മൂകാംബികേ ഹൃദയതാളാഞ്ജലി .....
മൂകാംബികേ ഹൃദയതാളാഞ്ജലി...
[കൊല്ലൂർ - യാത്രാ വിശേഷങ്ങൾ]
അതിരാവിലെ, അല്പം തുറന്നിട്ട ജനാലപ്പാളിയ്ക്കിടയിലൂടെ അരിച്ചെത്തുന്ന ആ വയനാടൻ കുളിർമഞ്ഞ്, പുതപ്പിനിടയിലൂടെ നമ്മെയൊന്ന് തൊട്ടു വിളിയ്ക്കുമ്പോൾ, അതറിയാത്ത മട്ടിൽ ഒന്നുകൂടി പുതപ്പിനടിയിലേയ്ക്ക് ചുരുണ്ട്, നന്നായി ഉറങ്ങിയിട്ടുണ്ടോ നിങ്ങൾ ... ഒരിയ്ക്കലെങ്കിലും ?
ഉണ്ടെങ്കിൽ ....? വല്ലാത്തൊരു സുഖമാണത്....അല്ലേ?
പക്ഷെ, ഇന്നത്തെ ദിവസം നമുക്കതിനാവില്ല, കാരണം ഇന്ന് അതിരാവിലെ തന്നെ നമ്മൾ ഒരു യാത്രയ്ക്കുള്ള പുറപ്പാടിലാണ് .... അതും നീണ്ട ഒൻപത് വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ....!
അതെ... ഇന്ന് നമ്മൾ കൊല്ലൂർ ശ്രീ മൂകാംബികാ ദേവിയെ കൺനിറയെ കണ്ട് തൊഴാൻ പോകുകയാണ്.
കൂടാതെ, മറ്റൊരു വിശേഷം കൂടിയുണ്ട്. അവിടെ ആ തിരുനടയിൽ, മോളുടെ നൃത്തവും ഉണ്ട്.
പുലർച്ചെ 4:30 നു തന്നെ ഞങ്ങൾ എല്ലാവരും തയ്യാർ. അല്പസമയത്തിനുള്ളിൽ 'അമ്പാടിക്കണ്ണനു'മായി ശരത് എത്തി. ഇനി അടുത്ത രണ്ടു ദിവസങ്ങളിൽ ഇവരാണ് നമ്മുടെ കൂട്ടും, സാരഥിയും.
തിരുനെല്ലിക്കാട്ടിലൂടെ ആ തണുത്ത വെളുപ്പാൻ കാലത്ത്, അല്പം വിറച്ച് യാത്ര ചെയ്യുമ്പോഴും, ഞങ്ങൾ ജാഗരൂകരായിരുന്നു. കാരണം എപ്പോൾ വേണമെങ്കിലും ഒരു കാട്ടുകൊമ്പൻ ആ വഴി നടുവിൽ കണ്ടേക്കാം.
ആ ഇരുട്ടിലും, ഞങ്ങളെ യാത്രയാക്കാനെന്നവണ്ണം റോഡിനിരുവശത്തും കുറെയേറെ മാൻകൂട്ടങ്ങൾ കാത്തുനിന്നിരുന്നു. എന്താല്ലേ ?
തോൽപ്പെട്ടി, കുട്ട, മടിക്കേരി, സുള്ള്യ വഴി ഏതാണ് 350 ലേറെ കിലോമീറ്ററുകൾ നീളുന്ന യാത്ര.
കൂർഗിന്റെ വന്യമായ ആ സൗന്ദര്യവും ആസ്വദിച്ച്, വഴിയ്ക്കിരുവശവും നിറയുന്ന ആ ഹരിതാഭ കൺനിറയെ കണ്ട്, പതിവുപോലെ നിറയെ വർത്തമാനങ്ങളുമായി ആണ് ഇത്തവണയും നമ്മുടെ യാത്ര.
ഇടയ്ക്ക്, ആ കൂർഗിപ്പെണ്ണിന്റെ ഹരിതകമ്പളത്തിൽ, 'എംബ്രോയിഡറി' ചെയ്തത് പോലെ വെള്ളിലത്താളികൾ. ആഹാ ... ശരിയ്ക്കും സുന്ദരി.
ഇപ്പോൾ നേരം നന്നായി വെളുത്തിരിയ്ക്കുന്നു. അതിരാവിലെ എഴുന്നേറ്റത് കൊണ്ടാകാം നല്ല വിശപ്പ്. അപ്പോഴാണ് വഴിയരികിൽ വലിയൊരു ഹോട്ടലിന്റെ ബോർഡ് കുറെ ദൂരെയായി കണ്ടത്. അവിടെ കയറാം എന്ന് തീരുമാനിച്ചു. എങ്കിലും, അടുത്തെത്തി ആ ബോർഡ് നന്നായി ഒന്ന് വായിച്ചപ്പോൾ വേണ്ടെന്നു വച്ചു.
ഇംഗ്ലീഷിലും കന്നടയിലും ഉള്ളത് പോരാതെ, അവർ മലയാളത്തിലും 'വെണ്ടയ്ക്ക വലുപ്പത്തിൽ' എഴുതി വച്ചിരിയ്ക്കുന്നു, 'ഹോട്ടൽ കരവളി' (Hotel Karavali). എത്ര വിശപ്പാണെങ്കിലും, ഇനിയെങ്ങിനെ അവിടെ കയറാനാ?
ഭാഗ്യം. കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ അതാ മറ്റൊരു ഹോട്ടൽ. ഇത്തവണ പേരാണ് ആദ്യം നോക്കിയത്. 'ശ്രീ അംബിക വൈഭവ്'. കുഴപ്പമില്ല.
ആഹാ .. കയറി...ഉഗ്രൻ ഹോട്ടൽ. നല്ല ചൂട് ദോശയും, ഇഡ്ഡലിയുമൊക്കെ കഴിച്ച സന്തോഷത്തിൽ പുറത്തിറങ്ങി, അവിടുത്തെ ആ ബോർഡിൽ ചെറുതായി എഴുതിയിരുന്ന സ്ഥലപ്പേരൊന്നു നോക്കി, 'കല്ല് ഗുണ്ടി'.
ഇനി മേലിൽ ഈ കർണാടക പേരുകൾ ഒന്നും വായിയ്ക്കില്ല എന്നങ്ങു തീരുമാനിച്ചു. അല്ല പിന്നെ. ഓരോരോ പേരുകളേയ് ....!
നമ്മൾ യാത്ര തുടരുകയാണ്. പേരറിയാത്ത, അതിസുന്ദരികളായ ഒട്ടേറെ പുഴകളെയും കടന്ന്.
പിന്നെ, തനത് കർണാടക ശൈലിയിൽ തീർത്ത കുറെയേറെ അമ്പലങ്ങളെ വഴിയരികിൽ കണ്ട്, പ്രാർത്ഥിച്ച്....
ഉച്ചയായപ്പോൾ വഴിയരികിലെ ഒരു ഹോട്ടലിൽ നിന്നും, നല്ല നാടൻ കർണാടക ഊണ് കഴിച്ചു. നന്നായി വെന്ത പച്ചരിച്ചോറിലേയ്ക്ക് കുറച്ചു രസവും, കൂടെ അല്പം തൈരും ഒഴിച്ച് കഴിയ്ക്കുമ്പോൾ നല്ല രുചി. ഒരുപക്ഷേ, കത്തുന്ന വിശപ്പിന്റെയും ആകാം.
ഇപ്പോൾ ഈ ഇടതു വശത്തായി കാണുന്നതാണ് പ്രശസ്തമായ മംഗലാപുരം കെമിക്കൽസ് & ഫെർട്ടിലൈസേഴ്‌സ്.
നാട്ടുസുന്ദരികളായ പുഴകൾ വീണ്ടും വീണ്ടും, ഞങ്ങൾക്ക് യാത്രാമംഗളങ്ങൾ നേരാൻ എന്നവണ്ണം വലതുവശത്തുകൂടെ വന്ന്, ഓളക്കൈകൾ പതുക്കെ വീശി, ഇടതു വശത്തുകൂടി ചിരിച്ചകന്നുകൊണ്ടിരിന്നു.
ആദ്യ കൊല്ലൂർ യാത്രയായതുകൊണ്ട് തന്നെ, അല്പം ടെൻഷൻ ഇല്ലാതില്ല. അവിടെ തിരക്കായിരിയ്ക്കുമോ? നല്ല ഹോട്ടൽ റൂമുകൾ കിട്ടുമോ? എന്നൊക്കെ.
ഹൈവേയിൽ നിന്നും തിരിഞ്ഞ് കുറച്ചു മുൻപോട്ടു പോയപ്പോൾ, ക്ഷേത്രത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്ന കമാനം കണ്ടു.
ഏതാണ്ട് 3 മണിയോടെ ഞങ്ങൾ ക്ഷേത്ര പരിസരത്തെത്തി. ആദ്യം കണ്ട ഹോട്ടലിൽ തന്നെ മുറിയും കിട്ടി. ഹോട്ടൽ 'പുരാണിക് റെസിഡൻസി'. നല്ല വൃത്തിയും വെടിപ്പുമുള്ള വിശാലമായ എ/സി മുറികൾ. ന്യായമായ വാടക.
കുളി കഴിഞ്ഞ് വേഗം തന്നെ ഞങ്ങൾ ക്ഷേത്രത്തിലേയ്ക്ക് നടന്നു. തിരക്കാണെങ്കിലോ? പോരാത്തതിന്, ഇന്ന് മലയാള മാസം ഒന്നാം തീയതിയുമാണ്.
എന്നാൽ കവാടത്തിലെത്തിയ ഞങ്ങൾ അത്ഭുതപ്പെട്ടുപോയി. അല്പം പോലും തിരക്കില്ലാതെ തിരുനട. അമ്മയുടെ അനുഗ്രഹം.
വേഗം അകത്ത് കയറി, നന്നായി തൊഴുതു, അതും ഏറെ നേരം.
കന്നഡശൈലിയിൽ കരിങ്കല്ലിൽ തീർത്തതാണ് ഇവിടെയുള്ള ചതുരശ്രീകോവിൽ. കേരളത്തിലെ ക്ഷേത്രങ്ങളിലെ ശ്രീകോവിലുകളെ അപേക്ഷിച്ച് കാഴ്ചയിൽ ചെറുതാണ് ഈ ശ്രീകോവിൽ. ചുവർച്ചിത്രങ്ങളോ ദാരുശില്പങ്ങളോ ഒന്നും തന്നെ ഇതിനെ അലങ്കരിയ്ക്കുന്നുമില്ല. പക്ഷേ, പറഞ്ഞറിയിയ്ക്കാനാവാത്ത എന്തോ ഒരു ആകർഷണം, ആ നിർമ്മാണരീതിയ്ക്കു പോലുമുണ്ട്.
ആ തിരുനടയിൽ കുറച്ചു നേരം എല്ലാം മറന്ന് തൊഴുതി നിൽക്കുമ്പോൾ, വല്ലാത്തൊരു അനുഭൂതിയാണ്.
ഐതിഹ്യം*:
എല്ലാ ജാതിമതസ്ഥർക്കും ഇവിടെ ദർശനം അനുവദനീയമാണ്.
ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ജഗദീശ്വരിയായ സാക്ഷാൽ ആദിപരാശക്തി "മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി" എന്നീ മൂന്ന് ഭാവങ്ങളുടെ ഐക്യരൂപിണിയായി, മൂകാംബിക എന്ന പേരിൽ ഇവിടെ ആരാധിയ്ക്കപ്പെടുന്നു.എന്നാൽ, ഇവിടെ മൂന്നു രീതിയിലുള്ള പ്രത്യേക പൂജയില്ല. എല്ലാ പൂജകളും ഈ മൂന്നു സങ്കല്പങ്ങളെയും സമന്വയിപ്പിച്ചുള്ളതാണ്.
ശ്രീചക്രപീഠത്തിൽ ഭഗവതിയോടൊപ്പം ത്രിമൂർത്തിസാന്നിധ്യം ഉൾക്കൊള്ളുന്ന ശിവലിംഗം കൂടിയുള്ളതിനാൽ, ശിവശക്തി-ത്രിമൂർത്തി ഐക്യരൂപത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ. ആദിപരാശക്തിയുടെ വാസസ്ഥാനമായി കരുതപ്പെടുന്ന ശ്രീചക്രപ്രതിഷ്ഠയ്ക്ക് ഇവിടെ അതീവ പ്രാധാന്യമുണ്ട്.
ഇവിടെ എന്നും മലയാളികളുടെ പ്രവാഹമാണ്. എന്നെങ്കിലും മലയാളികൾ വരാതായാൽ, പരാശക്തി കേരളത്തിലേയ്ക്ക് പോകും എന്നൊരു വിശ്വാസവുമുണ്ട്.
ഈ മഹാക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഭഗവതീസാന്നിദ്ധ്യം കൊണ്ട് നൂറ്റെട്ട് ദുർഗ്ഗാലയങ്ങളിലും, ശിവസാന്നിദ്ധ്യം കൊണ്ട് നൂറ്റെട്ട് ശിവാലയങ്ങളിലും ഉൾപ്പെടുന്ന ഒരു ക്ഷേത്രമാണിത്.
ശ്രീചക്രത്തിൽ സ്വയംഭൂവായി കുടികൊള്ളുന്ന ജ്യോതിർലിംഗവും, അതോടൊപ്പമുള്ള ശങ്കരാചാര്യരാൽ പ്രതിഷ്ഠിയ്ക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന സിംഹവാഹനയായ മൂകാംബികാദേവിയുടെ പഞ്ചലോഹവിഗ്രഹവുമാണ്, ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ.
മൂകാംബിക സന്നിധിയിലെത്തണമെങ്കിൽ ഭഗവതി വിളിക്കണം എന്നൊരു വിശ്വാസം കേരളത്തിലുണ്ട്. എത്ര സമയമെടുത്ത് മുന്നൊരുക്കങ്ങൾ നടത്തിയാലും, മനസ്സിൽ മൂകാംബികാ ദേവിയുടെ വിളിയെത്തിയില്ലെങ്കിൽ കൊല്ലൂരിലേക്കുള്ള യാത്ര മുടങ്ങുമത്രെ.
തിരക്കൊഴിഞ്ഞ മുറ്റത്ത് ഏറെ നേരം നിന്നു. കൊടിമരച്ചുവട്ടിലും രഥച്ചുവട്ടിലും ഒക്കെ നിന്ന്, കുറച്ച് ചിത്രങ്ങൾ പകർത്തി.
ശ്രീകോവിലിനു പുറകിലായി തെക്കുപടിഞ്ഞാറുഭാഗത്താണ് ശങ്കരപീഠം സ്ഥിതിചെയ്യുന്നത്. ശങ്കരാചാര്യർ ദേവിയെ സ്തുതിച്ച് സൗന്ദര്യലഹരി എന്ന പ്രസിദ്ധമായ സ്തോത്രം എഴുതിയത് ഇവിടെ വച്ചാണെന്ന വിശ്വാസത്തെത്തുടർന്നാണ് ഈ പേരുവന്നത്.
അറിവിന്റെ കേദാരമായ ശങ്കരാചാര്യരോട്, അതിൽ നിന്നും ഒരുതുള്ളി ഉള്ളിലേയ്ക്ക് പകർന്നു നൽകേണമേ എന്ന് പ്രാർത്ഥിച്ചു.
പിന്നെ, പ്രദക്ഷിണം പൂർത്തിയാക്കി ക്ഷേത്രമുറ്റത്തേയ്ക്ക്.
വൈകുന്നേരം 5 മണിയോടെ മൂകാംബികാ സന്നിധിയിലെ സരസ്വതീ മണ്ഡപത്തിൽ മോളുടെയും കൂട്ടുകാരുടെയും (ശ്രീലക്ഷ്‌മി നൃത്ത-സംഗീത വിദ്യാലയം, തിരുവനന്തപുരം) നൃത്തപൂജ.
അപ്പോഴേയ്ക്കും ആകാശം പതുക്കെ മേഘാവൃതമാകുന്നത് കണ്ട ഞങ്ങൾ, വേഗം സൗപർണ്ണിക തടത്തിലേയ്ക്ക് പോയി.
അങ്ങ് ദൂരെ കുടജാദ്രിമലമടക്കുകളിൽ എവിടെയോ നീർചാലുകളായി ജനനം... പിന്നെ അനേകമനേകം ഔഷധച്ചെടികളുടെ വേരുകളെ താലോലിച്ച്, അവയുടെ സത്ത ആഗിരണം ചെയ്ത്, തമ്മിൽ ഒന്നുചേർന്ന് കൊച്ചരുവികളായി മാറി താഴേയ്ക്കൊഴുകി..... ശേഷം കുടജാദ്രിയുടെ അടിവാരത്ത് വലിയൊരു കയമായി മാറി ഇറ്റു വിശ്രമം .... പിന്നെ മൂകാംബികാദേവിയുടെ അനുഗ്രഹവും പേറി, അമ്മയുടെ പ്രിയഭക്തരുടെ കാല്പാദങ്ങളെ ഒന്ന് വലംവെച്ച്, പുണ്യ സൗപർണ്ണികയായി, അങ്ങിനെ അകലേയ്ക്ക് മന്ദമന്ദം ഒഴുകി നീങ്ങുകയായി അവൾ ....
മടക്കയാത്രയിൽ, സൗപർണ്ണികയുടെ പശ്ചാത്തലത്തിൽ, ഏറെ പ്രിയപ്പെട്ട ചില അസ്തമയക്കാഴ്ചകൾ പകർത്താനായി.
വീണ്ടും ക്ഷേത്ര മുറ്റത്തേയ്ക്ക്.
കാർമേഘങ്ങൾ വരിയിട്ടു നിൽക്കുന്ന ആകാശത്തിനു താഴെ, അമ്പലമുറ്റത്തെ ഇരുപതു നിലകളുള്ള ആ ദീപസ്തംഭത്തിൽ തിരികൾ ഒന്നൊന്നായി തെളിഞ്ഞു. ആ പുക ആകാശത്തിൽ പതുക്കെ അങ്ങിനെ വിലയം പ്രാപിയ്ക്കുന്നു.
തൊട്ടടുത്ത സ്വർണ്ണ കൊടിമരമാകട്ടെ ആ ദീപപ്രഭയെ ആകെയും കടംകൊണ്ടു. തികച്ചും നിശബ്ദമായ, ഭക്തിസാന്ദ്രമായ ആ അന്തരീക്ഷത്തിൽ, മൂകാംബികാ ദേവിയെ വീണ്ടും തൊഴുതു. വഴിപാടുകൾ നടത്തി.
നമുക്ക് പരിചിതമായ കേരളീയ ആരാധനാ രീതികളിൽ നിന്നും ഒരല്പം വ്യത്യസ്തമായതുകൊണ്ട് തന്നെ, ചില പൂജകളും ആ സമയത്തെ പ്രത്യേക വാദ്യമേളങ്ങളും, പൂർണ്ണമായി മനസ്സിലാക്കാനായില്ല.
വെള്ളി രഥത്തിൽ ദേവി ശ്രീകോവിലിനു വലംവച്ചു.
ഈ സമയമൊക്കെ തിരക്ക് താരതമ്യേന കുറവായിരുന്നതിനാൽ, നന്നായി കാണുവാനും, പ്രാർത്ഥിയ്ക്കുവാനും കഴിഞ്ഞു. അപ്പോഴാണ് അടുത്തു നിന്നിരുന്ന ക്ഷേത്രകലാകാരന്മാരിലൊരാൾ പറഞ്ഞത്, അന്ന് സ്വർണ്ണരഥ വഴിപാട് ഇല്ലത്രെ. ഉണ്ടായിരുന്നുവെങ്കിൽ, സ്വർണ്ണരഥത്തിൽ ആകുമായിരുന്നു ഈ പ്രദക്ഷിണം എന്ന്.
പിന്നെ, വിശേഷമായ 'കഷായ'പ്രസാദം കഴിച്ചു. (പിറ്റേന്ന്, മൂകാംബിക ക്ഷേത്രത്തിനടുത്തുള്ള ഗുഹാക്ഷേത്രത്തിലെ പുരോഹിതനാണ് ഈ വിശേഷമായ കഷായപ്രസാദത്തിന്റെ കാര്യം വിശദമാക്കി തന്നത്). ഒരിക്കൽ രോഗബാധിതനായി കിടന്ന ശങ്കരാചാര്യർക്ക് വേണ്ടി ഭഗവതി കഷായവുമായി പ്രത്യക്ഷപെട്ടു എന്നാണ് ഐതീഹ്യം. ഇതിന്റെ സ്മരണയ്ക്കായത്രെ ക്ഷേത്രത്തിൽ ഇന്നും കഷായപ്രസാദം നൽകി വരുന്നത്.
[അഡിഗ എന്ന പേരിൽ അറിയപ്പെടുന്ന ഒരു ബ്രാഹ്മണസമൂഹമാണ് ഈ ക്ഷേത്രത്തിലെ തന്ത്രി, മേൽശാന്തി സ്ഥാനങ്ങൾ അലങ്കരിയ്ക്കുന്നത്. ഇവർ സാധാരണയായി ദേവിയെ മാത്രം പൂജിയ്ക്കുന്നവരാണ്. വിവാഹിതരായവർക്ക് മാത്രമേ അമ്മയെ പൂജിയ്ക്കാനുള്ള അനുവാദമുള്ളൂ. പ്രതിഷ്ഠ ശിവ-ശക്തി ഐക്യഭാവത്തിലുള്ളതായതുകൊണ്ടാണ് ഇങ്ങനെയൊരു നിബന്ധന].
ശേഷം, പിറ്റേന്നത്തേയ്ക്കുള്ള 'എഴുത്തിനിരുത്തൽ' ചടങ്ങിന്റെ രണ്ട് കൂപ്പണുകളും എടുത്ത്, ഞങ്ങൾ നിറഞ്ഞ മനസ്സോടെ ഹോട്ടലിലേക്ക് മടങ്ങി.
മടക്കവഴിയിൽ, തൊട്ടടുത്ത 'ഹോട്ടൽ സാന്നിധ്യ'ത്തിൽ നിന്നും ആഹാരം കഴിച്ചു. കൊല്ലൂരിൽ ഞങ്ങളുടെ എല്ലാ നേരത്തെയും ഭക്ഷണം, നല്ല വെടിപ്പും വൃത്തിയുമുള്ള ഈ ഹോട്ടലിൽ നിന്നായിരുന്നു കേട്ടോ.
അതിരാവിലെ ഉറക്കം ഉണർന്നതിനാലും, ദീർഘയാത്രയുടെ ക്ഷീണം ബാക്കി നിന്നതിനാലുമാകണം, മുറിയിലെ കുളിരിൽ നന്നായുറങ്ങി.
പിറ്റേന്ന് പുലർച്ചെ തന്നെ, കുളിയും കഴിഞ്ഞ് ഞങ്ങൾ വീണ്ടും തിരുനടയിൽ എത്തി.
ഇപ്പോഴും താരതമ്യേന തിരക്ക് കുറവ്. മോളെയും, അനിയന്റെ മോനെയും ആദ്യകൂട്ടത്തിൽ തന്നെ എഴുത്തിനിരുത്തി. മറ്റു ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, ഏതു പ്രായത്തിലുള്ളവരേയും ഇവിടെ എഴുത്തിനിരുത്താം. ഉണങ്ങിയ മഞ്ഞൾ കൊണ്ട് തളികയിലെ അരിയിൽ ആണ്, എഴുതിയ്ക്കുന്നത്. കൂടെ, പുരോഹിതൻ ചൊല്ലിത്തരുന്ന അക്ഷരങ്ങളും ശ്ലോകങ്ങളും ഏറ്റുചൊല്ലണം. പിന്നെ, സ്വർണ്ണം കൊണ്ട് നാവിലെഴുതിയ്ക്കുകയും വേണം.
പ്രഭാതഭക്ഷണത്തിനു ശേഷം, 7:30 മണിയോടെ നൃത്തത്തിന്റെ ചമയങ്ങളും ഒരുക്കങ്ങളുമായി നൃത്തസംഘം തിരക്കിലായി.
ഞങ്ങളാകട്ടെ വീണ്ടും ഒരിയ്ക്കൽ കൂടി ആ സൗപർണ്ണികാ തടത്തിലേയ്ക്ക് പോയി.
മൂകാംബികാ ക്ഷേത്രത്തിന് തൊട്ടുമുന്നിലൂടെ അഗ്നിതീർത്ഥം എന്ന പേരിൽ ഒരു കൊച്ചു അരുവി ഒഴുകിപ്പോകുന്നുണ്ട്. കുടജാദ്രിയിൽ നിന്ന് വരുന്ന ഈ അരുവിയും, കൂടെ മറ്റ് 63 അരുവികളും സംഗമിച്ചാണ് സൗപർണ്ണികയാകുന്നത്.
[ഗരുഡൻ തന്റെ മാതാവായ വിനതയുടെ സങ്കടമോക്ഷാർത്ഥം ഈ നദീതീരത്തു തപസ്സു ചെയ്തു എന്നും, തപസ്സിൽ സന്തുഷ്ടയായ ദേവിയോടു തന്റെ പേരിൽ ഈ നദി അറിയപ്പെടണമെന്ന് ആവശ്യപ്പെട്ടു എന്നുമാണ് സങ്കൽപം. സുപർണൻ എന്നും ഗരുഡന് പേരുണ്ട്]
മടങ്ങുമ്പോൾ എവിടെ നിന്നോ എത്തിയ ഒരു മയിൽ പീലിവിരിച്ച് ഞങ്ങളെ സന്തോഷം അറിയിച്ചു. ആ ഭംഗി കണ്ടു നിൽക്കുന്ന തിരക്കിൽ, അത് അങ്ങിനെ മൊബൈലിൽ പകർത്താനായില്ല. ക്ഷമിയ്ക്കുക.
അപ്രതീക്ഷിതമായി മയിലിനെ കണ്ട സന്തോഷത്തിൽ, വെറുതെ ഒന്നുകൂടി ചുറ്റും നോക്കുമ്പോൾ തൊട്ടടുത്ത മരത്തിൽ അതാ ഒരു സുന്ദരൻ മലയണ്ണാൻ.
കുടജാദ്രി മലയിലേക്കുള്ള ആ യാത്ര മാത്രം ഞങ്ങൾക്ക് ഇത്തവണ നടത്താനായില്ല. കാരണം, ആ യാത്ര കുറഞ്ഞത് 5 മണിക്കൂറുകൾ എടുക്കുമത്രേ. അപ്പോഴേയ്ക്കും നൃത്തപരിപാടി തുടങ്ങേണ്ടതുള്ളതിനാൽ, കുടജാദ്രി യാത്ര അടുത്ത തവണത്തേയ്‌ക്ക് മാറ്റി.
കൃത്യം 11:30 മണിയ്ക്ക്, നമ്മുടെ ഗാനഗന്ധർവൻ ശ്രീ യേശുദാസിനെപ്പോലെയുള്ള പ്രമുഖർ മൂകാംബികാ സ്തുതികൾ ആലപിയ്ക്കുന്ന ആ ക്ഷേത്രവേദിയിൽ നൃത്തപരിപാടികൾ തുടങ്ങി.
ഒരു സ്വപ്ന സാഫല്യം.
ഒരു മണിയ്ക്ക് സമംഗളം സമാപിയ്ക്കവേ, ഒരിയ്ക്കൽ കൂടി ദേവിയെ തൊഴുതു. തടസ്സങ്ങളേതുമില്ലാതെ ഈ യാത്രയെ പൂർണ്ണമാക്കിയതിന്, ഹൃദയപൂർവ്വം നന്ദിയും ചൊല്ലി.
ഇനിയുമൊരിയ്ക്കൽ, ഒന്നുകൂടി വരണം, കുറച്ചു കൂടി വിശാലമായി ഈ ക്ഷേത്രമുറ്റത്ത് സമയം ചിലവിടണം. കാരണം, ഇപ്പോൾ ഈ ക്ഷേത്ര ചടങ്ങുകളെയും, ആചാരങ്ങളെയും പറ്റി, കുറച്ചൊക്കെ മനസിലാക്കിയല്ലോ. പിന്നെ, കുടജാദ്രി കയറണം. അവിടെ ആ മൂലസ്ഥാനം കാണണം. സർവജ്ഞപീഠം കാണണം.....! ആശകൾക്ക് അതിരില്ലല്ലോ...!!
ഇപ്പോൾ സമയം ഏതാണ്ട് 1:15. വേഗം ഹോട്ടലിലെത്തി. ഉച്ചയ്ക്ക് 12 മണിയ്ക്കായിരുന്നു ശരിയ്ക്കുമുള്ള 'ചെക്ക്-ഔട്ട്' സമയം. കഴിയുന്നത്ര വേഗം ഞങ്ങൾ മുറി ഒഴിഞ്ഞു.
പിന്നെ, ഏതാണ്ട് 50 കിലോമീറ്ററുകൾ അകലെയുള്ള മുരുഡേശ്വറിലേയ്ക്ക് യാത്രയായി.
അപ്പോഴും അറിയാതെ മനസ്സിൽ പ്രശസ്തമായ ആ ഭക്തിഗാനത്തിന്റെ വരികൾ മുഴങ്ങിയിരുന്നു ....
മൂകാംബികേ ഹൃദയതാളാഞ്ജലി
പ്രണവ നാദാംബികേ സകല വേദാംബികേ
ഞാനാം എഴുത്തോലച്ചിറകില്‍ മൈക്കണ്മുന
ഗാനാമൃതം ചുരത്തി തരുമോ നീ?
ജ്ഞാനാംബികേ, എന്നില്‍ വരുമോ..?
*****************
വാമൊഴി പുരാണം: മൂകാംബികാ ക്ഷേത്രവും, ശങ്കരാചാര്യരുമായി ബന്ധപ്പെട്ട് പ്രശസ്തമായൊരു വാമൊഴി പുരാണമുണ്ട്. അതിങ്ങനെയാണ്.
കുടജാദ്രിയുടെ മുകളിലെ ക്ഷേത്രത്തിന് (മൂല സ്ഥാനം) സമീപം, ശങ്കരാചാര്യർ തന്റെ ധ്യാനാവസ്ഥയിൽ ദേവിയുമായി സംവദിയ്ക്കുമായിരുന്നുവത്രെ. അങ്ങിനെ കാലം കുറച്ചു കഴിഞ്ഞപ്പോൾ, ദേവിയെ, സരസ്വതീ ക്ഷേത്രങ്ങൾ അധികമില്ലാത്ത കേരളത്തിലേയ്ക്കു കൊണ്ടുവരണമെന്നുള്ള കലശലായ മോഹം അദ്ദേഹത്തിനുണ്ടായി. എന്നാൽ, ദേവിയ്ക്കാവട്ടെ കുടജാദ്രി വിട്ടുപോരുവാൻ അശേഷം താല്പര്യം ഉണ്ടായിരുന്നില്ല.
അവസാനം, തന്റെ ഉപാസകന്റെ നിർബന്ധത്തിനു ദേവി വഴങ്ങി; ലക്ഷ്യസ്ഥാനം എത്തുന്നതുവരെ എന്ത് സംഭവിച്ചാലും ശങ്കരൻ പിൻതിരിഞ്ഞു നോക്കരുത്, എന്ന ഒരു ഉപാധിയോടെ.
ശങ്കരാചാര്യർ മുൻപിലും, ദേവി പിന്നിലുമായി അവർ പതുക്കെ മലയിറങ്ങി. ഇപ്പോൾ ക്ഷേത്രം നിൽക്കുന്ന സ്ഥലത്തെത്തിയപ്പോൾ പുറകിൽ നിന്നും ദേവിയുടെ കാൽചിലമ്പിന്റെ ശബ്ദം കേൾക്കാതായ ശങ്കരാചാര്യർ, അറിയാതെ പിന്നിലേയ്ക്ക് നോക്കിയത്രേ. അതോടെ ദേവി അവിടെ ഇരിപ്പുറപ്പിയ്ക്കുകയും ചെയ്തു.
ആകെ വിഷണ്ണനായ ശങ്കരാചാര്യരുടെ സങ്കടം കണ്ട ദേവി, അദ്ദേഹത്തോട്, വർഷത്തിൽ ഒരു ദിവസം താൻ കേരളത്തിലെ ചോറ്റാനിക്കരയിൽ എത്താം എന്ന് വാക്ക് നൽകി. ആ ദിനമത്രെ ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ അതിപ്രശസ്തമായ 'മകം തൊഴൽ'.
=================
സ്നേഹപൂർവ്വം
ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
********
കൂടുതൽ ചിത്രങ്ങൾ താഴെ ചേർക്കുന്നു:
*ഐതിഹ്യ/പുരാണങ്ങൾക്ക് അവലംബം: വിവിധ പുരാണങ്ങൾ, ഗ്രന്ഥങ്ങൾ, ക്ഷേത്ര വെബ്സൈറ്റ്, വിക്കിപീഡിയ, വാമൊഴി കഥകൾ...
വളരെ നന്നായിട്ടുണ്ട് മാഷേ 👍
ReplyDeleteThanks Lal .....
DeleteAs usual Super.. Binu...❣️
ReplyDeleteThanks Ajishe ....
Delete,👌
ReplyDeleteThanks Jinny ....
Delete