നടരാജ സങ്കൽപ്പം [ഒരു സ്വതന്ത്ര വ്യാഖ്യാനം]
നടരാജ സങ്കൽപ്പം
[ഒരു സ്വതന്ത്ര വ്യാഖ്യാനം]
[ഒരു സ്വതന്ത്ര വ്യാഖ്യാനം]
ജീവിതത്തിൽ ഒരിയ്ക്കലെങ്കിലും, ഒരു നടരാജ വിഗ്രഹമോ അല്ലെങ്കിൽ നടരാജ ചിത്രമോ കാണാത്തവർ, നമ്മളിൽ വളരെ ചുരുക്കമായിരിയ്ക്കും. അല്ലേ?
എന്നാൽ, ഭഗവാൻ ശിവന്റെ ഒരു നൃത്തരൂപം അല്ലെങ്കിൽ പ്രസിദ്ധമായ ശിവതാണ്ഡവത്തിലെ ഒരു നിമിഷത്തിന്റെ ദൃശ്യവൽക്കരണം, എന്നതിനപ്പുറത്തേയ്ക്ക് എത്ര പേർ ആ നടരാജരൂപം പ്രതിനിധാനം ചെയ്യുന്ന അതിന്റെ ആഴങ്ങളിലേയ്ക്ക്, അതിന്റെ ആന്തരാർത്ഥങ്ങളിലേയ്ക്ക് ഇറങ്ങി പോയിട്ടുണ്ട്?
സത്യം പറയട്ടെ. ഏതാനും ദിവസങ്ങൾക്കു മുൻപ്, ഒരു ശിവസ്തുതി എഴുതി നൽകണം എന്ന ആവശ്യവുമായി സുഹൃത്തുക്കളിൽ ഒരാൾ സമീപിച്ചപ്പോഴാണ്, ലഭ്യമായ ശിവപുരാണങ്ങളിലൂടെ ഞാൻ സാമാന്യം ദീർഘമായ ഒരു വായനായാത്ര നടത്തിയത്. ആ യാത്രയിലാണ്, നാം കാണുന്ന ആ നടരാജ രൂപത്തിന്, നാം കാണാത്ത ഒരുപാട് അന്തരാർത്ഥങ്ങൾ അഥവാ പൊരുളുകൾ കൂടിയുണ്ട് എന്ന് എനിയ്ക്കു മനസിലായത്.
ഇനിയും ആ വഴി സഞ്ചരിയ്ക്കാത്തവർക്കു വേണ്ടി, നടരാജ സങ്കൽപ്പത്തിന്റെ ആ അകംപൊരുളുകളാണ്, കഴിയുന്നത്ര ലളിതമായി, വളരെ ചുരുക്കി, ഇവിടെ വ്യാഖ്യാനിയ്ക്കാൻ ശ്രമിയ്ക്കുന്നത്.
എന്താണ് നടരാജ സങ്കല്‌പം?
ഈ ലേഖനത്തോടൊപ്പം ചേർത്തിരിക്കുന്ന ചിത്രം നോക്കുക.
വൃത്താകാരത്തിലുള്ള (അതിൽ ചുറ്റിലും അഗ്നിയെരിയുന്നു) ഒരു ചട്ടക്കൂടിനുള്ളിൽ, ശിശു സമാനനായ ഒരു രൂപത്തിനു മേൽ, തന്റെ വലതുപാദം ഊന്നിയും, മറുപാദം ഏതാണ്ട് പാതിയോളം മുകളിലേയ്ക്കുയർത്തിയും, ചടുല നൃത്തരൂപത്തിൽ/ഭാവത്തിൽ നിൽക്കുന്ന, നാലു കരങ്ങളോടു കൂടിയ പരമശിവൻ.
വലംകയ്യിൽ ഡമരു. ഇടംകയ്യിൽ അഗ്നി.
ഇനി, അടുത്ത വലംകയ്യാൽ അഭയ മുദ്ര. ഇടംകയ്യാൽ ഗജ ഹസ്തമുദ്ര.
വലതു കരമൊന്നിൽ ചുറ്റഴിഞ്ഞു തുടങ്ങുന്ന ഒരു സർപ്പം.
അഴിഞ്ഞുലഞ്ഞ് പാറിപ്പറക്കുന്ന കേശഭാരം.
ഇതാണ് ഒറ്റനോട്ടത്തിൽ ഒരു നടരാജരൂപം. ശരിയല്ലേ?
ഇനി നമുക്ക്, ഈ പറഞ്ഞ ഓരോന്നിനെയും പ്രത്യേകം, പ്രത്യേകമായി ഒന്നു വ്യാഖ്യാനിച്ചാലോ?
വൃത്താകാരമാർന്ന ചട്ടക്കൂട്:
സുഖ-ദുഃഖ സമ്മിശ്രമായ, ജനന-മരണങ്ങളുടെ കെട്ടുപാടുകളാൽ ബന്ധിതമായ, ഈ ലോകജീവിതത്തെ തന്നെയാണത്രെ ഈ ചക്രം പ്രതിനിധാനം ചെയ്യുന്നത്.
ശിശു രൂപം:
വളരെ സൂക്ഷ്മമായി നടരാജ രൂപത്തെ നോക്കുന്ന ഏതൊരാളിനും മനസ്സിൽ തോന്നിയേക്കാവുന്ന ഒരു സംശയം ഉണ്ട്. വളരെ നിഷ്കളങ്ക മുഖത്തോടു കൂടിയ, ശിശുസമാനനായ ഒരു രൂപത്തെ, എന്തിനാണ് ഭഗവാൻ ശിവൻ തന്റെ കാലുകൊണ്ടിങ്ങനെ ചവിട്ടിയമർത്തിയിരിയ്ക്കുന്നത് എന്ന്.
യഥാർത്ഥത്തിൽ, അത് അപസ്മാര പുരുഷൻ അഥവാ മുയലഗൻ (തമിഴ് ഭാഷയിൽ) എന്നറിയപ്പെടുന്ന ഒരു അസുരനത്രെ.
ഈ പ്രപഞ്ചത്തിലുള്ള, എല്ലാ ജീവജാലങ്ങളുടെയും ഉള്ളിൽ, അവരുടെ അനുവാദമില്ലാതെ തന്നെ അധിവസിയ്ക്കുന്ന, അജ്ഞത (Feel of ignorance) ആകുന്നു ഈ മുയലഗൻ!
മുയലഗനെ ആർക്കും വധിയ്ക്കാനാവില്ല എന്നതാണ് എടുത്തു പറയേണ്ട ഒരു കാര്യം; സാക്ഷാൽ സൃഷ്ടാവിനു പോലും.
കാരണമെന്തെന്നോ?
ഈ ലോകത്തിൽ അജ്ഞത അഥവാ അറിവില്ലായ്മ (Lack of knowledge) എന്നൊന്നില്ലെങ്കിൽ, പിന്നെ എന്താകും അവസ്ഥ? അറിവിനും അധ്വാനത്തിനും പിന്നെ എന്താകും വില? ഒരധ്വാനവും കൂടാതെ, എല്ലാവർക്കും അറിവ് നേടാൻ പറ്റുമെങ്കിൽ (അഥവാ എല്ലാവരും ഓരോ സർവ വിജ്ഞാനകോശങ്ങൾ ആകുമെങ്കിൽ), അതോടെ ഈ ലോകം തന്നെ കീഴ്മേൽ മറിയില്ലേ?
ഈ കാരണത്താലാണ് മുയലഗനെ ആർക്കും പൂർണ്ണമായി ഇല്ലായ്മ ചെയ്യാൻ (വധിയ്ക്കാൻ) ആവില്ല എന്ന സ്ഥിതി വന്നത്. എന്നാൽ മുയലഗൻ ആകട്ടെ ഇതിൽ അഹങ്കാരം പൂണ്ടു. അതവസാനം സാക്ഷാൽ ശിവനെ തന്നെ നേരിട്ട് വെല്ലുവിളിയ്ക്കുന്ന സ്ഥിതി വരെയെത്തി.
യഥാർത്ഥത്തിൽ, മുയലഗന്റെ ഈ അഹങ്കാര നിവർത്തിയ്ക്കു വേണ്ടിയത്രെ ഭഗവാൻ ശിവൻ, തന്റെ പ്രസിദ്ധമായ നടരാജ നൃത്തമാടിയത്.
ഡമരു:
ആദി/പ്രണവ മന്ത്രമായ 'ഓംകാരം' ഉണർത്തുന്ന, ഘടികാര രൂപമാർന്ന ഒരു സംഗീതോപകരണമാണ് ഡമരു. "ഓം" എന്നത്, നാം പലരും കരുതുന്നത് പോലെ ഒരു ഏകാക്ഷര മന്ത്രം മാത്രമല്ല.
എ-യു-എം എന്നാണ് ഈ മന്ത്രത്തിന്റെ ശരിയ്ക്കുമുള്ള ഉച്ചാരണം. Ahh...Uhh...Mmm എന്നീ മൂന്നു ശബ്ദങ്ങളുടെ സങ്കലനവും, തുടർന്നുള്ള ഒരു നൊടിനേര നിശബ്ദതയും ചേർന്നതത്രെ പൂർണ്ണമായ ഓംകാര മന്ത്രം.
ഈ പ്രപഞ്ചത്തെ ആകെയും, അതിലെ വിവിധങ്ങളായ മുഴുവൻ ഊർജ രൂപങ്ങളെയും ഒരുമിച്ചു പ്രതിനിധാനം ചെയ്യുന്നു എന്നതാണ് ഈ മന്ത്രത്തിന്റെ പ്രത്യേകത.
(വിശദമായ ഓംകാര വ്യാഖ്യാനം മറ്റൊരു അവസരത്തിൽ ആകാം എന്ന് കരുതുന്നു).
അഗ്നി:
പല രൂപത്തിൽ, പല തരത്തിൽ നമുക്ക് പരിചിതമാണ് അഗ്നി. അല്ലേ? പക്ഷേ, ഏതൊക്കെ രൂപത്തിൽ ആയാലും, പ്രാഥമികമായി അഗ്നി ചെയ്യുന്നൊരു കാര്യമുണ്ട്.
എന്താണത്? മറ്റൊന്നുമല്ല, അന്ധകാരത്തെ അകറ്റുക എന്നത് തന്നെ.
അതു തന്നെയാണ് നടരാജന്റെ കയ്യിലുള്ള അഗ്നിയും സൂചിപ്പിയ്ക്കുന്നത്. ജീവജാലങ്ങളുടെ മനസിനകത്തും, പുറത്തുമുള്ള തമസ്സിനെ അകറ്റി, എങ്ങും ജ്യോതിസ്സിനെ പ്രദാനം ചെയ്യുക.
അഭയ മുദ്ര:
ഈ പ്രപഞ്ചത്തിൽ ഏതൊരുവ ആണോ നല്ലത്, അതിനൊക്കെ അഥവാ അവർക്കൊക്കെ, ഞാൻ അഭയം പ്രദാനം ചെയ്യുന്നു, എന്നതത്രേ ഈ അഭയ മുദ്ര സൂചിപ്പിയ്ക്കുന്നത്.
മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഈ ലോകത്ത് ആരാണോ, ആരൊക്കെയാണോ നന്മകൾ ചെയ്യുന്നത്, അവർ സധൈര്യം മുന്നോട്ടു പോകുക; അവർക്ക് എപ്പോഴും താങ്ങും തണലുമായി ഞാൻ ഉണ്ടാകും കൂടെ എന്നതാണ് ഈ മുദ്രാർത്ഥം.
ഗജ ഹസ്തമുദ്ര:
ഇത് സ്വാതന്ത്ര്യത്തെ സൂചിപ്പിയ്ക്കുന്നു. ഇഹലോക ജീവിതത്തിന്റെ അസംഖ്യം കെട്ടുപാടുകൾക്കിടയിൽ വീർപ്പു മുട്ടുന്ന മർത്യന്ന്, സ്വാതന്ത്ര്യബോധം നൽകുന്നതാണ് ഗജ ഹസ്തമുദ്ര.
അനാവശ്യ ബന്ധനങ്ങളിൽ നിന്നും, മനസിനെയും ശരീരത്തെയും മോചിപ്പിച്ച്, മോക്ഷമാർഗത്തിൽ അഥവാ മോക്ഷ ലക്ഷ്യത്തിൽ സഞ്ചരിയ്ക്കാനുള്ള വഴികാട്ടിയാവുന്നു ഈ മുദ്ര.
കെട്ടഴിയുന്ന സർപ്പം:
നടരാജ രൂപത്തിൽ, അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണിത്. നടരാജന്റെ ഒരു കരത്തിൽ ചുറ്റിക്കിടക്കുന്ന, പതിയെ ചുറ്റഴിഞ്ഞു തുടങ്ങുന്ന ഒരു സർപ്പ രൂപം.
ഓരോ മനുഷ്യന്റെയും ഉള്ളിലുള്ള, അമിത-അഹംബോധം അഥവാ EGO യെ ആണ് ഇത് സൂചിപ്പിയ്ക്കുന്നത്. സംശയിക്കേണ്ട, നാം ഓരോരുത്തരും നമ്മുടെ ഉള്ളിൽ നിന്നും നാം അവശ്യം അഴിച്ചെറിയേണ്ട അതേ EGO യെ തന്നെ.
ഇനി അവസാനമായി ...
നമ്മൾ മുകളിൽ വിവരിച്ച ആ പ്രതീകങ്ങൾ എല്ലാം, ഒന്നുകൂടി നിങ്ങളുടെ മനസിലേയ്ക്ക്, ഒരുമിച്ച് ഒന്നു കൊണ്ടുവരൂ. ഒരു പൂർണ നടരാജ രൂപത്തെ, കൂടുതൽ മിഴിവോടെ, തെളിമയോടെ നിങ്ങൾക്ക് കാണാനാവും. അല്ലേ?
നമുക്ക് നേരത്തെ തന്നെ പരിചിതമായ ഒരു നടരാജ രൂപത്തിൽ, ഇത്രയധികം കാര്യങ്ങൾ അഥവാ അറിവുകൾ അഥവാ പ്രപഞ്ചസത്യങ്ങൾ ഒളിഞ്ഞിരിയ്ക്കുന്നു എന്ന കാര്യം നമ്മളിൽ പലരും മനസ്സിലാക്കിയിരുന്നില്ല എന്നതല്ലേ സത്യം?
സാരാംശം:
അടുത്ത തവണ എവിടെയെങ്കിലും ഒരു നടരാജ വിഗ്രഹം അഥവാ ചിത്രം കാണുമ്പോൾ , അപ്പോൾ തന്നെ ഈ പൊരുളുകൾ എല്ലാം ഒരു മാത്ര നേരമെങ്കിലും നിങ്ങൾ മനസ്സിൽ ഓർക്കണം.
അമിത-അഹംബോധത്തെ ഉള്ളിൽ നിന്നകറ്റണം; അജ്ഞതയെ നിശ്ശേഷം ചവിട്ടിയമർത്തണം, അതും വീണ്ടും ഉയിർത്തെണീക്കാത്തവണ്ണം; ശേഷം മനസ്സിൽ ആവുന്നത്ര നന്മ നിറയ്ക്കണം; പിന്നെ തെളിഞ്ഞ മനസോടെ, അനാവശ്യ കെട്ടുപാടുകളില്ലാതെ, കഴിയുന്നതും മോക്ഷമാർഗത്തിൽ സഞ്ചരിയ്ക്കാൻ ശ്രമിയ്ക്കണം.
ഇനി അഥവാ, നടരാജ വിഗ്രഹത്തെ നിങ്ങൾ എവിടെയും കണ്ടില്ലെങ്കിലോ?
അങ്ങിനെയെങ്കിൽ, ആ രൂപത്തെ നിങ്ങൾ നിങ്ങളുടെ മനസ്സിൽ സങ്കൽപ്പിയ്ക്കുക. ബാക്കി എന്ത് വേണം എന്നു നമ്മൾ മുകളിൽ പറഞ്ഞു കഴിഞ്ഞുവല്ലോ.
ഓം ... നമഃശിവായ......
നമഃശിവായ..... നമഃശിവായ
നമഃശിവായ..... ത്രിലോചനാ
നമഃശിവായ..... നമഃശിവായ
നമഃശിവായ..... മഹേശ്വരാ ......
ഏവർക്കും, വ്രതശുദ്ധി നിറവാർന്ന, ശിവരാത്രി ആശംസകളോടെ.......
--ബിനു മോനിപ്പള്ളി
അവലംബം: വിവിധ ശിവപുരാണങ്ങൾ, യോഗപീഡിയ, വിക്കിപീഡിയ
*************
Blog: https://binumonippally.blogspot.com
ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്
നടരാജ വിഗ്രഹത്തിൽ നിറഞ്ഞു നിൽക്കുന്നത് എല്ലാം നല്ലതു മാത്രം. അങ്ങനെ ചിന്തിച്ചാൽ നടരാജ വിഗ്രഹം ഓരോ തവണ കാണുമ്പോഴും കൂടുതൽ നന്മയെ സ്വീകരിക്കും. അജ്ഞാനം ദുരീകരിക്കാൻ ശ്രമിക്കും. അഹന്ത ഒഴിവാക്കും. പിന്നെന്തു കൊണ്ട് വീട്ടിൽ നടരാജ വിഗ്രഹം വയക്കരുത് എന്ന് പറയുന്നു?
ReplyDelete