വ്യക്തിഹത്യയിലേക്കു വഴിമാറുന്ന രാഷ്ട്രീയ വിമർശനങ്ങൾ ! [ലേഖനം]


 ഈ ഒരു ലേഖനം എഴുതാൻ വളരെ നാൾ മുൻപേ ആലോചിച്ചതാണ്. എന്നാൽ, വിഷയം  രാഷ്ട്രീയം ആയതു കൊണ്ടും, നമ്മുടെ ഈ കൊച്ചു കേരളത്തിൽ രാഷ്ട്രീയം എന്നത് എന്നും വളരെ  'സെൻസിറ്റീവ്' ആയ ഒന്നായതു കൊണ്ടും, പലപ്പോഴും അത് വേണ്ടെന്നു വച്ചു.

എന്നാലും, അത് പറയാതിരിക്കാനാവുന്നില്ല !

ആദ്യമേ തന്നെ പറയെട്ടെ, ഇതൊരു രാഷ്ട്രീയ ലേഖനം, അല്ലേയല്ല....!

ആരോഗ്യകരമായ രാഷ്ട്രീയ വിമർശനങ്ങളിൽ നിന്നും, തീർത്തും അനാരോഗ്യകരമായ വ്യക്തിഹത്യകളിലേക്കു (പ്രത്യേകിച്ചും, രാഷ്ട്രീയ നേതാക്കളുടെ) വഴിമാറുകയാണോ ഇന്നു നാം കാണുന്ന  രാഷ്ട്രീയ വിമർശനങ്ങൾ ? വിശിഷ്യാ, നമ്മുടെ നവമാധ്യമ രാഷ്ട്രീയവിമർശനങ്ങൾ ?

അതെ.... എന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങൾക്കോ ?

ജനാധിപത്യസംവിധാനത്തിൽ, തീർച്ചയായും  രാഷ്ട്രീയവും, രാഷ്ട്രീയ വിമർശനങ്ങളും  ഒഴിച്ചു കൂടാനാവാത്തതു തന്നെയാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ആരോഗ്യകരമായ ജനാധിപത്യത്തിന് അത്യന്താപേക്ഷിതമാണ്, ആരോഗ്യപരമായ രാഷ്ട്രീയ വിമർശനങ്ങൾ !

പക്ഷെ  ഇന്ന് നടക്കുന്നതോ ? ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയേയോ അല്ലെങ്കിൽ  മുന്നണിയേയോ വിമർശിക്കുന്നതിനു പകരം, ആ പാർട്ടിയുടെ അഥവാ മുന്നണിയുടെ നേതാവിനെ (നേതാക്കളെ ) വ്യക്തിപരമായി ആക്ഷേപിക്കുന്ന, അല്ലെങ്കിൽ അവഹേളിക്കുന്ന തലത്തിലേക്ക്, തരംതാഴ്ന്നിരിക്കുകയല്ലേ ഇന്നത്തെ നവമാധ്യമ വിമർശനങ്ങൾ ?

കോൺഗ്രസിനെയും അതിന്റെ നയവൈകല്യങ്ങളെയും വിമർശിക്കുന്നതിനേക്കാൾ നമുക്ക് താല്പര്യം, സോണിയാഗാന്ധിയെയും രാഹുൽ ഗാന്ധിയെയും തെറി പറയുന്നതാണ് !

ബിജെപിയെയും എൻഡിഎ യേയും വിമർശിക്കുന്നതിനു പകരം നമ്മൾ നരേന്ദ്ര മോദിയെ ചീത്തവിളിക്കും, അമിത് ഷായെ ഭർത്സിക്കും !

എൽഡിഫ് സർക്കാരിനെ വിമർശിക്കുന്നതിനേക്കാൾ നമുക്ക് താല്പര്യം, പിണറായി വിജയന്റെ കുടുംബ രഹസ്യങ്ങൾ തിരയാനാണ് !

മുൻ കേരളാസർക്കാരിന്റെ വീഴ്ചകളേക്കുറിച്ചു പറയുന്നതിനേക്കാൾ നമുക്കിപ്പോഴും ഇഷ്ടം, ഉമ്മൻ ചാണ്ടിയെ ഇക്കിളിപ്പെടുത്താനാണ് !

അങ്ങിനെ അങ്ങിനെ ...ആ പട്ടിക എത്ര വേണമെങ്കിലും നീട്ടാം.

ഇനി, ഇത്തരം വിമർശനങ്ങളിൽ പലപ്പോഴും ഉപയോഗിക്കുന്ന ഭാഷയോ ? തീർത്തും നിലവാരമില്ലാത്തതും, തരംതാണതും. കൂടെ ഈ നേതാക്കളുടെയൊക്കെ ചില വിളി(ഇരട്ട)പ്പേരുകളും !

രാഷ്ട്രീയമായി തങ്ങളുടെ എതിർ ചേരിയിൽ ഉള്ള പ്രമുഖ നേതാക്കളൊയൊക്കെ ഈ രീതിയിൽ വ്യക്തിഹത്യ നടത്താൻ, ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികൾക്കും ഇപ്പോൾ സ്വന്തമായി സൈബർ ഗ്രൂപ്പുകൾ പോലുമുണ്ടത്രെ! ഇന്ന് നാം കാണുന്ന മിക്ക രാഷ്ട്രീയ ട്രോളുകളും അത്തരം ഗ്രൂപ്പുകൾ സൃഷ്ടിക്കുന്നവയത്രെ !

ഒരു നിമിഷം, ഇത്തരം ട്രോളുകൾ പ്രോത്സാഹിപ്പിക്കുന്ന ഈ രാഷ്ട്രീയ പാർട്ടികൾ താഴെ പറയുന്ന ചില കാര്യങ്ങൾ ഒന്ന് ഓർത്തിരുന്നെങ്കിൽ ?....

1. നമ്മുടെ നാട്ടിൽ, (ചെറുതല്ലാത്ത) നല്ലൊരു ശതമാനം ആളുകൾ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരും, ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയിൽ അടിയുറച്ചു വിശ്വസിക്കുന്നവരും ആണ്.

2. ഗണ്യമായ മറ്റൊരു വിഭാഗം, ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയോട് അനുഭാവം ഉള്ളവരാണ്.

3. ഭൂരിഭാഗം ആളുകളും, പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗത്വം ഇല്ലാത്തവരും, എന്നാൽ രാഷ്ട്രീയരംഗത്തെ ചലനങ്ങളെ, കൃത്യമായി നോക്കികാണുകയും, അതതു സമയത്തെ രാഷ്ട്രീയസാഹചര്യങ്ങൾക്കനുസരിച്ചു സ്വന്തം സമ്മതിദാനാവകാശം, ബുദ്ധിപൂർവ്വം വിനിയോഗിക്കുന്നവരുമാണ്.

4. അവശേഷിക്കുന്നവർ, രാഷ്ട്രീയത്തിൽ അഥവാ രാഷ്ട്രീയക്കാരിൽ, തീർത്തും വിശ്വാസമില്ലാത്തവർ ആണ്. [ഈ വിഭാഗത്തിൽ പെടുന്നവരുടെ എണ്ണം ഇന്ന് അടിയ്ക്കടി കൂടിവരുന്നു എന്നുള്ളത് അപകടകരമായ ഒരു യാഥാർഥ്യവുമാണ്]

മുകളിൽ പറഞ്ഞവരിൽ (1) വിഭാഗക്കാർ, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തങ്ങൾ വിശ്വസിക്കുന്ന പാർട്ടിയിൽ അടിയുറച്ചു നിൽക്കുന്നവരാണ്.

ഇനി നമ്പർ (2) ലേക്ക് വന്നാൽ, തങ്ങൾ അനുഭാവം പ്രകടിപ്പിക്കുന്ന പാർട്ടിയെ കൈവിടണമെങ്കിൽ, തീർത്തും വ്യക്തവും ശക്തവും ആയ  കാരണങ്ങൾ തന്നെ വേണം എന്ന മനോഭാവം ഉള്ളവരാണ്.

ഭൂരിഭാഗം വരുന്ന നമ്പർ (3) ആകട്ടെ, നേരത്തെ സൂചിപ്പിച്ചതു പോലെ, ദൈനംദിന സാമൂഹിക, രാഷ്ട്രീയ ചുറ്റുപാടുകളെ സാകൂതം വീക്ഷിക്കുകയും, അവയെ നന്നായി അപഗ്രഥനം ചെയ്യുകയും ചെയ്യുന്നവരാണ്. എന്നാൽ അതേ സമയം തന്നെ, തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമാക്കാനോ, വാഗ്വാദങ്ങളിൽ ഏർപ്പെടാനോ ഇവർ പൊതുവെ വിമുഖരായിരിക്കും. അതുകൊണ്ടു തന്നെ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയേയോ അല്ലെങ്കിൽ അതിന്റെ നേതാക്കളെയോ പറ്റിയുള്ള വ്യക്തിപരമായ (കൃത്യതയില്ലാത്ത) ആക്ഷേപങ്ങൾ പലപ്പോഴും ഇവരെ സ്വാധീനിക്കാറുമില്ല. മറിച്ച്, ഒരു തിരഞ്ഞെടുപ്പു വരുമ്പോൾ ഇക്കൂട്ടർ തങ്ങളുടെ വോട്ടവകാശം കൃത്യമായി വിനിയോഗിക്കുകയും ചെയ്യും.

ഇനി അവസാന വിഭാഗത്തിലേക്ക് വന്നാൽ, അവർ രാഷ്ട്രീയമായി തീർത്തും നിസ്സംഗരാണ്.

അപ്പോൾ പിന്നെ, നമ്മൾ മുൻപ് പറഞ്ഞ വ്യക്തിഹത്യാ ആക്രമണങ്ങൾ ആരെ സ്വാധീനിക്കാൻ ഉദ്ദേശിച്ചുള്ളവയാണ്? അല്ലെങ്കിൽ ആരുടെ രാഷ്ട്രീയ കാഴ്ചപ്പാടിനെ മാറ്റിമറിയ്ക്കാനാണ് ? അതുമല്ലെങ്കിൽ, ആരുടെ വോട്ടുകൾ തങ്ങളുടെ പെട്ടിയിൽ വീഴ്ത്താനാണ് ?

എനിയ്ക്കു തോന്നുന്നത്, ഇത്തരം വിലകുറഞ്ഞ വിമർശനങ്ങൾ,   ജനങ്ങൾക്കിടയിൽ രാഷ്ട്രീയത്തെയും  രാഷ്ട്രീയക്കാരെയും കുറിച്ച്  കൂടുതൽ വെറുപ്പ് ഉണ്ടാക്കുവാനല്ലാതെ, മറ്റൊന്നിനും ഉപകരിയ്‌ക്കില്ല എന്നു തന്നെയാണ്.

കൂടെ, വിരോധാഭാസം എന്നു തോന്നാവുന്ന മറ്റൊരു വശം കൂടെ ഇത്തരം വ്യക്തിഹത്യകൾക്കുണ്ട്. ഏതെങ്കിലും ഒരു നേതാവിനെ  ഇത്തരത്തിൽ ചെളി വാരിയെറിയുമ്പോൾ, യഥാർത്ഥത്തിൽ യാതൊരു പണച്ചിലവുമില്ലാതെ തന്നെ ആ നേതാവിന് കൂടുതൽ പ്രശസ്‌തി അഥവാ പ്രസിദ്ധി കിട്ടുകയല്ലേ ചെയ്യുന്നത്?

ഉദാഹരണത്തിന്:
എന്തൊക്കെ രാഷ്ട്രീയ എതിർപ്പുകൾ ഉണ്ട് എങ്കിൽ തന്നെയും, ഇന്ന് ഭാരതത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതി ഉള്ള രാഷ്ട്രീയ നേതാവ് ശ്രീ നരേന്ദ്ര മോദി ആണ് എന്നതിൽ ആർക്കും തർക്കം കാണില്ല. നോക്കുക, NDA സർക്കാരിന്റെ നയപരിപാടികളെയും തെറ്റായ നടപടികളെയും വിമർശിക്കുന്നതിനു പകരം, ഇവിടുത്തെ എല്ലാ പ്രതിപക്ഷ പാർട്ടികളും ചെയ്യുന്നത് എന്താണ് ?
എന്തിനും, ഏതിനും, ആവശ്യത്തിനും, അനാവശ്യത്തിനും അവർ "മോദി,  മോദി" എന്ന് നിലവിളിയ്ക്കുന്നു! ..... അത് നോട്ട് നിരോധനം ആയാലും, വിദേശ യാത്ര ആയാലും, ബീഫ് വിവാദം ആയാലും, ഇനി GST ആയാലും.....!
അവരുടെ സൈബർ പോരാളികൾ ഇതേ കാര്യം ഇന്റർനെറ്റിൽ ദിവസേന ഒരു നൂറായിരം തവണ ആവർത്തിക്കുന്നു. ഫലമോ? ഇന്ന് ഭാരതത്തിൽ ഒരു ദിവസം ഏറ്റവും കൂടുതൽ കേൾക്കുന്ന, ചർച്ച ചെയ്യപ്പെടുന്ന (അച്ചടി, ദൃശ്യ, ശ്രവ്യ, നവ മാധ്യമങ്ങൾ - എല്ലാം ചേർത്ത് ) പേരായി മാറി "മോദി" എന്ന രണ്ടക്ഷരം. ശതകോടി നൽകി പരസ്യം ചെയ്താലും, സാക്ഷാൽ മോദിക്ക് പോലും നേടാനാവാത്ത കാര്യം. അല്ലെ ? നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ !

മേല്പറഞ്ഞ വ്യക്തിപരമായ വിമർശനങ്ങൾക്ക് പകരം, ഈ വിമർശനങ്ങൾ ആരോഗ്യപരമായ രാഷ്ട്രീയ വിമർശനങ്ങൾ ആയിരുന്നെങ്കിലോ? NDA സർക്കാരിന്റെ മേൽപ്പറഞ്ഞ ഒരോ നയങ്ങളെയും കാര്യകാരണ സഹിതം വിമർശിക്കുന്ന തരത്തിലുള്ളവ?  കേൾക്കുന്ന കുറെ പേരെങ്കിലും, അതിന്റെ സത്യവും അസത്യവും തിരിച്ചറിയുമായിരുന്നു. അതൊരു ആരോഗ്യകരമായ ചർച്ചയും ആവുമായിരുന്നു. ശരിയല്ലേ?

[മോദിയുടെ പേര് ഒരു ഉദാഹരണം ആയി പറഞ്ഞു എന്നു മാത്രമേയുള്ളൂ. ഇത് തന്നെയാണ് രാഹുൽ ഗാന്ധിയുടെ കാര്യത്തിലും, അഥവാ ഇനി കേരളത്തിലേക്ക് വന്നാൽ  പിണറായിയുടെ കാര്യത്തിലും, ഉമ്മൻചാണ്ടിയുടെ കാര്യത്തിലുമൊക്കെ! ഒന്നാലോചിച്ചു നോക്കൂ....]

ശരി. ഇപ്പോൾ നിങ്ങളുടെ മനസ്സിൽ ഉയരുന്ന ഒരു ചോദ്യം ഉണ്ടാകും അല്ലെ ? അങ്ങനെയാവുമ്പോൾ ഈ രാഷ്ട്രീയ നേതാക്കളെയൊന്നും പേരെടുത്തു പറഞ്ഞു വിമർശിക്കാൻ പാടില്ല എന്നാണോ പറഞ്ഞു വരുന്നത് ?

അല്ലേയല്ല !

മറിച്ച്, ഏതൊരു രാഷ്ട്രീയ നേതാവും വിമർശിക്കപ്പെടുക തന്നെ വേണം. ആവശ്യമെങ്കിൽ, അതിനിശിതമായി തന്നെ വിമർശിക്കപ്പെടണം. എന്നാൽ അത്തരം വിമർശനങ്ങൾ വിലകുറഞ്ഞ രീതിയിലും, ഭാഷയിലുമുള്ള വ്യക്തിഹത്യകൾ ആയി മാറാൻ പാടില്ല. പകരം, അത് അയാളുടെയും, അയാളുടെ പാർട്ടിയുടെയും രാഷ്ട്രീയ നിലപാടുകളെ കുറിച്ചുള്ള, ശക്തമായ വിമർശനങ്ങൾ ആകണം. അതു മാത്രമാണ് ഇവിടെ പറയാൻ ഉദ്ദേശിച്ചത്‌. അതൊന്നു വ്യക്തമാക്കുവാനാണ് ഇത്രയും ഉദാഹരണങ്ങൾ നിരത്തിയതും !

അത്തരമൊരു മാറ്റത്തിന് നമ്മൾ തയ്യാറല്ലെങ്കിൽ, പൊതുവെ ചീഞ്ഞു തുടങ്ങിയ ഇന്ത്യൻ രാഷ്ട്രീയ രംഗത്തെ കൂടുതൽ മലീമസമാക്കുവാനും, അതുവഴി സാധാരണ ജനങ്ങളെ രാഷ്ട്രീയത്തിൽ നിന്ന് മാത്രമല്ല, രാഷ്ട്രീയ അനുഭാവത്തിൽ നിന്നു തന്നെ എന്നെന്നേക്കുമായി,  അകറ്റുവാനുമേ മേൽപ്പറഞ്ഞ തരം വ്യക്തിഹത്യകൾ ഉപകരിയ്ക്കൂ !

അങ്ങിനെ വന്നാൽ, അത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നിലനിൽപ്പിനെ തന്നെ ദോഷകരമായി ബാധിയ്ക്കും. സംശയം വേണ്ട, ഒരൽപ്പം പോലും !

രാഷ്ട്രീയമായി ഈ ലേഖനത്തെ നോക്കിക്കാണരുത് എന്ന്  അഭ്യർത്ഥിച്ചു കൊണ്ട് നിർത്തട്ടെ....

സ്നേഹത്തോടെ,
ബിനു

*********
Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്





Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]