മുഴമൂച്ചി (അമ്മ മരം) --[മലയാളം കവിത]




ചുടുചോര ചാലുതീർത്തൊഴുകുന്ന നേരത്തുമാ-
അമ്മ എന്തിനോ പുഞ്ചിരിച്ചു
തൻ പ്രിയ മക്കളെ നെഞ്ചോടുചേർത്തു കൊണ്ടാ -
അമ്മ അപ്പൊഴും പുഞ്ചിരിച്ചു

സംവൽസരങ്ങൾക്കു മുൻപിലൊരു വേനലിൽ
മധ്യാഹ്ന സൂര്യൻ ജ്വലിച്ചു നിൽക്കെ
ഇത്തിരി തണൽ തേടിയെത്തിയൊരു കാകന്നു
തൻ ശിഖരമൊന്നവൾ നൽകിയന്ന്

ഹരിതാഭമാം തന്റെ ലോലദലങ്ങളാൽ
അഭയാർഥിയവനവൾ കുളിരു നൽകേ
കർണ്ണപുടങ്ങളിൽ അലയടിച്ചെത്തി രണ്ടോമന-
പൈതങ്ങൾ തൻ വിലാപം

യൗവ്വനപ്പാതി നടന്നു കഴിഞ്ഞൊരാ
ഹൃദയത്തിൽ മാതൃത്വപ്പാൽ ചുരന്നു
താനഭയമേകിയ കാകന്റെ ചുണ്ടുകൾക്കിടയിൽ
രണ്ടാൽ മരവിത്തുകളോ ?

അവയിൽ നിന്നത്രേ ഉയർന്നൊരാ നിലവിളി
തേന്മാവവളോ തിരിച്ചറിഞ്ഞു
അവയിൽ നിന്നത്രേ ഉയർന്നൊരാ നിലവിളി
തേന്മാവവളോ തിരിച്ചറിഞ്ഞു
****
കതിരോന്റെ കിരണങ്ങൾ ചായവെ
കാകനോ തൻ യാത്ര തുടരുവാനുദ്യമിക്കേ
അവനറിയാതെയാ ആൽ മരവിത്തുകൾ
തൻ മാറിലവളന്നു ചേർത്തണച്ചു

നെഞ്ചിന്റെയുള്ളിലെ ചൂടു നൽകീ
അവൾ ഉള്ളിന്റെയുള്ളിലെ കുളിരു നൽകീ
തൻ ജീവരക്തം പകർന്നു നൽകീ, പിന്നെ
പോറ്റീവളർത്തിയൊരമ്മയെപ്പോൽ

കാലം പതുക്കെ കടന്നു പോകെ, പുതിയ -
ഋതുഭേദഭാവങ്ങൾ മാറിയെത്തെ
അമ്മ തൻ മനസിൽ കുരുന്നായ പൈതങ്ങൾ
അമ്മയെക്കാളും വളർന്നുപൊങ്ങി

മക്കൾക്കു തണലേകി കുളിരേകി നിന്നൊരാ
ശിഖരങ്ങൾ മെല്ലെ കരിഞ്ഞുണങ്ങി
മക്കൾക്കുമാതൃത്വപ്പാലു ചുരത്തിയ
നെഞ്ചകം വറ്റിവരണ്ടുണങ്ങി

യൗവ്വനം പാടെയകന്നു കഴിഞ്ഞൊരാ-
മാതാവിൻ കായം കരിഞ്ഞുണങ്ങി
അതിലെങ്ങുമെങ്ങുമുയർന്നിന്നു പുണ്ണുകൾ
കണ്ടാലകലുന്നൊരർബുദം പോൽ

അമ്മ തൻ കദനം തെല്ലുകുറക്കുവാൻ
അമ്മ തൻ മക്കൾ ശ്രമിച്ചതില്ല
ഇരുവരും അപ്പൊഴും പന്തയം കെട്ടിപോൽ
ഗഗനത്തെയാരാദ്യം ചുംബിച്ചിടും?

തങ്ങളെ ചേർത്തു പുണർന്നു പിടിക്കുമാ-
അമ്മ തൻ കൈകൾ വിടർത്തി മാറ്റി
ആവുന്ന പോലെയങ്ങകലേക്കു മാറുവാൻ
ആ മക്കളിന്നു ശ്രമിച്ചുപോലും

അർബുദം വന്നു നിറഞ്ഞു മുഴച്ചൊരാ-
അമ്മ തൻ ജീർണ്ണത കണ്ടു കണ്ടാ-
മക്കൾ മടുത്തുപോൽ, അമ്മ തൻ നെഞ്ചിലെ
വേദന തെല്ലവർ കണ്ടതില്ല

അമ്മ തൻ യൗവ്വനം തങ്ങൾക്കു വേണ്ടിയാണന്നു
കളഞ്ഞതെന്നോർത്തതില്ല,
അമ്മ തൻ നെഞ്ചിലെ ചൂടാണു തങ്ങളെ-
തങ്ങളതാക്കിയതോർത്തതില്ല

എൻകിലുമമ്മ കരഞ്ഞതില്ലാ കരളിൽ-
കദനമതൊട്ടും നിറഞ്ഞതില്ല,
മക്കൾ തൻ ഉന്നതി കാണുവനായത്രെ
അമ്മ കൊതിച്ചവൾ എന്നുമെന്നും
പാവം, അമ്മ കൊതിച്ചവൾ എന്നുമെന്നും.
------------------------

** മൂച്ചിയെന്നാൽ 'മാവ്‌' മരം. പ്രായാധിക്യത്താൽ ഒടിഞ്ഞു വീഴാറായ മാവുമരവും, അതിന്റെ തടിയിൽ വളർന്നു പിന്നെ മാവിനെക്കാൾ വലുതായ 'ആൽ' മരവും പല നാട്ടിൻപുറകവലകളിലും നമുക്കു കാണാം....
ആ മാവിന്റെ അതേ ഗതിയല്ലേ ഇന്നു നമ്മുടെ പല അമ്മമാർക്കും ? സ്വന്തം ചൂടും ചൂരും ജീവിതവും ഒക്കെ നൽകി അമ്മ വളർത്തി വലുതാക്കിയ മക്കൾ, വലുതാകുമ്പോൾ, അമ്മയെ ഏതെങ്കിലും 'വൃദ്ധമന്ദിരത്തിൽ' തള്ളി സ്വന്തം ജീവിതം മാത്രം നോക്കി പോകുന്നതു ഇന്നു വാർത്തയേയല്ല ...!! പ്രിയ സുഹൃത്തുക്കളെ, നിങ്ങളെങ്കിലും ചിന്തിക്കൂ....... സ്വന്തം അമ്മയെ സ്നേഹിക്കൂ........

Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]