എന്നിട്ടും? ....[ചെറുകഥ]


എന്നാണ് നീ എന്നെ കൂടെ കൂട്ടിയത് എന്നറിയില്ല.
പക്ഷെ, ഒന്നറിയാം അത് ഞാൻ ആവശ്യപ്പെട്ടിട്ടായിരുന്നില്ല.

പിന്നെ, പതിയെ ഞാൻ നിന്റെ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു, എന്നാൽ, നീ ഒരിക്കലും എന്നെ സ്നേഹത്തോടെ ഒന്ന് നോക്കുക പോലും ചെയ്തില്ല. ഏതോ ശത്രുവിനോടെന്ന പോലെയല്ലേ നീ എന്നോടു പെരുമാറിയിരുന്നത് ?

വെറുപ്പും പകയും ആയിരുന്നു നിന്റെ കണ്ണുകളിൽ. സ്വന്തമായി ചലിക്കാൻ കഴിയാതിരുന്ന ഞാൻ, പക്ഷേ കാലുകൾ തളർന്ന നിന്റെ കാലുകളായി മാറി. സ്വന്തം വികാരങ്ങൾ ഇല്ലാതിരുന്ന എനിക്ക് പക്ഷെ നിന്റെ വികാരങ്ങളെ മനസിലാക്കാൻ പറ്റി. നീ നയിച്ച വഴികളിൽ മാത്രമായിരുന്നു ഞാൻ ചലിച്ചത്. നീ പറഞ്ഞപ്പോൾ നിന്നു, നീ പറഞ്ഞപ്പോൾ നടന്നു, നീ പറഞ്ഞപ്പോൾ ഓടി.
ഒരു തരി കിതപ്പ് പോലും ഇല്ലാതെ.

എന്നിട്ടും ?

നീ സ്വന്തമെന്നു കരുതി സ്നേഹിച്ചിരുന്ന (അഹങ്കരിച്ചിരുന്ന) പലരും, പതിയെ നിന്നെ വിട്ടു പോയി. കാലുകൾ തളർന്ന നിന്നെ അവർക്കു മടുത്തു കാണും. പക്ഷെ, അപ്പോഴും ഞാൻ നിന്നെ പൊതിഞ്ഞു നിന്നു. നിന്റെ സന്തോഷവും, സങ്കടവും, പൊട്ടിച്ചിരികളും, തേങ്ങിക്കരച്ചിലുകളും ഞാൻ കണ്ടു നിന്നു. അതൊക്കെ നിന്റെ വികാരങ്ങളായിരുന്നു എന്ന് ഞാൻ മനസിലാക്കിയിരുന്നു.

എന്നിട്ടും?

ഒടുവിലൊടുവിൽ, നീ എന്നെയും കൂടെകൂട്ടി നടക്കുന്നത് കുറച്ചു. പലപ്പോഴും നീ നിന്റെ മുറിയിൽ ഒതുങ്ങിക്കൂടി. നിന്റെ ദീർഘനിശ്വാസങ്ങൾ ഇടക്കുവച്ചു മുറിയുന്നത്‌ ഞാൻ അറിയുന്നുണ്ടായിരുന്നു. പക്ഷെ, ഒന്നും തിരിച്ചു പറയുവാൻ, അല്ലങ്കിൽ ഒന്ന് ആശ്വസിപ്പിക്കുവാൻ എനിക്കാവുമായിരുന്നില്ലല്ലൊ !

എന്റെ സ്നേഹം ഞാൻ പ്രകടിപ്പിക്കാൻ ശ്രമിച്ചപ്പോളൊക്കെ പുറത്തു വന്നത് വെറും 'കരകര' ശബ്ദങ്ങൾ മാത്രമായിരുന്നു. അല്ലാതെ വ്യക്തമായി പറയാൻ എനിക്ക് ശബ്ദമില്ലായിരുന്നല്ലോ? ഞാൻ പറഞ്ഞത് മനസിലാക്കാൻ നിനക്ക് കഴിഞ്ഞില്ല, അഥവാ നീ അതിനു ശ്രമിച്ചില്ല.

എല്ലാ മാസവും പതിവുള്ള പരിശോധനക്കു വേണ്ടി അതേ ആശുപത്രിയിലേക്കു പോകുമ്പോൾ നിന്റെ മുഖത്ത് യാതൊരു ഭാവഭേദവും ഉണ്ടായിരുന്നില്ലല്ലോ ? സ്ഥിരം ഡ്രൈവറെയും എന്നെയും കൂട്ടി നീ അന്നും സമയത്ത് തന്നെ ഇറങ്ങി. ഏഴാം നിലയിലെ ഡോക്ടറുടെ മുറിയിലേക്ക് കടക്കുമ്പോഴും നീ പതിവ് പോലെ ശാന്തനായിരുന്നു.

എന്നിട്ടും?

എന്താണ് അന്ന് ഡോക്ടർ നിന്നോടു പറഞ്ഞത് എന്നെനിക്കറിയില്ല. പക്ഷേ, നിന്റെ മുഖത്തെ ആ ഭാവവ്യത്യാസം ഞാൻ കണ്ടു. കണ്ണുകളിൽ തുളുമ്പി നിന്ന അശ്രുവും.

പിന്നെ, ഡോക്ടറുടെ മുറിയിൽ നിന്നും പുറത്തിറങ്ങിയ നീ എന്തിനാണ് പതിവില്ലാതെ ഡ്രൈവറെ മരുന്ന് വാങ്ങാൻ പറഞ്ഞു വിട്ടത്?
സാധാരണ ഞാനും നീയും കൂടിയല്ലേ ലിഫ്റ്റു വഴി ഫാർമസിയിൽ പോകാറുള്ളത്?

എന്നിട്ടും ?

എന്തിനാണ് നീ എന്നെയും കൂടി അതിവേഗം ഗോവണിപ്പടിയുടെ അടുത്തേക്ക് പാഞ്ഞത്? എനിക്കൊന്നു തടയാൻ പോലും കഴിയുന്നതിനു മുന്പേ നീ എന്നെ തട്ടിമാറ്റി, ചില്ലിട്ട പുറംഭിത്തിയും തകർത്ത് അങ്ങ് താഴേക്കു പോയത് ?

അപ്പൂപ്പൻതാടി നിനക്കൊരിക്കലും ഇഷ്ടമായിരുന്നില്ലല്ലോ? എന്നിട്ടും, നീയൊരു അപ്പൂപ്പൻതാടി പോലെ താഴേക്ക് പറന്നത് എന്തിനായിരുന്നു ?

ഇനി, എല്ലാം അവസാനിപ്പിക്കാൻ നീ തീരുമാനിച്ചിരുന്നു എങ്കിൽ, നിനക്ക് എന്നെയും കൂടെ കൂട്ടാമായിരുന്നില്ലേ? നീയില്ലാതെ എനിക്കും, ഞാനില്ലാതെ നിനക്കും ചലിക്കാൻ പോലുമാകില്ല എന്നറിഞ്ഞിട്ടു കൂടി നീ എന്നെ തനിച്ചാക്കി പോയതെന്തിനായിരുന്നു?

കഴിഞ്ഞ 20 വർഷമായി നിന്റെ സന്തതസഹചാരി ആയിരുന്നില്ലേ ഞാൻ ?

എന്നിട്ടും?.....പറയൂ ........എന്നിട്ടും?.....................

[ഒരു വീൽചെയറിന്റെ ഓർമ്മകുറിപ്പുകൾ.........]


Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]