"മാധ്യമങ്ങൾ എന്റെ വാക്കുകൾ വളച്ചൊടിച്ചു ......." [ആനുകാലികം]



".....മാധ്യമങ്ങൾ എന്റെ വാക്കുകൾ വളച്ചൊടിച്ചു ......."

ഈ തലക്കെട്ട്‌ വായിച്ചപ്പോൾ തന്നെ ഉള്ളടക്കം എന്തായിരിക്കും എന്ന് ഏകദേശം ഒരു ധാരണ കിട്ടിയല്ലോ അല്ലെ ?

ഈ ഒരു വിശദീകരണം നമ്മുടെ ഈ കൊച്ചു കേരളത്തിലെ ഏതെങ്കിലുമൊരു രാഷ്ട്രീയ നേതാവിന്റേതായി ഇല്ലാത്ത ഒരു ദിവസമെങ്കിലും നിങ്ങൾക്ക് ഓർമ്മയുണ്ടോ ?

സഭ്യവും, അസഭ്യവുമായ ഭാഷയിൽ പരസ്പരം ചീത്ത വിളിക്കുന്ന നമ്മുടെ രാഷ്ട്രീയനേതാക്കൾ,  അപൂർവമായ  'ഒരുമ' പ്രകടിപ്പിക്കുന്ന ഏകകാര്യവും ഒരു പക്ഷെ ഇതു തന്നെയാവും !!!

കൂടുതൽ അനുയായികളെ കണ്ട ആവേശത്തിന്റെ പുറത്തോ, അല്ലെങ്കിൽ പത്രക്കാരുടെ മുനവച്ച ചോദ്യങ്ങൾക്കു മറുപടി ആയോ, അതുമല്ലെങ്കിൽ സ്വന്തം വായാടിത്തം കൊണ്ടോ ഇത്തരം നേതാക്കൾ (ഒരു രാഷ്ട്രീയ പാർട്ടിയും ഇതിൽ നിന്നും വേറിട്ടു നില്ക്കുന്നില്ല) എന്തെങ്കിലുമൊക്കെ വിഡ്ഢിത്തം നമ്മുടെ ടെലിവിഷൻ ക്യാമറകൾക്കു മുൻപിൽ വിളിച്ചു കൂവും.

എന്തും ഏതും ഫ്ലാഷ് ന്യുസ് ആക്കാൻ കാത്തിരിക്കുന്ന നമ്മുടെ ചാനലുകൾ വിടുമോ? അപ്പോൾ തന്നെ ആ വാർത്ത പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കുകയായി (മിക്കവാറും ലൈവ് ആയിത്തന്നെ.). പിന്നെ വിവാദം ഉയരുകയായി.

എതിർപാർട്ടിയിൽ പെട്ടവർ അവരുടെ എതിർവാദങ്ങളുമായി എത്തുന്നു. സ്വന്തം പാർട്ടിയിൽ പെട്ടവർ നേതാവിനെ രക്ഷിക്കാൻ 'നൊടുക്ക് ന്യായങ്ങൾ' നിരത്തുന്നു. മാനനഷ്ടകേസ് എന്ന ഉമ്മാക്കി** കാട്ടി ആരോപണ വിധേയനായ നേതാവ് രോഷം കൊണ്ട് തിളച്ചുമറിയുന്നു. കോലംകത്തിക്കൽ, പന്തംകൊളുത്തിപ്രകടനം, ചാനലുകളിൽ രാത്രി 8:30 മുതൽ ലൈവ് ചർച്ചകൾ എന്നിവയൊക്കെ പൊടിപൊടിക്കുന്നു, അതിനിടയിലെ ഒച്ചപ്പാടും ചീത്ത വിളിയും ...
.....എന്ന് വേണ്ട, മൊത്തത്തിൽ സംഗതി പൊടിപൂരം .......

ഇത്രയുമൊക്കെ ആകുമ്പോൾ നമ്മുടെ നേതാവ്  വിശദീകരണവുമായി രംഗത്ത് എത്തുകയായി. പതിവ് വിശദീകരണം തന്നെ " എന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചു..". (വെറുതെ അങ്ങ് വളച്ചൊടിക്കാൻ നേതാവിന്റെ വാക്കുകൾ എന്താ വല്ല ചുള്ളിക്കമ്പുമാണോ? അതോ ഇനി വല്ല സ്ഫടികദണ്ഡുമാണോ? എന്നൊന്നും ചോദിക്കരുതേ ...... പ്ലീസ് ).

അതോടെ ചർച്ചകൾ നിർത്തുന്നു. അതുവരെ തമ്മിൽ ചീത്തവിളിച്ചവർ ഹസ്തദാനം നടത്തി ചാനൽ സ്റ്റുഡിയോ വിടുന്നു. വിവിധ നേതാക്കൾ 'കോളിനോസ്' ചിരിയുമായി ജാള്യത മറയ്ക്കുന്നു. അണികൾ കത്തിത്തീരാത്ത കോലം റോഡിൽ ഉപേക്ഷിച്ചു അനുസരണയോടെ സ്വന്തം വീടുകളിലേക്ക് പോകുന്നു........

എന്തൊരു ശുഭപര്യവസാനം? (പണ്ടത്തെ ബ്ലാക്ക് & വൈറ്റ് മലയാളം സിനിമ പോലെ).

കണ്ണിമയ്ക്കാതെ അത്രയും നേരം ചാനൽ കണ്ടുകൊണ്ടിരുന്ന സാധാരാണ പ്രേക്ഷകൻ ആരായി? ശശിയോ ? അതോ ? ....

എന്താണ് ഇത്തരം രാഷ്ട്രീയനേതാക്കൾ വിചാരിച്ചിരിക്കുന്നത് ? അവരുടെ വായാടിത്തവും വിവരക്കേടും കണ്ടുകൊണ്ടിരിക്കുന്ന  അല്ലെങ്കിൽ കേട്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർ (അഥവാ പൊതുജനം) വെറും കഴുതകൾ ആണെന്നോ ?

ദൃശ്യമാധ്യമങ്ങൾ പ്രചാരത്തിൽ ആകുന്നതിനു മുൻപാണ്  ഇത് എങ്കിൽ നമുക്ക് പിന്നെയും വിശ്വസിക്കാം. അല്ലെ ? 

കാരണം, നേതാവിന്റെ 'ഭാഷണം' പത്രലേഖകന്റെ പേനത്തുമ്പിലൂടെ പിറ്റേന്ന് മാത്രമാണല്ലോ പത്രദ്വാരാ നമ്മുടെ മുൻപിൽ എത്തുന്നത്. അതിനിടയിൽ ഒരുപക്ഷെ, ഈ പറഞ്ഞ ചില 'വളച്ചൊടിക്കലുകൾ' നടന്നേക്കാം.

പക്ഷേ, നിരന്നിരിക്കുന്ന നിരവധി ചാനൽ ക്യാമറകൾക്കു മുൻപിൽ വിളിച്ചു പറഞ്ഞ കാര്യങ്ങൾ വിവാദമാകുമ്പോൾ, യാതൊരു ഉളുപ്പുമില്ലാതെ പിറ്റേന്നു,  'മാധ്യമങ്ങൾ വളച്ചൊടിച്ചു...' എന്ന രീതിയിൽ വിശദീകരിക്കാൻ സാധിക്കുന്ന നമ്മുടെ രാഷ്ട്രീയ നേതാക്കളെ (എല്ലാ പാർട്ടിയിലും പെട്ട), നിങ്ങളുടെ തൊലിക്കട്ടി ...അമ്പമ്പോ ...അപാരം ....

കാണ്ടാമൃഗമേ നീ നാണിക്കുക ........

=================
** കേരളത്തിലെ എതെങ്കലും നേതാവിനെ ഇന്നേവരെ ഒരു മാനനഷ്ടകേസിൽ ശിക്ഷിച്ചതായി നിങ്ങൾ കേട്ടിട്ടുണ്ടോ ? അപ്പോൾ പിന്നെ 'ഉമ്മാക്കി' എന്നല്ലാതെ എന്ത് വിളിക്കാൻ ?

***************************************************************************
പിൻകുറിപ്പ്: മേല്പറഞ്ഞ തരം  വിശദീകരണങ്ങൾ കണ്ടും കേട്ടും മടുത്ത ഒരു സാധാരണ മലയാളിയുടെ ചിന്തകളായി മാത്രം ഇതിനെ കാണുക. ഒരു രാഷ്ട്രീയ ലക്ഷ്യവും ഇതിനില്ല. അതുപോലെ തന്നെ, ഒരു രാഷ്ട്രീയ പാർട്ടിയേയും ഉദ്ദേശിച്ചുമല്ല ഇത് എഴുതിയിട്ടുള്ളത്.









Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]