കണ്ട കാഴ്ചകൾ - ഭാഗം 3 [പീ ..പീ ..പോ ..പോ...]
പീ ..പീ ..പോ ..പോ... [കണ്ട കാഴ്ചകൾ - ഭാഗം 3] നമസ്കാരം ...! "കണ്ട കാഴ്ചകളു"ടെ മൂന്നാം ഭാഗത്തിലേയ്ക്ക് സുസ്വാഗതം. ദൈനംദിന യാത്രകളിൽ നമുക്ക് ഒഴിവാക്കാനാവാത്തതാണ്, ട്രാഫിക് സിഗ്നലുകളിലെ ആ അറുമുഷിപ്പൻ 'കാത്തുകിടപ്പുകൾ'. ആ കാത്തുകിടപ്പുകളിൽ, ആളുകളുടെ 'അക്ഷമ' നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അതിന് ടു-വീലർ, ഫോർ-വീലർ വ്യത്യാസങ്ങൾ ഒന്നും തന്നെയില്ല. ചിലർ തങ്ങളുടെ വണ്ടി അങ്ങിനെ 'റെയിസ്' ചെയ്തുകൊണ്ടേയിരിയ്ക്കും. മറ്റു ചിലരാകട്ടെ, സ്റ്റിയറിംഗ് വീലിലോ, ഹാൻഡിലിലോ ഇടിച്ചു കൊണ്ടോ, അടിച്ചു കൊണ്ടോ ഒക്കെ ആകും, തങ്ങളുടെ 'അരിശം' തീർക്കുന്നത്. ഇനിയും ചിലർ വണ്ടിയിലെ പാട്ടുകൾ മാറ്റിമാറ്റി വയ്ക്കും, അല്ലെങ്കിൽ ശബ്ദം വളരെ കൂട്ടി വയ്ക്കും. ഇനിയുമൊരു കൂട്ടരാകട്ടെ, വീണുകിട്ടിയ ആ ഇത്തിരി സമയത്ത് മൊബൈൽ ഫോണിൽ, ആരെയൊക്കെയോ ഉച്ചത്തിൽ ചീത്തവിളിയ്ക്കും. വേറെ ചിലർ, മൊബൈലിൽ ചുമ്മാ സൊറപറയും. [ഒരുപക്ഷേ, ഇവർ മാത്രമാകും 'ഈ സിഗ്നൽ മാറല്ലേ' എന്ന് ആത്മാർഥമായി പ്രാർത്ഥിയ്ക്കുന്നവർ.] ഇതിൽ നമ്മൾ ഏതു വിഭാഗത്തിൽ പെടുന്നു എന്നൊന്ന് ആലോചിയ്ക്കുക; പിന്നെ തീരുമാനിയ്ക്കുക. ശരിയ്ക്കും നമ്മൾ...