അയ്യപ്പനും അർത്തുങ്കൽ പള്ളിയും തമ്മിൽ ....!!
അയ്യപ്പനും അർത്തുങ്കൽ പള്ളിയും തമ്മിൽ ....
[ അയ്യപ്പ വിശേഷങ്ങൾ -II ]
സ്വാമി ശരണം.
അയ്യപ്പനും *അർത്തുങ്കൽ പള്ളിയും തമ്മിൽ എന്തെങ്കിലും ബന്ധം ഉള്ളതായി നിങ്ങൾക്കറിയാമോ? അല്ലെങ്കിൽ, അങ്ങനെയെന്തെങ്കിലും കേട്ടിട്ടുണ്ടോ?
ശബരിമലയ്ക്കു പോയി ദർശനസൗഭാഗ്യം നേടി മടങ്ങവേ, 41 ദിവസങ്ങൾ നീണ്ട ആ വ്രതാനുഷണത്തിന്റെ അവസാനം കുറിച്ച്, ഭക്തിപൂർവ്വം തങ്ങളുടെ ആ മാല ഊരാൻ പല ഭക്തരും, അർത്തുങ്കൽ പള്ളിയിൽ എത്താറുണ്ട്, എന്നതറിയാമോ?
സത്യം പറയട്ടെ.
ഈ അടുത്ത് വരെ, എനിയ്ക്കും ഇക്കാര്യം തീർത്തും അറിയില്ലായിരുന്നു. അറിഞ്ഞപ്പോൾ, ആ ഐതിഹ്യം ആഴത്തിൽ ഒന്ന് പരതാൻ തന്നെ തീരുമാനിച്ചു.
അങ്ങിനെ കിട്ടിയ ചില വിവരങ്ങളാണ്, നമ്മൾ ഇന്നിവിടെ പങ്കുവയ്ക്കുന്നത്.
പന്തളം കൊട്ടാരത്തിൽ, ഒരു രാജകുമാരനായി കളിച്ചു വളർന്ന മണികണ്‌ഠൻ എന്ന അയ്യപ്പൻ, കളരിയഭ്യാസം പഠിയ്ക്കാൻ തീരുമാനിച്ചു.
ആ അന്വേഷണത്തിലാണ്, ആലപ്പുഴയ്ക്കടുത്ത് മുഹമ്മയിൽ ഉള്ള, ചീരപ്പൻചിറ പണിക്കർ എന്ന അതിപ്രഗത്ഭനായ ഒരു കളരിഗുരുവിനെ കുറിച്ച് അറിയുന്നത്. മുഹമ്മയിലെ ഏറെ പ്രശസ്തമായ ഒരു ഈഴവ തറവാടായിരുന്നു ഈ ചീരപ്പൻചിറ.
ഏറെ ആഗ്രഹത്തോടെ അവിടെയെത്തിയ നമ്മുടെ അയ്യപ്പനു പക്ഷെ, തീർത്തും നിരാശനാകേണ്ടിവന്നു. കാരണം, അന്നത്തെ ഗുരുക്കൾ, സ്വന്തം രാജ്യത്തെ യുവാക്കളെ മാത്രമേ അവിടെ കളരി അഭ്യസിപ്പിയ്ക്കുമായിരുന്നുള്ളു. അതിന് മറ്റൊന്നുമായിരുന്നില്ല കാരണം; ആ കളരിയിലെ മിടുക്കരായ അഭ്യാസികളെ ആയിരുന്നു ആ രാജ്യത്തെ രാജാവ്, സ്വന്തം സേനയിലെ പടയാളികളായി നിയമിച്ചിരുന്നത്.
എന്നാൽ, അയ്യപ്പൻ അങ്ങിനെയങ്ങ് തോറ്റു പിന്മാറാൻ ഒരുക്കമായിരുന്നില്ല. കളരി പ്രവേശനത്തിന് മറ്റുവഴികൾ തേടാൻ തന്നെ അദ്ദേഹം തീരുമാനിച്ചു.
അക്കാലത്ത് അർത്തുങ്കൽ പള്ളിയിലെ പുരോഹിതനായിരുന്ന ഫാ. ജാകോമോ ഫെനോഷ്യനെ അദ്ദേഹം പരിചയപ്പെട്ടു.
വിദേശിയായിരുന്ന ഈ പുരോഹിതൻ 'വെളുത്തച്ചൻ' എന്ന പേരിലാണ് പൊതുവെ നാട്ടിൽ
അറിയപ്പെട്ടിരുന്നത്. സഹൃദയനും, ഹൈന്ദവപുരാണങ്ങളെക്കുറിച്ചു പോലും ആഴത്തിൽ
അറിവുള്ളവനും ആയിരുന്ന, വെളുത്തച്ചനും, അയ്യപ്പനും, വളരെ ചുരുങ്ങിയ
നാളുകൾക്കുള്ളിൽത്തന്നെ ഉറ്റസുഹൃത്തുക്കളായി.
വെളുത്തച്ചനാകട്ടെ, ഒരു ദേശപ്രമാണി കൂടിയായിരുന്ന നമ്മുടെ ചീരപ്പൻചിറ പണിക്കരുടെ അടുത്ത ചങ്ങാതിയും.
അയ്യപ്പൻ ചീരപ്പൻചിറയിൽ കളരി അഭ്യസിയ്ക്കാനുള്ള തന്റെ ആഗ്രഹം വെളുത്തച്ചനെ അറിയിയ്ക്കുകയും, അദ്ദേഹം അക്കാര്യം പണിക്കരെക്കൊണ്ട് സമ്മതിപ്പിയ്ക്കുകയും ചെയ്തുവത്രേ.
അങ്ങിനെ, ചീരപ്പൻചിറ തറവാട്ടിൽ താമസിച്ചുകൊണ്ടാണ് അയ്യപ്പൻ തന്റെ കളരി അഭ്യാസം പൂർത്തിയാക്കിയത്.
ഇപ്പോഴും, അയ്യപ്പൻ അന്ന് താമസിച്ചിരുന്ന തറവാട്ടിലെ ആ പുര, 'സ്വാമി മഠം' എന്ന പേരിൽ അവിടെ ഉണ്ടത്രേ. ഒപ്പം, അയ്യപ്പൻ തന്റെ കളരിഗുരുവായ കാരണവർക്ക് നൽകിയിട്ടു പോയ സ്വന്തം ഉടവാളും, അരക്കച്ചയും.
അയ്യപ്പനും, വെളുത്തച്ചനും തമ്മിൽ ഉണ്ടായിരുന്ന ആ ഗാഢസൗഹൃദം കാരണമാകാം, അനേകം അയ്യപ്പഭക്തർ ശബരിമലയിൽ നിന്നുള്ള ആ മടക്കയാത്രയിൽ, ഇന്നും വെളുത്തച്ചന്റെ ഓർമ്മകൾ നിറയുന്ന അർത്തുങ്കലിലെ വിശുദ്ധ സെബസ്ത്യാനോസ് പള്ളിയിൽ എത്തുന്നത്.
നിങ്ങൾ ഒന്നോർത്തു നോക്കൂ.
വിശാലമായ മതസൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണമല്ലേ, ഈ ശബരിമല യാത്ര നമുക്ക് മുന്നിൽ തുറന്നു വയ്ക്കുന്നത്?
ഒരു ഭക്തൻ മാലയിട്ട്, കഠിന വ്രതാനുഷ്ഠാനങ്ങളോടെ, കറുപ്പുമുടുത്ത്, അയ്യപ്പനെക്കാണാൻ ശബരിമലയിലേയ്ക്ക് പോകുന്നു. ആ വഴിമദ്ധ്യേ, വാവരുസ്വാമിയെക്കാണാൻ, പേട്ടതുള്ളിയെത്തുന്ന അവർ എരുമേലി മുസ്ലിംപള്ളിയിൽ കയറുന്നു.
മുസ്ലിം മതവിശ്വാസികൾ തങ്ങളുടെ ആ ആരാധനാലയത്തിനുള്ളിൽ നിസ്കരിയ്ക്കവേ, ഇവർ ശരണമന്ത്രങ്ങളോടെ അവിടെ വലംവയ്ക്കുന്നു. പിന്നെ, അയ്യനെക്കാണാൻ മലയിലേയ്ക്ക് പോകുന്നു.
അയ്യപ്പനെ കൺകുളിർക്കെ കണ്ട നിർവൃതിയിൽ, സ്വന്തം വീടുകളിലേയ്ക്കു മടങ്ങും വഴി, അവർ അർത്തുങ്കൽ പള്ളിയിൽ കയറുന്നു. അൾത്താര പ്രാർത്ഥനകൾ മുഴങ്ങുന്ന അവിടെ, വിശുദ്ധ സെബസ്ത്യാനോസിന്റെ മുൻപിൽ പ്രാർത്ഥിച്ച്, നാവിൽ ശരണമന്ത്രങ്ങൾ ഉരുവിട്ട്, തങ്ങളുടെ വ്രതാനുഷ്ഠാനത്തിന് അവസാനം കുറിച്ച് കൊണ്ട്, കഴുത്തിലെ മാല ഊരുന്നു. പിന്നെ, അതേ പള്ളിയങ്കണത്തിൽ തന്നെയുള്ള ആ കുളത്തിൽ കുളിച്ചു കയറുന്നു.
നമ്മുടെ നാടിന്റെ ഉദാത്തമായ ആ മതസൗഹാർദ്ദ പാരമ്പര്യത്തിന്, ഇതിലേറെ എന്ത് ഉദാഹരണം വേണം?
പക്ഷേ, ഒരു സംശയം മാത്രം. നമ്മൾ ഇതൊക്കെ വേണ്ട രീതിയിൽ വിശാലമായി കാണുന്നുണ്ടോ? അറിയുന്നുണ്ടോ? ഉൾക്കൊള്ളുന്നുണ്ടോ?
അതോ? ചില അഥവാ ചിലരുടെ നിക്ഷിപ്‌ത താല്പര്യങ്ങളുടെ പേരിൽ, ഈ ജനതയെ തമ്മിൽത്തല്ലിച്ച് ഭിന്നിപ്പിയ്ക്കുവാൻ, അറിഞ്ഞോ അറിയാതെയോ ശ്രമിയ്ക്കുന്നുണ്ടോ?
ആലോചിയ്ക്കേണ്ടവർ നമ്മളാണ്. അതിനനുസരിച്ചു പ്രവർത്തിയ്ക്കേണ്ടവരും, നമ്മൾ മാത്രമാണ്.
നമ്മുടെ പൂർവികർ, ആ മഹദ്‌കാര്യങ്ങൾ നമുക്ക് ഇതേപോലെ കാണിച്ചു തന്നിട്ടുണ്ട്. അതുതന്നെയാണ്, അതിസമ്പന്നമായ നമ്മുടെ ആ 'ഐതിഹ്യ'ങ്ങളുടെ പ്രാധാന്യവും. അല്ലാതെ, അവ വെറും കെട്ടുകഥൾ മാത്രമല്ല.
ഓർക്കുക... പിന്നെ, ഓർമ്മവയ്ക്കുക.
കൂടുതൽ അയ്യപ്പ വിശേഷങ്ങളുമായി വീണ്ടും കാണാം.
=================
സ്നേഹപൂർവ്വം
ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
********
പിൻകുറിപ്പുകൾ:[*ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ, അർത്തുങ്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന, പോർച്ചുഗീസുകാർ പണിത പുരാതനമായ ഒരു ക്രൈസ്തവ ദേവാലയമാണ് 'അർത്തുങ്കൽ പള്ളി' എന്നറിയപ്പെടുന്ന സെന്റ് ആൻഡ്രൂസ് ബസിലിക്ക . ഇത് വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിലുള്ള, കേരളത്തിലെ ഒരു പ്രമുഖ തീർഥാടനകേന്ദ്രവുമാണ്. ശബരിമല ദർശനം കഴിഞ്ഞെത്തുന്ന ഈ ഭാഗത്തുള്ള അയ്യപ്പഭക്തർ, അർത്തുങ്കൽ പള്ളിയിൽ, വെളുത്തച്ചന്റെ സവിധത്തിലെത്തിലെത്തി നേർച്ചകൾ സമർപ്പിച്ച് മാലയൂരുന്ന ഒരു പതിവും ഉണ്ട്.]
[ചീരപ്പൻചിറ തറവാട്ടുകാർ പണിത മുഹമ്മ മുക്കാൽവെട്ടം അയ്യപ്പക്ഷേത്രത്തിൽ, ശബരിമല വരെ യാത്ര ചെയ്യാനാകാത്ത അനേകം ഭക്തരത്രെ ഇപ്പോഴും ദർശനത്തിനെത്തുന്നത്]
[ ഈ ലേഖനം പ്രസിദ്ധീകരിച്ചപ്പോൾ, ചില വായനക്കാർ അയ്യപ്പനും വെളുത്തച്ചനും തമ്മിൽ ബന്ധമില്ല ,കാരണം അവർ ജീവിച്ചിരുന്നത് വ്യത്യസ്ത കാലങ്ങളിൽ ആയിരുന്നു എന്ന് അഭിപ്രായപ്പെട്ടിരുന്നു. നമ്മുടെ പല ഐതിഹ്യങ്ങൾക്കും വാമൊഴികഥകൾക്കും ആധികാരികമായ രേഖകൾ ഇല്ല എന്നത് കൊണ്ടും, അവയിൽ പലതിന്റെയും കാലഘട്ടം അത്രയധികം വ്യക്തമല്ല എന്നത് കൊണ്ടും, ഇന്ന് അതുമായി കേട്ടറിവെങ്കിലുമുള്ള പലരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഈ ലേഖനം. മാത്രവുമല്ല പല കാലഘട്ടത്തിൽ വന്നിട്ടുള്ള പഠനങ്ങളും പത്രലേഖനങ്ങളും പലതരത്തിൽ ആയിരുന്നു. [ഉദാ: ഡിസം-10-2020 ലെ മനോരമ പത്രം മറ്റൊരു തരത്തിൽ ആണ് ഇത് പറയുന്നത്. അതും ആ നാട്ടിലെ വിശ്വാസം എന്ന രീതിയിൽ. ആ ലേഖന പ്രകാരം, അയ്യപ്പനും വി. സെബാസ്ത്യനോസും അടുത്ത സൗഹൃദത്തിൽ ആയിരുന്നുവെന്നും വിശ്വാസികൾ അവരെ സഹോദരന്മാരായി കണ്ടിരുന്നു എന്നുമാണ്].







👌👌😍😍👍👍
ReplyDelete