ചില 'തുഗ്ലക് ചിന്തകൾ' [ലേഖനം]
ചില 'തുഗ്ലക് ചിന്തകൾ' [ലേഖനം]
തലക്കെട്ട് വായിച്ചപ്പോൾ തന്നെ എന്താണ് ഇനി പറയാൻ പോകുന്നത് എന്നുള്ളതിനെ പറ്റി, ഒരു ഏകദേശരൂപം കിട്ടിക്കാണും. അല്ലേ ?
കാരണം, അത്രയ്ക്ക് പ്രസിദ്ധമാണല്ലോ ആ വാക്ക് അല്ലെങ്കിൽ ആ പ്രയോഗം? ആവശ്യത്തിനും, അനാവശ്യത്തിനും, വേണ്ടിടത്തും വേണ്ടാത്തിടത്തും ഒക്കെ, നമ്മൾ മലയാളികൾ എടുത്തു പെരുമാറുന്നവയാണ് ആ രണ്ടു വാക്കുകൾ - 'തുഗ്ലക്കും', 'തുഗ്ലക് പരിഷ്‌കാരങ്ങളും'.
എന്നാൽ, നമ്മൾ ഇവിടെ വിശകലനം ചെയ്യുന്നത്, ആ വാക്കുകളുടെ, അധികം ചർച്ച ചെയ്യപ്പെടാതെ പോയ മറ്റൊരു വശത്തെ കുറിച്ചാണ്.
അതിനു മുൻപായി ചെറിയ ചില തുഗ്ലക് ഓർമ്മകൾ:
തുഗ്ലക്ക് എന്നു കേൾക്കുമ്പോൾ, എനിക്ക് ആദ്യം ഓർമ്മ വരുന്നത് ഞങ്ങളുടെ പഴയ ആ ഹൈസ്‌കൂൾ ടീച്ചറിനെ ആണ്. സാമൂഹ്യപാഠം ടീച്ചറിനെ.
അവരായിരുന്നല്ലോ സിന്ധു-നദീതട സംസ്കാരവും, മൗര്യ സാമ്രാജ്യത്തിന്റെ ഉയർച്ച താഴ്ചകളും ഒക്കെ ഞങ്ങളെ പഠിപ്പിക്കാൻ, പെടാപ്പാട് പെട്ടത്.
അതു പോലെ തന്നെ മുഹമ്മദ് ബിൻ തുഗ്ലക് എന്ന രാജാവിനെ, വിശദമായി പരിചയപ്പെടുത്തിയതും അവർ തന്നെ.
എന്നാൽ ഞങ്ങൾക്കാകട്ടെ, ഈ തുഗ്ലക്കും പണ്ടെങ്ങോ ഇന്ത്യ ഭരിച്ചിരുന്ന ഏതോ ഒരു രാജാവ് മാത്രമായിരുന്നു. എന്നാൽ, പെട്ടെന്നാണ് ഒരു ദിവസം ആ പേര് ഞങ്ങൾക്കിടയിൽ പെട്ടെന്നങ്ങ് 'ഹിറ്റ്' ആയത്. എങ്ങിനെ എന്നല്ലേ ?
പറയാം. പുതുതായി മാറിവന്ന ഹെഡ്മാസ്റ്റർ, പരീക്ഷാ സമയത്തു ചില പരിഷ്കാരങ്ങൾ കൊണ്ടുവന്നു. അതുവരെ, മിക്കവാറും പരീക്ഷാ ഹാളുകളിൽ ഉറക്കം തൂങ്ങിയിരുന്ന ഞങ്ങളുടെ സാമൂഹ്യപാഠം ടീച്ചറിനെ പോലുള്ളവർക്ക് നല്ലൊരു 'പണി' തന്നെ ആയിരുന്നു അത്.
പരീക്ഷാ ഹാളിൽ ടീച്ചർമാർ മേലിൽ ഇരിക്കാൻ പാടില്ല; പകരം അവർ അഡീഷണൽ ഉത്തരപേപ്പറുകൾ, ആവശ്യാനുസരണം ഓരോ വിദ്യാർത്ഥിയുടെയും സീറ്റിൽ കൊണ്ടുപോയി കൊടുക്കണം. മാത്രമല്ല, ഓരോ ഷീറ്റിലും അവിടെ വച്ച് തന്നെ ഒപ്പിടുകയും വേണം.
ഈ പരിഷ്‌കാരം അറിഞ്ഞപ്പോൾ നമ്മുടെ ടീച്ചറിന്റെ ആദ്യ പ്രതികരണം എന്തായിരുന്നെന്നോ ? "ഓഹ്.... ഓരോരോ തുഗ്ലക് പരിഷ്‌കാരങ്ങൾ !!"
പറഞ്ഞു പറഞ്ഞു വന്നപ്പോൾ, പറയാൻ വന്നത് മറന്നു എന്ന് തോന്നുന്നു. നമുക്ക് നമ്മുടെ വിഷയത്തിലേക്കു തന്നെ തിരികെ വരാം.
ആരായിരുന്നു തുഗ്ലക് ?
1325 മുതൽ 1351വരെ ദില്ലി ഭരിച്ചിരുന്ന രാജാവായിരുന്നു മുഹമ്മദ്-ബിൻ-തുഗ്ലക് എന്ന തുഗ്ലക്.
വൈദ്യശാസ്ത്രത്തിൽ അഗാധ പാണ്ഡിത്യമുള്ള, പേർഷ്യൻ, അറബിക്, ടർക്കിഷ്, സംസ്‌കൃത ഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്ന, സുപ്രസിദ്ധ സഞ്ചാരിയായ ഇബ്ൻ ബത്തൂത്തയെ പോലുള്ളവരെ തന്റെ വിദ്വൽസദസിൽ ആദരിച്ചിരുന്ന, ദാനധർമ്മങ്ങൾക്കു പേരുകേട്ട രാജാവായിരുന്നു തുഗ്ലക്.
എന്നാൽ, പഠിച്ചുതീർത്ത ചരിത്രപുസ്‌തകങ്ങളിൽ നമ്മൾ കണ്ടത്, ആ തുഗ്ലക്കിനെയേ അല്ല അല്ലേ?
അവിടെ നമ്മൾ അറിയുന്നത് ക്രൂരനും, ദയാരഹിതനും, പ്രജകൾക്ക് മേൽ അമിത നികുതി ഭാരം അടിച്ചേൽപ്പിച്ചിരുന്നവനുമായ, എല്ലാറ്റിനുമുപരിയായി 'തല തിരിഞ്ഞ' ഭരണപരിഷ്കാരങ്ങൾ ഇടയ്ക്കിടെ നടപ്പാക്കിയിരുന്ന, മറ്റൊരു തുഗ്ലക്കിനെ കുറിച്ചാണ്. അല്ലേ?
എന്താണ് അതിനു കാരണം?
ആ കാരണമാണ് നമ്മൾ ഇവിടെ തേടുന്നത്. അതും '(കു)പ്രസിദ്ധമായ' രണ്ടു 'തുഗ്ലക് പരിഷ്കാര'ങ്ങളിലൂടെ.
1. തലസ്ഥാന മാറ്റം:
തുഗ്ലക് രാജാവിന്, 'ബുദ്ധിമാനായ വിഡ്ഢി' എന്ന പേര് സമ്പാദിച്ചു കൊടുക്കുന്നതിൽ പ്രമുഖ പങ്കു വഹിച്ച ഭരണപരിഷ്കാരമായിരുന്നു ഇത്.
1327ൽ തുഗ്ലക് തന്റെ രാജ്യതലസ്ഥാനം ദില്ലിയിൽ നിന്നും, ഏതാണ്ട് 700 km അകലെയുള്ള ദേവഗിരി (ഇന്നത്തെ ദൗലത്താബാദ്) യിലേക്ക് മാറ്റാൻ തീരുമാനിച്ചു.
ദേവഗിരി, തന്റെ സാമ്രാജ്യത്തിന്റെ ഏതാണ്ട് മദ്ധ്യഭാഗത്തായി വരുന്നു എന്നതും, അന്നൊക്കെ ഇടയ്ക്കിടെ ദില്ലിയ്ക്ക് നേരെ ഉണ്ടായിക്കൊണ്ടിരുന്ന മംഗോൾ ആക്രമണങ്ങളും ഒക്കെ ആയിരുന്നുവത്രേ, സുൽത്താനെ ഈ മാറ്റത്തിന് പ്രേരിപ്പിച്ചത്.
ദേവഗിരിയെ അതിനകം തന്നെ മനോഹരമായ ഒരു നഗരമാക്കി രാജാവ് മാറ്റിയിരുന്നു. വിശാലമായ റോഡുകളും, പൂന്തോട്ടങ്ങളും, വിശ്രമ മന്ദിരങ്ങളും, ചെയ്യുന്ന തൊഴിലിനെ അടിസ്ഥാനമാക്കി വേർതിരിച്ച വാസഗൃഹ സമുച്ചയങ്ങളും ഒക്കെ, അവിടെ ധാരാളമായി പണി കഴിപ്പിച്ചിരുന്നു.
എന്നാൽ, തങ്ങൾ കാലങ്ങളായി അധിവസിച്ചിരുന്ന ദില്ലിയെ ഉപേക്ഷിയ്ക്കാൻ പ്രജകളിൽ പലരും തീർത്തും വിമുഖരായിരുന്നു.
അവസാനം, എല്ലാവരെയും ബലം പ്രയോഗിച്ചു ദില്ലിയിൽ നിന്നും ഒഴിപ്പിയ്ക്കാൻ സുൽത്താൻ ഉത്തരവിട്ടു.
പാവം പ്രജകൾ, അവർ ഏതാണ്ട് 700km ദൂരം നടന്നു ദേവഗിരിയിൽ എത്താൻ നിർബന്ധിതരായി! കൊച്ചുകുട്ടികളും, പ്രായമായവരും, വളർത്തുമൃഗങ്ങളും എല്ലാമായുള്ള ആ യാത്ര; അതൊരു തീരാദുരിതം തന്നെ ആയിരുന്നു എന്ന് എടുത്തു പറയേണ്ടതില്ലല്ലോ? പലരും വഴിയിൽ തളർന്നു വീണു. കുറെയേറെ ആളുകൾ മരണപ്പെട്ടു. ബാക്കിയായവർ മാത്രം ദേവഗിരിയിൽ എത്തി.
പിന്നീട് ചില ചരിത്രകാരന്മാർ എഴുതിയതു പോലെ, 'ഒരു പട്ടിയേയും പൂച്ചയേയും പോലും ബാക്കി വയ്ക്കാതെ' സുൽത്താൻ ദില്ലിയെ ഒഴിപ്പിച്ചു.
എന്നാൽ, ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ (1335ൽ), തന്റെ രാജ്യതലസ്ഥാനം തിരികെ ദില്ലിയിലേയ്യ്ക്കു തന്നെ മാറ്റാൻ സുൽത്താൻ ഉത്തരവിട്ടു.
നാട്ടിലെങ്ങും പടർന്നു പിടിച്ച ചില മഹാമാരികളും, പുതിയ തലസ്ഥാനത്തും തുടർന്ന മംഗോൾ ആക്രമണങ്ങളും ഒക്കെയായിരുന്നുവത്രേ അതിനു കാരണം !
പ്രജകളോ? അവർക്ക് വീണ്ടും അത്രയും ദൂരം തിരിയെ സഞ്ചരിച്ച്, തങ്ങളുടെ പഴയ വീടുകളിലേക്കു തന്നെ മടങ്ങേണ്ടി വന്നു !
2. ചെമ്പു നാണയങ്ങൾ:
അന്നു വരെ രാജ്യത്തു നിലവിൽ ഉണ്ടായിരുന്നത് സ്വർണം, വെള്ളി നാണയങ്ങളായിരുന്നു. തന്റെ വളരെ വലിയ സൈന്യത്തെ തീറ്റിപ്പോറ്റാൻ ഖജനാവിലെ പണം മതിയാകാതെ വന്നപ്പോൾ, സുൽത്താൻ കണ്ട ഒരു എളുപ്പവഴിയായിരുന്നു, താരതമ്യേന വിലകുറഞ്ഞ ചെമ്പുലോഹം കൊണ്ട് പുതിയ നാണയങ്ങൾ അടിച്ചിറക്കുക എന്നത്. മൂല്യത്തിൽ ആ നാണയങ്ങളെ സ്വർണ/ വെള്ളി നാണയങ്ങളോട് തുല്യമാക്കുകയും ചെയ്തു.
എന്നാൽ സംഭവിച്ചതെന്തെന്നോ? കിട്ടിയ അവസരം മുതലെടുത്ത് പ്രജകളിൽ പലരും സ്വന്തമായി ചെമ്പുനാണയങ്ങൾ അടിച്ചിറക്കി. രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥ തന്നെ ആകെ അപകടത്തിൽ ആയപ്പോൾ, രാജാവ് തന്നെ തന്റെ ആ തീരുമാനവും പിൻവലിച്ചു.
എഴുതുവാനാണെങ്കിൽ, ഇനിയുമുണ്ട് ഇതുപോലുള്ള തുഗ്ലക് പരിഷ്‌കാരങ്ങൾ ഒട്ടേറെ. പക്ഷേ, വിസ്താരഭയത്താൽ ഈ രണ്ടിൽ നിർത്തുന്നു എന്നു മാത്രം.
ഇനി, നമ്മൾ മുകളിൽ പറഞ്ഞ കാര്യങ്ങൾ അഥവാ പരിഷ്കാരങ്ങൾ, അവ തീർത്തും മോശമായിരുന്നോ? അല്ലെങ്കിൽ 'ആനമണ്ടത്തരങ്ങൾ' ആയിരുന്നോ ?
ഒരിയ്ക്കലുമല്ല .
പിന്നെ, എവിടെയാണ് രാജാവിന് പിഴച്ചത്? എങ്ങിനെയാണ് അവയെ വെറും 'മണ്ടത്തരങ്ങൾ' ആയി ചരിത്രം രേഖപ്പെടുത്തിയത് ?
നമുക്കൊന്ന് നോക്കാം,
1. തലസ്ഥാന മാറ്റം:
തീർച്ചയായും അതൊരു നല്ല തീരുമാനം തന്നെ ആയിരുന്നു. പക്ഷേ, ആവശ്യത്തിന് ഗൃഹപാഠം ചെയ്യാതെ, മുന്നൊരുക്കങ്ങൾ നടത്താതെ, വരുംവരായ്കകളെ പറ്റി ഓർക്കാതെ, ആ തീരുമാനം നടപ്പാക്കി എന്നിടത്താണ് അതൊരു 'ചരിത്രപരമായ വിഡ്ഢിത്തം' ആയി രേഖപ്പെടുത്തപ്പെട്ടത്.
ദില്ലിയിൽ നിന്നും രാജാവും, അനുചരവൃന്ദങ്ങളും, സൈന്യവും, ഉദ്യോഗസ്ഥവൃന്ദവും, പിന്നെ അങ്ങോട്ട് പോകാൻ താല്പര്യമുള്ള പ്രജകളും മാത്രമായിരുന്നു ദേവഗിരിയിലേയ്ക്ക് മാറിയിരുന്നതെങ്കിലോ? അതും, ആവശ്യത്തിന് സമയം എടുത്ത്.
അങ്ങിനെയെങ്കിൽ, ആ തലസ്ഥാനമാറ്റം ഒരു വൻ വിജയം ആകുമായിരുന്നു. ദേവഗിരി ഒരുപക്ഷെ, പിൽക്കാല ഭാരതത്തിന്റെ ഏറ്റവും നല്ല തലസ്‌ഥാന നഗരം ആയി മാറുകയും ചെയ്യുമായിരുന്നു. ആ തലസ്ഥാന മാറ്റം ചരിത്രത്തിൽ തന്നെ, സ്വർണലിപികളാൽ ആലേഖനം ചെയ്യപ്പെടുകയും ചെയ്യുമായിരുന്നു!
2. ചെമ്പു നാണയങ്ങൾ:
"ഏറ്റവും നല്ല ആശയം, പക്ഷെ ഏറ്റവും പരിതാപകരമായ നടപ്പിലാക്കൽ" എന്ന് ഒറ്റ വാചകത്തിൽ പറയാൻ പറ്റുന്ന ഒരു വമ്പൻ പരിഷ്കാരമായിരുന്നു ഇത്.
ആർക്കും വളരെ എളുപ്പത്തിൽ അനുകരിയ്ക്കാൻ പറ്റുന്ന, തീർത്തും ലളിതമായ ഒരു രൂപകൽപന ആയിരുന്നു പുതിയ ചെമ്പുനാണയത്തിന്റേത്. അതുകൊണ്ടു തന്നെ വലിയ പരിശ്രമം ഒന്നും ഇല്ലാതെ തന്നെ ആളുകൾക്ക്, അതു വ്യാജമായി നിർമ്മിക്കാനുമായി.
ഈ നാണയങ്ങൾ നടപ്പിൽ വരുത്തുന്നതിനു മുൻപുതന്നെ, രാജ്യത്തെ ചെമ്പു ലോഹത്തിന്റെ വ്യാപാര-വിപണന രംഗത്ത് അവശ്യം വേണ്ട നിബന്ധനകൾ കൊണ്ടുവരികയും, ഒപ്പം, പുതിയ നാണയങ്ങളുടെ രൂപകൽപന ആർക്കും അത്ര പെട്ടെന്ന് അനുകരിയ്ക്കാൻ പറ്റാത്തത്ര സങ്കീർണ്ണമായ രീതിൽ ചെയ്യൂകയും ചെയ്തിരുന്നുവെങ്കിലോ? തീർച്ചയായും ഒരു വൻവിജയം തന്നെ ആകുമായിരുന്നു ഈ പരിഷ്‌കാരം.
അപ്പോൾ, ശരിയ്ക്കും ഒന്നുകൂടി ഒന്നു ആലോചിച്ചു നോക്കൂ.
ഈ രണ്ടു കാര്യങ്ങളിലും, എടുത്ത തീരുമാനങ്ങൾ നൂറു ശതമാനം ശരിയായിരുന്നു, അവ പുരോഗമനാത്മകവും ആയിരുന്നു. പക്ഷെ, അവ നടപ്പാക്കിയ രീതി. അതായിരുന്നു അല്ലെങ്കിൽ അവിടെയായിരുന്നു കുഴപ്പം.
ആ കുഴപ്പമാകട്ടെ, ആ തീരുമാനങ്ങളുടെ സാധുതയെ തന്നെ, അല്ലെങ്കിൽ ഭാവിയെ തന്നെ അപ്പാടെ മാറ്റിമറിച്ചു കളഞ്ഞു എന്ന് കാണാവുന്നതാണ്.
ശരിയല്ലേ?
നമ്മൾ മുൻപ് സൂചിപ്പിച്ചതു പോലെ, ആവശ്യത്തിന് ഗൃഹപാഠം ചെയ്ത് , വേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തി, വരുംവരായ്കകളെ കൃത്യമായി വിശകലനം ചെയ്ത്, ആ പദ്ധതികൾ നടപ്പിലാക്കാൻ ബുദ്ധിയും പ്രാപ്തിയും ഉള്ളവരെ കണ്ടെത്തി അവരെ ചുമതല ഏൽപ്പിച്ചിരുന്നു, എങ്കിൽ?
ആ തീരുമാനങ്ങൾ നൂറു ശതമാനം വിജയം ആകുമായിരുന്നു. അവ നടപ്പിലാക്കിയ ഇതേ തുഗ്ലക്കിനെ, ദില്ലി കണ്ട (ഒരു പക്ഷെ ലോകം തന്നെ കണ്ട), എക്കാലത്തെയും മികച്ച, ഭാവനാസമ്പന്നനായ, മഹാനായ ഒരു ഭരണാധികാരിയായി പിൽക്കാലചരിത്രം രേഖപെടുത്തുകയും ചെയ്യുമായിരുന്നു.
എന്തുതന്നെ ആയാലും, തുഗ്ലക് എന്ന ആ രാജാവ്, ഇന്നത്തെ തലമുറയ്ക്ക്, ഓർത്തു ചിരിയ്ക്കാനുള്ള, ഒരു മണ്ടൻ ഭരണാധികാരി ആവില്ലായിരുന്നു. തീർച്ച.
***
"നല്ല ഒരു ഭരണാധികാരി പ്രവർത്തിയ്ക്കേണ്ടത്, എങ്ങിനെ ആയിരിയ്ക്കരുത്" എന്നതിന്റെ ഉത്തമ മാതൃക.
അല്ലേ?
***
ഇനി, നൂറ്റാണ്ടുകൾക്കു മുൻപ് ദില്ലി ഭരിച്ച, നമ്മളെല്ലാം ചരിത്രപാഠപുസ്‌തകങ്ങളിൽ എന്നോ വായിച്ചു മറന്ന, ആ രാജാവിന്റെ കാര്യങ്ങൾ, എന്തിനാണ് ഇപ്പോൾ വീണ്ടും പറയുന്നത് എന്നാണോ ?തീർച്ചയായും കാര്യമുണ്ട്.
നമ്മൾ ഓരോരുത്തരും, ശരിയ്ക്കും പറഞ്ഞാൽ ഒരർത്ഥത്തിൽ അല്ലെങ്കിൽ, മറ്റൊരു അർത്ഥത്തിൽ ഓരോ ഭരണാധികാരികൾ ആണ്.
ശരിയല്ലേ?
ഒന്നുകിൽ സ്വന്തം കുടുംബത്തിൽ, അല്ലെങ്കിൽ നാട്ടിൽ, സംഘടനയിൽ, ഓഫീസിൽ, ഭരണ-രംഗത്ത്... അങ്ങിനെ എവിടെയെങ്കിലും (കുറഞ്ഞത് ഒരിടത്തെങ്കിലും), നാം ഓരോരുത്തരും ഒരു അധികാരിയുടെ റോൾ കൈകാര്യം ചെയ്യുന്നില്ലേ ?
[ഇനി, ഒരു പക്ഷേ നിങ്ങളിൽ ചിലർക്ക് ഇപ്പോൾ ആ റോൾ ഇല്ലെങ്കിൽ കൂടി, നാളെ ആ റോൾ കൈകാര്യം ചെയ്യേണ്ടവർ അല്ലേ?]
ഇനി ഇതൊന്നുമല്ലെങ്കിൽ തന്നെ, നാം ഓരോരുത്തരും, ചുരുങ്ങിയത് അവനവന്റെയെങ്കിലും അധികാരി അല്ലേ ?
ആണ്. ഉറപ്പായും ആണ്.
അങ്ങിനെ എങ്കിൽ, തീർച്ചയായും നാം ഓരോരുത്തരും തുഗ്ലക്കിനെ നന്നായി അടുത്തറിയേണ്ടതുണ്ട്. അതിന്റെ കാരണം, നാം നേരത്തെ മുകളിൽ വ്യക്തമാക്കിയതാണ്.
ഒരു അധികാരി, തന്റെ അധികാരം അഥവാ പദ്ധതികൾ അഥവാ പരിഷ്‌കാരങ്ങൾ, എങ്ങിനെയാവരുത് നടപ്പിലാക്കേണ്ടത്, എന്നതിന്റെ ഉത്തമ ഉദാഹരണമത്രെ 'തുഗ്ലക് പരിഷ്‌കാരങ്ങൾ'. !!
ഓർക്കുക, ഓർമ്മ വയ്ക്കുക. പിന്നെ ആലോചനയോടെ, ബുദ്ധിപൂർവം മാത്രം, നിങ്ങൾ നിങ്ങളുടെ പദ്ധതികൾ പ്രാവർത്തികമാക്കുക.
.......... എഴുതിയെഴുതി, ഇതൊരു 'തുഗ്ലക് ലേഖനം' ആയില്ലല്ലോ? അല്ലേ?
- സ്നേഹത്തോടെ
- ബിനു മോനിപ്പള്ളി.
*************
Blog: https://binumonippally.blogspot.com
പിൻകുറിപ്പ്: ഇത് വായിക്കുമ്പോഴോ, തുഗ്ലക് എന്ന പേര് കേൾക്കുമ്പോഴോ, നിങ്ങൾക്ക് ആരെയെങ്കിലും പെട്ടെന്ന് ഓർമ്മ വരുന്നുവെങ്കിൽ, അത് 'തികച്ചും യാദൃശ്ചികം' എന്നുമാത്രം കരുതുക.
ഒരുപാട് ഇഷ്ടം.
ReplyDeleteനിങ്ങളുടെ കൂടുതൽ എഴുത്തുകൾ.. വേണം