അങ്ങ് ദൂരെ... ആ കൊടിതൂക്കി മലയുടെ നെറുകയിൽ....
അങ്ങ് ദൂരെ... ആ കൊടിതൂക്കി മലയുടെ നെറുകയിൽ....
[യാത്രാ വിവരണം]
പതിവിൽ നിന്നും വിപരീതമായി, തലേന്ന് രാത്രിയാണ് ഇത്തവണത്തെ യാത്രാപരിപാടികൾ തീരുമാനിച്ചത്.
രാവിലെ, പക്ഷേ പതിവ് തെറ്റിയ്ക്കാതെ, ജയവിജയന്മാരുടെ പ്രശസ്തമായ ആ പഴയ അയ്യപ്പഭക്തിഗാനങ്ങളും കേട്ട് തുടക്കം. നേരെ പേരൂർക്കടയ്ക്കടുത്ത വഴയിലയിലേയ്ക്ക്. അവിടെ നിന്നും, ഒരു സുഹൃത്ത് കൂടി ഞങ്ങളുടെ കൂടെ ചേർന്നു.
നമ്മുടെ നാട് ഇന്നേവരെ കണ്ട, പരിചയിച്ച, നവോത്ഥാന നായകരിൽ പ്രഥമ സ്ഥാനീയനായ ശ്രീ നാരായണഗുരു പ്രതിഷ്ഠ നടത്തിയ, ആ അരുവിപ്പുറം ശിവക്ഷേത്രമാണ് ഇന്നത്തെ നമ്മുടെ ആദ്യ ലക്ഷ്യം.
ചരിത്ര പ്രാധാന്യം:
അയിത്തവും, തൊട്ടുകൂടായ്മയും കൊടികുത്തി വാണിരുന്ന 1888 ൽ, ഒരു ശിവരാത്രി ദിവസമാണ്, അതിനെതിരെയുള്ള ഏറ്റവും വലിയ 'നിശബ്ദ വിപ്ലവം' എന്ന നിലയിൽ, ഗുരു ഈ പ്രതിഷ്ഠ നടത്തിയത്. അതാകട്ടെ, ഒരു അബ്രാഹ്മണൻ നടത്തിയ ആദ്യ വിഗ്രഹപ്രതിഷ്ഠയുമായിരുന്നു.
തൊട്ടടുത്ത് ഒഴുകുന്ന നെയ്യാറിലെ, ശങ്കരൻകുഴിയിൽ നിന്നും മുങ്ങിയെടുത്ത കല്ല്, ശിവലിംഗ സങ്കല്പത്തിൽ പ്രതിഷ്ഠിയ്ക്കുകയാണ് അന്ന് ഗുരു ചെയ്‌തത്. ഓർക്കുക, അയിത്തം കൊടുമ്പിരി കൊണ്ട് നിൽക്കുന്ന ആ കാലഘട്ടത്തിൽ, ഇത്രയുമൊക്കെ ചെയ്തിട്ട് പോലും, സവർണ്ണസമുദായങ്ങളിൽ നിന്നും പ്രതീക്ഷിച്ചത്ര വലിയ എതിർപ്പുകൾ ഉണ്ടായില്ല എന്നതാണ് സത്യം. ഒരു പക്ഷെ, അവിടെയാണ് ഗുരുവിന്റെ ആ അഗാധപാണ്ഡിത്യവും, വ്യക്തിപ്രഭാവവും, ഏതു സാഹചര്യങ്ങളെയും അനിതരസാധാരണമായ സംയമനത്തോടെ നേരിടാനുള്ള ആ കഴിവും, വേറിട്ട് നിൽക്കുന്നതും. ഗാന്ധിജിയും കാണിച്ചു തന്ന ആ അഹിംസാ മാർഗ്ഗത്തിന്റെ മറ്റൊരു പ്രായോഗിക നടപ്പാക്കൽ.
ഈ ശിവപ്രതിഷ്ഠ മാത്രമല്ല, അരുവിപ്പുറം ക്ഷേത്രത്തിന്റെ പ്രത്യേകത, കേട്ടോ. ഇന്നത്തെ SNDP എന്ന ആ വലിയ പ്രസ്ഥാനം രൂപമെടുത്തത് ഈ ക്ഷേത്രാങ്കണത്തിലെ ഒരു പ്ലാവിൻ ചുവട്ടിലാണത്രെ. അവിടെ നടന്ന ഒരു ചെറു കൂട്ടായ്മയിൽ.
=============
ഗൂഗിൾ ചേച്ചിയുടെ അല്ലറചില്ലറ സഹായങ്ങളോടെ ഞങ്ങൾ ക്ഷേത്രത്തിനു മുൻപിലെത്തി, വാഹനം പാർക്ക് ചെയ്തു. എല്ലാ നഗരത്തിരക്കുകളിൽ നിന്നും അകന്ന, സ്വച്ഛസുന്ദരമായ ഗ്രാമീണ അന്തരീക്ഷം. തിരക്കാണെങ്കിൽ തീരെയുമില്ല. അമ്പലത്തിന്റെ ആ വലിയ ഗോപുര മുകളിലൂടെ, പിന്നിലെ ആ മലനിരകൾ ദൂരെയെങ്കിലും, കാണാനാവുന്നുണ്ട്.
ഞങ്ങൾ അമ്പലമുറ്റത്തേയ്ക്ക് കടന്നു. പരമ്പരാഗത ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, ഇവിടെ ചുറ്റമ്പലമില്ല. മണൽ വിരിച്ച വിശാലമായ ആ മുറ്റത്ത് കൂടി, നമ്മൾ നേരെ നടന്നെത്തുന്നത് ഒരു കൊച്ചു ശ്രീകോവിലിന് മുന്നിലേയ്ക്കാണ്.
തൊട്ടുമുന്നിൽ, അമ്പലമുറ്റത്തിന് താഴെയായി ഒഴുകുന്ന ആ നെയ്യാറിന്റെ കളകളാരവ വിളിയെ തല്ക്കാലം കേട്ടില്ല എന്ന് നടിച്ച്, ഞങ്ങൾ മഹാദേവനെ തൊഴുതു. പ്രസാദം വാങ്ങി.
പിന്നെ, വിശാലമായ മുറ്റത്തെ കൂറ്റൻ മരങ്ങളുടെ തണലിൽ തെല്ല് വിശ്രമിച്ചു. മാവും, പ്ലാവും, ചെമ്പകവും ഒക്കെ ഇടകലർന്നു പന്തലിച്ച ആ മുറ്റം, ശരീരത്തെ മാത്രമല്ല നമ്മുടെ മനസ്സിനെയും ആകെ തണുപ്പിയ്ക്കും.
ശേഷം ഞങ്ങൾ, മേൽപ്പറഞ്ഞ SNDP രൂപമെടുത്ത, ക്ഷേത്രാങ്കണത്തിലെ ആ പ്ലാവിൻചുവട്ടിലേയ്ക്ക് നടന്നു.
ഇതിനിടെ പരിചയപ്പെട്ട ക്ഷേത്രഭാരവാഹികളിൽ ഒരാൾ, ക്ഷേത്രചരിത്രവും, പിന്നെ കൊടിതൂക്കി മലയിലേയ്ക്കുള്ള വഴിയും പറഞ്ഞു തന്നു.
അപ്പോഴേയ്ക്കും താഴെ നെയ്യാറിന്റെ വിളി കലശലായി. കറുകറുത്ത കൂറ്റൻ പാറക്കല്ലുകൾ നിരന്നു കിടക്കുന്ന നെയ്യാർ.
പാപ്പാന്മാർ കുളിപ്പിയ്ക്കാൻ വേണ്ടി പുഴയിൽ കിടത്തിയിരിയ്ക്കുന്ന കരിവീരന്മാരെ പോലെ തോന്നിപ്പിയ്ക്കുന്നു ആ കല്ലുകൾ. പേരിലെ ആ 'നെയ്യ്' നന്നായി പുരണ്ട്, തിളക്കം കൂടിയ കല്ലുകൾ.
കൂട്ടത്തിലെ നമ്മുടെ പെപ്പെ, വെള്ളം കണ്ടതും, നിക്കറും ബനിയനും ഒക്കെ തിടുക്കത്തിൽ ഊരി മാറ്റി, സമയം പാഴാക്കാതെ അതിലേയ്ക്കിറങ്ങി. കൂടെ ഞാനും.
കണ്ണുനീരിന്റെ തെളിമയാർന്ന വെള്ളം.
അങ്ങിനെ പതിയെ നെയ്യാറിലേയ്ക്കിറങ്ങുമ്പോഴാണ് അത് ശ്രദ്ധിച്ചത്. എല്ലാ കല്ലുകളും സാധാരണയിൽ കൂടുതൽ മിനുസമാർന്നവ. അതിനാൽ തന്നെ വഴുക്കമേറിയവയും.
നിങ്ങൾ എപ്പോഴെങ്കിലും ഇവിടെ പോകുന്നുവെങ്കിൽ, നന്നായി സൂക്ഷിച്ചു മാത്രം ഇറങ്ങുക.
ജലനിരപ്പിനു മുകളിൽ കാണുന്ന കല്ലുകൾ പോലെ തന്നെയാണ് കേട്ടോ, അടിയിലെ ആ ചെറു കല്ലുകളും. എല്ലാം, കൂർത്തവശങ്ങൾ ഏതുമില്ലാതെ ഏറെ മിനുസമാർന്നവ.
ആറരികിലെ മരത്തണലിന്റെ ഓരംപറ്റി, പതഞ്ഞൊഴുകുന്ന നെയ്യാറിലെ ആ തണുതണുപ്പൻ വെള്ളം.... ആഹാ ..ആ കുളിരോർമ്മ, ദാ ഇതെഴുതുമ്പോൾ പോലും, എന്റെ ശരീരത്തിൽ കുളിരു പടർത്തുന്നു.
ആ കുളിരിൽ മുങ്ങിയും പൊങ്ങിയും, ഞങ്ങൾ ഏറെ നേരം ചിലവഴിച്ചു.
പിന്നെ, ഈ യാത്രയുടെ ഓർമ്മയ്ക്കായി കരുതി വയ്ക്കാൻ, നെയ്യാറിൽ നിന്നും ഞാനും ഒരു കല്ല് മുങ്ങിയെടുത്തു.
സമയം ഇപ്പോൾ ഏതാണ്ട് 11 മണിയോടടുക്കുന്നു. പതിയെ വിശപ്പ് ആളിത്തുടങ്ങി. രാവിലെ, പ്രഭാതഭക്ഷണം പോലും കഴിയ്ക്കാതെ തുടങ്ങിയ യാത്രയല്ലേ? പാവം വയറിനെ കുറ്റം പറയാൻ പറ്റില്ല.
വേഗം കുളിച്ചു കയറി, വന്ന വഴി തന്നെ നേരെ പെരുമ്പഴുതൂർ കവലയിലേയ്ക്ക്. അവിടെ കണ്ട ഒരു കൊച്ചു കടയിൽ കയറിയത്, ശരിയ്ക്കും സംശയിച്ചാണ്. പക്ഷേ, വാഴയിലയിൽ നല്ല നാടൻ ദോശയും, സാമ്പാറും, പിന്നെ അൽപ്പം വെള്ളം കൂട്ടിയരച്ച ചൂടൻ തേങ്ങാച്ചമ്മന്തിയും കൂടെയങ്ങ് വിളമ്പിയപ്പോൾ, എല്ലാ സംശയവും മാറി. പക്ഷെ, ആ വിശപ്പങ്ങ് കൂടി.
പണ്ട് ഞങ്ങളുടെ മോനിപ്പള്ളിയിലെ ആ 'മുളക്കുളത്തിന്റെ പാരിജാത'ത്തിൽ നിന്നും കഴിയ്ക്കുന്ന, അല്ലെങ്കിൽ ഉഴവൂരിലെ ആ 'പൊട്ടന്റെ കട'യിൽ നിന്നും കഴിയ്ക്കുന്ന അതേ രുചി. അതേ മണം....
('പൊട്ടന്റെ കട' എന്ന് പറഞ്ഞതിൽ ക്ഷമിയ്ക്കണം; പേരില്ലാത്ത ആ കട അന്ന് അറിയപ്പെട്ടിരുന്നത് ഈ പേരിലാണ്)
അതുകൊണ്ടെന്താ? പതിവിലും ഓരോ ദോശ കൂടുതൽ കഴിച്ചു, ഞങ്ങൾ. ചിലരൊക്കെ മേമ്പൊടിയായി ഓരോ പൊറോട്ടയും. ചൂടൻ സാമ്പാറിൽ ആകെ നനഞ്ഞു കുതിർന്ന പതുപതുപ്പൻ പൊറോട്ട.... ആഹാ ...
പിന്നെ, ഞങ്ങൾ നേരെ കൊടിതൂക്കി മലയിലേക്ക്. അവിടെയാണ് ഗുരുദേവൻ ഏകാന്ത ധ്യാനത്തിലിരുന്ന ഗുഹയത്രേ.
രണ്ടു മാർഗ്ഗങ്ങളാണ് അങ്ങോട്ടുള്ളത്. അരുവിപ്പുറം ക്ഷേത്രപരിസരത്തുനിന്നും 350 ഓളം പടികൾ നടന്നു കയറി, കാട്ടിലൂടെ അവിടെയെത്താം. അല്ലെങ്കിൽ പ്രധാന വഴിയിൽക്കൂടി ഏതാണ്ട് ഒരു കിലോമീറ്ററോളം വീണ്ടും മുന്നോട്ടുപോയാൽ, വലത്തേക്ക് തിരിഞ്ഞ്, കാർ മാർഗ്ഗം ആ മലയുടെ മുകളിലെത്താം.
ഞങ്ങൾ എന്തായാലും രണ്ടാമത്തെ മാർഗ്ഗം തിരഞ്ഞെടുത്തു.
വളവുകളും, തിരിവുകളും, കുത്തനെയുള്ള കയറ്റവും, ഒക്കെ ധാരാളമായുള്ള വീതി കുറഞ്ഞ വഴി. വശങ്ങളിലാകട്ടെ, ചുരുക്കം ചില വീടുകൾ ഒഴിച്ച് നിർത്തിയാൽ, നിറയെ പടർന്ന ചോലവനങ്ങൾ. ചില സ്ഥലങ്ങളിൽ റോഡ് കോൺക്രീറ്റ് ചെയ്തിരിയ്ക്കുന്നു.
മലമുകളിൽ, കുറച്ചു വണ്ടികൾക്ക് പാർക്ക് ചെയ്യാം. ഞങ്ങൾ എത്തുമ്പോൾ അവിടെ മറ്റു വണ്ടികൾ ഒന്നുമില്ലായിരുന്നു.
നിർമ്മാണപ്രവൃത്തികൾ നടക്കുന്നതിനാൽ, അതിന്റെ സാമഗ്രികൾ അവിടവിടെയായി കൂട്ടിയിട്ടിരിക്കുന്നു.
ഇടതു വശത്തായി ചെറിയ സുബ്രമണ്യ ക്ഷേത്രം. അവിടുത്തെ പൂജാരിയെ പരിചയപ്പെട്ടപ്പോൾ, അദ്ദേഹം മലയുടെ ചരിത്രവും, ഐതിഹ്യവുമൊക്കെ വിശദമായി പറഞ്ഞു തന്നു.
ക്ഷേത്രത്തിനു വലതു ഭാഗത്തായി, തൊട്ടു മുൻപിൽ അതാ വലിയൊരു കല്ല്. അതിലിരുന്നാണത്രെ ഗുരു, ബാലസുബ്രമണ്യനുമായി നേരിൽ സംവദിച്ചത്.
കുറച്ചു കൂടി മുൻപോട്ടു പോയാൽ, വലതു വശത്തായി ചെറിയ ഗുരുദേവ ക്ഷേത്രം (കുമാരഗിരി ഗുരുക്ഷേത്രം).
ഇടതു വശത്തായി 'വ്യൂ പോയിന്റ്'. അവിടം തറ കെട്ടി, ടൈലുകൾ പാകി, സുരക്ഷാവേലിക്കെട്ടുകൾ കൊണ്ട് മനോഹരവും അപകടരഹിതവും ആക്കിയിരിയ്ക്കുന്നു.
അവിടെ നിന്നുള്ള കാഴ്ച അതി മനോഹരമാണ്. സമുദ്രനിരപ്പിൽ നിന്നും അനേകം അടി മുകളിൽ നിന്ന് നോക്കുമ്പോൾ, അങ്ങ് താഴെ നെയ്യാർ പതഞ്ഞൊഴുകുന്നു. പിന്നെ, അങ്ങ് ദൂരെ ചില ദേവാലയങ്ങളുടെ മുകൾ ഭാഗങ്ങളും ദൃശ്യമാകുന്നു.
നമ്മുടെ ഈ തിരുവനന്തപുരത്തു തന്നെയാണോ പ്രകൃതിയുടെ ഇത്തരമൊരു ദൃശ്യവിരുന്ന് എന്ന് നമ്മൾ ഒരുവേള സംശയിച്ചു പോകും. 'എന്തേ കുറച്ചു നേരത്തെ ഇവിടെത്താൻ തോന്നിയില്ല?' എന്നൊരു കുണ്ഠിതവും ഒരുപക്ഷേ, മനസ്സിൽ ഉയർന്നേക്കാം.
ദൂരക്കാഴ്ചകളിൽ, പിന്നെ കാണുന്നതോ? തനി നാടൻ കേരളഗ്രാമത്തിന്റെ ആ പച്ചപ്പും, അതിനു ചേരുന്ന കസവരികുകൾ പോലെ, നിരന്ന കേരനിരകളും. ശരിയ്ക്കും അനുഗ്രഹീതമാണ് നമ്മുടെ ഈ നാട്. പ്രകൃതി സൗന്ദര്യം കൊണ്ടും ഹരിതാഭ കൊണ്ടും.
പക്ഷേ, നമ്മളും, പിന്നെ അതൊക്കെ സംരക്ഷിയ്ക്കാൻ ബാധ്യതപ്പെട്ട ആ അധികാരികളും, ഒക്കെ അതിന്റെ ആ സൗന്ദര്യവും, വിലയും തിരിച്ചറിയുന്നുണ്ടോ എന്നാണ് സംശയം.
ശേഷം, ഞങ്ങൾ മലയുടെ എതിർ വശത്ത്, അല്പ്പം താഴെയായുള്ള 'ഗുഹ' കാണുവാൻ തീരുമാനിച്ചു. നേരത്തെ സൂചിപ്പിച്ചത് പോലെ, ആ ഗുഹയിലത്രേ ഗുരു ഏകാന്ത ധ്യാനത്തിൽ മുഴുകിയിരുന്നത്.
താഴേയ്ക്കിറങ്ങുമ്പോൾ, ക്ഷേത്രപൂജാരി മുന്നറിയിപ്പ് നൽകി; "ധാരാളം പാമ്പുകൾ ഉള്ള സ്ഥലമാണ്, നന്നായി ശ്രദ്ധിയ്ക്കണം" എന്ന്. തൊട്ടു മുൻപ് ഇറങ്ങിയവർ ഒരെണ്ണത്തിനെ കണ്ടുവത്രേ.
എന്തായാലും ഉള്ള ധൈര്യമൊക്കെ സംഭരിച്ച്, ഞങ്ങൾ താഴേയ്ക്കിറങ്ങി.
ഒരു കൂറ്റൻ പാറയിടുക്കിനുള്ളിലാണ് ഗുഹ. ഒരാൾക്ക് കഷ്ടിച്ച് കടന്നു പോകാൻ പറ്റുന്ന വീതി മാത്രമാണ് ഗുഹാകവാടത്തിൽ നിന്നും അകത്തേയ്ക്കുള്ളത്. അതും നിവർന്നു പോകാനാവില്ല; പകരം പകുതി കുനിഞ്ഞ്, വലതു വശത്തെ ആ കൂറ്റൻ പാറയിൽ തലയിടിയ്ക്കാതെ സാവധാനം പോകേണ്ടി വരും. എന്നാൽ അകത്തെത്തിയാൽ, ഒരാൾക്ക് നിവർന്നിരിയ്ക്കാൻ പറ്റിയ വിസ്താരമുണ്ടത്രെ.
എന്തായാലും, 'പാമ്പ് ഭീഷണി' നന്നായി ഓർമ്മയുണ്ടായിരുന്നതിനാൽ, ഞങ്ങൾ ആ ശ്രമം വേണ്ടെന്നു വച്ചു.
മനോഹരമായ ചില ചിത്രങ്ങൾ കൂടി പകർത്തി, ഞങ്ങൾ തിരികെ മല നെറുകയിലെത്തി. ക്ഷേത്രപൂജാരിയോട് യാത്ര പറഞ്ഞ്, പതിയെ വാഹനത്തിനടുത്തേയ്ക്ക് നടന്നു.
പിന്നെ, പതിവ് പോലെ നിറയെ സംസാരവും, ചില ഐതിഹ്യ ചർച്ചകളുമായി, മടക്കം.
ആ വഴിയിൽ, നെയ്യാർ ഡാമിലേയ്ക്കൊരു ഹൃസ്വ സന്ദർശനം.
മടങ്ങവേ, കാട്ടാക്കടയിലെ വിസ്മയ ഹോട്ടലിൽ നിന്നും സ്വാദിഷ്ട്ടമായ ഉച്ചഭക്ഷണം. അവിടെ, ആ വിശാലമായ പാർക്കിംഗ് സ്ഥലത്തോട് ചേർന്ന്, സുന്ദരമായൊരു പാർക്ക് ഒരുക്കിയിരിക്കുന്നു; കുട്ടികൾക്കായി. കൂടെ, കൂട്ടിൽ ധാരാളം വർണ്ണ തത്തകളും. പിന്നെ ഉയരെ വളർന്ന ആ കൊന്നത്തെങ്ങുകളിൽ, നല്ല സുന്ദരൻ ഓർക്കിഡുകളും. ശരിയ്ക്കും, സുന്ദരം... മനോഹരം.
ഇപ്പോൾ, സമയം ഏതാണ്ട് രണ്ടുമണി കഴിഞ്ഞിരിയ്ക്കുന്നു. ഞങ്ങൾ മടക്കയാത്ര തുടർന്നു. തിളയ്ക്കുന്ന ഉച്ചവെയിലിൽ, കാറിനുള്ളിലെ തണുപ്പ് തീരെ പോരെന്നു തോന്നി. സുഹൃത്തിനെ വഴയിലയിൽ വിട്ട്, വീട്ടിലെത്തുമ്പോൾ മൂന്ന് മണി.
സാർത്ഥകമായ ഒരു യാത്രയുടെ, അല്ല ദിവസത്തിന്റെ നല്ലോർമകളുമായി ഇനി അല്പസമയം വിശ്രമിയ്ക്കാം. എന്താ?
ഒരു കാര്യം കൂടി.
ഒരിയ്ക്കലെങ്കിലും, നിങ്ങളും ഈ ക്ഷേത്രത്തിലും, കൊടിതൂക്കി മലയിലും പോകണം കേട്ടോ. പിന്നെ, നെയ്യാറിൽ ഒന്ന് മുങ്ങിക്കുളിയ്ക്കുകയും വേണം. ജീവിതത്തിന്റെ ആ 'ഘടാഘടിയൻ ടെൻഷനുകൾ' ഒക്കെ കുറച്ചു നേരത്തേക്കെങ്കിലും ഒന്ന് മാറി, ആ ശരീരവും മനസ്സും ഒക്കെ ഒന്ന് തണുക്കട്ടേന്ന്....!!
=================
സ്നേഹപൂർവ്വം
ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
********
=============
പിൻകുറിപ്പ്: ഏതു പൊതു സ്ഥലത്തും, സ്വന്തം പേരും നമ്പറും മറ്റും കോറി വയ്ക്കുന്ന (ചില)മലയാളിയുടെ ആ ദുഃശീലം ഇവിടെയും കണ്ടു കേട്ടോ. നൈസർഗികമായ ആ കാനന പാറക്കെട്ടുകളിൽ, മഞ്ഞ നിറത്തിൽ സ്പ്രെ പെയിന്റ് ചെയ്തു ചില പേരുകൾ വരച്ചിരിയ്ക്കുന്നു, അത്തരം ചിലർ. ശരിയ്ക്കും സങ്കടവും ദേഷ്യവും തോന്നി. (ചില മനശാസ്ത്രജ്ഞർ ഇത്തരം മനോഭാവത്തെ 'ആത്മരതി'യുടെ ഒരുതരം വകഭേദമായി കാണുന്നുവത്രെ. എന്തരോ എന്തോ?)
കൂടുതലായി ചില ചിത്രങ്ങൾ കൂടി ചേർക്കുന്നു .....
Good one Mashea..👍👍👍
ReplyDeleteThanks ..laale ...
Deleteഞാനും പോയിരുന്നു. ഈ വായിച്ചപ്പോൾ വീണ്ടും ഓർമ്മകൾ ഓടിയെത്തി.
ReplyDeletethanks bindu ...
Deleteകൊള്ളാം. .. ഒന്ന് പോയി നോക്കണം 👍👍👍
ReplyDeletetheerchayayum pokanam ...
Delete👍🏽കൊള്ളാം നന്നായിട്ടുണ്ട് പോകാൻ ഒരാഗ്രഹം തോന്നുന്നു 🙋🏽♂️
ReplyDelete