മനസ്സിലൊരു കാവ്: അത് മാനികാവ് [യാത്രാക്കുറിപ്പ്]

മനസ്സിലൊരു കാവ്: അത് മാനികാവ്

[യാത്രാക്കുറിപ്പ്]

ഇന്നും നമുക്കൊരു യാത്ര പോകാം?

ഇത്തവണ പതിവിലും അല്പം താമസിച്ചാണ് നമ്മൾ തുടങ്ങുന്നത് കേട്ടോ. കാരണം, ആ വയനാടൻ തണുപ്പ്, പ്രത്യേകിച്ചും ആ പുലർകാല തണുപ്പ്, ഇത്തിരി കഠിനമാണ്. 

മാത്രവുമല്ല, ഇന്നത്തെ നമ്മുടെ യാത്രാലക്ഷ്യം, വീട്ടിൽ നിന്നും അത്രയധികം ദൂരത്തുമല്ല. 

കുളി കഴിഞ്ഞെത്തിയ കുട്ടിപ്പട്ടാളം ആദ്യമേ വണ്ടിയിൽ കയറി ഇരിപ്പായി. കാരണം, ഇന്നത്തെ നമ്മുടെ ആ ' ഗൂഗിൾ മാപ്പ്' അവരാണ്. എന്താകുമോ എന്തോ?

ആളും ആരവവും നിറഞ്ഞ ഒരു ഭൂതകാലത്തിന്റെ പൊടിപ്പു പോലും ബാക്കി വയ്ക്കാതെ മാഞ്ഞുപോയ, ആളൊഴിഞ്ഞ ആ പൂതാടി കവലയും കടന്ന്‌, പൂതാടി മഹാദേവക്ഷേത്രത്തിന്റെ മുൻപിലാണിപ്പോൾ നമ്മൾ. വണ്ടിയിൽ ഇരുന്നു തന്നെ പ്രാർത്ഥിച്ചു. കാരണം, ഇന്നലെ നമ്മൾ ഇവിടെ വന്ന് തൊഴുതു മടങ്ങിയതാണ്.

കേണിച്ചിറ ടൗണും കഴിഞ്ഞ്, ബീനാച്ചിയിലേക്കുള്ള വഴിയിലൂടെ നമ്മൾ യാത്ര തുടരുകയാണ്. സൊസൈറ്റി കവലയിൽ നിന്നും വലത്തേക്ക് തിരിഞ്ഞ്,  അല്പദൂരം കൂടി പോയപ്പോൾ ചൂതുപാറ കവലയിലെത്തി. ഇവിടെ വഴി രണ്ടായി പിരിയുന്നു. ഇടത്തെ വഴിയിലൂടെയും, വലത്തെ വഴിയിലൂടെയും നമുക്ക് ഇന്നത്തെ ആ ലക്ഷ്യസ്ഥാനത്തേയ്ക്ക് പോകാം. പതിവിൽ നിന്നും വിപരീതമായി, ഇത്തവണ നമുക്ക് ആ വലത്തേ വഴി തിരഞ്ഞെടുക്കാം. എന്താ?

നനുനനെ ചരിഞ്ഞു പെയ്യുന്ന ആ മഴനൂലുകൾക്കിടയിലൂടെ, നമ്മൾ ഇതാ സ്ഥലത്തെത്തിക്കഴിഞ്ഞു. 

ഈ സ്ഥലം മനസ്സിലായോ? 

അതേ, അതു തന്നെ, 'മാനികാവ് സ്വയംഭൂ: മഹാ ശിവക്ഷേത്രം'. 

ചരിത്രകാരന്മാർ, ആറായിരത്തിലേറെ വർഷങ്ങൾ പഴക്കമാണത്രെ ഈ ക്ഷേത്രത്തിന് കണക്കു കൂട്ടുന്നത്.

സാധാരണയായി ക്ഷേത്രങ്ങൾ ഭൂനിരപ്പിലാവും. അല്ലെങ്കിൽ, ഏറെ പടികൾ കയറിയെത്തത്തക്ക രീതിയിൽ, ഭൂനിരപ്പിനും കുറേ മുകളിൽ. അല്ലേ?

എന്നാൽ, അവിടെ തുടങ്ങുന്നു നമ്മുടെ മാനികാവിന്റെ പ്രത്യേകത. ഇവിടേയ്ക്ക് വരുമ്പോൾ, അത് നടന്നായാലും വാഹനത്തിൽ ആയാലും, നമ്മൾ എത്തി നിൽക്കുക ഏറെ മുകളിൽ ആണ്. അവിടെ നിന്നും, അനേകം ഔഷധസസ്യങ്ങൾ വളർന്നു നിൽക്കുന്ന ആ 'നക്ഷത്രവന'ത്തിലൂടെ മലയിറങ്ങി വേണം അങ്ങു താഴെ ക്ഷേത്രത്തിലെത്താൻ. അത് ചൂതുപാറയിൽ നിന്നും നമ്മൾ ഇടത്തേയ്ക്ക് തിരിഞ്ഞാണ് വരുന്നതെങ്കിൽ.

ഇനി, വലതു തിരിഞ്ഞാണ് വരുന്നതെങ്കിലോ? ഇപ്പോൾ വന്നത് പോലെ. അപ്പോൾ നമ്മൾ വന്മരങ്ങളും, തേക്കിൻകൂട്ടങ്ങളും, കാളിപ്പനകളും, പിന്നെ പടുകൂറ്റൻ മുളംകൂട്ടങ്ങളും ഒക്കെ ഇടകലർന്നു നിൽക്കുന്ന മലയിറങ്ങി വേണം, അങ്ങു താഴെ ക്ഷേത്രത്തിലെത്താൻ.

സാധാരണയായി ഈ അമ്പലമുറ്റത്ത് നമ്മെ എപ്പോഴും സ്വാഗതം ചെയ്യുന്നത്, അനേകം വാനരന്മാർ ചാടിക്കളിയ്ക്കുന്ന ഈ കൂറ്റൻ ആൽമരമാണ്.

പക്ഷേ, ഇത്തവണ എന്നെ ഞെട്ടിച്ചത് മറ്റൊന്നാണ്. 

കഴിഞ്ഞ തവണ വന്നപ്പോൾ, ഞങ്ങൾ കണ്ട ക്ഷേത്രമേയല്,ല ദേ ഇപ്പോൾ മുന്നിൽ. സത്യം. ഒരു സാമ്യവുമില്ല. 

[ഏറെ നാൾ മുൻപ് ഈ ക്ഷേത്രം എങ്ങിനെ ആയിരുന്നുവെന്ന്, ഈ യാത്രാക്കുറിപ്പിന്റെ അവസാനം ഞാൻ പറയാം, കേട്ടോ].

ചെത്തിമിനുക്കിയ ചെങ്കല്ലിൽ, നയനമനോഹരമായ, എന്നാൽ അതിലളിതമായ കൊത്തുപണികൾ ചെയ്ത, വിശാലമായ അകമുറ്റത്തോട് കൂടിയ ഒരു ക്ഷേത്രം. 

മുൻവശത്തേയ്ക്കു നടന്നെത്തുമ്പോൾ, നമ്മൾ ഇറങ്ങി കയറേണ്ട ഒരു കൊച്ചരുവി. 

അതിൽ കാലുകൾ നനച്ചു വേണം നമ്മൾ പടികൾ കയറി, ആ പ്രധാന വാതിലിലൂടെ ക്ഷേത്രത്തിന്റെ അകത്തേയ്ക്കു കയറാൻ.

അവിടെ നമ്മെ സ്വാഗതം ചെയ്യുന്നത്, വലിയൊരു കുളമാണ്. ചെങ്കല്ലിനാൽ തന്നെ അരികുകൾ കെട്ടിയ, ശുദ്ധജലം നിറഞ്ഞ ഒരു കുളം. 


ബലവത്തായ സ്റ്റീൽ പൈപ്പുകൾ കൊണ്ട് കൈവരികൾ തീർത്ത് മനോഹരവും, ഒപ്പം സുരക്ഷിതവും ആക്കിയിരിയ്ക്കുന്നു ആ കുളം. 

അതിനരികിലൂടെ, അൽപ്പം വലത്തേക്ക് തിരിഞ്ഞു വേണം, നമ്മൾ ആ കൊച്ചു ശ്രീകോവിലിനു മുന്പിലേക്കെത്താൻ. 

മതിൽക്കെട്ടിനുള്ളിലാകട്ടെ, അനാവശ്യമായ കോൺക്രീറ്റ് നിർമ്മിതികൾ ഒന്നും തന്നെയില്ല. 

സ്റ്റീൽ അഴികളാൽ മേൽക്കൂരകൾ പോലും സുതാര്യമാക്കിയ, ഉപദേവതാ പ്രതിഷ്ഠകൾ. മതിൽക്കെട്ടിനു തൊട്ടുപുറകിൽ കനത്ത ആ ഹരിതവനം.

താരതമ്യേന തിരക്കു കുറവാണിന്ന്. മഴയായത് കൊണ്ടാകും. ഇപ്പോഴും അതങ്ങിനെ ചാറി നിൽക്കുന്നു.

ഭക്തിപൂർവ്വം ഞങ്ങൾ ശിവഭഗവാനെ തൊഴുതു. പിന്നെ അപൂർണ്ണ പ്രദക്ഷിണം വച്ചു. ശിവക്ഷേത്രങ്ങളിൽ അങ്ങിനെ ആണല്ലോ ചെയ്യേണ്ടത്. 

വഴിപാടുകൾ നടത്തി. തീർത്ഥവും പ്രസാദവും വാങ്ങി. 

പ്രദക്ഷിണം വച്ച് ശ്രീകോവിലിനു പുറകിൽ എത്തുമ്പോൾ, മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത ഒരു പ്രത്യേകത, നമുക്കിവിടെ കാണാം. മതിൽകെട്ടിനും പുറത്തെ ആ കൊടുംകാട്ടിൽ നിന്നും ഒഴുകിയെത്തുന്ന, കൃത്യമായ ഉത്ഭവസ്ഥാനമറിയാത്ത ഒരു കൊച്ചു കാട്ടരുവിയിലെ ജലം, ഉയരത്തിൽ കെട്ടിയ ഒരു ഓവ് വഴി, ശ്രീകോവിലിനകത്തേയ്ക്ക് പോകുന്നു. അവിടെ ആ ജലം പതിയ്ക്കുന്നത് സ്വയംഭൂ: ശിവലിംഗത്തിന് മേലാണ്. 

കടുത്ത വേനലിലും, കൊടും മഴക്കാലത്തും, അതങ്ങിനെ ഒഴുക്കിലോ, അളവിലോ ഒരുവിധ ഏറ്റക്കുറച്ചിലുകളുമില്ലാതെ, തെളിനീർ ചുരത്തിക്കൊണ്ടേയിരിയ്ക്കുന്നു. ആരാലും നിർവ്വചിയ്ക്കാനാവാത്ത, പ്രകൃതിയുടെ ഒരു അത്ഭുതമായി.

ശേഷം, ശ്രീകോവിലിൽ നിന്നും പുറത്തേക്കൊഴുകി, അമ്പലത്തിന്റെ മുന്പിലൂടൊഴുകുന്ന ആ അരുവിയിൽ ചേരുന്നു.

ഇതിനാൽ തന്നെ, ഇവിടെ അഭിഷേകം ചെയ്യുന്ന നെയ്യോ, പാലോ, ഒന്നും നമുക്ക് തിരിച്ചു കിട്ടില്ല. പകരം അതൊക്കെ ഈ അരുവിയിൽ ചേരുകയാണ് ചെയ്യുക. പിന്നെ താഴേയ്ക്കൊഴുകി അവിടുത്തെ ആ നെൽപ്പാടങ്ങളിലേയ്ക്കു പോകും. 

ഉപദേവതമാരെയും തൊഴുത് ഞങ്ങൾ, ഇടതു വശത്തേക്കു നടന്ന്, മതിൽക്കെട്ടിനു പുറത്തെ നാഗത്തറയിലേയ്ക്ക് പോയി. 

ശരിയ്ക്കും ഒരു കൊടുംകാടാണ് അവിടം. ഉഗ്രവിഷസർപ്പങ്ങൾ ധാരാളമുണ്ടത്രെ. മാത്രവുമല്ല ചിലപ്പോഴൊക്കെ അവ ശിവസന്നിധിയിലേയ്ക്കും ഇഴഞ്ഞെത്താറുണ്ടത്രെ. പക്ഷേ, ആരെയും ഉപദ്രവിയ്ക്കാറില്ല.

ഞങ്ങൾ അമ്പലവളപ്പിലേയ്ക്ക് മടങ്ങിയെത്തി. ഒരു വട്ടം കൂടി ദേവനെ തൊഴുതു. പിന്നെ, പതിയെ പുറത്തിറങ്ങി, ആ വഴിപാട് കൗണ്ടറിലേയ്ക്ക് പോയി. പായസം വാങ്ങിയ്ക്കണ്ടേ? പായസം എന്ന് കേട്ടതും, നമ്മുടെ കുട്ടിപ്പട്ടാളം ഒന്ന് ഉഷാറായി.

ഈ സമയമൊക്കെ നിരവധി വാനരന്മാർ ആ അമ്പല മതിലുകളിൽ റോന്തു ചുറ്റുന്നുണ്ടായിരുന്നു. ഇടയ്ക്ക് ചില ഭക്തർ തേങ്ങ ഉടയ്ക്കുമ്പോൾ തെറിയ്ക്കുന്ന ആ നാളികേരപ്പൂളുകളിൽ കണ്ണുവച്ച്. 

ഐതിഹ്യം: 

വളരെ പണ്ട്, കൊടുംകാടായിരുന്ന ഈ പ്രദേശങ്ങളിൽ, കാലിമേയ്ക്കാനായി കുറുമ, പണിയ സമുദായങ്ങളിൽപ്പെട്ട ആളുകൾ പതിവായി എത്തിയിരുന്നുവത്രേ. കൂട്ടത്തിലെ ഒരു പശു സ്ഥിരമായി ഉൾക്കാട്ടിലേയ്ക്ക് കയറി പോകുന്നത് അവർ ശ്രദ്ധിച്ചു. മാത്രവുമല്ല, തിരികെയെത്തുമ്പോൾ ആ പശുവിന്റെ അകിട് ഒഴിഞ്ഞതായും കണ്ടു. ഇത് പതിവായപ്പോൾ ഒരു ദിവസം അവർ ആ പശുവിനെ പിന്തുടർന്നുവത്രേ. അവിടെ അവർ കണ്ടത് ഒരു അത്ഭുത കാഴ്ചയായിരുന്നു. 

ആ കൊടുംകാട്ടിൽ അതാ ഒരു സ്വയംഭൂ:ലിംഗം. അതിലേയ്ക്ക് പാൽ ചുരത്തുന്ന തങ്ങളുടെ പശു. അത്ഭുതപരതന്ത്രരായ അവർ, വേഗം കിട്ടാവുന്ന ചില കാട്ടുപഴങ്ങൾ പറിച്ച് ഭഗവാന് അർപ്പിച്ചുവത്രെ. പിന്നെ, ഇത് കേട്ടറിഞ്ഞ മറ്റു പലരും, ഭഗവാനെ കാണുവാനും, പ്രാർത്ഥിയ്ക്കുവാനുമായി ആ കൊടുംകാട്ടിൽ എത്തിയത്രെ.

മാത്രവുമല്ല, ആ കൊടുംകാട്ടിൽ എവിടെയോ ഉറവയെടുത്ത ഒരു കൊച്ചരുവിയിലെ ജലം, ആ  സ്വയംഭൂ:ലിംഗത്തിനുമേൽ ധാരയായി വർഷിച്ചു കൊണ്ടേയിരുന്നുവത്രേ. ഇതിനെക്കുറിച്ചും ഒരു വാമൊഴി ഐതിഹ്യം പ്രചാരത്തിലുണ്ട്. അതിപ്രകാരമാണ്.

ഒരിയ്ക്കൽ ഈ പ്രദേശത്തുണ്ടായ വൻ കാട്ടുതീയിൽ, തെരുവപ്പുല്ലുകളും, മാനിപ്പുല്ലുകളും അപ്പാടെ കത്തുകയും, തന്മൂലം ആ ചൂട് അസഹനീയമായ തരത്തിൽ ആ സ്വയംഭൂ:ലിംഗത്തിലേക്കെത്തുകയും ചെയ്തുവത്രെ. അപ്പോൾ, സാക്ഷാൽ മഹാദേവന്റെ മുടിക്കെട്ടിൽ നിന്നും ഗംഗാദേവി ഇവിടേയ്ക്ക് പ്രവഹിയ്ക്കുകയും, അങ്ങിനെ ആ ചൂടിനെ ശമിപ്പിയ്ക്കുകയും ചെയ്തു. അതിന്നും അനസ്യൂതം തുടരുകയും ചെയ്യുന്നുവത്രേ. 

അതിനും പുറമേ, കൊടുംകാട്ടിനുള്ളിലെ അനേകം ഔഷധസസ്യ വേരുകളെ തഴുകിയെത്തുന്ന ഈ വെള്ളത്തിന്, അപാരമായ ഔഷധഗുണവുമുണ്ടത്രെ.

ഐതിഹ്യങ്ങൾ എന്തായാലും ശരി, ഒരു വശത്ത് നക്ഷത്രവനവും, മറുവശത്ത് മുളംകാടുകളും, പുറകിൽ കൊടുംകാടും, മുൻപിൽ വിശാലമായ വയലേലയും കാവൽ നിൽക്കുന്ന, ഈ കാനന ക്ഷേത്രത്തിൽ തൊഴുതിറങ്ങുമ്പോൾ, ശരിയ്ക്കും ഒരു അനുഭൂതിയാണ്, ഒരു കുളിർമ്മയാണ്; അത് നമ്മുടെ മനസ്സിന് മാത്രമല്ല ശരീരത്തിനും.

ആഹ് .. നമ്മൾ ഒരു കാര്യം മറന്നു. ഈ ക്ഷേത്രത്തിന്റെ, ഏറെ മുൻപുള്ള അവസ്ഥ എന്താണെന്ന് ഞാൻ പറയാം എന്ന് തുടക്കത്തിൽ പറഞ്ഞിരുന്നു. 

അത് ശരിയ്ക്കും ഇതാ ഈ ചിത്രം നിങ്ങൾക്ക് കാണിച്ചു തരും.

ഒരു പ്രത്യേകരീതിയിൽ കീറിയെടുത്ത പാറക്കല്ലുകൾ, കഴിയുന്നത്ര അടുക്കിച്ചേർത്ത് പണിത ഒരു ശ്രീകോവിൽ. പിന്നെ, നന്നായി ഉറപ്പിയ്ക്കാനാവാത്ത ഒരു ചെമ്പുപാളികൊണ്ട് പേരിനൊരു മേൽക്കൂര. ഇടത്തും, വലത്തുമായി മേൽക്കൂരകളോ, ചുമരുകളോ ഇല്ലാതെ കാറ്റും മഴയുമേറ്റ് ഉപദേവതമാർ. പാറക്കല്ലുകൾക്കിടയിൽ അവിടിവിടെയായി മുളച്ചു നിൽക്കുന്ന കുറെയേറെ കാട്ടുചെടികൾ. 

ഇതായിരുന്നു ഏതാണ്ട് മുപ്പത് വർഷങ്ങൾക്കു മുൻപ്, ഞാൻ ആദ്യമായി തൊഴാൻ എത്തുമ്പോൾ ഇവിടെ കണ്ട ക്ഷേത്രം. പക്ഷെ, അന്നും ആ ഉൾക്കാട്ടിൽ നിന്നും ഒരു നീളൻ മുളംകുഴൽ വഴി, ആ കാട്ടരുവിയിലെ ജലം പ്രതിഷ്ഠയിൽ അനസ്യൂതം പതിച്ചിരുന്നു. പിന്നെ അത് ഒരു കുഞ്ഞുതോടായി പുറത്തേക്കൊഴുകിയിരുന്നു.

പിന്നെയും കുറച്ചു കൂടിക്കഴിഞ്ഞപ്പോൾ, ക്ഷേത്രം ഇത്തരത്തിൽ ഒന്ന് പുതുക്കിപ്പണിതു.

അതിനും ശേഷമാണ്, ഇന്ന് നമ്മൾ കാണുന്ന തരത്തിൽ ക്ഷേത്രത്തെ ഇത്ര വിപുലമായി നവീകരിച്ചത്.

എപ്പോഴെങ്കിലും നിങ്ങൾ വയനാട് കാണാൻ എത്തുന്നുവെങ്കിൽ, തീർച്ചയായും ഈ ക്ഷേത്രത്തിൽ എത്തണം കേട്ടോ. അതൊരു വേറിട്ട അനുഭവം തന്നെയായിരിയ്ക്കും. തീർച്ച.

"മനസ്സിലൊരു കാവ്: അത് മാനികാവ്" എന്ന ഈ കൊച്ചു യാത്രാക്കുറിപ്പ് നിങ്ങൾക്കും ഇഷ്ടമായി എന്ന് കരുതട്ടെ....

=================

സ്നേഹപൂർവ്വം 

ബിനു മോനിപ്പള്ളി 

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

പിൻകുറിപ്പ്: നിറഞ്ഞ മനസ്സോടെയായിരുന്നു ഞങ്ങൾ തൊഴുത് മടങ്ങിയത്. മുനിഞ്ഞു പെയ്യുന്ന ആ വയനാടൻ മഴച്ചാറ്റലിലൂടെ. പക്ഷേ, മനസ്സിനുള്ളിൽ എവിടെയോ ഒരു ചെറുനോവ് അപ്പോഴും ഉണ്ടായിരുന്നുവോ? അത് മറ്റൊന്നും കൊണ്ടാവാൻ തരമില്ല; സൗകര്യങ്ങൾ ഏറെ കൂടിയെങ്കിലും, ഇപ്പോൾ മനോഹാരിത പറഞ്ഞറിയിക്കാൻ പറ്റാത്തത്രയുണ്ട് എങ്കിലും, തമ്മിൽ ചേരാൻ മടിയ്ക്കുന്ന പാറക്കല്ലുകളിൽ തീർത്ത, നനയുന്ന മേൽക്കൂരയുള്ള ആ പഴയ കാനനക്ഷേത്രം, അതിന്നും മനസ്സിൽ അങ്ങിനെ മായാതെ നിൽക്കുന്നത് കൊണ്ടാകാം....!!        

ഐതിഹ്യ/പുരാണങ്ങൾക്ക് കടപ്പാട്: വാമൊഴി കഥകൾ, പഞ്ചാക്ഷരി സ്മരണിക








     



 

   


Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]