ചുമ്മാണ്ടൊരി"ണ്ട"പ്പാട്ട്

 ചുമ്മാണ്ടൊരി"ണ്ട"പ്പാട്ട്

[തനിനാടൻ പാട്ട്]


പഞ്ചാരപ്പുഞ്ചിരിയിൽ ഉണ്ടായി പണ്ടൊരിയ്ക്കൽ 

ഉണ്ടാവതല്ലാത്തൊരിണ്ടൽ കേട്ടോ 

മണ്ടൻ ഞാൻ ഉണ്ടായൊരിണ്ടലിൽ വീണുപോയിട്ടുണ്ടായ 

നീണ്ടകഥ ചൊല്ലാം കേട്ടോ 

മുണ്ടിന്മേൽ കേറുന്ന പണ്ടത്തെ കാലമതിൽ

ഉണ്ടായൊരിണ്ടൽ കഥ കേട്ടോളൂട്ടോ 


ആണ്ടിൻ പകുതിയ്ക്കലെത്തിയൊരുത്സവത്തിൽ 

ആണ്ടു നടക്കുന്ന നേരം തന്നിൽ 

മിണ്ടാണ്ടാ കുപ്പിവള കയ്യിൽ കടത്തുന്ന 

പെണ്ണാളെ കണ്ടപ്പോൾ വല്ലാണ്ടായി 

തഞ്ചത്തിലോരത്ത് നിന്നപ്പോൾ കണ്ടല്ലോ 

കൽക്കണ്ട കണ്ണുകളിൽ കുണ്ടാമണ്ടി 

ചുണ്ടത്ത് മിന്നിയ പഞ്ചാരപ്പുഞ്ചിരിയിൽ

മണ്ടൻ ഞാൻ മണ്ടിയൊട്ട് കാതം മനസ്സിൽ  


എങ്ങാണ്ടുന്നെത്തിയ ധൈര്യത്തിൽ ചെന്ന് ഞാനാ 

കൈത്തണ്ട തന്നിൽ കരി-വളകൾ ചാർത്തേ 

'പട്ടേ'ന്ന് പൊട്ടിയെന്റെ തലമണ്ടപ്പുറകിലൊരു 

കൈത്തണ്ട പ്രഹരത്തിൻ ഗുണ്ട് കേട്ടോ 

ഞെട്ടാണ്ട് ഞെട്ടിയിട്ട് 'പട്ടോ'ന്ന് നോക്കിയപ്പോ 

വല്ലാണ്ട് നിൽക്കുന്നാ പെണ്ണിന്റപ്പൻ 

ഉണ്ടാസ് പോലുള്ള രണ്ടുണ്ടക്കണ്ണുകളിൽ 

വീണ്ടും ഞാൻ കണ്ടു മറ്റൊരു കുണ്ടാമണ്ടി 

അഖിലാണ്ഡമണ്ഡലമൊരുമിച്ചു കണ്ട ഞാനോ

വീണൊന്നുരുണ്ടു കെഞ്ചി മാപ്പാക്കുവാൻ


പഞ്ചാരപ്പുഞ്ചിരിയിൽ ഉണ്ടായിപ്പോയൊരിണ്ടൽ 

വല്ലാണ്ട് കുണ്ഠിതങ്ങൾ ഉണ്ടാക്കീട്ടോ 

പെണ്ണിന്റെ പുഞ്ചിരിയിൽ ആണ്ടങ്ങു മുങ്ങിടുമ്പോൾ 

മണ്ടയ്ക്കകത്തിതങ്ങ്  കണ്ടോളൂട്ടോ 

പഞ്ചാരപ്പുഞ്ചിരിയിൽ വല്ലാണ്ട് മുങ്ങിടുമ്പോൾ 

തിരു-മണ്ടനങ്ങാവാതേം കാത്തോളൂട്ടോ ...

=================

സ്നേഹപൂർവ്വം 

ബിനു മോനിപ്പള്ളി 

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********





 



  




Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]