ഈന്തോ? ദ്...എന്ത്ട്ട് കുന്താണ്?
ഈന്തോ? ദ്...എന്ത്ട്ട് കുന്താണ്?
"ബിനുവേ ... ഒരു സ്‌പെഷ്യൽ സാധനം അയച്ചിട്ടുണ്ട് ...നോക്കണേ ..."
ഓഫീസിലെ തിരക്കേറിയ ഒരു ദിനം കൂടി അവസാനിപ്പിച്ച്, ഇനിയിത്തിരി നടന്നേക്കാം എന്നും കരുതി, ഞാൻ അൽപ്പം ധൃതിയിൽ ഇറങ്ങാൻ തുടങ്ങവേ, കുറിച്ചിത്താനംകാരനായ സുഹൃത്ത് ഓർമ്മിപ്പിച്ചു.
അതെന്താവും?
ആള് നാട്ടിൽ പോയിട്ട് ഇന്ന് രാവിലെ എത്തിയതേ ഉള്ളൂ.
അപ്പോൾ ... എന്തെങ്കിലും നാട്ടുകാഴ്ചകൾ ആവും.
കാരണം, ആൾക്ക് നന്നായറിയാം എനിയ്ക്ക് ഗ്രാമക്കാഴ്ചകൾ അത്രയേറെ ഇഷ്ടമാണ് എന്ന്.
എന്തായാലും നടപ്പ് കഴിഞ്ഞാവാം അത് നോക്കുന്നത്. അല്ലെങ്കിൽ, ഇന്നത്തെ നടപ്പ് ചിലപ്പോൾ മുടങ്ങും.
അങ്ങിനെ, പതിവ് നടത്തവും കഴിഞ്ഞ്, ആകാശനീലിമയിലെ ചന്ദ്രനു താഴെ, ആ കുളക്കരയിലെ ചാരുബെഞ്ചിൽ ഇരുന്ന് ദേഹത്തെ വിയർപ്പാറ്റവേ, ഒട്ട് ആകാംക്ഷയോടെ വാട്സാപ്പ് തുറന്നു.
പ്രതീക്ഷ തെറ്റിയില്ല.
കുറിച്ചിത്താനത്തെ ആ താന്നിയ്ക്കൽ വീട്ടുപറമ്പിൽ, അങ്ങ് വടക്കേ ചരിവിൽ തലയുയർത്തി നിൽക്കുന്ന ഒരു ഈന്ത് മരത്തിന്റെ നല്ല മൊഞ്ചുള്ള പടം.
ഒരു പക്ഷേ, നഗരവാസികൾ കണ്ടിട്ട് പോലുമുണ്ടാകില്ല ഈ മരം.
നാട്ടിൽ, മോനിപ്പള്ളിയിലെ തറവാട്ട് പറമ്പിലും ഒരു ഈന്തുമരമുണ്ട്. നല്ല ഉയരത്തിൽ വളർന്ന ഒരെണ്ണം. ആ ഈന്ത് മുത്തശ്ശിയുടെ പ്രായം എത്രയുണ്ട് എന്നറിയുമോ നിങ്ങൾക്ക്? കൃത്യമായി ആർക്കും അറിയില്ലെങ്കിലും, എൺപതിൽ കുറയില്ലത്രേ.
അത് മാത്രമല്ല, ഒരു പ്രത്യേകതയും അതിനുണ്ട്.
സാധാരണ ഈന്ത് മരം ശിഖരങ്ങളില്ലാത്തതാണ്. പനയൊക്കെ പോലെ ഒറ്റത്തടി. എന്നാൽ ഈ ഈന്തിന് ഒരേപോലുള്ള രണ്ടു ശിഖരങ്ങൾ ഉണ്ടായിരുന്നു. രണ്ടിലും നിറയെ കായ്ക്കുകയും ചെയ്യുമായിരുന്നു.
പക്ഷേ, ഏതാനും വർഷങ്ങൾക്കു മുൻപ്, അടുത്തു നിന്ന ഒരു മരം വെട്ടിയ 'വിദഗ്ധനായ' ഒരു മരം വെട്ടുകാരൻ, കിറുകൃത്യമായി ഈ ഈന്തിന്റെ മുകളിൽ തന്നെ ആ മരത്തെ വീഴ്ത്തി. അങ്ങിനെ, പാവത്തിന്റെ ഒരു ശിഖരം നഷ്ടമാകുകയും ചെയ്തു.
ദുഃഖിതയായ നമ്മുടെ മുത്തശ്ശി, അതോടെ കായ്ക്കലും നിർത്തി.
കവുങ്ങിലെ (കമുകുമരത്തിലെ) പഴുക്ക പോലെ തോന്നും, ഒറ്റനോട്ടത്തിൽ ഈന്തങ്ങ കണ്ടാൽ.
പച്ചനിറത്തിൽ, കുലകുത്തി അതങ്ങിനെ കായ്ച്ചു കിടക്കുന്നത് കാണാൻ, എന്ത് ഭംഗിയാണെന്നോ?
കായ്കൾ മൂത്തുപഴുത്താൽ, നല്ല മഞ്ഞ നിറത്തിലാകും.
സ്‌കൂൾ അവധിക്കാലത്ത്, ഞങ്ങൾ കുട്ടികൾ ഏറെ തിരഞ്ഞു നടക്കുന്ന ഒരു മരമാണ് ഈന്ത്.
അത് പക്ഷേ, ഈ കായ പറിയ്ക്കാനല്ല കേട്ടോ.
മറിച്ച്, കായ്ക്കാത്ത ആൺ ഈന്തിനെയാണ്, അല്ലെങ്കിൽ വളർച്ച മുരടിച്ച പെൺ ഈന്തിനെയാണ്, ഞങ്ങൾ തിരയാറുള്ളത്.
എന്തിനാണെണോ?
ആ തടി ഏതാണ്ട് അഞ്ചോ ആറോ ഇഞ്ച് വീതിയിൽ വട്ടം മുറിച്ചെടുക്കും. പിന്നെ അതിനു നടുവിലെ ഉറച്ച ആ കാമ്പിലൂടെ, ഒരു ഉരുളൻ മരക്കോൽ കയറ്റി വലിയൊരു ദ്വാരമുണ്ടാക്കും.
അങ്ങിനെയുള്ള നാല് ഈന്തിൻചക്രങ്ങൾ തയ്യാറാക്കും.
പിന്നെ കുറച്ചു കാട്ടുകമ്പുകളും, ഒരു പലക കിട്ടിയാൽ അതും, ഒക്കെ ചേർത്ത്, ഞങ്ങൾ ഒരു നാലുചക്രവണ്ടി ഉണ്ടാക്കും.
മൂന്നോ നാലോ കുട്ടികൾക്ക്, സുഖമായി ചമ്രംപടിഞ്ഞ് ഇരിയ്ക്കാവുന്നത്ര വലുപ്പത്തിൽ.
കെട്ടി വലിയ്ക്കാൻ ഒരു കയർ കൂടി ഒപ്പിച്ചാൽ, വണ്ടി തയ്യാർ. ഇനി അഥവാ കയർ കിട്ടിയില്ലെങ്കിലോ?
അപ്പോൾ ഞങ്ങൾ 'ഞരള'യുടെ, ബലമുള്ള ആ കാട്ടുവള്ളി വെട്ടിയെടുക്കും. അതുമില്ലെങ്കിൽ, 'പുല്ലാന്നി'യുടെ വള്ളിപോലുള്ള തണ്ടുകൾ മുറിച്ചെടുത്ത് കൂട്ടിപ്പിരിയ്ക്കും.
ഞങ്ങളെ അങ്ങിനെയങ്ങ് തോല്പിയ്ക്കാൻ ആവില്ല തന്നെ.
പിന്നീട്, മിക്കവാറും ആ വേനലവധി മുഴുവൻ ഈ വണ്ടിയാകും താരം. നമ്മുടെയാ 'താമരാക്ഷൻ പിള്ള'യെ പോലെ.
കുറേയധികം കുട്ടികളാവും ഒരു വണ്ടിയുടെ ഉടമകൾ. അതിനാൽത്തന്നെ, ഓരോരുത്തരും തങ്ങളുടെ 'ഓട്ടം' കഴിയുമ്പോൾ, വണ്ടിയെ ഭദ്രമായി നേരത്തെ തീരുമാനിച്ച ഒരു മരത്തണലിൽ, പാർക്ക് ചെയ്തിട്ടുണ്ടാകും.
അടുത്ത കൂട്ടർ എത്തിയാൽ, അവർ വണ്ടിയെടുക്കും. അങ്ങിനെ, പകൽ മുഴുവനും നമ്മുടെ 'ഈന്തുംവണ്ടി' ഓട്ടത്തോട് ഓട്ടത്തിലാവും.
ഹോ ... അന്ന് ഊബർ ഇല്ലാത്തത് ഭാഗ്യം.
റബ്ബർ തോട്ടങ്ങളിലെ നടവഴികളിലൂടെ, തെങ്ങിൻതോപ്പുകളിലെ ഇടവഴികളിലൂടെ, ആ വണ്ടിയിൽ നിറയെ കുട്ടികളെയും കയറ്റി, ഞങ്ങൾ അങ്ങിനെ ആർത്തു പായും.
ചേട്ടന്മാർ വണ്ടിവലിയ്ക്കാനെത്തുമ്പോൾ, ഞങ്ങൾ കുട്ടികളാവും.
പിന്നെ, ഒരു പറമ്പിൽ നിന്നും താഴേപ്പറമ്പിലേയ്ക്ക് ഞങ്ങളുണ്ടാക്കിയ ആ കുത്തിറക്കവഴികളൂടെ, ഹെയർപിൻ വളവുകളിലൂടെ, ആ ബ്രേക്കില്ലാവണ്ടി കുതിച്ചു പായും.
ചിലപ്പോഴൊക്കെ ആ വണ്ടി തലകുത്തനെ മറിയും. യാത്രക്കാരുടെ കൈകാൽ മുട്ടുകളിൽ ഇത്തിരി ചോരയും പൊടിയും. കമ്യൂണിസ്റ് പച്ചയുടെ ചാറിൽ, അതങ്ങു കരിഞ്ഞോളും.
അങ്ങിനെയൊരു അവധിക്കാലത്ത്, ഒരു 'വണ്ടിയപകടത്തിൽ' ഞങ്ങളിൽ ചിലർക്ക് 'ഇച്ചിരി സീരിയസ്' ആയ ചില പരിക്കുകൾ പറ്റിയപ്പോൾ, കരച്ചിൽ കേട്ട് ഓടിക്കൂടിയ 'അക്രമാസക്തരായ' ചില മാതാപിതാക്കൾ, ഒരു ദയയുമില്ലാതെ ഞങ്ങളുടെ ആ ഈന്തുവണ്ടിയെ, അറഞ്ചം പുറഞ്ചം വെട്ടിക്കീറിക്കളഞ്ഞു.
അന്നവർ അത് ചെയ്തില്ലായിരുന്നുവെങ്കിൽ, ഒരു പക്ഷേ ഞങ്ങളുടെ ആ ഈന്തുംവണ്ടി ആയേനെ, ആദ്യത്തെ 'മെയ്ക്ക് ഇൻ ഇന്ത്യ' വാഹനം.
'ഈന്ത് സഫാരി'യും, 'ഈന്ത് പഞ്ചും' പിന്നെ 'ഈന്ത് XUV700'ഉം ഒക്കെ, ഇന്ന് നമ്മുടെ നിരത്തുകളിൽ തലങ്ങും വിലങ്ങും പാഞ്ഞേനെ.
എല്ലാം തകർത്ത് കളഞ്ഞില്ലേ..?
ഹും ... വണ്ടിപ്പണിയറിയാത്ത കാർന്നോമ്മാര് .... അല്ല പിന്നെ .. !
ഓർക്കുമ്പം ഇപ്പഴും ദേഷ്യം വരണ്.... (തള്ളേ ..കലിപ്പ് തീരണില്ലന്ന് ...).
അല്ല ...അവരെ പറഞ്ഞിട്ടും കാര്യമില്ല... അവരീ പോളിടെക്‌നിക് ഒന്നും പഠിച്ചിട്ടില്ലല്ലോ ... അതോണ്ട് അവർക്ക് യന്ത്രങ്ങളുടെ പ്രവർത്തനോം അറീല്ല ...
ആഹ്... പോട്ടേന്ന് ..പാവങ്ങൾ.
അയ്യോ .. ഓർമ്മയുടെ കുട്ടിനിക്കറുമിട്ട് ആ ഈന്തുവണ്ടിയുടെ പുറകെ പോയപ്പോൾ, നമ്മൾ പറഞ്ഞു വന്ന ആ കാര്യം മറന്നു.
നല്ല മഞ്ഞ നിറമാർന്ന, മൂപ്പെത്തിയ കായ്കൾ മരത്തിൽ നിന്നും കുലയോടെ വെട്ടിയെടുക്കും.
വവ്വാലുകൾ കുറെയേറെ കായ്കൾ ഇതിനകം ശാപ്പിട്ടിട്ടുണ്ടാകും. പക്ഷേ, അവർക്ക് കായ്കളുടെ, രുചിയുള്ള ആ മഞ്ഞ പുറംതോടുകൾ മാത്രം മതി. കട്ടിയുള്ള ഉൾത്തോടോടുകൂടിയ ആ ഈന്തങ്ങകൾ അവർ ആ മരച്ചുവട്ടിൽ ഉപേക്ഷിച്ചിട്ടുണ്ടാകും.
'നിപ്പ'യില്ലാത്ത കാലമല്ലേ? ധൈര്യമായി അതും നമുക്കെടുക്കാം.
പിന്നെ, ഓരോ കായ്കളെയും നെടുകെ പിളർന്ന്, തോടിനുള്ളിൽ നിന്നും പരിപ്പിനെ കുത്തിയെടുക്കും.
[ചില സ്ഥലങ്ങളിൽ ഈന്തങ്ങകൾ നെടുകെ പിളർന്ന്, കുറച്ചു നേരം വെയിലിൽ ഉണക്കും. ശേഷമാകും, ഉള്ളിലെ പരിപ്പുകൾ കുത്തിയെടുക്കുക.]
ഈ ഈന്തങ്ങാപ്പരിപ്പിനെ രണ്ടോ മൂന്നോ ദിവസങ്ങൾ വെള്ളത്തിലിട്ട്, നന്നായി 'കട്ട്' കളയും. ഇടയ്ക്കൊക്കെ വെള്ളം മാറ്റുകയും ചെയ്യണം.
ഇതൊക്കെ മുതിർന്നവർ മാത്രം ചെയ്യുന്ന പണിയാണ് കേട്ടോ. കാരണം, ആ പേര് പോലെ അത്രയങ്ങ് ഇമ്പമുള്ളവനല്ല ഈ ഈന്തങ്ങ. നല്ല രീതിയിൽ വിഷം അഥവാ 'കട്ട്' ഉള്ളതാണീ കായ്കളും, അതിന്റെ പരിപ്പും.
ഈന്തങ്ങ വെട്ടുമ്പോൾ തന്നെ, ആ ഒരു പ്രത്യേക കട്ട് മണം നമ്മുടെ മൂക്കിലേയ്ക്ക് അടിയ്ക്കും.
ഇനി അറിയാതെയെങ്ങാൻ അല്പം ഈന്തങ്ങ അകത്തു ചെന്നാലോ? നിർത്താത്ത ഛർദ്ദിയാവും ഫലം.
ഇത്രയൊക്കെ പ്രശ്നമുള്ള ഇവനെ എന്തിനാ ഇങ്ങനെ വെട്ടിയെടുക്കുന്നത്? എന്നാണോ?
ഒറ്റ ഉത്തരമേയുള്ളൂ. അവന്റെ ആ 'ഒടുക്കത്തെ രുചി'.
അങ്ങിനെ കട്ട് മുഴുവനായും മാറ്റിയ ഈന്തങ്ങപ്പരിപ്പുകളെ, ഒരു പായയിലോ, പരമ്പിലോ നിരത്തി, വെയിലിൽ നന്നായി ഉണക്കും. അതും ദിവസങ്ങളോളം.
ഈന്തങ്ങാപ്പരിപ്പുകൾ നന്നായി ഉണങ്ങിക്കഴിഞ്ഞാൽ പിന്നെ, പഞ്ഞ മാസങ്ങളിലേയ്ക്ക് ഉപയോഗിയ്ക്കാൻ വേണ്ടി കുറച്ചെടുത്ത്, കാറ്റ് കയറാത്ത ഒരു ബിസ്ക്കറ്റ് പാട്ടയിൽ, അടുക്കള മൂലയിൽ സൂക്ഷിച്ചു വയ്ക്കും.
ബാക്കിയാവുന്നത് ഉരലിൽ ഇട്ടു നന്നായി പൊടിയ്ക്കും.
ഈന്തങ്ങ വച്ച് പ്രധാനമായും രണ്ടു വിഭവങ്ങളാണ് അന്നൊക്കെ ഉണ്ടാക്കാറുള്ളത്.
ഒന്ന്: വട്ടയപ്പം
രണ്ട്: കൂട്ടുപുഴുക്ക്
ഒന്നാം വിഭവം ആണെങ്കിൽ, ഈന്തങ്ങാപ്പൊടി അരിപ്പൊടിയുടെ കൂടെ ചേർത്ത്, നാടൻ ശർക്കരയും, ഒപ്പം ഏലക്കായും, ജീരകവും, വെളുത്തുള്ളിയും, ചേരുംപടി ചേർത്ത്, ആവിയിൽ പുഴുങ്ങും.
വിറകടുപ്പിൽ, രാത്രി അതങ്ങിനെ വേവുമ്പോൾ, ആ പാത്രത്തിന്റെ മൂടി തുറന്നു വരുന്ന മണമുണ്ടല്ലോ ....
എന്റെ പൊന്നു സാറെ ... സത്യത്തിൽ സഹിയ്ക്കാൻ പറ്റില്ല ....
നാവിത്തിരി പൊള്ളിയാലും വേണ്ടില്ല, ചൂടോടെ ഞാൻ ഇതിത്തിരി ഇപ്പോൾ അകത്താക്കും ... എന്ന് പോലും നമ്മൾ വിചാരിച്ചു പോകും ....
ഇനി കൂട്ടുപുഴുക്കാണ് നമ്മൾ ഉണ്ടാക്കുന്നത് എങ്കിൽ, തയ്യാറെടുപ്പുകൾ വേറെയാണ്.
നമ്മൾ കട്ടൊക്കെ കളഞ്ഞ് ഉണക്കി വച്ചിരിയ്ക്കുന്ന ഈന്തങ്ങയെ, കുറച്ചു നേരം വെള്ളത്തിൽ ഇട്ടു കുതിർക്കും. പിന്നെ, പിൻതിണ്ണയിലെ ആ അരകല്ലിൽ അവയെ ഓരോന്നായി നിരത്തി വയ്ക്കും. ചിരട്ട കമിഴ്ത്തുന്നത് പോലെ.
ശേഷം, അമ്മിക്കല്ലുകൊണ്ട്, ഓരോന്നിന്റെയും ഉച്ചിയിൽ നല്ല ശക്തിയിൽ ഓരോ ഇടിയാണ്.
ഇടിയേറ്റ ഈന്തങ്ങകൾ നന്നായി 'പ്ലിങ്ങും'. ഏതാണ്ട്, പാണ്ടിലോറി കയറിയ തവളകളെ പോലെ.
പിന്നെ അവയെ ചേമ്പും, കപ്പയും, കാച്ചിലും, അടതാപ്പും ഒക്കെ ചേർത്ത്, നന്നായി തേങ്ങ ഒതുക്കിയിട്ട്, പുഴുങ്ങും. ഏതാണ്ട് നമ്മുടെ ആ സംക്രാന്തിപ്പുഴുക്ക് പോലെ.
വൈകുന്നേര കട്ടനൊപ്പം ഒരു വാഴയിലച്ചീന്തിൽ, ആവി പറക്കുന്ന ചൂടോടെ ഇവനെയങ്ങ് വിളമ്പും. കറികളൊന്നും കൂടാതെ തന്നെ.
അല്ലെങ്കിലും, പൊന്നിൻകുടത്തിന് പൊട്ടെന്തിനാ?
നമ്മുടെ ആ 'പ്ലിങ്ങിയ ഈന്തങ്ങ' വായിലിട്ടു കടിയ്ക്കുമ്പോൾ ഒരുതരം 'റബ്ബറൈസ്‌ഡ് ഇഫക്ട്' ആണ് കേട്ടോ. അതാണതിന്റെ പ്രത്യേകതയും, സുഖവും.
പക്ഷേ, അത് നേരിൽ അനുഭവിച്ചാലേ അറിയൂ.
ഇപ്പോൾ ഒരു കാര്യം വായനക്കാർക്ക് മനസ്സിലായി കാണുമല്ലോ. ഇത്രയും കട്ടുള്ള ഈ ഈന്തങ്ങ, ഇത്രയൊക്കെ ബുദ്ധിമുട്ടി എന്തിനായിരുന്നു ആളുകൾ അന്ന് കഴിച്ചിരുന്നത്, എന്ന്.
അത്രേം രുചി, അതിനു മാത്രം.
അല്ലെങ്കിൽ നമ്മുടെ ലാലു അലക്സ് പറയും പോലെ "എന്റെ പൊന്ന് ഈന്തങ്ങകളെ .. ഈ ലോകത്ത് നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേയുള്ളൂ ..."
ഈ രണ്ടു വിഭവങ്ങളും കൂടാതെ, പുട്ട് ഉണ്ടാക്കാനും, പായസം വയ്ക്കാനും, പിടി ഉണ്ടാക്കാനും ഒക്കെ, ഇവനെ ഉപയോഗിയ്ക്കാം കേട്ടോ.
പ്രോട്ടീൻ സമ്പുഷ്ടമായ ഈന്തങ്ങയിൽ, വിറ്റാമിനുകളും, ധാതുലവണങ്ങളും ധാരാളമത്രെ.
ഇപ്പോഴാണ് ഓർത്തത്.
ഇതൊന്നും കൂടാതെ, ഈന്തിനെക്കൊണ്ട് ഞങ്ങൾ കുട്ടികൾക്ക് മറ്റൊരു വലിയ ഉപയോഗവുമുണ്ടായിരുന്നു.
അന്നത്തെക്കാലത്തെ ഞങ്ങളുടെ '100% നാച്ചുറൽ ഫെവിക്വിക്' ആയിരുന്നു ആശാൻ.
സ്‌കൂളിലേക്ക് എന്തെങ്കിലുമൊക്കെ ഒട്ടിയ്ക്കണം എന്നുണ്ടെങ്കിൽ, നേരെ പറമ്പിലെ ആ ഈന്തിന് ചുവട്ടിൽ എത്തുക. ഒരു കല്ലെടുത്ത് ആ തടിയിൽ ഒറ്റ ഇടി.
നല്ല കൊഴുകൊഴുത്ത പശ, മെല്ലെ ഊറി വരും.
ഇടി എത്രയോ .. പശ അത്രയും.
എന്റെ ദൈവമേ.... ഈന്ത് പുരാണം ഓർത്തിരുന്ന് സമയം പോയതറിഞ്ഞില്ല. പതിവ് നടപ്പുകാർ എല്ലാം പോയ്ക്കഴിഞ്ഞിരിയ്ക്കുന്നു. സമയം ഏതാണ്ട് 8 മണി കഴിയുന്നു.
****
പിറ്റേന്ന്, ഓഫീസിലെ ആ ഇടവേളയിൽ ഇത്തിരി ഈന്ത് കാര്യവും കയറി വന്നു. ഞങ്ങൾ നാട്ടിൻപുറത്തുകാർ വാതോരാതെ വിശേഷങ്ങൾ വിളമ്പിയപ്പോൾ, പാവം നഗരവാസികൾ തെല്ലു നിരാശയോടെ കേട്ടിരുന്നു.
"എന്തരോ എന്തോ?.." എന്ന മട്ടിൽ തിരോന്തരംകാരും, "ഈന്തങ്ങ്യോ? അദ് എന്തട്ട് കുന്താണ്?.." എന്ന മട്ടിൽ മ്മ്‌ടെ ത്രിശ്ശൂക്കാരും .
കൂട്ടത്തിലുണ്ടായിരുന്ന നമ്മുടെ പയ്യോളിക്കാരൻ സുഹൃത്ത്, പിറ്റേന്ന് രാവിലെ കുഞ്ഞൊരു പൊതി കയ്യിൽ തന്നിട്ട് രഹസ്യം പറഞ്ഞു. "നമ്മുടെ ഇന്നലത്തെ ആ കൊതിപറച്ചിൽ ഏറ്റു... എന്നാ തോന്നുന്നേ... ദേ ഇത്തിരി സാധനം കിട്ടിയിയിട്ടുണ്ട്..".
"എന്താ?"
"ഇപ്പം നോക്കണ്ടന്ന് ... വീട്ടിച്ചെന്നിട്ട് നോക്ക്യാ മതി ..."
വീട്ടിലെത്തി ആ കൂട് തുറന്നപ്പോൾ...
എന്താ ?
അല്ല ... എന്താ?
നമ്മുടെ ഈന്തങ്ങാപ്പൊടി ... അതും ഒറിജിനൽ ...!
അടിച്ചു മോനെ .... !!
അങ്ങ് പയ്യോളിയിൽ നിന്നും, ആളുടെ സ്നേഹനിധിയായ അമ്മായിയച്ഛൻ സ്വന്തം മോൾക്കുവേണ്ടി അയച്ചുകൊടുത്തതാ ...
അതിലിത്തിരി, ഈന്തങ്ങാക്കൊതി ഒത്തിരി പറഞ്ഞ ഈ എനിയ്ക്കും.. !
അതേയ് ....
ഇനി വിശേഷങ്ങൾ പറഞ്ഞത് മതി ... ഞങ്ങൾ ഇവനെക്കൊണ്ടിത്തിരി 'ഐറ്റംസ്' ഉണ്ടാക്കാൻ നോക്കട്ടെ ...
പറ്റിയാൽ, ഒരു ഫോട്ടം ഇടാം ...കേട്ടോ ...
അല്ലെങ്കിൽ അത് വേണ്ട ... കൊതി കിട്ടിയാലോ ..!!
******
സ്നേഹപൂർവ്വം ....
ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
പിൻകുറിപ്പ്: ഈന്തിലകൾ കൊണ്ടായിരുന്നു അന്ന് എല്ലാ കല്യാണപ്പന്തലുകളും അലങ്കരിച്ചിരുന്നത്. കല്യാണപ്പന്തലുകൾ മാത്രമല്ല, ശബരിമലക്കാലത്ത് വീട്ടിൽ ഇടുന്ന കെട്ടുനിറപ്പന്തലുകൾ മേഞ്ഞിരുന്നതും, കുട്ടികൾ കളിവീടുണ്ടാക്കിയിരുന്നതും, ഇതേ ഈന്തിലകൾ കൊണ്ടായിരുന്നു.
പിന്നേയ് .... കൊതി കിട്ടില്ല എന്ന ഒറ്റ വിശ്വാസത്തിൽ, ദേ വട്ടയപ്പത്തിന്റെ കുറച്ച് ചിത്രങ്ങൾ ചേർക്കുന്നു.
ഇത് ആദ്യ ശ്രമം: (പഞ്ചസാര ചേർത്തതും, ശർക്കര ചേർത്തതും.) അത്രയ്ക്കങ്ങ് ശരിയായില്ല കേട്ടോ. സാരമില്ല, വർഷങ്ങൾക്കു ശേഷമുള്ള ഒരു ശ്രമമല്ലേ?
ഇത് രണ്ടാം ശ്രമം: ഇത്തവണ ശരിയ്ക്കും ആ പഴയ സ്വാദിൽ. വെളുത്തുള്ളിയും, ഏലയ്ക്കയും, പിന്നെ ഈന്തങ്ങയും ചേർന്ന ആ കൊതിപ്പിയ്ക്കുന്ന ഗന്ധത്തോടെ..... ആഹാ ..! ഏതാണ്ട് മുപ്പത് വർഷങ്ങൾക്കു ശേഷം, ഒറിജിനൽ ഈന്തങ്ങ വട്ടയപ്പം, ദേ കൺമുന്നിൽ ....
അവിചാരിതമായി ഈ ഈന്തോർമ്മകളെ തൊട്ടുണർത്തിയ പ്രിയസുഹൃത്തുക്കൾ: ശ്രീ. കണ്ണൻ കുറിച്ചിത്താനം, ശ്രീ. പ്രദീപൻ പയ്യോളി








Comments
Post a Comment