എന്റെ സ്വപ്നത്തിലെ കമ്മ്യൂണിസം [കവിത]


എന്റെ സ്വപ്നത്തിലെ കമ്മ്യൂണിസം   
[കവിത]

വിണ്ണിലെ കതിരവൻ ചെങ്കതിർ ചൊരിയുമ്പോൾ
ഉയരണം ചെങ്കൊടി എന്റെ നെഞ്ചിൽ
ഇൻക്വിലാബിന്റെയാ ശബ്ദം മുഴങ്ങവേ
ഉയരണം തുടിതാളമെന്റെ നെഞ്ചിൽ !

മാർക്സിന്റെ നെഞ്ചിൽ വിരിഞ്ഞ സ്വപ്നം
ഏംഗൽസു പോറ്റിയ നല്ല സ്വപ്നം
ലോകത്തെ മാറ്റി മറിച്ച സ്വപ്നം
കമ്മ്യൂണിസം എന്ന ചോന്ന സ്വപ്നം

അധമനെന്നാട്ടിയ ദളിതന്നു ഭൂമിയിൽ
അവകാശമുണ്ടെന്നുറപ്പിയ്ക്കുവാൻ
ആയിരമാളുകൾ ജീവൻ വെടിഞ്ഞിട്ടും
നെഞ്ചോടു ചേർത്തു പിടിച്ച സ്വപ്നം

പകലന്തിയോളം പണിയെടുക്കും
പണിയാളർ കാണാൻ കൊതിച്ച സ്വപ്നം
ഉടയാളർ ഞെട്ടിയുണർന്ന സ്വപ്നം
"എല്ലാർക്കുമെല്ലാം" .... എന്ന സ്വപ്നം

അപരന്റെ ചോരയിൽ കുതിരാതെ വേണമെൻ
ചെങ്കൊടി കാക്കുവാൻ ഓർമ്മ വേണം
ആയുധ സമരങ്ങളല്ലിനി വേണ്ടതോ ?
ആശയ സമരങ്ങൾ ഓർത്തിടേണം !

കപടവേഷങ്ങൾക്കു സ്ഥാനമില്ലാത്തതാ-
ണെന്റെ സ്വപ്നത്തിലെ കമ്മ്യൂണിസം
അധികാര മോഹമാം അപ്പം കൊതിയ്ക്കാത്ത
അരവയർ നിറവാണെന്റെ സ്വപ്നം

തൊലിനിറം നോക്കാതെ, കൊടിനിറം നോക്കാതെ
മടിയിലെ കനമോ തിരഞ്ഞിടാതെ
മനുജന്റെയരികിലേയ്‌ക്കോടിയെത്തീടുന്ന
മഹനീയ സ്നേഹമെൻ കമ്മ്യൂണിസം

കാരിരുമ്പിൻ കരുത്തുള്ളിൽ നിറയണം
വാക്കിൽ തുളുമ്പണം ആത്മധൈര്യം
ഉള്ളിൽ കെടാതങ്ങെരിയുന്നോരഗ്നിയിൽ
സ്ഫുടം ചെയ്തതാവണം കമ്മ്യൂണിസം

'സഖാവെ'ന്ന പേർ വെറും ഭംഗിയല്ലോർക്കണം
സഖാവേ നീയതു ചൊല്ലിടുമ്പോൾ
സഹജീവി ബഹുമാനമുള്ളിൽ നിറയ്ക്കുന്ന
സുഖമുള്ള ദൃഢനാമമോർമ്മ വേണം

നല്ലൊരു നാളേയ്ക്കായ് കൈകോർത്തു നീങ്ങുവാൻ
നമ്മെ ഒരുക്കുന്നു കമ്മ്യൂണിസം
അഴിമതി തീണ്ടാത്ത, ജാതി തിരിയ്ക്കാത്ത
സമശീർഷ-സുന്ദരലോക സ്വപ്നം

അധികാര മോഹങ്ങൾ ഉള്ളിൽ നിറയ്ക്കുന്ന
നേതാക്കളൊന്നുമേ വേണ്ട വേണ്ട
തോളോടുതോൾ ചേർന്ന്, പണിയെടുത്തുണ്ണുന്ന
സമരസഖാക്കൾ മതി നമുക്ക് !

നിറയട്ടെ നാടിതു നന്മയാലേ .....
ഉയരട്ടെ ഇൻക്വിലാബ് നാട് നീളെ ....
നിറയട്ടെ ചെമ്പനീർ പൂക്കളെങ്ങും ....
വിടരട്ടെ ചോന്ന പ്രഭാതങ്ങളും..... !

ലാൽ സലാം ....!!
                                                      - ബിനു മോനിപ്പള്ളി
------------------------------------------------------------------------
[പിൻകുറിപ്പ്: പ്രശസ്ത സോപാനസംഗീതജ്ഞനും, നാട്ടുസംഗീത പ്രചാരകനും, സർവ്വോപരി ഞെരളത്ത് കലാശ്രമത്തിന്റെ അമരക്കാരനുമായ ശ്രീ ഞെരളത്ത് ഹരിഗോവിന്ദൻ അടുത്തിടെ ഒരു ചാനൽ അഭിമുഖത്തിൽ, "നിങ്ങൾ ഒരു കമ്മ്യൂണിസ്റ്റാണോ ?" എന്ന ചോദ്യത്തിന് ഉത്തരം നൽകിയത് "അതെ, ഞാൻ ഒരു കമ്മ്യൂണിസ്റ് ആണ്. പക്ഷെ ഞാൻ ഒരു സിപിഎം കാരനോ സിപിഐ കാരനോ അല്ല ...." എന്നാണ്. 

ഒരുപാട് മാനങ്ങളുള്ള ആ ഒരു ഉത്തരമാണ്ഈ കവിതയ്ക്കു പ്രചോദനമായത്. അതുകൊണ്ടു തന്നെ, ഈ ചെറുകവിത അദ്ദേഹത്തിനു സമർപ്പിയ്ക്കുന്നു.

"കമ്മ്യൂണിസം"എന്ന ഉദാത്തമായ ആശയത്തെ കുറിച്ചാണ് ഈ കവിത; അല്ലാതെ, ഇന്ന് നമ്മൾ കാണുന്ന 'പ്രായോഗിക കമ്മ്യൂണിസ്റ് രാഷ്ട്രീയ'ത്തെ കുറിച്ചോ, ഇന്നത്തെ ഏതെങ്കിലും 'പ്രായോഗിക കമ്മ്യുണിസ്റ് പാർട്ടികളെ' കുറിച്ചോ അല്ല, എന്ന് കൂടി ഇവിടെ സൂചിപ്പിയ്ക്കട്ടെ.]
------------------------------------------------------------------------

*********
Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്

Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]