പറക്കമുറ്റുമ്പോൾ..... [കവിത]
പറക്കമുറ്റവേ പറന്നകലുമാ -
കിളിക്കുഞ്ഞിൻ കണ്ണിൽ കനവ് പൂക്കുന്നു
ചിറകടിച്ചു ഞാൻ പറന്നിടും ചിരം
അനന്തമാകുമീ ഗഗനവീഥിയിൽ !
വിയർത്തൊലിയ്ക്കുമാ കതിരവന്നു ഞാൻ
ചിറകുവീശിയും കുളിരു നൽകിടും
പശിയതേറവേ പറന്നുചെന്നു ഞാൻ
മധുരമൂറുമാ ഫലങ്ങൾ തിന്നിടും
തണൽ വിരിയ്ക്കുമാ മരങ്ങൾ തന്നുടെ
ഉയർന്ന ചില്ലയിൽ തളർന്നുറങ്ങിടും
'അരുത്' ചൊല്ലുവാൻ അരികിലില്ലമ്മ
സ്വതന്ത്രനായി ഞാൻ പറന്നു പാറിടും !
***
പറക്കമുറ്റവേ പറന്നു പോയൊരാ -
കുരുന്നു പൈതലിൻ കനലു ചിന്തയിൽ
ഉരുകിയെന്നുമാ മനം തപിക്കുന്നു
കരഞ്ഞു കണ്ണുനീരുറവ വറ്റിയ
മിഴികളിന്നുമാ നിഴലു തേടുന്നു
ചിറകടിച്ചവൻ തളർന്നിരിക്കുമോ?
കുരലുണങ്ങവേ ഉറവ* കാണുമോ?
പശിയടക്കുവാൻ ഫലങ്ങൾ കാണുമോ?
തളർന്നുറങ്ങുവാൻ ഇടം കിടയ്ക്കുമോ?
ചിറകടിയിലെൻ വിയർപ്പു ചേർന്നുകൊണ്ടു -
റങ്ങിയാണവൻ ഉണർന്നതെന്നുമേ!
***
പരുന്തു മൂങ്ങയും കുറുനരികളും
അലഞ്ഞു മേവുമാ വിപിനമാകവേ
തളർന്നുറങ്ങുമാ കുരുന്നു പൈതലിൻ
അവസ്ഥ പാടുവാനശക്തനാണു ഞാൻ!
ഉറച്ചു ചൊല്ലിടാം ഒരമ്മതൻ ചിറ-
കേകുമാ സുഖം വേറെ കിട്ടിടാ
അമ്മ ചൊല്ലിടും 'അരുതു' പോലും നിൻ
രക്ഷയെന്നു നീ അറിഞ്ഞുകൊള്ളുക
നിറഞ്ഞു തൂവരുതമ്മ തൻ കണ്ണുകൾ
അരുമപൈതലിൻ വിയോഗമോർത്തിനി
കരുതണം, മക്കൾ കരുതി വാഴണം
തപിച്ചിടാതെയാ മനസ്സു കാക്കണം !!
*********
*നീരുറവ
Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
Comments
Post a Comment