീടുകളിലേക്ക് മടങ്ങും.
ഒരൊറ്റദിവസത്തെ, ചെറിയൊരു ചടങ്ങാണ് ഈ 'ഓലവര' എന്ന് തോന്നുമെങ്കിലും, അതിന് വലിയ ചില അർത്ഥതലങ്ങൾ കൂടി ഉണ്ടായിരുന്നുവെന്ന്, ഒന്നുകൂടി ആഴത്തിൽ ചിന്തിച്ചാൽ നമുക്കിന്ന് മനസ്സിലാകും.
1. അതൊരു നാട്ടുകൂട്ടായ്മയായിരുന്നു. അവരവരുടെ സങ്കടങ്ങൾക്കും, സന്തോഷങ്ങൾക്കുമപ്പുറം, മറ്റുള്ളവരുടെ ആ കൊച്ചുസന്തോഷങ്ങളിൽകൂടി ഭാഗഭാക്കാകുക, എന്ന ആ സാമൂഹ്യ ഉത്തവാദിത്വത്തിന്റെ സാക്ഷാത്കാരം.
2. മാതൃഭാഷയെ ഒരാൾ പൂർണ്ണമായും അടുത്തറിഞ്ഞു തുടങ്ങിയ ദിവസം; അതിലെ അക്ഷരങ്ങളെ ഹൃദിസ്ഥമാക്കി എന്ന് അഭിമാനത്തോടെ മനസ്സിലാക്കുന്ന ദിവസം.
3. ഒരു കുട്ടിയുടെ ജീവിതത്തിലെ 'ആദ്യ പരീക്ഷ' വിജയകരമായി പാസായ ദിവസം. അതായത്, ആ കുട്ടിയുടെ അതുവരെയുള്ള ജീവിതത്തിൽ, ഏറ്റവും ആത്മവിശാസം തോന്നുന്ന ദിവസം.
4. ഒരു വ്യക്തിയുടെ ജീവിതത്തിലെ, ആദ്യ ഗുരുവിന്റെ അനുഗ്രഹങ്ങളും ഗുരുത്വവും ഏറ്റുവാങ്ങി, ഗുരുദക്ഷിണ നൽകി, ശേഷം ആ ഗുരുവിനോട് ഔപചാരിക യാത്ര പറയുന്ന ദിവസം.
5. ചുരുക്കിപ്പറഞ്ഞാൽ, ഒരു വ്യക്തി അയാളുടെ ജീവിതത്തിൽ സ്വപ്രയത്‌നത്താൽ നേടിയെടുത്ത, ആദ്യനേട്ടത്തിന്റെ ദിവസം; അതുവഴി, ആദ്യവിജയം കരസ്ഥമാക്കിയ ദിവസം. അഥവാ ആ ജീവിതവഴിയിലെ ആദ്യ നാഴികക്കല്ല്.
ഓഹോ ... അപ്പോൾ നമ്മൾ കരുതും പോലെ അത്ര നിസ്സാരക്കാരനല്ല ആ 'ഓലവര' അല്ലേ?
എന്നാൽപ്പിന്നെ, ധൈര്യമായി നമുക്ക് പറയാം ഓലവര - അത് ഓർമ്മയിലെ ചന്ദന വര.....
കാരണം, ഓർക്കുമ്പോഴെല്ലാം ഒരു ചന്ദനക്കാറ്റിന്റെ നേർത്ത കുളിർമ്മയുമായി, മനസ്സിന്റെ ആ അകത്തളങ്ങളിൽ അതിങ്ങനെ അലസമായി ഒഴുകിയൊഴുകി നടക്കും ....
അതങ്ങിനെ നടക്കട്ടേന്ന് ... ചുമ്മാ .... ഒരു സുഖമല്ലേ ...!!
=================
സമർപ്പണം: അനേകം കുട്ടികളുടെ നാവിൻതുമ്പിൽ ഹരിഃശ്രീ കുറിച്ച, അവരുടെ പിഞ്ചുമനസ്സുകളിൽ മാതൃഭാഷയുടെ അമൃതം പകർന്ന, ഇന്നും എഴുതാനിരിയ്ക്കുമ്പോൾ ആദ്യം മനസ്സാ സ്മരിയ്ക്കുന്ന, സ്നേഹത്തോടെ മോനിപ്പള്ളിക്കാർ "കരിമ്പനച്ചാലി ആശാൻ' എന്ന് വിളിച്ചിരുന്ന, ഞങ്ങളുടെ പ്രിയപ്പെട്ട കരിമ്പനച്ചാലിൽ നാരായണൻ ആശാന്.....!
കൂടെ, ഇന്നോളമുള്ള യാത്രയിൽ അനുഗ്രഹം ചൊരിഞ്ഞ എല്ലാ ഗുരുക്കന്മാരെയും മനസ്സാ സ്മരിയ്ക്കുന്നു...!!
ദേശ ഐതിഹ്യം: കുടുക്കപ്പാറയുടെ ആദ്യപേര് 'കാവുംപുറം' എന്നായിരുന്നുവത്രെ. പിന്നീട്, എന്നാണത് കുടുക്കപ്പാറ എന്നായത് എന്നതിന് കൃത്യമായ കണക്കുകൾ ഇല്ല; കാരണങ്ങളും. എങ്കിലും ഇപ്പോഴും ഞങ്ങളുടെ ആ ദേശത്ത്, ഏതാണ്ട് 'കുടുക്ക'യുടെ ആകൃതിയുള്ള ഒരു പാറയുണ്ടത്രെ. പിന്നെ കുടുക്കപ്പാറ എന്ന് വീട്ടുപേരുള്ള കുറെയേറെ കുടുംബങ്ങളും.
=================
സ്നേഹപൂർവ്വം
ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
********
Awesome 🎉
ReplyDeletethank you ....
DeleteBeautifully penned. Congratulations!!! Thank you for taking me back to those memorable days.
ReplyDeletethank you very much .....
Delete🙏🏻🧡🌟
ReplyDeleteSuch a great piece👌👌👌👌
ReplyDelete