പിന്നേം....ദേ... ആ കുമാരച്ചൻ ... [ചെറുകഥ]

 

പിന്നേം....ദേ... ആ കുമാരച്ചൻ ...

[ചെറുകഥ]

മ്മ്‌ടെ കവലേൽ കെ-അരി വന്നു എന്നും കേട്ട്, എന്നാ പിന്നെ അതൊന്നു കാണാല്ലോ (കിട്ടിയാൽ ഇത്തിരി വാങ്ങാലോ) എന്നുംകൂടെ കരുതി, ഒരു ഓടടാ ഓട്ടം ഓടുമ്പോഴാണ്, നമ്മുടെ ആ വരിക്കപ്ലാവിന്റെ ചോട്ടിൽ, ദേ നമ്മുടെ കുമാരച്ചൻ താടിയ്ക്ക് കയ്യും കൊടുത്ത് ....പിന്നേം.

"ന്റെ കെ-അരി പോയല്ലോ ഭഗോത്യേ..... ആ കെ-റെയിലോ വന്നില്ല .... എന്നാ പിന്നെ ഇതേലും ആട്ടെ ...എന്നും കരുതി ഓടിയതാർന്നല്ലോ ....ദൈവേ..." എന്നൊക്കെ മനസ്സിൽ ഓർത്തെങ്കിലും, നമ്മടെ പാവം കുമാരച്ചനല്ലേ എന്താ കാര്യമെന്ന് തിരക്കാതെ പോകാൻ പറ്റുവോ...?

"എന്താ ..കുമരച്ചാ ..? ഇപ്പ പുതിയ പ്രശ്‌നം ?.."

"ഇല്ല പാക്കര ...ഒന്നൂല്ല .."

"പിന്നെ ... ഈ താടിയ്ക്കു കൈ കൊടുക്കൽ ..? "

"ഏയ് ...ഒന്നൂല്ലടാ പാക്കരാ ..."

"ദേ ...ഇമ്മാതിരി കമന്റ് ഒന്നും ഇവടെ വേണ്ട കേട്ടോ ..നിങ്ങള് കാര്യം പറയന്ന് ..."

"അതേയ് ..പാക്കരാ ... കഴിഞ്ഞ ദിവസം.... അവരെ ... അവര്ന്ന്പറഞ്ഞാ... എന്റെ മോനും മോളും വന്നിരുന്നു.."

"ആഹാ .. ആര് ? ഉണ്ണീം... ശ്രുതീമോ...? എന്നിട്ടെവിടെ.. ?"

"അവര് ... തിരിച്ചു പോയി.."

"ബാംഗ്ലൂർക്കോ ..? അപ്പോൾ  ചക്കീം ചങ്കരനും ..?"

"അവരെ കൊണ്ട് വന്നില്ല .... അവർക്ക് ഏതോ ഫ്രെണ്ട്സിന്റെ എന്തോ ഒരു ആഘോഷം ഉണ്ടത്രേ... ഏതാണ്ട് ഒരു ഡേ .."

"ബർത്ത്ഡേ ...ആണോ"

"ആ ... അത് തന്നെ ..."

"എന്നാലും ... അച്ഛാച്ഛനേം അച്ഛമ്മേയേയും ഒന്നു കാണാൻ അവർക്ക് വരാരുന്നു .."

"എല്ലാര്ക്കും തെരക്കല്ലേ ..പാക്കരാ ..പോട്ടേന്ന് ..."

"അത് ശരിയാ ... പോട്ടെ കുമരച്ച ... അടുത്ത തവണ അവര്  വരൂംന്നെ .. നീ വിഷമിയ്ക്കാതെ .."

"അതല്ല പാക്കരാ....പ്രശ്നം .."

"കുമരച്ചാ ....ചക്കീം ചങ്കരനും അവടെ തനിച്ചായോണ്ടല്ലേ, അവര് പെട്ടെന്ന് തിരിച്ച് പോയെ ... നീ ക്ഷമിയ്ക്ക് .."

"ശ്ശേ ... അതല്ല കാരണം പാക്കരാ ..."

"പിന്നെന്തോന്ന് ..?"

"അവര് വന്നപ്പം.... ആ ജിമ്മീനേം കൂടെ കൊണ്ടന്നാർന്നു ..."

"അതാരാ ജിമ്മി ..?"

"അവരുടെ ആ പട്ടി.....അയ്യോ ..അല്ല.. നായ..."

"ഓഹ്ഹ്  ...കുഞ്ഞാ?...."

"കുഞ്ഞോ .... നിന്റെ അരയ്‌ക്കൊപ്പം പൊക്കം വരും പാക്കരാ ....അവന്..."  

"എന്നിട്ട് ..?"

"ഇന്നലെ വൈകിട്ട് ഉണ്ണി അതിനേം കൊണ്ട് നമ്മടെ പാടത്ത് വരെ പോയി ...? പട്ടീനെ പാടം കാണിയ്ക്കാനാണത്രേ ..."

"അതെന്തിനാ ...?"

"ഓ... അങ്ങ് പട്ടണത്തിലെ പട്ടിയല്ലേ ... അവിടെ ഫ്ലാറ്റിൽ വളർന്നത് ...."

"അതിന് ...?"

"ആ.. അതൊന്ന് അവന്റെ ഗ്രാമം കാണട്ടെന്ന് ... എന്തോ നൊഷ്‌ട് ന്നോ നൊഷ്ടൂന്നോ ഒക്കെ പറയണ കേട്ടു ..."

"ആഹ്ഹ് .. എന്നിട്ട് ..?"

"പിന്നെ ..എന്തോ ഒരു കുന്തം കൂടി അവൻ പറയണ കേട്ട്  ..... റീലോ .. വീലോ ... എന്താണ്ടൊരെണ്ണം .... "

"അതെന്താ സാധനം ?"

"ആ.. എനിയ്ക്കറിയാമ്മേല ... ക്യാമറ ഒക്കെ വച്ച് ഷൂട്ട് ചെയ്യണ എന്തോ ഒരു സാധനം ..?"

"ആഹ്ഹ ...പിടി കിട്ടി ...പിടി കിട്ടി.... റീല് ... ഇൻസ്റ്റാഗ്രാംമ് ..."

"ഇൻസ്റ്റാഗ്രാമാണോ ...കിലോഗ്രാമാണോ ... എന്തോ ഒരെണ്ണം .... ജിമ്മിക്ക് അതില് കുറേ ഫാൻസ്‌ ഉണ്ടെന്ന് ...."

"കാലം പോയ പോക്കേ ...."

"ന്റെ പാക്കരാ ... ഈ റീല് ചെയ്യാൻ വേണ്ടിയാ മൂന്നും കൂടെ ഇപ്പം ഇങ്ങോട്ട് ഓടി വന്നത് തന്നെ .. അല്ലാതെ ഈ ഞങ്ങളെ കാണാനൊന്നും അല്ലന്നേ ..."

"ഏയ് .. അത് കുമരച്ചാ ... നിങ്ങടെ വെറും തോന്നലാ .. ആ ...പറ...  എന്നിട്ടെന്നാ പറ്റി ?"

"കണ്ടം വരമ്പേക്കടെ ആ ജിമ്മീനേം നടത്തി അവൻ റീല് ഷൂട്ട് ചെയ്യുമ്പം ... ആ കണ്ടത്തീന്ന്‌ ഒരു തവള ഒറ്റച്ചാട്ടം ..... പേടിച്ച് ജിമ്മി ദേ ... ഒറ്റ ഓട്ടം ..."

"ഒരു തവളേ  കണ്ടിട്ടോ ..?"

"എന്റെ പാക്കരാ ... നീ ഈ ചോദിച്ച ആ ഒരു ചോദ്യമാ ഞാനും അവനോടു ചോദിച്ചേ .... അതിന് രാത്രി മുഴുവൻ അവൻ എന്നോട് വഴക്കിട്ടു .."

"ഏഹ്ഹ് ..."

"ആഹ് .. അതവന്റെ ജിമ്മിയ്ക്ക് കൊറച്ചിലല്ലേന്ന് ... ഏതാണ്ടൊരു വാക്ക് ഉം പറഞ്ഞു ... ഇൻസേർട് ... എന്നോ മറ്റോ ..."

"ഇൻസൾട്ട് ന്നെങ്ങാൻ ആരുന്നോ ...?"

"ആഹ് ..അത് തന്നെ ..."

"ആ ജിമ്മി ആണെങ്കി...  പേടിച്ചു വിറച്ച്... ഇന്നലെ രാത്രീല്  മുഴുവൻ മോങ്ങലോട് മോങ്ങൽ ..."

"എന്നിട്ട്..?"

"എന്നിട്ടെന്ത് ..? ഇന്ന് പരപരാ വെളുത്തപ്പം അവര് മൂന്നും കൂടെ ഒറ്റപ്പോക്ക് ..."

"ശോ .... അതൊരു വല്ലാത്ത പോക്കായി പോയല്ലോ കുമാരച്ചാ ... അതും, ഇന്ന് നല്ലോരു സന്തോഷ ദിവസം കൂടി ആയിട്ട് .... "

"എന്നാ പറയാനാ ..? പാക്കരാ ... കാലം പോയ പോക്ക് .."

എന്തിനേറെ പറയണം ?

ചുമ്മാ അവിടെ വിഷമിച്ചിരുന്ന കുമാരച്ചനെ ആശ്വസിപ്പിയ്ക്കാൻ പോയ നമ്മടെ പാക്കരൻ, ദേ താടിയ്ക്കു കയ്യും കൊടുത്ത് ആ വരിയ്ക്കപ്ളാഞ്ചോട്ടിൽ ഒറ്റ ഇരുപ്പാ .... അതും, രണ്ടു കയ്യും കൊടുത്ത് .....!!

ആ ഇരിപ്പൊരു ഒന്നൊന്നര ഇരിപ്പാരുന്നു കേട്ടോ ... അതെങ്ങാനും ആരേലും ഒരു 'റീല്' ആക്കീരുന്നെങ്കിൽ...? കിട്ടിയേനെ ചറപറാ കൊറേ ലൈക്സ്... 

ഇപ്പം എല്ലാരും 'ന്യൂജൻ" ആണ് ബ്രോ ...... അല്ല പിന്നെ .... !!

===========

സ്നേഹപൂർവ്വം 

- ബിനു മോനിപ്പള്ളി

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********




Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]