കൂട്ടരോടൊത്തൊരു കുറ്റാലം യാത്ര [യാത്രാവിവരണം]
വളരെ അപൂർവമായി ഞങ്ങൾ ടെക്കികൾക്കു (ടെക്നോപാർക്കിൽ ജോലിചെയ്യുന്നവരുടെ വിളിപ്പേര്) വീണു കിട്ടിയ മറ്റൊരു അവധി ദിവസം. ഇത്തവണ കുറ്റാല(അഥവാ കുട്രാലം)ത്തേക്കായിരുന്നു ഞങ്ങളുടെ യാത്ര. പതിവ് പോലെ, തീരുമാനിച്ചതിൽ നിന്നും ഏറെ വൈകി ഏതാണ്ട് 9 മണിയോടെ ഞങ്ങൾ യാത്ര തുടങ്ങി. തമാശകൾ പറഞ്ഞും, ചിരിച്ചും, പരസ്പരം കളിയാക്കിയും ഒക്കെ അതങ്ങിനെ തുടർന്നു. വിശപ്പിന്റെ കാഠിന്യമേറിയപ്പോൾ, ചെറിയൊരു ഹോട്ടലിൽ നിന്നും രുചിയേറിയ പ്രഭാത ഭക്ഷണം.
ഒരുപാട് സിനിമകളിൽ നമ്മൾ കണ്ട, നമ്മളെ കൊതിപ്പിച്ച അനവധി ആർച്ചുകളോടു കൂടിയ തെങ്കാശി റെയിൽപാലത്തിനടിയിൽ ഞങ്ങൾ വണ്ടി നിർത്തി. ഇരുവശത്തും ഉയർന്നു നിൽക്കുന്ന പച്ചപുതച്ച കുന്നുകൾ. റോഡിന്റെ വലതു വശം ചേർന്ന് ഒഴുകുന്ന പുഴ (അതോ വീതിയേറിയ തോടോ?). ഇടതു വശത്ത്, അനേകം ആർച്ചുകളോടു കൂടിയ റെയിൽ-മേൽപാലം, അതും മലയടിവാരത്തു കൂടി, വളഞ്ഞുപുളഞ്ഞങ്ങിനെ. തികച്ചും അപൂർവവും സുന്ദരവുമായ കാഴ്ച. ക്യാമറകൾ തുടർച്ചയായി മിഴി ചിമ്മിക്കൊണ്ടേയിരുന്നു. പാലത്തിന്റെ അരികിലൂടെയുള്ള നടകൾ ചവിട്ടി ഞങ്ങൾ മുകളിൽ റെയിൽപാളത്തിലേക്ക് കയറി. ചെറിയൊരു മല തുരന്ന്, അതിനുള്ളിൽ കൂടെയാണ് റെയിൽപാളം കടന്നു പോകുന്നത്. പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതേയുള്ളൂ.
തിരിച്ചിറങ്ങിയ ഞങ്ങൾ, കുറ്റാലത്തേക്കുള്ള യാത്ര തുടർന്നു. ഇടക്ക് പാലരുവി സന്ദർശിക്കാൻ ഒരുങ്ങിയെങ്കിലും വെള്ളം കുറവാണെന്നുള്ള അറിയിപ്പ് കിട്ടിയത് മൂലം ഞങ്ങളത് റദ്ദാക്കി.
ഏതാണ്ട് രണ്ടു മണിയോടെ ഞങ്ങൾ കുറ്റാലത്തെത്തി. വാഹനം പാർക്ക് ചെയ്തു നേരെ വെള്ളച്ചാട്ടത്തിനടുത്തേക്കു നടന്നു.
ഐതിഹ്യം പറയുന്നത്, പണ്ട് കഠിനമായ തലവേദനയാൽ കഷ്ടപ്പെട്ട അഗസ്ത്യ മഹർഷിക്ക്, ശിവഭഗവാൻ പ്രദാനം ചെയ്ത ഔഷധമൂല്യമുള്ള ജലസമൃദ്ധിയാണ് കുറ്റാലം എന്നാണ്. ഇതിൽ കുളിക്കുന്നത് പലരോഗങ്ങളിൽ നിന്നും മുക്തി നേടാനുള്ള ഒറ്റമൂലി കൂടിയത്രെ !

ആകെ ഒൻപതു വെള്ളച്ചാട്ടങ്ങളാണ് കുറ്റാലത്തുള്ളത്. പേരരുവി, ചിറ്റരുവി, ചെമ്പകദേവി അരുവി, തേനരുവി, ഐന്തരുവി, പഴത്തോട്ട അരുവി, പഴയ അരുവി, പുലിയരുവി, പിന്നെ ഹോർട്ടികൾചർ പാർക്കിനുള്ളിലുള്ള ചെറിയ അരുവി എന്നിങ്ങനെ ആകെ ഒൻപതെണ്ണം.
പേരരുവിയിൽ കുളിക്കാനുള്ള തയ്യാറെടുപ്പോടെ ചെന്ന ഞങ്ങളെ വരവേറ്റത് വളരെ നീളമുള്ള ക്യു ആയിരുന്നു. അത് കണ്ടതും, കുളി വേണ്ടെന്നു വച്ച് ഞങ്ങൾ നേരെ ഐന്തരുവി ലക്ഷ്യമാക്കി നീങ്ങി.
ഒന്നായി ഒഴുകിയെത്തി, പാറക്കൂട്ടത്തിനു മുകളിൽ വച്ച് അഞ്ചായി പിരിഞ്ഞു, തമ്മിൽ കളകളം ചൊല്ലി, ആർത്തു ചിരിച്ചു, അഞ്ചു വെള്ളച്ചാട്ടങ്ങളായി താഴേക്കു പതിക്കുന്നതാണ്, പേര് സൂചിപ്പിക്കുന്നത് പോലെ ഐന്തരുവി. കാടിന്റെ നിശബ്ദതയിൽ, ആ ഹരിതാഭയിൽ ഐന്തരുവി അതിമനോഹരമായ ഒരു കാഴ്ച തന്നെ. ["കാറ്റിനാൽ കുന്തളം ചീകി ചിരിച്ചങ്ങു, കാട്ടിലെ സുന്ദരി പാഞ്ഞു പോയാൾ...... "എന്ന പ്രശസ്തമായ കവിവാക്യം അറിയാതെ മനസ്സിലേക്കോടിയെത്തി]
അഞ്ചു വെള്ളച്ചാട്ടങ്ങളിൽ മൂന്നെണ്ണം പുരുഷന്മാർക്കും രണ്ടെണ്ണം സ്ത്രീകൾക്കുമായി ആണ് നീക്കിവച്ചിരിക്കുന്നത്. വസ്ത്രം മാറ്റി ഞങ്ങൾ പതുക്കെ വെള്ളച്ചാട്ടത്തിനടുത്തേക്കു നടന്നു. ഒരു പകലിന്റെ മുഴുവൻ യാത്രാക്ഷീണവും വഹിച്ച ശരീരം, പ്രകൃതിയുടെ നൈസർഗിക കുളിർമ തിരിച്ചറിഞ്ഞതിനാലാകണം, വല്ലാതെ രോമാഞ്ചം കൊണ്ടു. പാറക്കൂട്ടത്തിനു മുകളിൽ നിന്നും, പളുങ്കുമണികൾ പോലെ ചിതറി വീണ വെള്ളത്തുള്ളികൾ, തല വഴി, തനു വഴി അങ്ങിനെ ഒഴുകിയിറങ്ങിയപ്പോൾ ...ആഹാ .. അനിർവചനീയമായ അനുഭൂതി ...! അത് അനുഭവിച്ചറിയുക തന്നെ വേണം....!
ഒന്ന് തീർച്ച. അങ്ങ് ദൂരെ മലമുകളിൽ എവിടെയോ ഉത്ഭവിച്ചു, ശതക്കണക്കിനു പച്ചമരുന്നുകളിലും പാറക്കല്ലുകളിലും ഒക്കെ തട്ടിമുട്ടി, ആ ഔഷധഗുണമെല്ലാം ഉള്ളിൽ ആവാഹിച്ചു, താഴേക്കൊഴുകിയെത്തുന്ന ഈ ഐന്തരുവി ഏതൊരു സന്ദർശകന്റെയും, ശരീരം മാത്രമല്ല, മനസും തണുപ്പിക്കാൻ പോന്നതാണ്. ഇവിടേയ്ക്കെത്താൻ അവർ കൊണ്ട വെയിലും, താണ്ടിയ ദൂരവും.... എല്ലാം എല്ലാം, ഈ ഒരൊറ്റ സ്നാനത്തിൽ അവർ മറന്നു പോകുക തന്നെ ചെയ്യും !
നഗരത്തിന്റെ മടുപ്പിക്കുന്ന ആ തിരക്കിൽ നിന്നും ഓടിയെത്തിയതിനാൽ കൂടി ആവണം, ആ കുളിരിൽ നിന്നും കരയിലേക്ക് കയറാൻ ഞങ്ങൾ ആദ്യമൊന്നു മടിച്ചു. എന്നാൽ തിരികെ താണ്ടേണ്ടുന്ന ദൂരം ഓർത്തപ്പോൾ താനേ കരയ്ക്കു കയറി.
സമീപത്തെ കടയിൽ നിന്നും ഓരോ ചൂടുചായയും കുടിച്ചു ഞങ്ങൾ നേരെ പുലിയരുവിയിലേക്കു തിരിച്ചു. എന്നാൽ അവിടെ ഞങ്ങൾക്ക് നിരാശപ്പെടേണ്ടി വന്നു. കാരണം ഒഴുക്ക് തീരെ കുറഞ്ഞ പുലിയരുവിയിൽ കുളിക്കാനാവില്ല എന്ന് അവിടുത്തെ സുരക്ഷാജീവനക്കാർ ഞങ്ങളെ അറിയിച്ചു.
ആദ്യം അല്പം വിഷമം തോന്നിയെങ്കിലും, ഐന്തരുവിയിലെ വിശാലമായ നീരാട്ടിന്റെ കുളിരോർമ്മകൾ ആ വിഷമത്തെ എളുപ്പം അകറ്റി. തിരികെ യാത്രയിൽ, കുറ്റാലത്തെ പ്രശസ്തമായ പഴച്ചന്തയിൽ കയറി. മാങ്കോസ്റ്റിൻ , റംബൂട്ടാൻ, വിവിധതരം ഈന്തപ്പഴങ്ങൾ എന്നു തുടങ്ങി നമ്മുക്ക് അത്രകണ്ട് പരിചിതമല്ലാത്ത, സ്വദേശിയും വിദേശിയും ആയ ഒട്ടനവധി പഴങ്ങൾ അവിടെ നമ്മെ കാത്തിരിക്കുന്നു. എല്ലാവരും തന്നെ ആവശ്യത്തിന് പഴങ്ങൾ വാങ്ങി. ചിലർ സൗജന്യ സാമ്പിൾ മാത്രം വാങ്ങി (എന്തു തന്നെയായാലും നമ്മൾ മലയാളികൾ ആണല്ലോ.... 'സൗജന്യം' എന്ന വാക്കു നമ്മുടെ ഏറ്റവും വലിയ 'വീക്നെസ്സും' !).
ശേഷം, അനന്തപുരിയിലേക്കുള്ള ദീർഘമായ മടക്കയാത്ര. അതുവരെ അറിയാതിരുന്ന വിശപ്പു പതുക്കെ അധികമായി തുടങ്ങി. നല്ല ഒരു ഭക്ഷണശാല തിരഞ്ഞു ഞങ്ങൾ അങ്ങിനെ വരുമ്പോൾ, നടുറോഡിൽ ഞങ്ങളുടെ ശകടം പെട്ടെന്ന് പണിമുടക്കി. ഭാഗ്യത്തിന്, തിരക്കൊഴിഞ്ഞ ഒരു നാട്ടിൻ പുറമായിരുന്നു അത്. എല്ലാവരും ഇറങ്ങി, വണ്ടി ഒരു വശത്തേക്ക് തള്ളി മാറ്റി. ബോണറ്റ് തുറന്നു നോക്കിയപ്പോൾ റേഡിയേറ്ററിൽ ഒരു തുള്ളി വെള്ളമില്ല !
എന്തായാലും റേഡിയേറ്റർ തണുത്തു, വെള്ളം ഒക്കെ നിറച്ചു യാത്ര തുടരാൻ കുറഞ്ഞത് അര മണിക്കൂർ എങ്കിലും എടുക്കും. എന്നാൽ ആ സമയം കൊണ്ട് സ്വന്തം വയറിലേക്കുകൂടി അല്പം ഭക്ഷണം എത്തിക്കാനുള്ള തിരച്ചിലിൽ ആയി ഞങ്ങൾ. വയറും ഒന്ന് തണുക്കട്ടെ. നോക്കുമ്പോൾ റോഡിനെതിർവശത്തായി ഒരു ചെറിയ നാടൻചായക്കട. വേഗം കൈകഴുകി ഇരുന്നു. മേശമേൽ നിരന്നതോ ? നല്ല ഒന്നാം തരം ചൂട് ദോശ, ഇറച്ചിക്കറി, പിന്നെ നല്ല കപ്പ പുഴുങ്ങിയതും .... കൂട്ടിന് കട്ടൻ ചായയും ....പോരെ പൂരം ? ഉർവ്വശീശാപം ഉപകാരം എന്നു പറഞ്ഞതു പോലെ, വെള്ളം തീർന്ന റേഡിയേറ്ററിനെ മനസ്സിൽ ധ്യാനിച്ച്, അത്യാർത്തി രാഗത്തിൽ, ആസുര താളത്തിൽ, കണ്ണുമടച്ചുള്ള ഒരു പ്രകടനമായിരുന്നു പിന്നെ .....!
ശേഷം, ആ കടയിൽ നിന്നു തന്നെ കുറെ വെള്ളം വാങ്ങി, റേഡിയേറ്ററിൽ ഒഴിച്ച് നേരെ നമ്മുടെ സ്വന്തം അനന്തപുരിയിലേക്ക്. നഗര ജീവിതത്തിന്റെ ആ ആവർത്തന വിരസതയിലേക്ക്. (ഒരു പക്ഷെ, ആ ആവർത്തന വിരസത തന്നെയാവാം ഇടക്കൊക്കെ വീണു കിട്ടുന്ന ഇത്തരം ചെറുയാത്രകളുടെ ആസ്വാദ്യത കൂട്ടുന്നതും.... അല്ലെ ?)
അവസാനമായി, ഇതേ വരെ കുറ്റാലം സന്ദർശിക്കാത്തവരോട് ഒരു വാക്ക്. തീർച്ചയായും ഒരിക്കൽ നിങ്ങൾ അവിടം സന്ദർശിക്കുക തന്നെ വേണം. മനവും തനുവും കുളിർപ്പിക്കണം. അത് ഒരിക്കലും ഒരു നഷ്ടമാകില്ല, മറിച്ചു നിങ്ങൾക്ക് വളരെ ഇഷ്ടമാവും..... തീർച്ച !

******
Blog: https://binumonippally.blogspot.com
Comments
Post a Comment