പെരകെട്ട് - അന്യം നിന്നൊരു നാട്ടൊരുമ (ഓർമ്മ കുറിപ്പ്) [ഭാഗം - ഒന്ന്]
പെരകെട്ട് - അന്യം നിന്നൊരു നാട്ടൊരുമ [ഭാഗം - ഒന്ന്]
ഒരു പക്ഷെ ഈ തലക്കെട്ടു കണ്ടു നിങ്ങളിൽ പലർക്കും കാര്യം എന്താണ് എന്ന് മനസിലായിട്ടുണ്ടാവില്ല അല്ലെ ? ഏതാണ്ട് പത്തിരുപതു കൊല്ലം മുൻപ് വരെ ഞങ്ങളുടെ കോട്ടയം ദേശത്ത് ആഘോഷിച്ചിരുന്ന ഒരു ഉത്സവം തന്നെ ആയിരുന്നു ഈ 'പെരകെട്ട്'.
അന്ന് ഞങ്ങളുടെ നാട് (കോട്ടയം ജില്ലയിലെ മോനിപ്പള്ളി. കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ മോനിപ്പള്ളിയിലെ കുടുക്കപ്പാറ ദേശം) ഇങ്ങനെയൊന്നുമായിരുന്നില്ല. കോൺക്രീറ്റ് സൗധങ്ങൾ തീരെയില്ല. ഓടിട്ട വീടുകളും തീരെ കുറവ്. ഉള്ളതെല്ലാം ഓലകെട്ടി മേഞ്ഞ ചെറിയ വീടുകൾ. അതും പനയോല മേഞ്ഞവ. പനയോല എന്ന് പറഞ്ഞാൽ മനസ്സിലായോ? കുടപ്പനയോല. (കള്ളു ചെത്തുന്നത് വേറെ പന. അതിനെ ഞങ്ങൾ കാളിപ്പന എന്ന് വിളിക്കും). ഇനിയും മനസിലാകാത്തവർ മുകളിൽ കൊടുത്തിരിക്കുന്ന ചിത്രം നോക്കുക.
ഈ ഓലമേഞ്ഞ പുരകൾ (വീടുകൾ) വർഷകാലത്തിനു മുൻപായി പൊളിച്ചു മേയുന്നതിനെയാണ് ഞങ്ങൾ 'പെരകെട്ട്' എന്ന് വിളിച്ചിരുന്നത് (ഓ ... പുര എന്നൊന്നും പറയാറില്ല ഞങ്ങൾ, പകരം 'പെര' എന്നാ പറയാറ്!). ചിരിയ്ക്കണ്ട.... അന്ന് ഞങ്ങൾക്കെല്ലാം അതൊരു ഉത്സവം തന്നെ ആയിരുന്നു. അയൽക്കാരെല്ലാം ഒത്തുകൂടി, ശ്രമദാനമായി നടത്തിയിരുന്ന ഒരു ഉത്സവം. ഒത്തൊരുമയുടെ, നാട്ടൊരുമയുടെ, സാഹോദര്യത്തിന്റെ, നാട്ടിൻപുറ നന്മയുടെ ഉത്തമോത്സവം !!
കുട്ടികൾക്കാണെങ്കിൽ, അന്ന് പെരുത്ത് സന്തോഷമാണ്. കാരണം, ഈ പെരകെട്ട് മിക്കവാറും ശനിയാഴ്ചകളിൽ ആയിരിക്കും. മറ്റു ചിലപ്പോൾ ഞായറാഴ്ചകളിലും. എന്തായാലും പെരകെട്ടിന്റെ ദിവസവും തലേദിവസവും മിക്കവാറും കുട്ടികൾ സ്‌കൂളിൽ പോകില്ല. ആ വീട്ടിലെ മാത്രമല്ല അയൽവക്കത്തെ വീടുകളിലെയും !
കുട്ടികൾക്കാണെങ്കിൽ, അന്ന് പെരുത്ത് സന്തോഷമാണ്. കാരണം, ഈ പെരകെട്ട് മിക്കവാറും ശനിയാഴ്ചകളിൽ ആയിരിക്കും. മറ്റു ചിലപ്പോൾ ഞായറാഴ്ചകളിലും. എന്തായാലും പെരകെട്ടിന്റെ ദിവസവും തലേദിവസവും മിക്കവാറും കുട്ടികൾ സ്‌കൂളിൽ പോകില്ല. ആ വീട്ടിലെ മാത്രമല്ല അയൽവക്കത്തെ വീടുകളിലെയും !
പെരകെട്ടിന്റെ രണ്ടു മൂന്നു ദിവസം മുൻപേ തന്നെ അയലത്തെ ചേച്ചിമാരൊക്കെ വീട്ടിൽ എത്തും. പെരകെട്ടിനു വേണ്ട അച്ചാറുകൾ, മീൻ കറി, ഇഞ്ചിക്കറി ഒക്കെ അവർ തന്നെ ഒരുക്കിക്കോളും.
തലേന്ന് രാവിലെ തന്നെ ഓല വെട്ടാൻ ഉള്ളവർ എത്തും. നേരത്തെ പറഞ്ഞുറപ്പിച്ച പറമ്പിൽ പോയി, വലിയ പനകളിൽ കയറി വേണം ഓലകൾ വെട്ടാൻ. എന്നിട്ട് അതിനെ വലിയ കെട്ടുകളാക്കി, തലച്ചുമടാക്കി വീട്ടിൽ എത്തിക്കണം. നല്ല കഠിനാദ്ധ്വാനം വേണ്ട പണിയാണ്.
നാട്ടിൽ എവിടെ പെരകെട്ടുണ്ടായാലും ഓലവെട്ടാൻ ഞങ്ങൾക്കൊരു ചേട്ടൻ ഉണ്ടായിരുന്നു. ഞങ്ങൾ നാട്ടുകാർ സ്നേഹത്തോടെ 'പപ്പനാവൻ ചേട്ടൻ' എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. പിന്നെ, കൂട്ടിന് ഗോപിച്ചേട്ടൻ, മോഹനൻ ചേട്ടൻ, ഭാസ്കരൻ ചേട്ടൻ, കുഞ്ഞേട്ടൻ, മണി ചേട്ടൻ, സുകുചേട്ടൻ .... അങ്ങിനെ അങ്ങിനെ എത്രയെത്ര ചേട്ടൻമാർ. എല്ലാവരും കൂടെ ഒരു ആഘോഷമായാണ് ഓല വെട്ടാൻ പോകുന്നത്.
പലപ്പോഴും വീട്ടിൽ നിന്നും വളരെ ദൂരെയാവും ഈ പനകൾ നിൽക്കുന്ന പറമ്പുകൾ. മാനം മുട്ടെ അങ്ങിനെ വളർന്നു നിൽക്കുന്ന കുടപ്പനയുടെ മുകളിൽ കയറി ഓലകൾ വെട്ടുക എന്ന് പറഞ്ഞാൽ അതികഠിനം മാത്രമല്ല, അതിസാഹസികം കൂടെയായിരുന്നു. നല്ല വണ്ണമുള്ള പനകളിൽ, തെങ്ങു കയറുന്നതു പോലെ തളപ്പുകൾ (ഞങ്ങൾ കോട്ടയംകാര് അതിനെ 'ത്ലായിപ്പ് ' എന്ന് പറയും) ഇട്ടൊന്നും കയറാൻ പറ്റില്ല. പകരം, പനയുടെ പഴയ മടലുകൾ കൊഴിഞ്ഞ പാടുകളിൽ ചവിട്ടി, പതുക്കെ പതുക്കെ വേണം കയറാൻ.
എന്തു തന്നെയായാലും ഞങ്ങളുടെ പപ്പനാവൻ ചേട്ടന്റെ മുൻപിൽ തോൽ ക്കാത്ത ഒരൊറ്റ പനയും ഞങ്ങളുടെ നാട്ടിലെങ്ങും ഉണ്ടായിരുന്നില്ല. പുള്ളിക്കാരൻ ആദ്യം പനയുടെ ചുവട്ടിൽ ചെന്ന് ഒരു നിമിഷം പ്രാർത്ഥിയ്ക്കും. പിന്നെ ഉടുമുണ്ടൊന്നു മുറുക്കിയുടുത്ത് താറു പോലാക്കും. ശേഷം തന്റെ സ്വന്തം വാക്കത്തി (അതാർക്കും ഒന്ന് നോക്കാൻ പോലും കൊടുക്കാറില്ല കേട്ടോ. തേച്ചു മിനുക്കി പളപളാ തിളങ്ങുന്ന ആ വാക്കത്തി ഞങ്ങൾ കൗതുകത്തോടെ അങ്ങിനെ നോക്കി നിന്നിട്ടുണ്ട്) അതിൽ കെട്ടിയ ചെറിയ ചരട് കൊണ്ട് മുണ്ടിന്റെ കുത്തിനിടയിൽ തിരുകും. പിന്നെ, നേരത്തെ പറഞ്ഞത് പോലെ മടലുകൾ കൊഴിഞ്ഞ പാടുകളിൽ ചവിട്ടി ഒരു കയറ്റമാണ്. അതങ്ങു പനയുടെ മുകളിൽ ചെന്നേ നിൽക്കൂ.
പിന്നെ, മൂത്ത പനമടലുകൾ ഒന്നിനു പുറകെ ഒന്നായി അരിഞ്ഞിടുകയായി. താഴെ നിൽക്കുന്നവർ അത് അപ്പോൾ തന്നെ കീറി, വലിയ കെട്ടുകളാക്കി മാറ്റും. വെറുതെ കീറുകയല്ല, ഇനം തിരിച്ചു കീറുകയാണ് ചെയ്യുന്നത്. ഒരു മടലിൽ നിന്നു തന്നെ കോടിയോല, വിരിയോല, കെട്ടോല, കൊച്ചോല, കുറിയോല ..... ഇങ്ങനെ പലതരത്തിൽ ആണ് കീറിയെടുക്കുന്നത്. കീറിയെടുത്ത ഓലകൾ പനവള്ളി (നീളമുള്ള പനമടലിൽ നിന്നും കീറിയെടുക്കുന്ന വള്ളികൾ തമ്മിൽ പിരിച്ചു കെട്ടിയാണ് ഈ വള്ളി തയ്യാറാക്കുന്നത്) കൊണ്ട് തന്നെ വലിയ കെട്ടുകളാക്കി, ഒരു സൈഡിൽ അങ്ങിനെ അടുക്കിവയ്ക്കും. കെട്ടുകളെല്ലാം റെഡി ആയാൽ പിന്നെ ആഘോഷമായി അതിനെ തലയിലേന്തി വീട്ടിലേക്കു തിരിയ്ക്കും.
ഓലമടലുകൾ വീട്ടിലെത്തുമ്പോഴേക്കും മിക്കവാറും നേരം ഉച്ച കഴിഞ്ഞിരിക്കും . പിന്നെ എല്ലാവരും കൂടെ ഉച്ചഭക്ഷണത്തിനിരിയ്ക്കും. കാറ്റൊക്കെ കൊണ്ട്, തൊടിയിലെ മരത്തണലുകളിൽ ആയിരിക്കും ഇരിയ്ക്കുക. നാട്ടുവർത്തമാനവും പറഞ്ഞ്, ഇടയ്ക്ക് തോളിൽ കിടക്കുന്ന തോർത്തുമുണ്ടു കൊണ്ട് വീശി വിയർപ്പകറ്റി, ചൂട് പറക്കുന്ന കുത്തരി ചോറും, കൂടെ നല്ല നാടൻ അച്ചിങ്ങതോരനും, ഇത്തിരി മാങ്ങാ അച്ചാറും, പിന്നെ കുടംപുളിയിട്ടു പറ്റിച്ച പച്ചമീൻകറിയും (അല്ലെങ്കിൽ നല്ല തിരണ്ടിമീൻ കറി) കൂടിയുള്ള ആ ഊണ്. ഓ ...... അതൊന്നു വേറേ തന്നെയാണെ ...... ഇപ്പോഴും ഓർക്കുമ്പോൾ അറിയാതെ നാവിൽ വെള്ളമൂറും. കൂടെ കുടിക്കാൻ നല്ല നാടൻ പനംകള്ളും കാണും. (അതുപക്ഷേ, മുതിർന്നവർക്ക് മാത്രമാണ് കേട്ടോ. കുട്ടികൾക്ക് അതേ നിറത്തിൽ നല്ല കഞ്ഞിവെള്ളം കിട്ടും കുടിയ്ക്കാൻ).
ശേഷം, കാലിപ്പൊകല (പുകയില) കൂട്ടി ഒന്ന് മുറുക്കി, (അത് വേണ്ടാത്തവർ പനാമ ഒരെണ്ണം ചുണ്ടിൽ തിരുകി ) പല ഗ്രുപ്പുകളായി തിരിഞ്ഞു, വീണ്ടും പണിത്തിരക്കിലേയ്ക്ക്.
ഒരു കൂട്ടർ ഓലക്കെട്ടുകൾ പൊട്ടിച്ചു ഓലകൾ ഇനം തിരിച്ച്, അതിന്റെ മൂട് വെട്ടിക്കളയുന്ന പണിയിൽ. മറ്റൊരു കൂട്ടർ കെട്ടുനാരുണ്ടാക്കുന്ന തിരക്കിൽ. 'കെട്ടുനാര്' എന്ന് പറഞ്ഞത് മനസിലായിക്കാണില്ല അല്ലെ? പറഞ്ഞു തരാം കേട്ടോ. കൂട്ടത്തിൽ വലുപ്പം കുറഞ്ഞ ഓലകൾ, ഒരു ഈർക്കിൽ നടുവിൽ വരുന്ന രീതിയിൽ ഏതാണ്ട് മൂന്നടി-നാലടി നീളത്തിൽ, ഒരിഞ്ചു വീതിയിൽ കീറിയെടുക്കും. പിന്നെ അതിന്റെ ഒരഗ്രം മൂർച്ചയുള്ള കത്തി കൊണ്ട് നന്നായി കൂർപ്പിയ്ക്കും. ഇതാണ് കെട്ടുനാര്. ഇതു കൊണ്ടാണ് പിറ്റേന്ന് ഓരോ ഓലകളേയും മേൽക്കൂരയിലെ പട്ടികയും ആയി കൂട്ടി കെട്ടുന്നത്. ഇങ്ങനെ തയ്യാറാക്കുന്ന കെട്ടുനാരുകൾ, ഏതാണ്ട് 30- 35 എണ്ണം വരുന്ന ചെറിയ കെട്ടുകളാക്കി ഒരിടത്ത് അടുക്കി വയ്ക്കും.
ഇത്രയൊക്കെ ആകുമ്പോഴേയ്ക്കും വൈകുന്നേരത്തെ കട്ടൻ ചായ എത്തും. അതും കുടിച്ചു മിക്കവാറും എല്ലാവരും തൽക്കാലത്തേക്ക് പിരിയും.
പിന്നെ ഏതാണ്ട് രാത്രി 7 മണിയോടെ ആണുങ്ങൾ മിക്കവാറും വീണ്ടും എത്തും. മുറ്റത്തു വട്ടമിട്ടിരുന്ന്, നാട്ടുവർത്തമാനമൊക്കെ പറഞ്ഞു അവർ വീണ്ടും കെട്ടുനാരുണ്ടാക്കുന്ന പണിയിൽ ഏർപ്പെടും.
ഇന്നത്തെ പോലെ ജനറേറ്റർ ഒന്നും ഇല്ലാത്ത കാലമാണ്. പകരം ഉള്ളത് 'പെട്രോമാക്സ്' ആണ്. ഇന്ന് ഇത് വായിക്കുന്ന നിങ്ങളിൽ പലരും ആ സാധനം കണ്ടിട്ടു തന്നെ ഉണ്ടാകില്ല. കണ്ടാൽ ഏതാണ്ട് പണ്ടത്തെ റാന്തൽ വിളക്കിന്റെ രൂപത്തിൽ ഇരിക്കും. കുറച്ചു കൂടി വലുപ്പം കാണും പിന്നെ താഴെ വലിയൊരു മണ്ണെണ്ണ ടാങ്കും, അതിനൊരു പിസ്റ്റണും. വീട്ടുകാർ നേരത്തെ തന്നെ ഒന്നോ രണ്ടോ പെട്രോമാക്സുകൾ വാടകയ്ക്ക് എടുത്തിട്ടുണ്ടാകും. മണ്ണെണ്ണ ഒഴിച്ച്, പിസ്റ്റൺ വഴി അത് പമ്പുചെയ്തു വല രൂപത്തിൽ ഉള്ള ഒരു സാധനത്തിലേക്കു സ്പ്രേ ചെയ്യുമ്പോൾ ആ വല (മാന്റിൽ എന്നാണ് അതിന്റെ പേര് ) നല്ല വെളുത്ത നിറത്തിൽ, ഇന്നത്തെ LED ബൾബ് പോലെ കത്തും. പക്ഷെ ഒരു കുഴപ്പമുണ്ട് ആരെങ്കിലും ഈ വിളക്കിൽ അറിയാതെ അല്പം ശക്തിയിൽ തട്ടിയാൽ, ഈ പറഞ്ഞ മാന്റിൽ ദാ "...ഷൂ"..ന്നു താഴെ കിടക്കും. അതോടെ വിളക്കും കെടും.
മിക്കവാറും ഒന്നോ രണ്ടോ തവണ ഇത് സംഭവിക്കാറുണ്ട്. സംഭവിച്ചാൽ തട്ടിയ ആൾക്ക് പിന്നെ ചെവി പൊത്തേണ്ടി വരും. ആ മാതിരി തെറിയാകും കേൾക്കുക. വീട്ടുകാർ ഉടനെ വേറെ മാന്റിൽ കൊണ്ട് വരും. അത് മാറ്റിയിടൽ വലിയൊരു പണി തന്നെയാണ്. അതിൽ വിദഗ്ദ്ധരായ ചില ചേട്ടന്മാരുണ്ട്. അവര് വല്യ ഗമയിൽ പണി തുടങ്ങും. വലിയ എവറെഡി ടോർച്ചും തെളിച്ചു ഒന്നുരണ്ടു പേര് അപ്പുറവും ഇപ്പുറവും നിൽക്കും. വെട്ടം കാണണ്ടേ?
ആദ്യം മണ്ണെണ്ണ ടാങ്കിലെ ഗ്യാസ് തുറന്നു വിടും. പിന്നെ ഗ്ലാസ് പൊക്കി, പഴയ മാന്റിലിന്റെ അവശിഷ്ടങ്ങൾ ഒക്കെ എടുത്തുമാറ്റും. പുതിയ മാന്റിൽ കെട്ടും പിന്നെ വീണ്ടും പിസ്റ്റൺ അടിച്ചു ഗ്യാസ് ഫിൽ ആക്കും. ശേഷം മാന്റിലിലേക്ക് പോകുന്ന പൈപ്പിൽ (ഒരു പ്രത്യക പോയിന്റ് ഉണ്ട്, അവിടെ) പതുക്കെ തീ പകരും. എല്ലാം കൃത്യമാണെങ്കിൽ "...ഷഹ്ഹ് ......" എന്നൊരു ശബ്ദത്തോടെ തീ മാന്റിലിലേക്കു പടരും. പിന്നെ നോബ് അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു തിരിച്ചു അതിനെ ട്യൂൺ ചെയ്യലായി. എല്ലാം കഴിഞ്ഞു മാന്റിൽ നന്നായി കത്തി തുടങ്ങുമ്പോൾ നമ്മുടെ ചേട്ടൻ 'ഓ .... ഇതൊക്കെ എന്ത്? ...' എന്ന സലിംകുമാർ ഭാവത്തിൽ തിരിഞ്ഞൊരു നോട്ടമുണ്ട്. കാരണം പെൺകുട്ടികളൊക്കെ വല്യ ആരാധനയോടെ, ഈ പണികളെല്ലാം നോക്കി അല്പം മാറി കൂട്ടംകൂടി നിൽക്കുന്നുണ്ടാകും.
കെട്ടുനാരുണ്ടാക്കുന്ന പണിയ്ക്കിടെ, സൂര്യന് താഴെയുള്ള എന്തും അവർക്കു ചർച്ചാ വിഷയമാകും. തർക്കങ്ങളുമുണ്ടാകും. അതിൽ രാഷ്ട്രീയമുണ്ടാകും, സിനിമയുണ്ടാകും, സാഹിത്യമുണ്ടാകും നാടൻപാട്ടുകളുണ്ടാവും ...അങ്ങിനെ എന്തുമുണ്ടാകും. ചർച്ചയ്ക്ക് എരിവ് പകരാൻ മേമ്പൊടിയായി നല്ല ചെത്ത് കള്ളുമുണ്ടാകും. പക്ഷെ ഒന്ന് നിസ്സംശയം പറയാം. അത്തരം ചർച്ചകൾ, അതൊരിക്കലും സഭ്യതയുടെ അതിരുകൾ കടക്കാറില്ലായിരുന്നു. വ്യക്തിഹത്യകളാകാറില്ലായിരുന്നു. ഇന്നത്തെ ചില ചാനൽ ചർച്ചകളുടെ നിലവാരത്തിലേക്ക് തരംതാഴാറുമില്ലായിരുന്നു.
ഈ സമയം അടുക്കളയിൽ, അയലത്തെ ചേച്ചിമാരെല്ലാം കൂടെ തിരക്കിട്ട പാചകത്തിൽ ആയിരിക്കും. പിറ്റേന്നത്തേയ്‌ക്കുള്ള മീൻകറി, അച്ചാർ, പിന്നെ രാവിലത്തേയ്ക്കുള്ള ദോശമാവ്... ഇവയൊക്കെ തയ്യാറാക്കി വയ്ക്കുന്ന തിരക്കിൽ. അവിടെ പിന്നെ രാഷ്രീയവും സാഹിത്യവും ഒന്നും ചർച്ചയാവില്ല . മറിച്ച്, ആ ആഴ്ച ഞങ്ങളുടെ തോട്ടംപാപ്പൻചേട്ടന്റെ കടയിൽ (അന്ന് ഞങ്ങളുടെ മോനിപ്പള്ളിയിലെ ഏറ്റവും പ്രശസ്തമായ തുണിക്കടയാണ് അത്) വന്ന പുതിയ ഡിസൈൻ ലുങ്കിയോ, ബ്ലൗസ്സ്പീസിന്റെ വിലക്കുറവോ ഒക്കെ ആകും അവരുടെ ചർച്ചാവിഷയങ്ങൾ. പിന്നെ മേമ്പൊടിയായി ഒരൽപ്പം കുശുമ്പും ഒരു ശകലം പരദൂഷണവും !
ഇനി ഒരു പക്ഷെ നല്ല വരൾച്ചാ കാലമാണെങ്കിൽ, ചിലപ്പോൾ ഈ പെരകെട്ടു നടക്കുന്ന വീട്ടിലെ കിണറ്റിൽ വെള്ളം ഉണ്ടാകില്ല. അങ്ങിനെയാണെങ്കിൽ, ഈ ചേട്ടൻമാരെല്ലാം കൂടെ രാത്രി വെള്ളം കൊണ്ടുവരാൻ ഒരു കിലോമീറ്റർ അപ്പുറത്തുള്ള ഞങ്ങളുടെ പഞ്ചായത്തു കിണറ്റിലേക്ക് പോകും. ഓരോരുത്തരും വലിയ അലൂമിനിയം കലമോ, കുടമോ അതുമല്ലെങ്കിൽ പ്ലാസ്റ്റിക് കന്നാസോ ഒക്കെ ആയി ആകും പോകുന്നത്. ഒരാൾ നമ്മൾ നേരത്തെ പറഞ്ഞ ഒരു പെട്രോമാക്സ് തലയിൽ ഏറ്റിയിട്ടുണ്ടാവും. മാന്റിലിനു ഇളക്കം തട്ടാതെ പാവം വളരെ സൂക്ഷിച്ചാവും നടക്കുക.
ഒരിയ്ക്കൽ, ഈ പറഞ്ഞ വെള്ളം ചുമടിനിടയിൽ വളരെ രസകരമായ ഒരു സംഭവം ഉണ്ടായി. അതും കൂടി പറഞ്ഞിട്ട് തുടരാം. രാത്രി എല്ലാരും കൂടെ വെള്ളം ചുമക്കാൻ പോയി, ഒരു നട (തവണ) കൊണ്ടുവന്നു. ആദ്യം വന്ന ആൾ അവിടെ വച്ചിരുന്ന വലിയ ചെമ്പു പാത്രത്തിലേക്ക്, കുടം തലയിൽ വച്ച് തന്നെ അതിലെ വെള്ളം ചരിച്ചു ഒഴിച്ചു. 'മുൻപേ നടക്കുന്ന ഗോവ് തന്റെ പിൻപേ ഗമിയ്ക്കും ബഹുഗോക്കളെല്ലാം..." എന്നു പറഞ്ഞ പോലെ പുറകെ വന്ന എല്ലാവരും ഒന്നിന് പുറകെ ഒന്നായി അത് തന്നെ ചെയ്തു. എന്നിട്ടോ, നേരെ അടുത്ത നട വെള്ളത്തിന് പോയി. അൽപ്പം കഴിഞ്ഞപ്പോൾ അല്ലേ രസം. രാത്രിയിലേയ്ക്കുള്ള ചോറ് അത്തവണ പുറത്തെ അടുപ്പിൽ ആയിരുന്നു വച്ചത്. അതാ അടുപ്പിലേക്ക് മുഴുവൻ വെള്ളം ഒഴുകി വന്നു തീ ആകെ കെട്ടു. കാര്യമെന്താണെന്നോ? ആദ്യം വെള്ളം കൊണ്ടുവന്നു ചെമ്പിൽ ഒഴിച്ച ആൾ ഒരൽപം 'ഫിറ്റ് ' ആയിരുന്നു. പാവം, ചെമ്പു പാത്രത്തിലേക്ക് ഒഴിക്കുന്നതിനു പകരം പുള്ളിക്കാരൻ ഒഴിച്ചത് തൊട്ടടുത്തിരുന്ന വല്ലത്തിൽ (സദ്യയ്ക്ക് ഒക്കെ ചോറു കോരാൻ ഉപയോഗിക്കുന്ന വലിയ ചൂരൽകൊട്ട) ആണ്. പുറകെ വന്ന എല്ലാരും അത് തന്നെ ചെയ്തു. എന്നിട്ടോ ഇതൊന്നും അറിയാതെ അവരെല്ലാവരും അടുത്ത നട വെള്ളത്തിന് പോകുകയും ചെയ്തു. കെട്ടുപോയ ചോറിന്റെ അടുപ്പു വീണ്ടും കത്തിയ്ക്കാൻ പെട്ട പാട്, പാവം ഞങ്ങളുടെ ഗോപിച്ചേട്ടനു മാത്രം അറിയാം. ആ കലിപ്പ് ഗോപിച്ചേട്ടൻ രണ്ടാം നട വെള്ളവുമായി വന്ന ചേട്ടന്മാരുടെ ചെവിയിൽ തീർത്തു എന്നത് വേറെ കാര്യം !!...
ഏതാണ്ട് പത്തുമണി കഴിയുന്നതോടെ അത്താഴവും കഴിച്ച്, എല്ലാവരും അവരവരുടെ വീടുകളിലേക്കു മടങ്ങും. കാരണം, പിറ്റേന്ന് വെളുപ്പിന് തന്നെ തിരികെയെത്തി വേണം പെര പൊളിച്ചിറക്കാൻ. ചുരുക്കം ചില കാരണവന്മാർ വീട്ടിൽ തന്നെ തങ്ങും. കെട്ടുനാരും കീറി അവർ രാത്രി വളരെ വൈകുന്നതുവരെ, വെടിവട്ടവും പറഞ്ഞങ്ങിനെ ഇരിയ്ക്കും. പിന്നെ, ആ വരാന്തയിലോ, അല്ലെങ്കിൽ ഓലകെട്ടിന്റെ മുകളിലോ കിടന്നു സുഖമായി ഉറങ്ങും
പിറ്റേന്നാണ് യഥാർത്ഥത്തിൽ ഉള്ള പെരകെട്ട്. അതിന്റെ വിവരണങ്ങളും, വിശേഷങ്ങളും, ചിത്രങ്ങളും, പെരകെട്ടുകാർ ഇടയ്ക്കു പാടുന്ന രസകരമായ നാടൻ പാട്ടുകളും എല്ലാം... അടുത്ത ഭാഗത്തിൽ........ അൽപ്പം കാത്തിരിയ്ക്കുക.
സ്നേഹത്തോടെ,
ബിനു മോനിപ്പള്ളി.
**************
Blog: https://binumonippally.blogspot.com
കുടപ്പനചിത്രങ്ങൾ അയച്ചു തന്നത്: എന്റെ സുഹൃത്ത് മിനി
അഭ്യർത്ഥന: പെരകെട്ടിന്റെയോ, പഴയ ഓലപ്പുരയുടെയോ ഒക്കെ ഫോട്ടോയോ, രേഖാചിത്രങ്ങളോ കൈവശമുള്ള സുഹൃത്തുക്കൾ അവ binu_mp@hotmail.com എന്ന വിലാസത്തിൽ അയച്ചു തന്നാൽ ഇതോടൊപ്പം പ്രസിദ്ധീകരിയ്ക്കുന്നതാണ്.
Comments
Post a Comment