ആരു നീ ആകണം ? [കവിത]
ആരു നീ ആകണം ? [ കവിത]
ചാനലിൽ നീയോ നിറഞ്ഞാടണം
അന്തിയ്ക്കു ചർച്ചയിൽ ആളായി പോയി നീ
കേട്ടാൽ അറയ്ക്കുന്ന മൊഴിയോതണം
കൂടെയുള്ളാളിന്റെ കുതികാലു വെട്ടണം
എംഎൽഎ സീറ്റൊന്നങ്ങൊപ്പിക്കണം
പാർട്ടി നീ നോക്കണ്ട, മുന്നണിയൊട്ടുമേ
ഏതു വിധേനയും പാസാകണം
ആരുടെ മുന്നിലും ചിരിയോടെ നിൽക്കണം
ആളങ്ങു മാറിയാൽ കാർക്കിയ്ക്കണം
കാശു തടയുകിൽ കൊടിനിറം നോക്കാതെ
കാര്യങ്ങൾ ചെയ്തങ്ങു തള്ളിടേണം
ആദർശമെന്ന പേർ മായാതെ നോക്കണം
അതു പക്ഷെ ഉള്ളിൽ നിന്നാകരുത്
ഉള്ളിൽ നിറയേണ്ടതാർത്തിയതാവണം
എങ്കിലേ രാഷ്ട്രീയ ഭീഷ്മനാകൂ
ഒട്ടും കുറയ്ക്കാതെ ആദ്യമേ നീ നിന്റെ
കണ്ണടയങ്ങോട്ടു മാറ്റിടേണം
റെയ്ബാൻറെ ഫ്രെയിമിലായ് എസ്സിലോറു തിരുകണം
എന്നിട്ടു റീഇമ്പേഴ്‌സ് ചെയ്തിടേണം
അളിയന്റെയപ്പന്റെ അർശസ്സു മാറ്റുവാൻ
അവരെ അയക്കണം കാനഡയ്ക്ക്
അവനൊരു കൂട്ടിനായ് കൂടെ അയയ്ക്കണം
എന്നെയും അവളെയും തീർച്ചയായും
തിരികെ വരും വഴി ലണ്ടനിൽ പോകണം
അവിരേടെ കാൽമുട്ട് മാറ്റിടേണം
സമയമുണ്ടാകുകിൽ പട്ടായ കാണണം
മനസ്സൊന്നു കുളിരുവാൻ വേണ്ടി മാത്രം
എല്ലാം കഴിഞ്ഞിട്ടു പാപ്പന്റെ കൊച്ചിന്റെ
ചുണ്ടിന്റെ ഷേയ്പ്പൊന്നു മാറ്റിടേണം
നാളെയാ കൊച്ചിനെ നല്ലൊരു പയ്യന്റെ
കയ്യിലായ് ഏൽപ്പിച്ചിടേണ്ടതല്ലേ ?
കണ്ണ് മിഴിക്കേണ്ട കഥകളി വേണ്ടൊട്ടും
ചിലവെല്ലാം റീഇമ്പേഴ്സ് ചെയ്‌തെടുക്കാം
അറിയുക നാടിതിൽ എംഎൽഎ ആയീടിൽ
പരിധിയില്ലാതെ ആ കാശടിയ്ക്കാം
* * *
ആശ്രിതനെന്ന പേർ ചൊല്ലി തുലച്ചിടാം കോടികൾ, ആരും കുരയ്ക്കുകില്ല
അല്ലെങ്കിൽ തന്നെയീ പൊതുജനം കഴുതയെ-
ന്നാരോ പറഞ്ഞതു വെറുതെയാണോ ?
നികുതിയടയ്ക്കുന്നോർ കൂടെയുണ്ടാകുകിൽ
പെൻഷൻ ലഭിയ്ക്കാത്ത നാടാണിത്
വീടിന്റെ മുറ്റത്തു കാറ് വന്നീടുകിൽ
റേഷൻ ലഭിയ്ക്കാത്ത നാടാണിത്
പെൻഷന്നു തെണ്ടിയാ ബാങ്കിൻ വരാന്തയിൽ
ജീവൻ വെടിയുവോരുണ്ടിവിടെ
ഓങ്ങിയടിച്ചൊരാ ഓഖി തൻ പ്രഹരത്തിൽ
ജീവൻ വെടിഞ്ഞവരെത്രയെത്ര ?
ആ കാഴ്ച കാണുവാൻ വേണ്ടിയിട്ടാകാമീ
കണ്ണടക്കളിയെങ്കിൽ നല്ലതത്രെ
കണ്ണ് തുറക്കട്ടെ, കാഴ്ച തെളിയട്ടെ
കണ്ണീരുകാണാത്ത തമ്പുരാക്കൾ !
കണ്ണ് തുറക്കട്ടെ, കാഴ്ച തെളിയട്ടെ
കണ്ണീരുകാണാത്ത തമ്പുരാക്കൾ !!
- ബിനു മോനിപ്പള്ളി
-----------------------------
*Varun: Water dispensing unit of Kerala Police.
*********
Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
Comments
Post a Comment