നീലോർമ്മകൾ
[ചെറുകഥ]
'കുട്ടാപ്പിയേ ... നീ പഠിച്ചു കഴിഞ്ഞോ ...?'
'ഇപ്പൊ കഴിയും അമ്മേ ... ഞാൻ വരണോ?'
താഴെ നിന്നും ഒതുക്ക് കല്ലുകൾ കയറി വരുന്ന അമ്മയോട് കുട്ടാപ്പി ചോദിച്ചു...
'വേണ്ട ..നീ പഠിച്ചൊ ....'
അലക്കാനുള്ള ഒരു കെട്ട് തുണികളുമായി അമ്മ ഏറെ നേരമായിരുന്നു കുളത്തിലേക്കു പോയിട്ട്.... എല്ലാ ശനിയാഴ്ചയും ഇങ്ങിനെയാണ്. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞാൽ, അലക്കാനുള്ള തുണികൾ എല്ലാം എടുത്ത്, വശങ്ങൾ ചളുങ്ങിയ ആ പഴയ അലുമിനിയം ബക്കറ്റിലിട്ട്, കൂടെ *501 ന്റെ ഒരു കഷ്ണവും മുറിച്ച്, അമ്മ കുളത്തിലേയ്ക്കൊരു പോക്കുണ്ട് ....
കൂടെ അയൽവക്കത്തെ കുറേ ആന്റിമാരും, ചേച്ചിമാരും ഒക്കെ കാണും ...
തിരികെ വരാൻ സമയം ഏറെ എടുക്കും. ചിലപ്പോൾ മാത്രം കുളത്തിലേക്കുള്ള യാത്രകളിൽ, കുട്ടാപ്പിയെയും കൂടെ കൂട്ടും.
ഇല്ലെങ്കിൽ, ആ സമയം പഠിയ്ക്കാനുള്ളതാണ്.
'എട്യേ ...നിന്റെ പണീക്കേ കഴിഞ്ഞോ ...?'
കഴുകി കൊണ്ടുവന്ന തുണികൾ മുറ്റത്തെ അയയിൽ വിരിയ്ക്കുന്നതിനിടയിലെ അമ്മയുടെ ആ ചോദ്യം, അയൽവക്കത്തെ ജാനുവേടത്തിയോടാണ്.
'ആ ..ചേച്ചി ....ദാ വരണ് ...'
അത് കേട്ടതും, കുട്ടാപ്പി പതുക്കെ പുസ്‌തകം മടക്കി. അവനറിയാം അമ്മയും ജാനുവേടത്തിയും കൂടി, ഇനി എന്താ ചെയ്യുകയെന്ന്.
അമ്മ, ഇറയത്തെ ഓലമടക്കിൽ നിന്നും ആ ഡപ്പിയെടുത്തു. പിന്നെ ശ്രദ്ധാപൂർവ്വം അതിൽ നിന്നും കുറച്ചു 'നീലം'#, ചെറിയ പ്ലാസ്റ്റിക് ബക്കറ്റിലെ വെള്ളത്തിലേയ്ക്ക് ഇട്ടു. പിന്നെ ഡപ്പി ഭദ്രമായി അടച്ച്, പഴയ പോലെ ഇറയത്തു തിരുകി. എന്നിട്ട്, ആ ബക്കറ്റുമെടുത്ത് മുറ്റത്തിന്റെ കോണിലെ പുളിമരത്തിന്റെ തണലിലേയ്ക്ക് പോയി.
പിന്നെ, കൈ കൊണ്ട് ബക്കറ്റിലെ നീലം നന്നായി കലക്കി.
ഇതൊക്കെ കുട്ടാപ്പിയ്ക്ക് മനപ്പാഠമാണ്. കാരണം എല്ലാ ആഴ്ചാവസാനവും അവൻ ഇതേ കാഴ്ച കാണുന്നതാണല്ലോ.
അമ്മ വലിയ ബക്കറ്റിൽ നിന്നും, അലക്കി കൊണ്ടുവന്ന ഒരു 'ഡബിൾ മുണ്ട്' എടുത്ത്, ഒന്ന് കുടഞ്ഞു നിവർത്തി.
പിന്നെ വളരെ ശ്രദ്ധാപൂർവ്വം അതിനെ ചെറിയ ബക്കറ്റിലെ നീലംവെള്ളത്തിൽ മുക്കിയിട്ടു.
ഈ സമയത്തെല്ലാം അമ്മയും ജാനുവേടത്തിയും വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു.
ഇത്രയും ആയപ്പോൾ, കുട്ടാപ്പി പതുക്കെ ഇറയത്തെ അരമതിലിൽ നിന്നും ഇറങ്ങി പുളിമരത്തിനടുത്തേയ്ക്കു ചെന്നു.
അത് കണ്ടതും അമ്മ ഒരു ഗൂഢസ്മിതത്തോടെ ഗൗരവം കൂട്ടി.
ഊറി വന്ന ചിരി കടിച്ചമർത്തി ജാനുവേടത്തി ചോദിച്ചു ...
'എന്താ കുട്ടാപ്പി ..?'
'ഏയ് ..ഒന്നൂല്ല ..'
'അതല്ല ... എന്താ വന്നേ ..? നീ പഠിച്ചു കഴിഞ്ഞോ ..?
'മ്മ്മ് ..'
'എന്നാ... ഈ തണലത്തേയ്ക്കു മാറി നില്ല് ...'
'ആം ...'
ഇതിനിടെ അമ്മ ബക്കറ്റിലെ നീലംവെള്ളത്തിൽ നിന്നും, മുണ്ട് പുറത്തെടുത്ത് നന്നായി പിഴിഞ്ഞു.
പിന്നെ, അത് കുടഞ്ഞു വിടർത്തി. അമ്മയും ജാനുവേടത്തിയും മുണ്ടിന്റെ രണ്ടറ്റത്തെയും മൂലകളെ ബലമായി പിടിച്ചു. പിന്നെ ചൂടാറ്റും പോലെ മുകളിലേയ്ക്കും താഴേയ്ക്കും വീശിത്തുടങ്ങി. ഒരാൾ മുകളിലേയ്ക്ക് ഉയർത്തുമ്പോൾ, മറ്റേയാൾ താഴേയ്ക്ക്.
ഇങ്ങിനെ ചെയ്തില്ലെങ്കിൽ, നീലം വെള്ളമുണ്ടിൽ അവിടെയും ഇവിടെയും ഒക്കെ കട്ടപിടിച്ചിരിയ്ക്കുമത്രെ.
ഒരു അയഞ്ഞ താളത്തിൽ ആണ് ഈ വീശൽ അഥവാ ആട്ടൽ. ഏതാണ്ട്, തൊട്ടിൽ ആട്ടും പോലെ. ഇടയ്ക്ക്, മുണ്ടിനെ കോണോടുകോൺ ശക്തിയായി വലിച്ചു ശരിയാക്കുകയും ചെയ്യും.
കുട്ടാപ്പി പതുക്കെ അവരുടെ അടുത്തേയ്ക്കു ചെന്നു. രണ്ടു പേരും അത് ശ്രദ്ധിയ്ക്കുന്നേ ഇല്ല എന്ന മട്ടിൽ തങ്ങളുടെ ജോലി തുടരുകയാണ്. വാ നിറയെ നാട്ടുവർത്തമാനങ്ങളുമായി ...
കുറച്ചു നേരം കാത്തുനിന്ന കുട്ടാപ്പി, പതിയെ കുനിഞ്ഞ് ആ മുണ്ടിന്റെ അടിയിലേയ്ക്ക് കയറി ....
നല്ല രസമാണ് അതിന്റെ അടിയിൽ .... മുണ്ട് ശക്തിയായി വീശുമ്പോൾ ചിതറുന്ന ആ വളരെ ചെറിയ ജലകണങ്ങൾ ശരീരത്തും മുഖത്തും പതിയ്ക്കും ... മുറ്റത്തെ നല്ല ചൂടിൽ, തണുത്ത ജലകണികകൾ അങ്ങിനെ പതിയ്ക്കുമ്പോൾ വല്ലാത്ത ഒരു സുഖമാണ്. കൂടെ, ആ വീശലിന്റെ കാറ്റും കൂടിയാകുമ്പോൾ .... ആഹാ ... അതിനാണ് കുട്ടാപ്പി അടുത്തു കൂടിയത് ....
പിന്നെ, അവൻ മുണ്ടിനടിയിൽ കൂടി കുനിഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
അമ്മയും ജാനുവേടത്തിയും ഒരു മുണ്ടു തീർത്തു. അതിനെ പുളിമരത്തണലിലെ അയയിൽ വിരിച്ച്, വീണ്ടും അടുത്ത മുണ്ടെടുത്തു. കുട്ടാപ്പി ആ ബക്കറ്റിലേയ്ക്കൊന്നു നോക്കി. ഇനിയും രണ്ടു മുണ്ടുകൾ കൂടി ഉണ്ട്. അവനു സന്തോഷമായി.
ആ സന്തോഷത്തിൽ കുട്ടാപ്പി, വീണ്ടും വായുവിൽ നിവർന്നു വീശുന്ന രണ്ടാമത്തെ മുണ്ടിന്റെ അടിയിലേയ്ക്ക് കയറി.
അമ്മയും ജാനുവേടത്തിയും, അപ്പുറത്തെ വീട്ടിലെ രമേച്ചിയുടെ കല്യാണ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന തിരക്കിലാണ്. അടുത്തയാഴ്ചയാണ് കല്യാണം. നല്ല രസമായിരിക്കും. തലേന്ന് രാത്രി കൂട്ടുകാരൊക്കെ കാണും. പെട്രോമാക്സിന്റെ വെള്ളിവെളിച്ചത്തിൽ ആ പന്തലിൽ കൂടി ഞങ്ങൾക്ക് ഓട്ടപ്പിടുത്തം കളിയ്ക്കാം..... പിന്നെ, പന്തലിന്റെ ഒരു മൂലയിൽ ചേട്ടന്മാരുടെ ചീട്ടുകളി കാണാം .... സദ്യയുടെ ഒരുക്കങ്ങൾ കാണാം. പിന്നെ, പിറ്റേന്ന് കല്യാണ ജീപ്പിൽ കയറാം ... കീ ..കീ .... ഹോണടിയ്ക്കാം. സ്ക്വാഷ് കുടിയ്ക്കാം. സെന്റ് മുക്കിയ ചെണ്ടും, നാരങ്ങയും വാങ്ങിയ്ക്കാം.... പായസം കുടിയ്ക്കാം...
ആഹാ ... എന്ത് രസമായിരിയ്ക്കും ... !
അതോർത്തപ്പോൾ അറിയാതെ കുട്ടാപ്പി ഒന്ന് നിവർന്നു. മുണ്ടിന്റെ അടിയിൽ അല്ലായിരുന്നോ അവന്റെ ആ കുനിഞ്ഞു നിൽപ്പ്.
പെട്ടെന്ന് നിവർന്നപ്പോൾ അമ്മയുടെ കയ്യിൽ നിന്നും മുണ്ടിന്റെ പിടി വിട്ടു. മുണ്ടിന്റെ ഒരറ്റം ദാ കിടക്കണ് മുറ്റത്തെ പൂഴിമണ്ണിൽ.
ഒരു നിമിഷം ഒന്ന് അന്ധാളിച്ചു നിന്ന അമ്മ, 'ഡാ ..' എന്ന വിളിയോടെ പുളിമരത്തിന്റെ കമ്പൊടിയ്ക്കാൻ ഒരുങ്ങി.
എങ്ങിനെ ദേഷ്യം വരാതിരിയ്ക്കും? പാവം, അങ്ങ് കുളത്തിൽ കൊണ്ട് പോയി അലക്കി കൊണ്ട് വന്ന മുണ്ടാണ്. അതാണ് ഇപ്പോൾ മുറ്റത്തെ പൊടിമണ്ണിൽ കിടക്കുന്നത്. ഇനി വീണ്ടും കഴുകണ്ടേ?
അടി ഉറപ്പിച്ച കുട്ടാപ്പി, "അമ്മേ ..വേണ്ടമ്മേ ..." എന്നൊരു നിലവിളിയോടെ ഒറ്റ ഓട്ടമായിരുന്നു ...
എങ്ങോട്ടാന്നോ? വേറെ എങ്ങോട്ട് ? ജാനുവേടത്തിയുടെ വീട്ടിലേയ്ക്ക്. ഇനി മടക്കം വൈകുന്നേരമാകും ...അമ്മയൊന്ന് നന്നായി തണുത്തിട്ട്.
അപ്പോൾ, ആ ചെറിയ ബക്കറ്റിലെ ബാക്കി നീലംവെള്ളം അവിടെ വച്ചിട്ടുണ്ടാകും. പിന്നെ ഏറെ നേരം അതിലാണ് കുട്ടാപ്പിയുടെ കളി. അത് അങ്ങോട്ടും ഇങ്ങോട്ടും പകർത്തി, പിന്നെ ഒരു പരന്ന പാത്രത്തിൽ ഒഴിച്ച് അതിലൂടെ അസ്തമയ സൂര്യനെ നോക്കി, തനിയെ ചിരിച്ച് ... അങ്ങിനെ അങ്ങിനെ ...നേരം ഏറെ വൈകുവോളം.
"സാറെ ... എന്താ പറ്റിയത് ..?"
അടുത്തിരിക്കുന്ന ആൾ പതിയെ തോളിൽ തോണ്ടിക്കൊണ്ട് ചോദിച്ചു.
"എന്താ ?"
"അല്ല ..സർ കുറച്ചു നേരമായി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. ഇപ്പോൾ 'വേണ്ടമ്മേ' എന്നോ മറ്റോ തെല്ലുറക്കെയും പറഞ്ഞു ..."
"അയ്യോ .. അറിയാതെ ഒന്ന് മയങ്ങി ... എന്തോ സ്വപ്നം കണ്ടതാ .." തെല്ല് ജാള്യതയോടെ അയാളോട് പറഞ്ഞു.
വല്ലാത്തൊരു ചിരിയോടെ അയാൾ തന്റെ കണ്ണുകൾ അടച്ചപ്പോൾ, താൻ ഒന്ന് ചുറ്റും നോക്കി. മറ്റേതെങ്കിലും യാത്രക്കാർ കേട്ടുവോ എന്ന്.
ഭാഗ്യം, ആരും കേട്ടതായി തോന്നുന്നില്ല.
ഇന്ന് പതിവില്ലാത്ത തിരക്കായിരുന്നു ഓഫീസിൽ. സാധാരണയായി വെള്ളിയാഴ്ചകളിൽ തിരക്ക് കുറയുന്നതാണ്.
എല്ലാ വെള്ളിയാഴ്ചകളിലും പതിവുള്ള ഈ യാത്രകളിൽ, താൻ തീരെയും ഉറങ്ങാറുള്ളതല്ല. മറിച്ച്, പുറത്തെ കാഴ്ചകളും കണ്ട് അങ്ങിനെ ഇരിയ്ക്കാറാണ് പതിവ്. ഇടയ്ക്കൊക്കെ സ്റ്റോപ്പുകളിൽ നിർത്തിയും, വീണ്ടും ഓടിയും, പിന്നെയും നിർത്തിയും അങ്ങിനെ പോകുന്ന ksrtc ബസ്സിലെ ഈ സൈഡ് സീറ്റ് യാത്ര എന്നും തനിക്ക് ഇഷ്ടമാണ്.
പിന്നെ അങ്ങ് ദൂരെ, കാത്തിരിയ്ക്കാൻ ആരുമില്ലാത്ത, രാത്രി താൻ കയറി ചെല്ലുമ്പോൾ ഇരുട്ട് മാത്രം മൂടി കിടക്കുന്ന, തന്റെ ആ കൊച്ചുവീടിനെയും ഓർക്കും. അവിടുത്തെ ഓർമ്മകൾ... അതെന്നും തനിയ്ക്ക് പ്രിയപ്പെട്ടതാണ്. ആഴ്ച്ചാവസാനത്തെ, ആ വീട്ടിലെ രണ്ടു ദിവസങ്ങൾ ... അതും തനിയ്‌ക്കേറെ വിലപ്പെട്ടതാണ്.
രാവിലെ ഒരു കട്ടൻ ചായയുടെ ബലത്തിൽ, ഒരാഴ്ചത്തെ കരിയില മുഴുവൻ വീണുകിടക്കുന്ന മുറ്റം, അടിച്ചു വൃത്തിയാക്കും. പിന്നെ കിണറ്റിൽ നിന്നും വെള്ളം കോരി, നന്നായിട്ടൊരു കുളി. വല്ലാത്തൊരു ഉന്മേഷമാണപ്പോൾ.
വേഷം ഒന്ന് മാറ്റി കുമാരേട്ടന്റെ കടയിൽ എത്തുമ്പോൾ, പറയാൻ നിറയെ നാട്ടു വിശേഷങ്ങളുമായി അവിടെ കുറേ കൂട്ടുകാർ കാത്തിരിയ്ക്കുന്നുണ്ടാകും. തനിയ്ക്കായി പ്രത്യേകം മാറ്റി വച്ച പുട്ടും കടലക്കറിയും, കുമാരേട്ടന്റെ ആ സ്പെഷ്യൽ പൊടിച്ചായയോടെ മുന്നിലെത്തും.
വിശേഷങ്ങൾ പറഞ്ഞു തീരുമ്പോൾ ഏതാണ്ട് ഉച്ചയായിട്ടുണ്ടാകും. അപ്പോഴേയ്ക്കും കുമാരേട്ടന്റെ വീട്ടിൽ നിന്നും തനിയ്ക്കുള്ള ഊണ്, പൊതിയായി എത്തിയിരിയ്ക്കും.
അതും വാങ്ങി താൻ ഇറങ്ങുമ്പോൾ, കുമാരേട്ടൻ താൽക്കാലികമായി കടയടയ്ക്കും. പിന്നെ തുറക്കുക, വൈകുന്നേരം 3 മണിയ്ക്ക്.
വീട്ടിലെത്തി ഊണും കഴിഞ്ഞ്, നിറയെ മരങ്ങളും വള്ളികളും പടർന്നു വളർന്ന തൊടിയിലേക്കിറങ്ങും. അവിടെ വള്ളികൾ മാത്രമല്ലല്ലോ. അച്ഛനും അമ്മയും ഉണ്ട്. സ്വച്ഛ നിദ്രയിൽ. തന്റെ മൗനദുഃഖങ്ങൾ ഏറ്റുവാങ്ങാൻ. പിന്നെ മൗനമായി ചേർത്തുപിടിച്ച്, അവരുടെ കുട്ടാപ്പിയെ തെല്ലുനേരം ആശ്വസിപ്പിയ്ക്കാൻ.
ശേഷം, ഏറെ നേരം കുയിലിനോടും മറ്റു കിളികളോടും കിന്നാരം ... ഒരാഴ്ച കാണാത്തതിൽ അവരുടെ ആ പരിഭവം മുഴുവനും കേൾക്കണം. കെറുവിച്ചു കൂവുന്ന കുയിലിനെ, എങ്ങിനെയെങ്കിലും ഒന്ന് സാന്ത്വനിപ്പിയ്ക്കണം.
മിക്കവാറും, പഴുത്തതോ പഴുക്കാറായതോ ആയ ചെറിയ വാഴക്കുലകൾ കാണും. തന്റെ സമയക്കുറവു മനസ്സിലാക്കി ആ പറമ്പിൽ തനിയെ വളർന്നവ. അത് വെട്ടി വയ്ക്കും. തിങ്കളാഴ്‌ച വെളുപ്പിന് തിരികെ മടങ്ങുമ്പോൾ, കൊണ്ടുപോകാൻ.
രാത്രി, കഞ്ഞിയും പയറും സ്വയം ഉണ്ടാക്കും. പിന്നെ പരന്ന ഒരു സ്റ്റീൽ പാത്രത്തിൽ അത് പകർത്തി, ഒരു പ്ലാവില കുമ്പിളും പൂട്ടി, വരാന്തയിൽ വന്നിരുന്ന് കഴിയ്ക്കാറാണ് പതിവ്. കണ്ണീരുപ്പുള്ള ഓർമ്മകളെയും തൊട്ട് കൂട്ടി, ആ ചൂട് കഞ്ഞി കുടിച്ചു തീരുമ്പോൾ, രാത്രി ഏറെ വൈകിയിരിയ്ക്കും.
പിറ്റേന്ന് ഞായർ. വെളുപ്പിനെ കണ്ണ് തുറക്കുമെങ്കിലും മുറിയുടെ മരജനാലകൾ തുറന്നിട്ടതിനു ശേഷം, വെറുതെ അതിലൂടെ ആ പുലരിക്കാഴ്ചകളും കണ്ടങ്ങിനെ കിടക്കും. ഓലഞ്ഞാലിയും, അട്ടമുറിയനും, പുള്ളിക്കുയിലുമൊക്കെ വള്ളിപ്പടർപ്പുകളിൽ ഊയലാടുന്നത് കാണാം. അണ്ണാറക്കണ്ണന്മാരും, ചിലപ്പോൾ കുഞ്ഞൻ പച്ചിലപ്പാമ്പും, മരക്കമ്പുകളിൽ പായുന്നതും കാണാം.
പിന്നെ, ഉമിക്കരിയും എടുത്ത് പല്ല് തേയ്ക്കാൻ തൊടിയിലേക്കിറങ്ങും. തൈത്തെങ്ങിൽ നിന്നും ഒരു ഈർക്കിൽ അടർത്തി നാക്കും വടിച്ച്, കിണർ വെള്ളത്തിൽ ഒരു 'ഓപ്പൺ എയർ' കുളിയും കഴിഞ്ഞാൽ, തലേന്നത്തേത് പോലെ, കുമാരേട്ടന്റെ കടയിലേയ്ക്ക്.
വൈകുന്നേരം മിക്കവാറും അമ്പലത്തിലേയ്ക്കൊരു യാത്ര. മടങ്ങും വഴി, വായനശാലയിൽ ഒരു ഹൃസ്വ സന്ദർശനം.
തിങ്കളാഴ്ച പുലർച്ചെ, തോളിലെ ബാഗിൽ നിറയെ തൊടിയിലെ വാഴപ്പഴവും, മനസ്സിലെ അറയിൽ നിറയെ ഓർമ്മകളുടെ നനുത്ത നൊമ്പരങ്ങളുമായി, വീണ്ടും നഗരത്തിലേക്ക് മടക്കം.
എത്രയോ വർഷങ്ങളായി തന്റെ ആഴ്ച്ചാവസാന പതിവുകൾ ഇങ്ങിനെയൊക്കെയാണ്. അതിനിടയിൽ ആദ്യമായാണ് ഇന്ന് ബസ്സിൽ ഉറങ്ങുന്നതും, സ്വപ്നം കാണുന്നതും.
എന്തായാലും നാളെ ജാനുവേടത്തിയുടെ വീട്ടിലും ഒന്ന് പോകണം. ജാനുവേടത്തി മരിച്ചെങ്കിലും വീട്ടുകാർ അവിടെയുണ്ടാകും. ഇപ്പോൾ, കുറച്ചു ദൂരെയാണ് അവരൊക്കെ താമസം.
ബസ്സിന്റെ ജനാലയിലൂടെ വെറുതെ പുറത്തേയ്ക്കു നോക്കി. ചെങ്ങന്നൂർ കഴിയുന്നതേ ഉള്ളൂ. തന്റെ സ്ഥലമെത്താൻ ഇനിയും ഏറെ നേരമെടുക്കും.
ഒരു നെടുവീർപ്പോടെ, വീണ്ടും കണ്ണുകളടച്ചു. വേണ്ട, ഇന്നിനി വഴിയോരകാഴ്ചകൾ കണ്ടാൽ ശരിയാവില്ല. ഒന്ന് കൂടി ഉറങ്ങാം. മുൻപ് കണ്ട നീലോർമ്മകളുടെ ബാക്കി ഉണ്ടായാലോ?
=================
*501 ബാർ സോപ്പ്
# ഉജാലയൊക്കെ വരും മുൻപ്, 'നീലം' പൊടി രൂപത്തിൽ ആയിരുന്നു
=================
സ്നേഹപൂർവ്വം
ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
********
ഗൃഹാതുരത്വമുണർത്തുന്ന ഒത്തിരി ഒത്തിരി ഓർമ്മകളിലേക്ക് ഈ കഥ വായനക്കാരനെ പിടിച്ചുകൊണ്ടുപോകുന്നു.
ReplyDeleteഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ.
വായിച്ചു ..ഇഷ്ടമായി ..എന്നറിഞ്ഞതിൽ ഏറെ സന്തോഷം ...
Deleteപഴയകാല ഓർമകളിലേക്ക് പോകുന്നു
ReplyDeleteഏറെ നന്ദി .....
Deleteനന്നായിട്ടുണ്ട്. .. വളരെ നന്നായിട്ടുണ്ട്👏👏👏✊
ReplyDeleteവളരെ സന്തോഷം .....
Delete👌
ReplyDeletethank you
Delete