രാപ്പാട്ട് [കവിത]
രാപ്പാട്ട് - I
ഇരുളിന്റെ മേലാപ്പിൽ ഉണരുന്ന രാവ്
പകലിന്റെ അന്ത്യം കുറിയ്ക്കുമീ രാവ്
അനുരക്ത മോഹങ്ങൾ ഉണരുന്ന രാവ്
അഭിശപ്ത ദാഹങ്ങൾ ആർക്കുന്ന രാവ്
ഇരതേടിയലയുന്ന കൂമന്മാരെങ്ങും
മൂളി മുരങ്ങുന്ന ഭീതിയീ രാവ്
പകലിന്റെ ജ്യോതിയിൽ മിണ്ടാൻ മടിയ്ക്കുവോർ
പഴിയേതുമില്ലാതെ പുണരുന്ന രാവ്
പാലൊളി ചന്ദ്രനെ കാട്ടുന്ന രാവ്
കരിമേഘ കമ്പളം മൂടുന്ന രാവ്
കാളിയും കൂളിയും അലയുന്ന രാവ്
ഭീതിതൻ വിത്തു വിതയ്ക്കുന്ന രാവ്
പകൽനേര മാന്യരങ്ങൊരുമിച്ചു ചേർന്നാ-
പല കേളി-കാമങ്ങൾ ആടുന്ന രാവ്
പാപബന്ധങ്ങൾ പൂത്തുലയുന്ന രാവ്
ഭ്രാന്ത ബന്ധങ്ങൾ തോലുരിയുന്ന രാവ്
വിരലിന്റെ തുമ്പിനാൽ തോണ്ടിയുണർത്തുന്ന
പലജാതി ബന്ധങ്ങൾ ഉടൽ പൂകും രാവ്
അവിഹിതം കേറി കൊഴുക്കുന്ന രാവ്
'മുഖപത്ര' ഭ്രമണം നടത്തുന്ന രാവ്
കണ്ടാലറയ്ക്കുമഴുക്കടിഞ്ഞീടുന്നൊ-
രാഴക്കടലിന്നു സമമാണു രാവ്
എന്നാൽ ...
ഓർക്കേണ്ടതൊന്നുണ്ട് തീർച്ചയായും
ഓർക്കാതെ പോവരുതിനിയെങ്കിലും
ആഴി പേറുന്നോരഴുക്കതു മുഴുവനും
ആഴിതൻ നെഞ്ചിൽ ചൊരിഞ്ഞതു നാം !!
രാവിന്റെ മറവിൽ നടക്കുമീ കൂത്തുകൾ
കൂടിയാടുന്നതും നമ്മളത്രെ !!
ഓർക്കേണ്ടതുണ്ടതു തീർച്ചയായും
ഓർക്കാതെ പോവരുതിനിയെങ്കിലും
നമ്മൾ....
ഓർക്കാതെ പോവരുതിനിയെങ്കിലും
ഓർക്കാതെ പോവരുതിനിയെങ്കിലും.....
-ബിനു മോനിപ്പള്ളി
*************
Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
പിൻകുറിപ്പ്: രാവിന്റെ വിവിധ ഭാവങ്ങൾ വിഷയമാക്കി കവിതകൾ എഴുതാനുള്ള ഒരു ശ്രമം. അതിൽ ആദ്യത്തെ കവിതയാണിത്. ഇഷ്ടമായി എന്ന് കരുതട്ടെ.
Comments
Post a Comment