കണ്ട കാഴ്ചകൾ - ഭാഗം 3 [പീ ..പീ ..പോ ..പോ...]
നമസ്കാരം ...!
"കണ്ട കാഴ്ചകളു"ടെ മൂന്നാം ഭാഗത്തിലേയ്ക്ക് സുസ്വാഗതം.
ദൈനംദിന യാത്രകളിൽ നമുക്ക് ഒഴിവാക്കാനാവാത്തതാണ്, ട്രാഫിക് സിഗ്നലുകളിലെ ആ അറുമുഷിപ്പൻ 'കാത്തുകിടപ്പുകൾ'.
ആ കാത്തുകിടപ്പുകളിൽ, ആളുകളുടെ 'അക്ഷമ' നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അതിന് ടു-വീലർ, ഫോർ-വീലർ വ്യത്യാസങ്ങൾ ഒന്നും തന്നെയില്ല.
ചിലർ തങ്ങളുടെ വണ്ടി അങ്ങിനെ 'റെയിസ്' ചെയ്തുകൊണ്ടേയിരിയ്ക്കും. മറ്റു ചിലരാകട്ടെ, സ്റ്റിയറിംഗ് വീലിലോ, ഹാൻഡിലിലോ ഇടിച്ചു കൊണ്ടോ, അടിച്ചു കൊണ്ടോ ഒക്കെ ആകും, തങ്ങളുടെ 'അരിശം' തീർക്കുന്നത്.
ഇനിയും ചിലർ വണ്ടിയിലെ പാട്ടുകൾ മാറ്റിമാറ്റി വയ്ക്കും, അല്ലെങ്കിൽ ശബ്ദം വളരെ കൂട്ടി വയ്ക്കും.
ഇനിയുമൊരു കൂട്ടരാകട്ടെ, വീണുകിട്ടിയ ആ ഇത്തിരി സമയത്ത് മൊബൈൽ ഫോണിൽ, ആരെയൊക്കെയോ ഉച്ചത്തിൽ ചീത്തവിളിയ്ക്കും.
വേറെ ചിലർ, മൊബൈലിൽ ചുമ്മാ സൊറപറയും. [ഒരുപക്ഷേ, ഇവർ മാത്രമാകും 'ഈ സിഗ്നൽ മാറല്ലേ' എന്ന് ആത്മാർഥമായി പ്രാർത്ഥിയ്ക്കുന്നവർ.]
ഇതിൽ നമ്മൾ ഏതു വിഭാഗത്തിൽ പെടുന്നു എന്നൊന്ന് ആലോചിയ്ക്കുക; പിന്നെ തീരുമാനിയ്ക്കുക.
ശരിയ്ക്കും നമ്മൾ പറയാൻ വന്നത്, ഇതിനെക്കുറിച്ചല്ല കേട്ടോ.
ഈ 'അക്ഷമ'പ്രവർത്തികളിലൂടെ, ആ കുറച്ചു മിനിട്ടുകളെയും ഞെരിച്ചു കൊണ്ട്, നമ്മൾ അങ്ങിനെ ഇരിയ്ക്കുമ്പോൾ, മുന്നിൽ അതാ പ്രതീക്ഷയുടെ ആ 'പച്ച' ലൈറ്റ് തെളിയുന്നു.
ഒരു നിമിഷം പോലും പാഴാക്കാതെ, നമ്മൾ വണ്ടി മുന്നോട്ടെടുക്കുന്നു.
അല്ല, പാഴാക്കാൻ നമുക്കെവിടെ സമയം?
നമ്മൾ ഓടടാ ഓട്ടത്തിലല്ലേ ..?
പക്ഷേ, എന്നാലും നമുക്ക് പിന്നിൽ ചുരുങ്ങിയത് നാലോ അഞ്ചോ ഹോണുകൾ ഉച്ചത്തിൽ മുഴങ്ങും. പിന്നെ, അതൊരു മാലയോ തിരമാലയോ പോലെ, പിന്നിലേയ്ക്ക് അങ്ങ് പടരും.
അതും പലതരത്തിലുള്ള ഹോണുകൾ ... നല്ല ബാൻഡ്‌മേളം പോലെ ....
ഒരു നിമിഷം നമ്മൾ വിചാരിയ്ക്കും, നമ്മൾ നിൽക്കുന്നത് ഏതോ പെരുന്നാൾ പറമ്പിൽ ആണ് എന്ന്.
സ്റ്റിയറിങ്ങിൽ, നമ്മുടെ വിരലുകൾ അറിയാതെ ഒന്ന് താളം പിടിച്ചു പോകും.
മുന്നിലെ വണ്ടിക്കാരനെ ഓർമ്മപ്പെടുത്താൻ ആണോ ഈ ഹോണടി മേളം, അതോ ആ പച്ച തെളിഞ്ഞ സന്തോഷത്തിന്റെ പ്രകടനമാണോ, അതോ ഏതാനും മിനിറ്റുകളുടെ നമ്മൾ ഒരുമിച്ചുള്ള ആ കാത്തിരിപ്പിനു ശേഷം 'ഞാൻ ഇതാ പോകുവാണെ.. റ്റാറ്റാ' എന്ന വിഷമത്തോടെയുള്ള ഒരു യാത്രപറയലാണോ,......
ആർക്കറിയാം ...!
നമ്മൾ മലയാളികളുടെ ഓരോരോ സമ്പ്രദായങ്ങളെ .....!
നമ്മളെപ്പോലെ, നമ്മൾ മാത്രം ...! ആഹാ ..!!
******
സ്നേഹപൂർവ്വം ....
ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally

Comments
Post a Comment