ചെന്നൈ നഗരത്തിലെ 'ആദ്യരാത്രി'
ചെന്നൈ നഗരത്തിലെ 'ആദ്യരാത്രി'
[എന്റെ മെട്രോ ജീവിതങ്ങൾ - ഭാഗം:1]
ഒക്ടോബർ 2005 ലെ, ഒരു തിളയ്ക്കുന്ന പകൽ.
അന്ന് ചെന്നൈ നഗരത്തിന്റെ തിരക്കിലേയ്ക്ക്, ആ കടുത്ത ചൂടിലേയ്ക്ക്, ഞാൻ ട്രെയിൻ ഇറങ്ങി.
ഇന്നും എനിയ്ക്കേറെ പ്രിയപ്പെട്ട മുംബൈ നഗരം നൽകിയ, 'ദ്രുത ജീവിത' അനുഭവങ്ങൾ, നിറമേറിയ ഹോളി, ശിവരാത്രി ആഘോഷങ്ങൾ, എല്ലാം... നല്ലൊരു ഓർമ്മയായി ഇപ്പോഴും മനസ്സിൽ ഉണ്ട്.
നാവിലാവട്ടെ, 'മുംബൈ കാ' പാനിപൂരിയും, വടാപാവും, പിന്നെ ആ തനത് രുചികളും.
വാഹ് .... വാഹ്... വോ തോ ... ക്യാ ലൈഫ് ഹേ ഭായ് ...!!
തിരക്കേറിയ പ്ലാറ്റ്ഫോമിൽ എന്നെയും കാത്ത്, പ്രിയസുഹൃത്ത് ശ്രീ സജുമോൻ ഉണ്ടായിരുന്നു.
വാ തോരാതെ വിശേഷങ്ങൾ പറഞ്ഞ്, ആ വരണ്ട നഗരത്തിരക്കിലൂടെ, ആ തമിഴ് കാഴ്ചകളിലൂടെ, അന്നും ചെന്നൈയുടെ സ്വന്തമായ ആ മഞ്ഞ ഓട്ടോയിൽ ഒരു യാത്ര. അതവസാനിച്ചത്, അണ്ണാനഗർ റൗണ്ടാനയിലെ, ഒരു ഹോട്ടലിനു മുൻപിലായിരുന്നു.
രണ്ടാം നിലയിലാണ് എനിയ്ക്കുള്ള മുറി. ചെറിയ ഒരു ഓപ്പൺ ബാൽക്കണിയോട് കൂടിയ, സാമാന്യം നല്ല മുറി.
എന്നെ ആ ഹോട്ടലിൽ ആക്കിയിട്ട്, അടുത്ത് തന്നെയുള്ള പ്രശസ്തമായ 'ശരവണ ഭവൻ' ഹോട്ടലിലേയ്ക്കുള്ള വഴിയും പറഞ്ഞു തന്ന്, സുഹൃത്ത് ഓഫീസിലേയ്ക്ക് മടങ്ങി. പിറ്റേന്ന് രാവിലെ വരാം, എന്ന വാക്കോടെ.
ഞാൻ യാത്രാക്ഷീണം അകറ്റാൻ, അല്പസമയം കിടന്നു. പക്ഷേ, അറിയാതൊന്നു മയങ്ങി. എണീറ്റപ്പോൾ, സമയം ഏതാണ്ട് വൈകുന്നേരം ആകുന്നു.
മുറിയുടെ ടെറസ് ബാൽക്കണിയിൽ നിന്നും നോക്കിയാൽ, ദൂരെയായി പാവം 'പവനായി ശവമായ' ആ ടവർ കാണാം.
ഒരു കുളിയും കഴിഞ്ഞ് പതുക്കെ താഴേയ്ക്കിറങ്ങി.
വല്ലാത്തൊരു അപരിചിതത്വം. വഴിയരികിലെ ചായക്കടയിൽ നിന്നും, ഒരു ചായയും ഉഴുന്നുവടയും കഴിച്ചു. ഉച്ചയ്ക്ക് പട്ടിണിയായിരുന്നല്ലോ.
രാത്രിയാവട്ടെ, കാര്യമായി വല്ലതും കഴിയ്ക്കാം.
ഇനി വീട്ടിലേക്കൊന്നു വിളിയ്ക്കണം. അതിനായി ഒരു ടെലഫോൺ ബൂത്ത് നോക്കിയായി പിന്നെയുള്ള എന്റെ നടത്തം.
ഇന്ന് പകലിൽ, ഞാൻ ഹോട്ടലിലേക്കെത്തുമ്പോൾ കത്തിയെരിഞ്ഞിരുന്ന ആ സൂര്യൻ, പെട്ടന്ന് മറയുന്നു.
കനത്ത കാർമേഘങ്ങൾ ആകാശത്തെ വല്ലാതെയങ്ങ് മൂടി.
ആളുകൾ എല്ലാം ധൃതിയിലാണ്. അവരുടെ നടപ്പും, വർത്തമാനങ്ങളും ഒക്കെ.
ആകെക്കൂടി വല്ലാത്തൊരു പരിഭ്രമം, എല്ലാ മുഖങ്ങളിലും.
എന്റെ കയ്യിലാണെങ്കിൽ, മൊബൈൽ ഫോണും ഇല്ല. എന്തായാലും, സംഗതി അത്ര പന്തിയല്ല എന്ന് മനസ്സിലായി.
ഞാൻ നേരെ ഹോട്ടലിലേക്ക് തന്നെ മടങ്ങി.
തിരികെ സ്റ്റെപ്പുകൾ കയറുമ്പോൾ ആണ് കണ്ടത്, ആ കെട്ടിടത്തിന്റെ തന്നെ താഴത്തെ നിലയിൽ ചെറിയൊരു സൂപ്പർ മാർക്കറ്റ് ഉണ്ട്. അവിടെ കയറി കുറച്ച് കുപ്പി വെള്ളം വാങ്ങി.
തിരികെ മുറിയിലെത്തിയതും, മഴ പെയ്തു തുടങ്ങി.
അപ്പോഴാണ് ഡോർ ബെൽ മുഴങ്ങിയത്. ഈ സമയത്ത് ഇതാരാവും? എന്ന സംശയത്തോടെ കതക് തുറന്നു.
സുന്ദരിയായ ഒരു യുവതിയാണ്. മുല്ലപ്പൂവൊക്കെ തലയിൽ ചൂടി.
അവർ തമിഴിൽ എന്തൊക്കെയോ ചോദിച്ചു.
കൊഞ്ചം മാത്രം തമിഴ് അറിയുന്ന ഞാൻ എന്ത് പറയാൻ? എല്ലാത്തിനും "വേണ്ട" എന്ന് മാത്രം പറഞ്ഞ് വാതിലടച്ചു.
എന്താണാവോ അവർ ചോദിച്ചത്?
സമയം സന്ധ്യ കഴിയുന്നു. പുറത്തെ ആ മഴ, വല്ലാതെ കനത്തു തുടങ്ങി.
വീണ്ടും ഡോർ ബെൽ മുഴങ്ങി. അവർ തിരികെ വന്നതാകുമോ?
ഇത്തവണ മനസ്സിലെ ആ ലഡ്ഡു, പൊട്ടണോ വേണ്ടയോ എന്ന് ഒരു നിമിഷം ആലോചിച്ചു.
എന്തായാലും ഞാൻ വാതിൽ തുറന്നു.
ഛെ .... നശിപ്പിച്ച് ....
വന്നത് ഒരു ഹോട്ടൽ ജീവനക്കാരൻ ആണ്.
"സാർ ..മഴ തുടങ്ങി ..റൊമ്പ സൂക്ഷിയ്ക്കണം ... സാർ ഇന്തപക്കം ആദ്യല്ലേ ...? റോഡിൽ നടക്ക കൂടാത്... അന്ത മാൻഹോളുകൾ അപ്പടിയേ തുറന്നു കാണും .."
ഒറ്റ ശ്വാസത്തിൽ, തമിഴും മലയാളവും കൂട്ടിക്കലർത്തി അയാൾ പറഞ്ഞു.
"മഴ ഇവിടെ പ്രശ്നമാണോ ..?"
"ആമ ... സാർ ..റൊമ്പ പ്രച്നം .. ഇനി റൊമ്പ നാളേയ്ക്ക് മഴ താനേ .."
"അയ്യോ .."
"സാർ ..പിന്നെ... മഴ കനത്താൽ ഇലെക്ട്രിസിറ്റി അപ്പടിയെ ഓഫ് പണ്ണും .... അന്ത ഇന്റർകോം ലൈനും കെടയ്ക്കാത് ... "
"എത്ര നാളേയ്ക്ക് ..?"
"സാർ ..അത് വന്തിട്ട ...ഈ മഴ ഒരു മൂണ് നാല് ... നാള് ഇരിക്കും .."
"ഹമ്മേ ....അപ്പടിയ ..?"
എന്റെ "ഹമ്മേ ....അപ്പടിയ ..?"യിലെ ആ പേടി ആൾക്ക് പിടികിട്ടി എന്ന് തോന്നുന്നു.
"അപ്പടി പേടി ഒന്നും വേണ്ട സാർ .... നമ്മ എല്ലാം ഇവിടെ താൻ ഇരുക്ക ... പിന്നെ സാർ ... ഇന്ത മഴ തീരും വരേയ്ക്കും .. ബെഡ്ഷീറ്റ് ഒന്നും ഇനി മാറ്റവെ ഇല്ലാ ..."
"ശരി ... പക്കത്തിലെ ആ ചിന്ന ദോശ ഹോട്ടൽ ...?"
"സാർ .. അത് സിലപ്പോൾ ഇപ്പള് താൻ പൂട്ടും ... നാൻ വരട്ട് സർ ...."
ചുരുക്കത്തിൽ, ഇന്നു മുതൽ മഴ തീരും വരെ, വൈദ്യുതി ഇല്ല, വെള്ളം ഇല്ല, ഹോട്ടലുകളും ഇല്ല.
"എന്റെ ദൈവമേ ... (അല്ല... കടവുളേ ...) ..." അറിയാതെ വിളിച്ചു പോയി.
ശരിയ്ക്കും ... ഞാൻ പെട്ടെടാ ... പെട്ടു...
അപ്പോഴാണ് ഓർത്തത് ...താഴെ ഒരു സൂപ്പർ മാർക്കറ്റ് ഉണ്ടല്ലോ. അവിടെ നിന്നും കഴിയ്ക്കാൻ പറ്റുന്ന എന്തെങ്കിലും വാങ്ങി വച്ചാൽ മതിയല്ലോ.
എന്നാൽ അവിടെ ചെന്നപ്പോഴോ? ഭയങ്കര തിരക്ക്. കുറച്ചു മുൻപേ ഞാൻ കയറിയപ്പോൾ, ഒരാൾ പോലും ഇല്ലാതിരുന്ന കടയാണ്.
വേഗം കുറച്ചു ബ്രഡ് വാങ്ങി ... അതും തീരാറാവുന്നു.
പിന്നെ കുറച്ചു കുപ്പി വെള്ളവും. ഇനി ചിലപ്പോൾ മഴ നീണ്ടാലോ?
ഇനി എന്ത് വേണം? എന്നാലോചിച്ചു.
പുറത്തെ മഴ വീണ്ടും കനത്തു തുടങ്ങി.
പഴങ്ങളൊക്കെ ഏതാണ്ട് മുഴുവനായും തീർന്നു കഴിഞ്ഞിരിയ്ക്കുന്നു.
രാത്രി വൈദ്യുതിയെങ്ങാൻ ഓഫ് ചെയ്താൽ, മുറിയിൽ വെളിച്ചം വേണമല്ലോ.
കുറച്ചു മെഴുകുതിരികൾ കൂടി വാങ്ങാം.
നോക്കിയപ്പോൾ ഒരെണ്ണം പോലും കാണാനില്ല.
മെഴുകുതിരികൾ മാത്രമല്ല, ബിസ്‌ക്കറ്റുകളുടെയും, പാക്കറ്റ് ഫുഡിന്റെയും ഒക്കെ ഷെൽഫുകൾ കാലി.
ചോദിച്ചപ്പോൾ സ്റ്റാഫ് പറഞ്ഞു... എല്ലാം തീർന്നു എന്ന് .
മഴയുടെ ലക്ഷണം കാണുമ്പോഴേ ഇവിടുത്തുകാർക്ക് അറിയാമല്ലോ, ഇനി മൂന്ന് നാല് ദിവസങ്ങൾ, തങ്ങൾ വീടുകളിൽ കുടുങ്ങുമെന്ന്.
മിടുക്കന്മാർ... ഓടി വന്ന് എല്ലാം കാലിയാക്കി.
ഭാഗ്യം, തീപ്പെട്ടി മാത്രം കുറച്ചെണ്ണം മിച്ചം ഉണ്ട്. അത് രണ്ടെണ്ണം വാങ്ങി. പക്ഷേ, മെഴുകുതിരിയില്ലാതെ തീപ്പെട്ടി കൊണ്ടെന്തു കാര്യം?
എന്തായാലും ഇരിയ്ക്കട്ടെ.
ഒന്നുമല്ലെങ്കിൽ, ചുമ്മാ ഉരച്ച് കളിയ്ക്കാല്ലോ .... ഒരു ടൈം പാസ്സ് ...
മുറിയിലെത്തി ആ സാധനങ്ങൾ ഒക്കെ മേശമേൽ വച്ച്, നേരെ ബെഡ്‌ഡിലേയ്ക്ക് മലർന്നു.
എന്ത് ചെയ്യും? എന്നാലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല.
ആരെയെങ്കിലും ഒന്ന് വിളിയ്ക്കണമെങ്കിൽ, മൊബൈൽ ഫോണും ഇല്ല. ഹോട്ടലിലെ ലാൻഡ് ഫോണും ഓഫ്.
[പിന്നീടാണ് മനസ്സിലായത്, കനത്ത മഴ തുടങ്ങുമ്പോൾ തന്നെ, ചെന്നൈയിൽ വൈദ്യുതിയും, ഫോണും ഒക്കെ, 'ഇലക്ട്രിക് ഷോക്കും' അനുബന്ധ അത്യാഹിതങ്ങളും ഒഴിവാക്കാൻ, മിക്കവാറും ഓഫ് ചെയ്യുമത്രേ]
തല പുകഞ്ഞ് ആലോചിച്ചു. ശരിയ്ക്കും പുകഞ്ഞ്....
ഇടയ്ക്കൊന്ന് ആ ജനാലവിരികൾ വകഞ്ഞ് മാറ്റി, പുറത്തെ ഹൈവേയിലേയ്ക്ക് നോക്കി.
നിരത്ത് തീർത്തും ശൂന്യം. മൂളിപ്പറന്നിരുന്ന ഓട്ടോറിക്ഷകൾ എല്ലാം തന്നെ അപ്രത്യക്ഷം.
ആകാശത്തിലെ കറുകറുപ്പിനെ ആകെയും ആവാഹിച്ചതു പോലെ, കറുത്തിരുണ്ട വെള്ളം, ഹൈവേയിൽ കുത്തിയൊഴുകുന്നു.
മിക്കവാറും, ഈ ഹോട്ടലിന്റെ താഴത്തെ നിലയിൽ ഇപ്പോൾത്തന്നെ വെള്ളം കയറും.
ഭ്രാന്തമായ മഴ.
പെട്ടെന്ന് വൈദ്യുതിയും നിലച്ചു. എങ്ങും പൂർണ്ണമായ അന്ധകാരം മാത്രം.
വിഹ്വലമായ ഓർമ്മകളെ മേയാൻ വിട്ട് (അല്ല... അവ തനിയെ കെട്ടുപൊട്ടിച്ച്, തലങ്ങും വിലങ്ങും ഓടുന്നതാണ് കേട്ടോ), തെല്ലു ഭയത്തോടെ ഞാൻ വീണ്ടും ബെഡ്‌ഡിലേയ്ക്ക് കിടന്നു.
ഒരു കഷ്ണം ബ്രെഡും തിന്ന്, ഇത്തിരി വെള്ളവും കുടിയ്ക്കണമെങ്കിൽ പോലും, ഇനിയത് ഈ കൂരിരുട്ടത്ത് വേണം.
അറിയുകയും കേൾക്കുകയും ഇല്ലാത്ത ദ്വീപുകളിൽ, അവിചാരിതമായി ഒറ്റപ്പെട്ടു പോകുന്ന, ആളുകളുടെ കഥ പറയുന്ന, ചില ഇംഗ്ലീഷ് സിനിമകളാണ് അപ്പോൾ മനസ്സിലേയ്ക്ക് വന്നത്.
ഓർക്കാൻ പറ്റിയ കാര്യം ....!
എന്തായാലും ഈ രാത്രി, ഇനി വെളിച്ചം അന്യം.
കിടന്നാൽ ഉറക്കവും വരില്ല, കാരണം പേടി അത്രയ്ക്കുണ്ട്. കൂടെ, നല്ല വിശപ്പും.
പെട്ടെന്നാണ് ഒരു ഐഡിയ മനസ്സിൽ ക്ലിക്ക് ആയത്.
വേഗം മുറി പൂട്ടി താഴേയ്ക്ക് ഓടി. സ്റ്റെപ്പുകളിൽ ഒക്കെ കനത്ത ഇരുട്ട് മാത്രം.
സൂപ്പർ മാർക്കറ്റുകാർ പൂട്ടാനുള്ള തിരക്കിലാണ്. അവിടെയും ഒന്നോ രണ്ടോ എമർജൻസി ലാമ്പുകളുടെ ഇത്തിരി വെട്ടം മാത്രം.
"അണ്ണാ ...പൂട്ടല്ലേ ... ഒരു നിമിഷം .."
അകത്തു കയറി, ചിരാത് വല്ലതും ഉണ്ടോ എന്ന് നോക്കി ... ഇല്ല ....
ചെറിയ സ്റ്റീൽ ടംബ്ലറുകൾ?
അതും ഇല്ല.
ആ ഐഡിയ പൊളിയും എന്ന് തീർച്ചയായി.
(എന്റെ ഐഡിയയായിപ്പോയി..! അല്ലേലുണ്ടല്ലോ....).
നിരാശയോടെ തിരിച്ചിറങ്ങുമ്പോൾ ആണ്, അവളെ കണ്ടത്.
ഷെൽഫിനിടയിൽ നിന്നും തലനീട്ടി നോക്കിയ അവളെയും കൂട്ടി ഞാൻ, ഇരുട്ടിൽ തപ്പിത്തടഞ്ഞ് പടിക്കെട്ടുകൾ കയറി, മുറിയിലെത്തി.
ഛെ .... പിന്നെയും ഒരു കാര്യം മറന്നു. വിളക്ക് തിരി വാങ്ങിയില്ല.
ഇനിയെന്തു ചെയ്യും? സൂപ്പർമാർക്കറ്റ് ആണെങ്കിൽ അടച്ചും പോയി.
ആലോചനയോട് ആലോചന ....
ഇനി, ആ പവനായിയെപ്പോലെ ... ഞാനും ഇവിടെ...?
ഏയ് ....അത് ഞാൻ സമ്മതിയ്ക്കില്ല ...!
വേഗം ബാഗ് തുറന്ന് ഒരു വെള്ള കർച്ചീഫ് എടുത്തു. ഒരു വശം അല്പം കടിച്ചു മുറിച്ചു. പിന്നെ, ആ മുറിവ് വഴി ഒരു അരയിഞ്ച് വീതിയിൽ, അതിനെ നാടപോലെ കീറി.
നമ്മുടെ ആ തകര സിനിമയിലെ നായിക തിരി തെറുക്കും പോലെ, തുടയിൽ വച്ച് അതിനെയങ്ങ് നന്നായി തെറുത്തു.
ശേഷം, നമ്മൾ ഇപ്പോൾ വാങ്ങിക്കൊണ്ടു വന്ന ആ സ്റ്റീൽ തവിയിൽ, പൊറോട്ട മാവ്ചുരുട്ടും പോലെ, ആ തിരിയങ്ങ് ചുരുട്ടിയിട്ടു.
തിരിയുടെ ഒരറ്റം, തവിയുടെ ആ വക്കിലേയ്ക്ക് ലേശം ഉയർത്തിയും വച്ചു.
തലയിൽ തേയ്ക്കാൻ വച്ചിരുന്ന പാരച്യൂട്ട് വെളിച്ചെണ്ണ, ആ തവിയിലേയ്ക്ക് ഒഴിച്ചു. തിരിയുടെ അഗ്രം നന്നായി ഒന്ന് പിഴിഞ്ഞ്, വിരലിലെ എണ്ണയെ തലമുടിയിൽ തൂത്ത്, ശേഷം തീപ്പെട്ടി ഉരച്ച്, ആ തിരി കത്തിച്ചു.
ആഹാ ... ചിരാതിനേക്കാൾ ഭംഗിയായി, അവൾ അങ്ങിനെ നിറഞ്ഞു കത്തി.
ഇനി രണ്ടു മൂന്നു രാത്രികളിൽ ഇവളാണെനിയ്ക്ക് കൂട്ട് ... എന്റെ വെളിച്ചവും.
ഇവളുണ്ടെങ്കിൽ, ഇരുട്ടിനെ ഇനി എന്ത് പേടിയ്ക്കാൻ?
ഇനിയിത്തിരി ബ്രെഡും കഴിച്ച്, വെള്ളവും കുടിച്ച്, മേശമേൽ കുണുങ്ങുന്ന ഇവളെ ഇടയ്‌ക്കൊന്ന് പാളിനോക്കി, പിന്നെ, ആ പുറത്തെ മഴയെയും കണ്ട്, ഇത്തിരി പേടിച്ച്, അങ്ങിനെ കിടക്കാം.
മഴ, അതെന്നും ഒരു പ്രഹേളികയാണല്ലോ.
പ്രത്യേകിച്ചും, കനത്ത രാത്രിയിലെ, തികഞ്ഞ ഏകാന്തതയിൽ...!
***********
ആ മഴ തുടർച്ചയായി മൂന്ന് ദിവസങ്ങൾ നീണ്ടു. മൂന്ന് പകലുകളും രണ്ടു രാത്രിയും ഞാൻ തനിച്ചായിരുന്നു, ആ ഹോട്ടൽ മുറിയിൽ.
കഴിയ്ക്കാൻ, ഉണങ്ങിത്തുടങ്ങിയ ബ്രെഡും, കുപ്പിവെള്ളവും മാത്രം.
ചെന്നൈ ഓഫീസിൽ ചാർജ് എടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു, എന്റെ ഈ യാത്ര.
പക്ഷേ, ഓഫീസിലേക്കോ, നാട്ടിലെ വീട്ടിലേക്കോ ഒന്നും, ആരെയും ബന്ധപ്പെടാനാകാതെ, പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ, മൂന്ന് ദിവസങ്ങൾ.
വായിയ്ക്കാൻ പത്രമോ, മാസികകളോ, പുസ്‌തകങ്ങളോ, ഒന്നും ഇല്ലാതെ....
ചുമ്മാ തോണ്ടിക്കളിയ്ക്കാൻ ഒരു മൊബൈൽ പോലും ഇല്ലാതെ....
ഫാനും, എസിയും ഇല്ലാതെ.....
ഒന്ന് സംസാരിയ്ക്കാൻ പോലും ആരുമില്ലാതെ ....
തീർത്തും തനിച്ചായി പോയ ദിവസങ്ങൾ ....!
അതൊരു അനുഭവം തന്നെ. മേൽപ്പറഞ്ഞ ചില കുറുക്കുവിദ്യകൾ മാത്രമായിരുന്നു കൂട്ട്.
പിന്നെ, യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന എന്റെ മനസ്സും ....
എത്രയോ സ്ഥലങ്ങളിൽ, ടിക്കറ്റില്ലാതെ ഞങ്ങൾ ആ ദിവസങ്ങളിൽ ഒരുമിച്ച് യാത്ര ചെയ്തു. ആരും, ഒരു നിമിഷം പോലും ശല്യപ്പെടുത്താനില്ലാതെ ....
ഓർമ്മകളുടെ പുൽമേടുകളിൽ .... നിരാശയുടെ പടുകുഴികളിൽ, ആഘോഷത്തിന്റെ കൊടുമുടികളിൽ, കലാലയങ്ങളുടെ കലപിലമുറ്റങ്ങളിൽ, പ്രണയത്തിന്റെ നഷ്ടസ്വർഗ്ഗങ്ങളിൽ, ഭാവിയുടെ സ്വപ്നലോകങ്ങളിൽ ..... അങ്ങിനെ ..അങ്ങിനെ ...
"മറ്റു മാർഗ്ഗങ്ങൾ ഒന്നും ഇല്ലാതെ വന്നാൽ, അതിജീവനത്തിനായി ഒരു മാർഗം, അത് നമ്മൾ എങ്ങിനെയും കണ്ടെത്തും" എന്ന ആ വലിയ പാഠം, ഈ ഒരൊറ്റ അനുഭവം എന്നെ പഠിപ്പിച്ചു.
അതും വെറും മൂന്നേമൂന്ന് ദിവസങ്ങൾ കൊണ്ട്, ജീവിതത്തിൽ ഒരിയ്ക്കലും മറക്കാത്ത വിധത്തിൽ.
ശരിയ്ക്കും.
മൂന്നാം ദിവസം വൈകുന്നേരം മഴയൽപ്പം ശമിച്ചപ്പോൾ, നിരത്തിലെ ആ അരയ്‌ക്കൊപ്പം വെള്ളത്തിലൂടെ, നീന്തിയും നടന്നുമൊക്കെയായി, ആറടി പൊക്കക്കാരനായ സുഹൃത്ത്, എന്നെയും തിരക്കി ഹോട്ടലിലെത്തി.
പാവം, എന്നേക്കാൾ ടെൻഷനിൽ ആയിരുന്നു ആളുടെ വരവ്.
ദിവസങ്ങൾക്കു മുൻപേ, എന്നെ ഒറ്റയ്ക്ക് ആ മുറിയിലാക്കി പോയതല്ലേ.
കുഴപ്പമൊന്നുമില്ലാതെ ഞാൻ മുറിയിലുണ്ട്, എന്ന് കണ്ടപ്പോൾ ആൾക്ക് ആശ്വാസമായി.
മൂന്നു ദിവസങ്ങൾക്ക് ശേഷം, ഒന്ന് സംസാരിയ്ക്കാൻ, കുറച്ചു നേരമെങ്കിലും ഒരാളെ കിട്ടിയ ആശ്വാസത്തിൽ, ഞാനും.
പിന്നീടുള്ള മൂന്ന് വർഷങ്ങൾ, ഞാനും ചെന്നൈയുടെ, അണ്ണാനഗറിന്റെ, ഒക്കെ ഭാഗമായിരുന്നു.
അല്ല, അവയൊക്കെ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു.
ആ നഗരത്തിരക്കിലും, ഉള്ളിൽ ഭക്തിനിറയ്ക്കുന്ന അണ്ണാ നഗർ അയ്യപ്പ ക്ഷേത്രവും, സ്പെഷ്യൽ മസാലദോശ വിളമ്പുന്ന 'ശരവണ ഭവനും', എന്തും കിട്ടുന്ന 'സന്തോഷ് സൂപ്പർ സ്റ്റോറും', പൊരിച്ച കോഴിയുടെ മണമുള്ള 'കാപ്രി ഹോട്ടലും', പതുപതുത്ത കപ്കേക്ക് ലഭിയ്ക്കുന്ന 'പ്രീമാസ് ബേക്കറി'യും, കുഞ്ഞൻ പ്ലേറ്റിൽ 'സൂപ്പർ ലെമൺ റൈസ്' വിളമ്പുന്ന 'കുമാർ ടിഫിൻ കോർണറും', പഴങ്ങളുടെ കലവറയായ 'പഴമുതിർ ചോല'യുമൊക്കെ, ഓർമ്മകളിൽ ഇന്നും മായാതെ, മങ്ങാതെ തെളിഞ്ഞു നിൽക്കുന്നു.
പിന്നീടുള്ള വൈകുന്നേരങ്ങളിലെ, പതിവായ എന്റെ ആ അണ്ണാനഗർ നടത്തകളിൽ, ഞാൻ ആ ഹോട്ടലിനെ നോക്കും, പിന്നെ, അന്നത്തെ ആ 'തവി വിളക്കി'നെ ഓർക്കും.
രണ്ടു രാത്രികളിൽ, എനിയ്ക്കു വിളക്കായവൾ.
ചെന്നൈയിലെ എന്റെ ആദ്യരാത്രിയിൽ, എനിയ്‌ക്കൊപ്പം ഉണ്ടായിരുന്നവൾ.
"വേലക്കാരിയായിരുന്താലും നീയെൻ മോഹവല്ലി ...." എന്ന് പറയും പോലെ, "തവിയായിരുന്താലും നീയെൻ പ്രകാശവല്ലി ....".
***********
പിൻകുറിപ്പ്: പിന്നേയ് .... ഇത് വെറും കഥയല്ല കേട്ടോ. നൂറുശതമാനവും സത്യസന്ധമായ എന്റെ സ്വന്തം അനുഭവം. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും, ഇന്നും അവൾ ഞങ്ങളുടെ കൂടെയുണ്ട് കേട്ടോ. സത്യമായും. ഓണത്തിനും, വിഷുവിനും എന്നുവേണ്ട, എല്ലാ വിശേഷ ദിവസങ്ങളിലും, ഞങ്ങൾക്ക് സ്നേഹത്തോടെ, മധുരത്തോടെ, രുചിയൂറുന്ന ആ പായസം വിളമ്പുന്നത്, ഇന്നും അവളാണ്.
വെറുതെ പറഞ്ഞതല്ല, ഞാൻ. സംശയമുണ്ടെങ്കിൽ ദേ .. അവളെ നിങ്ങളും ഒന്ന് കണ്ടോ ... സ്മാർട്ടല്ലേ?
സ്നേഹപൂർവ്വം ....
ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
ചില ഓർമ്മചിത്രങ്ങൾ കൂടി (ഗൂഗിൾ നൽകിയത്).....








Comments
Post a Comment