മനം കുളിർക്കാൻ മൺറോതുരുത്ത് [യാത്രാവിവരണം]


വന്യസൗന്ദര്യം ഉള്ളിലൊളിപ്പിച്ച ഇല്ലിക്കൽകല്ലിലേക്കു 2015 ലും, സാഹസികത നിറഞ്ഞ കര-കടൽ യാത്രയ്ക്കുവേണ്ടി ധനുഷ്കോടിയിലേക്കു 2016 ലും നടത്തിയ വർഷാന്ത്യ യാത്രകൾക്കു ശേഷം, ഇത്തവണ 2017-ൽ ഞങ്ങൾ തിരഞ്ഞെടുത്തത്, നൈസർഗിക-പ്രകൃതിഭംഗി ആസ്വദിക്കാൻ പറ്റിയ, അധികമാരും അറിയാത്ത ആ കൊച്ചു തുരുത്തിനെ - അതെ നമ്മുടെ അയൽപക്കത്തെ ആ മൺറോതുരുത്തിനെ - ആയിരുന്നു. കല്ലടയാറും അഷ്ടമുടിക്കായലും അതിരിടുന്ന,  ചെറുതും വലുതുമായ അനേകം തോടുകൾ ഊടും പാവും പാകി സുന്ദരിയാക്കിയ ആ കൊച്ചുതുരുത്തിലേക്കുള്ള, ഞങ്ങളുടെ കുഞ്ഞുയാത്രയിൽ നിങ്ങളും കൂടുന്നോ ?

പതിവുപോലെ, കുറച്ചു വൈകി ഞങ്ങൾ കഴക്കൂട്ടത്തു നിന്നും യാത്ര തുടങ്ങി.  കുട്ടികൾ അടക്കം മുപ്പതിലേറെ  പേരടങ്ങിയ വലിയൊരു സംഘവുമായിട്ടായിരുന്നു ഇത്തവണ ഞങ്ങളുടെ യാത്ര.

 ഏതാണ്ട് കൊട്ടിയം അടുക്കാറായപ്പോഴാണ് കൂട്ടത്തിൽ ഒരാൾക്ക് ചെറിയൊരു ശങ്ക.  ഞങ്ങളുടെ സാരഥിയാവട്ടെ വണ്ടി നിർത്തിയതോ ?സാമാന്യം വലിയൊരു ജംഗ്‌ഷനിൽ!  ഏതായാലും അതുകൊണ്ടു ചില പ്രയോജനങ്ങൾ ഉണ്ടായി.  ആവശ്യമുള്ള തീയതി കഴിഞ്ഞാൽ ആർക്കും വേണ്ടാതെ തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന ഫ്ളക്സ്ബോർഡുകളില്ലേ?  അതുകൊണ്ടു മറ്റുചില പ്രയോജനങ്ങൾ കൂടെയുണ്ടെന്നു മനസിലായി.  പ്രതേകിച്ചും ഞങ്ങളുടെ ആ ശങ്കക്കാരൻ സുഹൃത്തിന് !

ചിരിയും, കളിയും, ബഹളവും ആയി ഞങ്ങൾ യാത്ര തുടർന്നു.  ഇടയ്ക്കു നിർത്തി വഴി തിരക്കിയും, മറ്റു ചിലപ്പോൾ ഗൂഗിൾ മാപ്പിനെ ആശ്രയിച്ചും ഞങ്ങൾ ഒടുവിൽ മൺറോ തുരുത്തിലെ റിസോർട്ടിൽ എത്തി.

പ്രതീക്ഷിച്ചതിലും ചെറിയ, എന്നാൽ വൃത്തിയുള്ള റിസോർട്ട്.  വെൽക്കംഡ്രിങ്കിനു ശേഷം, മേശമേൽ നിരന്നത് നല്ല ഒന്നാംതരം കപ്പപ്പുഴുക്കും ആവി പറക്കുന്ന ചിക്കൻ കറിയും.  പിന്നെ ചിലരൊക്കെ എല്ലാം മറന്നൊരു ആ ക്രമണം ആയിരുന്നു.  ഒരു മേശയിലെ വിഭവങ്ങൾ തീരുമ്പോൾ, പ്ലേറ്റുമായി അടുത്ത മേശയിലേക്ക്.... അങ്ങിനെ .. അങ്ങിനെ.  ഞങ്ങളിൽ പലരുടെയും ആർത്തി കണ്ടാവണം അവർ കപ്പയും ചിക്കനും വീണ്ടും, വീണ്ടും നിറച്ചുകൊണ്ടേയിരുന്നു!

കുശാലായ പ്രഭാതഭക്ഷണത്തിനു ശേഷം ഞങ്ങൾ പല ഗ്രൂപ്പുകൾ ആയി തിരിഞ്ഞു.  ചിലർ ഫ്രഷാകാൻ പോയപ്പോൾ, മറ്റു ചിലർ പ്രകൃതിഭംഗിയുടെ പാശ്ചാത്തലത്തിൽ സെൽഫികൾ പകർത്തുന്ന തിരക്കിലായി.  ധൈര്യശാലികളായ മറ്റുചിലരാകട്ടെ റിസോർട്ടിന്റെ തടാകത്തിൽ ചെറു വഞ്ചി തുഴയാനുള്ള തയ്യാറെടുപ്പിലായി .  ഇനിയും മറ്റൊരു കൂട്ടർ, ദഹന പ്രക്രിയയെ ത്വരിതപ്പെടുത്താനാകണം ചില രാസത്വരകങ്ങൾ തണുത്ത സോഡയുമായി ചേരുംപടി ചേർത്ത്, അതു സേവിക്കാനുള്ള ചുറ്റുവട്ടങ്ങളിലുമായി.

ഞങ്ങൾ കുറച്ചു പേർ എന്തായാലും ഒന്നു നടക്കാൻ തീരുമാനിച്ചു.

വൃത്തിയുള്ള ചെറു നാട്ടുവഴികൾ.  വഴിയുടെ ഒരു വശത്തു താരതമ്യേന ചെറിയ വീടുകൾ.  അവ നല്ല വെടിപ്പോടെ സൂക്ഷിച്ചിരിക്കുന്നു.   വഴിയിലൊരിടത്തും ദുർഗന്ധമോ, മാലിന്യകൂമ്പാരങ്ങളോ ഒന്നും കാണ്മാനില്ല.  വഴിയുടെ മറുവശത്തു ശാന്തമായി ഒഴുകുന്ന തോട്.  ആഫ്രിക്കൻപായലോ മറ്റ് പാഴ്വസ്തുക്കളോ ഒന്നുമില്ലാതെ നല്ല തെളിഞ്ഞ വെള്ളം.

തമ്മിൽ കിന്നാരം പറഞ്ഞും, ഇടയ്ക്കു പിണങ്ങി അകന്നു മാറിയും, അഴകിൽ നീന്തിയെത്തുന്ന താറാവ് കൂട്ടം.  ഇടയ്ക്കു അവ അദ്ഭുതപ്പെടുത്തുന്ന വേഗത്തിൽ വെള്ളത്തിൽ താഴ്ന്നുമുങ്ങി ചെറുമീനുകളുമായി പൊങ്ങി.  അതിശയമെന്നു പറയട്ടെ, എവിടെ നിന്നോ പറന്നെത്തിയ ഒരു കൂറ്റൻ പരുന്ത് താറാവുകളിൽ ഒന്നിന്റെ കൊക്കിൽ നിന്നും മീനിനെയും റാഞ്ചി പറന്നകന്നു!

തുരുത്തിൽ നിറയെ തെങ്ങുകളാണ്.  മന്ദമാരുതനിൽ മെല്ലെ തലയാട്ടി,  ഇടയ്ക്കു ഓലക്കൈകൾ വീശി അങ്ങിനെ നിരന്നു നിൽക്കുന്ന ആ കേരവൃക്ഷങ്ങൾ കാണ വേ  "കേരളം" എന്ന പേര് എത്ര അന്വർത്ഥമാണെന്നു അറിയാതെ ഓർത്തു  പോയി.

ഞങ്ങൾ വീണ്ടും മുന്നോട്ടു നടന്നു.  തോടിന്റെ  മറുകരയിൽ ഓരോ വീടുകളിൽ നിന്നും തോട്ടിലേക്ക് ഇറക്കി കെട്ടിയിരിക്കുന്ന വൃത്തിയുള്ള ചെറുകടവുകളും   അതിന്റെ ഓരത്തുതന്നെ അലക്കുകല്ലുകളും.  അറിയാതെ, ആ ഗൃഹാതുര-  ബാല്യകാല ഓർമകൾ  മനസിലേക്ക് ഓടിയെത്തി.  വർഷങ്ങളായി  നഗരത്തിര ക്കിലെ കണ്ടുമടുത്ത കാഴ്ചകൾക്കും, ബാത്റൂമിലെ കൃത്രിമ മഴയ്ക്കുമൊക്കെ അടിയിലെവിടെയോ ഒളിഞ്ഞു കിടന്നിരുന്ന ആ നാട്ടിൽപുറ സ്മരണകൾ ഒരവസരം കിട്ടിയപ്പോൾ പുറത്തേക്ക് വന്നതാവാം.

കുറച്ചുകൂടെ മുന്നോട്ടു നടന്നപ്പോൾ വലതുവശത്തെ തൊടിയിൽ അഴകുള്ള ഒരു വെളുത്ത ആട്ടിൻകുട്ടി .  ഓമനത്തമുള്ള തന്റെ മുഖം കുലുക്കി, നീണ്ട ചെവികൾ ആട്ടി അത് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന കുട്ടികളെ അടുത്തേക്ക് ക്ഷണിച്ചു.  പിന്നെ അതിനെ കൊഞ്ചിച്ചും, പുൽനാമ്പുകൾ പറിച്ചുകൊടുത്തും അവർ കുറെ നേരം അങ്ങിനെ ചിലവഴിച്ചു.

വീണ്ടും നടക്കവേ, എതിരേ വന്ന (കുറഞ്ഞത് എൺപത്  വയസെങ്കിലും വരുന്ന) ഒരു മുത്തശ്ശിയോട് വള്ളംകളി കടവിലേക്കുള്ള വഴിതിരക്കി.  നാട്ടിൻ പുറത്തിന്റെ എല്ലാ നന്മകളും നിറച്ച്, ഒരു നിറഞ്ഞ ചിരി ചിരിച്ചു, പല്ലില്ലാത്ത മോണ കാട്ടി ആ  മുത്തശ്ശി.  പിന്നെ, നിഷ്കളങ്കതയോടെ പറഞ്ഞു "അയ്യോ ...മക്കളെ ദാ നേരെ അങ്ങ് നടന്നാൽ മതിയെന്നേ .......ഈ കാഴ്ചകളും കണ്ട്, ഒന്നും രണ്ടും ഒക്കെ പറഞ്ഞു  നിങ്ങൾ അങ്ങ് നടക്കൂ ....  ഞങ്ങളുടെ നാടും കാണാമല്ലോ....."

കുറെയേറെ  നേരമായിരിക്കുന്നു ഞങ്ങൾ നടപ്പു തുടങ്ങിയിട്ട് .  തിരികെ നടക്കവേ വഴിയരികിൽ അതാ ഒരു കൂട്ടം തകരകൾ വളർന്നു നിൽക്കുന്നു.  പണ്ട് സ്കൂൾപഠന കാലഘട്ടത്തിൽ, തകരയുടെ നീണ്ട കതിരുകൾ തമ്മിൽ കൊരുത്തു വലിച്ചിരുന്ന ആ ഓർമകളിൽ, ഞങ്ങൾ അതൊന്നു വീണ്ടും പ്രയോഗിച്ചു നോക്കി.  ആദ്യം പൊട്ടിയ കതിരിന്റെ ബലം പോരാ  എന്നും പറഞ്ഞു കൂട്ടുകാരൻ വീണ്ടും മറ്റൊന്നു കൂടി പരീക്ഷിച്ചു.

ഇവരിത് എന്താണ് ഈ ചെയുന്നത് എന്ന ആശ്ചര്യഭാവത്തിൽ കൂടെ ഉണ്ടായിരുന്ന ഞങ്ങളുടെ കുട്ടികൾ ഞങ്ങളെ നോക്കി.  കമ്പ്യൂട്ടർ ഗെയിമും, ഇന്റർനെറ്റും, ഗൂഗിളുമൊക്കെ മാത്രം പരിചിതമായ ആ പാവം കുട്ടികൾക്ക്, ഈ തകരയും തൊട്ടാവാടിയും പിന്നെ, വാഴക്കൂമ്പിലെ ഇത്തിരിക്കുഞ്ഞൻ തേൻതുള്ളിയുമൊക്കെ തികച്ചും പുതിയ  കാഴ്ചകൾ ആയിരുന്നല്ലോ!

നേരം ഉച്ച കഴിഞ്ഞിരിക്കുന്നു.  വിശപ്പു വീണ്ടും തുടങ്ങിയിരിക്കുന്നു.  ഞങ്ങൾ റിസോർട്ടിലേക്കു മടങ്ങിയെത്തി.  പലവഴി പോയിരുന്ന എല്ലാവരും തന്നെ കൃത്യമായി അവിടെ ഹാജരുണ്ട്.

പൂമീൻ കറി, ഞണ്ടുറോസ്റ്, കല്ലുമ്മക്കായ റോസ്‌റ്, ചിക്കൻ പെരട്ട്, കരിമീൻ പൊള്ളിച്ചത്, പിന്നെ പരിപ്പുകറി, സാമ്പാർ, പുളിശ്ശേരി, തോരൻ, പപ്പടം എന്നിവയൊക്കെ കൂട്ടിയുള്ള നല്ല ഉശിരൻ ഊണ്.  അവസാനത്തെ ആളും ഏമ്പക്കം  വിട്ടെഴുന്നേറ്റതും, കടവിൽ ഞങ്ങളുടെ യാത്രയ്ക്കായി വലിയ രണ്ടു നാടൻ വള്ളങ്ങളും, അവയിൽ രണ്ടു ഊന്നുകാരും റെഡിയായിരുന്നു!

പതിയെ മേഘാവൃതമായികൊണ്ടിരുന്ന ആകാശം, അല്പം കുണ്ഠിതപ്പെടുത്തിയെങ്കിലും രണ്ടു വള്ളങ്ങളും യാത്ര തുടങ്ങി.  ജീവിതത്തിൽ ആദ്യമായി, ഇത്തരം വള്ളങ്ങളിൽ യാത്ര ചെയ്യാനൊരുങ്ങിയ ഞങ്ങളിൽ പലരുടെയും വെപ്രാളവും, ഭയപ്പാടും കണ്ടാവണം, അരികിലെ വഴിയിൽ കൂടി നടന്നു പോയ ഒരു ചേച്ചി ഞങ്ങളെ ആശ്വസിപ്പിച്ചു  "സാരമില്ലന്നേ ... നിങ്ങൾ അനങ്ങാതെ  അങ്ങ് ഇരുന്നാൽ മതി....നല്ല രസമാ കായലിലെ കാഴ്ചകൾ...........".

തങ്ങളുടെ നാട്ടിൽ വിരുന്നെത്തിയവരെക്കുറിച്ചുള്ള ഒരു നാട്ടിൻപുറത്തിന്റെ കരുതൽ കൂടെ തെളിഞ്ഞു നിന്നിരുന്നു അവരുടെ ആ ആശ്വാസ വാക്കുകളിൽ! "നാട്ടിൻപുറം നന്മകളാൽ സമൃദ്ധം" എന്ന് പണ്ട് കവി പാടിയത് വെറുതെയല്ല.

യാത്ര തുടങ്ങിയതും, ക്ഷണിക്കപ്പെടാത്ത അതിഥിയായി ചാറ്റൽമഴ ഞങ്ങളുടെ വള്ളത്തിലേക്ക് എത്തി.  പുതിയ അഥിതി പ്രശ്നക്കാരൻ ആണോ എന്ന് അറിയാൻ വേണ്ടി വള്ളക്കാരൻ ഞങ്ങളുടെ വഞ്ചി കുറച്ചു നേരം   കരയിലേക്കു ചേർത്തു നിർത്തി.  ടൈലുകൾ പാകി മനോഹരമാക്കിയ വിശാലമുറ്റത്തോടും, പുറംവരാന്തയോടും കൂടിയ ഒരു വീടിനോടു ചേർന്നായിരുന്നു വള്ളങ്ങൾ നിർത്തിയിട്ടത്.  വീട്ടുകാരണവരാകണം, വരാന്തയിൽ തന്നെ  ഒരു മധ്യവയസ്കൻ ഉലാത്തുന്നുമുണ്ട്.

അതു കണ്ടതും കൂട്ടത്തിൽ ഒരാൾ പറഞ്ഞു

"നല്ല തണുപ്പ് ... എടീ നമ്മക്ക് ആ വീട്ടിൽ കയറി ഒരു ചായയിട്ടു കുടിച്ചാലോ?  അപ്പോഴേക്കും മഴയും മാറും.. ..."

"ഏയ് ഞാനില്ല" 

"അതെന്താ ?"

"നീ കണ്ടിട്ടില്ലേ...... ഈ പഴയ സിനിമകളിൽ ഒരു പെണ്ണ് മഴയത്തു ഇങ്ങനെ ഒരു വീട്ടിൽ കയറി നില്കുന്നത് ?....  "

" മ് ..മ് ...അതിനെന്താ ?"

"കുന്തം ......... എന്താന്ന് .... എടീ ...ആ വീട്ടുകാരൻ ആരാ ?"

"ആരാ ?"

"ബാലൻ കെ നായർ...."

"എന്റമ്മേ.....!!"

പിന്നെ കുറെ നേരം വള്ളത്തിൽ കൂട്ടച്ചിരി ആയിരിന്നു.

അല്പസമയത്തെ കാത്തിരുപ്പു കഴിഞ്ഞപ്പോഴും, ഞങ്ങളുടെ അതിഥി സൗമ്യനായി തന്നെ തുടർന്നു.  ഞങ്ങൾ ആ അതിഥിയെയും കൂടെകൂട്ടി യാത്ര തുടർന്നു.

വള്ളങ്ങൾ രണ്ടും പതുക്കെ ഇടത്തേക്കു തിരിഞ്ഞു.  ഇപ്പോൾ രണ്ടുവശങ്ങളും നിറയെ കണ്ടൽക്കാടുകൾ  ആണ്.  ഇടതൂർന്ന കണ്ടൽക്കാടുകൾ .  അതിനിടയിലൂടെ, ഊന്നുവള്ളത്തിൽ, ചെറുമഴയിലൂടെയുള്ള ആ യാത്ര ...... ആഹാ.... അത് വിവരണാതീതം തന്നെ ആണ്.

തോട്ടിൽ ഇടയ്ക്കെല്ലാം ചെറിയ പാലങ്ങൾ ഉണ്ട്. അതിനടിയിൽ കൂടെ ആണ് വള്ളങ്ങൾ കടന്നു പോകുന്നത്.  അവിടെയൊക്കെ നമ്മൾ നന്നായി കുനിഞ്ഞു കൊടുക്കണം.

ദാ .. ഇപ്പോൾ വള്ളങ്ങൾ ഏതാണ്ട് കായലിനോടടുക്കുകയാണ്. താരതമ്യേന വീതി കുറവായിരുന്ന തോടിപ്പോൾ, വിസ്‌തൃതമായ ഒരു ജലാശയം പോലെയായി കാഴ്ച്ചയിൽ. ഞങ്ങളുടെ വള്ളങ്ങൾ ഏതാണ്ട് നടുഭാഗത്ത് എത്തിയതും, മഴ ശക്തി പ്രാപിച്ചു.  ആ നിറഞ്ഞ വെള്ളത്തിൽ മഴത്തുള്ളികൾ ശക്തമായി പതിക്കുമ്പോൾ മുത്തുകൾ ചിതറും പോലെ തോന്നി.  ഏവരും തണുത്തു വിറച്ചു.  തണുപ്പുമാത്രമായിരുന്നില്ല വിറയലിനു കാരണം, ഉള്ളിലെ ഭയവും കൂടിയായിരുന്നു.

വള്ളത്തിന്റെ  സമീപത്തായി, വെള്ളത്തിൽ മുങ്ങിയും പൊങ്ങിയും കളിക്കുന്ന ഒരു കൂട്ടം നീർനായകളെ  കൂടെ കണ്ടതോടെ, ചിലരുടെ ചങ്കിടിപ്പു കൂടി.

ഇപ്പോൾ ഞങ്ങൾ നേരെ കായലിലേക്ക് കടക്കുകയാണ്.  അതെ .. അഷ്ടമുടി കായലിലേയ്ക്ക്...

കായലും തോടും അതിരിടുന്നിടത്ത്, പഴയ ചിറയുടേതാണ് എന്നു തോന്നുന്നു ചില കൽക്കെട്ടുകൾ  ജലോപരിതലത്തിൽ ഉയർന്നു നിൽക്കുന്നു. അതിനിടയിൽ കൂടി കഷ്ടിച്ച്‌ ഒരു വള്ളം കടന്നു പോകാനുള്ള ഇടമേയുള്ളൂ. 'നിത്യാഭ്യാസി ആനയെ എടുക്കും' എന്നു പറഞ്ഞത് പോലെ, ഞങ്ങളുടെ വള്ളക്കാരൻ ചേട്ടൻ അതിനിടയിലൂടെ വിദഗ്ധമായി തോണി കായലിലേക്ക് കടത്തി.

"അഷ്ടമുടികായലിലെ, അന്നനട തോണിയിലെ,
ചിന്നക്കിളി  ചിങ്കാരകിളി  ചൊല്ലുമോ
എന്നെ നിനക്ക് ഇഷ്ടമായോ....? "

എന്ന പഴയകാല സൂപ്പർ ഹിറ്റ് ഗാനം എല്ലാവരുടെയും മനസിലേക്ക് ഓടിയെ ത്തിയോ എന്നറിയില്ല, എന്നാൽ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന നവദമ്പതികൾ  എന്തായാലും അത് ഉള്ളിൽ മൂളിയിട്ടുണ്ടാകും. തീർച്ച !

അരയന്നനടയോടെ ഞങ്ങളുടെ തോണികൾ ഇപ്പോൾ അഷ്ടമുടികായലിലെ കുഞ്ഞോളങ്ങളോട് കിന്നരിച്ചു തുടങ്ങി.  നനുത്ത കുളിരേകി മഴത്തുള്ളികൾ ഞങ്ങളുടെ ദേഹത്തും, മുത്തുകൾ ചിതറിച്ചുകൊണ്ട് അഷ്ടമുടിയുടെ വിശാല മേനിയിലും അങ്ങിനെ പെയ്തിറങ്ങി.

കാഴ്ചയെത്തുന്ന കരകളിൽ നിറയെ കണ്ടൽക്കാടുകൾ .  അവയ്ക്കപ്പുറം നിര നിരയായി നിന്ന്, ഓലക്കൈകളാൽ ഞങ്ങൾക്ക്  ശുഭയാത്ര നേരുന്ന അസംഖ്യം   കേരവൃക്ഷങ്ങൾ.  മുൻപിൽ, അനന്തമായി അങ്ങിനെ നീളുന്ന അഷ്ടമുടിക്കായൽ.  ആ അഷ്ടമുടിയുടെ ആഴങ്ങളിൽ എവിടെയോ  നിന്നും, ഞങ്ങളെ കൊതിപ്പിക്കാനെന്നവണ്ണം മുകളിലേക്ക് വന്ന് ഉയർന്നു ചാടുന്ന പൂമീനുകൾ.......!

ആഹാ .. സത്യമായും ആ ദൃശ്യമനോഹാരിത മുഴുവനും, അതേപടി, എങ്ങിനെ നിങ്ങളിലേക്ക് എത്തിക്കും എന്നെനിക്കറിയില്ല. (കൂട്ടത്തിൽ ഒരു കാര്യം  കൂടെ. ശക്തമായ മഴ കാരണം കൈയിൽ ഉണ്ടായിരുന്ന ക്യാമറയിലോ മൊബൈലിലോ, ഒന്നും ഈ മനോഹര ദൃശ്യം ഞങ്ങൾക്കു  പകർത്താൻ കഴിഞ്ഞില്ല.  എന്നാൽ, ഏതൊരു ക്യാമറയ്ക്കും പകർത്താൻ കഴിയുന്നതിലും മിഴിവോടെയും, ചാരുതയോടെയും, ഒരിക്കലും മായാതെയും, ആ മനോഹാരിത മുഴുവനും ഞങ്ങളിൽ ഓരോരുത്തരുടെയും ഹൃദയത്തിൽ അങ്ങിനെ ആഴത്തിൽ പതിഞ്ഞിരുന്നു!).

പതിവില്ലാതെ പെയ്ത മഴയിൽ പ്രതിഷേധിച്ചെന്നവണ്ണം, അഷ്ടമുടി തന്റെ ഓള ക്കൈകൾ ശക്തമായി ഇളക്കിത്തുടങ്ങിയപ്പോൾ ഞങ്ങളുടെ വള്ളക്കാരൻ പതിയെ വള്ളം തിരികെ തോടുകളിലേയ്ക്ക് തുഴഞ്ഞു.  തോടിന്റെ ഇരു കരകളിലുമായി, മീൻ വളർത്തുന്ന അനേകം കുളങ്ങൾ. ഭക്ഷ്യയോഗ്യവും അല്ലാത്തതും ആയ, ഏതാണ് 97 തരം മീനുകളുടെ ആവാസ സ്ഥലമാണത്രെ ഈ അഷ്ടമുടി!

വഞ്ചിയിലെ ഞങ്ങളുടെ മടക്കയാത്രയിലാണ് ഒരു കാര്യം ശ്രദ്ധയിൽ  പെട്ടത്.  ശക്തമായ മഴയിൽ ഒഴുകിപ്പോയത്,  ഉച്ചസൂര്യൻ നൽകിയ വിയർപ്പും ചൂടും മാത്രമായിരുന്നില്ല, കൂടെ മണിക്കൂറുകളെടുത്ത്, ചിലരെങ്കിലും ചെയ്തുകൂട്ടിയ മേക്കപ്പ് കൂടെ ആയിരിന്നു.  പണ്ടെങ്ങോ കണ്ടു മറന്ന ഒരു കോമഡി സ്കിറ്റിലെ "അമ്പട ജയാ....  ഇതാണല്ലേ നിന്റെ ഒറിജിനൽ സൗണ്ട്? "  എന്ന ഡയലോഗ് പോലെ "അയ്യോടിയെ .... അപ്പോ ഇതാണല്ലേ നിന്റെ ഒറിജിനൽ ലുക്ക്?..."  എന്ന ചോദ്യം പലരുടെയും ഉള്ളിൽ ഉയർന്നുവെങ്കിലും, ഇരിക്കുന്നതു റ്വള്ളത്തിൽ ആയിരുന്നതിനാലും, ഒരു പ്രത്യാക്രമണം ഉണ്ടായാൽ ഓടി രക്ഷപെടാൻ മറ്റു മാർഗങ്ങൾ ഇല്ലാതിരുന്നതിനാലും, അവരെല്ലാം ആ ചോദ്യം ഉള്ളിൽ തന്നെ ഒതുക്കി.

അങ്ങിനെ, ഏതാണ്ട് രണ്ടു മണിക്കൂർ നീണ്ട, സാഹസികത നിറഞ്ഞ ആ വള്ള യാത്ര ഞങ്ങൾ വിജയകരമായി പൂർത്തിയാക്കി.  തണുത്തു വിറച്ചു കരയ്ക്കിറങ്ങിയ  ഞങ്ങളെ കാത്തിരുന്നത് ചൂടുചായയും, പഴംപൊരിയും , ഉണ്ടംപൊരിയും പിന്നെ ഉള്ളിവടയും!

നേരം ഏതാണ്ട് വൈകുന്നേരം ആറു മണി കഴിഞ്ഞിരുന്നു.  കാണാൻ ഏറെ കൊതിച്ച മൺറോ സായിപ്പിന്റെ ബംഗ്ളാവ് മാത്രം കാണാൻ കഴിഞ്ഞില്ല, എന്ന ചെറിയൊരു വിഷമത്തോടെ ഞങ്ങൾ  നഗരത്തിരക്കിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു.

മൂന്ന് മോഹങ്ങൾ ബാക്കി നിർത്തി......

ഒന്ന്:
വൈകാതെ,  ഒരു വൈകുന്നേരം ഒന്നു കൂടെ ഈ തുരുത്തിൽ വരണം.  അസ്തമയസൂര്യന്റെ ചെന്തുടിപ്പുകൾ  അഷ്ടമുടിയുടെ മാറിൽ  പതിയെ ഒഴുകിപ്പരക്കുന്നത്, കായലരികത്തെ ആ ഊഞ്ഞാലിൽ കിടന്ന്, അങ്ങിനെ ആസ്വദിക്കണം .

രണ്ട്:
മായമേതുമില്ലാതെ, ഈ തുരുത്തിലെ തെങ്ങിൽ നിന്നും ചെത്തിയിറക്കുന്ന ആ അന്തികള്ളില്ലേ? അതല്പം രുചിക്കണം.  ഒരു കരിമീൻ പൊള്ളിച്ചതും കൂട്ടി. അതും, മേല്പറഞ്ഞ ആ സുന്ദര സായന്തനത്തിൽ.

മൂന്ന്:
മൺറോ സായിപ്പിന്റെ ബംഗ്ളാവും, പിന്നെ തുരുത്തിലെ ആ പള്ളിയും, ആനകൾ വെള്ളത്തിൽ നീന്തിയെത്തി ഉത്സവമാഘോഷിച്ചിരുന്ന ആ ക്ഷേത്രവും, പറ്റിയാൽ ഇവിടത്തെ ഒരേയൊരു വിദ്യാലയമായ പെരുങ്ങളം സ്കൂളും സന്ദർശിക്കണം.

അതു സാധിച്ചാൽ, ഈ മനോഹര തുരുത്തിന്റെ കൂടുതൽ മിഴിവേറിയ ചിത്രങ്ങളും, വിവരണങ്ങളുമായി ഞാൻ വീണ്ടും നിങ്ങൾക്കു മുൻപിൽ എത്തും. തീർച്ച.

സ്നേഹത്തോടെ,
സ്വന്തം ബിനു.

*******************************
[പിൻകുറിപ്പ്: ഇനി ഒരല്പം അപ്രിയ സത്യങ്ങൾ

ഏതാണ്ട് ഒന്നര പതിറ്റാണ്ടു മുൻപുവരെ, വളരെ സന്തുഷ്ടരായി കഴിഞ്ഞവർ ആയിരിന്നു ഈ തുരുത്തുകാർ. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന ചില ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്, ഈ തുരുത്ത് ഏതാണ്ടു  മൃതമാകുകയാണ് .  ഏറി വരുന്ന കുടിവെള്ളക്ഷാമവും കായ്‌ഫലം കുറയുന്ന തെങ്ങുകളും, ഏതാണ്ട്  പൂർണ്ണമായും അന്യം നിന്ന നെൽകൃഷിയും ഒക്കെ ചേർന്ന് ഇവിടത്തെ ദൈനംദിനജീവിതം തീർത്തും ദുസ്സഹമാക്കുകയാണ്,  എന്നാണ് പല തുരുത്തു നിവാസികളും ഞങ്ങളോട്  പറഞ്ഞത്.  

രണ്ടായിരത്തിനാലിലെ  സുനാമിയും, കല്ലടയാറിനു കുറുകെ കെട്ടിയുയർത്തിയ കൃത്രിമ അണക്കെട്ടും, വെട്ടിനിരത്തപ്പെട്ട കണ്ടൽക്കാടുകളും, ആഗോളതാപനവും ഒക്കെയാണത്രേ ഈ മനോഹര തുരുത്ത് ഇങ്ങനെ മൃതമാവാൻ ഉള്ള കാരണങ്ങളിൽ മുഖ്യമായവ. 

പ്രകൃതി കനിഞ്ഞു നൽകിയ ഇത്തരം വരദാനങ്ങളെ,  സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി, അമിതമായി ചൂഷണം  ചെയ്യുന്നത്, നമ്മൾ മനുഷ്യർ ഇനിയെങ്കിലും അവസാനിപ്പിച്ചിരുന്നുവെങ്കിൽ ..... എന്ന് അറിയാതെ മനസ്സിൽ ആഗ്രഹിച്ചു പോയി.  
ഒപ്പം, യശ്ശശരീരനായ ONV  സാറിന്റെ, അതിപ്രശസ്തമായ ആ കവിതയിലെ രണ്ടു വരികളും......

"ഇനിയും മരിയ്ക്കാത്ത ഭൂമി, നിൻ
ആസന്ന മൃതിയിൽ നിനക്കാത്മശാന്തി...!" ]


*********

Blog: https://binumonippally.blogspot.com

























*********
Blog: https://binumonippally.blogspot.com









Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]