വിഷു ആശംസകൾ ....!!
പ്രിയപ്പെട്ടവരെ,
ഇതാ മറ്റൊരു വിഷു കൂടി നമ്മുടെ പടിവാതിൽക്കൽ എത്തി നിൽക്കുന്നു.
കത്തുന്ന വേനലിൽ ഉരുകിയൊലിക്കുന്ന മലയാളി.
വറുതിയുടെ നിറുകയിൽ നിൽക്കേ, ഒരു പിടി അരി മോഷ്ടിച്ചതിന് ജീവൻ വെടിയേണ്ടി വരുന്ന മധുമാർ.
പ്രണയത്തിന്റെ പേരിൽ സ്വജീവൻ തന്നെ ബലി നല്കേണ്ടിവരുന്ന ആതിരമാർ.
തമ്മിൽ മത്സരിച്ചു കുതിച്ചു കയറുന്ന ഇന്ധന വില.
ജനത്തിന്റെ നികുതിഭാരം ഒരൽപ്പവും കുറയ്ക്കാതെ, തമ്മിൽ പഴിചാരി ഓടിയൊളിയ്ക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ.
കരുണ വേണ്ടാത്തവർക്ക് അത് യഥേഷ്ടം വാരിക്കോരി നല്കുന്ന ഭരണ-പ്രതിപക്ഷങ്ങൾ.
അനുദിനം മലീമസമായിക്കൊണ്ടിരിയ്ക്കുന്ന പ്രായോഗിക രാഷ്ട്രീയ ആഭാസങ്ങൾ.
കിളികൾ പറന്നിരുന്ന പാടത്തു, റാകിപറക്കുന്ന കഴുകന്മാർ (ബഹു: മന്ത്രീ, താങ്കളോട് കടപ്പാട്).
കൂത്തൊഴിഞ്ഞ അമ്പലപ്പറമ്പു പോലെ, ആളൊഴിഞ്ഞ മെട്രോ.
ആഴ്ച്ചകളിൽ നാം മുടങ്ങാതെ ആഘോഷിയ്ക്കുന്ന ഹർത്താലുത്സവങ്ങൾ. അതിനു മേമ്പൊടി സേവിയ്ക്കാൻ, മുക്കിനു മുക്കിനു നമ്മൾ തുറന്ന മദ്യഷാപ്പുകൾ.
വികസനം എന്ന പേരിൽ മാനം മുട്ടെ കെട്ടിയുർത്തുന്ന, ഏതു നിമിഷവും ഫ്ലാറ്റാകാൻ ഇടയുള്ള ഫ്‌ളാറ്റുകൾ.
പട്ടാപ്പകൽ നടുറോഡിൽ പച്ചമനുഷ്യനെ വെട്ടിയരിയാൻ മടിയ്ക്കാത്ത രാഷ്ട്രീയ കോമരങ്ങൾ.
ജീവിച്ചിരിയ്ക്കുന്ന ഗുരുനാഥയ്ക്ക് 'സ്നേഹഃ ആദരാഞ്ജലി' അർപ്പിയ്ക്കുന്ന പ്രിയ ശിഷ്യഗണങ്ങൾ.
വാട്സാപ്പിന്റെയും ഫേസ്ബുക്കിന്റേയും മറവിൽ കൊഴുക്കുന്ന അവിഹിതങ്ങൾ.
ഇത്തിരി ഇച്ഛ പിഴച്ചാൽ സ്വന്തം അച്ഛനെതിരെയും ക്വട്ടേഷൻ നല്കാൻ മടിക്കാത്ത മക്കൾ.
ഇതിനൊക്കെനടുവിൽ, കൈനീട്ടിയെത്തുന്ന പേരക്കിടാവിനു കൈനീട്ടം നല്കുവാനില്ലാതെ, ഇനിയും വരാത്ത പെൻഷനു കൊതിയ്ക്കുന്ന മുത്തച്ഛന്മാർ. അവരുടെ നിറഞ്ഞ കണ്ണുകൾ.
അങ്ങിനെ അങ്ങിനെ ...അനുദിനം വളരുന്നു നമ്മൾ മലയാളികൾ.....!
ഇതിനൊക്കെ ഇടയിൽ, എങ്ങിനെ വിഷു ആശംസിയ്ക്കും എന്ന് വിഷമിയ്ക്കുമ്പോളാണ്, നന്മയുടെ ഇത്തിരി വെട്ടം പരത്തുന്ന ആ വാർത്ത കാണുന്നത്.
അപകടത്തിൽ മരിച്ച ആൺവേഴാമ്പലിനു പകരം, അത്തിപ്പഴവും ആഞ്ഞിലിപ്പഴവും മണിക്കൂർ ഇടവിട്ടു മരപ്പൊത്തിലെത്തിച്ചു, ഒരു അമ്മ വേഴാമ്പലിന്റെയും കുഞ്ഞുവേഴാമ്പലുകളുടെയും ജീവൻ കാക്കാൻ പരിശ്രമിയ്ക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാർ....!!
ആ നന്മയുടെ ഒരുതരി വെട്ടമെങ്കിലും, നമ്മുടെ ഒക്കെ മനസ്സിലും ജ്വലിയ്ക്കട്ടെ. അതിനായി ഈ വിഷു നമുക്ക് അവസരമൊരുക്കട്ടെ....!
എന്റെ എല്ലാ കൂട്ടുകാർക്കും, വായനക്കാർക്കും, കുടുംബാംഗങ്ങൾക്കും, ഹൃദ്യമായ, ഐശ്വര്യ സമ്പൂർണമായ ഒരു വിഷു ആശംസിയ്ക്കുന്നു.....!
ഒപ്പം, പഴയൊരു വിഷുപ്പാട്ട് നിങ്ങൾക്കായി ഒരിക്കൽ കൂടി സമർപ്പിയ്ക്കുന്നു.
സ്നേഹാശംസകളോടെ ........ സ്വന്തം ബിനു മോനിപ്പള്ളി ...!!
===============
കണ്ണാ നിൻ കമനീയ വിഗ്രഹം ഞാനെന്റെ
കരളിന്റെയുള്ളിൽ കാത്തു പോലും
സംവത്സരങ്ങളായ് സന്ധ്യയ്ക്കു ഞാനതിൽ
സന്ധ്യാവിളക്കു കൊളുത്തി പോലും
കണ്ണാ നിൻ പൊന്നോടക്കുഴലിന്റെ നാദത്തിൽ
ഞാനെത്രയെന്നെ മറന്നു പോയി
ദിവസങ്ങൾ കൊഴിയുന്നതറിയാതെ ഞാനെന്നുമാ-
നാദവീചി തൻ രാഗമായി
കണ്ണാ നിൻ മുരളിക കേട്ടോടിയെത്തുന്നോ-
രമ്പാടി പൈക്കൾ തൻ കോലാഹലം
അറിയാതെ എൻ ജീവതാളമായ് മാറി പോൽ
ഞാനോ നിൻ പ്രിയസഖി രാധയായി
കണ്ണാ എൻ കരളിന്റെയോരത്തു നില്ക്കുമാ-
കൊന്നമരം പൂവണിഞ്ഞു പോലും
പീതവർണ്ണാങ്കിത പൂക്കളിന്നർച്ചനാ-
രൂപത്തിൽ നിൻ മേനി മൂടിപോലും
കണ്ണാ നീ കണ്ണു തുറക്കില്ലയെന്നോ എൻ
അർച്ചന കൈക്കൊള്ളുകില്ലയെന്നോ
കണ്ണാ നീ കള്ളത്തരങ്ങൾ വെടിഞ്ഞെന്റെ
കൈപിടിച്ചീടുകയില്ലയെന്നോ?
കണ്ണാ നീ ഗോപിക പെണ്ണിവൾ തൻ
അനുരാഗമാം കാളിന്ദി കാണ്മതില്ലേ ?
കരളിന്റെയുള്ളിൽ നിന്നുയരുമീ ഗദ്ഗദം
കനിവിന്റെ ദേവാ നീ കേൾപ്പതില്ലേ ?
കണ്ണാ നിൻ പോന്നോടക്കുഴലായി മാറുവാൻ
ആവില്ലയെങ്കിലോ എന്റെ ജന്മം
നിൻ മുൻപിലൊരു നറുകർപ്പൂരദീപമായ്
ഞാനെന്നെയിങ്ങനെ ഹോമിച്ചിടും
കണ്ണാ നീ കണ്ണു തുറക്കുകെൻ പ്രേമമാം
നൈവേദ്യമിന്നിതു സ്വീകരിയ്ക്ക
നിൻ പ്രിയ രാധയായ് നിന്നോടു ചേർക്കുകീ
പാവമാം ഗോപികപ്പെണ്ണിവളെ
കണ്ണാ കണിക്കൊന്ന പൂത്തു പോലും
പൊൻ മേടമാസമണഞ്ഞു പോലും
കരളിന്റെയുള്ളിൽ നിൻ കമനീയവിഗ്രഹം
പൊൻകണിയായ് ഞാനൊരുക്കി പോലും !!
-ബിനു മോനിപ്പള്ളി
*********
*********
Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
Comments
Post a Comment