ദൈവം എന്നോട് പറഞ്ഞത് [കവിത]


ദൈവം എന്നോട് പറഞ്ഞത്      [കവിത]

മാനവാ........
മാനവാ നീയിന്നതോർക്ക വേണം 
ഞാൻ നിന്റെ മനസിലാണാവസിയ്ക്ക 
ദേവാലയത്തിലെ കല്ലിലല്ല 
പൊന്നിനാൽ നീ തീർത്ത കുരിശിലല്ല 

ദേവാലയത്തിൽ നീ പോയീടുകിൽ 
മനസിലായ് നന്മ നിറച്ചീടണം  
കന്മഷമൊക്കെയും നീക്കീടണം 
കാരുണ്യമുള്ളിൽ നിറച്ചീടണം 

മനസ്സും ശരീരവും ശുദ്ധമാക്കി 
കൈകൂപ്പി നീയങ്ങു പ്രാർത്ഥിയ്ക്കവേ
തെളിനീർ ഉറവയായ് ഒഴുകിയെത്തും 
ഞാൻ നിന്റെ ഹൃദയത്തിലോർക്ക വേണം

അർത്ഥത്തിനാണു നീ പോവതെങ്കിൽ 
അർത്ഥമില്ലതിനെന്നു നീയറിക 
വ്യർത്ഥമായ് തീരും നിൻ തീർത്ഥാടനം 
സത്യമായ് ഞാൻ ചൊല്ലാമോർത്തീടുക 

സഹജീവി സ്നേഹത്തെ ഉള്ളിൽ നിറച്ചു നീ 
ഇഹലോക ജീവിതം ജീവിയ്ക്കുകിൽ 
അതു തന്നെയല്ലോ വല്യ പുണ്യം 
അതു താൻ എനിയ്ക്കുള്ള കാണിയ്ക്കയും 

കനകച്ചിലങ്കയെനിയ്ക്കു വേണ്ട 
പൊന്നിൻ കൊടിമരം വേണ്ട വേണ്ട 
ശീതീകരിച്ചോരു ദേവാലയം 
ശീലമല്ലൊട്ടുമെനിയ്ക്കതോർക്ക 

അഗതിയാം അനുജന്റെ കണ്ണുനീരിൽ 
അലിയാത്ത മനമാണു നിന്റേതെങ്കിൽ 
അലിവിന്നു കൈകൂപ്പിയെന്റെ മുൻപിൽ 
അഗതിയായ് നിൽക്കുന്നതർത്ഥശൂന്യം 

മാനവാ നീയിന്നതോർക്ക വേണം 
ഞാൻ നിന്റെ മനസിലാണാവസിയ്ക്ക 
ദേവാലയത്തിലെ കല്ലിലല്ല 
പൊന്നിനാൽ നീ തീർത്ത കുരിശിലല്ല 

                                          -ബിനു മോനിപ്പള്ളി
*************

For the VIDEO of this Kavitha


*************

Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്

Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]